Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

വിശകലനത്തിലെ വഴിതെറ്റലുകള്‍ <br>ഉര്‍ദുഗാന്റെ ജീവിതകഥ - 16

അശ്‌റഫ് കീഴുപറമ്പ്

ഹഖാന്‍ യാവുസ് തുര്‍ക്കിയിലെ അറിയപ്പെടുന്ന അക്കാദമീഷ്യനാണ്. 'തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയ സ്വത്വം' (Islamic Political Identity in Turkey) എന്ന കൃതിയുടെ കര്‍ത്താവ്. അതിന്റെ ആമുഖത്തില്‍ തന്റെ ചില അനുഭവങ്ങള്‍ പറയുന്നുണ്ട് അദ്ദേഹം. കരിങ്കടല്‍ മേഖലയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. ടര്‍ക്കിഷ് ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും വിവിധ ഇസ്‌ലാമിക ചിന്താധാരകള്‍ എത്ര ആഴത്തിലാണ് വേരോടിയിരിക്കുന്നത് എന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. പക്ഷേ, അങ്കാറയിലെയും ഇസ്തംബൂളിലെയും വരേണ്യ ബുദ്ധിജീവികള്‍ ഇതൊരിക്കലും അംഗീകരിച്ചുതരില്ല. എന്നു മാത്രമല്ല, മതം സമൂഹത്തില്‍ ചെലുത്തുന്ന പോസിറ്റീവായ സ്വാധീനത്തെക്കുറിച്ച് ആരെങ്കിലും പഠിക്കാന്‍ തുനിഞ്ഞാല്‍ അവരെ അതിന് സമ്മതിക്കുകയുമില്ല. വളരെ ലളിതവത്കരിച്ച ദ്വന്ദ്വ പരികല്‍പനകളിലാണ് അവര്‍ക്ക് താല്‍പര്യം. വികസനം/പിന്നാക്കാവസ്ഥ, സെക്യുലരിസം/ അന്ധവിശ്വാസം, ദേശീയത/ വിഘടനവാദം എന്നിങ്ങനെ. ഇതില്‍ രണ്ടാമത് പറഞ്ഞ പിന്നാക്കാവസ്ഥ, അന്ധവിശ്വാസം, വിഘടനവാദം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് മതം. പുരോഗമനമായതെന്തും അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ സംഭാവനകള്‍! ഈയൊരു പാറ്റേണിലുള്ള പഠനങ്ങളേ അവര്‍ അക്കാദമിക സ്ഥാപനങ്ങളില്‍ അനുവദിക്കുകയുള്ളൂ.

ഹഖാന്‍ യാവുസ് തന്റെ പഠനങ്ങളും അനുഭവങ്ങളും മുന്‍നിര്‍ത്തി മതകീയ ജീവിതത്തിന്റെ പോസിറ്റീവായ വശങ്ങള്‍ എടുത്തുകാട്ടി ഒന്നു രണ്ട് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആസ്ഥാന ബുദ്ധിജീവികള്‍ കണ്ണുരുട്ടി. അങ്കാറ യൂനിവേഴ്‌സിറ്റിയില്‍ പഠനം തുടരാനാകാതെ അദ്ദേഹത്തിന് അമേരിക്കയിലെ വിസ്‌കോണ്‍സിനിലേക്ക് പോകേണ്ടിവന്നു, ഉന്നത പഠനത്തിന്. പഠനം കഴിഞ്ഞ് അങ്കാറയിലെ തന്നെ ബില്‍കന്ദ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ തന്റെ 'യാഥാസ്ഥിതിക ചിന്തകള്‍' വീണ്ടും ഹഖാനെ ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തി. ഇത്തവണ രക്ഷക്കെത്തിയത് അമേരിക്കയിലെ തന്നെ യുതാഹ് യൂനിവേഴ്‌സിറ്റി. സ്വതന്ത്രമായി പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള സ്വാതന്ത്ര്യം എത്രയോ കാലമായി തുര്‍ക്കിയില്‍ നിഷേധിക്കപ്പെട്ടതിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് ഹഖാന്‍ യാവുസ്. ഏതു മേഖലയിലും മതവിരുദ്ധത മാത്രമേ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും പാടുള്ളൂ. അക്കാദമിക മേഖലയും മീഡിയയും ബ്യൂറോക്രസിയുമെല്ലാം ആ രീതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. മതകീയ പശ്ചാത്തലമുള്ള ഏതു ക്രിയാത്മക നീക്കവും തനി പിന്തിരിപ്പത്തമായേ ഈ അള്‍ട്രാ സെക്യുലരിസ്റ്റ് പൊതുമണ്ഡലങ്ങള്‍ കാണുകയുള്ളൂ.

തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വികാസത്തെക്കുറിച്ച് പഠിക്കാനിറങ്ങുന്ന ഗവേഷകനെ ഏറെ വഴിതെറ്റിക്കുന്ന പ്രശ്‌നമണ്ഡലമാണിത്. അക് പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം തന്നെ ഒരേ പാറ്റേണില്‍ എഴുതപ്പെട്ട നൂറുകണക്കിന് കൃതികള്‍ നിങ്ങള്‍ക്ക് കാണാം. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ പതിനഞ്ച് വര്‍ഷത്തിലധികമായി സ്ഥിരതയാര്‍ന്ന മികച്ച ഭരണം കാഴ്ചവെക്കുന്ന അക് പാര്‍ട്ടിയെക്കുറിച്ച് ഒരു നല്ല വര്‍ത്തമാനം പോലും നിങ്ങളവയില്‍ കണ്ടെത്തുകയില്ല. പാശ്ചാത്യരും നമ്മുടെ ബുദ്ധിജീവികളുമൊക്കെ ഇത്തരം പുസ്തകങ്ങളും പഠനങ്ങളും മുന്നില്‍ വെച്ചാണ് തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്നത്. അതില്‍ നിഷ്പക്ഷത എത്രത്തോളമുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. ഇത്തരം പ്രതിലോമകരമായ പ്രചാരണങ്ങളെ വേണ്ടവിധം ചെറുക്കാന്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റ് ധാരകള്‍ക്ക് കഴിയുന്നില്ല.

ഉര്‍ദുഗാന്‍ എന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഈ പ്രചാരണ സാഹിത്യങ്ങള്‍ വലിയ വിലങ്ങുതടിയാണെന്ന് സൂചിപ്പിക്കുക മാത്രം. ഏറ്റവുമൊടുവില്‍ ലോക മീഡിയ ഉര്‍ദുഗാന് നിര്‍മിച്ച് നല്‍കിക്കൊണ്ടിരിക്കുന്ന പ്രതിഛായ എന്താണെന്ന് നോക്കൂ. അദ്ദേഹം എന്തോ മഹാ അപരാധം ചെയ്തു എന്ന മട്ടിലാണ് മീഡിയാ വിശകലനങ്ങള്‍. അപരാധം മറ്റൊന്നുമല്ല, രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു! ഹിറ്റ്‌ലറെപ്പോലെ ഏകാധിപതിയാകാനുള്ള ശ്രമമാണ്! ഇതൊക്കെ തുര്‍ക്കിയിലെ മതവിരുദ്ധരായ കമാലിസ്റ്റുകള്‍ പറഞ്ഞുപരത്തുന്നതാണ്. അവ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കലാണ് മാധ്യമ ധര്‍മമെന്ന് ധരിച്ചുവശായാല്‍ എന്തു ചെയ്യും!

ഉര്‍ദുഗാന്‍ ചെയ്യുന്നതിനെയൊക്കെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ ആമുഖം. അദ്ദേഹത്തിന്റെ പ്രവൃത്തികളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും കാണാന്‍ ശ്രമിക്കണമെന്ന് ഉണര്‍ത്തുക മാത്രമാണ്. ആഗോളതലത്തില്‍ തന്നെ പലതരം സ്ഥാപിതതാല്‍പര്യക്കാര്‍ക്കും വലിയൊരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് 'തുര്‍ക്കി മോഡല്‍.'  മതമൂല്യങ്ങളെ ഉള്‍ച്ചേര്‍ത്തും ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും മുന്നേറുന്ന ഈ ഭരണമാതൃക മുസ്‌ലിം ലോകത്തെ ഏകാധിപത്യ ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തുക സ്വാഭാവികം. അതിനെ തകര്‍ക്കാന്‍ ബദ്ധവൈരികളായ സയണിസ്റ്റുകളുമായി വരെ അവര്‍ കൈകോര്‍ത്തെന്ന് വരും. ഏറ്റവുമൊടുവിലത്തെ പാളിപ്പോയ സൈനിക അട്ടിമറി ശ്രമത്തില്‍ നാമിത് കണ്ടതാണ്. അട്ടിമറി പാളിയെങ്കിലും, 'തുര്‍ക്കി മോഡലി'നെതിരെയുള്ള മീഡിയാ ആക്രമണം മുമ്പത്തേക്കാള്‍ രൂക്ഷമായി തന്നെ തുടരും. കൂലിയെഴുത്തുകാര്‍ക്ക് നമ്മുടെ നാട്ടിലും പുറത്തും ഒരു പഞ്ഞവുമില്ലല്ലോ. ഉദാഹരണത്തിന് അലി അദീബ് എന്ന ഒരു ഇറാഖീ കോളമിസ്റ്റിന്റെ വിശകലനം പരിശോധിക്കാം:

ചെറിയൊരു പ്രശംസയോടെയാണ് വിശകലനം ആരംഭിക്കുന്നത്. തുര്‍ക്കിയെ സാമ്പത്തികമായി വളരെയേറെ മുന്നിലെത്തിച്ച ഭരണമാണ് ഉര്‍ദുഗാന്റേത്. പക്ഷേ ഇപ്പോള്‍ എല്ലാം അവതാളത്തിലായിരിക്കുന്നു. താന്‍ അറബ് ജനതയോട് അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്ത അതേ ഏകാധിപത്യത്തിലേക്ക് ഉര്‍ദുഗാന്‍ സ്വയം തന്നെ അല്‍പാല്‍പമായി കാലെടുത്തുവെക്കുകയാണ്. ഈ വ്യക്തിക്ക് ഒരു തരത്തിലുള്ള പ്രതിപക്ഷത്തെയും സഹിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പങ്കാളിത്തത്തിലും അദ്ദേഹത്തിന് വിശ്വാസമില്ല. മതകീയ പാത പിന്തുടരുന്ന ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും നമുക്ക് അതല്ലേ പ്രതീക്ഷിക്കാനാവൂ. തുര്‍ക്കിയിലെ വലിയ പത്രങ്ങളിലൊന്നായ സമാന്‍ ഓഫീസിലേക്ക് പോലീസ് ഇരച്ചുകയറിയത് ടിയര്‍ഗ്യാസ് ഷെല്ലിന്റെ അകമ്പടിയോടെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഇതുപോലൊരു കണ്ഠകോടാലി ഇനി വരാനുണ്ടോ!

ഈ മട്ടിലാണ് വിശകലനത്തിന്റെ പോക്ക്. ആഗോള മുഖ്യധാരാ മാധ്യമങ്ങളിലൊക്കെ ഇതേ പാറ്റേണിലാണ് കടന്നാക്രമണം. ഐജാസ് അഹ്മദും ജോണ്‍ ചെറിയാനും ഫ്രന്റ്‌ലൈന്‍ ദൈ്വവാരികയിലെഴുതുന്ന വിശകലനങ്ങളും ഇതിന്റെ പകര്‍പ്പ് തന്നെ. വസ്തുത അന്വേഷിക്കാതെയുള്ള തനി പ്രോപഗണ്ടാ യുദ്ധം. ആദ്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യമെടുക്കാം. തുര്‍ക്കിയില്‍ വളരെ നിഷ്പക്ഷമായ പത്രപ്രവര്‍ത്തനമാണ് നടക്കുന്നത്, ഒരു ഏകാധിപതി വന്ന് നിഷ്പക്ഷ മാധ്യമങ്ങളെ അടിച്ചൊതുക്കുകയാണ് എന്ന മട്ടിലാണ് എഴുത്ത്. തുര്‍ക്കിയിലെ മുഖ്യധാരാ മാധ്യമങ്ങളെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിക്കുന്നതാണിത്. നിക്ഷിപ്ത താല്‍പര്യങ്ങളുടെ തടവറയിലാണ് അവിടത്തെ മാധ്യമങ്ങള്‍ മുമ്പ് മുതല്‍ക്കേ. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല അവ നിലകൊണ്ടിട്ടുള്ളത്. ജനങ്ങള്‍ തെരഞ്ഞെടുത്ത അര്‍ബകാന്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ചരടുവലിച്ചതും ഉര്‍ദുഗാനെ ഇസ്തംബൂള്‍ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കള്ളക്കഥകള്‍ മെനഞ്ഞതും മുഖ്യധാരാ മാധ്യമങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ ഫത്ഹുല്ല ഗുലന്‍ ചില ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് ഉര്‍ദുഗാനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നടത്തിയ അട്ടിമറിശ്രമത്തിന് പിന്നിലും ഗുലന്റെ ഉടമസ്ഥതയിലുള്ള സമാന്‍ പത്രവും സമാന്‍യോലു ടി.വി ചാനലുമൊക്കെ ഇറങ്ങിക്കളിച്ചിട്ടുണ്ട്. കുറേകാലമായി അക് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ അഴിമതിക്കഥകള്‍ മെനയലായിരുന്നു ഗുലന്‍ മാധ്യമങ്ങളുടെ കാര്യമായ പണി. ഗൂഢാലോചനയിലെ പങ്കാളികള്‍ എന്ന നിലക്ക് ആ മാധ്യമ സ്ഥാപനങ്ങള്‍ ചിലത് ഉര്‍ദുഗാന്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ആ നടപടി ശരിയായോ എന്നത് മറ്റൊരു വിഷയമാണ്.

രാജ്യത്തെ ഭരണസംവിധാനം പാര്‍ലമെന്ററി രീതിയില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ് കൂടുതല്‍ പരാതികള്‍. ആദ്യം ഉര്‍ദുഗാനും അക് പാര്‍ട്ടിയും മുന്നോട്ടുവെക്കുന്ന ന്യായങ്ങളെന്തൊക്കെ എന്നു നോക്കാം. ഒന്നാമതായി, പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറണം എന്ന ആവശ്യം ആദ്യം ഉന്നയിക്കുന്ന പ്രസിഡന്റല്ല ഉര്‍ദുഗാന്‍. പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന തുര്‍ഗത്ത് ഒസാലും സുലൈമാന്‍ ദമിറേലും (ഇവര്‍ നേരത്തേ പ്രധാനമന്ത്രിമാര്‍ കൂടിയായിരുന്നു) ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവര്‍ നയിച്ചിരുന്ന പാര്‍ട്ടികള്‍ നന്നേ ദുര്‍ബലമായിക്കഴിഞ്ഞിരുന്നതിനാല്‍ അതൊരു ചര്‍ച്ചാ വിഷയമേ ആയില്ല. തുര്‍ക്കിയുടെ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതക്ക് കാരണം പാര്‍ലമെന്ററി സമ്പ്രദായമാണെന്ന് അക് പാര്‍ട്ടി വക്താക്കള്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു. 93 വര്‍ഷം മുമ്പ് തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിതമായതിനു ശേഷം 65 മന്ത്രിസഭകള്‍ തുര്‍ക്കിയില്‍ മാറിമാറി വന്നു. 2002 മുതല്‍ അക് പാര്‍ട്ടി സ്ഥിരതയാര്‍ന്ന ഭരണം കാഴ്ചവെച്ചില്ലെങ്കില്‍ മന്ത്രിസഭകളുടെ വരവും പോക്കും ഇതിലും വേഗത്തിലായേനെ. ശരാശരി കണക്കെടുത്താല്‍, പതിനേഴ് മാസത്തിന് ഒരു മന്ത്രിസഭ. മുഴുവന്‍ കൂട്ടുകക്ഷി മന്ത്രിസഭകളും തനി പരാജയമായിരുന്നു തുര്‍ക്കിയില്‍. ഇതിനൊരു പരിഹാരമായാണ് അക് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായം മുന്നോട്ടുവെക്കുന്നത്.

ഇതിനെ ശക്തമായി എതിര്‍ക്കുന്നത് കമാലിസ്റ്റുകളുടെ റിപ്പബ്ലിക്കന്‍സ് പീപ്പ്ള്‍സ് പാര്‍ട്ടിയാണ്; പിന്നെ കുര്‍ദ് പശ്ചാത്തലമുള്ള പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും. സകല അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ച് ഉര്‍ദുഗാന്‍ രാജ്യത്തെ സ്വേഛാധിപത്യത്തിലേക്ക് കൊണ്ടുപോകാനാണ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിനു വേണ്ടി മുറവിളി കൂട്ടുന്നത് എന്നാണ് അവരുടെ ആരോപണം. പീപ്പ്ള്‍സ് പാര്‍ട്ടിയുടെ സ്ഥാപകനായ കമാല്‍ അത്താതുര്‍ക്ക് താന്‍ ജീവിച്ച കാലത്ത് ബഹുകക്ഷി സമ്പ്രദായം പോലും അംഗീകരിക്കാതെ തനി സ്വേഛാധിപതിയായി ഭരിച്ചയാളാണ്. തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറുകളെ മുഴുവന്‍ അട്ടിമറിച്ചത് കമാലിസ്റ്റുകള്‍ അടക്കിവാഴുന്ന സൈന്യമായിരുന്നു എന്നതും തര്‍ക്കമറ്റത്. പിന്നെ എന്ന് തുടങ്ങി കമാലിസ്റ്റുകള്‍ക്ക് ജനാധിപത്യപ്രേമം? സംഗതിയെന്താണെന്ന് നിഷ്പക്ഷ നിരീക്ഷകരൊക്കെ ചൂണ്ടിക്കാട്ടിയതാണ്. പാര്‍ലമെന്റില്‍ ഇപ്പോള്‍ ശരാശരി നൂറ്റിയമ്പതില്‍ പരം സീറ്റുകള്‍ കിട്ടിവരുന്നുണ്ട് പീപ്പ്ള്‍സ് പാര്‍ട്ടിക്ക്. പ്രസിഡന്‍ഷ്യല്‍ രീതി വരുന്നതോടെ ആ സ്വാധീനവും ഇല്ലാതാവുമെന്ന പേടിയാണവര്‍ക്ക്.

അതേസമയം പാര്‍ലമെന്ററി സമ്പ്രദായമാണ് കൂടുതല്‍ ജനാധിപത്യപരം എന്ന് റാശിദുല്‍ ഗന്നൂശിയെപ്പോലുള്ള ചിന്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്; പ്രസിഡന്‍ഷ്യല്‍ രീതി ഏകാധിപത്യത്തിലേക്ക് വഴുതിമാറാനുള്ള സാധ്യത കൂടുതലാണെന്നും. എന്നാല്‍, പ്രസിഡന്റിന് അനിയന്ത്രിതാധികാരം കൈയാളാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തിന്റെ കരട് തങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് അക് പാര്‍ട്ടിയുടെ വാദം. അവയില്‍ ചിലത്: പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഇറക്കാന്‍ പ്രസിഡന്റിന് അധികാരമില്ല. ഭരണഘടനയോ രാജ്യത്തിന്റെ നിയമസംവിധാനങ്ങളോ ഉറപ്പ് നല്‍കുന്ന ഒരു കാര്യത്തിലും പ്രസിഡന്റ് ഇടപെടുകയില്ല. പ്രസിഡന്റിന്റെ ഉത്തരവും രാജ്യത്തെ നിയമവും വിരുദ്ധമായി വന്നാല്‍ നിയമത്തിനായിരിക്കും പ്രാബല്യം. പ്രസിഡന്റിന്റെ ഏത് ഉത്തരവും പാര്‍ലമെന്റിനും ഭരണഘടനാ സമിതിക്കും പുനഃപരിശോധിക്കാം. നിലവില്‍ പ്രസിഡന്റിനെതിരെ രാജ്യദ്രോഹം ചെയ്‌തെന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടിയെടുക്കാനാവൂ. അതുതന്നെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അംഗീകരിക്കുകയും വേണം. പുതിയ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ പ്രസിഡന്റിനെ ഏത് കുറ്റത്തിന്റെ പേരിലും പ്രോസിക്യൂട്ട് ചെയ്യാം. കുറ്റാരോപിതനായ പ്രസിഡന്റിന് ഇടക്കാല തെരഞ്ഞെടുപ്പിന് ഉത്തരവിടാന്‍ അധികാരമില്ല. ഈ നിയമ ഭേദഗതികളുടെയെല്ലാം ആകത്തുക, പ്രസിഡന്റ് ജനങ്ങളോടും പാര്‍ലമെന്റിനോടും മറുപടി പറയാന്‍ ബാധ്യസ്ഥനായിരിക്കും എന്നതാണ്. പ്രസിഡന്റിന്റെ ഒരു പ്രവൃത്തിയും കോടതിയുടെ നിരീക്ഷണത്തിന് പുറത്തായിരിക്കുകയില്ല.

പ്രസിഡന്‍ഷ്യല്‍ ഭരണരീതി വന്നാല്‍ പാര്‍ലമെന്റിന്റെ സ്ഥാനമെന്തായിരിക്കും, പ്രധാനമന്ത്രി വെറും പാവയായിപ്പോവില്ലേ, പ്രവിശ്യകളിലേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങളാണ് പിന്നീട് ഉന്നയിക്കപ്പെടുന്നത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്നതും ഈ രീതി പരീക്ഷിക്കുന്നതിന് കാരണമാണ്. തുര്‍ക്കിയില്‍ നിലവില്‍ പ്രസിഡന്റ് ഒരു അലങ്കാര പദവിയാണെങ്കിലും, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ ഉര്‍ദുഗാന്‍ തന്നെയാണ് രാജ്യത്തിന്റെ നയസമീപനങ്ങള്‍ പ്രഖ്യാപിക്കുന്നത്. അതേസമയം പാര്‍ലമെന്ററി സംവിധാനം തന്നെയാണ് ഇപ്പോഴും രാജ്യത്ത് നടപ്പുള്ളത്. പക്ഷേ, പ്രധാനമന്ത്രിക്ക് മുമ്പുണ്ടായിരുന്ന സ്ഥാനം ഈ മാറ്റം കാരണം നഷ്ടപ്പെടുന്നുണ്ട്. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ദാവൂദ് ഒഗ്‌ലു പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഘടനാ മാറ്റത്തെ സംബന്ധിച്ച നിയമഭേദഗതികള്‍ തുര്‍ക്കി പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞു. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയെ പിന്തുണച്ചുകൊണ്ട് മുഖ്യ പ്രതിപക്ഷ കക്ഷികളിലൊന്നായ നാഷ്‌നലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടി അക് പാര്‍ട്ടിക്കൊപ്പമാണ്. പ്രസിഡന്റ് ഉര്‍ദുഗാനും കരട് രേഖയില്‍ ഒപ്പിട്ടു കഴിഞ്ഞു. അടുത്തത് ഹിതപരിശോധനയാണ്. അത് വരുന്ന ഏപ്രില്‍ 16-ന് നടക്കും. 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാല്‍ കരട് ഭേദഗതികള്‍ നിയമമാകും. അഭിപ്രായ സര്‍വേയില്‍, നിയമഭേദഗതിക്ക് അനുകൂലമായി നേരിയ മുന്‍തൂക്കമുണ്ട് ഇപ്പോള്‍; 50-55 ശതമാനത്തിനിടയില്‍. ഹിത പരിശോധനക്ക് തൊട്ടു മുമ്പ് ഭീകരാക്രമണങ്ങളോ മറ്റോ നടന്നാല്‍- അതിനുള്ള സാധ്യത വളരെക്കൂടുതലാണ്- കാര്യങ്ങള്‍ മാറിമറിയും. ഹിതപരിശോധനാ ഫലം അനുകൂലമല്ലെങ്കില്‍ അതൊരു ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്നും ഉറപ്പാണ്.

ഹിതപരിശോധന അനുകൂലമായാല്‍ 2019-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാത്രമേ അത് പ്രാബല്യത്തില്‍ വരികയുള്ളൂ. തുര്‍ക്കിയില്‍ പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ഊഴമേ ഒരാള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും, തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 2029 വരെ ഉര്‍ദുഗാന് ആ സ്ഥാനത്ത് തുടരാം. കാരണം പ്രസിഡന്‍ഷ്യല്‍ ഭരണരീതി വരുന്നതോടെ പഴയ ഘടനയില്‍ പ്രസിഡന്റായത് കണക്കില്‍ വരില്ല. അതായത് 2019-ല്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രണ്ട് ടേമുകള്‍ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനാവും. തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്ന 2023 ആവുമ്പോഴേക്ക് രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കിയെ ലോകത്തെ തന്നെ വന്‍ ശക്തികളിലൊന്നാക്കി മാറ്റുക എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഉര്‍ദുഗാന് വേണ്ടത്ര സമയം കിട്ടുമെന്നര്‍ഥം.

 

പിന്‍ഗാമി ആര്?

ഉര്‍ദുഗാന്റെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് അബ്ദുല്ല ഗുല്‍, ദാവൂദ് ഒഗ്‌ലു എന്നിങ്ങനെ പല ഉത്തരങ്ങള്‍ നാം കണ്ടിരുന്നു. പല കാരണങ്ങളാല്‍ ഈ രണ്ട് നേതാക്കളും ഉര്‍ദുഗാനുമായി അകല്‍ച്ചയിലാണ്; പാര്‍ട്ടിയില്‍നിന്ന് ഇരുവരും പുറത്തുപോയിട്ടില്ലെങ്കിലും. ഉര്‍ദുഗാന്റെ പ്രവര്‍ത്തനശൈലിയാണ് അതിന് കാരണമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ ഗുരു അര്‍ബകാനുമായി ഉര്‍ദുഗാനടക്കമുള്ള യുവനിര തെറ്റിപ്പിരിയാനുള്ള ഒരു പ്രധാന കാരണവും രണ്ടാംനിര നേതൃത്വത്തിന് ഇടമനുവദിക്കാത്ത പ്രവര്‍ത്തന ശൈലിയായിരുന്നു. ദാവൂദ് ഒഗ്‌ലു ചിന്തകനും പ്രഗത്ഭനായ അക്കാദമീഷ്യനുമൊക്കെയാണെങ്കിലും ഭരണാധികാരിയെന്ന നിലക്ക് വേണ്ടത്ര ശോഭിച്ചില്ലെന്ന അഭിപ്രായവുമുണ്ട്. ഏതായാലും പാര്‍ട്ടിയിലും ഭരണത്തിലും ഒരു തലമുറമാറ്റം നടന്നുകഴിഞ്ഞിരിക്കുന്നു. ബിന്‍ അലി യില്‍ദിരിം (1955-) ആണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. ഉര്‍ദുഗാന്റെ അടുത്ത സഹായികളിലൊരാള്‍. നേരത്തേ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു. ഉര്‍ദുഗാന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് മാത്രം നീങ്ങുന്നതിനാല്‍ ഏറ്റവുമുട്ടലിന് സാധ്യതയില്ല.

തീര്‍ച്ചയായും ഈ സ്ഥിതിവിശേഷം അക് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഉര്‍ദുഗാനു ശേഷം പാര്‍ട്ടിയെ നയിക്കാന്‍ സമര്‍ഥനായ നേതാവില്ലാതായാല്‍ അര്‍ബകാന്റെ വിയോഗത്തോടെ സആദ പാര്‍ട്ടിക്ക് സംഭവിച്ചതു തന്നെയായിരിക്കും അതിനെയും കാത്തിരിക്കുന്നുണ്ടാവുക. എത്രയോ പാര്‍ട്ടികളുടെ ശ്മശാനഭൂമി കൂടിയാണ് തുര്‍ക്കി രാഷ്ട്രീയം എന്നുമറിയുക. ഉര്‍ദുഗാനന്തരം അക് പാര്‍ട്ടി കാലയവനികക്കുള്ളില്‍ മറഞ്ഞാലും  തുര്‍ക്കി റിപ്പബ്ലിക്കിനെ മാറ്റിപ്പണിതതിന്റെ ഖ്യാതി അക് പാര്‍ട്ടിക്ക് തന്നെയായിരിക്കും; അതിന്റെ ജീവാത്മാവും പരമാത്മാവുമായ ഉര്‍ദുഗാന്നും.

(അവസാനിച്ചു)

 

പ്രധാന അവലംബ കൃതികള്‍:

1. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍: ഖിസ്സ്വതുസഈം - ഹുസൈന്‍ ബസ്‌ലി, ഉമര്‍ ഊസ്ബായ്

2. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍: മുഅദ്ദിനു ഇസ്തന്‍ബൂള്‍ വ മുഹത്ത്വിമുസ്സനമില്‍ അത്താതുര്‍ക്കി- ശരീഫ് തശ്‌യാന്‍

3. ഖിസ്സ്വതു ഉര്‍ദുഗാന്‍- ഡോ. റാഗിബ് സര്‍ജാനി

4. Turkey Since 1970, Politics, Economics and Society- Edited by Debbie Lovatt

5. The New Turkish Republic: Turkey as a Pivotal State in the Muslim World- Graham E. Fuller

6. Recep Tayyip Erdogan- Tom Lashnits

7. Islam,Democracy and Dialogue in Turkey- Bora Kanra

8. Islam and Modernity in Turkey- Brian Silverstein

9. Islamic Political Identity in Turkey - M. Hakan Yavuz

10. Secular and Islamic Politics in Turkey: The Making of the Justice and Development Party - Edited by: Umit Cizre

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍