പാഠം രണ്ട് മൊറോക്കോ കിഴക്കിന്റെ പടിഞ്ഞാറില്‍ പുതിയ സൂര്യോദയം
മധ്യപൗരസ്ത്യ ദേശത്തെ അറബ്-ഇസ്‌ലാമിക രാജ്യങ്ങളില്‍ ഏറ്റവും പടിഞ്ഞാറെ അറ്റത്താണ് പേര് സൂചിപ്പിക്കുന്ന പോലെ 'മഗ്‌രിബ്' എന്ന മൊറോക്കോ നിലകൊള്ളുന്നത്. പാശ്ചാത്യ രാജ്യങ്ങളോട് ഭൂമിശാസ്ത്രപരമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതും മുസ്‌ലിം ഭരണത്തിന്റെ നഷ്ടപ്രതാപം വിളിച്ചോതുന്ന സ്‌പെയിനിന്റെ വിളിപ്പാടകലെ കിടക്കുന്ന മൊറോക്കോ തന്നെ.
നവംബര്‍ 25-ന് മൊറോക്കോയില്‍ നടന്ന സ്വതന്ത്ര-ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (പി.ജെ.ഡി) പ്രവചനാതീത നേട്ടമാണ് കൈവരിച്ചത്. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ച 1963 മുതല്‍ ഇത്രയധികം ഭൂരിപക്ഷത്തോടെ ഒരു പാര്‍ട്ടിയും മൊറോക്കോയില്‍ അധികാരത്തിലെത്തിയിട്ടില്ല എന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുമ്പോഴാണ് അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്റെ നേതൃത്വത്തിലുള്ള പി.ജെ.ഡിയുടെ വിജയത്തിന് തിളക്കം വര്‍ധിക്കുന്നത്. ഇസ്‌ലാമിക മുന്നേറ്റത്തെ മറികടക്കാന്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ 'എട്ടുകൂട്ട'വും മുന്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കിയ ത്രികക്ഷി സഖ്യവും രംഗത്തുണ്ടായിരുന്നുവെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ജൂലൈയില്‍ നടന്ന ഭരണഘടന പരിഷ്‌കാരത്തെത്തുടര്‍ന്നാണ് 395 സീറ്റുള്ള പാര്‍ലമെന്റിലെ 305 സീറ്റിലേക്ക് പോളിംഗ് നടന്നത്. ബാക്കി 90-ല്‍ 60 സീറ്റിലേക്ക് വനിതകളെയും 30 സീറ്റിലേക്ക് 35 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളെയുമാണ് നിയമിക്കുക. 305-ല്‍ 83 സീറ്റുകളില്‍ വിജയിച്ച പി.ജെ.ഡിക്ക് സ്ത്രീകളും യുവാക്കളുമായി 24 പ്രതിനിധികളെക്കൂടി ലഭിക്കുന്നതോടെയാണ് 107 പാര്‍ലമെന്റ് അംഗങ്ങള്‍ പൂര്‍ത്തിയാവുക.
അയല്‍ അറബ് രാജ്യങ്ങളിലുണ്ടായ വിപ്ലവത്തിനും ജനാധിപത്യ മുന്നേറ്റത്തിനും യുവാക്കളും സ്ത്രീകളുമാണ് നേതൃത്വം നല്‍കിയത് എന്നതാണ് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ ഭരണഘടനാ പരിഷ്‌കാരത്തിനും അതില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനും പ്രേരിപ്പിച്ചത്. ഭരണഘടനാ ജനാധിപത്യത്തിന്റെ മറവില്‍ രാജഭരണത്തില്‍ തുടരാന്‍ ഇതിലൂടെ മുഹമ്മദ് ആറാമന് അവസരം ലഭിക്കുകയും ചെയ്തു.
ഭരണഘടനാ പരിഷ്‌കരണം കൊണ്ട് തൃപ്തിപ്പെടാതിരുന്ന, അയല്‍ രാജ്യങ്ങളിലെപ്പോലെ സമൂലമായ മാറ്റം ആവശ്യപ്പെടുന്ന ഒരു വിഭാഗവും മൊറോക്കോയില്‍ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ അനുകൂലമായ സാഹചര്യത്തില്‍ ജനപിന്തുണയോടെ ഭരണത്തിലേക്കും അതിലൂടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലേക്കും വഴി കണ്ടെത്തുകയായിരുന്നു പി.ജെ.ഡി. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പി.ജെ.ഡി ജനങ്ങളോട് ആവശ്യപ്പെട്ടു. അതിനാലാണ് 2007-ല്‍ 37 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 45.4 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ‘ഫെബ്രുവരി 20, ജെ.സി.ഒ പോലുള്ള പ്രധാന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണ് പോളിംഗ് 50 ശതമാനത്തില്‍ കുറയാന്‍ കാരണമെന്നും മൊറോക്കോക്കകത്തും പുറത്തും നിന്നുമുള്ള 4000-ത്തിലധികം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി.
പി.ജെ.ഡിയുടെ വിജയത്തെ ആദ്യമായി അംഗീകരിച്ചത് അമേരിക്കയും ഫ്രാന്‍സുമാണ് എന്നതാണ് അറബ് വസന്തത്തിന്റെ അലകള്‍ ആഗോളാടിസ്ഥാനത്തില്‍ ആന്തോളനം സൃഷ്ടിക്കുന്നു എന്നതിന്റെ സൂചന. അയല്‍ രാജ്യവും തെരഞ്ഞെടുപ്പിലെ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ മുന്‍ഗാമിയുമായ തുനീഷ്യയിലെ അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂശിയും ഫലപ്രഖ്യാപനം പുറത്തുവന്ന ഉടനെ പി.ജെ.ഡിയെ അനുമോദിക്കുകയുണ്ടായി.
ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിയെ രാജാവ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കുന്നതാണ് മൊറോക്കോയിലെ രീതി. അതനുസരിച്ച് പി.ജെ.ഡി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ പ്രധാനമന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1954-ല്‍ ജനിച്ച ബിന്‍ കീറാന്‍ 2008 ജൂലൈ മുതല്‍ പി.ജെ.ഡിയുടെ സെക്രട്ടറി ജനറലാണ്. രാജ്യത്തിന്റെ വടക്കന്‍ തീരനഗരമായ സിലായില്‍ നിന്ന് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലെത്തിയ ബിന്‍ കീറാന്റെ തന്ത്രപരമായ നീക്കമാണ് പി.ജെ.ഡിക്ക് ഈ തെരഞ്ഞെടുപ്പില്‍ തിളക്കമേറിയ വിജയം നേടിക്കൊടുത്തത്. 2007-ലെ 47 സീറ്റില്‍ നിന്ന് 107ലേക്ക് ഉയരാനും അതിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞു. സമൂഹത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ബിന്‍ കീറാന്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കി. വിജയിച്ച 107-ല്‍ 78 ജനപ്രതിനിധികളും പുതുമുഖങ്ങളാണ്. 101 പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും. 13 എഞ്ചിനീയര്‍മാര്‍, 11 സര്‍വകലാശാലാ അധ്യാപകര്‍, ആറ് ഡോക്ടര്‍മാര്‍ എന്നിങ്ങനെയാണ് പി.ജെ.ഡിയുടെ പാര്‍ലമെന്റ് അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. വിജയിച്ച പാര്‍ട്ടിയുടെ സെക്രട്ടറി ജനറലിനെ പ്രധാനമന്ത്രിയാക്കണമെന്ന് പരിഷ്‌കരിച്ച ഭരണഘടനയും അനുശാസിക്കുന്നില്ലെന്നതിനാല്‍ ബിന്‍ കീറാനല്ലാത്ത മറ്റൊരു നേതാവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാജാവിനാല്‍ നിയമിക്കപ്പെട്ടേക്കാം. എങ്കില്‍ ആ സ്ഥാനത്തിന് പരിഗണക്കപ്പെടുന്നത് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ മേധാവി സഅദുദ്ദീന്‍ അല്‍ഉസ്മാനിയായിരിക്കും.
ഒരു മാസത്തിനകം രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ ത്രികക്ഷി കൂട്ടായ്മയിലെ ഇന്‍ഡിപെന്റന്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് യൂനിയന്‍, പ്രോഗ്രസ് ആന്റ് സോഷ്യലിസം എന്നീ പാര്‍ട്ടികള്‍ പങ്കാളികളാകുമെന്ന് ഇതിനകം ഏകദേശ ധാരണയായിട്ടുണ്ട്. ധാരണയനുസരിച്ച് മന്ത്രിസഭയിലെ പകുതി മന്ത്രിമാരും പി.ജെ.ഡിയില്‍ നിന്നായിരിക്കും. അബ്ബാസ് അല്‍ഫാസിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡിപെന്റന്റ് പാര്‍ട്ടിക്ക് നാലിലൊന്ന് മന്ത്രിമാരെ ലഭിക്കുമ്പോള്‍ ബാക്കി നാലിലൊന്ന് അബ്ദുല്‍ വാഹിദ് അര്‍റാദിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് യൂനിയനും നബീല്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രോഗ്രസ് ആന്റ് സോഷ്യലിസവും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
ബഹുസ്വരത ഉള്‍ക്കൊള്ളുകയും പടിഞ്ഞാറുമായി സൗഹൃദത്തോടെ വര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാറായിരിക്കും പി.ജെ.ഡി രൂപവത്കരിക്കുക എന്ന് ഫലപ്രഖ്യാപനം പുറത്തുവന്നയുടനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്‍ കീറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.ജെ.ഡിയെ അംഗീകരിക്കാനും അനുമോദിക്കാനും മൊറോക്കോ ജൂത വിഭാഗത്തിന്റെ സെക്രട്ടറി ജനറല്‍ സെര്‍ജ് ബര്‍ദോഗോ മുന്‍നിരയിലുണ്ടായി എന്നത് പി.ജെ.ഡിയുടെ ബഹുസ്വര രാഷ്ട്രീയത്തെ ജനം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ്.
[email protected]
Comments