സി. മൂസ ഹാജി മാസ്റ്റര്‍
വേറിട്ട ജീവിതശൈലി കൊണ്ട് മാതൃക സൃഷ്ടിച്ച സവിശേഷ വ്യക്തിത്വമായിരുന്നു പൈങ്ങോട്ടായി സി. മൂസ ഹാജി മാസ്റ്റര്‍. തലമുറകളെ അറിവിന്റെ ബാലപാഠം അഭ്യസിപ്പിച്ച് ഇഴയടുപ്പമുള്ള ഗുരുശിഷ്യബന്ധം സ്ഥാപിച്ച അധ്യാപകന്‍, ഒരു പണ്ഡിതനു വേണ്ട അടിസ്ഥാന യോഗ്യതകള്‍ സ്വായത്തമാക്കി പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തിയ പുത്രന്‍, ഒരു ദേശത്തിന്റെയും നിവാസികളുടെയും ഭൂതകാലം നന്നായി അറിയുന്ന ചരിത്രകാരന്‍... ഇങ്ങനെ നിരവധി സവിശേഷതകള്‍ എണ്ണിപ്പറയാം അദ്ദേഹത്തിന്. ഒരു സംഗതി തീരുമാനിച്ചുകഴിഞ്ഞാല്‍ നിശ്ചയിച്ച സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കു തയാറായിരുന്നില്ല. ആരാധനാ വിഷയങ്ങളിലായാലും വിശേഷാവസരങ്ങളിലായാലും നിശ്ചയിച്ച സമയത്തിനും മുമ്പേ സ്ഥലത്ത് എത്തിയിട്ടുണ്ടാവും. ഉണരുന്നതിനും ഉറങ്ങുന്നതിനും ഉണ്ണുന്നതും കൃത്യമായ ഷെഡൂള്‍. ലളിത ജീവിതം നയിച്ചുവന്ന അദ്ദേഹം അന്തസ്സാര്‍ന്ന ജീവിതമെന്നാല്‍ ആര്‍ഭാട ജീവിതമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച പ്രകൃതിസൗഹൃദ സമീപനത്തിന്റെ വക്താവായിരുന്നു. സ്വന്തം വസ്ത്രം സ്വയം തന്നെ അലക്കിത്തേക്കുന്ന പതിവ് 91-ാം വയസ്സില്‍ മരിക്കുന്നതിന്റെ രണ്ടുനാള്‍ മുമ്പ് വരെയും തുടര്‍ന്നു.
മര്‍ഹൂം തറക്കണ്ടിയില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യത്വത്തില്‍ വെളിയങ്കോട് ദര്‍സില്‍ ഓതിയ മൂസ ഹാജി പിന്നീട് ട്രെയ്‌നിംഗ് പാസ്സായി സ്‌കൂള്‍ മാസ്റ്ററായെങ്കിലും മതപാഠം തേച്ചുമിനുക്കുന്നതിലും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. നാട്ടുവര്‍ത്തമാനമായാലും ലോകകാര്യങ്ങളായാലും സന്ദര്‍ഭം പോലെ ഖുര്‍ആനും ഹദീസും കടന്നുവരിക മാത്രമല്ല, നീതിസാരങ്ങള്‍ മുതല്‍ നാട്ടറിവുകള്‍ വരെ ഉദ്ധരിച്ച് ചെറുപ്പക്കാരെയും കുട്ടികളെയും ഉദ്ബുദ്ധമാക്കാനും സമയം കണ്ടെത്തിയിരുന്നു. അറബി-ഉര്‍ദു ഭാഷകളില്‍ അസാധാരണ പാടവമുള്ള പണ്ഡിതനും ജ്യേഷ്ഠസഹോദരനുമായിരുന്ന മര്‍ഹൂം അഹ്മദ് റശീദും ജമാഅത്തെ ഇസ്‌ലാമി നേതാവും ഭാര്യാസഹോദരനുമായ ടി.കെ അബ്ദുല്ല സാഹിബും വീട്ടില്‍ സന്ധിക്കുമ്പോള്‍ നടത്താറുള്ള പണ്ഡിതോചിത സംഭാഷണങ്ങളിലെ നര്‍മവും 'നടുക്കണ്ട'വും നിറം മങ്ങാത്ത ഓര്‍മയായി കൊണ്ടുനടന്നിരുന്ന മൂസ ഹാജിയും കാമ്പുള്ള തമാശയുടെ കാര്യത്തില്‍ പിറകിലായിരുന്നില്ല.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ അന്ത്യം വരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഹാജിയാര്‍ പ്രസ്ഥാനത്തിന്റെ ശബ്ദം നാട്ടില്‍ കേട്ടുതുടങ്ങിയപ്പോള്‍ അതിന് ചെവികൊടുക്കാന്‍ സന്നദ്ധനായ ചുരുക്കം പേരില്‍ ഒരാളായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാലം. പലയിടത്തുമെന്നപോലെ പൈങ്ങോട്ടായിയിലെയും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെട്ടു. നാട്ടുവേഷത്തില്‍ അസ്വ്ര്‍ നമസ്‌കാരം നിര്‍വഹിച്ച് പള്ളിയില്‍നിന്ന് പുറത്തിറങ്ങുകയായിരുന്ന പ്രവര്‍ത്തകരെ അതേപടി പിടിച്ചുകൊണ്ടുപോവുകയാണുണ്ടായത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്നു മൂസ ഹാജി അന്നേരവും ഒരു 'മിനി' യാത്രക്കുള്ള ഒരുക്കത്തിലാണ് പള്ളിയില്‍ എത്തിയിരുന്നത് (എമര്‍ജന്‍സി മരുന്നുകളടക്കം കൂടെയുണ്ടായിരുന്നു). വടകര സബ് ജയിലില്‍ അടിയന്തരാവസ്ഥയിലെ ആദ്യരാത്രിയുടെ കാളിമക്കും കാര്‍ക്കശ്യത്തിനും ഇത്തിരി ഇളവുകിട്ടാന്‍ മൂസ ഹാജിയുടെ കൂട്ട് നിമിത്തമായി.
തന്നെ കണ്ടുമുട്ടുന്ന ആരുമായും പരിചയപ്പെടാനും വിശേഷങ്ങള്‍ ചോദിച്ചറിയാനും ഉത്സാഹം കാണിച്ചിരുന്നു. ജാതിമതകക്ഷിഭേദമന്യേ വിശാലമായ സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു. ഈ ശൈലി കുടുംബത്തിലേക്കും ബന്ധുജനങ്ങളിലേക്കും എത്തുമ്പോള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി കാണാം. സ്വന്തം തറവാടിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന 'ഫാമിലി ട്രീ' ഒറ്റക്കിരുന്ന് തയാറാക്കി പുതുതലമുറയെ ചരിത്രം പഠിപ്പിച്ചുകൊണ്ടിരിക്കെ വിശാലമായ കുടുംബസംഗമം വിളിച്ചുകൂട്ടാനുള്ള തീവ്രശ്രമത്തിലുമായിരുന്നു. ആ ആഗ്രഹം ബാക്കിവെച്ചാണ് യാത്രയായത്. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൈങ്ങോട്ടായിയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത ശൈഖ് മുഹമ്മദ് കാരകുന്നിനെ ആവേശപൂര്‍വം കെട്ടിപ്പിടിച്ചും അഭിവാദ്യം ചെയ്തും യാത്രയയച്ച രംഗം കണ്ടുനിന്നവര്‍ കരുതിയില്ല, തങ്ങളുടെ കൂട്ടത്തിലെ തലമുതിര്‍ന്ന ഈ കാരണവര്‍ എന്നെന്നേക്കുമായി പിരിയുകയാണെന്ന്. പരിപാടി സമാപിക്കുംവരെ അവിടെ കഴിച്ചുകൂട്ടിയും ഒടുവില്‍ എല്ലാവരുമൊത്ത് ഉച്ചഭക്ഷണം കഴിച്ചും നിറമനസ്സോടെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ആരോര്‍ത്തു, ആ സംഗമം ഒരു യാത്രയയപ്പു വേദി കൂടിയായി മാറുകയാണെന്ന്.
എം. സക്കീര്‍ ഹുസൈന്‍
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും രിയാദിലെ 'തനിമ' സാംസ്‌കാരിക വേദിയിലെ സജീവ സാന്നിധ്യവുമായിരുന്നു പാലക്കാട് ജില്ലയിലെ എടത്തറ അഞ്ചാം മൈല്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ (46) രിയാദിലെ താമസ സ്ഥലത്തു വെച്ച് അല്ലാഹുവിങ്കലേക്ക് യാത്രയായി.
നാട്ടിലും വിദേശത്തും പുഞ്ചിരി തൂകുന്ന മുഖവുമായി ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വം സക്കീര്‍ ഭായ് എന്നാണ് വിളിച്ചിരുന്നത്. കഴിഞ്ഞ രു വര്‍ഷങ്ങളില്‍ രിയാദിലെ തനിമ സാംസ്‌കാരിക വേദിയെ പ്രതിനിധീകരിച്ച് ഹജ്ജിന് വളന്റിയറായി സേവനം അനുഷ്ഠിച്ചിരുന്നു.
ഹിറാ സമ്മേളനത്തോടനുബന്ധിച്ച് പ്രസ്ഥാനത്തിലേക്ക് കടന്നുവരികയും സോളിഡാരിറ്റിയിലൂടെ കര്‍മരംഗത്ത് സജീവമാവുകയുമായിരുന്നു. സോളിഡാരിറ്റി എടത്തറ യൂനിറ്റ് സെക്രട്ടറിയായും അഞ്ചാം മൈല്‍ മസ്ജിദുന്നൂര്‍ കമ്മിറ്റിയംഗമായും ജമാഅത്തെ ഇസ്‌ലാമി കാടൂര്‍ യൂനിറ്റ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടു്. ചില പ്രഭാഷണങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വ്യതിരിക്തത തനിക്ക് ബോധ്യപ്പെടുത്തിത്തന്നതെന്ന് പറഞ്ഞ് അവ കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമായിരുന്നു. അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ഖുര്‍ആന്‍ പരിഭാഷയും ഇസ്‌ലാമിക സാഹിത്യങ്ങളും എത്തിച്ചുനല്‍കി ദഅ്‌വാ രംഗത്തും സജീവമായി. സ്വുബ്ഹ് ജമാഅത്തില്‍ കണിശത പുലര്‍ത്തുകയും അതിരാവിലെ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരെ പള്ളിയിലേക്ക് എത്തിക്കുന്നതില്‍ താല്‍പര്യമെടുക്കുകയും ചെയ്തു.
പ്രാഥമിക ദീനീ വിദ്യാഭ്യാസം ആര്‍ജിക്കാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ലെങ്കിലും സ്വപ്രയത്‌നത്താല്‍ ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിവു നേടിയിരുന്നു. മുംബൈ ജീവിതത്തിനു ശേഷം നാട്ടില്‍ വന്ന് ബസ് കണ്ടക്ടറായും ഓട്ടോറിക്ഷ ഡ്രൈവറായും ജീവിച്ചു. 2010 മുതല്‍ 6 വര്‍ഷം സുഊദിയില്‍ ജോലി ചെയ്തു. കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്തി ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് സജീവമാകണമെന്നും കുടുംബാംഗങ്ങളെ മുഴുവന്‍ പ്രസ്ഥാനത്തിന്റെ ഭാഗമാക്കണമെന്നുമുള്ള ആഗ്രഹം എപ്പോഴും പങ്കുവെക്കുമായിരുന്നു.
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രിയാദില്‍ കെ.പി.രാമനുണ്ണി പങ്കെടുത്ത തനിമയുടെ സാംസ്‌കാരിക പരിപാടിയുടെ സജീവ സംഘാടകനായിരുന്നു.
ഗുരുതര ശാരീരിക പ്രയാസങ്ങളൊന്നും അലട്ടിയിട്ടില്ലാതിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുളള വേര്‍പാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം മയ്യിത്ത് രിയാദില്‍ തന്നെ ഖബ്‌റടക്കി. നാട്ടില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും അനുസ്മരണ യോഗത്തിലും പങ്കെടുത്ത വന്‍ ജനാവലി സക്കീര്‍ ഭായിയുടെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
എടത്തറ അഞ്ചാം മൈല്‍ അടിയോട്ട് പറമ്പില്‍ പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ നഫീസ. ഭാര്യ: റശീദ. മക്കള്‍: നാജിയ, സല്‍മാന്‍, ഫഹീം. മരുമകന്‍: അശ്കര്‍ അലി. സഹോദരങ്ങള്‍: ഹമീദ്, ഫസ്‌ല, അശ്‌റഫ്, ഹകീം.
ഷാനവാസ് എടത്തറ
കാവില്‍ ഹുസൈന്‍ മാസ്റ്റര്‍
കൊടിയത്തൂരിലെ സജീവ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു കാവില്‍ ഹുസൈന്‍ മാസ്റ്റര്‍. വയനാട്, കോട്ടത്തറ വാളര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി വിരമിച്ച ശേഷം നാട്ടില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെയാണ് അപ്രതീക്ഷിത മരണം. കൊടിയത്തൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു.
ലാളിത്യവും സഹൃദയത്വവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുതിര്‍ന്നവരോ കുട്ടികളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹൃദവും സ്‌നേഹവാത്സല്യവും അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയായിരുന്നു. അയല്‍പക്ക കൂട്ടായ്മ രൂപീകരിച്ച് അവരുടെ വിദ്യാഭ്യാസ, തൊഴില്‍, ക്ഷേമകാര്യങ്ങള്‍ക്കായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. സഹോദര സമുദായക്കാരായ അയല്‍വാസികള്‍ തങ്ങള്‍ക്ക് ജേ്യഷ്ഠസഹോദരനെയും മാര്‍ഗദര്‍ശനകനെയുമാണ് മാസ്റ്ററുടെ മരണത്തോടെ നഷ്ടപ്പെട്ടത് എന്ന് അനുസ്മരിക്കുകയുായി. പിന്നാക്ക കോളനിയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതില്‍ പ്രദേശത്തെ ഈ കൂട്ടായ്മ മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
സാമ്പത്തിക കാര്യങ്ങളിലെ സൂക്ഷ്മതയാണ് അദ്ദേഹത്തിന്റെ സവിശേഷത. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കും. മരിക്കുമ്പോള്‍ കടബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത വിധം സൂക്ഷ്മത പാലിച്ച വ്യക്തിത്വങ്ങളിലൊരാളായിരുന്നു ഹുസൈന്‍ മാസ്റ്റര്‍. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ജമാല്‍, നജ്മുദ്ദീന്‍, ശമീം, ശാഹിദ് എന്നിവരാണ് മക്കള്‍.
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments