ബ്രദര്‍ഹുഡിനെ ഭീകര ഗ്രൂപ്പില്‍ പെടുത്തരുതെന്ന് ന്യൂയോര്‍ക്ക് ടൈംസ്
മുസ്‌ലിം ലോകത്തെ മൊത്തം ശത്രുക്കളാക്കി മാറ്റാനാണോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത്? ഈ ചോദ്യത്തോടെയാണ് 2017 ഫെബ്രുവരി 9-ന് പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കുമെതിരെ 'പ്രാകൃത വിലക്ക്' ഏര്‍പ്പെടുത്തിയ ട്രംപ്, ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ ഭീകര സംഘടനകളില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതിനെ വിമര്‍ശിക്കുന്നതാണ് എഡിറ്റോറിയല്‍.
മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള കൂട്ടായ്മയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. അതിനെതിരെയുള്ള നീക്കം ഇസ്‌ലാമിന്റെ അനുയായികളെ താറടിക്കാനുള്ള ശ്രമമായാണ് പലരും കാണുന്നത്. റാഡിക്കല്‍ ഇസ്‌ലാം അമേരിക്കയെ വളഞ്ഞിരിക്കുകയാണെന്ന തരത്തില്‍ ഭീതി പെരുപ്പിച്ചു കാട്ടാന്‍ ശ്രമിക്കുകയാണ് പ്രസിഡന്റും അദ്ദേഹത്തിന്റെ ഉപദേശകരായ സ്റ്റീഫന്‍ ബാനന്‍, ഫ്രങ്ക് ജഫ്‌നി ജൂനിയര്‍ തുടങ്ങിയവരും. ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നേരത്തേയും ശ്രമം ഉണ്ടായിരുന്നെങ്കിലും ബറാക് ഒബാമ അതിനെ അതിജീവിക്കുകയായിരുന്നു. മില്യന്‍ കണക്കിനാളുകള്‍ അണിചേര്‍ന്ന ആ സംഘടന ഭീകര മുദ്ര അര്‍ഹിക്കുന്നില്ല എന്നതുതന്നെ കാരണം. ആ സംഘടന ഹിംസയില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, സംഘടനയെ കരിമ്പട്ടികയില്‍ പെടുത്തുന്നത് പല സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. പല നാടുകളിലും മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന പേരിലല്ല അത് പ്രവര്‍ത്തിക്കുന്നത് എന്നതാണ് അതിലൊന്ന്. ആശയപരമായി നോക്കിയാല്‍ തുര്‍ക്കിയിലെ ഭരണകക്ഷിയെ വരെ അതില്‍ പെടുത്തുകയും ചെയ്യാം. അങ്ങനെയെങ്കില്‍ നാറ്റോ അംഗ രാജ്യമായ തുര്‍ക്കിയുമായി അമേരിക്ക ബന്ധം നിലനിര്‍ത്തുന്നത് വരാന്‍ പോകുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ ലംഘനമാവില്ലേ? പ്രവര്‍ത്തന സ്വാതന്ത്ര്യം തടയപ്പെടുന്നതോടെ മുസ്‌ലിം ബ്രദര്‍ഹുഡിലെ ചില ധാരകളെങ്കിലും തീവ്ര നിലപാടുകള്‍ സ്വീകരിക്കില്ലേ എന്നും പത്രം ആശങ്കപ്പെടുന്നുണ്ട്.
എഡിറ്റോറിയല്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ''തന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിലൂടെ അമേരിക്കയെ ലോകത്തിന്റെ കണ്ണില്‍ ക്രൂരതയുടെയും കഴിവുകേടിന്റെയും പര്യായമായി മാറ്റുകയാണ് ട്രംപ് ചെയ്തിട്ടുള്ളത്. മുസ്‌ലിം ബ്രദര്‍ഹുഡിന് ഭീകരമുദ്ര ചാര്‍ത്തിക്കൊടുക്കുമെന്നും മറ്റുമുള്ള ഇപ്പോള്‍ നടക്കുന്ന സംസാരങ്ങള്‍, ഈ ഭരണകൂടം ഭീകരവാദികളുടെ പിന്നാലെ മാത്രമല്ല, ഇസ്‌ലാമിന്റെ പിന്നാലെയുമാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന കരാള ഭീതികള്‍ക്കാണ് ഇന്ധനം പകര്‍ന്നിരിക്കുന്നത്.''
ലോക ഹിജാബ് ദിനാചരണത്തിന്റെ രാഷ്ട്രീയം
''ഏതാനും വര്‍ഷങ്ങളായി ലോകത്ത് 'ഹിജാബ് ദിനം' ആചരിച്ചുവരുന്നുണ്ട്. പക്ഷേ, ഇത്തവണ പാശ്ചാത്യ ലോകത്ത് ഈ ദിനാചരണത്തിന് പ്രത്യേക മാനങ്ങള്‍ കൈവരികയുണ്ടായി. അമേരിക്കന്‍ നഗരങ്ങളിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ പരസ്പരം ഹിജാബ് ധരിപ്പിച്ചുകൊണ്ടാണ് ദിനം കൊണ്ടാടിയത്. ഫെബ്രുവരി ഒന്നിന് ന്യൂയോര്‍ക്കിലെ സിറ്റി ഹാളിന് മുന്നില്‍ ഒരുപാട് വനിതകള്‍ ഒരുമിച്ചുകൂടിയിരുന്നു. ഹിജാബ് ധരിച്ചുകൊണ്ട് വന്നെത്തിയ അവര്‍ പരസ്പരം അഭിവാദ്യങ്ങള്‍ കൈമാറി. അവരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും മറ്റു മതക്കാരുമൊക്കെ ഉണ്ടായിരുന്നു. ഇത്തവണത്തെ ഹിജാബ് ദിനാചാരണം ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മാറുകയായിരുന്നു.'' മെയ്ല്‍ ടുഡേ(2017 ഫെബ്രുവരി 3)യില്‍ വന്ന വാര്‍ത്തയാണിത്. ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും ഈ വാര്‍ത്ത അവഗണിക്കുകയോ അതിന്റെ പ്രാധാന്യം കുറച്ചുകാണുകയോ ചെയ്തു. മുസ്‌ലിം ചിഹ്നങ്ങള്‍, പ്രത്യേകിച്ച് ഹിജാബും നിഖാബും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ അപമാനിക്കപ്പെടാറാണ് പതിവ്. ഇതില്‍ വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ ലിബറലുകളെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ആ പ്രവണത മാറിവരുന്നു എന്നാണ് ഹിജാബ് ദിനാചരണം നല്‍കുന്ന സൂചന. വെള്ള വംശീയവാദം തലക്കു പിടിച്ച ട്രംപ് മുസ്‌ലിംകളെ പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യുമ്പോള്‍, മുസ്‌ലിം ചിഹ്നങ്ങള്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒരു ക്രിയാത്മക സ്വാധീനമാവുകയാണ്.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന നഗ്മ ഖാനും കൂട്ടുകാരികളുമാണ് 2013-ല്‍ ഫെബ്രുവരി ഒന്ന് 'വേള്‍ഡ് ഹിജാബ് ഡേ' (WHD) ആചരിക്കാന്‍ തീരുമാനിച്ചത്. അതൊരു ചടങ്ങായി, ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നുവരികയും ചെയ്തിരുന്നു. അത്യന്തം കലുഷമായ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ മതവിശ്വാസികളെയും ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്യാനായിരുന്നു നഗ്മയുടെ തീരുമാനം. #Stand4Hijab എന്ന ഹാഷ് ടാഗില്‍ ഹിജാബ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രതികരണം വളരെ ആശാവഹമായിരുന്നു. ''വേള്‍ഡ് ഹിജാബ് ഡേ പ്രവര്‍ത്തകരുടെ ലക്ഷ്യം എല്ലാവരും പരസ്പരം ആദരിക്കുന്ന സമാധാനപൂര്‍ണമായ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ്. ചില നാടുകള്‍ ഹിജാബിന് തന്നെ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്''- നഗ്മ ഖാന്‍ പറയുന്നു.
ജൂതന്മാരും മുസ്‌ലിംകളും കൈകോര്‍ക്കുന്നു
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സയണിസ്റ്റ് ലോബി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നാം ധാരാളം കേള്‍ക്കാറുണ്ട്. ജൂതമതം എന്നാല്‍ സയണിസം എന്ന് ധരിക്കുന്നവരും കുറവല്ല. യഥാര്‍ഥത്തില്‍ ജൂതമതവും സയണിസവും തമ്മില്‍ ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള അകലമുണ്ട്. മുസ്‌ലിംകളെ പോലെ ജൂതന്മാരും അമേരിക്കയിലെ മതന്യൂനപക്ഷമാണ്. മുസ്‌ലിംകള്‍ നേരിടുന്നതു പോലെയുള്ള വംശീയാതിക്രമങ്ങള്‍ക്ക്, അത്രയധികമില്ലെങ്കിലും, അവരും ഇരകളാണ്. ട്രംപ് തന്റെ മുഖ്യ നയതന്ത്രജ്ഞനും ഉപദേഷ്ടാവുമായി കടുത്ത വംശീയവാദിയായ സ്റ്റീഫന്‍ കെ. ബാനണിനെ നിയമിച്ചതോടെ ജൂതര്‍ ഉള്‍പ്പെടെയുള്ള എല്ലാ മതന്യൂനപക്ഷങ്ങളും കടുത്ത ആശങ്കയിലായി. വലതുപക്ഷ വംശീയവാദികളുടെ Breitbart News എന്ന പത്രം എഡിറ്റ് ചെയ്തിരുന്നു ഇയാള്‍. മുസ്‌ലിംകള്‍, ജൂതന്മാര്‍, മറ്റു മതന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവര്‍ക്കെതിരെ വിഷം ചീറ്റുന്ന കുറിപ്പുകളായിരുന്നു ആ പത്രത്തിന്റെ പ്രധാന ഉള്ളടക്കം.
ഈയൊരു പശ്ചാത്തലത്തിലാണ് അമേരിക്കയിലെ ജൂത-മുസ്‌ലിം സമൂഹങ്ങളിലെ പ്രധാന സംഘടനകളായ അമേരിക്കന്‍ ജ്യൂയിഷ് കമ്മിറ്റിയും ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ഇസ്‌ന)യും ചേര്‍ന്ന് 'മുസ്‌ലിം -ജ്യൂയിഷ് അഡൈ്വസറി കൗണ്‍സിലി'ന് രൂപം നല്‍കിയത്. ''അമേരിക്കന്‍ മുസ്‌ലിംകളും ജൂതനേതൃത്വവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കൗണ്‍സിലിന്റെ രൂപവത്കരണം. രാജ്യത്തിന് നല്ലൊരു സന്ദേശമാണ് ഇത് നല്‍കുന്നത്.'' കൗണ്‍സിലിന്റെ ഡയറക്ടര്‍മാരിലൊരാളായ റോബര്‍ട്ട് സില്‍വര്‍മാന്‍ പറയുന്നു. മുന്‍ യു.എസ് സെനറ്റര്‍ ജോസഫ് ലിബര്‍മാന്‍, ഇമാം മുഹമ്മദ് മാജിദ്, റബ്ബി ഡേവിഡ് വോള്‍പ്, ഫാറൂഖ് കത്‌വാരി തുടങ്ങിയ നിരവധി പ്രമുഖര്‍ കൗണ്‍സിലില്‍ അംഗങ്ങളാണ്. മുസ്‌ലിംകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ ജൂതകൂട്ടായ്മകളുമുണ്ട്. 'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്' അതിലൊന്നാണ്. മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ചിത്രപ്രദര്‍ശനം അവര്‍ നടത്തിയിരുന്നു; 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം' (Rufugees are Welcome) എന്ന തലക്കെട്ടില്‍.
മുസ്‌ലിം രജിസ്ട്രി എന്നാല്‍
മുസ്‌ലിംകള്‍ക്ക് പ്രത്യേക രജിസ്ട്രി ഉണ്ടാക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ് ജോര്‍ജ് ടക്കായി എന്ന ജപ്പാനീസ് വംശജനായ അമേരിക്കക്കാരന്‍. രണ്ടാം ലോകയുദ്ധകാലത്ത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ വംശജരായ ഒരു ലക്ഷത്തിലധികം അമേരിക്കക്കാരെ പ്രസിഡന്റ് റൂസ്‌വെല്‍റ്റ് പ്രത്യേകം ക്യാമ്പുകളിലേക്ക് (Internment Camps) മാറ്റിത്താമസിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണിതെന്ന് വിശദീകരിക്കപ്പെട്ടുവെങ്കിലും, വംശീയ വിദ്വേഷമായിരുന്നു യഥാര്‍ഥ പ്രേരകം. വലിയ യാതനകളാണ് ആ ക്യാമ്പുകളില്‍ ജപ്പാനീസ് വംശജര്‍ക്ക് നേരിടേണ്ടിവന്നത്. അന്ന് കുട്ടിയായിരുന്ന ജോര്‍ജ് ടക്കായിയും അത്തരമൊരു ക്യാമ്പില്‍ അകപ്പെട്ടിരുന്നു. ''ഇതുപോലൊന്ന് ഇനി സംഭവിക്കുകയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ട്രംപിന്റെ വക്താവ്, രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനീസ് അമേരിക്കക്കാരെ താമസിപ്പിച്ചിരുന്ന ഇന്റേണ്‍മെന്റ് ക്യാമ്പുകളെക്കുറിച്ച് പറഞ്ഞത്. മുസ്‌ലിം രജിസ്ട്രിയെക്കുറിച്ചായിരുന്നു സൂചന. ഇത് എവിടേക്കാണ് എത്തിക്കുക എന്ന് എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് ഈ ഒപ്പുശേഖരണം.'' ജപ്പാനീസ് ഇന്റേണ്‍മെന്റ് ക്യാമ്പിന്റെ അതേ മാതൃകയിലായിരിക്കും മുസ്‌ലിം രജിസ്ട്രി കൊണ്ടുവരികയെന്നും അതിനാല്‍ ഇത് തടയാന്‍ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ കത്തെഴുതണമെന്നും കൂടി അദ്ദേഹം ഉണര്‍ത്തുന്നുണ്ട്.
Comments