Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

ചാരപ്പണിയിലുമുണ്ട് രാജ്യസ്‌നേഹം!

ഇഹ്‌സാന്‍

മറ്റുള്ളവരെ ദേശസ്നേഹം പഠിപ്പിക്കാന്‍ നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഐ.ടി സെല്‍ ഭാരവാഹിയും കേന്ദ്രമന്ത്രിയുടെ അടുപ്പക്കാരനും ഉള്‍പ്പെടെ സംഘ്പരിവാറിലെ കറകളഞ്ഞ 11 ആര്‍ഷഭാരതീയര്‍ പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ മധ്യപ്രദേശില്‍ പിടിയിലായി. അവരിലൊരാള്‍ ബജ്റംഗ്ദളിന്റെ ജില്ലാ ഭാരവാഹി. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്താന്‍കോട് ആക്രമണത്തില്‍ പോലും ഈ സംഘം നല്‍കിയ വിവരങ്ങള്‍ പാകിസ്താന്‍ ഉപയോഗിച്ചിട്ടുണ്ടാവാമത്രെ. പോലീസ് കണ്ടെത്തിയ കുറ്റങ്ങളുടെ ഗൗരവം വെച്ചുനോക്കുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും കൊടിയ ചാരപ്പണിയായിട്ടും മാധ്യമങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത മുക്കി 'ദേശക്കൂറ്' തെളിയിച്ചു. കഷ്ടിച്ച് ഒരാഴ്ച മുമ്പെ ഇതേ മധ്യപ്രദേശിലെ ദേവാസ് കോടതിയില്‍ നടന്ന സുനില്‍ ജോഷി വധക്കേസിന്റെ വിചാരണക്കൊടുവില്‍ സാധ്വി പ്രഗ്യാനന്ദയെയും സഹ കുറ്റാരോപിതരെയും മോചിപ്പിക്കവെ ആദരണീയനായ ജഡ്ജി അഭിപ്രായപ്പെട്ടത് ദേശീയവാദി സംഘടനയില്‍പെട്ട ഒരാളെ അതേ സംഘടനയില്‍പെട്ട മറ്റുള്ളവര്‍ കൊന്നുവെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാനാവില്ല എന്നാണ്. പോയ ഡിസംബറിലെ അവസാന ദിവസം പുറത്തുവന്ന മറ്റൊരു വാര്‍ത്തയില്‍ ഇതേ സുനില്‍ ജോഷി ഉള്‍പ്പെട്ട സംഝോതാ എക്സ്പ്രസ് ബോംബുവെക്കല്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ രാംജി കല്‍സാംഗ്രെയെയും ഡാങ്കെയെയും മഹാരാഷ്ട്രാ ആന്റി ടെറര്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ കൊന്നു കുഴിച്ചുമൂടിയതാണെന്നും ദേശീയവാദി സര്‍ക്കാറിന് നാണക്കേടുണ്ടാവാതിരിക്കാന്‍ ഇതല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ലെന്നും പുറത്തുവന്നിരുന്നു. അക്കാര്യം പുറത്തുവിട്ട ഓഫീസര്‍ ജന്മം കൊണ്ട് 'ദേശവിരുദ്ധ'നായതുകൊണ്ട് അങ്ങോരെ അഴിമതിക്കുറ്റത്തിന് കേസെടുത്ത് സര്‍വീസില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തുകയും ചെയ്തു. 

ഐ.എസ്.ഐക്കു വേണ്ടി ചാരപ്പണി ചെയ്ത കേസില്‍ പിടിയിലായ ധ്രുവ് സക്സേന പാര്‍ട്ടിയുടെ ഐ.ടി സെല്ലിന്റെ കണ്‍വീനര്‍ ആയിരുന്നുവെന്നു മാത്രമല്ല മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാന്റെ അടുപ്പക്കാരിലൊരാളുമായിരുന്നു. ഇദ്ദേഹവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയോടൊപ്പം സക്സേന വേദി പങ്കിടുന്ന ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ഐ.ടി സെല്ലില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. പിടിയിലായ 11 പേരിലൊരാളായ ജിതേന്ദ്ര സിംഗിന് കേന്ദ്രമന്ത്രി നരേന്ദ്ര തോമറുമായും ബി.ജെ.പി മുന്‍ ദേശീയ വക്താവും എം.പിയുമായ മായാ സിംഗുമായും അടുത്ത ബന്ധമുള്ളതും ബി.ജെ.പിയെ കുഴക്കുന്നു. ഇവരുമായി ബന്ധമില്ലെന്ന് എങ്ങനെയൊക്കെ വിശദീകരിക്കുമ്പോഴും ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ചുമതലയിലുണ്ടായിരുന്ന ഒരു വ്യക്തി പാകിസ്താന്‍ കേന്ദ്രീകൃത ഐ.എസ്.ഐക്കു വേണ്ടി ചാരപ്പണി നടത്തിയിട്ടുണ്ടെങ്കില്‍ നന്നെ ചുരുങ്ങിയത് സ്വന്തം ഓഫീസില്‍നിന്നും എന്തൊക്കെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാം എന്ന കാര്യമെങ്കിലും ഇക്കൂട്ടരെ അസ്വസ്ഥമാക്കേണ്ടതല്ലേ? 3000 സിം കാര്‍ഡുകളും 40 സിംബാക്സുകളും ഉപയോഗിച്ച് നടത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി പാകിസ്താനിലെ സൈനിക ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ചൈനീസ് നിര്‍മിത സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റി ജമ്മുവിലെ സൈനിക കേന്ദ്രങ്ങളിലേക്ക് കണക്ട് ചെയ്യുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്. ബി.ജെ.പി ഓഫീസില്‍ ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ മറ്റെന്തൊക്കെ രഹസ്യങ്ങള്‍ ഇതേ പോലെ ചോര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടാകാം? ഈ ആശങ്കകളെ ഗൗരവം കുറച്ചു കാണുമ്പോള്‍ കേസിനോടുള്ള ബി.ജെ.പിയുടെ നിലപാട് തന്നെയാണ് അതില്‍ പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ ഈ കേസിന്റെ ഭാവി ഊഹിക്കാവുന്നതേയുള്ളൂ. 

മഹ്ബൂബ് മുജാവര്‍ എന്ന എ.ടി.എസ് ഉദ്യോഗസ്ഥനാണ് കാല്‍സാംഗ്രെയും ഡാങ്കെയും കൊല്ലപ്പെടുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കര്‍ക്കരെ കൊല്ലപ്പെട്ട അതേ ശൈലിയില്‍ മുംൈബെ ഭീകരാക്രമണത്തിനിടെയാണ് ഇരുവരെയും എ.ടി.എസ് കാലപുരിക്കയച്ചത്. എന്നിട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഗണത്തില്‍പെടുത്തി അജ്ഞാത മൃതദേഹങ്ങളായി ദഹിപ്പിക്കുകയും ചെയ്തു. ഫോട്ടോകള്‍ കണ്ട് ഈ മൃതദേഹങ്ങള്‍ തിരിച്ചറിയണമെന്ന അപേക്ഷയുമായി മുജാവര്‍ ഇപ്പോള്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത മൂന്നു പ്രതികളില്‍ ഒരാളെ എ.ടി.എസ് വിട്ടയക്കുകയും കാല്‍സാംഗ്രെയെയും ഡാങ്കെയെയും നാസിക്കിലേക്കും പിന്നീട് എ.ടി.എസിന്റെ മുംബൈ ആസ്ഥാനത്തേക്കും കൊണ്ടുപോവുകയുമായിരുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്. ആരാണ് ഇരുവരെയും കൊന്നതെന്ന് അറിയാമെന്നും ഇക്കാര്യം കോടതി ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്താമെന്നുമാണ് മുജാവര്‍ പറയുന്നത്. എ.സി.പി രാജന്‍ ഗുലെ, രമേഷ് മോറെ എന്നീ എ.ടി.എസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നിലവില്‍ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിന് ഏതോ പ്രകാരത്തില്‍ കാല്‍സാംഗ്രെ, ഡാങ്കെ വധവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. ഈ രണ്ട് എ.ടി.എസ് ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ഇന്റോറില്‍നിന്നും പിടികൂടിയ ദിലീപ് പാട്ടീധാര്‍ എന്നൊരാളെ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിട്ടുണ്ട്. ഈ പാട്ടീധാറിന്റെ വാടകക്കാരനായിരുന്നു കാല്‍സാംഗ്രെ എന്നും അതേ കുറിച്ച് ചോദ്യം ചെയ്യാനാണ് ഗുലെയും മോറെയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്നുമാണ് ആരോപണം.

രാജ്യസ്നേഹം, ഭീകരത മുതലായ വിഷയങ്ങളെ ഇത്രയും പരിതാപകരമായ നിലയില്‍ കൈകാര്യം ചെയ്ത മറ്റൊരു സര്‍ക്കാറോ രാഷ്ട്രീയ പാര്‍ട്ടിയോ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍