ജനാധിപത്യസംരക്ഷണത്തിന് ജനകീയ സമരമുന്നേറ്റങ്ങള്‍
കരിനിയമങ്ങള്‍ക്കും ഭരണകൂട ഭീകരതക്കുമെതിരെ പൗരാവകാശ സംരക്ഷണ രംഗത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളിലെ ഉശിരുള്ള അധ്യായമായിരുന്നു, 'മതപ്രബോധനം പൗരാവകാശമാണ്- എം.എം അക്ബറിനു നേരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കുക' എന്ന തലക്കെട്ടിലുള്ള മനുഷ്യാവകാശ റാലിയും പൊതുസമ്മേളനവും. ജനുവരി 27-ന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ മൈതാനത്തെ ജനക്കൂട്ടവും സദസ്സും പ്രഭാഷണങ്ങളും സോളിഡാരിറ്റി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ അനിവാര്യത വിളിച്ചോതുന്നതായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ ഇത് സൂചിപ്പിക്കുകയും ചെയ്തു; 'സോളിഡാരിറ്റി ഇവിടെ ഉയര്‍ത്തിയ 'മതപ്രബോധനം പൗരാവകാശമാണ്' എന്ന തലക്കെട്ട് കേവലമൊരു മുദ്രാവാക്യമല്ല. മറിച്ച് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കാനുമുള്ള കൂട്ടായ ശ്രമങ്ങള്‍ക്കു വേണ്ടിയുള്ള ഒരാമുഖമാണ്.''
സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചത് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാകിര്‍; 'മതമുള്ളവനും ഇല്ലാത്തവനും തന്റെ വിശ്വാസത്തില്‍ ജീവിക്കാനും അതില്‍ അഭിമാനം കൊള്ളാനും തന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനുമുള്ള അവകാശവും അധികാരവും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വകവെച്ചുനല്‍കുന്നുണ്ട്. മതപ്രചാരണ രീതിയോടും മതത്തോടു തന്നെയും വിയോജിപ്പുകളാകാം, സംവാദമാകാം. എന്നാല്‍ മതപ്രബോധനം തന്നെ രാജ്യദ്രോഹമാണ്, ക്രിമിനല്‍ കുറ്റമാണ്, മതസ്പര്‍ധയുണ്ടാക്കുന്നതാണ് എന്ന മട്ടില്‍ മാധ്യമങ്ങളും ഭരണകൂടവും ചിത്രീകരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ വിശാല പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നാം തയാറാവണം. അതിന് നമുക്ക് കഴിയുന്നില്ലെങ്കില്‍ കേവലം സാകിര്‍ നായിക്, എം.എം അക്ബര്‍ എന്നിവരെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും അഖണ്ഡതയെയും തന്നെ അപകടപ്പെടുത്തുന്ന ഒന്നായി അത് രൂപം പ്രാപിക്കും.''
ജാതിമത വ്യത്യാസങ്ങള്‍ക്കും സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കുമപ്പുറം ജനാധിപത്യത്തിനും രാജ്യത്തിന്റെ മികച്ച ഭാവിക്കും വേണ്ടി പൗരസമൂഹങ്ങളുടെ ഐക്യമാണ് സമ്മേളനം മുന്നോട്ടുവെച്ച പ്രധാന സന്ദേശം. സമ്മേളനത്തെ അഭിസംബോധന ചെയ്ത യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി ഡോ. മാത്യൂ കുഴല്‍നാടന്‍ ഇത് സൂചിപ്പിച്ചു: 'രാജ്യത്തെ ബാധിക്കുന്ന ഏതു പ്രശ്‌നത്തിലും അഭിപ്രായം പറയാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. താന്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവനാണ് എന്നതുകൊണ്ട് അതിന് സ്വീകാര്യത ലഭിക്കുമോ എന്ന ആശങ്ക അസ്ഥാനത്താണ്. ഇത്തരമൊരു ആശങ്കാമനസ്സ് വളരുന്നതില്‍ ആര്‍.എസ്.എസിന് വലിയ പങ്കുണ്ട്. മതേതരത്വമെന്ന മഹിത പാരമ്പര്യം ഏറെ പോരാട്ടങ്ങളിലുടെയും ധീരദേശാഭിമാനികളുടെ ചോരയിലൂടെയും കെട്ടിപ്പടുത്തതാണ്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവര്‍ ഈ മതേതരത്വത്തെയും പൗരാവകാശങ്ങളെയും തച്ചുതകര്‍ക്കാന്‍ നോക്കിയാല്‍ ഇന്ത്യാരാജ്യത്ത് വിലപ്പോവില്ല. കാരണം സംഘ്പരിവാറിന് സമഗ്രാധികാരം കിട്ടിയ ഈ കാലഘട്ടത്തിലും ഭൂരിഭാഗം വോട്ട് ഷെയറും മതേതര ചേരിക്കാണുള്ളത്.''
പൗരസ്വാതന്ത്ര്യത്തിനു തന്നെ വിലക്കുകള്‍ രൂപപ്പെട്ടുവരുന്ന അവസ്ഥാവിശേഷമാണ് രാജ്യത്തുള്ളതെന്ന് ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും എ.പി.സി.ആര്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു: 'പൗരസ്വാതന്ത്ര്യത്തെക്കുറിച്ച സജീവ ചര്‍ച്ചകള്‍ രാജ്യത്ത് ഇനിയും നടക്കേണ്ടതുണ്ട്. മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ ധാരാളം സംഘടനകളുണ്ട്. പക്ഷേ സവിശേഷമായ പൗരാവകാശത്തെക്കുറിച്ച് ഇവരില്‍ പലരും മൗനികളാവാറാണ് പതിവ്. ഇന്ന് രാജ്യത്ത് മതപ്രബോധനം മാത്രമല്ല കുറ്റകരമായി കണക്കാക്കപ്പെടുന്നത്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പാവപ്പെട്ട ആദിവാസികളെ സഹായിച്ചാല്‍ രാജ്യദ്രോഹം, പരിസ്ഥിതിക്കു വേണ്ടി സംസാരിച്ചാല്‍ രാജ്യദ്രോഹം ഇങ്ങനെയാണ് കാര്യങ്ങള്‍ മാറുന്നത്. പ്രത്യേക തരത്തിലുള്ള പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. മതപ്രബോധനം എങ്ങനെയാണ് രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് തടസ്സമാവുന്നത്? ഒരാള്‍ അയാളുടെ വിശ്വാസം വിശദീകരിച്ചാല്‍, പ്രബോധനം ചെയ്താല്‍ താല്‍പര്യമുള്ളവര്‍ കേട്ടാല്‍ പോരേ! ഒരാള്‍ അത് കേള്‍ക്കുകയും ആ ആശയത്തില്‍ താല്‍പര്യമുണ്ടായി അത് സ്വീകരിക്കുകയും ചെയ്താല്‍ എന്താണ് പ്രശ്‌നം? ജനിച്ച മതത്തില്‍ തന്നെ ജീവിക്കണമെന്നും അതല്ല ജീവിക്കാന്‍ മതം തന്നെ വേണമെന്നും ഒരാള്‍ അങ്ങനെ തന്നെ മരിക്കണമെന്നും ആര്‍ക്കാണ് ഇവിടെ നിര്‍ബന്ധം? മതേതരത്വമെന്നത് മതവിശ്വാസികളുടെ മാത്രമല്ല മതമില്ലാത്തവന് തന്റെ കാഴ്ചപ്പാട് ജീവിതാദര്‍ശമാക്കാനും സമൂഹത്തില്‍ പ്രചരിപ്പിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്. ഈ അഭിപ്രായസ്വാതന്ത്ര്യമാണ് യഥാര്‍ഥത്തില്‍ മതേതരത്വത്തിന്റെയും പൗരാവകാശത്തിന്റെയും കാതല്‍.''
ഭരണകൂടത്തെ ജനാധിപത്യവത്കരിക്കേതിനെക്കുറിച്ചാണ് സമ്മേളനത്തെ അഭിസംബോധന ചെയ്ത മനുഷ്യാവകാശ വേദി സംസ്ഥാന പ്രസിഡന്റും കരിനിയമക്കേസിലെ ഇരകള്‍ക്കു വേണ്ടി നിലകൊള്ളുന്ന അഭിഭാഷകനുമായ വിന്‍സന്റ് ജോസഫ് സംസാരിച്ചത്: 'ലോകത്തില്‍ തന്നെ ഏറ്റവുമധികം പൗരസ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്ന, പൗരന് കൂടുതല്‍ പരിഗണന നല്‍കുന്ന മഹിതമായ ഭരണഘടനയാണ് നമ്മുടേത്. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന തത്ത്വം തന്നെ. പക്ഷേ സ്വന്തം താല്‍പര്യത്തിനു വേണ്ടി ഭരണഘടന മറ്റൊരു തരത്തിലുപയോഗിക്കുന്ന ഭരണകൂട നയങ്ങള്‍ മൂലം രാജ്യത്തെ ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്കും ഭരണഘടനയോടും നിയമസംവിധാനങ്ങളോടുമുള്ള വിശ്വാസത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. കരിനിയമങ്ങള്‍ ചുട്ടെടുക്കുകയും അതിനെ പൗരന്മാര്‍ക്കെതിരിലുള്ള മര്‍ദനോപാധിയായി ഭരണകൂടങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണമാണ് ടാഡ, പോട്ട, യു.എ.പി.എ പോലുള്ളവ. പഞ്ചാബിലെ പ്രത്യേക സാഹചര്യം നിയന്ത്രിക്കാന്‍ വേണ്ടി 6 മാസ കാലാവധിയില്‍ പാര്‍ലമെന്റില്‍ രൂപീകരിക്കപ്പെട്ട നിയമം 10 വര്‍ഷമാണിവിടെ നിലനിന്നത്. 71600 പേരെ ഈ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. 30 ശതമാനം പേര്‍ക്ക് നേരെ മാത്രമേ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് സാധിച്ചുള്ളൂ. 5 ശതമാനം പേരെ മാത്രമേ കോടതി ശിക്ഷിച്ചുള്ളൂ. അതിനര്‍ഥം അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ശാരീരിക-മാനസിക പീഡനമനുഭവിച്ചവര്‍ 95 ശതമാനം പേരാണ് എന്നാണ്. 1967-ലാണ് യു.എ.പി.എ ചുട്ടെടുത്തത്. ഡി.എം.കെ ഉള്‍പ്പെടെയുള്ള തമിഴ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ തമിഴരുമായി ചേര്‍ന്ന് ഇന്ത്യയില്‍നിന്ന് വേറിട്ട് പുതിയ തമിഴ് ഈഴം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് തടയുക എന്ന പേരില്‍ രൂപീകരിച്ചതാണ് ഈ നിയമം. 6 മാസത്തെ കാലാവധി തീരുമാനിച്ചാണ് പാര്‍ലമെന്റ് പ്രസ്തുത നിയമം പാസാക്കിയത്. 5 പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൂടുതല്‍ പ്രഹരശേഷിയോടെ യു.എ.പി.എ നിലനില്‍ക്കുന്നു. ഈ നിയമം മൂലം അറസ്റ്റിലായവരില്‍ ബഹുഭൂരിപക്ഷവും ഒരു സമുദായത്തില്‍ മാത്രം പെട്ടവരാണ്, ബാക്കിയുള്ളവര്‍ ആദിവാസികളോ അവര്‍ക്കു വേണ്ടി സംസാരിച്ചവരോ ആണ്...
'ഭരണകൂടങ്ങളുടെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങള്‍ തിരുത്തപ്പെടുക ജനകീയ മുന്നേറ്റങ്ങളിലൂടെയാണ്. ഇന്ന് നാം രാജ്യത്ത് അനുഭവിക്കുന്ന പല നന്മകളും ഇത്തരത്തില്‍ ഭരണകൂടങ്ങളില്‍നിന്ന് ചോദിച്ചുവാങ്ങിയതാണ്. വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ തുടങ്ങിയവ ഉദാഹരണം. സ്ത്രീക്ക് കടുക്കനിടാനുള്ള അവകാശമില്ലാത്ത നാടായിരുന്നു നമ്മുടേത്! അഷ്ടമുടിക്കായലിന്റെ തീരത്ത് നടന്ന ഐതിഹാസിക സമരത്തിലൂടെയാണ് ഈ അവകാശം വകവെച്ചുകിട്ടിയത്. ഗോപാല്‍ദാസ് എന്ന സമരനായകന്റെ ജീവത്യാഗത്തിന്റെ ചരിത്രം കൂടി ആ സമരപോരാട്ടത്തിനുണ്ട്. നങ്ങേലി എന്ന സ്ത്രീ തന്റെ മുല ഛേദിച്ച് നിലവിളക്കിന് മുന്നിലേക്കെറിഞ്ഞ് മറിഞ്ഞുവീണ പ്രകമ്പനത്തില്‍നിന്നാണ് മുലക്കരമെന്ന നികൃഷ്ട നികുതി ഒഴിവായത്. ജനകീയ സമരമുന്നേറ്റങ്ങളിലൂടെ പൗരാവകാശങ്ങളും നവോത്ഥാന ജനാധിപത്യമൂല്യങ്ങളും നാം തിരിച്ചുപിടിക്കണം. അതിലൂടെ മാത്രമേ ഭരണകൂടങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടുകയും രാജ്യം പൗരകേന്ദ്രീകൃതമാവുകയും ചെയ്യുകയുള്ളൂ''-അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു.
എം.എം അക്ബര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എസ്.എം സൈനുദ്ദീന്‍ വിഷയാവതരണം നടത്തി. മുജാഹിദ് സംഘടനാ നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അവരാരും പങ്കെടുത്തില്ല. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാല്‍ പനായിക്കുളം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി സമാപനപ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം റഫീഖ് സ്വാഗതവും ജില്ലാ സെക്രട്ടറി മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ നന്ദിയും രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറിമാരായ രഹ്‌നാസ് ഉസ്മാന്‍, മന്‍സൂര്‍ കല്ലേലില്‍, ശഫീഖ് പറവൂര്‍, അനസ് പെരുമ്പാവൂര്‍, ഏരിയാ പ്രസിഡന്റ് അസീസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments