പ്രശ്‌നം ധനവിതരണത്തിലെ കടുത്ത അനീതി
നിങ്ങളുടെ കൈവശം ഒരു ട്രില്യന്‍ ഡോളറുണ്ടെങ്കില്‍, ഓരോ ദിവസവും പത്തു ലക്ഷം ഡോളര്‍ വീതം 2738 വര്‍ഷം തുടര്‍ച്ചയായി ചെലവഴിച്ചാലേ ആ സംഖ്യ തീരുകയുള്ളൂ! ഇത്രയും വലിയ സംഖ്യ ഇപ്പോള്‍ ലോകത്ത് ഒരാളുടെ കൈയിലുമില്ല. എന്നാല്‍, അടുത്ത 25 വര്‍ഷത്തിനകം ഇത്തരം രണ്ടോ മൂന്നോ ട്രില്യനയര്‍മാര്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതുമില്ല. ഒരുപക്ഷേ ആദ്യത്തെ ട്രില്യനയര്‍ ബില്‍ ഗേറ്റ്‌സ് ആയേക്കാം. ഇങ്ങനെ ലോക സമ്പത്തിന്റെ സിംഹഭാഗവും ഏതാനും വ്യക്തികളിലേക്ക് കുമിഞ്ഞുകൂടുന്നതിന്റെ ഭീകര ചിത്രമാണ് ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഓക്‌സ്ഫാം' പുറത്തുവിട്ട കണക്കുകളിലുള്ളത്. ലോകത്ത് ഇപ്പോള്‍ 740 കോടി മനുഷ്യരുണ്ട്. ഇതില്‍ സാമ്പത്തികമായി താഴെ തട്ടിലുള്ള 360 കോടി മനുഷ്യരുടെ (ലോകജനസംഖ്യയുടെ പകുതിയോളം) മൊത്തം സമ്പത്തിന്റെ അത്രയോ അതില്‍ കൂടുതലോ വെറും എട്ടു സമ്പന്നരുടെ കൈയിലുണ്ട്.
ദാവോസില്‍ വികസിത രാഷ്ട്രങ്ങളുടെ സാരഥികളും ബിസിനസ് പ്രമുഖരും ഒത്തുചേരുന്നതിന്റെ മുന്നോടിയായാണ് 'ഓക്‌സ്ഫാം' ധനിക-ദരിദ്ര അന്തരത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 'തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിനു വേണ്ടി ഒരു സമ്പദ്ഘടന' എന്ന റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം വളരെ അര്‍ഥവത്താണ്. ലോകത്ത് നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങളെല്ലാം അതിസമ്പന്നരായ ഒരു ശതമാനത്തിനു വേണ്ടി നിലകൊള്ളുന്നവയാണ്. രാഷ്ട്രങ്ങളുടെ ബജറ്റുകള്‍ വരെ എങ്ങനെയെന്ന് തീരുമാനിക്കുക ഈ അതിസമ്പന്നരായിരിക്കും. രാഷ്ട്രത്തിന്റെ യഥാര്‍ഥ കടിഞ്ഞാണ്‍ സമ്പന്നരുടെ കൈകളിലേക്ക് വഴുതിപ്പോയതിനാല്‍, അവര്‍ നടത്തുന്ന നികുതിവെട്ടിപ്പുകള്‍ പിടികൂടാനോ വിദേശത്തേക്ക് കടത്തുന്ന കള്ളപ്പണം തടയാനോ ദേശീയ ഭരണകൂടങ്ങള്‍ അശക്തമായിത്തീരുന്നു. ഇന്ത്യയില്‍ മോദി ചെയ്തതുപോലെ, ചെറിയ മീനുകളെ വലയിലാക്കി ഈ നിസ്സഹായാവസ്ഥ മറച്ചുപിടിക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കേണ്ട നികുതിയിനത്തിലുള്ള ഈ വന്‍തുക ലഭിക്കാതിരിക്കുന്നതാണ് ധനിക-ദരിദ്ര അന്തരം വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളെ തോന്നിയ പോലെ പിരിച്ചുവിടുന്നതും അവരുടെ കൂലിയും ശമ്പളവും വെട്ടിക്കുറക്കുന്നതുമാണ് മറ്റൊരു കാരണം. ഭരണകൂടങ്ങളെത്തന്നെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളായതിനാല്‍ തൊഴില്‍ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തപ്പെടുന്നു.
ഇന്ത്യയെക്കുറിച്ചും പ്രത്യേക പരാമര്‍ശമുണ്ട് ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍. 'സാകല്യേനയുള്ള വളര്‍ച്ച' (Inclusive Growth)യില്‍ വളരെ പിന്നിലാണ് ഇന്ത്യ. ഇക്കാര്യത്തില്‍ എഴുപത് വികസ്വര രാജ്യങ്ങളില്‍ അറുപതാമതാണ് ഇന്ത്യയുടെ സ്ഥാനം. വികസനം വളരെ കുറച്ചാളുകള്‍ക്കേയുള്ളൂ എന്നര്‍ഥം. ഇന്ത്യയുടെ മൊത്തം സമ്പത്ത് 3.1 ട്രില്യന്‍ ഡോളറാണ്. ഇതില്‍ 58 ശതമാനം സമ്പത്തും ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകള്‍ (അവരുടെ എണ്ണം ഒരു കോടി മുപ്പതു ലക്ഷം) കൈയടക്കി വെച്ചിരിക്കുന്നു. ഈ പണത്തിന്റെ വലിയൊരു ഭാഗം സത്യസന്ധമായി അധ്വാനിച്ചുണ്ടാക്കിയതല്ലെന്നും അഴിമതി നടത്തിയും ഭരണാധികാരികളെ വിലക്കെടുത്തും (Cronyism) അവിഹിതമായി നേടിയെടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പോള്‍ പണമില്ലാത്തതല്ല, പണം ചുരുക്കം ചിലരില്‍ കുമിഞ്ഞുകൂടുന്നതാണ് പ്രശ്‌നം. ജനസംഖ്യാ വര്‍ധനവാണ് ദാരിദ്ര്യത്തിന്റെ കാരണമെന്ന തിയറിയൊക്കെ എന്നോ കാലഹരണപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1943-ല്‍ ബംഗാള്‍ പ്രവിശ്യയില്‍ പട്ടിണി മരണം നടക്കാന്‍ പാടില്ലായിരുന്നു. ഇന്നത്തെ ഇരു ബംഗാളിലുമായി അന്ന് 63 ലക്ഷം മനുഷ്യര്‍ മാത്രമാണുണ്ടായിരുന്നത്. പട്ടിണി കിടന്നും പോഷകാഹാരക്കുറവ് കൊണ്ട് രോഗം വന്നും ഇതില്‍ 40 ലക്ഷം വരെ ആളുകള്‍ മരിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ബംഗാളില്‍ മനുഷ്യര്‍ മരിച്ചൊടുങ്ങുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ ധാന്യങ്ങള്‍ കയറ്റിയ നിരവധി ബ്രിട്ടീഷ് കപ്പലുകള്‍ കടന്നുപോയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അപ്പോള്‍ ധനവിതരണത്തിലെ കടുത്ത അനീതിയാണ് മൗലിക പ്രശ്‌നം. ധനം ധനികര്‍ക്കിടയില്‍ മാത്രമായി കറങ്ങരുതെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത് (59:7) അതുകൊണ്ടാണ്. ഒരു മാനവിക സമ്പദ്ഘടനയാണ് ലോകത്തിനാവശ്യം എന്ന് ചൂണ്ടിക്കാട്ടുന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട്, പരിഹാരമാര്‍ഗമായി ഒന്നാമതായി എടുത്തു പറയുന്നതും ഇതുതന്നെയാണ്- സമ്പത്തിന്റെ കനത്ത കേന്ദ്രീകരണം തടയുക എന്ന്. സാമ്പത്തിക മേഖലയില്‍ മത്സരമല്ല, സഹകരണമാണ് വേണ്ടതെന്നാണ് രണ്ടാമത്തെ പരിഹാരനിര്‍ദേശം. അവശവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എങ്കിലേ സാധ്യമാവൂ. ഇസ്‌ലാമിക സമ്പദ്ഘടനയുടെ അടിത്തറകളിലൊന്നാണിത്. സാങ്കേതിക ഭാഷയില്‍, തകാഫുല്‍; അഥവാ എല്ലാ അര്‍ഥത്തിലുമുള്ള സാമൂഹിക സുരക്ഷ. മുതലാളിത്ത നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ധനിക-ദരിദ്ര അന്തരം കൂട്ടാനേ ഉപകരിക്കൂ എന്ന് ഉറപ്പായ സ്ഥിതിക്ക്, എല്ലാ മനുഷ്യരുടെയും സാമ്പത്തിക സുസ്ഥിതിയും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്ന ബദല്‍ വഴികള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി ചൂണ്ടിക്കാട്ടിയതുപോലെ, സാമ്പത്തിക അസമത്വത്തിന് എതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ഹിംസാത്മകതയിലേക്ക് വഴിതിരിഞ്ഞുപോയേക്കാം.
Comments