Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

അമേരിക്കയിലെ ജനകീയ പ്രക്ഷോഭങ്ങള്‍

അബൂ അമീന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ മൂന്ന് ആഴ്ചകള്‍, അടുത്ത രണ്ടോ നാലോ വര്‍ഷങ്ങളിലെ പുതിയ അമേരിക്കന്‍ ഭരണക്രമത്തിന്റെ സൂചികയാണ്.

പ്രശ്‌നസങ്കീര്‍ണതകളും ജനകീയ പ്രതിഷേധങ്ങളും കോടതി ഇടപെടലുകളും ഈ മൂന്നാഴ്ചകളെ ചരിത്രത്തിന്റെ ഭാഗമാക്കി. കഴിഞ്ഞ കുറേ കാലമായി പുരോഗമനവാദികളോ യാഥാസ്ഥിതികവാദികളോ ഭരണം പരീക്ഷിക്കാത്ത വഴികളിലൂടെയാണ് പുതിയ പ്രസിഡന്റ് കടന്നുപോകുന്നത്. പുതിയ പ്രസിഡന്റുമാര്‍ സാധാരണ ചെയ്യാറുള്ളതുപോലെ ഒരു മധുവിധുക്കാലം കഴിയാന്‍ പോലും കാത്തുനില്‍ക്കാതെയാണ് പ്രതിഷേധാഗ്നികള്‍ക്ക് തിരികൊളുത്തിക്കൊണ്ട് നീണ്ട നിര എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ട്രംപ് ഒപ്പുവെച്ചത്. എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ നമ്മുടെ നാട്ടിലെ ഓര്‍ഡിനന്‍സുകള്‍ പോലെയാണ്. നിലനില്‍ക്കുന്ന നിയമം ഭേദഗതി ചെയ്യാനോ അവസാനിപ്പിക്കാനോ അവക്കാവില്ല. എന്നാല്‍, നിയമത്തിന്റെ അരികുപറ്റി നടപ്പിലാക്കാവുന്ന ഉത്തരവുകളാണവ. 

പ്രസിഡന്റ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ്  ഓര്‍ഡറുകളില്‍ ഏതാണ്ടെല്ലാം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും ഏറ്റവുമധികം തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടത് 'ട്രാവല്‍ ബാന്‍' എന്ന പേരില്‍ വന്ന ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ വിലക്കാണ്. ജനുവരി 27-ലെ ഈ ഉത്തരവ് തീക്കാറ്റ് പോലെയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യസുരക്ഷ എന്ന സുപ്രധാന വിഷയത്തെ തീവ്രദേശീയതയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പ്രസ്തുത ഉത്തരവ്. അമേരിക്കയെ അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ത്തിയെന്നാണ് തുടര്‍ന്നുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിച്ചത്. പകുതി അമേരിക്കക്കാര്‍ ഉത്തരവിനെ പിന്തുണക്കുകയും പകുതി പേര്‍ എതിര്‍ക്കുകയും ചെയ്യുന്നുവെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ പൊതുസമൂഹത്തിന്റെ നിലപാടുകളിലെ സത്യസന്ധതയും രാഷ്ട്രീയബോധവും തെളിച്ചുകാട്ടാന്‍ യാത്രാവിലക്ക് കാരണമായി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (ACLU) പോലുള്ള സംഘടനകള്‍ നിയമയുദ്ധങ്ങളുമായി എല്ലാ കാലത്തും സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളെയും ഗവര്‍ണര്‍, പ്രസിഡന്റ് പദവികളെയും നിരന്തരം കോടതി കയറ്റാറുണ്ടെങ്കിലും ജനകീയ പിന്തുണ ഇത്രയധികം കിട്ടിയ ഒരു കാലം എ.സി.എല്‍.യുവിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. 'കോടതിയില്‍ കാണാം' എന്ന്  പ്രസിഡന്റ് ട്രംപ്  ട്വീറ്റ് ചെയ്യുന്നതിനു മുമ്പു തന്നെ എ.സി.എല്‍.യു എടുത്ത പ്രതിജ്ഞയായിരുന്നു,  രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഈ ഗവണ്‍മെന്റിനെ നിരന്തരം കോടതിയില്‍ നേരിടുമെന്നത്. സാധാരണ ഒരു വര്‍ഷം 40 ലക്ഷം ഡോളര്‍ വരെ  സംഭാവനകളിലൂടെ പിരിക്കുന്ന ഈ പോരാട്ട സംഘടന, യാത്രാവിലക്കിനു ശേഷമുള്ള ഒരൊറ്റ ആഴ്ച കൊണ്ട് പിരിച്ചെടുത്തത് 240 ലക്ഷം ഡോളര്‍ ആയിരുന്നു. 

എ.സി.എല്‍.യുവിന് ഒരു മില്യന്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് ഊബര്‍(Uber)കമ്പനിയുടെ  മുഖ്യ എതിരാളി 'ലിഫ്റ്റ്' (Lyft) മാര്‍ക്കറ്റ് പിടിക്കാന്‍ ശ്രമിച്ചത്.  അതേസമയം പ്രസിഡന്റിന്റെ ഉപദേശകരിലൊരാളായിരുന്ന ഊബറിന്റെ സി.ഇ.ഒ ട്രാവിസ് കലാനിക്കിന്  തന്റെ സ്ഥാപനത്തെ രക്ഷിക്കാന്‍ ട്രംപിന്റെ ഉപദേശകസ്ഥാനം രാജി വെക്കേണ്ടിയും വന്നു. ചരിത്രത്തിലാദ്യമായി ലിഫ്റ്റ് ആപ്, ഊബറിനെ മറികടക്കുകയും ചെയ്തു. അമേരിക്കന്‍ കോര്‍പറേറ്റുകളും മാധ്യമ സ്ഥാപനങ്ങളും ഏതെങ്കിലും പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതമായ അസാധാരണ സാഹചര്യവും നിലവിലുണ്ട്. ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരും അല്ലാത്തവരുമായ എല്ലാ വിദേശ തൊഴിലാളികളെയും അടിയന്തരമായി തിരിച്ചുവിളിച്ചാണ് ഗൂഗ്ള്‍ പ്രതികരിച്ചത്. തുടര്‍ന്ന് ഗോള്‍ഡ്മാന്‍ സാക്സ്, ജെ.പി മോര്‍ഗന്‍ ചെസ് പോലുള്ള ഏതാണ്ടെല്ലാ കോര്‍പറേറ്റ് ഭീമന്മാരും യാത്രാ വിലക്കിനെ നിശിതമായി വിമര്‍ശിച്ചു. ഫേസ്ബുക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍  കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. അഭയാര്‍ഥികളെ തൊഴിലാളികളായി എടുക്കുമെന്ന് പ്രഖ്യാപിച്ച 'സ്റ്റാര്‍ ബക്‌സ്', ചെറിയ രൂപത്തില്‍ ബഹിഷ്‌കരണവും നേരിട്ടു. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്,  മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞത്, ഒരര്‍ഥത്തില്‍ എല്ലാ അമേരിക്കക്കാരും    'വിവിധ കപ്പലുകളില്‍ വന്നവരായിരിക്കാം, എന്നാല്‍ ഇപ്പോള്‍ നാമെല്ലാം ഒരേ തോണിയിലുള്ള' കുടിയേറ്റക്കാരാണെന്നാണ്.

അമേരിക്കയിലെ മുഖ്യ മുസ്‌ലിം ഗ്രൂപ്പായ കെയര്‍(CAIR -കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്) സാധാരണ റമദാനില്‍ പിരിക്കുന്ന സംഭാവനകള്‍ കൊണ്ടാണ് വിവിധ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം കണ്ടെത്താറുള്ളത്. എന്നാല്‍ ഇത്തവണ മുസ്‌ലിംകളല്ലാത്തവരും എ.സി.എല്‍.യുവിനെപോലെ 'കെയറി'നെയും പിന്തുണച്ചു. അതിനിടെ ടെക്സസിലെ ഒരു പള്ളി കത്തി നശിച്ച സംഭവത്തിനു പിന്നില്‍ വംശ വെറിയാണെന്ന് ബോധ്യപ്പെട്ട ഉടനെ സമാനമായ പിന്തുണയാണ് അമേരിക്കന്‍ ജനത നല്‍കിയത്. താനൊരു ജൂത മതവിശ്വാസിയാണെന്നും, പള്ളിയുടെ പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഒരാള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനെഴുതിയ കത്തില്‍ പറയുന്നു.

പൗരാവകാശ ഗ്രൂപ്പുകള്‍ പരപ്‌സരം സഹായിച്ചുള്ള പരിപാടികളും സംരംഭങ്ങളും ഇപ്പോള്‍ വ്യാപകമാണ്. അത്തരം പുതിയ യൂനിറ്റ് ഉദ്ഘാടനങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. 'കെയര്‍', ലൂയിവില്ലെയില്‍ ആദ്യമായി  ഒരു  യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. യോഗത്തില്‍ 'കെയറി'ന്റെ ദേശീയ ചെയര്‍പേഴ്‌സണ്‍ റൗല അലൂഷ് പറഞ്ഞു: ''രാജ്യം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. നീതി നിഷേധിക്കപ്പെട്ട  എല്ലാ മനുഷ്യര്‍ക്കും വേണ്ടി  എല്ലാ സംഘടനകളോടും സഹകരിക്കാന്‍ യുദ്ധസമാനമായ ഒരുക്കങ്ങളാണ് 'കെയറി'ന്റെ ദേശീയ കൗണ്‍സില്‍  ചെയ്തുകൊണ്ടിരിക്കുന്നത്.''

അമേരിക്കന്‍ പതാക ഹിജാബായണിഞ്ഞു പള്ളിയില്‍ വരുന്ന സ്ത്രീകളും എയര്‍പോര്‍ട്ടുകളിലെ  സംഘടിത നമസ്‌കാരങ്ങളുമെല്ലാം മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍, പത്രങ്ങളിലും ചാനലുകളിലും  നേരത്തെ നിലനിന്നിരുന്ന മുസ്‌ലിം തൊട്ടുകൂടായ്മ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. മാധ്യമങ്ങളെ കള്ളനാണയങ്ങളെന്നു വിളിച്ച പ്രസിഡന്റിനെ,  ഓരോ നിമിഷവും 'സത്യപരിശോധന' (Fact Check) ചെയ്ത് മുഖ്യ പ്രതിപക്ഷമെന്ന സ്ഥാനം മാധ്യമങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. 

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 2018-ലെ ഇടക്കാല തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതുണ്ട്. എല്ലാ പൗരാവകാശ ഗ്രൂപ്പുകളുമായും പാര്‍ട്ടി ബന്ധം പുലര്‍ത്തുന്നു.  2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിക്ക് ഇപ്പോഴേ ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു.  അതേസമയം  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 'പ്രത്യയശാസ്ത്ര  യാഥാസ്ഥിതികവാദികള്‍' (Ideological Conservatives) തങ്ങളുടെ പാര്‍ട്ടി കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ്.  കണ്‍സര്‍വേറ്റീവ് ആശയങ്ങള്‍ തീവ്ര ദേശീയതയില്‍പെട്ട് അമര്‍ന്നാല്‍ നാലോ എട്ടോ കൊല്ലങ്ങള്‍ക്കപ്പുറത്തേക്ക് പിന്നെ പറയാന്‍ പാര്‍ട്ടി കാണില്ല എന്ന ആശങ്കയാണവര്‍ക്ക്.  ജോണ്‍ മെക്കയിനെ പോലുള്ള പ്രമുഖ നേതാക്കള്‍ ഒരവസരം കിട്ടിയാല്‍ ശബ്ദിക്കുമെന്നുതന്നെയാണ് അമേരിക്കക്കാര്‍ വിശ്വസിക്കുന്നത് 

അമേരിക്കയിലെ  മുസ്‌ലിംകള്‍ ഏറെ വൈവിധ്യം നിറഞ്ഞ മതസമൂഹമാണ്. വൈവിധ്യത നിലനിര്‍ത്താനും തുല്യ നീതി ലഭ്യമാവാനും വേണ്ടി മുന്നിട്ടിറങ്ങാന്‍ ഇതുവരെ മടിച്ചവര്‍ക്ക്, ഇപ്പോഴെങ്കിലും കറുത്ത വര്‍ഗക്കാരുടെയും സാമൂഹികമായി ഒറ്റപ്പെടുത്തപ്പെടുന്ന ഇതര സമൂഹങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി തെരുവിലിറങ്ങാനും കോടതി കയറാനും കൂടുതല്‍ ഊര്‍ജം ലഭിച്ചിരിക്കുന്നു. 

വരും ആഴ്ചകളില്‍, പൗരാവകാശങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സുകള്‍ നടത്താന്‍ വിവിധ പള്ളികളും 'കെയര്‍', എ.സി.എല്‍.യു ലോക്കല്‍ യൂനിറ്റുകള്‍ ധാരണയായിട്ടുണ്ട്. മുസ്‌ലിംകളോട് എങ്ങനെ ഐക്യപ്പെടാം എന്ന വിഷയത്തില്‍ പല പത്രങ്ങളും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു (http://www.seattleglobalist.com/2017/02/01/good-muslim-ally-trump-era/61787). രാജ്യം മുഴുവനുമുള്ള മുസ്‌ലിം പള്ളികളുടെ ഇമെയില്‍, ഫേസ്ബുക്ക് പേജുകള്‍  വഴി 'ഞാനൊരു മുസ്‌ലിമല്ല, എന്നാല്‍ മുസ്‌ലിംകളും  മുസ്‌ലിം സ്ഥാപനങ്ങളും ഈ നാടിന്റെ ആവശ്യമാണ്. സര്‍വ പിന്തുണകളും ഉറപ്പു നല്‍കുന്നു' എന്നും മറ്റും പറഞ്ഞ് ധാരാളം സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. 

യഥാര്‍ഥത്തില്‍ ഒരു മുസ്‌ലിം പ്രശ്‌നം എന്ന് പറയാന്‍ മാത്രം ശക്തമായ മുസ്‌ലിം സാന്നിധ്യമൊന്നും അമേരിക്കയിലില്ല. എന്നിട്ടും മുസ്‌ലിംകളെ അപരവത്കരിക്കുന്നത്  രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. എന്നാല്‍, വിശ്വാസപരമായി ക്രിസ്ത്യാനികളായ  മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കാതെ അവരോടും കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ അമേരിക്കയിലെ ഓരോ വ്യക്തിയും ചിന്തിക്കുന്നത്, ഇന്നലെ വന്ന കുടിയേറ്റക്കാര്‍ ഇന്ന് വന്നവരെ പുറത്താക്കാന്‍ കാരണങ്ങള്‍ തേടുന്നു എന്നു മാത്രമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍