Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

മുസ്‌ലിം വിമന്‍സ് കൊളോക്കിയം ലക്ഷ്യം വെക്കുന്നത്

പി. റുക്‌സാന

മുസ്‌ലിം സ്ത്രീയെ മുന്‍നിര്‍ത്തി ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍  ധാരാളം ചര്‍ച്ചകള്‍ നടന്നുവരുന്നു്.  ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ സ്ത്രീപക്ഷ വായനയില്‍ എത്തിനില്‍ക്കുന്നു അത്തരം സംവാദങ്ങള്‍.  ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം വിമന്‍സ് കൊളോക്കിയം എന്ന അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കാന്‍ ജി.ഐ.ഒ തീരുമാനിച്ചത്. ആദ്യമായിട്ടാണ് ജി.ഐ.ഒ ഇങ്ങനെയൊരു അക്കാദമിക് കോണ്‍ഫറണ്‍സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 32 വര്‍ഷത്തിനിടക്ക് വ്യത്യസ്തമായ സംവാദങ്ങളും കാമ്പയിനുകളും മറ്റും സംഘടിപ്പിച്ചുണ്ടെങ്കിലും ഇത്ര വിപുലമായി ഒരു അക്കാദമിക് കോണ്‍ഫറന്‍സ് ആദ്യമായാണ്. സംഘടനയുടെ 2016-'17 പോളിസിയില്‍ ഊന്നല്‍ നല്‍കിയ ഒരു മേഖല വൈജ്ഞാനികാന്വേഷണങ്ങളാണ്. അതിന്റെ ഭാഗമായാണ്  ഈ അക്കാദമിക കോണ്‍ഫറന്‍സ്. രണ്ട് ദിവസത്തെ പരിപാടിയില്‍ പരിമിതമല്ല അത്. പ്രാദേശിക - ജില്ലാ തലങ്ങളില്‍ മുസ്‌ലിം സ്ത്രീവിഷയങ്ങളെ സംബന്ധിച്ച ലഘു ചര്‍ച്ചകളും സംവാദങ്ങളും നേരത്തേ നടക്കുകയുണ്ടായി. അന്വേഷണ പഠനങ്ങളുടെയും ആശയ സംവാദങ്ങളുടെയും വൈജ്ഞാനിക മേഖല തുറക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

എന്തുകൊണ്ട് മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട് മാത്രം ഒരു കോണ്‍ഫറണ്‍സ് എന്ന് ചിന്തിക്കുന്നവരുണ്ടാകാം, പ്രത്യേകിച്ച് കേരളീയ മതേതര സമൂഹത്തില്‍. ഇതര സമുദായങ്ങളിലെ  സ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് എപ്പോഴും വിവാദങ്ങള്‍ ഉയരുകയും ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ഏകസിവില്‍ കോഡും മുത്ത്വലാഖുമായി ബന്ധപ്പെട്ട വിവാദങ്ങള്‍,   ശിരോവസ്ത്രം, പര്‍ദ, വിവാഹം, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയവ ഉദാഹരണം. സ്വാതന്ത്ര്യം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലാണ് സംവാദങ്ങള്‍ നടക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളെ ആധാരമാക്കിയും വായനകള്‍  നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള വായനകള്‍ ഒരുമിച്ചുചേര്‍ക്കുക, വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളെ ഒരുമിച്ചുകൂട്ടുക, ഈ വിഷയത്തില്‍ സവിശേഷ പഠനം നടത്തുന്നവരെ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തിനുള്ളത്. 

ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുകയും ഗവേഷണ പഠനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പ്രവണത കേരളീയ മുസ്‌ലിം സമുദായത്തില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ രംഗത്ത് സജീവമാണ്. ഈ പുതിയ വൈജ്ഞാനിക ഉണര്‍വ് കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളില്‍ രാഷ്ട്രീയമായ പുതു ചിന്തകളും ചര്‍ച്ചകളും  രൂപപ്പെടുത്തുന്നു. ഈ അക്കാദമിക വളര്‍ച്ചയെ സാമൂഹിക- രാഷ്ട്രീയ - പ്രാസ്ഥാനിക വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നുവരുന്നുണ്ട്. എസ്.ഐ.ഒ സംഘടിപ്പിച്ച ഒന്നിലധികം അക്കാദമിക് കോണ്‍ഫറന്‍സുകള്‍, സോളിഡാരിറ്റിയുടെ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ്, കേരള വികസന ഫോറം തുടങ്ങിയവയുടെ തുടര്‍ച്ചയാണ് ജി.ഐ.ഒ സംഘടിപ്പിക്കുന്ന മുസ്‌ലിം വിമന്‍സ് കൊളോക്കിയം. ഈ രംഗത്ത് ധാരാളം പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും മുസ്‌ലിം സ്ത്രീ പല തരത്തിലും ഒരു അക്കാദമിക് ഡിസ്‌കോഴ്‌സായി വളര്‍ന്നിരിക്കുന്നുവെന്നതും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ ജി.ഐ.ഒവിനെ പ്രേരിപ്പിച്ചിട്ടുണ്ട്. 

സമൂഹത്തില്‍ രൂപപ്പെടുന്ന സംവാദങ്ങളും അവ മുന്നോട്ടുവെക്കുന്ന പുതിയ കാഴ്ചപ്പാടുകളും അതിലൂടെ ഉണ്ടായിവരുന്ന പുതിയ തത്ത്വങ്ങളും നിലപാടുകളുമൊക്കെയാണ് പിന്നീട് പ്രയോഗവത്കരിക്കപ്പെടുക. ഒരു സമൂഹം എന്തു ചിന്തിക്കുന്നുവോ, എന്തിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുവോ അതെല്ലാം സമൂഹത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കും. 

അക്കാദമിക വളര്‍ച്ചയെ അതു മാത്രമായി മനസ്സിലാക്കി, അതിന്റെ വഴിക്ക് വിടുന്നതിനു പകരം അതുമായി സാമൂഹികമായും രാഷ്ട്രീയമായും പ്രാസ്ഥാനികമായും എന്‍ഗേജ് ചെയ്യുകയാണ് വേണ്ടത്. ഇത്തരം പഠന മേഖലകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും അവയില്‍നിന്ന് പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യേത് സമൂഹത്തോടൊപ്പം ജീവിക്കുന്ന പ്രസ്ഥാനത്തിന് അനിവാര്യമാണ്. അതുകൊണ്ടാണ് ഈ പ്രവര്‍ത്തന കാലയളവില്‍ സുപ്രധാനമായ പരിപാടിയായി മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തെ ജി.ഐ.ഒ രൂപകല്‍പന ചെയ്തത്. ഈ കൊളോക്കിയത്തില്‍  സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച അക്കാദമിക് പ്രബന്ധങ്ങളുടെ അവതരണങ്ങളും ചര്‍ച്ചയുമാണ് നടക്കുക. തങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ എന്തു പറയുന്നു, പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു, ഇതിന്റെ ഇസ്‌ലാമിക മാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് ഉത്തരം കെണ്ടത്താന്‍ ശ്രമിക്കും. താന്‍ വിശ്വസിക്കുകയും ജൈവികമായി കൊണ്ടുനടക്കുകയും ചെയ്യുന്ന തന്റെ  ആദര്‍ശമായ ഇസ്‌ലാം ഈ സംവാദ വിഷയങ്ങളെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് അറിയാനാഗ്രഹിക്കുന്നവരാണ് മുസ്‌ലിം സ്ത്രീകള്‍; അതിന്റെ ഉയര്‍ന്ന തലത്തിലുള്ള വായനയെ ശരിയായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എങ്കിലും. ആപേക്ഷികമായി ഈ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ വലിയ തോതില്‍ മാറിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച സംവാദങ്ങള്‍ ഗൗരവത്തോടെ സമീപിക്കുന്നതില്‍ ഇന്ന് പെണ്‍കുട്ടികള്‍ മുന്നിലാണ്. 

മുസ്‌ലിം സ്ത്രീയെക്കുറിച്ച് മുസ്‌ലിം സ്ത്രീ മാത്രം സംസാരിക്കുക എന്നതല്ല കോണ്‍ഫറന്‍സിന്റെ സമീപനം. വിഷയം മുസ്‌ലിം സ്ത്രീ ആയിരിക്കെത്തന്നെ മുസ്‌ലിം സ്ത്രീകളും അല്ലാത്ത സ്ത്രീകളും, മുസ്‌ലിം പുരുഷന്മാരും അല്ലാത്തവരും പങ്കുചേരുന്ന ബഹുസ്വരമായ ഒരു വൈജ്ഞാനിക ചര്‍ച്ചാ സമ്മേളനമാണ് ജി.ഐ.ഒ ഉദ്ദേശിക്കുന്നത്. കാരണം, മുസ്‌ലിം സ്ത്രീയെക്കുറിച്ച ചര്‍ച്ചയില്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല പങ്കാളികളായിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സ്ത്രീ  ഒരു വൈജ്ഞാനിക വിഷയം കൂടിയാണ്.  ആ വൈജ്ഞാനിക വിഷയത്തെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നുകൊണ്ട് സാമൂഹികശാസ്ത്രപരമായി പ്രതിനിധീകരിക്കുക കൂടി വേണം. ഇസ്‌ലാമികമായ പഠനങ്ങളും സാമൂഹികശാസ്ത്രപരമായ പഠനങ്ങളും ഇവിടെ നടക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അവ പരസ്പരബന്ധമില്ലാതെ സമാന്തരമായി മുന്നോട്ടുപോവുകയാണ്. രണ്ടിനെയും സംയോജിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം.

സ്ത്രീ വിഷയങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യുന്ന സംഘടനകളും എഴുത്തുകളുമൊക്കെ ഇതിന് പ്രചോദനമായിട്ടുണ്ട്. സെക്യുലര്‍ ലിബറല്‍ കാഴ്ചപ്പാടുകളും അതിലൂടെ ഉയര്‍ന്നുവരുന്ന വിഷയങ്ങളും സ്ത്രീപക്ഷ എഴുത്തുകളുമൊക്കെ കേരളീയ സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. 

പക്ഷേ അതിന്റെയൊരു ഇസ്‌ലാമിക വായനക്ക്, മതത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടുള്ള ഒരു പെണ്‍വായനക്ക് ഇത്തരം സെക്യുലര്‍ വേദികള്‍ ഇടം നല്‍കുന്നില്ല എന്നതാണ് വസ്തുത. ഒരു മുസ്‌ലിം സ്ത്രീക്ക് മുസ്‌ലിം ഐഡന്റിറ്റിയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സാധ്യതയോ  വിപ്ലവാത്മകമായ ചിന്തകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളോ അധികം ഉണ്ടാവാറില്ല. എന്നാല്‍, മുസ്‌ലിംസ്വത്വത്തെ ഉള്‍ക്കൊള്ളുന്ന വായനയുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് ജി.ഐ.ഒ. സെക്യുലര്‍ ലിബറല്‍ സംവാദങ്ങളില്‍ മറുപുറത്തു നിന്നുകൊണ്ടുള്ള വാദങ്ങളാണ് അധികവും കേള്‍ക്കാറുള്ളത്. സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ഉയര്‍ച്ച, വളര്‍ച്ച എന്നൊക്കെ പറയുമ്പോഴും അവരവര്‍ വിശ്വസിക്കുന്ന ആദര്‍ശവും ഉള്‍ക്കൊള്ളുന്ന ജീവിതവീക്ഷണവും മതസംഹിതയില്‍ ഉണ്ടാകുമല്ലോ. ഇതിനെ ഉള്‍ക്കൊള്ളുന്ന വായനകളെ പ്രോത്സാഹിപ്പിക്കുക  എന്നതു തന്നെയാണ് ഈ കോണ്‍ഫറന്‍സിലൂടെ ഉദ്ദേശിക്കുന്നത്. മതപൗരോഹിത്യം ഒരിക്കലും ഇത്തരത്തിലുള്ള വായനകളെ പ്രോത്സാഹിപ്പിക്കില്ല. കാരണം അത്തരത്തിലുള്ള ഒരു സ്‌പേസ് മതപൗരോഹിത്യത്തിന്റെ കൈവശമില്ല. നിലവില്‍ ഇത്തരം ചര്‍ച്ചകളെ മുസ്‌ലിം സമുദായ സംഘടനകള്‍ എത്രമാത്രം പ്രോത്സാഹിപ്പിക്കും എന്നും  പറയാന്‍ സാധിക്കില്ല. പക്ഷേ, ജി.ഐ.ഒ ഒരു അവസരം തുറക്കുകയാണ്; ഒരു മാതൃക കാഴ്ചവെക്കുകയാണ്. ഇസ്‌ലാമിക പഠനങ്ങള്‍ നടത്തുന്നവര്‍ക്ക് സാമൂഹികശാസ്ത്ര സാക്ഷരത ഉണ്ടാവണം. സാമൂഹികശാസ്ത്ര പഠനം നടത്തുന്നവര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും രീതിശാസ്ത്രത്തെയും കുറിച്ചും ധാരണ ഉണ്ടാകണം. ഇസ്‌ലാമിക വൈജ്ഞാനിക മേഖലയില്‍ പുതിയ കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെയും പ്രവണതകളെയും കുറിച്ച് പഠിക്കുക, അത്തരം വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരെയും ചിന്തകരെയും അടുത്തറിയുക,  അത്തരം ചിന്തകളുടെ സംയോജനം സാധിക്കുക എന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 

(ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍