മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഇണങ്ങിയും പിണങ്ങിയും മുക്കാല്‍ നൂറ്റാണ്ട്
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം തുടക്കം മുതലേ നല്ല നിലയിലായിരുന്നില്ല. അടിസ്ഥാന നിലപാടില്‍ തന്നെയുള്ള ഭിന്നതയായിരിക്കാം ഇതിന്റെ മൂലഹേതു. മുസ്ലിം ലീഗ് ഒരു സാമുദായിക സംഘടനയാണ്. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗ് അജണ്ട നിശ്ചയിക്കുന്നത് ഖുര്‍ആനും സുന്നത്തും ആധാരമാക്കിയല്ല. അതത് വിഷയങ്ങളുടെ പ്രായോഗികതയും സമുദായ താല്‍പര്യങ്ങളും പാര്‍ട്ടി നേട്ടങ്ങളും മുന്നില്‍ കണ്ടാണ്. ജമാഅത്താകട്ടെ, ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ കെട്ടിപ്പടുത്ത ആദര്‍ശ പ്രസ്ഥാനമാണ്. അതുകൊണ്ട്തന്നെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതും സമീപനങ്ങള്‍ സ്വീകരിക്കുന്നതും ദീനീപ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. വിലയിരുത്തലില്‍ ഇജ്തിഹാദിയായ വീക്ഷണ വ്യത്യാസങ്ങളോ പാകപ്പിഴകളോ സംഭവിക്കാമെങ്കിലും അവലംബം ഖുര്‍ആനും സുന്നത്തും ആകണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ജമാഅത്തിന് സാധ്യമല്ല. ഇരുവിഭാഗവും തമ്മില്‍ മൌലിക കാഴ്ചപ്പാടിലുള്ള ഈ അന്തരം തന്നെ സംഘടനാപരമായ അകല്‍ച്ചക്ക് കാരണമാകാം. അതിലേറെ മുസ്ലിംലീഗിന്റെ പാകിസ്താന്‍ വാദവും അതിനുനേരെ ജമാഅത്തെ ഇസ്ലാമി സ്ഥാപകനേതാവ് സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ ആദര്‍ശപരമായ എതിര്‍പ്പുമാണ് ഭിന്നതയുടെ ആഴവും പരപ്പും വര്‍ധിക്കാനുള്ള പ്രായോഗിക കാരണം. 'പാകിസ്താന്‍' വാദത്തിലേക്ക് ജിന്നയെ നയിച്ചതിന് ഉത്തരവാദി ലീഗോ ജിന്നയോ മാത്രമാണെന്ന തെറ്റായ ചരിത്രവായന ജമാഅത്തിനില്ല. കോണ്‍ഗ്രസിന്റെയും തീവ്രഹൈന്ദവ സംഘടനകളുടെയും നിലപാടുകളാണ് സെക്യുലര്‍ ആശയക്കാരനായ ജിന്നയെ അതിലേക്ക് എത്തിച്ചത്. അത് മറ്റൊരുകാര്യം.
രാജ്യത്തിന്റെ വിഭജനം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന് വലിയ ആഘാതമേല്‍പിക്കും എന്നതായിരുന്നു മൌദൂദി സാഹിബിന്റെ നിലപാട്. ഇന്ത്യയില്‍ ബാക്കിയാകുന്ന ന്യൂനപക്ഷ മുസ്ലിംകളാകട്ടെ അംഗസംഖ്യയില്‍ പാകിസ്താന്‍ മുസ്ലിംകളുടെ അടുത്തോളം വരുന്നതുമാണ്. പടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ പാകിസ്താനുമായി മുറിഞ്ഞ ഒരു രാഷ്ട്രം 'പാകിസ്താനു' തന്നെ ഗുണകരമാകുമോ എന്നതും സംശയകരമായിരുന്നു. പില്‍കാലത്ത് ഈ ആശങ്കകള്‍ യാഥാര്‍ഥ്യമായി പുലര്‍ന്നുവെന്നത് ദുഃഖകരമായ ചരിത്ര സത്യം. ആകയാല്‍, ഇന്ത്യന്‍ മുസ്ലിംകളെ ഏറ്റവും വലിയ നിസ്സഹായതയിലേക്ക് തള്ളിവിട്ടുകൊണ്ട് രാജ്യത്തിന്റെ വിഭജനം ആത്മഹത്യപരമാണ് എന്ന നിലപാടായിരുന്നു മൌലാനാ മൌദൂദി സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്ന് അബുല്‍ കലാം ആസാദും വിഭജനത്തെ എതിര്‍ത്തതിന് കാരണം ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയെ കുറിച്ച ആശങ്ക തന്നെയായിരുന്നു. ഈ ഭിന്നത എളുപ്പം പരിഹരിക്കാവുന്ന നിസാര കാര്യമായിരുന്നില്ല. പാകിസ്താന്‍ എന്ന സ്വപ്നം മുസ്ലിം ലീഗിനും, വലിയൊരു ശതമാനം മുസ്ലിംകള്‍ക്കും വല്ലാത്ത ഒരു വൈകാരിക പ്രതീക്ഷയായിരുന്നു. അതിനോട് മുഖം തിരിക്കുന്ന ആരെയും സഹിഷ്ണുതയോടെ കാണാനോ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ മനസിലാക്കാനോ അപ്പോഴത്തെ പ്രക്ഷുബ്ധ സാഹചര്യത്തില്‍ ലീഗ് നേതൃത്വത്തിന് സാധിക്കുമായിരുന്നില്ല. മുസ്ലിം ബഹുജനമാകട്ടെ, 'ജിന്ന പറഞ്ഞത് കേട്ടുനടന്നാല്‍/ പിന്നെ നമുക്കൊരു കേടില്ല' എന്ന ഭാവനാ ലോകത്തായിരുന്നു.
മൌദൂദി സാഹിബാകട്ടെ വ്യക്തമായ ദാര്‍ശനിക രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് നിലപാട് എടുത്തിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന മൌദൂദി സാഹിബിന്റെ 'ഇന്ത്യന്‍ മുസ്ലിംകളും രാഷ്ട്രീയ വടംവലിയും' എന്ന പുസ്തകം വളരെ പ്രശസ്തമാണ്. മൂന്ന് വാള്യങ്ങളുള്ള ഈ കൃതിയില്‍ ഒന്നും രണ്ടും ഭാഗത്ത് കോണ്‍ഗ്രസിന്റെ ഏകദേശീയ വാദത്തെ-മുത്തഹിദ ഖൌമിയ്യത്ത്- നിശിതമായി നിരൂപണം ചെയ്യുന്നു. ഇസ്ലാമിന്റെ ഭാഗത്തുനിന്ന്, കോണ്‍ഗ്രസ്മുസ്ലിം വീക്ഷണത്തെ ശക്തമായി വിശകലനം ചെയ്യുന്ന ഇതുപോലൊരു കൃതിക്കുവേണ്ടി ലീഗ് ദാഹിച്ചു നില്‍ക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ മൌദൂദി സാഹിബിന്റെ കൃതി അവര്‍ക്ക് വലിയ ആശ്വാസമായി. കോണ്‍ഗ്രസിന്റെ തലമണ്ടക്കടിക്കാന്‍ മുസ്ലിംലീഗ് ഈ പുസ്തകവും അനുബന്ധ കൃതികളും ആവോളം ഉപയോഗപ്പെടുത്തി. 'മുസല്‍മാന്‍ ഔര്‍ മുത്തഹിദ ഖൌമിയ്യത്ത്' എന്ന മൌദൂദിയുടെ പുസ്തകവും ഇതേ കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. കേരളത്തില്‍ കെ.എം മൌലവി ഉള്‍പ്പെടെയുള്ള മുജാഹിദ് ലീഗ് നേതാക്കള്‍ മൌദൂദി സാഹിബിനെ നെഞ്ചേറ്റാനുണ്ടായ പശ്ചാത്തലവും ഇതുതന്നെ. എന്നാല്‍, 'മുസല്‍മാന്‍ ഔര്‍ മൌജൂദ സിയാസി കശ്മകശി'ന്റെ മൂന്നാം ഭാഗം വരാന്‍ പോകുന്നത് അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. മൌദൂദി സാഹിബ് ഈ മൂന്നാം ഭാഗത്തില്‍ മുസ്ലിം ലീഗിന്റെ സാമുദായിക രാഷ്ട്രവാദത്തെ അതിശക്തമായി കടന്നാക്രമിക്കുകയായിരുന്നു. ലീഗിന് താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ഈ പ്രഹരം. അതോടെ ചിത്രമാകെ മാറി. തീര്‍ത്തും മുസ്ലിം സമുദായത്തിന്റെ ശത്രുവായേ ലീഗിന് മൌദൂദി സാഹിബിനെ കാണാന്‍ കഴിഞ്ഞുള്ളൂ. ജമാഅത്തിന്റെ മദ്രാസ് സമ്മേളനം വികാര വിക്ഷുബ്ധരായ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുക വരെയുണ്ടായത് ഇതിന്റെ ഫലമായിട്ടായിരുന്നു. തന്ത്രപരമായ സമീപനത്തിലൂടെ മൌദൂദിസാഹിബ് അതിനെ നേരിട്ട്, സ്ഥിതിഗതികള്‍ ശാന്തമാക്കിയിരുന്നില്ലെങ്കില്‍ വലിയ അനര്‍ഥങ്ങള്‍ സംഭവിക്കുമായിരുന്നു. ഇങ്ങനെയൊക്കെയുള്ള വൈകാരികതകളോടെ, ലീഗ്- ജമാഅത്ത് ഭിന്നത ഒരു ചരിത്ര വസ്തുതയായി നില്‍ക്കെയാണ് ഇന്ത്യാവിഭജനം സംഭവിക്കുന്നത്.
ഇതിനിടയില്‍ മൌദൂദി സാഹിബിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തവും ക്രിയാത്മകവുമായ ബദല്‍ നിര്‍ദേശം അന്നത്തെ കോലാഹലങ്ങള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പലമേഖലകളിലും ഒരു സംഭവമെന്ന നിലക്ക് പോലും അത് അറിയപ്പെടാന്‍ ഇടയായില്ല. അക്കാര്യത്തില്‍ കേരളം ഉദാഹരണമാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന് മാത്രമല്ല ജമാഅത്ത് പ്രവര്‍ത്തകര്‍ക്കുപോലും ആ വിഷയത്തില്‍ വേണ്ടത്ര അറിവോ ധാരണയോ ഉണ്ടായിരുന്നില്ല. മൌദൂദി സാഹിബ് കോണ്‍ഗ്രസിന്റെ ഏകാത്മക ദേശീയതയെയും, തുടര്‍ന്ന് ലീഗിന്റെ പാകിസ്താന്‍ വാദത്തെയും എതിര്‍ത്തുകൊണ്ട് കേവലം നിഷേധാത്മക നിലപാട് എടുക്കുകയായിരുന്നില്ല. ശക്തമായ ഒരു ബദല്‍ നിര്‍ദേശം പ്രശ്നപരിഹാരത്തിന് അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി. വിഭജനം ഒഴിവാക്കാനുള്ള വഴികള്‍ വിശദീകരിച്ച ആ നിര്‍ദേശം ജനസംഖ്യയുടെ മൂന്നില്‍ ഒന്നോളം വരാവുന്ന മുസ്ലിം ന്യൂനപക്ഷത്തിന് ശക്തമായ ഉറപ്പുകളും അവകാശ നിര്‍ണയവും ഭരണഘടനാപരമായി അംഗീകരിക്കണമെന്നുള്ളതായിരുന്നു. മതപരവും സാംസ്കാരികവുമായ സ്വത്വ സംരക്ഷണം, ന്യൂനപക്ഷ സംവരണം, തെരഞ്ഞെടുപ്പില്‍ പ്രത്യേക നിയോജകമണ്ഡലം തുടങ്ങിയവ ഉറപ്പുവരുത്തുകയായിരുന്നു അതിന്റെ കാതല്‍. അസംബ്ളികളിലും പാര്‍ലമെന്റിലും ന്യൂനപക്ഷങ്ങളുടെ ശരിയായ പ്രാതിനിധ്യം, തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ ജനസംഖ്യാനുപാതികമായി അര്‍ഹമായ പങ്കാളിത്തം എന്നിവ ഭരണഘടനാപരമായിത്തന്നെ ഉറപ്പ് വരുത്തണം എന്ന് ബദല്‍ രേഖ നിര്‍ദേശിച്ചു. ഇന്നത്തെ ഇന്ത്യയില്‍ ഇതെല്ലാം വര്‍ഗീയവും സെക്യുലര്‍ വിരുദ്ധവുമായി ഗണിക്കപ്പെടാന്‍ കാരണം വിഭജനത്തിന്റെ പ്രത്യാഘാതമാണെന്ന് മനസിലാക്കുന്നതില്‍ തെറ്റില്ല. ഇത്തരം ന്യൂനപക്ഷ ആനുകൂല്യങ്ങളെല്ലാം നല്‍കിയാലും ഒരു സെക്യുലര്‍ ഭരണഘടന സെക്യുലറായിത്തന്നെ നിലനില്‍ക്കാവുന്നതേയുള്ളു. ഹരിജനങ്ങള്‍ക്കും ഗിരിജനങ്ങള്‍ക്കും, സംവരണം ഏര്‍പ്പെടുത്തുന്നത് സെക്കുലര്‍ വിരുദ്ധമാകുന്നില്ലെങ്കില്‍, മുസ്ലിം മതന്യൂനപക്ഷത്തിനും അങ്ങനെയാകുന്നതില്‍ പ്രത്യേകിച്ച് പ്രയാസമൊന്നുമുണ്ടാകേണ്ടതില്ല. പക്ഷേ, കാരണം മറ്റൊന്നാണ്. ഇന്ത്യാ വിഭജനവും, പാകിസ്താന്‍ പ്രസ്ഥാനവും സൃഷ്ടിച്ച വര്‍ഗീയ- വൈകാരിക അന്തരീക്ഷമാണത്. വിഭജനം ഇല്ലായിരുന്നെങ്കില്‍ ലോകത്ത് ചൈനക്കും മേലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ശക്തമായ രാഷ്ട്രമായിരുന്നേനെ ഇന്ത്യ. ഇന്നത്തെ ഇന്ത്യയുടെ പതിന്മടങ്ങ് ശക്തിയും പ്രൌഢിയുമുള്ള ലോക രാഷ്ട്രമായി ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാമായിരുന്നു. ആ ഇന്ത്യയില്‍, മൂന്നിലൊന്ന് വരുന്ന മുസ്ലിംകളും വലിയൊരു ശക്തിയാവുമായിരുന്നു. ഒരു ഭാഗത്തെ സാമുദായിക ഭൂരിപക്ഷം, മറുഭാഗത്ത് വര്‍ഗീയ കലാപമുണ്ടാകുന്നത് തടുക്കുന്ന സന്തുലന ശക്തിയായി രാജ്യത്തിന് ഏകതയും ഭദ്രതയും നല്‍കാനും സാധിക്കുമായിരുന്നു. അതൊക്കെ പൊലിഞ്ഞു പോയ സ്വപ്നം എന്നേ പറയാനുള്ളൂ. ഇന്ത്യാ വിഭജനത്തില്‍ ലീഗിന്റെ പങ്ക് നിര്‍ണായകമായിരുന്നെങ്കിലും അവരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. അത്രതന്നെയോ, അതിലേറെയോ, കോണ്‍ഗ്രസും തീവ്ര ഹിന്ദു സംഘടനകളും അതിന് കാരണക്കാരായിട്ടുണ്ട്.
പാകിസ്താന്‍ ബഹളത്തില്‍ പ്രചാരണം കിട്ടാതെ പോയ ഈ ബദല്‍ നിര്‍ദേശം മറന്നോ മറച്ചുവെച്ചോ, 'ഹുകൂമത്തെ ഇലാഹി'യെന്ന ഉട്ടോപ്യന്‍ ആശയത്തിന്റെ ഉപജ്ഞാതാവ് എന്ന കുപ്രസിദ്ധി മാത്രമാണ് മൌദൂദി സാഹിബിന് കല്‍പിച്ചരുളപ്പെട്ടത്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം 'ഹുകൂമത്തെ ഇലാഹി' ഒരു ആദര്‍ശ സങ്കല്‍പം മാത്രമായിരുന്നു. അന്ന് നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന് പ്രയോഗവല്‍കരണ സാധ്യതയുണ്ടെന്ന് മൌദൂദി സാഹിബ് തെറ്റിദ്ധരിച്ചിരുന്നില്ല. അതേസമയം യാഥാര്‍ഥ്യ ലോകത്ത് നിന്നുകൊണ്ട് അദ്ദേഹം തികച്ചും പ്രായോഗികമായ ബദല്‍ നിര്‍ദേശം രാജ്യത്തിനു മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതാകട്ടെ, ഒരു സെക്യുലര്‍ രാഷ്ട്രഘടനയില്‍ മുസ്ലിംകളുടെ മതപരവും സാമുദായികവുമായ അസ്തിത്വവും വ്യക്തിത്വവും ഉറപ്പു നല്‍കികൊണ്ടുള്ള ഒരു ഏക ഇന്ത്യാ സങ്കല്‍പമായിരുന്നുതാനും. ഇത്തരം പ്രശ്നങ്ങള്‍ പൊങ്ങിവന്ന എല്ലാ സാഹചര്യങ്ങളിലും മൌദൂദി സാഹിബ് സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് ക്രിയാത്മകമായ ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിന് ചരിത്രത്തില്‍ ഇതുമാത്രമല്ല ഉദാഹരണം.
പ്രമാദമായ ഹൈദരാബാദ് സംഘര്‍ഷം വലിയൊരു ദുരന്തത്തിലേക്കാണ് മുസ്ലിം സമുദായത്തെ തള്ളിവിട്ടത്. ഇന്ത്യാ രാജ്യത്തിന്റെ നടുവില്‍, ആന്ധ്രപ്രദേശിന്റെ ഭാഗമായ ഡക്കാന്‍ പീഠഭൂമിയില്‍ ഒരു മുസ്ലിം പോക്കറ്റ് (ഹൈദരാബാദ്) ഒരു സ്വതന്ത്ര രാജ്യമായി വിഭജനത്തിന് ശേഷവും നിലകൊള്ളുകയെന്നത് വിഡ്ഢിത്തപരമായ അതിമോഹമായിരുന്നു. പക്ഷേ, അവിടെയുള്ള 'ഇത്തിഹാദുല്‍ മുസ്ലിമീന്‍' എന്ന തീവ്ര മുസ്ലിം 'റസാഖാര്‍' സംഘടന ആ നിലപാടില്‍ ഉറച്ചുനിന്നു. നിസഹായനായ ഹൈദരാബാദ് നൈസാം അതിന് വഴങ്ങാന്‍ നിര്‍ബന്ധിതനായി. ഇന്ത്യാരാജ്യത്തിന് ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഈ അവസ്ഥ അറിയാനിടയായപ്പോള്‍, മൌദൂദി സാഹിബ് പാകിസ്താനില്‍ ആയിരിക്കെ തന്നെ, ഖാസിം റിസ്വിയെന്ന 'റസാഖാറി'ന്റെ വിപ്ളവം തുപ്പുന്ന യുവനേതാവിന് വളരെ സമചിത്തതയോടുകൂടി ഒരു കത്ത് എത്തിക്കുകയുണ്ടായി. അതില്‍ മൌലാനാ നിര്‍ദേശിക്കുന്നത്, 'ഇന്ത്യയുമായി യുദ്ധത്തിന് പോകരുത്, അത് സങ്കല്‍പിക്കാനാകാത്ത നഷ്ടവും നാശവും ഉണ്ടാക്കിവെക്കും' എന്നായിരുന്നു. 'ദീര്‍ഘകാലം അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ഹൈദരാബാദ് ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതാണ് ശരിയായ നിലപാട്. നിങ്ങളുടെ ശക്തിയെ സംബന്ധിച്ച് തെറ്റോ ശരിയോ ആയ മതിപ്പ് ഇന്ത്യാ ഗവണ്‍മെന്റില്‍ നിലനില്‍ക്കുന്നതുകൊണ്ട് ശക്തമായ ഉപാധികള്‍ ഗവണ്‍മെന്റ് അംഗീകരിക്കാന്‍ പ്രായോഗിക സാധ്യതയുണ്ട്. അതിനാല്‍ ഉചിതമായ വ്യവസ്ഥകള്‍ വെച്ചുകൊണ്ട്, നിങ്ങള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാനുള്ള സന്നദ്ധത അറിയിക്കുകയാണ് വേണ്ടത്.' ബദല്‍ വ്യവസ്ഥകള്‍ കൂടി സൂചിപ്പിച്ചുകൊണ്ടാണ് മൌദൂദി സാഹിബ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് വായിച്ച് ക്ഷുഭിതനായ ഖാസിം രിസ്വി അത് പരസ്യമായി ചീന്തിയെറിഞ്ഞു എന്നത് ചരിത്രം. പിന്നീടുണ്ടായ ദുരന്തങ്ങള്‍, 'സുഖൂതെ ഹൈദരാബാദ്' - ഹൈദരാബാദിന്റെ പതനം- പോലുള്ള ഗ്രന്ഥങ്ങളില്‍ കണ്ണുനീരോടെ വായിക്കാവുന്നതാണ്.
വിഭജനാനന്തരം എല്ലാ ആശങ്കകള്‍ക്കും അപ്പുറത്ത്, ഏതോ നിസഹായതയുടെ പടുകുഴിയിലാണ് തങ്ങള്‍ വീണ് കിടക്കുന്നതെന്ന തിരിച്ചറിവ് ഇന്ത്യന്‍ മുസ്ലിംകള്‍ക്കുണ്ടായി. അത് ഇവിടെ വിവരിക്കുക സാധ്യമല്ല. അതിന്റെ പ്രകടമായ തെളിവാണ്, കേരളത്തിലൊഴിച്ച് ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളിലും മുസ്ലിം ലീഗ് നാമാവശേഷമായിപ്പോയി എന്നുള്ളത്. ലീഗ് മാത്രമല്ല, കാഗ്സാര്‍, അഹ്റാര്‍ മുതലായ തീപ്പൊരി സംഘടനകളും തകര്‍ന്നു തരിപ്പണമായി. മുസ്ലിം ദേശീയ പ്രസ്ഥാനമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പോലുള്ളവ ജീവഛവമായി അവശേഷിച്ചു. വിഭജനത്തിനു മുമ്പത്തെ, രാഷ്ട്രീയ സ്വഭാവമുള്ള എല്ലാ മുസ്ലിം സംഘടനകളും സ്വയം ഇല്ലാതായി എന്നുപറയുന്നതാവും ശരി. ഒരു ആദര്‍ശ പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമി ഈമാനിന്റെ ശക്തികൊണ്ടും ആദര്‍ശ ഭദ്രതകൊണ്ടും പിടിച്ചു നിന്നുവെന്നത് വലിയൊരു അത്ഭുതം തന്നെയാണ്. അങ്ങനെയൊരു ഘട്ടത്തില്‍ മുസ്ലിം ലീഗുമായി സംഘര്‍ഷമോ സഹകരണമോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തി ഉണ്ടായിരുന്നില്ല. കാരണം മുസ്ലിം ലീഗ് എന്ന സംഘടനതന്നെ ഇന്ത്യാതലത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ മുമ്പിലുള്ള പ്രശ്നവും അതായിരുന്നില്ല. രാജ്യത്ത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നിലനില്‍പ് ഉറപ്പ് വരുത്തുക, തെറ്റുധാരണകള്‍ ദുരീകരിക്കുക എന്നീ ദിശകളിലായിരുന്നു ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ ഊന്നല്‍. ലക്ഷക്കണക്കായ മുസ്ലിംകള്‍ മുര്‍ത്തദ്ദായിക്കൊണ്ടിരിക്കുന്നു. ചൂരും ചുണയുമുള്ള പണ്ഡിത -സമ്പന്ന- നേതൃവിഭാഗം പാകിസ്താനിലേക്ക് നാടുവിടുന്നു. എല്ലാ ആശങ്കകള്‍ക്കുമപ്പുറത്ത് ഇന്ത്യയിലും പാകിസ്താനിലും ഒരേസമയം വര്‍ഗീയ കൂട്ടക്കുരുതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകളെ ഹിജ്റയെന്ന കൂട്ട പലായനത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തുക, പൂര്‍വ മതത്തിലേക്ക് തിരിച്ചെടുക്കുകയെന്ന ഓമനപ്പേരിലുള്ള നിര്‍ബന്ധ മുര്‍ത്തദ്ദാക്കലില്‍ നിന്ന് മുസ്ലിംകളെ രക്ഷിച്ചെടുക്കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മുതിര്‍ന്നവര്‍ക്ക് പള്ളി മഹല്ല് സൌകര്യങ്ങളും പരിമിതമായ തോതിലെങ്കിലും -പ്രത്യേകിച്ചു മതപരിത്യാഗ മേഖലകളില്‍- ഏര്‍പ്പെടുത്തുക, അലിഗഢ് യൂനിവേഴ്സിറ്റിയുടെ മുസ്ലിം വ്യക്തിത്വവും ഉര്‍ദുഭാഷയുടെ നിലനില്‍പും ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു ജമാഅത്ത് അപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി ഭിന്നമായിരുന്നു. കേരളത്തില്‍ മാത്രം ലീഗ് ശക്തമായ മുസ്ലിംബഹുജനപിന്തുണയോടുകൂടി നിലനിന്നു. ചെറിയ സംഘടനയാണെങ്കിലും ജമാഅത്തെ ഇസ്ലാമി കെട്ടുറപ്പോടുകൂടി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയും ചെയ്തു. ഇന്ത്യയൊട്ടുക്കും വിഭജനത്തിന്റെ നോവും നൊമ്പരവും അനുഭവിക്കുമ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം ലീഗ് നിലനിന്നുവെന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ കണ്ടും അനുഭവിച്ചും നേരിട്ടറിഞ്ഞ, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സീനിയര്‍ നേതാവായിരുന്ന മൌലാനാ ശഫീഅ് മൂനിസ് സാഹിബിനോട് ഞാന്‍ ഇതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം തന്റേതായ ശൈലിയില്‍ ഉര്‍ദുവില്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: 'ഭായി, ഹിന്ദുസ്ഥാന്‍ കി തഖ്സീം കേരള മെ നഹി ഹുയിഹെ!' രാജ്യത്തിന്റെ വിഭജനം നടന്നത് കേരളത്തില്‍ അല്ലല്ലോ എന്ന് സാരം. അഥവാ വിഭജനമെന്താണെന്ന് കേരളം അറിഞ്ഞിട്ടില്ല. ഇന്ത്യാവിഭജനം കേരളത്തിന് ബാധകമായത് സാങ്കേതിക അര്‍ഥത്തില്‍ മാത്രമാണ്. ഇവിടെ മുസ്ലിം ലീഗും പാകിസ്താന്‍ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നെങ്കിലും, ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായ സംസ്കാരവും രാഷ്ട്രീയവുമാണ് ഇവിടെ നിലനിന്നിരുന്നത്. ഉര്‍ദു ഇന്ത്യയൊട്ടുക്കും മുസ്ലിംകളുടെ ഭാഷയാണെങ്കിലും കേരള മുസ്ലിംകളുടെ സ്ഥിതി വ്യത്യസ്തമാണല്ലോ. വേഷത്തിലും മറ്റും ഇതുകാണാം. ഇങ്ങനെയുള്ള വ്യതിരിക്തത കാരണം, മുസ്ലിം ലീഗ് കേരളത്തില്‍ മാത്രം ശക്തിയുള്ള അടിത്തറകളോടെ നിലനിന്നു. ജമാഅത്തും ഇവിടെ സജീവമായതിനാല്‍ ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മനസിലാക്കാവുന്നതാണ്.
കോണ്‍ഗ്രസിനും അവരുടെ കേന്ദ്രഭരണത്തിനും അലോസരമുണ്ടാക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് ലീഗിനു സന്തോഷമുള്ള കാര്യമല്ല. അഖിലേന്ത്യാ പ്രസ്ഥാനമായ ജമാഅത്തിനാകട്ടെ, ഇതൊന്നും ഒഴിവാക്കാന്‍ പറ്റുന്നതുമല്ല. ഇതും പരസ്പര സംഘര്‍ഷത്തിനു വഴിമരുന്നിടുന്ന പ്രശ്നമാണ്. വിഭജനാനന്തര കാലഘട്ടങ്ങളില്‍ ഉത്തരേന്ത്യയെ വിഴുങ്ങിയ വര്‍ഗീയാക്രമണ പരമ്പരകള്‍, ഭീകരതയുടെ പേരിലുള്ള 'സംഘട്ടന' മരണങ്ങള്‍, നിരപരാധികളുടെ ജയില്‍ പീഡനങ്ങള്‍ മുതല്‍ ബാബരി ധ്വംസനം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഈ വൈരുധ്യം പ്രകടമാണ്. (ജബല്‍പൂരിലെയോ മറ്റോ വര്‍ഗീയ കലാപത്തില്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ജമാഅത്ത് റിലീഫ് ഫണ്ടുമായി ബന്ധപ്പെട്ട വാര്‍ത്ത ചന്ദ്രികക്ക് അയച്ചുകൊടുത്തെങ്കിലും അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ പ്രയാസമായതിനെത്തുടര്‍ന്ന് 'പരസ്യ' രൂപത്തില്‍ കൊടുക്കേണ്ടി വന്നത് ഓര്‍ക്കുന്നു).
കേരളത്തില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും ജമാഅത്ത്-ലീഗ് അഖിലേന്ത്യാ നേതാക്കള്‍ തമ്മില്‍ നല്ല ബന്ധം തുടര്‍ന്നുവെന്നത് സന്തോഷകരമാണ്. ഇസ്മാഈല്‍ സാഹിബ്, സേട്ട് സാഹിബ്, ബനാത്ത് വാല എന്നിവരുമായി ജമാഅത്ത് നേതാക്കളുടെ ബന്ധം വളരെ ഊഷ്മളമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ കേരള നേതാക്കളുമായും ദല്‍ഹി തലത്തിലുള്ള സമ്പര്‍ക്കങ്ങള്‍ സൌഹൃദപരമായിരുന്നു.
ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ ലീഗുണ്ടായ ഘട്ടത്തില്‍ ജമാഅത്ത് അമീര്‍ മൌലാനാ മുഹമ്മദ് യൂസുഫ് സാഹിബ് കേരളം സന്ദര്‍ശിക്കാനിടയായി. കേരള പര്യടനത്തിലുടനീളം അദ്ദേഹം ഏറെ താല്‍പര്യമെടുത്തത് ലീഗിന്റെ ഇരുവിഭാഗം നേതാക്കളെ നേരില്‍ കണ്ട് ഐക്യം സാധിക്കാനുള്ള ശ്രമങ്ങള്‍ക്കായിരുന്നു. പിളര്‍പ്പിന്റെ മധുവിധു കാലമായതിനാല്‍ ശ്രമം ഫലം കണ്ടില്ലെന്നത് വേറെ കാര്യം.
(തുടരും)
[email protected]
Comments