ഇ-ഫത്‌വകള്‍ മതത്തിന്റെ റഫറന്‍സാകുമ്പോള്‍
'ഇന്റര്‍നെറ്റ് ഇസ്‌ലാം' എന്ന പ്രയോഗം സമീപകാലത്ത് വാര്‍ത്താവിശകലനങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള അതിവായനകളും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ വിവാദങ്ങളും വിരല്‍ ചൂണ്ടിയിരുന്നത് ഇന്റര്‍നെറ്റിലൂടെ മതം പഠിക്കുന്ന പ്രതിഭാസത്തെക്കുറിച്ചാണ്. വിവരസാങ്കേതികവിദ്യ സാധ്യമാക്കിയ വിജ്ഞാനങ്ങളുടെ വേഗത്തിലുള്ള വിനിമയം ഈ കാലത്തിന്റെ സവിശേഷതയാണ്. തനിക്ക് ആവശ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സെര്‍ച്ച് ചെയ്‌തെടുക്കുന്ന ഇ-തലമുറയാണിത്. 'ഇന്റര്‍നെറ്റ് ഇസ്‌ലാം' എന്ന് പറയുമ്പോള്‍, ഇന്റര്‍നെറ്റിലൂടെ വിവിധ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് വിജ്ഞാന മേഖല വികസിപ്പിക്കുന്നതിനെ അല്ല അത് ഉദ്ദേശിക്കുന്നത്. മറിച്ച്, തനിക്കാവശ്യമുള്ള മതവിധിയോ (ഫത്‌വ) അല്ലെങ്കില്‍ മതഭാഗമോ മാത്രം തെരഞ്ഞുപിടിച്ച്, അത് ഭാഗികമായി ഉദ്ധരിക്കുന്ന പ്രവണത ശക്തമാണ്. മതത്തിന്റെ പ്രമാണങ്ങള്‍ ക്വാട്ട് ചെയ്യുന്ന അതേ ഭാഷയിലും താളത്തിലും ഇത്തരം മതവിധികള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സാമൂഹികവശങ്ങളിലും സൗന്ദര്യാത്മക മേഖലകളിലും കലാമൂല്യങ്ങളിലും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മതവിധികളാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രചരിക്കപ്പെടുന്നത്. മതത്തിന്റെ റഫറന്‍സായി ഇ-ഫത്‌വകള്‍ മാറുന്നുവെന്ന ദുരവസ്ഥയാണിവിടെയുള്ളത്. ഇന്റര്‍നെറ്റ് ഇസ്‌ലാം എന്ന് ഇതിനെ വിളിക്കുമ്പോള്‍ അത് വെബ്‌സൈറ്റുകളിലെ ഫത്‌വകളെക്കുറിച്ച് മാത്രമല്ല. ഫേസ്ബുക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന, മതവിധികള്‍ പറയുന്ന പ്രഭാഷണ ശകലങ്ങളും പ്രതിലോമകരമായ അതേ ദൗത്യമാണ് നിര്‍വഹിക്കുന്നത്. ആളുകള്‍ വായിക്കാനും കേള്‍ക്കാനും പഠിക്കാനും സമയം കണ്ടെത്തുന്നില്ല എന്നതും യുക്തിവിചാരമേ വേതില്ല എന്ന നിലപാടും ഇത്തരം ക്ലിപ്പുകള്‍ക്ക് സ്വീകാര്യത നല്‍കുന്നു. ഭൗതിക ലോകത്തെക്കുറിച്ച് അമിതമായി വ്യാകുലപ്പെടുന്നവര്‍ക്ക് ആത്മീയ ചിന്തയും മതബോധവും നല്‍കലാണ് ഇത്തരം പ്രഭാഷണ ശകലങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടാറുണ്ടെങ്കിലും, അത് മതപഠനത്തിന്റെ റഫറന്‍സായി മാറുന്നു എന്നതാണ് പ്രശ്‌നം. മതവിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും ക്വാട്ട് ചെയ്യുന്നതും തെളിവായി കൊണ്ടുവരുന്നതും ഇത്തരം പ്രഭാഷണ ശകലങ്ങളാണ്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഉപകരിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
മതം തര്‍ക്കിക്കാനുള്ളതല്ല
മതം തര്‍ക്കിക്കാനുള്ളതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇസ്‌ലാം എന്താണെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും വ്യക്തമായി പരിചയപ്പെടുത്തിയതാണ്. ഇസ്‌ലാം എന്താണെന്ന് പ്രമാണവചനങ്ങളിലൂടെ പരിശോധിച്ചാല്‍ ഒറ്റവാക്കില്‍ പരിമിതപ്പെടുത്താവുന്ന ഒരു ആശയ സംഹിതയല്ല അതെന്ന് മനസ്സിലാക്കാനാവും. ഇസ്‌ലാമിന്റെ വിവിധ പ്രമാണങ്ങളെക്കുറിച്ചും മതവിധികള്‍ നിര്‍ധാരണം ചെയ്യുന്നതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും ആലോചിച്ചാല്‍ മതത്തിന്റെ നൂറ്റാണ്ടുകള്‍ പിന്നിടുന്ന ചരിത്രവും കടന്നുവന്ന പാരമ്പര്യവും തനിമ നിലനിര്‍ത്താനുള്ള ശരീഅത്തിന്റെ പ്രഖ്യാപിത നടപടികളും ഇസ്‌ലാം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുന്നു. അത്രമേല്‍ ഗഹനവും സാരസമ്പുഷ്ടവുമായ ഇസ്‌ലാമിക ദര്‍ശനത്തെ കേവലം രണ്ടോ മൂന്നോ മിനിറ്റുള്ള ഒരു ക്ലിപ്പിലേക്ക് ആവാഹിക്കുന്നത് മതത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്. ഇസ്‌ലാം ഗഹനമാണെന്ന് പറയുമ്പോള്‍ അത് സങ്കീര്‍ണമാണെന്നല്ല അര്‍ഥം. മറിച്ച് മനസ്സിലാക്കാന്‍ ലളിതവും സുഗ്രാഹ്യവുമായ അതിന്റെ പാഠങ്ങളും വിഷയങ്ങളും വിശാലമായി പരന്നുകിടക്കുകയാണ് എന്നാണര്‍ഥമാക്കുന്നത്.
ക്യാപ്‌സൂള്‍ പരുവത്തിലുള്ള ചോദ്യോത്തരങ്ങള്‍ മതത്തിന്റെ റഫറന്‍സാകുമ്പോഴും സമാനമായ പ്രശ്‌നമാണ് ഉണ്ടാകുന്നത്. ഉത്തരം പറയുന്ന വ്യക്തി നേടിയെടുത്ത മതത്തെക്കുറിച്ച ആഴത്തിലുള്ള അറിവോ ധാരണകളോ ചോദ്യം ചോദിച്ച ആള്‍ക്കുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ ചോദ്യത്തിന് കിട്ടുന്ന ഉത്തരം അയാളുടെ മനസ്സിനെ തൃപ്തിപ്പെടുത്തിയേക്കാം. സമാന ചോദ്യവുമായി തന്നെ വിമര്‍ശിക്കുന്ന മറ്റൊരാള്‍ക്ക് മറുപടികൊടുക്കാനും അയാള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ മൂന്ന് കാര്യങ്ങളാണ് ഇവിടെ പ്രതിലോമകരമാവുന്നത്: ഒന്ന്, മതം ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന ബോധ്യത്തില്‍നിന്ന്, 'മറുപടി പറയാനുള്ളതാണ്' എന്ന തലത്തിലേക്ക് അബോധമനസ്സ് മാറുന്നു. ഇസ്‌ലാമിനെക്കുറിച്ച വിമര്‍ശനങ്ങള്‍ക്ക് പെട്ടെന്ന് മറുപടി പറയാന്‍ കഴിയുമെന്ന ആത്മവിശ്വാസം താല്‍ക്കാലികമായി ഉണ്ടാക്കാന്‍ കഴിയുമെങ്കിലും, തുടര്‍ന്നുള്ള ഉപചോദ്യങ്ങളും വിമര്‍ശനങ്ങളും മതത്തെക്കുറിച്ചുള്ള അപകര്‍ഷബോധത്തിലേക്ക് നയിക്കുന്നു. മതവിമര്‍ശനങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പെട്ടെന്നുതന്നെ താര്‍ക്കിക യുക്തിയിലേക്ക് വഴിമാറും. ഒരിക്കല്‍ നല്‍കിയ മറുപടിയിലെ ലോജിക്ക് മറ്റു സ്ഥലങ്ങളില്‍ സാധൂകരിക്കാനാവാത്തതുകൊണ്ട് വൈരുധ്യങ്ങളും ഇരട്ടത്താപ്പും മുഴച്ചുനില്‍ക്കും. ചോദ്യോത്തരങ്ങള്‍ റഫറന്‍സായ മതപഠനം മതത്തെക്കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസമല്ല, അപകര്‍ഷതയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രദാനം ചെയ്യുക.
രണ്ട്, സത്വര ആത്മീയതയെ (Instant Spirituality) പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇത്തരം ചോദ്യോത്തര പ്രബോധനങ്ങളുടെ മറ്റൊരു പരിമിതി. കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ മുതല്‍ നമ്മുടെ നാട്ടിലെ സാധാരണ സിദ്ധന്മാര്‍ വരെ പരീക്ഷിക്കുന്ന ഒന്നാണ് സത്വര ആത്മീയത. ത്യാഗമോ അനുഷ്ഠാനമോ പ്രാര്‍ഥനയോ ഒന്നുമില്ലാതെ തന്നെ മനസ്സിനു ലഭിക്കുന്ന ആത്മീയ സംതൃപ്തിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അങ്ങനെ കിട്ടുന്ന സംതൃപ്തിയുടെ ആയുസ്സും കുറവായിരിക്കും. പിന്നീട് കൂടുതല്‍ ആന്തരിക സംഘര്‍ഷങ്ങളിലേക്കാണ് ഇത്തരം ആളുകള്‍ എത്തിപ്പെടുക എന്നതിന് സമകാലിക സമൂഹം തന്നെ സാക്ഷിയാണ്. മാറിമാറി ആള്‍ദൈവങ്ങളെ പരീക്ഷിക്കുകയും ആത്മീയ കേന്ദ്രങ്ങള്‍ തേടിയുള്ള യാത്ര പതിവാകുകയും ചെയ്യുന്നു. മൂല്യബോധവും ആത്മവിചാരവും ഇല്ലാത്ത ഏത് പ്രതിഭാസങ്ങള്‍ക്കും അല്‍പായുസ്സ് മാത്രമേയുള്ളൂ.
മൂന്ന്, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലോജിക്ക് മാത്രമാകുമ്പാള്‍ മതസിദ്ധാന്തങ്ങള്‍ ഗണിത യുക്തിയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്നു. ഇസ്‌ലാമിക രാജ്യത്ത് ഇതര മതങ്ങളുടെ പ്രബോധനം അനുവദിക്കാത്തതു സംബന്ധിച്ച ചോദ്യത്തിന് ഒരു പ്രബോധകന്‍ നല്‍കിയ ഉത്തരം ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മതവിരുദ്ധര്‍ അതിനെ പരിഹസിക്കുന്നത് വെറുതെ വിടാം. എന്നാല്‍ പ്രസ്തുത മറുപടിയില്‍ ആന്തരീകരിച്ചിരിക്കുന്ന ഗണിത യുക്തിയെ എങ്ങനെയാണ് കാണേണ്ടത്? 1+1=2 എന്ന് ഉത്തരം പറയുന്ന അധ്യാപകരെ മാത്രമേ പഠിപ്പിക്കാന്‍ അനുവദിക്കൂ എന്നാണ് ഇതര മതങ്ങള്‍ക്ക് പ്രബോധനാവസരം ഇല്ലാത്തതിനുള്ള ന്യായമായി പറയുന്നത്. മതം അങ്ങനെ രേഖീയമായ, എല്ലായ്‌പ്പോഴും എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം മാത്രം കിട്ടുന്ന ശാസ്ത്രമാണോ? ചോദ്യോത്തരങ്ങള്‍ മതത്തെ ഗണിതയുക്തിയിലേക്ക് പറിച്ചുനടുന്നതിന്റെ ഉദാഹരണമാണിത്.
ചോദ്യങ്ങള്‍ അധികരിക്കുന്നതിനെക്കുറിച്ച് ഇസ്‌ലാം താക്കീത് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയും മറ്റും ലഭിക്കുന്ന മതവിധികള്‍ എല്ലാ കാലത്തേക്കും ബാധകമാകുന്ന പ്രമാണങ്ങളല്ല. പ്രമാണങ്ങളില്‍നിന്ന് മതവിധി നിര്‍ധാരണം ചെയ്‌തെടുക്കുന്ന രീതിശാസ്ത്രം അത്തരം വിധികളില്‍ ആന്തരീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെയും പ്രസ്തുത വിധി എല്ലാവര്‍ക്കും ബാധകമല്ല. ഫത്‌വ, ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഇസ്‌ലാമിലെ ശിക്ഷാവിധികളെക്കുറിച്ച്, ഇസ്‌ലാമിക രാജ്യത്തെ ഒരാളുടെ ചോദ്യത്തിന് കിട്ടിയ ഫത്‌വ, ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ബാധകമല്ല. ഇതുപോലുള്ള നിരവധി വിഷയങ്ങളും ഉപഘടകങ്ങളും ഇന്റര്‍നെറ്റില്‍നിന്നുള്ള ഫത്‌വകള്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഫത്‌വ നല്‍കുമ്പോള്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കുന്നവരാണ് വൈജ്ഞാനിക പിന്‍ബലമുള്ള എല്ലാ പണ്ഡിതന്മാരും. ഒരാള്‍ മാത്രമായി നല്‍കുന്ന ഫത്‌വകള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നതുകൊണ്ടാണ് പലപ്പോഴും ഫത്‌വ ബോര്‍ഡുകളും സമിതികളും വേിവരുന്നത്. ഇത്രയേറെ ഗൗരവമുള്ള ഈ വിഷയത്തില്‍ പോലും ലാഘവത്തോടെ മതവിധി നല്‍കുന്ന ചിലരെങ്കിലുമുണ്ട്. പ്രബോധിത സമൂഹം ജീവിക്കുന്ന സാഹചര്യവും ചുറ്റുപാടുകളും പരിഗണിക്കാതെ നല്‍കുന്ന ഇത്തരം മതവിധികള്‍ ഗൗരവമുള്ള വിഷയമാണ്. മസ്‌ലഹഃ ആമ്മ (പൊതു നന്മ), ഉര്‍ഫ് (നാട്ടുനടപ്പ്) തുടങ്ങിയവ മതവിധികള്‍ നിര്‍ധാരണം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങളാണ്. ഇന്ത്യയുടെ സാഹചര്യത്തില്‍ ന്യൂനപക്ഷ കര്‍മശാസ്ത്രവും (ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്) സാഹചര്യ കര്‍മശാസ്തവും (ഫിഖ്ഹുല്‍ വാഖിഅ്) മതവിധി നല്‍കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതും റഫറന്‍സായി സ്വീകരിക്കേണ്ടതുമായ മേഖലകളാണ്. കേള്‍ക്കാന്‍ സന്നദ്ധരായ ഫാന്‍സ് ഉണ്ടാകുമ്പോള്‍ ഏത് മതവിധികള്‍ക്കും കൈയടി ലഭിക്കുമെന്നത് കലുഷിതമായൊരു പ്രശ്‌നമാണ്. പ്രബോധകര്‍ക്ക് പ്രബോധിത സമൂഹമേ ഉണ്ടാകാന്‍ പാടുള്ളൂ.
Comments