ഈ കരുണക്കടല്‍ വറ്റിപ്പോകില്ല
മരുഭൂമി കത്തുന്ന ഉച്ചസമയം. തിരുനബിയുടെ ഭവനത്തില്‍ ആരോ വന്ന് പതിഞ്ഞ സ്വരത്തില്‍ വാതിലില്‍ മുട്ടുന്നു. രണ്ട് പെണ്‍കുട്ടികളുടെയും ചൂണ്ടുവിരല്‍ പിടിച്ച് ഒരു മാതാവ് ഉമ്മറപ്പടിയുടെ മുന്നില്‍ നിന്ന് അല്‍പം മാറിനിന്നു. സൂര്യന്റെ അഗ്നിശരങ്ങള്‍ പതിച്ച് കരുവാളിച്ച മുഖങ്ങള്‍. വിശപ്പിന്റെ കാഠിന്യത്താല്‍ പുഞ്ചിരി വറ്റിപ്പോയ പിഞ്ചുമക്കളുടെ ഇടറിയ ചുണ്ടുകള്‍. പട്ടിണി കൊണ്ട് വലഞ്ഞ കുഞ്ഞോമനകള്‍ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്കാന്‍ കഴിയാത്ത മാതാവിന്റെ ആകുലത നിറഞ്ഞ മുഖം. ഒട്ടിയ കവിളുകളില്‍ ജീവിത പ്രാരാബ്ധത്തിന്റെ നികത്താനാവാത്ത കുഴികള്‍. നബിപത്‌നി ആഇശ(റ) വാതില്‍ തുറന്നപ്പോള്‍ കുഞ്ഞുമക്കളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. അമ്പിളിക്കീറിന്റെ ചന്തമുള്ള കവിളുകളില്‍ പട്ടിണിയുടെ കാര്‍മുകില്‍ വിഷാദം. ആഇശ(റ)യുടെ മനസ്സ് ഒന്ന് പിടഞ്ഞു. പ്രവാചക ഭവനത്തില്‍ ഒഴിഞ്ഞ ഭക്ഷണപാത്രങ്ങള്‍. ആഇശയുടെ കൈയില്‍ ആകെയുള്ളത് സുന്നത്ത് നോമ്പ് മുറിക്കാന്‍ കരുതിവെച്ച ഒരു ചുള കാരക്ക മാത്രം. കഴിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനുള്ള പരിശീലനമാണല്ലോ നോമ്പ്. കാത്തുവെച്ച കാരക്ക ആഇശ(റ) ആ മാതാവിന്റെ കൈയില്‍ വെച്ചു കൊടുത്തു. അമ്മക്കിളിയുടെ ചുണ്ടില്‍ പ്രതീക്ഷയോടെ നോക്കുന്ന കുഞ്ഞിക്കിളികളെ പോലെ ആ മക്കള്‍ ഉമ്മയെ നോക്കി. ആ മാതാവിനാകട്ടെ ഒന്നല്ല ഒരു കുല ഈത്തപ്പഴം കഴിച്ചാലും തീരാത്ത അത്ര വിശപ്പുണ്ട്. ആഇശ കണ്ണെടുക്കാതെ ആ മാതാവിനെ നോക്കിക്കൊണ്ടിരുന്നു. വാത്സല്യനിധിയായ മാതാവ് കാരക്ക രണ്ടായി പകുത്തു. കുഞ്ഞോമനകളുടെ ചുണ്ടുകളില്‍ ഉത്സാഹത്തോടെ വെച്ചുകൊടുത്തു. കുഞ്ഞിളം ചുണ്ടുകളില്‍ മാധുര്യത്തിന്റെ പുഞ്ചിരി വിരിഞ്ഞു. ഉമ്മയുടെ നെഞ്ചകത്തുനിന്ന് ആത്മസംതൃപ്തിയുടെ ചുടുനിശ്വാസമുയര്‍ന്നു. ആഇശയുടെ മനസ്സില്‍ ആ മാതൃവാത്സല്യത്തിന്റെ സ്‌നേഹതന്ത്രികള്‍ വീണമീട്ടി. ഉമ്മയും മക്കളും സന്തോഷത്തോടെ മടങ്ങി.
മരുഭൂമിയിലെ സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മെല്ലെ മെല്ലെ നീങ്ങി; നബി തന്റെ ഭവനത്തിലേക്കും. ആഇശ തന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന ആ മാതൃസ്‌നേഹത്തിന്റെ വൈകാരിക ഭാവം പ്രവാചകനിലേക്ക് പകര്‍ന്നു. സംഭവം ആദ്യാവസാനം കേട്ടുകഴിഞ്ഞപ്പോള്‍ പ്രവാചക നേത്രങ്ങളില്‍ അശ്രുകണങ്ങള്‍ നിറഞ്ഞു. വിതുമ്പുന്ന ചുണ്ടുകളോടെ പ്രവാചകന്‍ പറഞ്ഞു: ''അതാണ് ആഇശാ മാതൃഹൃദയം. പടച്ചവന്‍ ഭൂമിയില്‍ സൃഷ്ടിച്ച കാരുണ്യത്തിന്റെ പുണ്യസാഗരം.''
'അമ്മ'യും 'ഉമ്മ'യും ലോകത്തെ ഒരു നിഘണ്ടുവിനും അര്‍ഥം പറയാന്‍ കഴിയാത്ത മഹാത്ഭുത നാമങ്ങളാണ്. ഒരു സാമൂഹിക ശാസ്ത്രജ്ഞനും ആ സൃഷ്ടിവൈഭവത്തെ നിര്‍വചിക്കാന്‍ കഴിയില്ല. മനുഷ്യന്‍ കണ്ടുപിടിച്ച ഒരു ഉപകരണത്തിനും മാതൃമനസ്സിന്റെ കരുണാര്‍ദ്രഭാവത്തെ അളക്കാന്‍ കഴിയില്ല. വാക്കുകളിലൊതുങ്ങാത്ത നിര്‍വചനങ്ങളുടെ മഹാ സാഗരമാണ് മാതാവ്. ഒന്നല്ല; ഏഴു കടലുകളും കൂടിച്ചേര്‍ന്ന കാരുണ്യത്തിന്റെ അലയൊടുങ്ങാത്ത മഹാ സാഗരം.
ദയാനിധിയായ നാഥന്‍ നിക്ഷേപിച്ച മാതൃകാരുണ്യത്തിന്റെ ആഴവും പരപ്പും ഈയിടെ സാംസ്‌കാരിക കേരളം കണ്ടു. എറണാകുളം കാക്കനാട് ബി.എസ്.എന്‍.എല്‍ റോഡിലെ ഫഌറ്റ് സമുച്ചയം. 14-ാം നിലയിലെ മുറിയുടെ ഓട്ടോമാറ്റിക് വാതില്‍ കാറ്റില്‍ അടഞ്ഞു, കുട്ടി മുറിയില്‍ അകപ്പെട്ടുപോയി. വാതില്‍ കുത്തിത്തുറക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ കഠിന ശ്രമം വിഫലമായി. മുറിയിലകപ്പെട്ട കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി. വാതില്‍ തുറക്കുന്നതുവരെയും കാത്തിരിക്കാന്‍ ആ മാതൃമനസ്സ് സമ്മതിച്ചില്ല. കുട്ടിയുടെ അടങ്ങാത്ത കരച്ചില്‍ ആ മാതാവിനെ ഖിന്നയാക്കി. രണ്ട് വയസ്സുള്ള മകന്‍ ശിവതിനെ രക്ഷിക്കാന്‍ മാതാവ് മേഘ ഫഌറ്റിനു പിന്നിലെ പിരിയന്‍ കോണിയിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ചു. കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ കാല്‍ തെന്നിവീണ ആ മാതാവ് മരിച്ചു. പുത്രവാത്സല്യത്തിന്റെ ജലവാഹിനികളായ മഴമേഘമായി മാറി മേഘ എന്ന മാതാവ്.
ദാരുണമായ മരണത്തില്‍ പലരും പരിഭവിച്ചു. സഹതാപ വികാരങ്ങള്‍ നിറഞ്ഞ കുറിപ്പുകളെഴുതി. 101-ല്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സും 108 ഞെക്കിയാല്‍ ദുരന്ത നിവാരണസേനയും 100 തൊട്ടു വിളിച്ചാല്‍ പോലീസും എത്തുമായിരുന്നു എന്ന് പലരും ഓര്‍മപ്പെടുത്തി. ആകസ്മികമായുണ്ടാകുന്ന വിപത്ഘട്ടങ്ങളെ എങ്ങനെ മറികടക്കാമെന്ന ഓര്‍മപ്പെടുത്തലുകള്‍ പ്രശംസനീയം തന്നെ. പക്ഷേ, മാതൃഹൃദയത്തിന് അത്തരം യുക്തികളൊന്നും ആപത്ഘട്ടങ്ങളില്‍ ഉള്‍ക്കൊള്ളാനായെന്നുവരില്ല. സ്വന്തം ജീവാംശം ഇല്ലാതാകുമ്പോള്‍ സ്വന്തം ജീവന്‍ കൊടുത്തും ജീവന്റെ ജീവനായ അരുമക്കിടാവിനെ രക്ഷിക്കാന്‍ ജീവത്യാഗം ചെയ്യുന്ന കാരുണ്യത്തിന്റെ സൗഭാഗ്യങ്ങളാണ് മാതാപിതാക്കള്‍. മാനം മുട്ടുന്ന സ്‌നേഹവികാരങ്ങളില്‍ അപകടം പതിയിരിക്കുന്ന പടവുകള്‍ അവര്‍ മനഃപൂര്‍വം മറന്നുപോകുന്നു. മാതാവിനു പകരംവെക്കാന്‍ മാതാവു മാത്രം. കരുണയുടെ ചിറക് വിരിക്കുന്ന സ്‌നേഹവാത്സല്യം കൊണ്ട് ത്യാഗസമര്‍പ്പണത്തിന് അര്‍ഹതപ്പെട്ടത് നിന്റെ മാതാവ് തന്നെ എന്ന നബിമൊഴിക്ക് ചരിത്രത്തില്‍ ഒരു മറുമൊഴിയുമില്ല.
മാതൃസ്‌നേഹത്തിന്റെ ആഴങ്ങളും കാരുണ്യത്തിന്റെ വിശാലതയും വ്യക്തമാക്കിയ റസൂല്‍ പിതാവിന്റെ ഹൃദയത്തില്‍ ഉറവയെടുക്കുന്ന വാത്സല്യവികാരത്തെ വിസ്മരിച്ചില്ല. ജീവിത പ്രാരാബ്ധങ്ങളും കുടുംബ ഭാരങ്ങളും ശിരസ്സാ വഹിക്കുന്ന പിതാവിനെയും ഖുര്‍ആന്‍ മാതൃത്വത്തോട് ചേര്‍ത്തുവെച്ചു. നെഞ്ച് തള്ളി വാരിയെല്ലുകള്‍ ഉന്തിയും മുതുക് വളഞ്ഞും പോയത് മക്കളെ നട്ടെല്ല് നിവര്‍ത്തി നിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത പിതാവിന്റെ ത്യാഗത്തിന്റെ അടയാളങ്ങളാണ്. നിത്യജീവിതത്തിന്റെ പ്രയാസങ്ങള്‍ അറിയിക്കാതെ മക്കളെ പോറ്റിവളര്‍ത്തുന്ന മാതാപിതാക്കള്‍ കുഞ്ഞിക്കിളിക്കു വേണ്ടി ജീവിതം ഹോമിച്ച് ഇരു പാര്‍ശ്വങ്ങളിലേക്കും പിളര്‍ന്ന് മറിഞ്ഞ മുട്ടത്തോട് പോലെയാകുന്നു. വര്‍ണപ്പറവകള്‍ വാനില്‍ പാറുമ്പോള്‍ മുട്ടത്തോടുകള്‍ അതിന്റെ പരിഭവങ്ങള്‍ മറക്കുന്നു.
ഗൃഹഭരണത്തിന്റെ നായകത്വം പലപ്പോഴും പിതാവിനെ കാര്‍ക്കശ്യക്കാരനായി വിലയിരുത്താനിടയാക്കുന്നു. ചിലപ്പോഴെങ്കിലും ഉണ്ടാകാറുള്ള തീക്ഷ്ണമായ നോട്ടത്തിനും മൂര്‍ച്ചയുള്ള വാക്കുകള്‍ക്കുമപ്പുറം വാരിയെല്ലുകള്‍ എണ്ണിയെടുക്കാന്‍ കഴിയുന്ന നെഞ്ചിനുള്ളില്‍ ആഴമളക്കാനാവാത്ത സ്‌നേഹവാത്സ്യത്തിന്റെ ഹൃദയം പിതാവിനുമുണ്ടെന്ന് നാം മറന്നുപോകുന്നു. ചില സന്ദിഗ്ധ വേളകളില്‍ പിതാവും മാതാവിനോളം അണമുറിയാത്ത കരുണാ പ്രവാഹമായി മാറുന്നു.
മൂലമറ്റം ഗവ. വി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായിരുന്ന അനഘക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കെ വാഹനമിടിച്ച് പരിക്കേറ്റു. മാതാപിതാക്കളുടെയും സഹപാഠികളുടെയും നാടിന്റെയും കണ്ണീരണിഞ്ഞ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ചികിത്സയിലിരിക്കെ വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ വിടപറഞ്ഞു. തൊടുപുഴ കുളമാവ് പുതുപ്പറമ്പില്‍ അനിലിന്റെയും അമ്മ ശാന്തയുടെയും പ്രതീക്ഷയുടെ ചിറകുകളറ്റു. ചേതനയറ്റ പൊന്നുമോളുടെ നിശ്ചലമായ ശരീരം പൊതുദര്‍ശനത്തിനു വെച്ചു. ബന്ധുക്കളും അധ്യാപകരും സഹപാഠികളും നാട്ടുകാരും തീവ്രമായ ദുഃഖം കടിച്ചമര്‍ത്തിനിന്ന നിമിഷം. സ്‌നേഹനിധിയായ പിതാവ് മടിയില്‍ സൂക്ഷിച്ച പാദസരം നിശ്ചലമായ അനഘയുടെ പാദങ്ങളില്‍ അണിയിച്ചു. സ്‌നേഹനിധിയായ പൊന്നുമോളുടെ അന്ത്യയാത്രയില്‍ ഒരു പിതാവും നല്‍കാത്ത അന്ത്യസമ്മാനം. അല്ലലും അലട്ടലുമില്ലാതെ തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടയില്‍ വൈമനസ്യത്തോടെയെങ്കിലും അനിവാര്യമായി എടുക്കേണ്ടിവന്നതാണ് ആ പാദസരം. താളാത്മകമായ സംഗീതത്തില്‍ കിലുങ്ങേ പാദസരം. അത് ആ മരണ വീടിനെ കൂട്ടക്കരച്ചിലിലേക്കെത്തിച്ചു.
അനഘയുടെ നിശ്ചലമായ പാദങ്ങളില്‍ പിതാവ് അണിഞ്ഞ പാദസരം ഒരുപക്ഷേ മണ്‍മറഞ്ഞുപോയേക്കാം. പക്ഷേ, ഹൃദയഭിത്തികള്‍ക്കുള്ളിലെ അറകളില്‍ ഉറവയെടുത്ത സ്‌നേഹവാത്സല്യത്തിന്റെ മങ്ങാത്ത ഓര്‍മകളായി ആ പാദസം കൈരളിയുടെ മനസ്സില്‍ അവശേഷിക്കും. മണ്ണായി മാറുന്ന പാദങ്ങളില്‍ നാമാവശേഷമാകാന്‍ ആ സുവര്‍ണ പാദസരം എന്തിന് അണിയണം എന്ന ഭൗതിക ശാസ്ത്രത്തിന്റെ മാനങ്ങള്‍ വെച്ച് നമുക്ക് ചിന്തിക്കാം. പക്ഷേ കാല്‍ക്കുലേറ്ററിലെ അക്കങ്ങള്‍ക്കും ശാസ്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ക്കും തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്‌നേഹസ്വരൂപങ്ങളാണ് മാതാപിതാക്കള്‍.
സാക്ഷര സാംസ്‌കാരിക കൈരളിയുടെ കണ്ണുകളെ നനയിച്ച് ഫഌറ്റ് സമുച്ചയത്തില്‍നിന്നു വീണ് ജീവന്‍ വെടിഞ്ഞ മേഘ എന്ന മാതാവും, ചലനമറ്റ മകളുടെ പാദങ്ങളില്‍ സ്വര്‍ണ പാദസരം ചാര്‍ത്തിയ അനിലെന്ന പിതാവും പുതിയ തലമുറക്ക് മനസ്സിലാകാതെ പോകുന്ന മാതാപിതാക്കളുടെ സ്‌നേഹവാത്സല്യത്തിന്റെ ഒരിക്കലും മരിക്കാത്ത പ്രതീകങ്ങളാണ്. താരജോഡികളെ സാക്ഷിനിര്‍ത്തി, പുരോഹിതന്മാരുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍ വൃദ്ധസദനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിന്റെ റിബണ്‍ മുറിക്കുമ്പോള്‍ അറ്റുപോകുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ദൈവികവും സ്വര്‍ഗീയവുമായ പൊക്കിള്‍കൊടി ബന്ധമാണ്.
''മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാം ഉപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതോ രണ്ടു കൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക. ഓര്‍ക്കുക; എന്റെ അടുത്തേക്കായിരിക്കും നിന്റെ തിരിച്ചുവരല്‍'' (വിശുദ്ധ ഖുര്‍ആന്‍ 31:14).
Comments