ഹദീസ് സമ്മേളനത്തിന് തുടര്‍ച്ചയുണ്ടാകണം
ജനുവരി അവസാനവാരം ഖത്തറിലെ മലയാളികള്‍ സംഘടിപ്പിച്ച ഹദീസ് കോണ്‍ഫറന്‍സ് ബഹുജന പങ്കാളിത്തവും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രവാചകചര്യയുടെ പ്രചാരണവും സംരക്ഷണവും പ്രമേയമായി നടന്ന ദ്വിദിന സമ്മേളനത്തില്‍ വിഭാഗീയതയും സംഘടനാ പക്ഷപാതിത്വവും മാറ്റിവെച്ച് എല്ലാ വിഭാഗങ്ങളുടെയും ആദ്യന്ത സാന്നിധ്യമുായിരുന്നു.
ഹദീസ് വിജ്ഞാനവും സാങ്കേതിക പദങ്ങളും, ഹദീസ് നിഷേധം, ഹദീസിന്റെ അതിവായനയും സര്‍ഗാത്മക വ്യാഖ്യാനവും, ഹദീസ് സംരക്ഷണവും പ്രചാരണവും തുടങ്ങിയ ശീര്‍ഷകങ്ങളില്‍ നടന്ന വിഷയാവതരണങ്ങളും രചനാത്മക ചര്‍ച്ചകളും ഹദീസിന്റെ വിശാല ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നു. നിരവധി അന്തര്‍ദേശീയ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളില്‍ ഹദീസ് പ്രഫസറും അറബിയില്‍ പത്തോളം പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ. ഹംസ മലൈബാരി, കേരളത്തില്‍നിന്നുള്ള പ്രമുഖ പണ്ഡിതന്‍ കാടേരി മുഹമ്മദ്, എം.വി മുഹമ്മദ് സലീം, അബ്ദുല്ലാ ഹസന്‍ തുടങ്ങിയവരുടെ വിഷയാവതരണം മികച്ചതായിരുന്നു. അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സഭാ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗിയുടെ പ്രഭാഷണവും മുഹമ്മദ് ഇസ്മാഈല്‍ ഹുദവി, മുഹമ്മദലി ഖാസിമി അമിനിക്കാട് തുടങ്ങിയവരുടെ അവതരണങ്ങളും ശ്രദ്ധേയം തന്നെ.
ഹദീസ്‌നിഷേധ പ്രവണത അധികരിച്ചുവരുന്ന ഇക്കാലത്ത് ഇസ്‌ലാമിക അധ്യാപനങ്ങളുടെ രണ്ടാമത്തെ സ്രോതസ്സായ പ്രവാചകചര്യ യഥാവിധി മനസ്സിലാക്കി ഉള്‍ക്കൊള്ളണമെന്ന് ചരിത്ര പാഠങ്ങളുടെ പിന്‍ബലത്തോടെ പണ്ഡിതോചിതമായി അവതരിപ്പിക്കുന്നതില്‍ സമ്മേളനം വിജയിച്ചു. ഹദീസിന്റെ പുനര്‍വായനക്കും ശാസ്ത്രീയ വിശദീകരണത്തിനും മുസ്‌ലിം സമൂഹം തയാറാകണമെന്ന ആഹ്വാനവുമുണ്ടായി. പലപ്പോഴും പ്രവാചകന്റെയും ഇസ്‌ലാമിന്റെയും കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായാണ് ചില ഹദീസുകള്‍ വായിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. കേവലം അക്ഷരങ്ങളില്‍ അഭിരമിക്കാനാണ് ചില പണ്ഡിതന്മാര്‍ താല്‍പര്യം കാണിക്കാറുള്ളത്. നൂതന പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണണമെന്ന സന്ദേശവും സമ്മേളനം പങ്കുവെക്കുകയുണ്ടായി.
ഖത്തറിലെ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളെയും ഒന്നിച്ചിരുത്താനും പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ച് മുന്നേറാനും സമ്മേളനം നല്‍കിയ നിശ്ശബ്ദ സന്ദേശം ചെറുതല്ല. നന്മയുടെ സഹകാരികളായി മാറുന്നതിന് ഒരു വിഭാഗത്തിനും വിയോജിപ്പില്ലെന്ന് ഈ വൈജ്ഞാനിക സമാജം പ്രഖ്യാപിക്കുകയായിരുന്നു. ഹദീസ് മാത്രമല്ല, ഇസ്‌ലാമിക കര്‍മശാസ്ത്രം, ചരിത്രം, വിശുദ്ധ ഖുര്‍ആന്‍, തത്ത്വചിന്ത, ഇസ്‌ലാമിക സൗന്ദര്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബഹുജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഇത്തരം സമ്മേളനങ്ങളും പഠന-ഗവേഷണ യജ്ഞങ്ങളും ആവശ്യമാണ്. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിനും ദോഹയിലെ ഹദീസ് സമ്മേളനം ദിശാബോധം നല്‍കുന്നുണ്ട്.
വിജയിക്കേണ്ട പ്രസ്ഥാനത്തിനു വേണ്ടത്
അബ്ദുല്‍ അസീസ് മഞ്ഞിയില്‍
'വിജയിക്കേണ്ട പ്രസ്ഥാനത്തിനു വേണ്ടത്' എന്ന ലേഖനം (ലക്കം 36) അവസരോചിതമായി. ആദര്‍ശ ജീവിത വിശുദ്ധി, ലക്ഷ്യനിര്‍ണയം, ആസൂത്രണം, പ്രവര്‍ത്തനം, അവലോകനം, ആത്മവിശ്വാസം എന്നീ ഉപശീര്‍ഷകങ്ങളില്‍ വിഷയം വിവരിച്ചിരിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ അവലോകനം കേവല ഔപചാരികതക്കു വേണ്ടി മാത്രമായി ചുരുങ്ങുന്നുണ്ടോ എന്നത് ഗൗരവത്തില്‍ കണക്കിലെടുക്കണം. പണ്ട് പഠിച്ചതു തന്നെ പാടുന്ന അവസ്ഥയും വിലയിരുത്തണം. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ തന്റെ ഭാഗധേയം എന്ത് എന്നും പ്രവര്‍ത്തകര്‍ ആത്മ വിചാരണ നടത്തണം. ഇവിടെയാണ് നവീകരണം പ്രസക്തമാകുന്നത്. നവീകരണം എന്നു പറഞ്ഞാല്‍ ശുദ്ധീകരണവും സംസ്‌കരണവും ഒപ്പം സൗന്ദര്യവത്കരണവുമാണ്. ഈ പ്രക്രിയ അവധാനതയോടെ നടക്കേണ്ടതാണ്. മനോഹരമായ ശില്‍പം തയാറാക്കുന്ന വിദഗ്ധനായ ശില്‍പിയെപ്പോലെ. ശില്‍പി ശിലയില്‍നിന്ന് സസൂക്ഷ്മം ചിലത് കൊത്തിമാറ്റുക മാത്രമാണ്. അല്ലാതെ പുതിയതൊന്നു നിര്‍മിക്കുന്നില്ല. രൂപം കൊടുക്കപ്പെട്ടതില്‍ മിനുക്കുപണിയും നടത്തും. ശില്‍പം രൂപംകൊള്ളാന്‍ ഏകാഗ്രചിത്തനായ ഒരു ശില്‍പി മതി. എന്നാല്‍ മിനുക്കുപണികള്‍ക്ക് ഒരു സംഘം തന്നെ വേണം. ഇവിടെ യുവനിര മുതല്‍ വയോവൃദ്ധര്‍ വരെയുള്ള അതിവിദഗ്ധരായ ശില്‍പികള്‍ തന്നെ പുതിയൊരു ശില്‍പിയെ കാത്തിരിക്കുകയാണ്. മിനുക്ക് പണികള്‍ക്ക് സജ്ജരായ സംഘമാകട്ടെ നവജാത ശിശുവിന്റെ കരച്ചില്‍ കേള്‍ക്കാന്‍ വരാന്തയില്‍ ഉലാത്തുന്ന പിതാക്കളെ പോലെയും.
ചിന്തിക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍
ആചാരി തിരുവത്ര, ചാവക്കാട്
യുക്തിവാദവും നിരീശ്വരവാദവും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഒഴിയാബാധയായി ലോക ജനതയുടെ മുന്നിലുണ്ട്. ദൈവമുണ്ടെന്നു പറയുന്നത് വിവരക്കേടാണെന്നാണ് നിരീശ്വരവാദികളുടെ വാദം. എന്നാല്‍ ഇത്തരം വാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുണ്ട്, ആ ശക്തിതന്നെയാണ് അതിന്റെ കരുത്ത്. ദൈവമില്ലെന്ന് ശഠിക്കുന്നവര്‍ ഈ പ്രപഞ്ചം മുഴുവന്‍ യാദൃഛികമായി ഉണ്ടായതാണെന്ന് വിശ്വസിക്കുന്നുണ്ടോ? ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരാകട്ടെ ഇതെല്ലാം ദൈവനിര്‍മിതമായതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ്.
പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുണ്ടോ? ദൈവമില്ലെന്ന് വാദിക്കുന്ന നാസിത്കര്‍ ശാസ്ത്രീയമായ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊാണ് അവര്‍ തങ്ങളുടെ യുക്തിവാദത്തെ മുറുകെപ്പിടിക്കുന്നത്.
പരിണാമം കൊണ്ടാണ് സമൂഹത്തില്‍ കാണുന്നതെല്ലാം സംഭവിച്ചതെന്ന് വാദിക്കുന്നവരും ഉണ്ട്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ എന്താണ് വിശ്വസിക്കേണ്ടത്? ശാസ്ത്രസത്യങ്ങള്‍ നിരാകരിക്കുന്നവര്‍ തന്നെയാണ് യുക്തിവാദികളും നിരീശ്വരവാദികളും. ഭൗതികശാസ്ത്രം നിരീശ്വരവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് സംബന്ധമായി ജീവശാസ്ത്രപരമായ പല തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞുകൊണ്ട് യുക്തിവാദ-നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനോട് ആര്‍ക്കാണ് യോജിപ്പുള്ളത്? ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്ത് അവരെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള ഒരു മാര്‍ഗരേഖയാണ് നിരീശ്വരവാദത്തിലൂടെ മെനഞ്ഞെടുക്കുന്നത്.
ലക്കം 35-ല്‍ പ്രഫ. പി.എ വാഹിദ് എഴുതിയ 'നിരീശ്വരവാദം ശാസ്ത്രം തള്ളിക്കളഞ്ഞ യുക്തിവാദം' എന്ന ലേഖനം സമകാലീന സംഭവവികാസങ്ങളെ അപഗ്രഥിക്കുന്ന നല്ലൊരു അന്വേഷണം തന്നെയായിരുന്നു.
ഇ.കെയെ അനുസ്മരിക്കുമ്പോള്‍
കെ.സി ജലീല്‍
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ അനുസ്മരിച്ചും പ്രകീര്‍ത്തിച്ചും നടത്തപ്പെട്ട ചില പ്രഭാഷണങ്ങള്‍ കേള്‍ക്കാനിടയായി. അദ്ദേഹം ചില സുപ്രധാന ഘട്ടങ്ങളില്‍ സമസ്തയെ സംരക്ഷിക്കാന്‍ നടത്തിയ ഇടപെടലുകള്‍ വേണ്ടപോലെ വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ പില്‍ക്കാലത്ത് കാണാനാവുന്നില്ല.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1970-കളുടെ ആദ്യത്തില്‍ നടന്ന നൂരിഷാ ത്വരീഖത്തുമായുള്ള സമസ്തയുടെ വേര്‍പിരിയല്‍. നൂരിഷയുടെ പേരില്‍ അറിയപ്പെടുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് ആരുടെ ഭരണത്തില്‍ വരണമെന്ന ശക്തമായ തര്‍ക്കം നടക്കുന്ന സമയം. അന്ന് നടക്കുന്ന സുപ്രധാന വാര്‍ഷിക സനദ്ദാന സമ്മേളനമാണ് വഴിത്തിരിവാകാന്‍ പോകുന്നത്. ശക്തമായ സുരക്ഷാ വലയത്തില്‍ നടത്തപ്പെട്ട ആ സമ്മേളനത്തിലെ ഇ.കെയുടെ ഉദ്ഘാടന പ്രസംഗമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഇ.കെയുടെ ഉദ്ഘാടനപ്രസംഗം ത്വരീഖത്തിന്റെ അടിത്തറയിളക്കാന്‍ പോന്നതായിരുന്നു. അതോടെ ബഹുജനം ത്വരീഖത്തിനെതിരാവുകയും സ്ഥാപനം 'സമസ്ത'ക്കു കീഴില്‍ വരികയുമായിരുന്നു. കുരൂര് ശൈഖിന്റെ ഏറെ അപകടകരമായ ആശയങ്ങളില്‍നിന്ന് 'സമസ്ത' സ്ഥാപനങ്ങളെ ശുദ്ധീകരിക്കാനും ഇ.കെയുടെ കാലത്ത് സാധിച്ചു.
എന്നാല്‍, ശുദ്ധീകരണ പ്രക്രിയകള്‍ പിന്നീട് വേണ്ടപോലെ സജീവമായില്ല. ഇന്നിപ്പോള്‍ ചില ത്വരീഖത്തുകള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഇ.കെയുടെ അനുയായികള്‍ പ്രതിരോധത്തിന് വേണ്ടത്ര ശ്രമം നടത്തുന്നതായി കാണുന്നില്ല.
പിന്നീടുണ്ടായ പിളര്‍പ്പ് പ്രത്യക്ഷത്തില്‍ ദൗര്‍ഭാഗ്യകരമെന്ന് തോന്നാമെങ്കിലും 'സമസ്ത'യുടെ ശുദ്ധീകരണത്തില്‍ അത് വലിയ മുതല്‍ക്കൂട്ടായിട്ടു്. ഇ.കെ തുടങ്ങിവെച്ച ശുദ്ധീകരണ പ്രക്രിയ തുടരുകയാണ് സമസ്തക്ക് അഭികാമ്യം.
പേരിലെ പ്രശ്‌നം
ഉമര്‍ അബൂബക്കര്‍
പേരിലെ പ്രശ്‌നം ഗുരുതരം തന്നെ (ലക്കം 36-ല്‍) എന്ന തലക്കെട്ടില്‍ മുസ്‌ലിം പേരുകള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് വായിച്ചു. ഇത്തരം പോരായ്മകള്‍ പ്രത്യേക ജനവിഭാഗത്തിനെതിരെ ഉന്നയിക്കുമ്പോള്‍ കുറച്ചു കരുതല്‍ നല്ലതാണ് . മറ്റെല്ലാ വിഭാഗങ്ങളും ഈ കുറവുകളില്‍നിന്ന് മുക്തമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
കുറിപ്പുകാരി കുറവായി കരുതുന്ന പേരിലെ പിഴവുകള്‍ അക്ഷര പ്രയോഗരീതിശാസ്ത്രമനുസരിച്ച് ഭാഷാപരമായി സ്വീകാര്യമല്ലെന്നിരിക്കെ, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശ്രദ്ധ ആവശ്യമാണ്.
എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായതും ഭാഷാപരമായി അംഗീകാരമുള്ളതുമായ ഒരു വിഷയം ഒരു വിഭാഗത്തിന്റെ സാംസ്‌കാരിക തകര്‍ച്ചയായും പോരായ്മയായും എടുത്തു കാണിക്കുമ്പോള്‍ അത് അസഹിഷ്ണുതയായി കരുതേണ്ടിവരുന്നു. നിഷ്‌കളങ്കമെന്ന് കരുതുന്ന ഈ പങ്കുവെപ്പ് ഒരുപക്ഷേ നന്മനിറഞ്ഞ ഒരു മനസ്സില്‍നിന്ന് ഉടലെടുത്തതാകാം . എങ്കിലും സമകാലിക സാമൂഹിക സമ്മര്‍ദങ്ങള്‍ മനുഷ്യമനസ്സുകളെ എങ്ങനെ രോഗാതുരമാക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
Comments