Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

മുസ്‌ലിം സംഘടനകള്‍ എന്തിനാണ് പരസ്പരം ശത്രുപക്ഷത്ത് നിലയുറപ്പിക്കുന്നത്?

ഡോ. അബ്ദുല്ല ഉമര്‍ നസീഫ് / ഗഫൂര്‍ ചേന്നര



ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രവര്‍ത്തകനാണ്. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ (റാബിത്വ) സെക്രട്ടറി ജനറല്‍ സ്ഥാനം അലങ്കരിച്ചുകൊണ്ട് ലോക ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിക കേന്ദ്രങ്ങളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിയാന്‍ മുന്നിട്ടിറങ്ങി. അഞ്ചു പതിറ്റാണ്ടിലധികം കാലം ഇസ്‌ലാമിക പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. നസീഫ് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഇന്നു കാണുന്ന ഭിന്നിപ്പിലും തൊഴുത്തില്‍കുത്തിലും തൊട്ടുകൂടായ്മയിലും അതീവ ദുഃഖിതനും നിരാശനുമാണ്. അദ്ദേഹം പ്രബോധനത്തോട് സംസാരിക്കുന്നു.
മുസ്‌ലിംകള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പരസ്പരം ഐക്യത്തോടും സഹകരണത്തോടും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കിലവര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറാന്‍ സാധിക്കും. മാത്രമല്ല, മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുകയും ചെയ്യും. മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയതയും പാര്‍ട്ടി പക്ഷപാതിത്വവും രൂക്ഷമായിരിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ കൂടെയല്ലെങ്കില്‍ നിങ്ങള്‍ ശത്രുപക്ഷത്താണെന്ന 'ബുഷി'യന്‍ ചിന്താഗതിയാണ് അധിക മുസ്‌ലിം സംഘടനകളും വെച്ചുപുലര്‍ത്തുന്നത്. ഈ സമീപനം യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചേര്‍ന്നതല്ല. മുസ്‌ലിംകള്‍ തങ്ങളുടെ മനസ്സും ഹൃദയവും തുറന്നുകൊണ്ട് മറ്റുള്ളവരെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും സന്നദ്ധരാകണം. തങ്ങള്‍ ഏകോദര സഹോദരങ്ങളാണെന്ന ശക്തമായ ബോധം അവരുടെ മനസ്സുകളിലുണ്ടാകണം. അല്ലാത്തപക്ഷം മുസ്‌ലിംകള്‍ പരസ്പരം കഴുത്തറുത്ത് നശിക്കും. നിര്‍ഭാഗ്യവശാല്‍ അതാണ് നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സാമൂഹിക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്ന് ഡോ. നസീഫ് അഭിപ്രായപ്പെട്ടു. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍ (ഐ.ഐ.ആര്‍.ഒ) രൂപവത്കരിക്കുന്നതിന് നേതൃത്വം നല്‍കിയ ആളെന്ന നിലക്കും, ഇന്റര്‍നാഷ്‌നല്‍ മുസ്‌ലിം സ്‌കൗട്ട്‌സിന്റെ പ്രസിഡന്റ് എന്ന നിലക്കും അദ്ദേഹത്തിന് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വളരെക്കാലത്തെ അനുഭവ സമ്പത്തുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള പട്ടിണിയും പരിവട്ടവും നിര്‍മാര്‍ജനം ചെയ്യാനും കുറ്റകൃത്യങ്ങള്‍ തടയാനും മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവന്നാല്‍ സമൂഹത്തില്‍ അവര്‍ക്ക് വലിയ സ്വാധീനവും അംഗീകാരവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം ഒരേകകമാണെന്നും മുസ്‌ലിംകളെല്ലാം ഒന്നാണെന്നുമുള്ള ധാരണ ശക്തമായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം. അതിന് മദീന നമുക്കൊരു മാതൃകയാണ്. പല നാട്ടുകാരും തരക്കാരും ഭാഷക്കാരുമായ അവര്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും പ്രവര്‍ത്തിച്ചു. അങ്ങനെയാണ് ഇസ്‌ലാം പുരോഗമിക്കുകയും സ്‌പെയിനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അത് പ്രചരിക്കുകയും ചെയ്തത്. ഐക്യത്തിന്റെ തത്ത്വശാസ്ത്രവും രീതിശാസ്ത്രവുമുള്ള മുസ്‌ലിംകള്‍ എന്തുകൊണ്ട് ഭിന്നിച്ചു നില്‍ക്കുന്നു എന്നത് കൗതുകമുളവാക്കുന്നു. ലോക മുസ്‌ലിംകളുടെ പരാജയത്തിനുള്ള ഒരു പ്രധാന കാരണം അനൈക്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അറബ്‌നാടുകളില്‍ അടുത്തകാലത്തായി രൂപപ്പെട്ട അറബ് വസന്തത്തില്‍ അതീവ സന്തുഷ്ടനാണ് ഡോ. നസീഫ്. ഇത് ഏകാധിപത്യ ഭരണത്തില്‍ സഹികെട്ട ജനങ്ങളുടെ രോഷപ്രകടനമാണ്. വളരെക്കാലമായി ധിക്കാരികളും താന്തോന്നികളുമായ ഈ ഭരണാധികാരികളെ അവര്‍ സഹിക്കുകയായിരുന്നു. ഇസ്‌ലാമിക ഭരണവ്യവസ്ഥകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ പ്രസിഡന്റുമാരെയും രാജാക്കന്മാരെയും കാണാം. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ ഭരിച്ചിരുന്നത്, തന്നിഷ്ടപ്രകാരമല്ല. എന്നാല്‍ ഇന്നത്തെ അധിക മുസ്‌ലിം ഭരണാധിപന്മാരും സ്ഥാപിത താല്‍പര്യക്കാരും തങ്ങളുടെ ആഗ്രഹങ്ങളും താല്‍പര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിനായി എന്തും ചെയ്യാന്‍ മടിക്കാത്തവരുമാണ്. ഈ ഏകാധിപതികളെ താഴെയിറക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.
അറബ്‌നാടുകളില്‍ ഇന്ന് കണ്ടുവരുന്ന മാറ്റങ്ങള്‍ ഇസ്‌ലാമിനനുഗുണമാക്കിത്തീര്‍ക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വലിയ പ്രയത്‌നങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. വിപ്ലവം നടന്ന നാടുകളില്‍ ഇസ്‌ലാമിന്റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഞാന്‍ കാണുന്നുണ്ട്. ജനങ്ങള്‍ക്ക് തങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിച്ച് കൊണ്ടും അവരുടെ വിശ്വാസം നേടിയെടുത്തുകൊണ്ടും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം കാണും. നമ്മുടെ സമൂഹങ്ങള്‍ ഇസ്‌ലാമികമായ മാറ്റത്തിന് വേണ്ടി ദാഹിക്കുകയാണ്.
ഇസ്‌ലാമിക സംഘടനകള്‍ അധികാരത്തില്‍ വരുന്നത് ജനങ്ങള്‍ ഭയക്കുന്നു എന്നോര്‍മിപ്പിച്ചപ്പോള്‍ ഈ ഭയം നീക്കേണ്ട ഉത്തരവാദിത്വം ഇസ്‌ലാമിക സംഘടനകള്‍ക്കുണ്ടെന്ന് നസീഫ് പറഞ്ഞു. അവര്‍ ജനങ്ങളുമായി അടുത്തിടപഴകുകയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് പൊതുജന പിന്തുണ നേടിയെടുക്കുകയും ചെയ്യേതുണ്ട്. തുറന്ന മനസ്സോടെ മറ്റുള്ളവരെ സമീപിക്കുകയും അന്യരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യണം. സങ്കുചിത സമീപനങ്ങള്‍ ജനങ്ങളെ അവരില്‍നിന്നകറ്റും.
മുസ്‌ലിം ലോകം വളരെ കാലമായി വലിയ പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടുകയാണെന്ന് ഡോ. നസീഫ് പറഞ്ഞു. സാമ്രാജ്യത്വശക്തികള്‍ നമ്മുടെ നാടുകള്‍ വിട്ട ശേഷം അവര്‍ നമ്മെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. അധിക മുസ്‌ലിം നാടുകളിലും പട്ടാള ഭരണങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് അവര്‍ പോയത്. അവരോ ജനങ്ങളെ അടിച്ചമര്‍ത്തി. മറ്റു നാടുകളിലാവട്ടെ സെക്യുലരിസ്റ്റ് ഭരണമാണ് നടക്കുന്നത്.
അമുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ കടന്നുകൂടിയിട്ടുണ്ട്. പാശ്ചാത്യരില്‍ വലിയൊരു ഭാഗം ഇസ്‌ലാമിനെ ശത്രുതയോടെ കാണുന്നു. ഇസ്‌ലാം തങ്ങളെ അതിജയിക്കുമെന്നും ഭരിക്കുമെന്നും അവരുടെ വേദങ്ങളില്‍ എഴുതിവെച്ചതാണ് ഈ ഭീതിക്ക് ഒരു കാരണം. അതുകൊണ്ട് തന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മുസ്‌ലിംകള്‍ പാശ്ചാത്യരും പൗരസ്ത്യരുമായ അമുസ്‌ലിംകളുമായി നല്ല ബന്ധം സ്ഥാപിക്കുകയും തങ്ങള്‍ അവരുടെ ശത്രുക്കളെല്ലന്നും മിത്രങ്ങളാണെന്നും അവരെ ബോധ്യപ്പെടുത്തുകയും വേണം. സുഊദിയിലെ അബ്ദുല്ല രാജാവ് തുടക്കം കുറിച്ച മത-സാംസ്‌കാരിക സംവാദത്തിന് ഈ രംഗത്ത് വലിയ സംഭാവകള്‍ നല്‍കാന്‍ സാധിക്കും. അതുവഴി ലോകസമാധാനം വളര്‍ത്താന്‍ ഉതകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു മതവിശ്വാസികള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഇത്തരം ഡയലോഗുകള്‍. ലോകത്തുള്ള മില്യന്‍ കണക്കില്‍ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ജൂതര്‍ക്കും മറ്റു മതക്കാര്‍ക്കും ഇസ്‌ലാം എന്താണെന്ന് ഇപ്പോഴും അറിയില്ല. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അധാര്‍മികവും അസാന്മാര്‍ഗികവുമായ പ്രവര്‍ത്തനങ്ങളും പ്രവണതകളും നീക്കം ചെയ്യാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്താനും ഡയലോഗ് ഫോറങ്ങള്‍ ഉതകിയേക്കും. മുസ്‌ലിംകള്‍ മാത്രം ശ്രമിച്ചാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍. സംവാദത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നിട്ടുകൊണ്ട് മുസ്‌ലിംകള്‍ സമാധാന കാംക്ഷികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് അബ്ദുല്ല രാജാവിന്റെ നീക്കം.
ഇന്ത്യ മതസഹകരണത്തിന്റെയും സഹിഷ്ണുതയുടെയും ഉത്തമ മാതൃകയാണെന്ന് നസീഫ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കനുസരിച്ചു ജീവിക്കാനും ഇസ്‌ലാം പ്രചരിപ്പിക്കാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ രാഷ്ട്രത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് സമാധാനത്തോടെ പ്രയത്‌നിക്കണം. രാഷ്ട്രത്തിന്റെ ഭാഗമായി നിന്നുകൊണ്ട് രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി അവര്‍ പ്രവര്‍ത്തിക്കണം. ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ഇസ്‌ലാമിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അങ്ങനെ ധാരാളം പേരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും ഇതുമൂലം സാധിക്കും. ഇസ്‌ലാമിനെതിരില്‍ ലോകത്ത് പ്രചണ്ഡമായ കുപ്രചാരണങ്ങള്‍ നടന്നിട്ടും ഇന്ന് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാംതന്നെയാണ്. ഇത് ഇസ്‌ലാമിന്റെ പ്രത്യേകതയും അല്ലാഹുവിന്റെ അനുഗ്രഹവുമാണ്. മുസ്‌ലിംകളുടെ കഴിവുകൊണ്ടല്ല.
ഇസ്‌ലാമിന്റെ അഭൂതപൂര്‍വമായ പ്രചാരണം അതിന്റെ ശത്രുക്കള്‍ക്കിടയില്‍ വലിയ അങ്കലാപ്പും ഭീതിയും പടച്ചിട്ടുണ്ട്. പാശ്ചാത്യ നാടുകളിലുള്ള ആയിരക്കണക്കില്‍ സ്ത്രീ പുരുഷന്മാര്‍ ഇസ്‌ലാമാശ്ലേഷിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള കുപ്രചാരണങ്ങളും ആക്രമണങ്ങളും നടപടികളും ദിനേന വര്‍ധിച്ചുവരുന്നു. ഇതോടൊപ്പം മുസ്‌ലിംകള്‍ക്കിടയിലുള്ള ചിലരുടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ ഇമേജിന് കളങ്കമുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ശരിയായ ധാരണ വളര്‍ത്തിയെടുക്കാന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഡോ. നസീഫ് ഹിജ്‌റ 1358-ല്‍ ജിദ്ദയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ മാതാവ് ഇന്ത്യന്‍ വംശജയാണ്. ബോംബെയില്‍ താമസിച്ചിരുന്ന ഒരു ഒമാനി കുടുംബത്തിലെ അംഗമായിരുന്നു അവര്‍. കുടുംബസമേതം ഹജ്ജിന് വന്നപ്പോഴാണ് അവരുമായുള്ള വിവാഹം നടന്നത്. രിയാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് നസീഫ് സയന്‍സില്‍ ബിരുദം നേടിയത്. ബ്രിട്ടനിലെ ലീഡ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയിലും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഹിജ്‌റ 1400 മുതല്‍ 1402 വരെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി അലങ്കരിച്ച ശേഷം 1403 മുതല്‍ 1413 വരെ റാബിത്വ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അക്കാലമാണ് റാബിത്വയുടെ സുവര്‍ണ കാലഘട്ടമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഡോ. തന്‍വീര്‍ ഓര്‍ക്കുന്നു. 1413 മുതല്‍ 1422 വരെ സുഊദി ശൂറാ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി. 1991-ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ അവാര്‍ഡ് നേടി. മലേഷ്യ, സുഡാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മുസ്‌ലിം കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബോര്‍ഡ് അംഗമാണ്. 
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം