സാമൂഹികനീതിക്കു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്
കാലങ്ങളായി കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന മണിപ്പൂരില്‍ ഇത്തവണ പാര്‍ട്ടി വെല്ലുവിളി നേരിടുകയാണ്. വിവിധ മുന്നണികളെ അവര്‍ക്ക് നേരിടേണ്ടതുണ്ട്. ബി.ജെ.പി അവസരം ഉപയോഗിക്കാന്‍ കാത്തിരിക്കുന്നു. അഫ്‌സ്പക്കെതിരെ ഇരുപത് വര്‍ഷത്തിലധികം നിരാഹാര സമരം നടത്തിയ ഇറോം ചാനു ശര്‍മിളയുടെ പാര്‍ട്ടി മത്സരരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. ഇറോം ഷാര്‍മിള സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുകയും പീപ്പ്ള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പി.ആര്‍.ജെ.എക്കു വേണ്ടി വബ്ഗായ് മണ്ഡലത്തില്‍ മത്സരിക്കുന്നത് നജ്മ ഫുംട്രെമായും (Najima Phumdreimayum) എന്ന മുസ്‌ലിം സ്ത്രീയാണ്. തൗബാല്‍ ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് (ഒ.എഫ്.ഡി) എന്ന സംഘടനയുടെ സ്ഥാപകയാണ് നജ്മ. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഏക മുസ്‌ലിം വനിതയെന്ന നിലയില്‍ നജ്മ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതോടൊപ്പം മതനേതാക്കളുടെയും മറ്റും എതിര്‍പ്പും അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കാനുള്ള സാഹചര്യങ്ങളെയും സഖ്യങ്ങളെയും കുറിച്ച് നജ്മ ടു സര്‍ക്ക്ള്‍സ് പ്രതിനിധി അമിത് കുമാറുമായി സംസാരിക്കുന്നു.
പി.ആര്‍.ജെ.എയുമായി സഖ്യം ചേരാനും ഇറോം ശര്‍മിളക്കൊപ്പം പ്രവര്‍ത്തിക്കാനുമുള്ള കാരണങ്ങള്‍?
ഏതു പാര്‍ട്ടിയും രൂപീകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ അതെല്ലാം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. ഞാന്‍ പി.ആര്‍.ജെ.എയില്‍ ചേരാന്‍ കാരണം അതിലെ ആളുകള്‍ സത്യത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. മാത്രമല്ല, ഈ പാര്‍ട്ടി ഞങ്ങള്‍ക്കെതിരെ ഒരു തരത്തിലുള്ള വിവേചനവും പുലര്‍ത്തുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും മുന്നോട്ടു വരാനും ഇതിലൂടെ സാധിക്കുന്നുണ്ട്.
പി.ആര്‍.ജെ.എയില്‍ ചേരാനുള്ള മറ്റൊരു പ്രധാന കാരണം ആ പാര്‍ട്ടിയെ നയിക്കുന്നത് ഇറോം ശര്‍മിളയാണ് എന്നതുതന്നെയാണ്. അവരെ എല്ലാവര്‍ക്കും അറിയാം. അവര്‍ സത്യത്തോടൊപ്പം നില്‍ക്കുമെന്നും മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ക്കായി പൊരുതുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്.
വരുന്ന തെരഞ്ഞെടുപ്പില്‍ വബ്ഗായിലെ മുസ്‌ലിംകളുടെ പ്രധാന പരിഗണനകള്‍ എന്തൊക്കെയാണ്?
എനിക്ക് പ്രശസ്തയാകാനോ എന്തെങ്കിലും നേട്ടമുണ്ടാക്കാനോ അല്ല ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്റെ ജനതയുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ അവസ്ഥ മനസ്സിലാക്കിയാണ് ഞാന്‍ ഇവിടെ രംഗത്തുവന്നത്. ന്യൂനപക്ഷമെന്ന നിലയിലും മറ്റുമെല്ലാം അവര്‍ അവഗണിക്കപ്പെടുന്നുണ്ട്. മതം ആളുകളില്‍ നല്ല സ്വഭാവങ്ങള്‍ വളര്‍ത്തും. അതിനാല്‍ മതം പരിഗണിക്കപ്പെടണം.
വബ്ഗായിലെ സ്ത്രീകള്‍ നിത്യജീവിതത്തിന് വേണ്ടി പ്രയാസപ്പെടുന്നവരാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന രീതിയില്‍ അവരെ ശാക്തീകരിക്കാനും അവരുടെ ജീവിതത്തില്‍ സന്തോഷം കൈവരുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും സ്ത്രീകള്‍ക്ക് രാഷ്ട്രീയരംഗത്ത് വരാനും നിയമനിര്‍മാണങ്ങളില്‍ പങ്കാളികളാകാനുമുള്ള പ്രോത്സാഹനമാകും എന്റെ സ്ഥാനാര്‍ഥിത്വം. നിയമവും ഭരണഘടനയും സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ അവര്‍ തിരിച്ചറിയല്‍ അത്യാവശ്യമായ ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ അവകാശങ്ങള്‍ക്കും വിശ്വാസത്തിനും വേണ്ടി പൊരുതുന്നതില്‍ ഞാന്‍ പ്രശ്‌നം കാണുന്നില്ല.
നിങ്ങള്‍ക്കെതിരെ മതനേതൃത്വങ്ങളില്‍നിന്ന് ചില എതിര്‍പ്പുകളുയര്‍ന്നിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ കാരണങ്ങള്‍? ഇതിനു മുമ്പും അവരുടെ നിലപാടുകള്‍ സമാനമായിരുന്നോ?
എന്നെ പിന്തുണക്കുന്ന ധാരാളം മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരുമുണ്ട്. അതുപോലെ എന്നെ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. ഞാന്‍ കാലങ്ങളായി എന്റെ ചുറ്റുമുള്ള ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അനീതിക്കും പീഡനങ്ങള്‍ക്കുമെതിരെ ഞാന്‍ 2001 മുതല്‍ നിയമ പോരാട്ടങ്ങളുമായി രംഗത്തുണ്ട്. ഇപ്പോള്‍ എന്റെ ജോലിയും അതുതന്നെയാണ്. എന്റെ ജനതക്ക് സാധ്യമാകുന്നത്ര ദിശനിര്‍ണയിക്കാന്‍ ശ്രമിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. എന്നാല്‍ ചില മതനേതാക്കള്‍ തുടക്കംമുതല്‍ തന്നെ എന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുണ്ട്. സമുദായത്തിനെതിരാണ് എന്റെ പ്രവര്‍ത്തനമെന്നാണ് അവര്‍ പറയുന്നത്. ആളുകളെ നന്മയിലേക്ക് ദിശകാണിക്കാന്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വീഴ്ചകളെന്തൊക്കെയാണ്? പ്രത്യേക നിയന്ത്രണ മേഖലയുമായും ഇന്നര്‍ ലൈന്‍ പെര്‍മിറ്റുമായും (ഐ.എല്‍.പി) ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ നിലപാടുകളെ എങ്ങനെ കാണുന്നു? ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള താങ്കളുടെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്?
കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അര്‍ഹതയുള്ള ഒരാളല്ല ഞാന്‍. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ പല കാര്യങ്ങളിലും നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് എന്റെ അഭിപ്രായം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അവ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് നല്ല സര്‍ക്കാര്‍ വിദ്യാലയങ്ങളില്ല, ഉള്ളവയില്‍ തന്നെ സൗകര്യങ്ങള്‍ പരിമിതം. വേണ്ടത്ര വ്യവസായ സംരംഭങ്ങളുമില്ല. ജനങ്ങള്‍ക്ക് ജോലിയും ജീവിതമാര്‍ഗങ്ങളുമുണ്ടെങ്കില്‍ അവര്‍ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കില്ല. നാട്ടുകാരുടെ ഇത്തരം ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കൃത്യമായ ലക്ഷ്യബോധവും ഉത്തരവാദിത്തവും വേണം. നിലവിലെ സര്‍ക്കാറിന് അതില്ല.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ എവിടെയാണ് പരാജയപ്പെട്ടത്? മണിപ്പൂരില്‍ മുസ്‌ലിം സ്ത്രീകളിലെ സാക്ഷരതാ നിരക്ക് 60 ശതമാനത്തിലും കുറവാണ്. വബ്ഗായ് മണ്ഡലത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ താങ്കളുടെ പദ്ധതികള്‍ എന്തൊക്കെയാണ്?
സ്ത്രീകള്‍ ശക്തരാകാന്‍ നമ്മുടെ സമൂഹം ആഗ്രഹിക്കുന്നില്ല. എല്ലാ തരത്തിലും സ്ത്രീകളെ നിയന്ത്രിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. പല പുരുഷന്മാരും തങ്ങളുടെ ഭാര്യമാര്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നത് ഇഷ്ടപ്പെടുന്നില്ല. ഏത് അവസ്ഥയിലും പുരുഷന്റെ ആധിപത്യം നഷ്ടപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ഗാര്‍ഹിക ജീവിതവും ജോലിയുമെല്ലാം സന്തുലിതമാക്കാന്‍ നമുക്കാവണം. കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതിലൂടെയാണ് അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാവുക. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ മറികടക്കാനാവണം, അവര്‍ ഒരു ഉപകരണമായി മാറരുത്.
സാക്ഷരതയും പ്രശ്‌നമാണ്. മണിപ്പൂരില്‍ ഞങ്ങളുടെ ജില്ലയാണ് സാക്ഷരതയില്‍ ഏറ്റവും പിറകിലുള്ളത്. വബ്ഗായില്‍ ഒരു മുസ്‌ലിം സ്ത്രീ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ അതിനപ്പുറത്തേക്ക് പോകാനായിട്ടില്ല. ഇപ്പോഴും സാക്ഷരതയില്‍ സത്രീകള്‍ വളരെ പിന്നിലാണ്. അതിനെ മറികടക്കണം. ആരോഗ്യ മേഖലയിലും പരിതാപകരമാണ് അവസ്ഥ.
സമൂഹം വനിതകളെ കൂടുതല്‍ പഠിക്കുന്നതില്‍നിന്നും തടയുന്നത് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. വിദ്യാഭ്യാസം അവകാശങ്ങളെകുറിച്ചുള്ള ബോധമുണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നെ എതിര്‍ക്കുന്ന ആളുകളുണ്ട്. എന്നാല്‍ എന്റെ സമാന ചിന്താഗതിക്കാരായ ആളുകളുമുണ്ട്. അവര്‍ എന്നെ പിന്തുണക്കുന്നുമുണ്ട്. സത്യത്തിനു വേണ്ടിയാണ് നില്‍ക്കുന്നതെന്നതിനാല്‍ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല.
വിവ: ജുമൈല്‍ കൊടിഞ്ഞി
Comments