Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

സദ്വൃത്തരുമായുള്ള സഹവാസം

ഡോ. മുഹമ്മദ് അലി അല്‍ഹാശിമി/ വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

യഥാര്‍ഥ മുസ്ലിം സദ്വൃത്തരായ ആളുകളോടൊപ്പമായിരിക്കും സഹവസിക്കുക. അവരുമായുള്ള സഹവാസം അവന് ഇഹപര നേട്ടങ്ങളുണ്ടാക്കും. എത്ര ഉന്നതരും ശ്രേഷ്ഠരുമാണെങ്കിലും ശരി, അവരുടെ സാമീപ്യവും പ്രാര്‍ഥനയും നേടാന്‍ അവന്‍ കൊതിച്ചുകൊണ്ടിരിക്കും. അല്ലാഹു പറയുന്നു: "പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ആളുകളോടൊപ്പം താങ്കളുടെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. അവരില്‍ നിന്ന് ഒരിക്കലും ദൃഷ്ടി തെറ്റിച്ചുകളയരുത്. താങ്കള്‍ ഐഹികാലങ്കാരങ്ങള്‍ കാംക്ഷിക്കുകയാണോ? ആരുടെ മനസ്സിനെ നാം നമ്മുടെ സ്മരണയില്‍ അശ്രദ്ധമാക്കിയിരിക്കുന്നുവോ, ആര്‍ സ്വേഛയെ പിന്‍പറ്റിയോ, ആരുടെ കാര്യം പരിധിവിട്ടതായിരിക്കുന്നുവോ അങ്ങനെയുള്ളവരെ താങ്കള്‍ അനുസരിച്ചുപോകരുത്''’(അല്‍ കഹ്ഫ് 28).
സദ്വൃത്തരായ ആളുകളുമായുള്ള സഹവാസം  നന്മയിലേക്കും പുണ്യത്തിലേക്കുമാണ് നയിക്കുക. അതവനെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സത്യസന്ധനാക്കും. ഇഹപര വിജയത്തിന് ഉതകുന്ന ജ്ഞാനം നേടിക്കൊടുക്കും. സത്യത്തെ സ്വീകരിക്കാനുള്ള താല്‍പര്യവും ആര്‍ജവും അവനിലുണ്ടാക്കും. സദ്വൃത്തനായ ഒരാളില്‍ നിന്ന് പഠിക്കാന്‍ വളരെ വിനയാന്വിതനായി മൂസ(അ) നില്‍ക്കുന്ന രംഗം ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ടല്ലോ: "ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ, താങ്കള്‍ക്ക് ലഭിച്ച സന്മാര്‍ഗജ്ഞാനം എന്നെയും പഠിപ്പിക്കുമോ?'' "നിങ്ങള്‍ക്ക് എന്നോടൊപ്പം ക്ഷമിക്കാന്‍ സാധ്യമാകില്ല. നിങ്ങള്‍ക്ക് അനുഭവജ്ഞാനമില്ലാത്ത കാര്യത്തില്‍ നിങ്ങളെങ്ങനെ ക്ഷമിച്ചിരിക്കും'' എന്നായിരുന്നു തത്ത്വജ്ഞാനിയുടെ പ്രതികരണം. "അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്നെ ക്ഷമയുള്ളവനായി കണ്ടേക്കും. ഒരു കാര്യത്തിലും ഞാന്‍ താങ്കളോട് അനുസരണക്കേട് കാണിക്കുകയില്ല''’ എന്ന് മൂസ മറുപടി നല്‍കി.
ജനങ്ങളുടെ സ്വഭാവം ഖനിജ വസ്തുക്കളെ പോലെയാണ്. അതില്‍ നല്ലതും ചീത്തയുമുണ്ട്. നല്ലത് നല്ലതിനോടൊപ്പമേ കൂടിച്ചേരൂ. ചീത്ത ചീത്തയോടൊപ്പവും. "സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഖനികളെപോലെയാണ് മനുഷ്യന്‍ (വ്യത്യസ്ത സ്വഭാവ സംസ്കാരമുള്ളവന്‍). ഇസ്ലാമിന് മുമ്പേ ഉത്തമജ്ഞാനമുള്ളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ലാമിലും അവര്‍ ഉത്തമര്‍ തന്നെ. ആത്മാവുകള്‍, സംഘടിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍ നിന്ന് പരസ്പരം പരിചയമുള്ളവര്‍ ഒന്നിക്കുകയും പരിചയമില്ലാത്തവര്‍ ഭിന്നിക്കുകയും ചെയ്യും'' (മുസ്ലിം).
മനുഷ്യരില്‍ നല്ലവനും ദുഷിച്ചവനുമുണ്ട്. നല്ലവന്‍ സുഗന്ധം വഹിക്കുന്നവനെ പോലെയും ദുഷിച്ചവന്‍ കൊല്ലന്റെ ആലയിലെ ഉല പോലെയാണെന്നും പ്രവാചകന്‍ ഉപമിച്ചതായി കാണാം. "ഒരു നല്ല ചങ്ങാതിയും ചീത്ത ചങ്ങാതിയും  കസ്തൂരി കൊണ്ട്നടക്കുന്നവനെയും ഉലയില്‍ ഊതുന്നവനെയും പോലെയാണ്. കസ്തൂരി കൊണ്ട്നടക്കുന്നവന്‍ നിനക്കത് സൌജന്യമായി നല്‍കിയേക്കും, അല്ലെങ്കില്‍ അവനില്‍ നിന്ന് നിനക്കത് വിലയ്ക്ക് വാങ്ങാം. അതുമല്ലെങ്കില്‍ അവനില്‍ നിന്ന് അതിന്റെ വാസനയെങ്കിലും ലഭിക്കും. എന്നാല്‍ ഉലയില്‍ ഊതുന്നവനോ, ചിലപ്പോള്‍ നിന്റെ വസ്ത്രം കരിക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് ദുര്‍ഗന്ധം വന്നുകൊണ്ടിരിക്കും'' (ബുഖാരി, മുസ്ലിം).
ദൈവഭക്തരും സദ്വൃത്തരുമായ ആളുകളെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ പ്രവാചകന്‍ സ്വഹാബികളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. അതിലൂടെ ധാരാളം അനുഭവജ്ഞാനങ്ങളും ഉപദേശങ്ങളും അവര്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. അനസ് (റ) പറയുന്നു: പ്രവാചകന്റെ മരണശേഷം അബൂബക്കര്‍(റ) ഉമറി(റ)നോട് പറഞ്ഞു: "പ്രവാചകന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നത് പോലെ നമുക്ക് ഉമ്മു അയ്മനെ  സന്ദര്‍ശിക്കാം.'' അങ്ങനെ ഇരുവരും ഉമ്മു അയ്മനടുത്ത് ചെന്നു. അവരെ കണ്ടപ്പോള്‍ ഉമ്മു അയ്മന്‍ പൊട്ടിക്കരഞ്ഞു. "നീ എന്തിനാണ് കരയുന്നത്, അല്ലാഹുവിങ്കല്‍ പ്രവാചകന് നന്മയല്ലാതെ മറ്റൊന്നുമില്ലല്ലോ.'' ഇരുപേരും പറഞ്ഞു.  മറുപടിയായി ഉമ്മു അയ്മന്‍ പറഞ്ഞു: "അല്ലാഹുവിങ്കല്‍ പ്രവാചകന് നന്മയല്ലാതെ ഒന്നുമുണ്ടാകില്ലെന്ന് എനിക്ക് അറിയാം. ഞാന്‍ കരയുന്നത്, ആകാശത്ത് നിന്നുള്ള ദിവ്യബോധനം എന്നെന്നേക്കുമായി നിലച്ചുപോയല്ലോ എന്നാാേര്‍ത്താണ്.'' ഇത് കേള്‍ക്കേണ്ട താമസം ഇരുവരും ഉമ്മു അയ്മനോടൊപ്പം പൊട്ടിക്കരഞ്ഞു (മുസ്ലിം). സദ്വൃത്തരായ ആളുകളെ സന്ദര്‍ശിക്കുമ്പോള്‍ അല്ലാഹുവിന്റെ മാലാഖമാരുടെ സാന്നിധ്യമുണ്ടാവും. അവരില്‍ അല്ലാഹുവിന്റെ കാരുണ്യം ചൊരിയപ്പെടും. അത് ദൈവവിശ്വാസത്തെ കൂടുതല്‍ ശക്തിപെടുത്തുകയും മനസ്സംസ്കരണത്തിന് വഴിവെക്കുകയും ചെയ്യും. സ്വന്തത്തിലും കുടുംബത്തിലും സമൂഹത്തിലും നന്മകളുണ്ടാവും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം