Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

അക്ഷരസദ്യയില്‍ പാഷാണ ഉപദംശം

പി.ടി കുഞ്ഞാലി

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം അധ്യായം മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോഴിക്കോട്ട് ഗംഭീരമായി സമാപിച്ചു. ചലച്ചിത്രോത്സവം തിരുവനന്തപുരത്തും ബിനാലെ മധ്യകേരളത്തിലും ഇരമ്പിക്കടന്നപ്പോള്‍ കോഴിക്കോടിനു ലഭിച്ച സര്‍ഗാത്മക സമ്മാനമാണ് തീര്‍ച്ചയായും  നാലു ദിനത്തോളമെത്തിയ ഈയൊരു ധൈഷണിക വിനിമയം. ഡി.സി ബുക്‌സിന്റെ സാരഥികള്‍ സ്വന്തം ആസ്ഥാനമായ കോട്ടയം  നഗരത്തില്‍നിന്ന്  ഇത്തരമൊരു ആഘോഷത്തിന്റെ വേദി  കോഴിക്കോട്ടേക്ക്  സ്ഥിരപ്പെടുത്തിയത്  കേരളത്തിലെ ഏറ്റവും വിസ്തൃതമായ വായനാസമൂഹത്തെ ഇന്നു ലഭിക്കാനിടയുള്ളത് മലബാറിന്റെ പരിവൃത്തത്തിലായിരിക്കും എന്ന തിരിച്ചറിവുകൊണ്ടുകൂടിയായിരിക്കണം.  ആ നിരീക്ഷണം രണ്ടാം അധ്യായത്തിലും സത്യമായി പുലര്‍ന്നു. ഫെബ്രുവരി രണ്ടോടെ തുടര്‍ച്ചയായി നാലു വേദികളിലായി ആശയങ്ങളുടെ ഉല്‍പ്പാദനവും വിപുലനവും സമാരംഭിക്കുകയായി. മൂലധന ശക്തികള്‍ക്ക് മാത്രം ഉപകാരമാക്കാന്‍ പാകത്തില്‍  ഇന്ത്യന്‍ സാമ്പത്തികമണ്ഡലം  ഉടച്ചുകൊടുത്ത  ദേശദ്രോഹത്തെ പ്രസംഗവശാല്‍ നിരീക്ഷിച്ച എം.ടി പോലും ദേശവിരോധികളുടെ ചെപ്പേടിലേക്ക് 'വാഴ്ത്തപ്പെട്ട' പശ്ചാത്തലത്തില്‍  ഫാഷിസത്തിന്റെ രൗദ്രവേഗത്തിനെതിരെയുള്ള അക്ഷരപ്രതിരോധം അനിവാര്യമായും സംഭവിക്കേണ്ടതാണ്. 

എഴുത്തോല, അക്ഷരം, തൂലിക, വെള്ളിത്തിര എന്നീ നാലു വേദികളിലായി രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പത് മുപ്പതു വരെ  ഇടതടവില്ലാതെ കൃത്യത പാലിച്ചുകൊണ്ട് പുരോഗമിച്ച ഉത്സവം സംഘാടനത്തില്‍ മികവ് പുലര്‍ത്തി. ഒന്നാം ദിവസത്തെ ശ്രദ്ധേയമായ സംവാദമണ്ഡലം ഭാഷയുടെ വ്യവഹാരമായിരുന്നു. മാതൃഭാഷയുടെ ലാവണ്യവിസ്മയത്തിലേക്ക് പൗരസഞ്ചയം ആഗോളത്തില്‍ തന്നെ  ഉണരുന്ന പുതുകാലത്ത്  ജന്മഭാഷയുടെ  പട്ടാംബരം ഊരിയെറിഞ്ഞ്  അധിനിവേശ മുഷ്‌കിന്റെ  വേതാളഭാഷയെ പുല്‍കിയുണരുന്ന മലയാളിയുടെ  അഹംബോധത്തെയാണീ വേദികള്‍ പ്രധാനമായും വ്യവഹരിച്ചത്. ഭാഷയും ചിത്രവും ഫാഷിസത്തിന്റെ  ഉപകരണമാകുമ്പോള്‍ എഴുത്തുകാര്‍ തീര്‍ച്ചയായും പുതിയ ഭാഷ കണ്ടെത്തേണ്ടിവരും. മലയാളമെവിടെ, ഭാഷക്കുള്ളിലെ ഭാഷ, ശ്രേഷ്ഠ മലയാളം, പത്രമലയാളം തുടങ്ങിയ സംവാദങ്ങള്‍ മലയാളി മറക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ഥ്യലോകത്തെ തീക്ഷ്ണമായി അനാവൃതമാക്കി. എന്റെ രാഷ്ട്രീയം എന്ന തലക്കുറിയില്‍  ചെറുകഥാകൃത്ത്  ടി. പത്മനാഭനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും  നടത്തിയ സംവാദം  വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ  പരിപ്രേക്ഷ്യത്തില്‍ അത്യന്തം സംഗതമായി. ഫാഷിസത്തിന്റെ അജയ്യവും അദൃശ്യവുമായ രൂക്ഷസാന്നിധ്യത്തെയും അതിന്റെ ഒറ്റക്കണ്ണന്‍ കാഴ്ചകളെയും ജനാധിപത്യ സംവാദത്തിനു വിധേയമാക്കി എന്നത് ഈ അവതരണത്തിന്റെ മേന്മയാണ്. സിദ്ധാന്തങ്ങളില്‍നിന്ന് പ്രയോഗത്തിലേക്ക് വരുമ്പോള്‍ ഇടതുപക്ഷം വഴുക്കിപ്പോകുന്ന നിരവധി മണ്ഡലങ്ങളെ  സംവാദാത്മകമായി  പങ്കുവെക്കാനായത് ശുഭകരമായ ധൈഷണിക സംബോധനയാണ്.

ദേശീയതക്ക് ചിത്തഭ്രമം പിടിപെടുന്ന കാലമാണിത്. രാജ്യസ്‌നേഹത്തിന് സ്വയം ഉടമസ്ഥാവകാശം പ്രഖ്യാപിക്കുകയും മറ്റുള്ളവരഖിലം രാഷ്ട്രവ്യവസ്ഥയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്ന കെട്ടകാലത്ത് ചരിത്രനിര്‍മിതിയിലെ അപഭ്രംശത്തെ പ്രതി എം.ജി.എസ് നാരായണന്റെ വിശകലനം ശ്രദ്ധേയമായി. ചരിത്രബോധം പൊതുവെ കുറഞ്ഞ ജനതയാണ് മലയാളികള്‍. മ്യൂസിയം, ഗാലറി ആര്‍ക്കൈവ്‌സ് എന്നിത്യാദി സാംസ്‌കാരിക രൂപങ്ങള്‍ നാം ഇനിയും പരിചിതമാക്കേണ്ട  മണ്ഡലങ്ങളാണ്. ഇന്നലെകളുടെ തിരുശേഷിപ്പുകള്‍ മാത്രമല്ലത്. നാളെയിലേക്കുള്ള മഹത്തായ കോപ്പുകളാണ്. എത്ര വേഗത്തിലോടുന്ന വാഹനത്തിനും പിന്നോട്ടു മാത്രം കാണുന്ന ഒരു കണ്ണാടി കാണും. പിന്നിട്ടുപോന്ന കാഴ്ചയിലൂടെയാണ് പിന്നിടേണ്ട മഹാരഥ്യകള്‍ ദൃശ്യപ്പെടുക. അതുകൊണ്ട് പ്രഗത്ഭര്‍ പങ്കെടുത്ത ആ സംവാദ മേഖല  കൗതുകകരവും  പ്രസക്തവുമായി. മലബാറിന്റെ അറേബ്യന്‍ സാന്നിധ്യം, ഇസ്‌ലാമിന്റെ വ്യാപനം, അപ്പോഴും ഇവിടെ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദം, പറങ്കി അധിനിവേശം, ടിപ്പുവിന്റെ സാംസ്‌കാരിക ഇടപെടലുകള്‍ ഇതിലൂടെയൊക്കെ എം.ജി.എസും എം.ആര്‍ രാഘവ വാര്യരും നടത്തിയ ചരിത്രസഞ്ചാരം പ്രസക്തമായി.  

തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ ഏതാണ്ട് അസ്തമിച്ചുപോവുകയും  ഏകശിലാപ്രധാനമായ സാമൂഹിക സങ്കല്‍പങ്ങള്‍ മുന്‍കൈകള്‍ വികസിപ്പിക്കുകയും  ചെയ്യുന്ന വര്‍ത്തമാനകാലത്ത്  തീര്‍ത്തും സമകാലിക സാഹിത്യ സാംസ്‌കാരിക സമസ്യകള്‍ നിര്‍ഭയമായി അവതരിപ്പിക്കാനും സംവാദങ്ങള്‍  സംഘടിപ്പിക്കാനുമുള്ള വേദികള്‍ ഇന്ന് അനിവാര്യമാണെന്നത് സത്യമാണ്. ആ അര്‍ഥത്തില്‍ ഈ സാഹിത്യമേള സാര്‍ഥകമാണ്. ഉത്സവാഘോഷത്തിന്റെ അണയത്തും അമരത്തും വന്നത്  സച്ചിദാനന്ദനായി എന്നത് ബഹുസ്വരമായ പൊതുമണ്ഡലത്തെ പ്രചോദിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും. കാരണം ഇന്ന് ഇന്ത്യയില്‍  ആര്‍ത്തലച്ചുവരുന്ന സാംസ്‌കാരിക ഫാഷിസത്തിന് പ്രതിരോധം തീര്‍ക്കുന്ന മതേതര കൂട്ടായ്മയിലെ ശ്രദ്ധേയ സാന്നിധ്യം തന്നെയാണ് സച്ചിദാനന്ദന്‍. അദ്ദേഹത്തിന്റെ  എഴുത്തും ഇടപെടലുകളും ഉന്നം വെക്കപ്പെട്ട ന്യൂനപക്ഷ-ദലിത് സമൂഹത്തിന് അത്രക്കുള്ള ഊര്‍ജവും ശേഷിയുമാണ് സമ്മാനിക്കുന്നത്. അദ്ദേഹം ഇത്തരമൊരു യജ്ഞത്തിന്റെ മുഖ്യസ്ഥാനത്തെത്തിയത്  അനുയോജ്യം തന്നെ.

അപ്പോഴും പക്ഷേ സംഭവിക്കേണ്ടതില്ലാത്ത ഒന്നു രണ്ടു സ്ഖലിതങ്ങളുണ്ടായി എന്നത് കാണാതിരുന്നുകൂടാ.  ഈ മഹോത്സവം തീര്‍ത്തും സര്‍ഗാത്മക വ്യവഹാരങ്ങളാല്‍ കേന്ദ്രീകൃതമായിരുന്നു. മിക്കവാറും ചര്‍ച്ചകളും  ആ അര്‍ഥത്തില്‍ മനോഹരവും  സന്തുലിതവുമായി. എന്നാല്‍ മുസ്‌ലിം സാമൂഹികമണ്ഡലത്തില്‍ നിന്നുകൊണ്ട് ഒന്നിലേറെ  ചര്‍ച്ചകള്‍ സംഘാടകര്‍ ഇതില്‍ അത്യന്തം ആവേശത്തോടെ ഉള്‍പ്പെടുത്തി. ഇതിലൊന്ന് 'ഇസ്‌ലാമും ഇസ്‌ലാമിക് സ്റ്റേറ്റും' എന്നതായിരുന്നു. ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തിലാകാം ഈ ചര്‍ച്ച. കേരളീയ മുസ്‌ലിംകളില്‍ ഐ.എസ് പക്ഷത്തു നില്‍ക്കുന്ന ചെറു ഗ്രൂപ്പുപോലുമില്ല. ഐ.എസ് എന്ന സാന്നിധ്യംപോലും ഒരര്‍ഥത്തില്‍ ഇവിടെ അദൃശ്യമാണ്. കേരളീയ പൊതുമണ്ഡലത്തില്‍ അത്തരമൊരു ചര്‍ച്ച അനിവാര്യമല്ല. ഇനി സംവാദം വേണമെന്നുണ്ടെങ്കില്‍ തന്നെ ജനാധിപത്യ രീതിയില്‍ താത്ത്വികമായ ഒരു ചര്‍ച്ചയാകാമായിരുന്നു. ചര്‍ച്ചയുടെ പേരില്‍ സ്ഥിരം ഇസ്‌ലാം വിമര്‍ശകനെ മുഖ്യകാര്‍മികനാക്കിയതും, വിഷയത്തില്‍ നിരപരാധികളും അതിനെ പ്രതിനിധീകരിക്കാത്തവരുമായ ചിലരെ പാനലില്‍ ഉള്‍പ്പെടുത്തി കോഴിക്കോടന്‍  പൊതുസമൂഹത്തില്‍ ഗുരുതരമായ ധാരണാ പിശകുകള്‍ക്ക് കാരണമാക്കിയതും സംഘാടനത്തിന്റെ വീഴ്ച തന്നെയാണ്.  ഏകീകൃത സിവില്‍ കോഡിന്റെ ചര്‍ച്ചയിലും ഇതുതന്നെ സംഭവിച്ചു എന്ന് മുഴുദിവസം ചര്‍ച്ചകള്‍ ശ്രദ്ധിച്ച ഒരാളെന്ന നിലയില്‍ പറയേണ്ടിവരുന്നു. മറ്റൊരു മതപക്ഷത്തെ പ്രതിയും ഇത്ര സൂക്ഷ്മതലത്തിലേക്ക്  ഇറങ്ങിയ സംവാദങ്ങള്‍ സംഭവിപ്പിച്ചില്ല എന്നതുകൂടി അറിയുമ്പോഴാണ്  വിമര്‍ശനം പ്രസക്തമാകുന്നത്. ഇന്ത്യന്‍ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അപകടത്തിലാക്കുന്ന 'ഹിന്ദുത്വരാഷ്ട്രീയം' നിലനില്‍ക്കുന്ന ഹിംസാത്മക ഭീഷണിയാണെന്നിരിക്കെ അതെന്തുകൊ് ഒരു സംവാദത്തിന്റെ തലക്കെട്ടായില്ല? 

കേരളത്തിലെ മുസ്‌ലിംകള്‍ പൊതുവെ സാത്വികമായി ഉയര്‍ന്ന മൂല്യബോധം  നിലനിര്‍ത്തുന്നവരും മലയാളത്തിലെ ഏറ്റവും പ്രൗഢമായ വായനാസമൂഹവുമാണ്. സാംസ്‌കാരിക വ്യവഹാരങ്ങളുടെ ഒത്ത മധ്യത്തില്‍  ഉണര്‍ന്നു നില്‍ക്കുന്നവരുമാണ്. അതുകൊണ്ടുകൂടിയാണ് മേല്‍ വിമര്‍ശനം പ്രസക്തമാകുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരം നോട്ടക്കുറവുകള്‍ സംഭവിച്ചതായി പരാതിയുണ്ടായതാണ്. എന്നിട്ടും വര്‍ധിതവീര്യത്തോടെയാണ് ഇത്തവണയും അതാവര്‍ത്തിച്ചത്. അടുത്ത സാഹിത്യോത്സവത്തിന്റെ തീയതികള്‍ കൂടി പ്രഖ്യാപിച്ചാണ് ഉത്സവത്തിന് തിരശ്ശീല വീണത്. അവിടെ ഇത്തരം പാളിച്ചകള്‍ പരിഹരിക്കുമായിരിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍