മതം കൊട്ടാരത്തിനെതിരെ പോരാട്ടങ്ങളുടെ നൈരന്തര്യം
പലതിന്റേയും തുടക്കമായിരുന്നു ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴ്; അതുപോലെത്തന്നെ പലതിന്റേയും ഒടുക്കവും. ലോകമുസ്‌ലിം രാഷ്ട്രീയചിന്തയിലെത്തന്നെ ഒരു വഴിത്തിരിവ് അടയാളപ്പെടുത്തുന്നതായിരുന്നു അത്. ആഫ്രോ - ഏഷ്യന്‍ ഭൂഭാഗങ്ങളുടെ പ്രകൃതി സമ്പത്തും ജനങ്ങളുടെ കായികശേഷിയും കൊള്ളയടിക്കാനുള്ള യൂറോപ്യന്മാരുടെ പരക്കം പാച്ചിലിന് പലപ്പോഴും വിലങ്ങുതടിയായത് അസ്ഥികൂടത്തിന്റെ രൂപത്തിലെങ്കിലും നിലനിന്ന ഇസ്‌ലാമിക ഖിലാഫത്തായിരുന്നു. 1857-ല്‍ ദല്‍ഹിയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടിയത് ലോകത്തെ മുസ്‌ലിം രാഷ്ട്രീയ ശക്തികളില്‍ വലുപ്പം കൊണ്ട് രണ്ടാം സ്ഥാനത്തു നിന്നിരുന്ന ഹിന്ദുസ്ഥാന്‍ ഭരണകൂടത്തിന്റെ താരതമ്യേന അശക്തരായ പിന്മുറക്കാരായിരുന്നു. ഒരു പ്രതീകമെന്ന നിലയില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ കൂടി ചുമതല നിര്‍വഹിച്ചിരുന്ന ഉസ്മാനി സാമ്രാജ്യമായിരുന്നു ഒന്നാം സ്ഥാനത്ത്. ഇതിന്റെ മതകീയമോ രാഷ്ട്രീയമോ ആയ അധികാരപരിധിക്കു പുറത്ത് നില്‍ക്കുന്ന ചില മുസ്‌ലിം പ്രദേശങ്ങളും ലോകത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. അവയില്‍ ഇറാനും യമനും ഇന്ത്യയുടെ ഭൂവിസ്തൃതിയും മുസ്‌ലിം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ നിസ്സാരമായിരുന്നു. മതകീയവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യക്കും ഇറാന്‍ - യമന്‍ പ്രദേശങ്ങള്‍ക്കുമിടയില്‍ സാമ്യതകളും വൈജാത്യങ്ങളും നിലനിന്നിരുന്നു. മുഗള്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ മുഴുവന്‍ പൂര്‍ണമായ അര്‍ഥത്തില്‍ സുന്നികളായിരുന്നില്ല. താന്‍ സുന്നിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഭരണാധികാരി ഔറംഗസേബ് ആലംഗീറായിരുന്നു. മുഗള്‍ ഹിന്ദുസ്ഥാന്‍ ഖിലാഫത്തിന്റെ ഭാഗമല്ലാതാവാന്‍ അതു മാത്രമായിരുന്നില്ല കാരണം. ഇന്ത്യക്കാര്‍ക്ക് ഇസ്‌ലാമിലേക്കുള്ള വഴി കാണിച്ചുകൊടുത്ത സ്വൂഫികളും ഛിന്നഭിന്നമായിക്കിടന്ന ഭൂഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരൊറ്റ ഇന്ത്യ സൃഷ്ടിച്ചെടുത്ത സുല്‍ത്താന്മാരുമൊക്കെ ഖലീഫയുടെ പ്രതിനിധികളായി ഇന്ത്യയിലെത്തിയവരായിരുന്നില്ല. സുല്‍ത്താന്മാരില്‍ ചിലര്‍ സ്ഥാനാരോഹണ നേരത്ത് ഖലീഫയുടെ അനുഗ്രഹം വാങ്ങാനായി ദൂതന്മാരെ അയച്ചിരുന്നുവെന്നു മാത്രം. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിച്ചത് 1857 ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലെ രണ്ടു ധാരകള്‍ 1857-ല്‍ തന്നെ കണ്ടെത്താവുന്നതാണ് . 1857-ലെ സമരത്തിനുശേഷം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിലുടലെടുത്ത രണ്ടു ധാരകളുടെ സമരകാലത്തെ പ്രാഗ്‌രൂപങ്ങളുടെ പ്രതീകാത്മകമായ പ്രതിനിധികളായി നമുക്കു രണ്ടു വനിത1കളെ -ബീഗം ഹസ്രത്ത് മഹല്‍, ബീഗം സീനത്ത് മഹല്‍ എന്നിവരെ - തെരഞ്ഞെടുക്കാം.
ലഖ്‌നൗവില്‍ വെച്ച് ബീഗം ഹസ്രത്ത് മഹല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ യുദ്ധ പ്രഖ്യാപനം വൈദേശിക അധിനിവേശത്തില്‍ നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെയും സ്വന്തം നാടിനെയും സംരക്ഷിക്കാനുള്ള ത്വരയുടെ ബഹി:സ്ഥുരണമായിരുന്നുവെങ്കില്‍ 1857-ലെ സമരനേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ബഹദൂര്‍ഷാ സഫറിനെ പിന്തിരിപ്പിക്കാന്‍ ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ പത്‌നിയായ ബീഗം സീനത്ത് മഹല്‍ നടത്തിയ വിഫലശ്രമങ്ങളുടെ പ്രേരകശക്തി മുഗള്‍ വംശത്തിന്റെ സുരക്ഷക്കും ഭാവിയില്‍ തന്റെ പുത്രന്റെ സ്ഥാനാരോഹണത്തിനും ബ്രിട്ടീഷുകാരുമായുള്ള അടുപ്പം സഹായകരമായിത്തീരുമെന്ന സ്വാര്‍ഥ ചിന്തയായിരുന്നു. ഈ രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു 1857 സമരത്തിന്റെ പരാജയം മുതല്‍ 1947-ല്‍ കൊളോണിയല്‍ ശക്തികള്‍ ഇന്ത്യവിട്ടുപോകുന്നതുവരെയുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ അന്തഃസത്തയെന്നു പറയാം. ഈ ചിന്താധാരകള്‍ തുറന്ന സംഘട്ടനത്തിലേര്‍പ്പെട്ടും ചിലപ്പോള്‍ പരസ്പരം അനുപ്രവേശിച്ചും മറ്റു ചിലപ്പോള്‍ വേറെ ചില ഘടകങ്ങളുമായി സമന്വയിച്ചും നിലനിന്നു.
സീനത്ത് മഹലിന്റെ താല്‍പര്യങ്ങളില്‍ നിഴലിച്ചത് രാജവംശത്തിന്റേതായ സ്വാര്‍ഥതാല്‍പര്യങ്ങളായിരുന്നുവെങ്കില്‍ അഭിജാതമനോഭാവത്തെ അതിവര്‍ത്തിക്കുന്ന ഇസ്‌ലാമികവും ആദര്‍ശാത്മകവും രാജ്യസ്‌നേഹത്തിലൂന്നിയതുമായ ബ്രിട്ടീഷ്‌വിരുദ്ധ മനോഭാവമാണ് ഹസ്രത്ത് മഹലിനെ നയിച്ചത്.
മനുഷ്യന്റെ സാമൂഹിക ജീവിതവും രാഷ്ട്രീയ ചിന്തയും രാജാധിപത്യത്തിനും വംശാധിപത്യത്തിനും ചുറ്റുമായി കറങ്ങിക്കൊണ്ടിരുന്ന കാലത്താണല്ലോ അവയില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയചിന്ത ഇസ്‌ലാം അവതരിപ്പിക്കുന്നത്. ആദ്യത്തെ നാലു ഖലീഫമാര്‍ക്കുശേഷം വംശീയതയും രാജാധിപത്യവും മുസ്‌ലിം രാഷ്ട്രീയനേതൃത്വത്തില്‍ കയറിപ്പറ്റിയപ്പോള്‍ അവയും ഇസ്‌ലാമികതയും തമ്മിലുള്ള സംഘര്‍ഷം മുസ്‌ലിം ചരിത്രത്തിലെ ഒരു ചേരുവയായിമാറി. ഈ സംഘര്‍ഷത്തിന്റെ ഏറ്റവും ആദ്യത്തെ ശക്തമായ രൂപം നാം കാണുന്നത് കര്‍ബല രണാങ്കണത്തിലാണ്. സുന്നി - ശീഈ ഭേദങ്ങളെ അതിവര്‍ത്തിച്ചു കൊണ്ട് ഇസ്‌ലാമികതയും വംശീയ - രാജാധിപത്യവും തമ്മിലുള്ള സംഘട്ടനം ഇസ്‌ലാമിക ചരിത്രത്തില്‍ തിളങ്ങി നിന്നു. ഇന്ത്യയില്‍ സുല്‍ത്താന്മാരും സ്വൂഫികളും (വിശിഷ്യാ നഖ്ശബന്ദി സ്വൂഫികള്‍) തമ്മിലുള്ള സംഘര്‍ഷത്തിലാണത് പ്രത്യക്ഷപ്പെട്ടത്. മുഗള്‍ സുല്‍ത്താന്മാരുടെ ആജ്ഞകളെ ധിക്കരിച്ചുകൊണ്ട് രാജകൊട്ടാരങ്ങളെ വിറപ്പിച്ച ശൈഖ് അഹ്മദ് സര്‍ഹിന്ദിയോടുകൂടി തന്നെ അതു തുടങ്ങുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സായുധസമരത്തിനൊരുങ്ങിയ സയ്യിദ് അഹ്മദ് ശഹീദ് മുഗള്‍കൊട്ടാരത്തിലെ അനിസ്‌ലാമിക ഭരണരീതികളെയും ശത്രുപട്ടികയില്‍ തന്നെയാണുള്‍പ്പെടുത്തിയത്. ശാഹ്‌വലിയുല്ലാഹിദഹ്‌ലവിയും മുഗള്‍ വംശത്തിന്റെ ദുര്‍ഭരണത്തെ ശക്തമായി എതിര്‍ത്തിരുന്നു.2 1857-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനായി തങ്ങളുടെ അനുയായികളോടൊപ്പം ദല്‍ഹിയിലെത്തിയ ഇസ്‌ലാമിക നേതാക്കളായ മൗലവി സര്‍ഫറാസ് അലിയും ബഖ്ത് ഖാനും മുഗള്‍കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങാനായി ചെന്നപ്പോള്‍ പ്രകടിപ്പിച്ച പെരുമാറ്റ രീതികളില്‍ രാജകൊട്ടാരത്തിനു മുമ്പില്‍ മുട്ടുമടക്കാത്ത ആദര്‍ശധീരത ദര്‍ശിക്കാം. ബഹദൂര്‍ഷാ സഫറിന്റെ പ്രധാനമന്ത്രിയും പ്രധാന വൈദ്യനുമായ ഹക്കീം അഹ്‌സനുല്ലാഖാന്റെ വിവരണ പ്രകാരം മുഗള്‍കൊട്ടാരം അതുവരെ കാണാതിരുന്ന പെരുമാറ്റരീതിയാണവര്‍ കാഴ്ചവെച്ചത്. രാജഭക്തിയോ എളിമയോ ഉപചാരവാക്കുകളോ ഒന്നുമില്ലാതെ സ്ഥാനംകൊണ്ട് തുല്യനായ ഒരാളോടു സംസാരിക്കുന്നതുപോലെയാണവര്‍ ചക്രവര്‍ത്തിയോടു സംസാരിച്ചത്. കൊട്ടാരത്തിലെ ആചാരമര്യാദകളെല്ലാം അവര്‍ കാറ്റില്‍ പറത്തി.3 ഇത്തരത്തില്‍ ഇരുധ്രുവങ്ങളിലായാണ് മുഗള്‍ ഭരണകാലത്ത് രാജകൊട്ടാരവും ഇസ്‌ലാമികവാദികളും നിലകൊണ്ടത്.
വിദേശികളില്‍ നിന്ന് മാതൃരാജ്യത്തെ പൂര്‍ണമായും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1857-ല്‍ കൊട്ടാരവും ഇസ്‌ലാമിക ശക്തികളും ഒന്നിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യന്‍ ശിപായിമാര്‍ തുടങ്ങിവെച്ച കലാപത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ചക്രവര്‍ത്തിയും സമരത്തെ സഹായിക്കാന്‍ ഇസ്‌ലാമികവാദികളും തീരുമാനിക്കുകയായിരുന്നു. ചക്രവര്‍ത്തിയുടെ തീരുമാനത്തിനെതിരെ കൊട്ടാരത്തില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. രാജപത്‌നി ബീഗം സീനത്ത് മഹല്‍ തന്നെയായിരുന്നു ബ്രിട്ടീഷ് അനുകൂലപക്ഷത്തിന്റെ തലപ്പത്ത്. പ്രധാനമന്ത്രിയായിരുന്ന ഹക്കീം അഹ്‌സനുല്ലാഖാനും ബ്രിട്ടീഷ് പക്ഷത്ത് കൊട്ടാരം നിലകൊള്ളണമെന്ന അഭിപ്രായക്കാരനായിരുന്നു. മീര്‍സാ ഇലാഹീ ബഖ്ഷിനെപ്പോലുള്ളവരും ശക്തമായ ബ്രിട്ടീഷ് അനുഭാവം പ്രകടിപ്പിച്ചു.
സമരം പരാജയപ്പെട്ടപ്പോള്‍ മനം മാറ്റമുണ്ടായത് കൊട്ടാരവുമായി ബന്ധപ്പെട്ടവരിലായിരുന്നു. ഇസ്‌ലാമികവാദികള്‍ ബ്രിട്ടീഷുകാരോട് പോരാടി രക്തസാക്ഷ്യം വഹിക്കാന്‍ നിശ്ചയിച്ചുറച്ച ചാവേറുകളായതിനാല്‍ തന്നെ മനംമാറ്റത്തിന്റെ പ്രശ്‌നമുണ്ടായിരുന്നില്ല. പരലോകത്തെ മോക്ഷത്തിനുവേണ്ടി ഇഹലോകത്തെ സുഖസൗകര്യങ്ങള്‍ ത്യജിക്കാന്‍ സന്നദ്ധരായവരായിരുന്നു അവര്‍. എന്നാല്‍ രാജകൊട്ടാരത്തെ ചുറ്റിപ്പറ്റി ജീവിച്ചവര്‍ അങ്ങനെയായിരുന്നില്ല. മുഗള്‍ പ്രതാപം സംരക്ഷിച്ചുകൊണ്ട് ഭൗതികജീവിതം മെച്ചപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സമരം പരാജയപ്പെട്ടതോടുകൂടി ഉന്നം പിഴക്കുകയും കുറ്റബോധം അവരില്‍ പ്രകടമാവുകയും ചെയ്തു. ചക്രവര്‍ത്തിയടക്കം ഭരണകൂടത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ സാധ്യതയുള്ള രാജകുടുംബാംഗങ്ങളെയെല്ലാം ബ്രിട്ടീഷുകാര്‍ തടവിലിടുകയോ നാടുകടത്തുകയോ തൂക്കിലേറ്റുകയോ ചെയ്തിരുന്നു. എന്നാല്‍ കൊട്ടാരവുമായി ഒട്ടിനിന്നുകൊണ്ട് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുകയും ഉദ്യോഗസ്ഥരും പ്രാദേശിക ഭരണാധികാരികളുമൊക്കെ ആയിത്തീരുകയും ചെയ്ത അഭിജാതവര്‍ഗം നാട്ടില്‍ തന്നെയുണ്ടായിരുന്നു. അവരുടെ മുമ്പിലുണ്ടായിരുന്ന ഒരേയൊരു വഴി കാലത്തിന്റെ മാറ്റം മനസ്സിലാക്കിക്കൊണ്ട് പുതിയ ഭരണാധികളുമായി ചങ്ങാത്തം കൂടുകയായിരുന്നു.
പുതിയ ഭരണകൂടത്തിന്റെ ഔദ്യോഗികഭാഷയും സംസ്‌കാരവും പഴയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവ സ്വായത്തമാക്കുന്നതിലായിരുന്നു പിന്നീട് അഭിജാതവര്‍ഗം ശ്രദ്ധിച്ചത്. സര്‍സയ്യിദ് അഹ്മദ്ഖാന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട അലീഗഢ് പ്രസ്ഥാനം ഇത്തരത്തിലുള്ള അഭിജാതതാല്‍പര്യത്തിനു പുറത്ത് മുസ്‌ലിം സമുദായത്തിന്റെ ഭൗതികമായ അവശത പരിഹരിക്കുകയെന്ന ലക്ഷ്യം ആത്മാര്‍ഥമായി ഏറ്റെടുക്കുകയായിരുന്നു. മുസ്‌ലിം അഭിജാതവര്‍ഗത്തിന്റെ ഔദ്യോഗികഭാഷയും സംസ്‌കാരവും പേര്‍ഷ്യനില്‍ നിന്ന് ഇംഗ്ലീഷിലേക്കു മാറുന്നതിന്റെ തുടക്കമായി അലീഗഢ് പ്രസ്ഥാനത്തെ കാണുന്നതില്‍ തെറ്റുണ്ടാവില്ല. ഈ പ്രസ്ഥാനത്തില്‍ നിന്ന് 1906-ല്‍ രൂപീകൃതമായ മുസ്‌ലിം ലീഗിലെത്തുമ്പോള്‍ അഭിജാതവര്‍ഗ താല്‍പര്യവും സമുദായത്തിലെ അനഭിജാത ഭൂരിപക്ഷത്തിന്റെ താല്‍പര്യവും തമ്മിലുള്ള സംഘര്‍ഷം4 സ്വത്വപരമായ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. റിക്ഷാവണ്ടി വലിക്കുന്നവരും നെയ്ത്തുകാരും മറ്റു കൈത്തൊഴിലുകളിലേര്‍പ്പെട്ടവരും ദാരിദ്ര്യ രേഖക്കു താഴെ കിടക്കുന്നവരുമായ സാധാരണ ജനങ്ങളുടെയും അഭിജാതവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചിരുന്ന ഇസ്‌ലാമികവാദികള്‍ക്ക് ഇത്തരത്തില്‍ വിവിധ വര്‍ഗങ്ങളില്‍പ്പെട്ട മുസ്‌ലിംകളെ സംഘടിപ്പിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നില്ല.5 ഭൗതികമായ താല്‍പര്യത്തിനുപകരം മതവിശ്വാസത്തെയാണ് അവര്‍ ആയുധമാക്കിയതെന്നതാണ് കാരണം.
മതവിശ്വാസത്തിനുപരിയായി ജന്മംകൊണ്ട് മുസ്‌ലിംകളായവരെയെല്ലാം ഉള്‍ക്കൊള്ളിക്കാനായി ലീഗിന് മുസ്‌ലിം എന്ന പദത്തെ വംശീയമായി അഥവാ ദേശീയമായി നിര്‍വചിക്കേണ്ടിവന്നു. മുസ്‌ലിം ദേശീയവാദം ഉടലെടുത്തത് അങ്ങനെയാണ്. ഇതാവട്ടെ ഹിന്ദു ദേശീയവാദത്തിന് അനുപൂരകമായിരുന്നു. മറുഭാഗത്ത് ബ്രിട്ടീഷ് വിരോധികളായ ഇസ്‌ലാമികവാദികള്‍ക്ക് ഭരണമാറ്റംകൊണ്ട് കാര്യമായ മാറ്റം ഉണ്ടായില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദിന്റെയും അഹ്‌റാന്‍-ഖാക്‌സാര്‍ പ്രസ്ഥാനങ്ങളുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മറ്റും രൂപത്തില്‍ അവര്‍ക്ക് പിന്‍മുറ ഉണ്ടായിക്കൊണ്ടേയിരുന്നു. മൗലാനാ ആസാദും മൗലാനാ മൗദൂദിയും ഹുസൈന്‍ അഹ്മദ് മദനിയുമൊക്കെ മതനേതൃത്വത്തിന്റെ ബ്രിട്ടീഷ്‌വിരുദ്ധ പാരമ്പര്യം നിലനിര്‍ത്തിയവരിലുള്‍പ്പെടുന്നു.6 ഇസ്‌ലാമും കൊട്ടാരവും തമ്മിലുള്ള നീണ്ട സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ മദീനയെയും ദമസ്‌കസിനെയും ബഗ്ദാദിനെയും മറ്റും പോലെത്തന്നെ ദല്‍ഹിക്കും ഒരുപാട് പറയാനുണ്ട്. മൗലാനാ ഫസ്‌ലുല്‍ ഹഖ് ഖൈറാബാദിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിരയായവരില്‍ മുഗള്‍ ചക്രവര്‍ത്തിയും മുഗള്‍ രാജ്ഞിയും നവാബ് വാജിദ് അലി ഷായുമൊക്കെ ഉള്‍പ്പെടുന്നു.7
ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദ് അതിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ സാക്ഷാത്കാരമായി കണ്ടത് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെയാണ്. കോണ്‍ഗ്രസ്സ് ആദര്‍ശമായ സംയുക്ത ദേശീയതയെ ന്യായീകരിച്ചുകൊണ്ട് ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദ് നേതാവ് ഹുസൈന്‍ അഹ്മദ് മദനി, മുത്തഹിദഃ ഖൗമിയ്യത്ത് ഔര്‍ ഇസ്‌ലാം (സംയുക്ത ദേശീയതയും ഇസ്‌ലാമും) എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട ്. 8 പ്രസിദ്ധമായ ഹുസൈന്‍ അഹ്മദ് മദനി - അല്ലാമാ ഇഖ്ബാല്‍ സംവാദത്തിലെ9 മദനിയുടെ വാദമുഖങ്ങള്‍ ദ്വിരാഷ്ട്രവാദത്തിനെതിരായിട്ടുള്ളതും ഇസ്‌ലാമിക പ്രമാണങ്ങള്‍ ആധാരമാക്കിയിട്ടുള്ളതുമായ ആയുധങ്ങളായാണ് നിലകൊള്ളുന്നത്. ഇസ്‌ലാമിന്റെ സാങ്കേതികശബ്ദകോശത്തിലെ ഖൗം-മില്ലത്ത്10 ദ്വന്ദ്വങ്ങളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച മുന്നോട്ടുപോയത്. ഇസ്‌ലാമിനെയും ആധുനിക പാശ്ചാത്യ രാഷ്ട്രമീമാംസയെയും കൂട്ടിക്കുഴച്ചുകൊണ്ടുള്ള ഇഖ്ബാലിന്റെ വാദങ്ങളേക്കാള്‍ ലളിതമാണ് മദനിയുടേത്. സംയുക്ത ദേശീയതയോട് മദനിക്കുള്ള പ്രതിബദ്ധതയും ദ്വിരാഷ്ട്രവാദത്തോടുള്ള എതിര്‍പ്പുമാണ് അദ്ദേഹത്തിന്റെ വാദങ്ങളില്‍ തെളിയുന്നത്. മില്ലത്തിനും ഉമ്മത്തിനും പകരം ഖൗമിന്റെ തലത്തിലേക്ക് 'മുസ്‌ലിം' സംജ്ഞ താഴുന്നതിനെതിരെ ഹുസൈന്‍ അഹ്മദ് മദനി പ്രകടിപ്പിച്ച ആശങ്കയുടെ പരിഷ്‌കൃതരൂപമാണ് മുസ്‌ലിം സമുദായത്തിന്റെ പേരിലുള്ള വംശീയ ദേശീയതാവാദത്തിനെതിരെയുള്ള അബുല്‍ അഅ്‌ലാ മൗദൂദിയുടെ സിദ്ധാന്തങ്ങളില്‍ നിഴലിക്കുന്നത്.11
എല്ലാ കാര്യങ്ങളിലും മദനിയും മൗദൂദിയും ഒരേ അഭിപ്രായക്കാരായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. കോണ്‍ഗ്രസ്സിനോട് അന്തമായ വിധേയത്വം പുലര്‍ത്തുന്ന മതപണ്ഡിതന്മാരെ മൗദൂദി വിമര്‍ശിച്ചിട്ടുണ്ട്. മൗദൂദി ചിന്തയുടെ ആദ്യഘട്ടങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവുന്നത് മൗലാനാ ആസാദിന്റെ ആദ്യകാല ചിന്തകളിലാണ്. അവയാകട്ടെ ആസാദിന്റെ ലോകവീക്ഷണത്തിലെ കാല്‍പനികതയുടെ വിവിധ ഘട്ടങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അല്‍ഹിലാല്‍, അല്‍ബലാഗ്, ഹിസ്ബുല്ല തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളിലും പ്രസ്ഥാനനാമങ്ങളിലും അവ പതിഞ്ഞുകിടക്കുന്നു. പിന്നീട് മൗദൂദി തന്റെ ധൈഷണികവ്യാപാരങ്ങളിലൂടെ ഉന്നതമായ ഒരാദര്‍ശമാക്കി മാറ്റിയെടുത്ത ഹുക്കൂമത്തെ ഇലാഹിയും അവയിലുള്‍പ്പെടുന്നു.12 ആസാദില്‍ നിന്ന് മൗദൂദിയിലെത്തുമ്പോള്‍ ഹുക്കൂമത്തെ ഇലാഹി കൂടുതല്‍ മൂര്‍ത്തമാവുന്നു. സോഷ്യലിസം, കമ്യൂണിസം, ജനാധിപത്യം തുടങ്ങിയ ആധുനിക ചിന്താധാരകളുടെ തലത്തിലേക്ക് ഇസ്‌ലാമിന്റെ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ ദര്‍ശനങ്ങളെ മൗദൂദി മാറ്റി സ്ഥാപിക്കുന്നത് ഹുക്കൂമത്തെ ഇലാഹിയെ ചുറ്റിപ്പറ്റിയുള്ള സൈദ്ധാന്തിക ചര്‍ച്ചയിലൂടെയാണ്. ആഗോളതലത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ - ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ സൈദ്ധാന്തികരില്‍ അഗ്രഗണ്യനായി മൗദൂദിയെ പ്രതിഷ്ഠിച്ചതും ഈ ധൈഷണിക ചര്‍ച്ചയാണ ്.13
ഹുക്കൂമത്തെ ഇലാഹിയുടെ ധൈഷണികമായി ഇത്രത്തോളം ഉയരാത്ത ഭാഷ്യം നാം കാണുന്നത് അഹ്‌റാര്‍ പ്രസ്ഥാനത്തിലാണ്. രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനോടൊപ്പം സഞ്ചരിച്ചതിനാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മര്‍ദനമുറകള്‍കൊണ്ട് കഷ്ടപ്പെട്ട സംഘടനകളുടെ കൂട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അഹ്‌റാര്‍ പ്രസ്ഥാനത്തെ എണ്ണുന്നുണ്ട.്14 അഹ്‌റാറുകളുടെ മുഖ്യ ആദര്‍ശം ഹുക്കൂമത്തെ ഇലാഹി അഥവാ ഹുക്കൂമത്തെ ഇലാഹിയ്യഃ ആണ്.15 അതാവട്ടെ മൗദൂദിയുടേതു പോലെ സൈദ്ധാന്തികതയുടെ അകമ്പടിയോടുകൂടിയതല്ല. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചവരേക്കാള്‍ അഹ്‌റാര്‍ പ്രസ്ഥാനത്തില്‍ കൂടുതലായി ഉണ്ടായിരുന്നത് മൗലാനമാരും സാധാരണക്കാരുമാണ്. 1857-ല്‍ ബ്രിട്ടീഷുകാരെ ചെറുത്തുനിന്ന മതപണ്ഡിതന്മാര്‍ മുതല്‍ ഖിലാഫത്ത് പ്രസ്ഥാന നായകര്‍ വരെയുള്ളവരുടെ പാരമ്പര്യമാണ് അഹ്‌റാറുകളുടേത്. 'അഹ്്‌റാര്‍' എന്ന പേരു പോലും സ്വാതന്ത്ര്യവാഞ്ഛ പ്രതിഫലിപ്പിക്കുന്നു.16 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമികമുന്നേറ്റങ്ങള്‍ക്ക് പലപ്പോഴും തട്ടകമായ പഞ്ചാബ് തന്നെയായിരുന്നു അഹ്‌റാറുകളുടെയും പ്രധാനപ്പെട്ട രംഗഭൂമി. അതുകൊണ്ടുതന്നെ പഞ്ചാബുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലുടലെടുത്ത പല പ്രതിസന്ധികളും അഹ്‌റാറുകളുടെ പ്രവര്‍ത്തനം കൊണ്ടുള്ളവയായിരുന്നു. ഖാദിയാനി പ്രശ്‌നമാണ് അവയില്‍ പ്രധാനപ്പെട്ടത്.17 അഹ്‌റാറുകളുടെ ഖാദിയാനിവിരുദ്ധ പ്രചാരണം ലീഗിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. പക്ഷേ ജിന്ന ഖാദിയാനികളുടെ ഒപ്പം നിന്നു.18 നാല്‍പതുകളിലെ ലീഗ് സ്വപ്നമായ പാകിസ്താനെ, മൗദൂദി 'നാ പാകിസ്താന്‍' എന്നു വിശേഷിപ്പിച്ചതുപോലെ19 ജിന്നയെ ലീഗുകാര്‍ വിശേഷിപ്പിക്കുന്ന ഖാഇദെ അഅ്‌സം പദത്തെ കാഫിറെ അഅ്‌സം20 എന്നാണ് അഹ്‌റാര്‍ വൃത്തങ്ങള്‍ അധിക്ഷേപിച്ചത്.21
(ലേഖകന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'മുസ്‌ലിം സ്വത്വം, ദ്വിരാഷ്ട്രവാദം, വര്‍ഗീയത: ഒരു കീഴാള വായന' എന്ന പുസ്തകത്തില്‍നിന്ന്)
കുറിപ്പുകള്‍
1) മുഹമ്മദ് നബിയുടെയും തൊട്ടടുത്ത ഖലീഫമാരുടെയും കാലത്ത് മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹിക വ്യവഹാരങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന പങ്കാളിത്തം ആധുനിക സമൂഹങ്ങളോട് കിടപിടിക്കത്തക്കതായിരുന്നു. മുഹമ്മദ് നബിയുടെ ആദ്യവെളിപാടായി മുസ്‌ലിം ലോകം വിശ്വസിക്കുന്ന സംഭവത്തിന്റെ സാക്ഷി ഖദീജയെന്ന മഹതിയായിരുന്നു. അവര്‍ തന്നെയായിരുന്നു മുഹമ്മദ് നബിക്കു ശേഷമുള്ള ആദ്യത്തെ ഇസ്‌ലാം മതാനുയായിയും. അതുപോലെത്തന്നെ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ അടുത്ത പ്രമാണമായ ഹദീസുകളില്‍ ഏറ്റവും ആധികാരികമെന്നു വിശ്വസിക്കപ്പെടുന്നവയില്‍ നല്ലൊരു പങ്ക് റിപ്പോര്‍ട്ടു ചെയ്തത് ആഇശയെന്ന മറ്റൊരു മഹതിയാണ്.
2) കൊട്ടാരത്തിലെ സുഖാലസ്യം വെടിഞ്ഞുകൊണ്ടുള്ള ലളിത ജീവിതത്തിലൂടെ ഇസ്‌ലാമികവാദികള്‍ക്കു പ്രിയങ്കരനായ ഔറംഗസേബ് ആലംഗീറിന്റെ ഭരണകാലം മാത്രമായിരുന്നു കൊട്ടാരവും മതവും തമ്മിലുള്ള സംഘര്‍ഷത്തിന് അപവാദം.
3) Memoirs of Hakim Ahsanullah Khan, p 18; Quoted by William Dalrymple in The Last Mughal: Fall of a Dynasty, Delhi 1857, Penguin Viking, New Dlhi 2006, Page 286.
4) മുസ്‌ലിം ലീഗിന്റെ പാകിസ്താന്‍ വാദത്തിനെതിരെ നെയ്ത്തുകാരായ അന്‍സാരി മുസ്‌ലികള്‍ നടത്തിയ റാലിയില്‍ ഈ സംഘര്‍ഷം ദര്‍ശിക്കാം.
5) നെയ്ത്തുകാരും കരകൗശലത്തൊഴിലാളികളും കൂലിവേലകൊണ്ട് ജീവിക്കുന്ന മറ്റുള്ളവരുമടങ്ങിയ പാവപ്പെട്ട മുസ്‌ലിം പൗരന്മാര്‍ ദാറുല്‍ ഇസ്‌ലാമായി അവര്‍ പരിഗണച്ച ഇന്ത്യയെ ബ്രിട്ടീഷ് കാഫിറുകളില്‍ നിന്ന് മോചിപ്പിക്കാനുള്ള 1857-ലെ പോരാട്ടത്തില്‍ സജീവമായിരുന്നു. See William Dalrymple, The Last Mughal: Fall of a Dynasty, Delhi 1857, Penguin Viking, New Dlhi 2006, Page 264.
6) മതവും കൊട്ടാരവും തമ്മിലുള്ള സംഘട്ടനത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചുവെന്നതു മാത്രമാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഒന്നിച്ചു വ്യവഹരിക്കുന്നതിനു കാരണമായ സവിശേഷത.
7) Seema Alavi, Jihadi Muslims and Hindu Sepoys: Re writing the 1857 narrative, Biblio , March -April 2007, Page 11.
8) ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍, ഇസ്‌ലാം മതവും മതനിരപേക്ഷതയും, ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം, 2000, പേജ ്36, കാണുക.
9) See (i) Farzana Shaikh, Community and Consensus in Islam:Muslim Representation in Colonial India 1860-1947, Cambridge University Press in association with Orient Longman,1991 (First Indian Edition), Pages 202-205,
or (ii) Mushirul Hasan, Nationalism and Communal Politics in India 1885-1930,
Manohar Publications, New Delhi, 1991, Page174
10) Qaum and Millat
11) Reinhard Schulze, A Modern History of the Islamic World
I.B. Tauris Publishers, London and New York, Page 117
12) Ian Henderson Douglas, 'Abul Kalam Azad: An Intellectual And Religious Biography; Oxford University Press, Delhi; 1988 ; Pages 142, 263 and 284
13) See, Hamid Enayat, Modern Islamic Political Thought,Islamic Book Trust, Kuala Lumpur,2001 pages145-160
14) ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യയെ കെത്തല്‍, മാതൃഭൂമി ബുക്‌സ്, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1998, പേജ് 476.
15)അറബി വ്യാകരണ നിയമമനുസരിച്ച് വിശേഷണ വിശേഷങ്ങള്‍ ഒരേ ലിംഗത്തിലാവേണ്ടതുള്ളതിനാല്‍ ഹുകൂമത് ഇലാഹിയ്യഃ ആണ് ശരി. എന്നാല്‍ ഇതു സംബന്ധമായി ഉര്‍ദുവില്‍ കടം കൊണ്ട പേര്‍ഷ്യന്‍ വ്യാകരണ തത്ത്വമനുസരിച്ച് അങ്ങനെയാവണമെന്നില്ല. ജമാഅത്തെ ഇസ്‌ലാമി അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ ദ്വന്ദ്വവും ശ്രദ്ധിക്കുക.
16) Ahrar - Free born Persons or liberals, Prof Basheer Ahmed Qureshi, Practical Standard Twentieth Century Dictionary: Urdu into English, Anjum Book Depot Delhi, Page 38
17) പിന്നീട് പാകിസ്താന്‍ രൂപീകൃതമായതിനു ശേഷവും അഹ്‌റാറുകള്‍ ഖാദിയാനിവരുദ്ധ പക്ഷത്ത് ഉറച്ചു നിന്നു. See, The Munir Commission Report ( REPORT of THE COURT OF INQUIRY constituted under PUNJAB ACT II OF 1954 to enquire into the PUNJAB DISTURBANCES OF 1953), Lahore,Printed by the Superintendent, Government printing, Punjab, Pakkistan, 1954, Pages 10-78
18) Ayesha Jalal, Self and Soverignity: Individual and Community in South Asian Islam Since1850, Oxford University Press, New Delhi, 2001 Page 375
19) Reinhard Schulze, A Modern History of the Islamic World
I.B. Tauris Publishers, London and New York, Page 131 and
The Munir Commission Report (REPORT of THE COURT OF INQUIRY constituted under PUNJAB ACT II OF 1954 to enquire into the PUNJAB DISTURBANCES OF 1953), Lahore,Printed by the Superintendent, Government printing, Punjab, Pakkistan, 1954, Page 243
20) Great leader ;Great infidel
21) ഡോ. അസ്ഗര്‍ അലി എന്‍ജിനീയര്‍, ഇസ്‌ലാം മതവും മതനിരപേക്ഷതയും, ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം, 2000, പേജ് 39. അഹ്‌റാര്‍ നേതാവായിരുന്ന മൗലാനാ മസ്ഹറൂദ്ദീന്‍ അലി അസ്ഹര്‍ രചിച്ചതാണെന്നു പറയപ്പെടുന്ന 'Ik kafira ke waste Islam ko chhora
yeh Quad-i-Azam, hai keh hai kafir-i-azam', എന്ന ഈരടിയും ഇവിടെ ശ്രദ്ധേയമാണ.്
See, The Munir Commission Report ( REPORT of THE COURT OF INQUIRY constituted under PUNJAB ACT II OF 1954 to enquire into the PUNJAB DISTURBANCES OF 1953), Lahore,Printed by the Superintendent, Government printing, Punjab, Pakkistan, 1954, Page 11.
Comments