Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

പൊതുവ്യവഹാരങ്ങളിലെ മുസ്‌ലിംസ്ത്രീ

ഉമ്മുല്‍ ഫായിസ

കേരളത്തിലെ മുഖ്യധാരാ പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലും മാസികകളിലും സ്ത്രീപക്ഷ വീക്ഷണകോണില്‍ നിന്ന് എഴുതപ്പെട്ടിട്ടുള്ളവയുടെയും സാമൂഹിക മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മുസ്‌ലിം സ്ത്രീയെ കുറിച്ചു വന്ന പ്രതികരണങ്ങളുടെയും രാഷ്ട്രീയമാണ് ഇവിടെ ആലോചനക്കു വിധേയമാക്കുന്നത്. മതന്യൂനപക്ഷ/ഇസ്‌ലാമിക/മുസ്‌ലിം  രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‌ലിം സ്ത്രീകളെ  കേന്ദ്രമാക്കിയുള്ള സ്ത്രീപക്ഷ ആഖ്യാനങ്ങളുടെ സാധ്യതകളും പ്രതിസന്ധികളും ചര്‍ച്ചചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.  

 

രീതിശാസ്ത്രത്തിന്റെ പ്രശ്‌നം:അധികവും അഭാവവും     

ഒരൊറ്റ ചരടില്‍  കോര്‍ക്കാന്‍  സാധിക്കാത്തവിധം സങ്കീര്‍ണമാണ് കേരളത്തിലെ സ്ത്രീപക്ഷ സിദ്ധാന്തങ്ങളുടെയും രാഷ്ട്രീയത്തിന്റെയും മേഖല. ലിബറല്‍, മാര്‍ക്‌സിസ്റ്റ്, റാഡിക്കല്‍, ക്രൈസ്തവ, മുസ്‌ലിം, ആദിവാസി,  ദലിത്, സവര്‍ണ ഹിന്ദു തുടങ്ങി വ്യത്യസ്തമായ സ്ത്രീപക്ഷ ധാരകള്‍ കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേരളത്തിലെ പൊതുവ്യവഹാരങ്ങള്‍ ലിബറല്‍/ഹിന്ദു സവര്‍ണ സ്ത്രീരാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നതു കാണാം.   

വിദ്യാഭ്യാസം, തൊഴില്‍, വസ്ത്രം, വിവാഹം, വിവാഹപ്രായം തുടങ്ങി  മുസ്‌ലിം സ്ത്രീയുടെ ശരീരം, ലൈംഗികത, സാമൂഹികത  എന്നിവയെ അടിസ്ഥാനമാക്കി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ഇത്തരം ചര്‍ച്ചകളില്‍ മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വത്തെ നിര്‍ണയിക്കുന്ന മുഖ്യ ഘടകം മതമോ സമുദായമോ  മുസ്‌ലിം പുരുഷനോ ആയിരിക്കും. അതുകൊണ്ടുതന്നെ രണ്ടു രീതിയിലാണ് മുസ്‌ലിം സ്ത്രീ പൊതുചര്‍ച്ചകളില്‍ പ്രതിനിധീകരിക്കപ്പെടാറുള്ളത്: ഒന്ന്, സ്വന്തം സമുദായത്തോട് കലഹിക്കാത്ത, അതുകൊണ്ടുതന്നെ മുസ്‌ലിം പുരുഷനാല്‍ അടിച്ചമര്‍ത്തപ്പെട്ട ഇര. രണ്ട്, സ്വന്തം സമുദായത്തോടും മുസ്‌ലിം പുരുഷനോടും ഒറ്റക്കു നിന്ന് കലഹിക്കുന്ന പോരാളി. 

കേരളത്തിന്റെ അറുപതു വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി പുറത്തിറങ്ങിയ സി.എസ് ചന്ദ്രികയുടെ 'കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍' (ഡി.സി ബുക്‌സ്, 2016) എന്ന പുതിയ പുസ്തകം പോലും ഈ ദ്വന്ദ്വത്തില്‍നിന്ന് മുക്തമായിട്ടില്ല. ഒരുപരിധിവരെ കേരളത്തിലെ സ്ത്രീരാഷ്ട്രീയത്തിന്റെ ജാതി/വര്‍ഗ/മത പക്ഷപാതത്തെ അറിയുമ്പോഴും അംഗീകരിക്കുമ്പോഴും തന്നെയാണ് വിശകലനപരമായ ബലഹീനത ചന്ദ്രികയുടെ എഴുത്തില്‍ കാണപ്പെടുന്നത്. കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ സവര്‍ണ ഹിന്ദു രാഷ്ട്രീയം ഇന്ന് ഒരളവുവരെ സ്ത്രീവാദ പഠനങ്ങള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അത്തരം പ്രശ്‌നങ്ങള്‍ കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ തന്നെ ഗൗരവമായി പുനരാലോചനക്ക് വിധേയമാക്കുന്നുണ്ട് എന്നാണ് സി.എസ് ചന്ദ്രികയുടെ പുസ്തകം തന്നെ പലയിടത്തും പറയുന്നത്. 

എന്നാല്‍, അധീശ സമുദായങ്ങളിലെ യുവ ഗവേഷകരെയോ സ്ത്രീരാഷ്ട്രീയക്കാരെയോ  ഒക്കെ പല രീതിയില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകം, മുസ്‌ലിം സമുദായത്തിലെ യുവതികളെയോ അവരുടെ വൈവിധ്യങ്ങളായ പ്രവര്‍ത്തന മേഖലകളെയോ ഒട്ടും പരിഗണിച്ചിട്ടില്ല. ഉത്തരഘടനാവാദ സിദ്ധാന്തത്തിന്റെ കാലത്തുപോലും മുസ്‌ലിം സ്ത്രീയെ  ഒരു  അഭാവമായിട്ടാണ് (Lack) നമ്മുടെ സ്ത്രീപക്ഷ എഴുത്തുകാര്‍ വരെ കാണുന്നത്. മുസ്‌ലിം  സ്ത്രീയെക്കുറിച്ചുള്ള പഠനമേഖലകള്‍ ഇത്ര വികസിച്ച കാലത്താണ് ഇങ്ങനെയൊരു    ഭാവനാദാരിദ്ര്യം (Poverty of Imagination) കേരളത്തില്‍ നിലനില്‍ക്കുന്നത്.     

മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെ  കര്‍തൃത്വം ഉള്ളവള്‍/ഇല്ലാത്തവള്‍ എന്ന രീതിയില്‍ വേര്‍തിരിക്കുന്നതിന് ഒരുപാട് പരിമിതികളുണ്ട്: ഒന്ന്, ഇസ്‌ലാമിനെ പ്രധാനമായി കാണുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തെ മനസ്സിലാക്കാന്‍ ഈ രീതി പര്യാപ്തമല്ല. രണ്ട്, മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെ ബാധിക്കുന്ന ജാതി/മതം/ഭരണകൂടം/സാമ്പത്തികം/ പ്രദേശം തുടങ്ങിയ അധികാര ഘടനകളെ കാണാന്‍ ഈ രീതി വിസമ്മതിക്കുന്നു. അതുകൊണ്ടുതന്നെ സമുദായത്തോടൊപ്പം നിന്നുകൊണ്ട് മറ്റു അധികാര ഘടനകളോട് കലഹിക്കുന്ന മുസ്‌ലിം സ്ത്രീജീവിതത്തെ ഉള്‍ക്കൊള്ളാന്‍ ഈ സമീപനത്തിലൂടെ സാധ്യമാകുന്നില്ല. മൂന്ന്, സമുദായത്തിനകത്തുനിന്നുകൊണ്ട് മുസ്‌ലിം സ്ത്രീ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വളരെ വേഗം ഹൈജാക്ക് ചെയ്തുകൊണ്ട് സമുദായത്തിനെതിരെ പൊതുവ്യവഹാരത്തെ സംഘടിപ്പിക്കാന്‍ കാരണമാകുന്നു. നാല്, മുസ്‌ലിംസ്ത്രീയുടെ സാമുദായിക ജീവിതത്തിന് വ്യത്യസ്തമായ നിലനില്‍പ് സാധ്യമാണ് എന്ന വസ്തുതയെ നിരാകരിക്കുന്നു. 

മേല്‍പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അറിയുമ്പോഴും അതിനെ മുന്‍നിര്‍ത്തി മുന്നോട്ടുപോകാനുള്ള വഴികള്‍ അത്ര എളുപ്പമുള്ളതല്ല. മുസ്‌ലിം സ്ത്രീയെപറ്റി പഠിക്കുമ്പോള്‍ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ഭാഷയുടെയും വ്യവഹാരത്തിന്റെയും മേഖലയില്‍ കൊണ്ടുവരാന്‍ ധാരാളം പ്രതിസന്ധിയുണ്ടെന്നതാണ് മുസ്‌ലിം സ്ത്രീ പഠനമേഖയിലുള്ള എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. മുസ്‌ലിം സ്ത്രീ അനുഭവത്തെ ഗൗരവമായി എടുക്കാനും നമ്മുടെ ആലോചനയുടെ പ്രതിസന്ധികളെ പുറത്തുകൊണ്ടുവരാനും കഴിയുന്ന എഴുത്തുകള്‍ ധരാളമായുണ്ടാവുകയാണ് ഇതില്‍നിന്ന് പുറത്തേക്കുള്ള വഴി. അതേസമയം കേവല അനുഭവവാദത്തിന്റെ കെണിയില്‍ വീഴാത്ത പുതിയ വിമര്‍ശന അവബോധമായി ഇത് വികസിക്കുകയും വേണം. ഈ വെല്ലുവിളി ഏറ്റെടുക്കുന്ന ചെറിയ വിഭാഗം മുസ്‌ലിം സ്ത്രീ എഴുത്തുകാരികളും മുസ്‌ലിം സ്ത്രീ ഗവേഷക സമൂഹവും ഇന്നുണ്ട് എന്നതൊരു ആശ്വാസമാണ്.   

 

അവകാശ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകള്‍ 

മുസ്‌ലിം സ്ത്രീ അവകാശ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകള്‍ നേരത്തേ സൂചിപ്പിച്ചതുപോലെ മുസ്‌ലിം സമുദായത്തിലെ ആണ്‍കോയ്മയുടെ രാഷ്ട്രീയവുമായി ചേര്‍ത്താണ് പൊതുവെ ചര്‍ച്ച  ചെയ്യാറുള്ളത്. ഇത് ലോകവ്യാപകമായി തന്നെ കാണുന്ന ഒരു രീതിയാണ്. ലൈല അബൂ-ലുഗ്ദ് തന്റെ Do Muslim Women Need Saving ? (Harvard University Press 2014) എന്ന പുസ്തകത്തില്‍ സൈനബ് എന്ന ഈജിപ്തിലെ ഗ്രാമീണയായ ഒരു മുസ്ലിം സ്ത്രീയുമായി നടത്തുന്ന സംഭാഷണത്തെക്കുറിച്ച് എഴുതുന്നുണ്ട്. തന്റെ കുടുംബം നോക്കാന്‍ കൃഷിയും കച്ചവടവും ചെയ്ത് ഉപജീവനം നടത്തുന്ന സൈനബ് ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെപറ്റി ബോധവതിയാണ്. പക്ഷേ, ഭരണകൂടം തനിക്ക് സബ്‌സിഡി നല്‍കാത്തതും തന്റെ നാട്ടിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുമാണ് ഇസ്‌ലാം എന്ന മതത്തേക്കാളേറെ തന്റെ പ്രയാസത്തിന്റെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് മുസ്ലിം ആണ്‍കോയ്മയുടെ വിമര്‍ശനത്തെ അതിന്റെ സത്താവാദപരമായ സമീപനങ്ങളില്‍നിന്ന് അഴിച്ചുമാറ്റിക്കാണാന്‍ തയാറാവണം.   

ഈ പ്രശ്‌നം കേരളത്തിലും പല രീതിയിലുണ്ട്. പാകിസ്താനില്‍ താലിബാന്റെ വെടിയേറ്റ മലാലയെ ആസ്പദമാക്കി കേരളത്തില്‍, വിശിഷ്യാ മലബാറില്‍  മുസ്‌ലിം സ്ത്രീയുടെ  വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി കാമ്പയിനുകള്‍ നടക്കുകയും പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സെമിനാറുകളും ധാരാളം നടന്നു. പി.കെ ശ്രീമതി അടക്കമുള്ള സ്ത്രീ രാഷ്ട്രീയക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചിട്ടുണ്ട്. 

എന്നാല്‍,  മലബാറിന്റെ  വിദ്യാഭ്യാസ അവകാശത്തിലെ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെ പിന്തുണക്കുകയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്യാന്‍ ആരും തയാറായില്ല.  മുസ്‌ലിം സ്ത്രീക്ക് ഇവിടത്തെ ജനാധിപത്യ ഭരണകൂടം നല്‍കാത്ത വിദ്യാഭ്യാസ അവകാശങ്ങള്‍  ആരും ചര്‍ച്ച ചെയ്തില്ല. മലബാറിന്റെ പിന്നാക്കാവസ്ഥ ഇവിടത്തെ മുസ്‌ലിം സ്ത്രീകളെകൂടി പിന്നാക്കമാക്കും എന്ന കാര്യം സമര്‍ഥമായി മൂടിവെച്ചാണ് ഇടതുപക്ഷ സ്ത്രീ സംഘടനകള്‍ പോലും മലാലക്കു വേണ്ടി സംസാരിച്ചത്. മലപ്പുറത്തെ സാധാരണക്കാരിയായ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് പഠിക്കാനുള്ള സൗകര്യം ചെയ്യാതെയാണ് അവര്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ മുസ്‌ലിം സ്ത്രീയുടെ അവകാശലംഘനത്തെക്കുറിച്ച് സംസാരിച്ചത്. 

മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ടു നടക്കുന്ന വിവേചനങ്ങളും അവകാശനിഷേധങ്ങളും മതപരം മാത്രമാണോ? ഭൂരിപക്ഷം മുസ്‌ലിംസ്ത്രീകള്‍ താമസിക്കുന്ന മലപ്പുറം ജില്ലയില്‍ എത്ര വനിതാ എഞ്ചിനീയറിംഗ് കോളേജുകളുണ്ട്? നിലവിലുള്ള ഗവ. വനിതാ കോളേജുകളുടെ എണ്ണം എത്ര? മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് മുസ്‌ലിം സാമുദായിക സംഘടനകള്‍ ചെയ്തതിന്റെ അത്ര ഇവിടത്തെ ഭരണകൂടം ചെയ്തിട്ടുണ്ടോ? ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന മലപ്പുറത്ത് നല്ല നിലവാരമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കം നടത്തുന്നത് മുസ്‌ലിം സമുദായം തന്നെയല്ലേ? മുസ്‌ലിം സ്ത്രീ  അവകാശ രാഷ്ട്രീയത്തെ സങ്കീര്‍ണമാക്കുന്ന ഈ ചോദ്യങ്ങള്‍ പക്ഷേ നമ്മുടെ പൊതുവ്യവഹാരങ്ങളില്‍ അധികം കാണാറില്ല. കാരണം ഈ ചോദ്യങ്ങള്‍ 'മതത്താല്‍ മാത്രം അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ' എന്ന വാര്‍പ്പുമാതൃകയെ ലംഘിക്കുന്ന ചോദ്യങ്ങളാണ്.     

 

മുസ്‌ലിം സ്ത്രീകളും തെരഞ്ഞെടുപ്പുകളും  

സ്ത്രീവാദ പഠനങ്ങളിലെ പ്രധാന ചര്‍ച്ചയാണ് സ്ത്രീകളുടെ തെരഞ്ഞെടുപ്പ് (Choice) എന്താണ് എന്ന പ്രശ്‌നം.  തീര്‍ച്ചയായും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഇല്ല. ഏതെങ്കിലും ഘടനക്കുള്ളില്‍നിന്നുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് സാധ്യമാകുന്നുള്ളൂ. പക്ഷേ തെരഞ്ഞെടുപ്പിനെ കുറിച്ച് രാഷ്ട്രീയമായ വിലയിരുത്തല്‍ സാധ്യമാണ്.  അതുകൊണ്ടു തന്നെ, പൊതുവ്യവഹാരങ്ങളില്‍ ശരിക്കുമുള്ള തെരഞ്ഞെടുപ്പ്  എന്താണെന്ന് ആരാണ് തീരുമാനിക്കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. 

അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് എന്നതിന്റെ ലിബറല്‍ രാഷ്ട്രീയവും ഈ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വരുന്നത് നാം ശ്രദ്ധിക്കണം. സ്ത്രീവാദ പഠനങ്ങളും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന പൊതുവ്യവഹാരങ്ങളും എങ്ങനെ തെരഞ്ഞെടുപ്പിന്റെ ലിബറല്‍  രാഷ്ട്രീയത്തെ കാണുന്നുവെന്ന ചര്‍ച്ച വളരെ പ്രധാനമാണ്.  നാദിയ ഫദില്‍, തലാല്‍ അസദ് ഒക്കെ ഈ പ്രശ്‌നത്തെ വിശദമായ രീതിയില്‍ പരിശോധിച്ചിട്ടുണ്ട്. എന്റെ ശ്രദ്ധ കേരളത്തിലെ പൊതുവ്യവഹാരത്തില്‍ കാണുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പ്രത്യേകതകളിലാണ്. 

മതത്തെ പ്രധാനമായി കാണുന്ന സ്ത്രീകള്‍ എടുക്കുന്ന തെരഞ്ഞെടുപ്പ് എങ്ങനെയാണ് മനസ്സിലാക്കുക? എന്തുകൊണ്ട് നല്ലൊരു വിഭാഗം മുസ്‌ലിം സ്ത്രീകളും ഇപ്പോഴും ഇസ്‌ലാം തന്നെ തെരഞ്ഞെടുക്കുന്നു? ഈ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ആവുന്നില്ല? ഈ ചോദ്യങ്ങള്‍ നമ്മുടെ പൊതുവ്യവഹാരങ്ങള്‍ ഇനിയും അഭിമുഖീകരിച്ചിട്ടുവേണം. 

മതം തെരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെ സ്ത്രീയുമായി ബന്ധപ്പെട്ട പൊതുവ്യവഹാരങ്ങളില്‍ വലിയ ഇടമില്ല. പൊതു മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തന്നെ, കേരളത്തിലെ സ്ത്രീവാദികള്‍ നടത്തുന്ന മാഗസിനുകള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ ഈ വിവേചനം എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് എങ്ങനെയാണ് ഒരു പ്രത്യേക മതം തെരഞ്ഞെടുത്ത സ്ത്രീകളും അതുമായി ബന്ധപ്പെട്ട ജീവിത ശൈലികളും പുറത്താവുക? ഉദാഹരണത്തിന്, ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീയെ, മുസ്‌ലിം സംഘടനകളുടെ ഭാഗമായ / ഇസ്‌ലാമിക ജീവിതശൈലിയുള്ള മുസ്‌ലിം സ്ത്രീയെ, ശബ്ദവും ഇടവുമുള്ള  സ്ത്രീയായി  അംഗീകരിക്കാന്‍ എത്രത്തോളം നമ്മുടെ പൊതുവ്യവഹാരങ്ങള്‍ക്ക് സാധ്യമാണ്?   

എല്ലാത്തരം  സ്ത്രീവാദികളും മുസ്‌ലിം സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ ധാരാളം കടന്നുവരുന്നുണ്ട്. അവര്‍ക്ക്  മുസ്‌ലിം സ്ത്രീകളുമായി സംവദിക്കാന്‍ ധാരാളം അവസരം ലഭിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടേതടക്കം വനിതാ സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ എല്ലാത്തരം സ്ത്രീവാദികളെയും സംവാദത്തിനു വിളിക്കാറുണ്ട്. എന്നാല്‍ സ്ത്രീവാദികള്‍ മതം പ്രധാനമാവുന്ന സ്ത്രീകളെ അത്തരത്തില്‍ പരിഗണിക്കാറുണ്ടോ? അവരുടെ വേദികളില്‍ മതത്തെ പ്രധാനമായി കാണുന്ന, അതിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്ന,  മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തം എത്രയാണ്? മറ്റു സ്ത്രീകളെ പോലെ ഇസ്‌ലാം പ്രധാനമാവുന്ന സ്ത്രീകള്‍ക്ക്  സ്ത്രീപക്ഷ സ്വഭാവമുള്ള  മാധ്യമങ്ങള്‍ പങ്കാളിത്തം നല്‍കാറുണ്ടോ?  

എന്നാല്‍, ഇതേ ചോദ്യം മതവുമായി ബന്ധപ്പെട്ടും ചോദിക്കാം. ആരുടെ താല്‍പര്യമാണ് മതത്തിന്റെ തെരഞ്ഞെടുപ്പായി പുറത്തുവരുന്നത്? ആരാണ് മതത്തെയും അതിന്റെ തെരഞ്ഞെടുപ്പുകളെയും നിര്‍ണയിക്കുന്നത്? ഈ വിഷയങ്ങളില്‍ കുറേകൂടി വിമര്‍ശനാത്മകമായ സമീപനം വികസിപ്പിക്കേണ്ടതുണ്ട്. ഏതെങ്കിലും തലത്തിലുള്ള ആത്യന്തിക സമീപനം സ്വീകരിക്കേണ്ടതില്ല.

 

എപ്പോഴാണ് ഒരു മുസ്‌ലിം സ്ത്രീപ്രശ്‌നം ഉണ്ടാവുന്നത്? 

എപ്പോഴാണ് മുസ്‌ലിം സ്ത്രീ പ്രശ്‌നം എന്നത് മുസ്‌ലിം സ്ത്രീ പ്രശ്‌നമായി ഉന്നയിക്കപ്പെടാറുള്ളത്? നേരത്തേ സൂചിപ്പിച്ച സി.എസ് ചന്ദ്രികയുടെ പഠനത്തില്‍ വിശകലനം ചെയ്യുന്ന മറ്റൊരു പ്രശ്‌നമാണ് അറബി കല്യാണവും മൈസൂര്‍ കല്യാണവും. ഇവ മുസ്‌ലിം മതയാഥാസ്ഥികത്വത്തിന്റെ ഉത്തരവാദിത്തമായാണ് അവര്‍ വിലയിരുത്തുന്നത്. അങ്ങനെ വളരെ എളുപ്പത്തില്‍ നിഗമനത്തിലെത്തുന്ന നിരീക്ഷണങ്ങള്‍ക്ക്  നിരവധി പരിമിതികളുണ്ട്.  

മാധ്യമങ്ങള്‍ തന്നെ പറയുന്നത് മൈസൂര്‍ കല്യാണം 'സ്ത്രീധന'വുമായി കൂടി ബന്ധപ്പെട്ട സംഗതിയാണ് എന്നാണ്. ദരിദ്രരായ മുസ്‌ലിം സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന പ്രശ്‌നമാണിത്. സ്ത്രീധനമാണ് ഇതില്‍ പലപ്പോഴും മുഖ്യകാരണമായി മാധ്യമങ്ങള്‍ തന്നെ പറയാറുള്ളത് (മാത്രമല്ല സ്ത്രീധനം എങ്ങനെ വ്യത്യസ്ത സ്ത്രീ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്). 

എന്നാല്‍  'സ്ത്രീധനം' വാങ്ങി വിവാഹം ചെയ്ത അംഗങ്ങളെ പുറത്താക്കിക്കൊണ്ട് സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് ഇസ്‌ലാമിക സംഘടനകള്‍. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ സ്ത്രീധനത്തിനെതിരെ ഇത്തരം നിലപാടെടുക്കാന്‍ തയാറായിട്ടുണ്ടോ? ഈയര്‍ഥത്തില്‍  മുസ്‌ലിം സമൂഹങ്ങളിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഇസ്‌ലാമിക സംഘടനകളുടെ ചുമലില്‍ 'മാത്രം' ഏല്‍പിക്കുന്നതെന്തുകൊണ്ട്? ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിമിന്റെ സ്ത്രീവിരുദ്ധത ഇസ്‌ലാമിന്റെ പ്രശ്‌നമാണോ? 

മറ്റൊരു വസ്തുത,  മുസ്‌ലിമിന്റെ 'നന്മ' ഒരിക്കലും മതവുമായി ചേര്‍ത്ത്  ആളുകള്‍ പറയാറില്ല എന്നതാണ്. കേരളത്തിലെ  പ്രഫഷനല്‍ കോളേജുകളിലെ വര്‍ധിച്ച മുസ്‌ലിം വിദ്യാര്‍ഥിനി പങ്കാളിത്തം മുസ്‌ലിം സംഘടനകളുടെ 'നന്മ'യായി ആരും എടുത്തുപറയാറില്ല. എന്നാല്‍ മൈസൂര്‍ കല്യാണം പോലുള്ള സാമൂഹിക അനീതികള്‍ വളരെ എളുപ്പം മുസ്‌ലിമിന്റെ 'മതപരം' ആയ പ്രത്യേകതയുമായി ചേര്‍ത്ത്  'തിന്മ'യായി കാണുന്നു. ഈ അനീതിയില്‍ സാമ്പത്തിക ഘടന, സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനം, ആണ്‍കോയ്മയുടെ മതപരവും മതേതരവുമായ രീതികള്‍ ഒക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നില്ലേ? മുസ്‌ലിമിന്റെ 'കുറ്റം' എന്നത് മതം മാത്രം ആവുന്ന മതേതര യുക്തിക്ക് പലപ്പോഴും സ്ത്രീപക്ഷ വായനകള്‍  കീഴടങ്ങുന്നുവെന്നു കാണാം. 

നമ്മുടെ പൊതുജീവിതത്തില്‍ ഏറെ സ്വാധീനമുള്ള പുരോഗമനകാരികള്‍ മുസ്‌ലിം സ്ത്രീപ്രശ്‌നത്തെ സവിശേഷമായി നിര്‍മിക്കാറുണ്ട്. ഈ പ്രവണത ഫാഷിസ്റ്റ് കാലത്ത് മൂര്‍ച്ചിക്കുകയാണ് പതിവ്. ലോകമെങ്ങും മുസ്‌ലിംകള്‍ നടത്തുന്ന അക്രമങ്ങളെ കൂടി  തുറന്നുകാണിച്ചാലേ ഇന്ത്യയിലെ ഫാഷിസത്തിനെതിരായ  മതേതര വിമര്‍ശനം പൂര്‍ണമാവുകയുള്ളൂ എന്നാണ് പലരും കരുതുന്നത്. ഉപാധികള്‍ ഉണ്ടാക്കിയാണ് പലരും മുസ്‌ലിം  രാഷ്ട്രീയത്തെപറ്റിയും ഫാഷിസത്തിന്റെ ഇരകളായ മുസ്‌ലിംകളെക്കുറിച്ചും  സംസാരിക്കുന്നത്. 

ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പടുത്ത ഫാഷിസ്റ്റ്വിരുദ്ധ വ്യവഹാരത്തിലെ മുഖ്യ ഉപകരണമാണ് മുസ്‌ലിം സ്ത്രീകള്‍. പദവികളും അധികാരങ്ങളുമുള്ള  ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ മുസ്‌ലിം അനുകൂല നിലപാട് എടുത്തുകഴിഞ്ഞാല്‍ തങ്ങളുടെ കുറ്റബോധം കൊണ്ട്  നാലാമതായി ഒരു മുസ്‌ലിംവിരുദ്ധ നിലപാടുമായി രംഗത്തുവരും. മുസ്‌ലിം സ്ത്രീയെ ഉപകരണമാക്കിക്കൊണ്ടായിരിക്കും അവര്‍ അത് ചെയ്യുക. ഇരയാക്കപ്പെട്ട മുസ്‌ലിം സ്ത്രീ/അക്രമകാരിയായ മുസ്‌ലിം പുരുഷന്‍ എന്ന സമവാക്യത്തില്‍ വീഴാത്ത പുരോഗമനവാദികള്‍ കേരളത്തില്‍ വളരെ കുറവാണ്. 

 

ആരുടെ നിയന്ത്രണവും ആരുടെ  സ്വാതന്ത്ര്യവും? 

മുസ്‌ലിംസ്ത്രീയുടെ മേലെയുള്ള  മതേതര നിയന്ത്രണങ്ങള്‍ നല്ലതും, മതനിയന്ത്രണങ്ങള്‍ മോശവും എന്ന തരംതിരിവ് പൊതുവ്യവഹാരങ്ങളില്‍ ധാരാളം കാണാറുണ്ട്. വിദ്യാഭ്യാസ ഇടങ്ങളില്‍ ഇന്ന് ധാരാളം നിയന്ത്രണങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ ഹിജാബ്, പര്‍ദ, നിഖാബ് പോലുള്ളവക്കു നേരെയുണ്ട്. ഇത് ഒരിക്കലും നിയന്ത്രണ അധികാരമായി പൊതുവ്യവഹാരങ്ങള്‍ വിശകലനം ചെയ്യാറില്ല. അതുപോലെ പര്‍ദ, ഹിജാബ് എന്നിവ തെരഞ്ഞെടുക്കുന്ന സ്ത്രീകളെ പൊതുവ്യവഹാരങ്ങള്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ ഉള്ളവരായി കാണാറില്ല.   മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തിന് പൊതു ഇടത്തിലുള്ള നിയന്ത്രണങ്ങള്‍ പൊതുവെ നിയന്ത്രണങ്ങളായി ഗണിക്കാറില്ല.  

കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഹിജാബ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടത് ഓര്‍ക്കുക. ഇത് ഒരു മതേതര വിദ്യാഭ്യാസ സംവിധാനം മുസ്‌ലിം സ്ത്രീകളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ പൊതുവ്യവഹാരങ്ങളില്‍ ഇത് വലിയ ആകുലതയോ ചര്‍ച്ചയോ ഉണ്ടാക്കിയില്ല. കാരണം ഭരണകൂടമാണ് മുസ്‌ലിം സ്ത്രീ എന്തു വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഈ നിരോധത്തെ പിന്തുണക്കുന്ന മതേതര മുസ്‌ലിം പുരുഷന്മാര്‍ക്കും ഭരണകൂടത്തിനും മുഖ്യധാരാ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ആണ്‍കോയ്മ  അധികാരത്തിന്റെ പ്രശ്‌നമില്ല എന്ന രീതിയിലാണ് ചര്‍ച്ച മുന്നോട്ടുപോയത്. 

ഇന്ത്യന്‍ സാഹചര്യത്തില്‍ മതങ്ങള്‍  മാത്രമല്ല ഭരണകൂടം, സ്ത്രീവാദം പോലുള്ള വ്യവഹാരങ്ങള്‍ അധികാരത്തിന്റെ മേഖലയില്‍ ഉണ്ട്. സ്ത്രീ അധികാരം തന്നെ പല സന്ദര്‍ഭങ്ങളിലും മേല്‍കോയ്മാ അധികാരവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളുണ്ട്. ആ അര്‍ഥത്തില്‍  നിയന്ത്രണ അധികാരത്തെ ഇസ്‌ലാമിന്റെ മാത്രം പ്രശ്‌നമായി ചുരുക്കുകയാണ് പൊതുവ്യവഹാരങ്ങള്‍ ചെയ്യുന്നത്. 

 

മുസ്‌ലിം സ്ത്രീയുടെ പ്രതിനിധാനം: അകലവും അടുപ്പവും 

എന്തുകൊണ്ടാണ് അകലങ്ങളില്‍ ജീവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍ ധാരാളമായി കേരളത്തിലെ സാഹിത്യ വിപണിയില്‍ വരുന്നത്? അയാന്‍ ഹിര്‍സി അലിയും മറ്റും നമ്മുടെ പൊതുവായനാ സംസ്‌കാരത്തിന്റെ ഭാഗമാണ്. മാത്രമല്ല അകലങ്ങളില്‍നിന്നുള്ള കഥകള്‍ മുസ്‌ലിം സമുദായത്തിന്റെ അക്രമം മുസ്‌ലിം സ്ത്രീക്കു മേലെ വരുമ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഇറാഖിലും അഫ്ഗാനിലും അധിനിവേശ സൈന്യത്താല്‍ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് മുസ്‌ലിം സ്ത്രീകളുടെ നീറുന്ന ജീവിതം ഈ വിപണി വ്യവസായത്തിന്റെ ഭാഗമല്ല. അവരുടെ ശബ്ദങ്ങള്‍ പൊതുവ്യവഹാരങ്ങളില്‍ കേള്‍ക്കാന്‍ കഴിയാറില്ല. മാത്രമല്ല  അകലങ്ങളിലെ അനുഭവങ്ങള്‍ക്കു സമാനമായ കേരളത്തിലെ പ്രാദേശിക സംഭവങ്ങള്‍ മാധ്യമങ്ങള്‍ തെരഞ്ഞുപിടിച്ചു വാര്‍ത്തയാക്കുന്നതു കാണാം. അങ്ങനെ വീണ്ടും ആഗോള രാഷ്ട്രീയത്തിന്റെ അതേ ചുവടുപിടിച്ച് ഓറിയന്റലിസ്റ്റ് മാതൃകകള്‍ മുസ്‌ലിം സ്ത്രീയെ മുന്‍നിര്‍ത്തി ഇവിടത്തെ മാധ്യമങ്ങള്‍ നിര്‍മിക്കുന്നുണ്ട്.  

അഗ്രഹാര ജയിലില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി കിടക്കുന്ന സകരിയ്യയുടെ ഉമ്മ ബിയുമ്മ, അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ ആയതുകൊണ്ട് ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടപ്പെട്ട സൂഫിയ മഅ്ദനി, അദ്വാനിയുടെ രഥയാത്രാക്കാലത്ത് പോലീസ് കൊല ചെയ്ത സിറാജുന്നിസ, ഭീകരവാദികളായി മുദ്രകുത്തി ജയിലില്‍ അടക്കപ്പെട്ടവരുടെ വീട്ടിലെ സ്ത്രീകള്‍, ബീമാപള്ളിയിലെ ഭരണകൂട ഭീകരതക്ക് ഇരയായ സ്ത്രീകള്‍  തുടങ്ങിയവരുടെ അനുഭവങ്ങള്‍  പൊതുവ്യവഹാരങ്ങളില്‍ വലിയ കഥകളായി മാറുന്നില്ല. കാരണം ഇവര്‍ വ്യത്യസ്തമായ ഒരു കഥയാണ് നമ്മോടു പറയുന്നത്. അവര്‍ നമ്മുടെ അടുത്തുനിന്ന് വളരെ ജൈവികമായാണ് സംസാരിക്കുന്നത്. ആ കഥകള്‍ പൊതുസാഹിത്യ/മാധ്യമ വ്യവഹാരങ്ങള്‍ ഉണ്ടാക്കുന്ന ബഹളങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല. അതുകാണാന്‍ വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹിക ചട്ടക്കൂടുകള്‍ തന്നെ ആവശ്യമാണ്.    

 

മുസ്‌ലിം സ്ത്രീയുടെ പുതിയ രാഷ്ട്രീയം   

മുസ്‌ലിം സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും തുറന്നെഴുതിയാല്‍ ഇവിടത്തെ ലിബറല്‍ രാഷ്ട്രീയമോ അധീശരാഷ്ട്രീയത്തിന്റെ വക്താക്കളോ അതിനെ ഉപയോഗിക്കുമെന്ന ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും മുസ്‌ലിം സ്ത്രീ വിഷയത്തില്‍ പലരും മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. സമുദായ വിമര്‍ശത്തിന്റെ ഭാഷ അധീശ രാഷ്ട്രീയത്തില്‍നിന്ന് മാറി എങ്ങനെ വികസിപ്പിക്കാം എന്ന കാര്യത്തില്‍ പല മുസ്‌ലിം സ്ത്രീകളും ആശയക്കുഴപ്പത്തിലാണുള്ളത്. എന്നാല്‍  മിണ്ടാതിരിക്കുന്നതിലൂടെ മുസ്‌ലിംസ്ത്രീകള്‍ സ്വയം നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത. പലപ്പോഴും മുസ്‌ലിം സ്ത്രീകള്‍ എഴുതുന്നതോ പറയുന്നതോ അല്ല ആരും  വായിക്കുന്നത്. വിശിഷ്യാ മുസ്‌ലിം സമുദായത്തെ കുറിച്ച് ധാരാളം വാര്‍പ്പുമാതൃകകള്‍ നിലവിലുള്ള സാഹചര്യത്തില്‍ അവര്‍ക്കാവശ്യമുള്ളതു മാത്രം തെരഞ്ഞെടുത്താണ് അധീശ രാഷ്ട്രീയം വിശകലനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കേവല വ്യക്തി അനുഭവത്തെ മുന്‍നിര്‍ത്തിയുള്ള ലിബറല്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതോടൊപ്പം തന്നെ പുതിയൊരു പ്രായോഗിക രാഷ്ട്രീയം മുസ്‌ലിം സ്ത്രീപക്ഷത്തുനിന്നുണ്ടാകണം. 

വിജയം കണ്ട ചില പ്രായോഗിക രാഷ്ട്രീയ മാതൃകകള്‍ ഇന്ത്യന്‍ കാമ്പസിലെ മുസ്‌ലിംസ്ത്രീ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. മുസ്‌ലിംസ്ത്രീ പ്രശ്‌നത്തെ  വ്യത്യസ്ത തരത്തിലുള്ള കീഴാള സമുദായങ്ങളുടെയും അതിനകത്തെ സ്ത്രീ രാഷ്ട്രീയത്തിന്റെയും ഐക്യത്തിന്റെ ഭാഗമായി കൊണ്ടുവരാന്‍ സാധിക്കുന്നതിലൂടെ കമ്യൂണിറ്റേറിയനായ (Communitarian) സ്ത്രീ രാഷ്ട്രീയത്തിന്റെ സാധ്യത വികസിച്ചുവരുന്നുണ്ട്. അധീശ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളെക്കുറിച്ച് ആലോചിച്ച് സ്വയം നിശ്ശബ്ദമാകുന്നതിനു പകരം മുസ്‌ലിംസ്ത്രീപ്രശ്‌നങ്ങള്‍   അറിയുന്നവരുമായി സാഹോദര്യങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ പുതിയ കലര്‍പ്പുകള്‍ ഉണ്ടാക്കുന്നതിലൂടെ പൊതുവ്യവഹാരങ്ങളുടെ തീര്‍പ്പുകളെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.  

മുസ്‌ലിം സ്ത്രീകളെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാനും ആലോചിക്കാനുമുള്ള ഇടങ്ങള്‍ അപൂര്‍വമായേ ഇവിടെയുള്ളൂ. അതുകൊണ്ടുതന്നെ  മുസ്‌ലിം സ്ത്രീകളെ പോലെ തന്നെ പ്രശ്‌നം അനുഭവിക്കുന്ന സ്ത്രീകളോടും സമുദായങ്ങളോടും യോജിച്ചുകൊണ്ടുതന്നെ പുതിയൊരു രാഷ്ട്രീയ ഭാവന കെട്ടിപ്പടുക്കുന്നത് അത്യാവശ്യമാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ ഒരേസമയം സ്ത്രീ രാഷ്ട്രീയത്തിന്റെ അധീശ പ്രവണതകളെയും മുസ്‌ലിം സമുദായത്തിന്റെ കീഴാള സ്വഭാവത്തെയും കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരാനും സഹായിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍