Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

കൂലിയുദ്ധത്തിന്റെ ഖാഇദുമാര്‍

ഇഹ്‌സാന്‍

വീണ്ടും യു.പി തെരഞ്ഞെടുപ്പിനെ കുറിച്ചു തന്നെയാണ്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളിലാണ് ഇതച്ചടിച്ചുവരുമ്പോഴേക്കും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടാവുക. ഫെബ്രുവരി 11-ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മുസഫര്‍നഗര്‍ ഉള്‍പ്പെടെയുള്ള കലാപ മേഖലകളില്‍ ജാട്ടുകള്‍ ബി.ജെ.പിയില്‍നിന്ന് അകന്നുമാറുകയാണ് ചെയ്യുന്നത്. കലാപകാലത്ത് ബി.ജെ.പിയുടെ വാഹനമായിരുന്ന ദലിതുകള്‍ വലിയൊരളവോളം ബി.എസ്.പിയിലേക്കും മടങ്ങിപ്പോയിട്ടുണ്ട്. യു.പി തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ ആദ്യത്തെ റാലിയില്‍ കരിമ്പുകര്‍ഷകരുടെ രണ്ടു വര്‍ഷത്തെ മുഴുവന്‍ കുടിശ്ശികയും, അതായത് നൂറുശതമാനവും അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് മീറത്തില്‍ പ്രധാനമന്ത്രി അടിച്ചുവിട്ടത്. ഈ പ്രസ്താവനയോട് അന്നേ ദിവസം തന്നെ കര്‍ഷക നേതാവായ നരേഷ് ടിക്കായത്ത് പ്രതികരിച്ചത് ജാട്ടുകളുടെ മാറിവരുന്ന നിലപാടുകളുടെ സൂചനയായിരുന്നു. നേരത്തേ ടിക്കായത്ത് ബി.ജെ.പിയെ പിന്തുണച്ച നേതാവാണെന്ന് ഓര്‍ക്കുക. ഒന്നുകില്‍ നരേന്ദ്ര മോദിക്ക് നൂറു ശതമാനം എന്താണ് എന്ന് അറിയില്ല; അല്ലെങ്കില്‍ അദ്ദേഹം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കരിമ്പുകര്‍ഷകരുടെ കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ നേര്‍ക്കുനേരെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സമ്പ്രദായം ആരംഭിച്ചതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെട്ടു എന്നേ പറയേണ്ടൂ. അല്ലെങ്കില്‍ അഖിലേഷ് യാദവിന് ഈ പണം കേന്ദ്രം നല്‍കിയെന്നും എന്നിട്ട് അദ്ദേഹം തരാതിരുന്നു എന്നുമുള്ള ആരോപണമായേനെ ഉയര്‍ന്നിട്ടുണ്ടാവുക.

ലോക്സഭാ കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തില്‍നിന്നും വളരെ താഴെയാണ് യു.പിയില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ നില. മതേതര വോട്ടുകള്‍ ബിഹാറിലെ പോലെ ഒന്നിച്ചാല്‍ യു.പിയില്‍ ബി.ജെ.പിക്ക് പത്തു സീറ്റു പോലും കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല. മറുഭാഗത്ത് ബി.ജെ.പിക്കെതിരെ നിരവധി ഡോണ്‍ ക്വിക്സോട്ടുമാര്‍ പടവാളും വീശി രംഗത്തിറങ്ങുന്നതാണ് അമിത് ഷാ-മോദി സംഘത്തിന് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. ഉദാഹരണത്തിന് ബറേല്‍വി മുസ്ലിംകളുടെ ആചാര്യനായ മൗലാനാ തൗഖീര്‍ റസാ ഖാന്‍. ഇദ്ദേഹം കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സമാജ്വാദിക്കൊപ്പവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പവുമായിരുന്നു. എന്നാല്‍ ഈ രണ്ടു സംഘടനകളും ഒന്നിച്ചിട്ടും ബിഹാറിലെ പോലെ മതേതര സഖ്യം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് മൗലാനയുടെ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ ബറേലി മേഖലയിലെങ്ങും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കി ബി.ജെ.പിയോടു 'പടവെട്ടുക'യാണ്. സിഖുമതവിശ്വാസിയായ സ്ഥാനാര്‍ഥിയെ ബറേലിയില്‍ രംഗത്തിറക്കിയ 'തന്ത്രം' ബി.ജെ.പിയുടെ വോട്ടുകളിലേക്ക് കടന്നുകയറാന്‍ തൗഖീര്‍ മൗലാനയെ സഹായിക്കുമത്രെ. പോരാത്തതിന് അസദുദ്ദീന്‍ ഉവൈസിയും ഇദ്ദേഹവും തമ്മില്‍ ചില ധാരണകളുമുണ്ട്. 

അസദുദ്ദീന്‍ ഉവൈസി ബിഹാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയ അതേ നാടകമാണ് യു.പിയിലും ആവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ റാലിയിലെ പ്രസംഗത്തിന്റെ 98 ശതമാനം ഭാഗവും അഖിലേഷ് യാദവിനെ മാത്രമാണ് ലക്ഷ്യമിടുന്നത്. 'അഖിലേഷ് തന്റെ പിതാവ് പറയുന്നത് കേള്‍ക്കുന്നില്ല, നരേന്ദ്ര മോദി ഒരുത്തനെയും കേള്‍ക്കുന്നില്ല' എന്ന വളരെ ദുര്‍ബലമായ വിമര്‍ശം മാത്രമാണ് ഉവൈസി ബി.ജെ.പിക്കെതിരെ ഉയര്‍ത്തുന്നത്. അഖിലേഷ് ചെയ്തുവെന്ന് ഉവൈസി അക്കമിട്ടു നിരത്തുന്ന പത്ത് കാര്യങ്ങളില്‍ വസ്തുതയില്ലെന്ന് പറയാനാവില്ല. യു.പിയിലെ പ്രഖ്യാപിത സംവരണം നടപ്പാക്കാത്തതും പോലീസ് റിക്രൂട്ട്മെന്റില്‍ മുസ്ലിംകളെ തഴയുന്നതും മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഓരോ വര്‍ഷവും കുറഞ്ഞുവരുന്നതും മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് യാദവ വോട്ടുകള്‍ കൊടുക്കാതിരിക്കുന്നതും തുടങ്ങി അസദുദ്ദീന്റെ എല്ലാ ആരോപണങ്ങളും ശരിതന്നെയെന്നു സമ്മതിക്കുക. ഈ വിഷയങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയേക്കാള്‍ അഖിലേഷ് സര്‍ക്കാര്‍ ഭേദമാണോ അല്ലേ എന്നതല്ലേ യു.പിയില്‍ മുസ്ലിം വോട്ടര്‍മാരെ അലട്ടേണ്ടതുള്ളൂ? എന്നാല്‍ ബി.ജെ.പിയെ കുറിച്ച് ഒരക്ഷരം പറയാതെ ജനങ്ങളെ ഒരു മണിക്കൂറിലേറെയാണ് ഉവൈസി സംഭലില്‍ നടന്ന റാലിയില്‍ വികാരം കൊള്ളിച്ചത്. സമാജ്വാദി പാര്‍ട്ടിയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന മിതഭാഷി നേതാവായ ശഫീഖുര്‍റഹ്മാന്‍ ബര്‍ഖ് ചെറുമകന് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഉവൈസിയോടൊപ്പം കൂടിയിട്ടുണ്ട്. ബര്‍ഖിന്റെ ജനസമ്മിതി എത്ര തന്നെ വലുതാണെങ്കിലും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന ഹൈദരാബാദ് സംഘടന യു.പിയില്‍ രംഗത്തെത്തുന്നത് യു.പിയിലുള്ളതെല്ലാം തച്ചുടച്ച് പുതിയൊരു മാതൃകാ ഭരണം മുസ്ലിംകള്‍ക്ക് നല്‍കാനാവുമെന്ന വാഗ്ദാനവുമായാണ്. ഏറിയാല്‍ ഉവൈസിയെ പോലെ അസംബ്ലിയിലും രണ്ടോ മൂന്നോ പേര്‍ വായിട്ടലക്കും എന്നതിലപ്പുറം എന്തു നേടിക്കൊടുക്കാനാവും ഈ സംഘടനക്ക്? പക്ഷേ നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് ഒരുപാട് കഴിയും. ബദായൂന്‍, ബറേലി, മുറാദാബാദ്, റാംപൂര്‍, ഖേരി, പിലിബിത്ത് തുടങ്ങിയ ജില്ലകളിലെല്ലാം ബി.ജെ.പിക്കും സമാജ്വാദി-കോണ്‍ഗ്രസ് സഖ്യത്തിനുമിടയില്‍ നിര്‍ണായകമാവുന്നത് ഇദ്ദേഹവും തൗഖീര്‍ റസാ ഖാനും ഡോ. അയ്യൂബിന്റെ പീസ് പാര്‍ട്ടിയുമൊക്കെ അടര്‍ത്തിമാറ്റാനിടയുള്ള മുസ്ലിം വോട്ടുകളാണ്.

ചുരുക്കത്തില്‍, കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വാറിനെതിരെ പരസ്യമായി പാര്‍ട്ടിക്കകത്ത് കലാപം നടക്കുന്ന ബറേലി ജില്ലയില്‍ തൗഖീര്‍ മൗലാനയുടെ സ്ഥാനാര്‍ഥികളുടെ 'കൃപ' കൊണ്ട് ജയിച്ചുകയറുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. സംഭലിലും മുറാദാബാദിലും ഉവൈസിയാണ് അവരുടെ കണ്‍കണ്ട ദൈവം. എന്നാല്‍ മറുഭാഗത്ത് ശിവസേനയും പാര്‍ട്ടിയുടെ സ്വന്തം വിമതരും ചേര്‍ന്നൊരുക്കുന്ന പാളയത്തിലെ പട ചട്ടനെ പൊട്ടന്‍ ചതിക്കുമ്പോള്‍ പൊട്ടനെ ദൈവം ചതിക്കുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നുമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌