പാഠപുസ്തകത്തില്‍നിന്ന് ചരിത്രം നീക്കം ചെയ്യുമ്പോള്‍
എന്‍.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ഒമ്പതാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ ചാന്നാര്‍ ലഹളയെക്കുറിച്ച പാഠഭാഗം ഇനി മുതല്‍ പഠിപ്പിക്കേണ്ടതില്ല എന്ന സര്‍ക്കുലര്‍ സി.ബി.എസ്.ഇ ബോര്‍ഡ് സ്‌കൂളുകള്‍ക്ക് അയച്ചിരിക്കുകയാണ്. മാറു മറയ്ക്കാന്‍ ചാന്നാറിലെ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പിന്റെ സമരചരിത്രം ഇനി മുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ല എന്നര്‍ഥം! സവര്‍ണ മേലാള വര്‍ഗം കീഴാള ദലിത് വിഭാഗങ്ങളോട് എത്ര ക്രൂരമായാണ് ചരിത്രത്തില്‍ പെരുമാറിയത് എന്നതിന്റെ നേര്‍രേഖയാണ് ചാന്നാര്‍ ലഹള. ജാതിവ്യവസ്ഥ തുറന്നുകാണിക്കുന്ന ഈ ചരിത്രസംഭവം പുതിയ തലമുറ പഠിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നത് അജ്ഞാതമല്ല! നിരന്തരം ചരിത്രനിഷേധം നടത്തിയും അതിനെ അസംബന്ധങ്ങളാല്‍ കുത്തിനിറച്ചും വിദ്യാഭ്യാസ സംവിധാനത്തില്‍ സംഘ്പരിവാര്‍ ഇടപെടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ അമ്പതു വര്‍ഷമായി തുടങ്ങിയതും, ഇരുപതു വര്‍ഷമായി സജീവമായി നടത്തിക്കൊണ്ടിരിക്കുന്നതുമായ കടന്നുകയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമായിരിക്കുകയുമില്ല ഇത്. ഒരുതരം സമാന്തര വിദ്യാഭ്യാസ സംവിധാനത്തിന് രൂപം നല്‍കിയും നിലവിലുള്ള സ്ഥാപനങ്ങളെ നിയന്ത്രിച്ചും സിലബസ് മാറ്റിയും ആശയപരമായ അടിത്തറയൊരുക്കുകയാണ് സംഘ്പരിവാര്‍. എല്ലാ പഠനമേഖലകളിലും ഭരണകൂടം കൈവെക്കും എന്നത് യാഥാര്‍ഥ്യമാണ്. കീഴാള ചെറുത്തുനില്‍പ്പിന്റെ ചരിത്രം മറച്ചുപിടിച്ച് ഭരണവര്‍ഗത്തിന്റെ അധികാരപ്രയോഗത്തെ ന്യായീകരിക്കാന്‍ അവര്‍ ചരിത്രത്തെ ഉപയോഗപ്പെടുത്തും. വാജ്‌പേയ് ഗവണ്‍മെന്റിന്റെ കാലത്ത് നടത്താന്‍ പറ്റാത്ത പലതും ഇന്ന് മോദിയുടെ ഭരണകൂടം ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവേഷണത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ചരിത്രജ്ഞാനം വര്‍ഷങ്ങളെടുത്ത് പാഠപുസ്തകമാവുമ്പോള്‍ അതിലടങ്ങിയ ചരിത്രയാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ച് പുതിയ മിത്തുകള്‍ പകരം വെക്കാനുള്ള നീക്കമായി ഇതിനെ മനസ്സിലാക്കാവുന്നതാണ്.
കൊളോണിയല്‍ കാലത്ത് ഇന്ത്യയിലുണ്ടായ സാംസ്‌കാരികവും ബൗദ്ധികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പുകളെ അടയാളപ്പെടുത്തുന്ന പരികല്‍പനയാണ് നവോത്ഥാനം. ആധുനികതയുടെയും പ്രബുദ്ധതയുടെയും ആദ്യപ്രകാശനമായി നാം കാണുന്ന നവോത്ഥാനത്തിനു മുമ്പേ തന്നെ പ്രാദേശിക ചെറുത്തുനില്‍പ് സമരങ്ങളിലൂടെ കീഴാളര്‍ വിമോചന സമരത്തിന് തുടക്കം കുറിച്ചിരുന്നു. കീഴാളരുടെയും ദലിതരുടെയും കാര്യത്തില്‍ സംഘര്‍ഷഭരിതമായി ഇളകിമറിയുന്ന വലിയൊരു ജീവിതം ഇവിടെയുണ്ടായിരുന്നു. ഇത്തരം ചരിത്രയാഥാര്‍ഥ്യങ്ങളെ സവര്‍ണ മേലാള വര്‍ഗം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ചരിത്രനിഷേധം. സ്വന്തം നഗ്നത മറയ്ക്കാന്‍ ഒരു സമൂഹത്തിന് അവകാശമില്ലാത്ത കെട്ട ഭൂതകാലം ഇവിടത്തെ കീഴാളര്‍ക്ക് സവര്‍ണ ജാതിക്കോമരങ്ങള്‍ സമ്മാനിച്ചിരുന്നു എന്നത് പുതിയ തലമുറ അറിയാന്‍ പാടില്ല! അതിനാണ് ഈ ഉത്തരവ്. അസംബന്ധം നിറഞ്ഞ സവര്‍ണതയുടെ ഈ കാടത്തങ്ങള്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞാല്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് അവര്‍ എതിരായിത്തീരും എന്ന ഭയമാണ് ഇതിന്റെ പിന്നിലെന്ന് ന്യായമായും സംശയിക്കാം.
വിദ്യാഭ്യാസം മനഃസംസ്‌കരണമാണ്. അതിനാല്‍ ചരിത്രങ്ങള്‍ പഠിച്ചും അപഗ്രഥിച്ചം വിമര്‍ശങ്ങള്‍ ഉന്നയിച്ചും അത് വികസിക്കണം. അല്ലാതെ ചരിത്രം തന്നെ നിഷേധിക്കുന്നത് വിദ്യാര്‍ഥികളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കൈയേറ്റമാണ്. ഇനിമുതല്‍ ഈ ചരിത്രം പഠിക്കേണ്ടതില്ല എന്നും ഞങ്ങള്‍ ഉണ്ടാക്കിയ പുതിയ ചരിത്രം പഠിച്ചാല്‍ മതിയെന്നും ഭരണകൂടം തീരുമാനിക്കുമ്പോള്‍ സംഭവിക്കുന്നത്, പതിറ്റാണ്ടുകളോളം ഗവേഷണം നടത്തി ചരിത്രകാരന്മാര്‍ കണ്ടെത്തിയ ചരിത്രം തമസ്‌കരിക്കുകയും അന്ധവിശ്വാസത്തിന്റെയും മിത്തിന്റെയും ബലത്തില്‍ മറ്റൊന്ന് സൃഷ്ടിച്ചെടുക്കുകയുമാണ്.
ഭാരതീയ ശിക്ഷക് മണ്ഡലും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസും തയാറാക്കി, വിദ്യാഭാരതി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന, ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് സഹായിക്കുന്ന വിദ്യാഭ്യാസ പദ്ധതി നടപ്പില്‍വന്നുകഴിഞ്ഞു. സവര്‍ണതയെ പ്രഹരിക്കുകയും അതിന്റെ ജീര്‍ണതകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന ഇന്നലെകളെ ചരിത്രത്തില്‍നിന്ന് മായിച്ചുകളയേണ്ടത് നാഗ്പൂര്‍ ബുദ്ധികേന്ദ്രത്തിന് അനിവാര്യമാണ്. സാമൂഹിക ദുരാചാരങ്ങളെ തൂത്തെറിഞ്ഞ കീഴാളരുടെ വിമോചനസമരത്തെ നാളെ തലകീഴായി അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല; അഥവാ ചാന്നാര്‍ ലഹള സവര്‍ണര്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനമായി അവതരിപ്പിക്കപ്പെട്ടേക്കാം. അധഃസ്ഥിത കീഴാള വിഭാഗങ്ങളുടെ അന്തസ്സും അഭിമാനവും തിരിച്ചുപിടിക്കാന്‍ വേണ്ടിയുള്ള ഇത്തരം സമരങ്ങളെ പാഠപുസ്തകത്തില്‍നിന്ന് നീക്കം ചെയ്ത് മുന്‍വിധികളും അസംബന്ധങ്ങളും കൊണ്ട് നിറഞ്ഞ വ്യാജചരിത്രം പകരം വെച്ച് സംഘ് പരിവാര്‍ രഥചക്രം ഉരുട്ടുമ്പോള്‍ ഒരു ചോദ്യം ഉന്നയിക്കാന്‍ പോലും കഴിയാതെ ഒരു ജനത നിസ്സഹായതയിലും നിസ്സംഗതയിലും ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വരിനില്‍ക്കുന്നു.
അക്ഷരങ്ങള്‍ ജീവനൗഷധമാകുമ്പോള്‍
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍
'അബ്ബാസ്‌ക്കയുടെ വായനാ ലോകവും ചാലിയത്തിന്റെ നവോത്ഥാന വഴികളും' ആത്മകഥാംശമുള്ള എഴുത്ത് (ലക്കം 34) ശ്രദ്ധേയായി. വാര്‍ധക്യസഹജമായ അവശതകള്‍ അനുഭവിച്ച് പ്രയാസപ്പെടുന്നുണ്ടെങ്കിലും അക്ഷരങ്ങളോടുള്ള അടങ്ങാത്ത പ്രണയം പക്ഷേ, അദ്ദേഹത്തിന് ജീവനൗഷധമായി മാറുന്നു. ആയിരക്കണക്കിനു വരുന്ന ഗ്രന്ഥശേഖരത്തിന്റെ കാവല്‍ക്കാരനായി കഴിയുമ്പോഴും പുതുതായി വിപണിയിലെത്തുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കുന്നത് അദ്ദേഹത്തിന്റെ പതിവാണെന്ന് നേരിട്ടറിയാം. അതില്‍ കൂടുതലും ഇസ്‌ലാമിക പഠനങ്ങളും പ്രവാസക്കുറിപ്പുകളുമായിരിക്കും.
ഈ കുറിപ്പുകാരനുള്ള പുസ്തകശാലയിലേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ വിളിക്കാതിരിക്കില്ല. 'കൊടുത്തയച്ച പുസ്തകങ്ങളൊക്കെ വായിച്ചുതീര്‍ന്നു. പുതിയത് എന്താണുള്ളത്?' എന്നായിരിക്കും ചോദ്യം. മക്കള്‍ വിദേശത്തായതുകൊണ്ടാണോ എന്നറിയില്ല അടുത്തകാലത്ത് പ്രവാസവുമായി ബന്ധപ്പെട്ട ഏതു കൃതിയും അദ്ദേഹം സ്വന്തമാക്കാറുണ്ട്. അബ്ബാസ്‌ക്കയുടെ മറ്റൊരു പ്രത്യേകത, വായിക്കുന്ന കൃതികളുടെ ഉള്ളടക്കം പിന്നീട് ഓര്‍ത്തെടുത്തു പറയാന്‍ കഴിയും എന്നതാണ്. ഒരു പുസ്തകത്തിലെ ആശയവിശദീകരണങ്ങള്‍ തന്നെ മറ്റൊരു കൃതിയിലുമുണ്ടോ എന്ന് അദ്ദേഹം ശ്രദ്ധിക്കുകയും ഗ്രന്ഥകാരനെ ബന്ധപ്പെട്ട് അത് സൂചിപ്പിക്കുകയും ചെയ്യും. മുസ്‌ലിം സംഘടനകളുടെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ രീതി വിശാല കാഴ്ചപ്പാടിന്റെ ഫലം കൂടിയാണ്.
വായനാ വിരുന്ന്
മമ്മൂട്ടി കവിയൂര്‍
ഇ.വി അബ്ദുല്‍ വാഹിദ് എഴുതിയ അബ്ബാസ്‌ക്കയുടെ ജീവിതം നല്ലൊരു വായനാ വിരുന്നാണ്. പുതിയതും പഴയതുമായ തലമുറകള്‍ ഇന്ന് ഉണര്‍ന്നിരിക്കുമ്പോഴെല്ലാം കണ്ണും ഖല്‍ബും മൊബൈലില്‍ റുകൂഇലാണല്ലോ! ഇന്റര്‍നെറ്റ് സംവിധാനമൊന്ന് താളം തെറ്റിയാല്‍ നമ്മുടെ മാനസിക നിലക്കു തന്നെ തകരാറ് സംഭവിക്കുംവിധത്തിലാണ് അതിനോടുള്ള അഡിക്ഷന്‍. ഇതിനിടയിലാണ് അബ്ബാസ്‌ക്കയുടെ വായനാ ലോകവും പുസ്തകശേഖരണവും സംഘാടന കഴിവും പണ്ഡിതന്മാരുമായുള്ള ബന്ധവുമെല്ലാം അറിയാനായത്. ഒത്തിരി അറിവും ഊര്‍ജവും പകര്‍ന്നുതരുന്നു ആ ജീവിതം.
മുല്ലക്കല്‍ അബ്ബാസ്‌ക്ക
മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍
'അബ്ബാസ്‌ക്കയുടെ വായനാലോകവും ചാലിയത്തിന്റെ നവോത്ഥാന വഴികളും' എന്ന ഇ.വി അബ്ദുല്‍ വാഹിദിന്റെ ലേഖനം (ലക്കം 2966) അത്ഭുതത്തോടെയാണ് വായിച്ചുതീര്‍ത്തത്. പാരമ്പര്യമായി മുഅദ്ദിന്‍ കുടുംബത്തില്‍ ജനിക്കുകയും യാഥാസ്ഥിതിക സാഹചര്യത്തില്‍ വളരുകയും ചെയ്ത അദ്ദേഹം വൈജ്ഞാനികമായി വളര്‍ന്നപ്പോഴും ഉപജീവനത്തിന് തയ്യല്‍ ജോലി തെരഞ്ഞെടുത്തു എന്നത് അത്ഭുതപ്പെടുത്തുന്നു. ഒപ്പം 3000-ല്‍പരം പുസ്തകങ്ങള്‍ സ്വന്തമായി ശേഖരിച്ച ലൈബ്രറിയും! അദ്ദേഹത്തിന്റെ പരന്ന വായനയും അതുവഴി വികസിപ്പിച്ചെടുത്ത കാഴ്ചപ്പാടുകളും അമ്പരപ്പിക്കുക തന്നെ ചെയ്തു.
ഒരു പാരമ്പര്യ മുഅദ്ദിന്‍ കുടുംബത്തില്‍ അതേ സാഹചര്യത്തില്‍ തന്നെയാണ് ഞാനും ജനിച്ചുവളര്‍ന്നത്. 47 വര്‍ഷം മുഅദ്ദിനായി ജോലി ചെയ്യുകയും തയ്യല്‍ ജോലി ഉപജീവനമായി സ്വീകരിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കിടയിലെ സമാനതയാണെന്ന് തോന്നുന്നു. ആ വലിയ മനുഷ്യന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
മുത്ത്വലാഖും മദ്ഹബും
അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍
മുത്ത്വലാഖിനെ സംബന്ധിച്ച മദ്ഹബുകളുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ ഇല്‍യാസ് മൗലവിയുടെ 'പ്രശ്‌നവും വീക്ഷണവും' (ലക്കം 2984) സഹായകമായി. പക്ഷേ, മദ്ഹബിനെ പിന്തുടരുന്നവരും അല്ലാത്തവരും ഇന്ന് മുത്ത്വലാഖിനു വേി പത്രമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇലക്‌ട്രോണിക് മീഡിയയും ഉപയോഗിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ഇസ്‌ലാമിക മാനം വിശദീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കൂടുതല്‍ ബാധ്യതയുണ്ട്; പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നയത്തിന് പിന്തുണ നല്‍കുമ്പോള്‍ വിശേഷിച്ചും. ഇല്ലെങ്കില്‍ ഇന്ത്യയെ പോലെ ഒരു ബഹുസ്വര രാജ്യത്ത് ഇസ്‌ലാമിന്റെ യശസ്സിന് കോട്ടംവരാന്‍ ഈ നയം കാരണമായേക്കും.
തിരുത്ത്
ഇ.വി അബ്ദുല്‍ വാഹിദ്
അബ്ബാസ്‌ക്കയുടെ വായനാ ലോകത്തെ സംബന്ധിച്ച ലേഖനത്തില്‍ (ലക്കം 34) അവസാന ഖണ്ഡികയിലെ രണ്ടാം വാചകം (പേജ് 35) ഇങ്ങനെ തിരുത്തി വായിക്കണം: 'അന്നത്തെ സെക്രട്ടറി എം. അഹ്മദ് സാഹിബടക്കമുള്ള ചിലരുടെ ശക്തായ പിന്തുണയോടെ ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ജുമുഅ ആരരംഭിച്ചത്.'
Comments