Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

ഭീതിയുടെ വറചട്ടിയിലാണ് മനുഷ്യവിരുദ്ധ നിയമങ്ങള്‍ വേവുന്നത്

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ലിബിയന്‍ ചരിത്രാഖ്യാന ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന ഒരു കഥയുണ്ട്. ഉസ്മാനീ ഭരണകാലത്ത് ഖത്വ്‌റൂന്‍ പ്രവിശ്യയില്‍ ഭരണം നടത്തിയ രാജാവായിരുന്നു ബിന്‍ ദല്‍ഫോ. സ്വേഛാധിപത്യവും അതിക്രമങ്ങളും കുപ്രസിദ്ധനാക്കിയ അയാള്‍ക്ക് കെട്ടഴിച്ചുവിട്ട ഒരു ഒട്ടകമുണ്ടായിരുന്നു. ഒട്ടകം എല്ലാ ദിവസവും നാട്ടുകാരുടെ കൃഷിയിടങ്ങളില്‍ കയറി മേയുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സഹികെട്ട ജനം ഒത്തുകൂടി, രാജാവിനു മുന്നില്‍ പരാതി ബോധിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ധിക്കാരിയായ രാജാവിനു മുന്നില്‍ പ്രശ്‌നമവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. ഒടുവില്‍ എല്ലാവരും ഒന്നിച്ച് ധൈര്യം സംഭരിച്ച് ഒട്ടകത്തെക്കുറിച്ച് സംസാരിക്കാമെന്നുറച്ചു. നാട്ടുകാരുടെ പ്രതിനിധിസംഘം രാജാവിനു മുന്നിലെത്തി. അവരിലൊരാള്‍ 'അല്ലയോ രാജാവേ, താങ്കളുടെ ഒട്ടകം' എന്നു പറഞ്ഞു തുടങ്ങിയപ്പോഴേക്കും രാജാവ് കോപത്തോടെ 'എന്താണ് എന്റെ ഒട്ടകത്തിന് കുഴപ്പം?' എന്ന് ചോദിച്ചു. എന്തുപറയണമെന്നറിയാതെ നാട്ടുകാര്‍ രാജാവിനു മുന്നില്‍ നിന്ന് വിറക്കവെ കൂട്ടത്തിലൊരാള്‍; 'താങ്കളുടെ ഒട്ടകത്തിന് ഒരു ഇണ കൂടി വേണമായിരുന്നു എന്നാണ് ഞങ്ങളുദ്ദേശിച്ചത്' എന്നു പറഞ്ഞ് തടിയൂരിയത്രെ. സംഭവത്തിനു ശേഷം ഒരു ഒട്ടകത്തിന് പകരം രണ്ട് ഒട്ടകങ്ങളെ സഹിക്കേണ്ട ഗതികേടാണ് നാട്ടുകാര്‍ക്കുണ്ടായത്!

ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ നിലപാടുകള്‍ കീഴ്‌മേല്‍ മറിക്കുന്നതില്‍ ഭീതി ചെലുത്തുന്ന സ്വാധീനം രസകരമായി ചിത്രീകരിക്കുന്ന ചരിത്രശകലമാണിത്. ഭയം മനുഷ്യനെ ഏറ്റവും സ്വാധീനിക്കുന്ന വികാരമാണെന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതൊരു വ്യക്തിയെയും കീഴ്‌പ്പെടുത്താന്‍, എന്ത് അബദ്ധവും അവനെ വിശ്വസിപ്പിക്കാനുള്ള കെല്‍പ് ഭയത്തിനു്. അതിനാലായിരിക്കണം മനുഷ്യന് നല്‍കപ്പെട്ട പരീക്ഷണങ്ങളില്‍ പ്രഥമ സ്ഥാനത്ത് ദൈവം ഭയത്തെ പ്രതിഷ്ഠിച്ചത് (അല്‍ബഖറ 155). ഓരോ വ്യക്തിയിലും പല അളവില്‍, ഭിന്ന രീതിയില്‍ ഭയം കാണപ്പെടുന്നുണ്ട്. അജ്ഞാതമായത്/ അക്രമസ്വഭാവമുള്ളത്/ പരാജയം/ നഷ്ടങ്ങള്‍ തുടങ്ങിയ പലതിനെയും മനുഷ്യന്‍ ഭയക്കുന്നു. ഒരു വ്യക്തിയില്‍ ഭയം അധികരിക്കുന്നതോടെ ധൈര്യം, മുന്നേറ്റം, സ്‌നേഹം തുടങ്ങി പല മാനുഷിക മൂല്യങ്ങളും ചോര്‍ന്നുപോവുകയാണ് ചെയ്യുക. 

സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ഭയം ഒരു സംസ്‌കാരമായി രൂപാന്തരപ്പെടുന്നു. ഇതില്‍ ഒരു രാഷ്ട്രം/ സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ അപകടം 'രാഷ്ട്രീയ' ഭയമാണ്. ഭരണാധികാരിയുടെ അക്രമം, സ്വേഛാധിപത്യം, പീഡനം തുടങ്ങിയവ ഭയന്നു ജീവിക്കേണ്ടിവരുന്ന വ്യക്തിക്ക് വ്യക്തിത്വവും സ്വത്വവും  നഷ്ടപ്പെട്ടുപോവുന്നു. ഫ്രഞ്ച് തത്ത്വചിന്തകനായ മിഷല്‍ ഫൂക്കോ 'രാഷ്ട്രീയ ഭയം' ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേവലം സ്വേഛാധിപത്യ ഭരണവുമായി മാത്രം ബന്ധപ്പെട്ട പ്രതിഭാസമല്ല അതെന്നും, ജനാധിപത്യ ഭരണകൂടങ്ങള്‍ വരെ 'രാഷ്ട്രീയഭയം' സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു്. 

പൗരന്മാരില്‍ ഭീതി പടരുന്നതിനനുസരിച്ച് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഓരോന്നോരോന്നായി  പണയപ്പെടുത്താന്‍ അവര്‍ തയാറാവും. അതിനാല്‍തന്നെ, ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സ്വേഛാധിപതികള്‍ ചരിത്രത്തിലെന്നും പൗരാവാകാശങ്ങള്‍ ഹനിക്കുന്ന നിയമങ്ങള്‍ ആവിഷ്‌കരിച്ചിരുന്നത് അവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിനു ശേഷമായിരുന്നു. പാര്‍ലമെന്റ് സ്വേഛാധിപത്യപരമായി പിരിച്ചുവിട്ട ശേഷമാണ് റഷ്യന്‍ ഫെഡറേഷന്റെ പ്രഥമ പ്രസിഡന്റ് ബോറിസ് യെല്‍സ്റ്റിന്‍ റഷ്യന്‍ ജനതയെ കൊടിയ ദാരിദ്ര്യത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിട്ട സാമ്പത്തിക നിയമങ്ങള്‍ നടപ്പാക്കിയത്. 2001 സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 'മുസ്‌ലിം തീവ്രവാദ'ത്തെക്കുറിച്ച് പൗരന്മാരില്‍ ഭീതി ജനിപ്പിച്ചാണ് ജോര്‍ജ് ഡബ്ല്യു. ബുഷ് അമേരിക്കന്‍ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട പാട്രിയറ്റ് ആക്ട് അടുത്ത മാസം (2001 ഒക്‌ടോബര്‍) 26-ന് നടപ്പാക്കിയത്. തീവ്രവാദം, തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൈയിലുള്ള കള്ളപ്പണം തുടങ്ങിയ ശത്രുവിനെ മുമ്പില്‍ പ്രതിഷ്ഠിച്ച് പൗരന്മാരില്‍ ഭയം ജനിപ്പിച്ചാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ കറന്‍സി നിരോധനം നടപ്പാക്കിയതും.

സ്വേഛാധിപതികള്‍ നിലനില്‍പിനു വേണ്ടി സ്വീകരിച്ചുവന്ന പഴയൊരു തന്ത്രമാണിത്. മൂസായെ തെരഞ്ഞുപിടിച്ച് വധിക്കാന്‍ ശ്രമിച്ച ഫറോവ തന്റെ നിലപാടിനെ ന്യായീകരിച്ചതും സമാന തന്ത്രത്തിലൂടെയായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: (ഫറവോന്‍ പറഞ്ഞു) ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുനോക്കട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (ത്വാഹാ 26). 

തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് വിശ്വസിപ്പിച്ചാല്‍, വ്യക്തിസ്വാതന്ത്ര്യം പണയപ്പെടുത്തിപ്പോലും പൊരിവെയിലില്‍ വരിനിന്ന് സഹകരിക്കാന്‍ പൗരന്മാര്‍ തയാറാവുമെന്നതിന് വര്‍ത്തമാന ഇന്ത്യന്‍ തെരുവുകള്‍ സാക്ഷിനില്‍ക്കുന്നുല്ലോ. മാക്ക്യവല്ലിയുടെ പ്രസിദ്ധമായ ഒരു വചനമുണ്ട്: 'ജനങ്ങള്‍ നിന്നെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് അവര്‍ നിന്നെ ഭയക്കുന്നതാണ്.' ജനാധിപത്യത്തിന്റെ 'മഹനീയ മാതൃക'കളെന്ന് ലോകം ആഘോഷിക്കുന്ന പല രാഷ്ട്രങ്ങളും പ്രയോഗവല്‍ക്കരിക്കുന്നത് മേലുദ്ധരിച്ച മാക്ക്യവല്ലിയന്‍  തത്ത്വമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് യൂനിയന്‍ ഭരിക്കുന്ന കാലത്ത് ചെറുകിട കച്ചവടക്കാര്‍ തങ്ങളുടെ കടകള്‍ക്ക് മുന്നില്‍ 'സര്‍വലോക തൊഴിലാളികളേ സംഘടിക്കുവിന്‍' എന്നെഴുതിവെക്കാറുണ്ടായിരുന്നുവത്രെ. സര്‍വലോക തൊഴിലാളികളാരെന്നോ, അവരെന്തിനാണ് സംഘടിക്കേണ്ടതെന്നോ അറിയാത്തവരായിരുന്നു ആ പാവം കച്ചവടക്കാര്‍. കമ്യൂണിസ്റ്റ് നേതാക്കള്‍ തങ്ങളെ ദ്രോഹിക്കാതിരിക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു ആ ബോര്‍ഡുകള്‍! സമാനമായിരുന്നു മുഅമ്മര്‍ ഖദ്ദാഫി ഭരിച്ചിരുന്ന ലിബിയയിലെയും സ്ഥിതി. അവിടത്തുകാര്‍ തങ്ങളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ഖദ്ദാഫിയുടെ വര്‍ണചിത്രമോ, ഫ്രയിം ചെയ്ത വചനങ്ങളോ പച്ചക്കൊടികളോ തൂക്കാറുായിരുന്നു. ഖദ്ദാഫിയോടുള്ള സ്‌നേഹാദരവുകള്‍  കൊണ്ടൊന്നുമല്ല; അയാളുടെ ക്രൂരതകളെ ഭയന്നായിരുന്നു ഇത്. 

'ഇസ്‌ലാമോഫോബിയ' ഈ ഭയം ജനിപ്പിക്കലിന്റെ  സ്വാഭാവിക പ്രതിഫലനം മാത്രമാണ്. വ്യാജമായി സൃഷ്ടിച്ചെടുത്ത ഭീതിയുടെയും ഉത്കണ്ഠയുടെയും മറവില്‍ ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പിച്ച്, അങ്ങനെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് മോദി മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ള ജനാധിപത്യം സമ്മാനിച്ച 'മാതൃകാ ഭരണാധികാരികള്‍' ചെയ്തുകൊണ്ടിരിക്കുന്നത്. സ്വേഛാധിപത്യത്തിന് ശാശ്വതികത്വം നല്‍കുന്ന, അവരുടെ ഭരണസിംഹാസനത്തിന്റെ കാലുറപ്പിക്കുന്ന 'ഭീതി ജനിപ്പിക്കുക'യെന്ന തന്ത്രത്തിന് ഇരയാവുകയോ, വിധേയപ്പെടുകയോ ചെയ്യാതിരിക്കുകയെന്നതു തന്നെയാണ് അതിനെതിരിലുള്ള ശക്തമായ ചെറുത്തുനില്‍പ്പ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍