പി.കെ മര്‍യം സാഹിബ
ഉത്കൃഷ്ട മാതൃകകള്‍ കൊണ്ട് മനസ്സുകള്‍ കീഴടക്കുന്ന ചിലരുണ്ട്. അത്തരക്കാരില്‍ ഒരാളായിരുന്നു ഈയിടെ ഇഹലോകവാസം വെടിഞ്ഞ ശാന്തപുരത്തെ പി.കെ മര്‍യം സാഹിബ, മര്‍ഹൂം പി.കെ അബ്ദുല്ല മൗലവിയുടെ ഭാര്യ. കുഞ്ഞീരുമ്മ ടീച്ചര്‍ക്കു ശേഷം ഒരു ഘട്ടത്തില്‍ ജമാഅത്തിന്റെ ശാന്തപുരം വനിതാ ഘടകത്തിന്റെ സാരഥിയായി സേവനമനുഷ്ഠിച്ച അവര്‍ ആരോഗ്യപരവും മറ്റുമായ കാരണങ്ങളാല്‍ പിന്നീട് സജീവ പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ലളിതജീവിതമാണ് അവര്‍ നയിച്ചിരുന്നത്. സാമ്പത്തിക സുസ്ഥിതിയിലും ജീവിതലാളിത്യം കാത്തുസൂക്ഷിച്ചു. നന്നായി തയ്യല്‍വേലയറിയാമായിരുന്ന അവര്‍ അതുവഴി സമ്പാദിക്കുന്ന പണം സ്വന്തം കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടി ആദ്യമൊക്കെ വിനിയോഗിച്ചിരുന്നെങ്കിലും പ്രധാനമായും സ്വകുടുംബത്തിലെ പാവപ്പെട്ടവര്‍ക്കായിരുന്നു അവരത് ചെലവഴിച്ചിരുന്നത്. ചില കുടുംബാംഗങ്ങള്‍ക്ക് മരണം വരെയും അവരുടെ സമ്പത്തില്‍നിന്ന് ഒരു വിഹിതം സ്വകാര്യമായി ലഭിച്ചിരുന്നു.
മര്‍യം സാഹിബ മിതഭാഷിയായിരുന്നു. ആരുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയോ അനാവശ്യമായി സംസാരിക്കുകയോ ഇല്ല. കുടുംബത്തെ മുഴുവന്‍ പ്രസ്ഥാനവല്‍ക്കരിക്കുന്നതില്‍ അവര്‍ വിജയിക്കുകയുണ്ടായി.
ഭര്‍ത്താവ് മര്‍ഹും പി.കെ അബ്ദുല്ല മൗലവി ശാന്തപുരം കോളേജിലെ പ്രമുഖ അധ്യാപകനായിരുന്നു. നല്ലൊരു വിദ്യാര്‍ഥിസമൂഹത്തെ വാര്‍ത്തെടുത്ത് പ്രസ്ഥാനത്തിന് സംഭാവന ചെയ്യാന്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന് കഴിഞ്ഞതിനു പിന്നില്‍ അദ്ദേഹത്തെ പോലുള്ള അധ്യാപകരുടെ പങ്ക് വലുതാണ്. അദ്ദേഹത്തിന് പ്രവര്‍ത്തനരംഗത്ത് ശ്രദ്ധിക്കാനായത് സഹധര്‍മിണിയുടെ അകമഴിഞ്ഞ സഹകരണം കൊണ്ടായിരുന്നു.
സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ് മക്കളെല്ലാവരും. മൂത്ത മകള്‍ ത്വാഹിറ ജമാഅത്ത് അംഗമാണ്. മരുമക്കള്‍ സുന്നി, മുജാഹിദ്, മാര്‍ക്‌സിസ്റ്റ് പശ്ചാത്തലത്തില്‍നിന്ന് വന്നവരാണെങ്കിലും അവരെല്ലാം ഇന്ന് ഇസ്‌ലാമിക രംഗത്ത് സജീവമാണ്. ഇത് മര്‍യം സാഹിബയുടെ ശ്രമഫലമാണ്. മൂത്ത മരുമകള്‍ സല്‍മ ടീച്ചര്‍ ശാന്തപുരം വനിതാ ഘടകത്തിന്റെ സാരഥിയാണ്. രണ്ടാമത്തെ മരുമകള്‍ ത്വാഹിറ ഖത്തര്‍ കെ.ഐ.ജി വനിതാ ഘടകത്തിന്റെ സെക്രട്ടറിയാണ്. അവരുടെ ശ്രമഫലമായി കുടുംബത്തില്‍നിന്ന് ധാരാളം പേര്‍ പ്രസ്ഥാനത്തിന്റെ സഹകാരികളായിട്ടുണ്ട്. ത്വാഹിറ മക്കളെ കൂടുതല്‍ ശ്രദ്ധിക്കാനും പ്രസ്ഥാന പ്രവര്‍ത്തനത്തിനും വേണ്ടി ഖത്തര്‍ ഹമദ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് ജോലി വേണ്ടെന്നുവെക്കുകയായിരുന്നു.
മക്കളെപോലെ പേരമക്കളും പ്രസ്ഥാന രംഗത്ത് സജീവ പങ്ക് വഹിക്കണമെന്ന് മര്‍യം സാഹിബ ആഗ്രഹിച്ചിരുന്നു. ഈയടുത്ത് ഉംറ ചെയ്ത് തിരിച്ചുവന്ന ശേഷം മകള്‍ ത്വാഹിറയോട് പറഞ്ഞു; 'ഞാന്‍ കാര്യമായി പ്രാര്‍ഥിച്ചത് മക്കളെപ്പോലെ പേരമക്കളും പ്രസ്ഥാന പ്രവര്‍ത്തകരാകാന്‍ വേണ്ടിയാണ്.' അല്ലാഹു അവരുടെ ആഗ്രഹം സഫലമാക്കട്ടെ.
അവരുടെ മരണം പെട്ടെന്നായിരുന്നു. പ്രമേഹരോഗിയായിരുന്നെങ്കിലും പതിവില്‍ കവിഞ്ഞ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.
മക്കള്‍: അബ്ദുല്‍ ജലീല്‍, ഫാറൂഖ്, മുനീര്‍, ത്വാഹിറ, ബുശ്‌റ. ഡോ: അദീല അബ്ദുല്ല പരേതയുടെ പേരക്കുട്ടിയുടെ സഹധര്‍മിണിയാണ്.
ഉമറലി പുളിക്കല്‍
തിളങ്ങുന്ന പഴങ്കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നര്‍മ വര്‍ത്തമാനങ്ങളിലെ പ്രസന്നവദനന്‍ ഇനി ഓര്‍മ മാത്രം. പാവറട്ടി പൈങ്കണ്ണിയൂരിലെ ഉമറലി പുളിക്കല്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി. മുല്ലശ്ശേരി മേഖലയിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ സാംസ്‌കാരിക മുഖമായ 'ഉദയം' പഠനവേദിയുടെ പ്രവര്‍ത്തകരിലെ സരസനായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
ശ്വാസകോശസംബന്ധമായ പ്രയാസങ്ങള്‍ ദീര്‍ഘകാലമായി അദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ആരെയും പുഞ്ചിരിയോടെ മാത്രം സമീപിക്കുന്ന സഹൃദയന്‍. പരിചയപ്പെട്ടവര്‍ക്ക് മറക്കാന്‍ കഴിയാത്ത വ്യക്തിത്വം.
പ്രവാസം മതിയാക്കി നാട്ടിലെത്തിയിട്ട് രണ്ട് വ്യാഴവട്ടത്തിലധികമായി. ചെറിയ കച്ചവടമായിരുന്നു ഉപജീവന മാര്‍ഗം. പ്രവാസകാലത്ത് 'ഉദയം' പഠനവേദി ആസ്ഥാനത്തായിരുന്നു താമസിച്ചിരുന്നത്. രൂപീകരണം മുതല്‍ 'ഉദയം' പഠനവേദിയുടെ സഹകാരിയായിരുന്നു. പാവറട്ടി ഹല്‍ഖയിലും അനുബന്ധ സാമൂഹിക സേവന സംവിധാനങ്ങളിലും സജീവമായിരുന്നു. പാവറട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖുബ ട്രസ്റ്റില്‍ അംഗമായിരുന്നു. നൂര്‍ജഹാനാണ് ഭാര്യ. മക്കള്‍: ലിനി, ലിജി, ഫജ്ര്‍, ഫര്‍ഹ മരുമക്കള്‍: ശൗക്കത്ത്, ബിലാല്‍.
അബ്ദുല്‍ അസീസ് മഞ്ഞിയില്‍
സി.എച്ച് ഹംസ, ചെമ്മങ്കടവ്
മലപ്പുറം കോടൂര്‍ ചെമ്മങ്കടവിലെ സി.എച്ച് ഹംസ സാഹിബ് യൗവന കാലം മുതല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രാസ്ഥാനിക പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വായനാതല്‍പരത മാതൃകാപരമായിരുന്നു. മലപ്പുറം ഐഡിയല്‍ ബുക് സ്റ്റാളിലും ചെമ്മങ്കടവ് ലൈബ്രറിയിലും ജോലി ചെയ്തപ്പോള്‍ വായനക്ക് ധാരാളം സമയം കണ്ടെത്തി. ലൈബ്രറി ജോലിയുടെ ഭാഗമായി ഓരോ കുട്ടിക്കും പ്രത്യേകം പുസ്തകങ്ങള്‍ തെരഞ്ഞെടുത്തുകൊടുത്ത് വായിപ്പിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധിച്ചു.
രോഗവുമായി മല്ലിട്ടു കഴിയുമ്പോള്‍ വിഷമം പ്രകടിപ്പിക്കാതെ രോഗശമനത്തിനായി പ്രാര്‍ഥിക്കാന്‍ മാത്രം ആവശ്യപ്പെട്ടു. സാമ്പത്തിക സുസ്ഥിതി കൈവന്നപ്പോള്‍ അര്‍ഹരായവരെ സഹായിക്കാന്‍ ശ്രദ്ധിച്ചു. മക്കളെ ദീനീസരണിയില്‍ വളര്‍ത്താനും പഠിപ്പിക്കാനും പ്രത്യേകം ശ്രദ്ധപുലര്‍ത്തി.
അബ്ദുസ്സമദ് കോടൂര്‍
Comments