വിശ്വാസികള്‍ക്ക് പൂമരത്തണല്‍
'വിശ്വാസി ഓര്‍മിക്കേണ്ടത്' എന്ന പുസ്തക പരമ്പര നനവുള്ള വായനാനുഭവമാണ്. വിശേഷിച്ചും ഭാഗം അഞ്ച്. വിണ്ടുകീറിയ നെഞ്ചകങ്ങള്‍ക്ക് ആശ്വാസമരുളുന്ന ആശയാവതരണങ്ങളാല്‍ മനോഹരമാണത്. ഹിമകണം പോലെ, പി.എം.എ ഗഫൂറിന്റെ ഈ അക്ഷരമുത്തുകള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ ചൊരിയുന്നു.
വെളിച്ചത്തില്‍നിന്നും വെളിച്ചത്തിലേക്കുള്ള ആ യാത്ര എത്ര ആഹ്ലാദകരമാണ്! ദൈവകാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശങ്ങള്‍ തൊട്ടുതലോടിക്കൊണ്ട് മുന്നോട്ടുള്ള സഞ്ചാരപഥങ്ങളിലൊക്കെ; നാമറിയാതെ, ഇലഞ്ഞിപ്പൂമണമൊഴുകുകയാണ്.
'നല്ലതേ വരൂ' എന്ന് ആരും കൊതിച്ചുപോകുന്ന ആശ്വാസവാക്ക് തന്നെയാണ് ഒരധ്യായത്തിന്റെ തലവാചകം. ഇത് പ്രകടിപ്പിക്കുന്നത് വെറുപ്പല്ല, സ്‌നേഹമാണ് വിശ്വാസിജീവിതം എന്നാണ്.
ആരെയും വെറുക്കാതെ, വെറുപ്പിക്കാതെ ജീവിക്കാനായാല്‍ അതു തന്നെയല്ലേ മികച്ച ആരാധന എന്ന് വിശുദ്ധ ഖുര്‍ആനും നബിമാതൃകകളും ചൂണ്ടിക്കാണിച്ച് ഗ്രന്ഥകര്‍ത്താവ് ബോധ്യപ്പെടുത്തുന്നു.
ആകാശവാതിലുകള്‍ തുറക്കപ്പെടാത്ത, ആത്മാവ് നഷ്ടപ്പെട്ട് യാന്ത്രികമായിപ്പോകുന്ന നമസ്‌കാരം തുടങ്ങിയ എല്ലാ ആരാധനകളും, പുനര്‍വായനക്ക് വിധേയമാക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. ശരീരത്തിന്റെ മോഹങ്ങള്‍ മനസ്സിനെ നയിക്കുന്ന കാലത്തുനിന്നും കാത്തരുളുക എന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ പ്രാര്‍ഥന എല്ലാ വിശ്വാസികളോടുമുള്ള സന്ദേശമാണ്. ഈ സന്ദേശത്തിന്റെ സൂക്ഷ്മതയും സമഗ്രതയുമാണ് തുടര്‍ന്നുള്ള ഓരോ അധ്യായത്തിലും ഇതള്‍ വിരിയുന്നത്.
നബി (സ) പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ സ്വന്തം പട്ടിണി മറന്ന്, അറിയാതെ കണ്ണുകള്‍ നിറഞ്ഞുകവിയാറുണ്ട്. ഈ മാനസികാവസ്ഥയിലേക്ക് നമുക്കിനിയും ഉയരാന്‍ കഴിഞ്ഞിട്ടുണ്ടോ? പൊറുക്കാനും സഹിക്കാനുമുള്ള മനസ്സ് കൈമോശം വരികയാണോ? പ്രത്യേകിച്ചും വെറുപ്പിന്റെ രാഷ്ട്രീയം പകര്‍ച്ചവ്യാധി പോലെ പടരുന്ന സമകാലിക ലോകത്ത്.
ഖലീഫ ഉമറി(റ)ന്റെ പ്രശസ്തമായൊരു ഉപദേശം സാന്ദര്‍ഭികമായി ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നുണ്ട്: 'നിങ്ങളിലൊരാള്‍ക്ക് തെറ്റുപറ്റിയാല്‍ ആ തെറ്റില്‍നിന്നും രക്ഷപ്പെടുത്തി നേര്‍വഴിയിലേക്ക് നടത്താനാണ് ശ്രമിക്കേണ്ടത്. ഒരു കുഞ്ഞിന്റെ നന്മ പോലും എടുത്തുപറഞ്ഞ് പ്രോത്സാഹിപ്പിക്കുക. നിരവധി വര്‍ഷങ്ങള്‍ കൂടെ സഹവസിച്ച അനസി(റ)നോട് ഒരിക്കല്‍ പോലും നബി (സ) പരിഭവിച്ചിരുന്നില്ല.'
എല്ലാ വിധത്തിലുള്ള ദൗര്‍ബല്യങ്ങളില്‍നിന്നും അടിമപ്പെടലുകളില്‍നിന്നും മുക്തമാവാന്‍ ഈ കൃതി വിശ്വാസികളെ പ്രേരിപ്പിക്കുന്നു. എല്ലാ ആര്‍ത്തികളും നരകമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
'ഞാന്‍ ആരുടെയൊക്കെ അടിമയാണ്' എന്ന ശ്രദ്ധേയമായ അധ്യായത്തില്‍ ഖബ്ബാബി(റ)ന്റെ ഒടുവിലത്തെ വാക്കുകള്‍ ഉദാഹരിക്കുന്നത് ഇങ്ങനെയാണ്: 'എന്റെ കൂട്ടുകാര്‍ ഈ ലോകത്തുനിന്ന് യാതൊരു പ്രതിഫലവും പറ്റാതെ കടന്നുപോയി. ഈ ഖബ്ബാബ് നിറയെ സുഖങ്ങള്‍ അനുഭവിച്ചാണല്ലോ മരിച്ചുപോകുന്നത്...'
ഈ ഭയം നമ്മെ എപ്പോഴെങ്കിലും അലട്ടിയിട്ടുണ്ടോ? നമ്മുടെ ഇഷ്ടങ്ങളും അടുപ്പവും അടിമത്തവും വേറെയാര്‍ക്കൊക്കെയോ ആയിത്തീരുന്നതില്‍ ഒരിക്കലെങ്കിലും വ്യാകുലപ്പെട്ടിട്ടുണ്ടോ? നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളും പണ്ഡിത വചനങ്ങളും മുന്‍നിര്‍ത്തി ഗ്രന്ഥകര്‍ത്താവ് ചോദിക്കുന്നുണ്ട്.
'കുടുംബമൊന്നിച്ചുള്ള സുജൂദുകള്‍' ഏതു ഗാഢനിദ്രയില്‍നിന്നും വിശ്വാസികളെ ഉണരാന്‍ പ്രേരിപ്പിക്കുന്ന അധ്യായമാണ്. 'രാത്രിയാണ് എനിക്കിഷ്ടം' എന്ന ഇമാം ശാഫിഈയുടെ കവിതാ ശകലങ്ങള്‍ ഏവരുടെയും ചുണ്ടുകള്‍ അറിയാതെ ഉരുവിടും. രാത്രി നമസ്‌കാരത്തെക്കുറിച്ചുള്ള നബിവചനങ്ങളും വിശ്വാസികള്‍ക്ക് പുത്തനുണര്‍വാണ്. തഹജ്ജുദ് സംതൃപ്തിയുടെ മധുരസാഗരമാണ്. അത് അകലെയുള്ള സ്വര്‍ഗകവാടങ്ങള്‍ പോലും കണ്‍മുന്നില്‍ തുറന്നുവെക്കും.
'ഗഹനമായ വിഷയങ്ങള്‍ ഒട്ടും ജാടകളില്ലാതെ ലളിത ഭാഷയില്‍ എഴുതുമ്പോഴാണ് മഹത്തായ രചനകള്‍ പിറക്കുക' എന്ന കവി സച്ചിദാനന്ദന്റെ സൗന്ദര്യ നിരീക്ഷണത്തോട് പി.എം.എ ഗഫൂറിന്റെ കൃതികളും സന്തോഷത്തോടെ ചേര്‍ത്തുവെക്കാം.
Comments