യമനും പുതുപ്പുലരിയിലേക്ക്?
ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ അറബ് രാജ്യങ്ങളില്‍ വഴിത്തിരിവിലേക്ക് നീങ്ങുന്നു. നില്‍ക്കക്കള്ളിയില്ലാതായ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് സ്ഥാനം ഒഴിയാന്‍ കരാറില്‍ ഒപ്പുവെച്ചതും അനുരഞ്ജന ശ്രമങ്ങള്‍ക്ക് കൂട്ടാക്കാത്തതിന്റെ പേരില്‍ സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ശക്തിപ്പെട്ടതുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാന സംഭവങ്ങള്‍.
സുഊദി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങളുടെയും സുഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെയും സാന്നിധ്യത്തില്‍ അധികാരം വിട്ടൊഴിയാന്‍ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അറബ് ലോകത്തെ നാലാമത്തെ ഭരണാധികാരിയുടെയും നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഉറപ്പിക്കാം. ജനകീയ പ്രക്ഷോഭകരെ സായുധമായി നേരിടുകയും ഒന്നിലധികം തവണ അനുരജ്ഞന ശ്രമങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്ത സ്വാലിഹ് ഇപ്പോള്‍ അടിതെറ്റുമെന്നായതോടെയാണ് കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനായത്. അതേസമയം കരാറുകള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സ്വാലിഹിന് കഴിയുമെന്നാണ് അയല്‍ രാജ്യങ്ങളോടൊപ്പം കരാറിന് ചുക്കാന്‍ പിടിച്ച യു.എന്‍-യു.എസ് കേന്ദ്രങ്ങള്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്.
കരാര്‍ പ്രകാരം തന്റെ അധികാര പദവി സ്വാലിഹ് വൈസ് പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിക്ക് കൈമാറി. 90 ദിവസം കൂടി സ്വാലിഹിന് ഓണററി പ്രസിഡന്റായി തുടരാനുള്ള അവസരമുണ്ട്. ഇക്കാലയളവില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയും മൂന്നു മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടക്കുകയും വേണം. ഇതിന്റെ ഭാഗമായി യമനിലെ ഇടക്കാല പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബാസിന്‍ദ്‌വയെ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തതും 2012 ഫെബ്രുവരിയില്‍ തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചതും ശുഭസൂചനകളാണ്. സ്വാലിഹിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നേതൃനിരയിലുള്ള ബാസിന്‍ദ്‌വ 10 വര്‍ഷം മുന്‍പ് സ്വാലിഹിന്റെ പാര്‍ട്ടി വിട്ടയാളാണ്. ഇദ്ദേഹത്തെ പുതിയ ഭരണകൂട രൂപവത്കരണത്തിനുള്ള ചുമതല ഏല്‍പ്പിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു.
ഭാവിയില്‍ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ജുഡീഷ്യറിയുടെ കുരുക്കളില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉറപ്പാക്കിയാണ് സ്വാലിഹ് കരാറില്‍ ഒപ്പുവെച്ചത്. സൈനുല്‍ ആബിദീന്‍ അലി, ഹുസ്‌നി മുബാറക് തുടങ്ങിയവര്‍ക്ക് പ്രക്ഷോഭകര്‍ വകവെച്ചുനല്‍കാത്ത ഈ ആനുകൂല്യം ഗോത്രവര്‍ഗാധിഷ്ഠിത രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലമുള്ള യമനില്‍ അന്താരാഷ്ട്ര ഉടമ്പടിയുടെ പേരില്‍ സ്വാലിഹിന് വകവെച്ചുകിട്ടുമോയെന്നത് വേറെ കാര്യം. സ്വാലിഹിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യവും ശക്തിപ്പെട്ട് വരികയാണ്. ഇപ്പോള്‍ കരാറുകളിലെ മറ്റ് പഴുതുകള്‍ ഉപയോഗപ്പെടുത്തി പരമാവധി അധികാരത്തില്‍ അള്ളിപ്പിടിക്കാനും സാധ്യമാകുമെങ്കില്‍ സൈനിക മേധാവികൂടിയായ മകനെ തന്റെ പദവിയില്‍ കുടിയിരുത്താനും ഭരണത്തില്‍ ഇടപെടാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധികാര കൈമാറ്റ കരാറില്‍ ഒപ്പുവെച്ച ഉടന്‍ അമേരിക്കയിലേക്ക് പോകുമെന്നായിരുന്നു യു.എന്‍ സെക്രട്ടറി ബാന്‍കി മൂണിനോട് സ്വാലിഹ് പറഞ്ഞത്. എന്നാല്‍ സ്വാലിഹ് നേരെ യമനിലേക്ക് തിരിച്ചുപറക്കുകയായിരുന്നു. യമനിലെത്തിയ അദ്ദേഹം ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് തന്റെ 'വക'പൊതുമാപ്പ് പ്രഖ്യാപിച്ചത് പ്രക്ഷോഭകരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. അധികാരം കൈമാറി കരാര്‍ ഒപ്പുവെച്ച സ്വാലിഹിന് ഭരണത്തില്‍ ഇടപെടാനും ഇത്തരം തീരുമാനങ്ങള്‍ പുറപ്പെടുവിപ്പിക്കാനും എന്ത് അധികാരമെന്നാണ് പ്രക്ഷോഭകര്‍ ചോദിക്കുന്നത്. ഇവിടെയാണ് കരാറിന്റെ മറവില്‍ പൊതുജനങ്ങളുടെയും അനുരഞജ്‌ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അന്താരാഷ്ട്ര പ്രതിനിധികളുടെയും കണ്ണില്‍ പൊടിയിടുകയാണോ സ്വാലിഹ് എന്ന സംശയം ബലപ്പെടുന്നത്.
കരാര്‍ അംഗീകരിക്കില്ലെന്നും ഇത് കള്ളക്കളിയും നാടകവുമാണെന്നും, സ്വാലിഹിന്റെ യാത്ര തടയണമെന്നും നേരത്തെ തന്നെ ചില പ്രതിപക്ഷ ഗോത്രങ്ങള്‍ ചൂണ്ടികാണിച്ചിരുന്നു. നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും ഒപ്പുവെച്ച കരാര്‍ പ്രാവര്‍ത്തികമാക്കേണ്ടിവന്നാല്‍ അപ്പോള്‍ ഭാവി നടപടികളില്‍നിന്ന് രക്ഷപ്പെടാം, ഇനി കരാറില്‍ നിന്ന് പിന്‍വലിഞ്ഞ് അധികാരത്തില്‍ തുടരാന്‍ പഴുതുകളുണ്ടെങ്കില്‍ അതിന് മുന്‍ഗണന നല്‍കാം എന്ന നിലപാടിലാകും അദ്ദേഹം കരാറില്‍ ഒപ്പുവെച്ചിരിക്കുക. മാന്യമായി അധികാരം വിട്ടൊഴിയാന്‍ അയല്‍രാജ്യങ്ങള്‍ ഒരുക്കിക്കൊടുത്ത ഒടുവിലത്തെ ഈ അവസരം സ്വാലിഹ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളില്‍ യമനിലെ ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ വഴിത്തിരിവിന്റെയും ദിശ നിര്‍ണയിക്കുക. സ്വന്തം ജനതയെ കബളിപ്പിക്കാന്‍ കഴിയാത്തവിധം യമനിലെ രാഷ്ട്രീയ സാഹചര്യം മാറിയത് സ്വാലിഹ് മറക്കില്ലെന്ന് കരുതാം.
[email protected]
Comments