സിറിയ ഒറ്റപ്പെടുന്നു
സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭവും അന്താരാഷ്ട്ര സമ്മര്‍ദവും നിര്‍ണായക ദിശയിലേക്ക് നീങ്ങുകയാണ്. അറബ് ലോകത്തെ മറ്റൊരു ഭരണാധികാരിക്ക് കൂടി ജനകീയ പ്രക്ഷോഭത്തില്‍ അടിതെറ്റിയതോടെ സിറിയന്‍ പ്രക്ഷോഭകര്‍ വര്‍ധിത ആവേശത്തിലാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് അയല്‍രാജ്യങ്ങളില്‍ വിജയിപ്പിച്ചെടുത്ത പ്രക്ഷോഭത്തില്‍ നിന്ന് ഇനി ഒരുനിലക്കും പിന്‍വലിയരുതെന്ന് പ്രക്ഷോഭകരും, അയല്‍ പ്രദേശങ്ങളിലെ സ്വേഛാധിപതികളുടെ ദയനീയ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയാറാകാതെ പ്രസിഡന്റ് ബശ്ശാറുല്‍ അസദും പോരാട്ട ഗോദയില്‍ ഉറച്ചുനില്‍ക്കുകയാണ്്. അനുരജ്ഞനവും സമാധാന ഉടമ്പടികളുമായി രംഗത്തുണ്ടായവര്‍കൂടി ശത്രുപട്ടികയിലേക്ക് നീങ്ങുന്നതോടെ സിറിയയില്‍ ജനകീയ പ്രക്ഷോഭം പ്രവചനാതീതമായിരിക്കുന്നു.
യു.എന്നിന് പുറമെ അറബ് ലീഗ് അംഗങ്ങളും തുര്‍ക്കിയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ ധാര്‍ഷ്ട്യത്തോടെ തള്ളുന്ന ബശ്ശാറുല്‍ അസദ് എന്തുവിലകൊടുത്തും പ്രക്ഷോഭകരെ തുരത്താമെന്ന വ്യാമോഹത്തിലാണ്. ഇത് സിറിയയില്‍ ദിനേന അക്രമവും മരണസംഖ്യയും വര്‍ധിപ്പിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടമാടുന്ന സിറിയയില്‍ ഇതിനകം തന്നെ 250-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് യു.എന്നിന് കീഴിലുള്ള മനുഷ്യാവകാശ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെയുള്ള സായുധ നടപടികള്‍ അതിരുവിട്ടതോടെ അറബ് ലീഗ് മുന്നോട്ടുവെച്ച ഉപരോധ നടപടികള്‍ വരും ദിവസങ്ങളില്‍ സിറിയന്‍ ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തും. സിറിയയുമായുള്ള ബാങ്ക് ഇടപാടകുള്‍ നിര്‍ത്തിവെക്കലും, രാജ്യത്തെ മുതിര്‍ന്ന പ്രതിനിധികളുടെ വ്യോമയാത്ര തടയലുമുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് അറബ് ലീഗ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഉപരോധം പ്രാബല്യത്തില്‍ വരുന്നതുവരെ അറബ് ലീഗ് നിര്‍ദേശങ്ങള്‍ മാനിക്കാനോ അടിച്ചമര്‍ത്തലിന് അയവ് വരുത്താനോ സിറിയന്‍ ഭരണകൂടം തയാറായിട്ടില്ല. സ്വന്തം ജനങ്ങള്‍ക്കെതിരെയുള്ള നടപടിയെ ന്യായീകരിക്കുന്ന സിറിയ പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാനാണ് അറബ്‌ലീഗ് ശ്രമമെന്നും രാജ്യത്ത് വിദേശ ഇടപെടലിന് അവസരമൊരുക്കുകയാണ് അയല്‍ രാജ്യങ്ങളെന്നും കുറ്റപ്പെടുത്തുകയാണിപ്പോള്‍. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ ഒറ്റപ്പെടുത്തിയ സിറിയ ഇപ്പോള്‍ ഉപരോധത്തോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ലിബിയയില്‍ സംഭവിച്ചതുപോലെ ആവശ്യമെങ്കില്‍ സൈനിക ഇടപെടലിനും വിദേശ രാജ്യങ്ങള്‍ കാതോര്‍ത്തിരിക്കുമ്പോള്‍ ബശ്ശാറുല്‍ അസദിന് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാകുമോ? യമനിലെ അലി അബ്ദുല്ല സ്വാലിഹ് കാണിച്ച വിവേകമെങ്കിലും ബശ്ശാര്‍ കാണിക്കുമെന്നായിരുന്നു അയല്‍ രാജ്യങ്ങള്‍ പ്രതീക്ഷിച്ചത്. തങ്ങളുടെ സിറിയന്‍ സഹോദരന്മാര്‍ ഇനിയെങ്കിലും മാറിചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഉപരോധ പ്രഖ്യാപനത്തോടനുബന്ധിച്ച് ഖത്തര്‍ പറഞ്ഞതെങ്കിലും സിറിയ ചെവിക്കൊണ്ടിരുന്നെങ്കില്‍ അസദിനും സിറിയക്കാര്‍ക്കും നഷ്ടത്തിന്റെ തോത് കുറക്കാമായിരുന്നു. സിറിയയിലെ മഹാ ഭൂരിപക്ഷമായ സുന്നീ വിഭാഗങ്ങളെ ദീര്‍ഘകാലമായി അടക്കി ഭരിക്കുന്നത് ശീഈ വിഭാഗത്തിലെ അലവികളാണ്. പ്രക്ഷോഭകരെ വംശീയമായി ഭിന്നിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമൊന്നും ഭരണകൂടത്തിന് പ്രശ്‌നമല്ല. സിറിയ തികച്ചും ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ ലിബിയയുടെ തനിയാവര്‍ത്തനമാകും ഒരുപക്ഷേ നാം സിറിയയില്‍ കാണേണ്ടിവരിക.
Comments