Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം

ഡോ. അലി അക്ബര്‍

കേരളത്തിന്റെ, വിശിഷ്യാ  മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്‍, കേരളത്തിന്റെ, രേഖപ്പെടുത്തിയ ആദ്യ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു രചനയായ ഫത്ഹുല്‍ മുഈന്‍, ശാഫിഈ മദ്ഹബിലെ ലോകം അംഗീകരിച്ച ഫിഖ്ഹ് ഗ്രന്ഥമാണ്. ഈജിപ്തിലെ പ്രശസ്തമായ അസ്ഹര്‍ സര്‍വകലാശാല ഉള്‍പ്പെടെ ലോകത്തിലെ വിവിധ കലാലയങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ അംഗീകൃത  പാഠപുസ്തകമാണ്. നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന, നമ്മുടെ നാടിന്റെ ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ ഈ മഹദ് വ്യക്തിത്വത്തിന്റെ ജീവിതവും രചനകളും വേ രീതിയില്‍ പഠിക്കാന്‍ നാം ശ്രമിച്ചില്ല എന്നത് ഒരു വീഴ്ച തന്നെയാണ്.

മഖ്ദൂം കുടുംബത്തിന്റെ പൂര്‍വികര്‍ യമനിലെ മഅബര്‍ എന്ന പ്രദേശത്തുനിന്ന് ഇസ്‌ലാംമത പ്രചാരണാര്‍ഥം   ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളില്‍ വന്നു താമസമാക്കിയവരാണ്. കായല്‍പട്ടണം എന്ന തമിഴ് കടലോര ഗ്രാമത്തില്‍നിന്ന് ക്രി. 15-ാം നൂറ്റാണ്ടില്‍ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍  വന്നു താമസമാക്കിയ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ മഅ്ബരി, ശൈഖ് ഇബ്‌റാഹീം ബിന്‍ അഹ്മദ് അല്‍  മഅ്ബരി എന്നീ സഹോദരന്മാരാണ് പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ പൂര്‍വികര്‍. അല്‍ മഅ്ബരി (മഅ്ബറില്‍നിന്ന്) എന്നത് അല്‍ മലബാരി (മലബാര്‍) എന്ന് തെറ്റിദ്ധരിച്ച് ചില ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയത് അബദ്ധമാണ്. 

 

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ 

ശൈഖ് അലി ബിന്‍ അഹ്മദിന്റെ പുത്രനായി ക്രി. 1465-ല്‍ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ജനിച്ചു. പിതാവിന്റെ മരണശേഷം പിതൃ സഹോദരനായ ശൈഖ് ഇബ്‌റാഹീമുമൊന്നിച്ച് കൊച്ചിയില്‍നിന്ന് പൊന്നാനിയില്‍ വന്ന് താമസമാക്കി. കോഴിക്കോട് കുറ്റിച്ചിറ ജുമാ മസ്ജിദ് ദര്‍സില്‍ അക്കാലത്തെ പ്രഗത്ഭ പണ്ഡിതനായിരുന്ന അബൂബക്കര്‍ ഫഖ്‌റുദ്ദീന്‍ മൗലവിയുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം. ഏഴു വര്‍ഷം മക്കയിലും അഞ്ചു വര്‍ഷം ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലയിലും ഉപരിപഠനം നടത്തിയ ശേഷം പൊന്നാനിയില്‍ മടങ്ങിയെത്തി. പ്രശസ്തമായ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ ആദ്യത്തെ മലയാളിയെന്ന് നമുക്കദ്ദേഹത്തെ വിശേഷിപ്പിക്കാം. 

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ എന്ന് ചരിത്രത്തില്‍  അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം സൈനുദ്ദീന്‍  ബിന്‍ അലി ബിന്‍ അഹ്മദ് അല്‍ മഅ്ബരി എന്നാണ്. മഖ്ദൂം അതായത് സേവിക്കപ്പെടാന്‍ അര്‍ഹനായ വ്യക്തി എന്നത്, നാട്ടുകാര്‍ ബഹുമാനപുരസ്സരം നല്‍കിയ സ്ഥാനപ്പേരാണ്. പൊന്നാനിയിലെ പ്രസിദ്ധമായ മഖ്ദൂം മസ്ജിദ് ഇദ്ദേഹം ക്രി. 1519-ല്‍ പണികഴിപ്പിച്ചതാണ്. വെട്ടത്തു രാജാവ് സഹായം നല്‍കി ഒറ്റത്തടിയില്‍ പണിതുവെന്ന് പറയപ്പെടുന്ന ഈ മസ്ജിദ്, തച്ചുശാസ്ത്രകലാവിരുതിന്റെ മകുട മാതൃകയാണ്. ക്രി. 1753-ല്‍ മസ്ജിദ് പുതുക്കിപ്പണിതു. മസ്ജിദ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ആശാരി മഖ്ദൂമിന്റെ സ്‌നേഹസൗഹൃദങ്ങളില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ചു, ആശാരി തങ്ങള്‍ എന്നറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ കൈയൊപ്പുള്ള ഒരു പലക ഇപ്പോഴും മഖ്ദൂം മസ്ജിദില്‍ കാണാം. മഖ്ദൂം മസ്ജിദില്‍ തന്നെയാണ് ആശാരി തങ്ങളെയും മറവു ചെയ്തത്. പൊന്നാനിയിലെ പ്രസിദ്ധമായ  മദ്‌റസ (ദര്‍സ്) മഖ്ദൂം ഒന്നാമന്‍ ആരംഭിച്ചതാണ്.   

 57-ാം വയസ്സില്‍ ക്രി. 1522-ല്‍ മഖ്ദൂം ഒന്നാമന്‍ മരണമടഞ്ഞു. മഖ്ദൂം മസ്ജിദില്‍ ആശാരി തങ്ങളുടെ ഖബ്‌റിനരികിലായി മഖ്ദൂം ഒന്നാമന്റെ ഖബ്ര്‍ കാണാം.

 

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

മഖ്ദൂം തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ക്രി. 1530/ഹി. 938-ല്‍ ജനിച്ചു.  പിതാവായ മുഹമ്മദ് ഗസ്സാലി, മഖ്ദൂം ഒന്നാമന്റെ പുത്രനാണ്. ഗസ്സാലി അക്കാലത്തെ പ്രസിദ്ധ പണ്ഡിതനും ഉത്തര മലബാറിലെ ഖാദിയുമായിരുന്നു. മാഹി ചോമ്പാലിലെ കുഞ്ഞിപ്പള്ളി ഗസ്സാലി പണികഴിപ്പിച്ചതാണ്. മാതാവ് വലിയകത്ത് തരക്കെട്ടി കുടുംബത്തിലെ ഭക്തയായ കുലീന വനിതയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍നിന്നും പിതൃസഹോദരനായ അബ്ദുല്‍ അസീസിന്റെ കീഴില്‍ പൊന്നാനി ദര്‍സിലുമായിരുന്നു. ഉപരിപഠനാര്‍ഥം മക്കയിലേക്കു പോയി. മക്കയിലെ പത്തു വര്‍ഷത്തെ പഠനകാലത്ത് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ എല്ലാ പ്രധാന മേഖലകളിലും അദ്ദേഹം പ്രാവീണ്യം നേടി. മക്കയിലെ പഠനകാലത്ത് അക്കാലത്തെ പ്രശസ്ത പണ്ഡിതനും ഗ്രന്ഥരചയിതാവുമായിരുന്ന ഇമാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജര്‍ അല്‍ ഹൈതമി അല്‍ മക്കി, അബുല്‍ ഹസന്‍ അല്‍ സിദ്ദീഖ് അല്‍ ബകരി എന്നിവരുടെ ശിഷ്യനാകാന്‍ ഭാഗ്യം ലഭിച്ചു. ഖാദിരിയ്യ ത്വരീഖത്തില്‍ പ്രാവീണ്യം നേടി. മക്കയിലെ പഠനത്തിനു ശേഷം പൊന്നാനിയില്‍ മടങ്ങിയെത്തി ദര്‍സില്‍ അധ്യാപനമാരംഭിച്ചു. ഏകദേശം 36 വര്‍ഷം അദ്ദേഹം പ്രസിദ്ധമായ പൊന്നാനി ദര്‍സില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. നൂറ്റാണ്ടുകളായി, തലമുറകളായി മഖ്ദൂം കുടുംബത്തിലെ പണ്ഡിതന്മാരാണ് പൊന്നാനി ജുമാ മസ്ജിദിലെ ഖത്വീബുമാര്‍. 40-ാമത്തെ മഖ്ദൂമാണ് ഇപ്പോഴത്തെ ഖത്വീബ്. 

 

സാമൂഹിക ജീവിതം 

കഴിവുറ്റ അധ്യാപകനെന്ന പോലെ പ്രഗത്ഭനായ വാഗ്മി കൂടിയായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. അക്കാലത്തെ ലോകപ്രശസ്ത പണ്ഡിതന്മാരുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. മക്കയിലെ ഗുരുനാഥനായിരുന്ന അല്ലാമാ ബിന്‍ ഹജര്‍ അല്‍ ഹൈതമി, ക്ഷണപ്രകാരം പൊന്നാനിയില്‍ വന്ന് ശൈഖ് മഖ്ദൂമിന്റെ അതിഥിയായി കുറച്ചു കാലം താമസിക്കുകയുണ്ടായി. പൊന്നാനി ദര്‍സില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള കല്ലുകൊണ്ടുള്ള വിളക്ക് അദ്ദേഹം മക്കത്തുനിന്ന് കൊണ്ടുവന്നതാണെന്നു പറയപ്പെടുന്നു. സംവത്സരങ്ങളായി വിവിധ ദേശക്കാരായ അനേകമനേകം വിദ്യാര്‍ഥികള്‍ ഈ വിളക്കിന്റെ പ്രകാശത്തില്‍ ദീനീവിജ്ഞാനം നേടുകയുണ്ടായി. പൊന്നാനി ദര്‍സിലെ പഠനത്തിനു വിളക്കത്തിരിക്കുക എന്ന പ്രയോഗം വന്നത് അങ്ങനെയാണ്. വെളിയങ്കോട് ഉമര്‍ ഖാദി, ഫലിതപ്രിയനായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഇവിടെ പഠിച്ചവരാണ്. തന്റെ പ്രിയശിഷ്യന്റെ അതിഥിയായി, പൊന്നാനിയിലെ വാസക്കാലത്ത് അല്‍ ഹൈതമി വിവിധ വിഷയങ്ങളില്‍ നല്‍കിയ ഫത്‌വകള്‍ അമൂല്യരേഖകളായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാര്‍ ആയിരുന്ന ഇമാം മുഹമ്മദ് റാമില്‍, ഇമാം മുഹമ്മദ് കാതിബ് അല്‍ സര്വിനി എന്നിവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. പണ്ഡിതന്മാര്‍ക്കു പുറമെ, പ്രഗത്ഭ  ഭരണാധികാരികളായിരുന്ന മുഗള്‍ ചക്രവര്‍ത്തി അക്ബര്‍, ബീജാപൂര്‍ സുല്‍ത്താന്‍ ഇബ്‌റാഹീം അലി ആദില്‍ ഷാ, മുഹമ്മദ് അലി ആദില്‍ ഷാ, കോഴിക്കോട് സാമൂതിരിമാര്‍ എന്നിവരും മഖ്ദൂം രണ്ടാമന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നു. സാമൂതിരിയുടെ അഭ്യര്‍ഥന പ്രകാരം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈനിക സഹായത്തിനു വേണ്ടി ഈജിപ്ത്, തുര്‍ക്കി മുതലായ മുസ്‌ലിം രാഷ്ട്രങ്ങളില്‍ സാമൂതിരിയുടെ പ്രതിനിധിയായി  അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പേര്‍ഷ്യന്‍, അറബി  ഭാഷകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ഇതിന് മുതല്‍ക്കൂട്ടായിരുന്നു. 

ഫത്ഹുല്‍ മുഈന്‍ ശറഹു ഖുര്‍റത്തില്‍ ഐന്‍ ആണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പ്രകൃഷ്ട രചനകളിലൊന്ന്. അറബിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ശാഫിഈ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്ര  ഗ്രന്ഥമാണ്. തന്റെ  ആദ്യ കൃതിയായ ഖുര്‍റത്തുല്‍ ഐന്‍ എന്ന ഗ്രന്ഥത്തിന്റെ  വ്യാഖ്യാനമാണിത്. ഈ ഗ്രന്ഥം പിന്നീട് ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തമായ  അസ്ഹര്‍ സര്‍വകലാശാല  ഉള്‍പ്പെടെ ലോകത്തിലെ വിവിധ  കലാലയങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ പാഠപുസ്തകമാണ്.  ഫത്ഹുല്‍ മുഈന്‍ കേരളത്തിലെ ദര്‍സുകളില്‍ കാലങ്ങളായി പഠിപ്പിച്ചുവരുന്നു. 

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ രചനകളില്‍  ഒരുവേള ഏറ്റവുമധികം പ്രശസ്തിയാര്‍ജിച്ച ഗ്രന്ഥം തുഹ്ഫതുല്‍ മുജാഹിദീന്‍ ആണെന്ന് പറയാം. ക്രി. 1560-നും 1583-നും മധ്യേ അറബി ഭാഷയില്‍ രചിക്കപ്പെട്ട ഇതിന്റെ പൂര്‍ണനാമം തുഹ്ഫതുല്‍ മുജാഹിദീന്‍ ഫി ബഅദി അഖ്ബാരില്‍ അല്‍ ബുര്‍തുഗാലിയീന്‍ എന്നാണ്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നാണ് ഈ ഗ്രന്ഥം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഒന്നാം പതിപ്പിന്റെ ഒരു കോപ്പി കെയ്‌റോയിലെ അസ്ഹര്‍ സര്‍വകലാശാലാ ലൈബ്രറിയില്‍ അമൂല്യനിധിയായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശ കൊളോണിയല്‍ ശക്തികളായ പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്യാന്‍ മലബാര്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്യുന്ന ഈ പുസ്തകത്തില്‍ 15,16 നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റ നേര്‍ചിത്രം കാണാം. അതുകൊണ്ടുതന്നെ തുഹ്ഫതുല്‍ മുജാഹിദീന്‍ കേരളത്തിന്റെ ആദ്യ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ആമുഖം ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള തുഹ്ഫതുല്‍ മുജാഹിദീന്റെ  അവസാന ഭാഗത്ത് 14 അധ്യായങ്ങളിലായി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ  മലബാറിലെ മുസ്‌ലിംകളും ഹിന്ദുക്കളും ഒത്തൊരുമിച്ച് കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര യുദ്ധങ്ങളുടെ വിവരണമാണ്. ധാരാളം യൂറോപ്യന്‍ ഭാഷകളില്‍ തര്‍ജമ ചെയ്യപ്പെട്ടിട്ടുള്ള, ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായിയിട്ടുള്ള തുഹ്ഫതുല്‍ മുജാഹിദീന് പക്ഷേ ഇന്ത്യയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നതും നാം വേണ്ടത്ര പഠനം നടത്തിയില്ല എന്നതും ദുഃഖകരമാണ്. 

അബ്ദുല്‍ അസിസ്, അബൂബക്കര്‍, ഫാത്വിമ എന്നിവരാണ് മഖ്ദൂം രണ്ടാമന്റെ സന്താനങ്ങള്‍. ക്രി. 1583-ല്‍ 53-ാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു. മാഹിയിലെ കുഞ്ഞിപ്പള്ളിയില്‍ ഇദ്ദേഹത്തിന്റെ ഖബ്‌റിടത്തില്‍ മലയാളത്തിലെ ഒരു ചെറിയ ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ഈ മഹാന്മാരുടെ ജീവചരിത്രം രേഖപ്പെടുത്തുന്നതില്‍ നാം അക്ഷന്തവ്യമായ അനാസ്ഥ കാണിച്ചുവെന്നതുകൊണ്ടുതന്നെ അവരുടെ  ജനനം, വ്യക്തി-കുടുംബ ജീവിതം, മരണം എന്നിവയെ സംബന്ധിച്ച വ്യക്തമായ ജ്ഞാനം നമുക്കില്ല എന്ന ഒരു ദുഃഖസത്യം അവശേഷിക്കുന്നു. 

 

(അവലംബം:  SHAYKH ZAINUDDIN MAKHDUM'S  Tuhfat al Mujahidin - A Historical Epic of the Sixteenth Century, Translated from Arabic with Annotations by S.Muhammad Husayn Nainar, IBT Kuala Lumpur, Other Books).                            

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍