Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

നിരപരാധികളെ ക്രൂശിച്ചാല്‍ നഷ്ടപരിഹാരത്തിനു നിയമമുണ്ട്

സി. അഹ്മദ് ഫാഇസ്

'വിട്ടയക്കപ്പെടുന്ന ഓരോ തടവുകാരനും  വ്യക്തിത്വത്തിന്റെ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോവുകയാണ്. ചുറ്റുമുള്ളതെല്ലാം അയഥാര്‍ഥമാണെന്ന് അയാള്‍ക്ക് തോന്നുന്നു. ഒന്നും അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. താനൊരു സ്വപ്‌നാവസ്ഥയിലാണെന്ന് അയാള്‍ വിശ്വസിക്കുന്നു. വിമോചനത്തെ കുറിച്ച് ധാരാളം സ്വപ്‌നങ്ങള്‍ അയാള്‍ കണ്ടിട്ടുണ്ട്. വീട്ടിലേക്കു പോകുന്നത്, സുഹൃത്തുക്കളെ കാണുന്നത്, കുടുംബത്തോടൊത്തു കഴിയുന്നത്. പെട്ടെന്ന് ഒരു വിസില്‍ മുഴങ്ങുന്നു, എല്ലാം തകര്‍ന്നുവീഴുന്നു. വിമോചനം വരുമ്പോള്‍ സ്വപ്‌നവും യാഥാര്‍ഥ്യവും തിരിച്ചറിയാനാകാതെ അയാള്‍ കുഴങ്ങുന്നു.'' നാസി കാലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ടുപോയ ഓസ്ട്രിയന്‍ ന്യൂറോളജിസ്റ്റ് വിക്ടര്‍ ഇ. ഫ്രാന്‍കെലി(Victor E Frankl)ന്റെ വാക്കുകളാണിത്.

ഓള്‍ഡ് ദല്‍ഹി സ്വദേശിയായ മുഹമ്മദ് ആമിര്‍ ഖാനെ പോലീസ് തട്ടിക്കൊണ്ടുപോകുന്നതും 1996-'97  കാലത്ത് ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ചെറിയ സ്‌ഫോടന കേസുകളില്‍ പ്രതിയാക്കി ജയിലില്‍ അടക്കുന്നതും 1998 ഫെബ്രുവരി 20-നായിരുന്നു. പതിനാലു വര്‍ഷത്തോളം ജയിലില്‍ വിചാരണത്തടവുകാരനായി ജീവിച്ച അദ്ദേഹം  2012 ജനുവരി ഇരുപതിനാണ് മോചിതനായത്. ചെയ്ത കുറ്റം എന്തെന്നു പോലുമറിയാതെ പതിനെട്ടാം വയസ്സില്‍ ജയിലില്‍ അടക്കപ്പെടുകയും  ജീവിതത്തിലെ പതിനാലു വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ആമിര്‍ ഖാന്റെ ജീവിതകഥ കഴിഞ്ഞ മാര്‍ച്ചില്‍ Framed as a Terrorist എന്ന പേരില്‍ പുറത്തിറങ്ങി. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ആമിറിന്റേത് വിക്ടര്‍ ഇ. ഫ്രാന്‍കെലിന്റെ  ഉദ്ധരണിയില്‍ സൂചിപ്പിച്ചതിനു സമാനമായിരുന്നു.

ഇതൊരു ആമിര്‍ ഖാന്റെ മാത്രം കഥയല്ല. ഗുല്‍ബര്‍ഗയിലെ ഒരു മധ്യവര്‍ഗ മുസ്ലിം കുടുംബത്തില്‍ പിറന്ന മുഹമ്മദ് നിസാറുദ്ദീന്‍ അഹ്മദ് വിദ്യാര്‍ഥിയായിരിക്കെ തീവ്രവാദ മുദ്ര കുത്തപ്പെട്ട് 23 വര്‍ഷമാണ് ജയിലില്‍ കിടന്നത്. അദ്ദേഹത്തെ രക്ഷിക്കാന്‍ കോടതിയില്‍ കേസ്  നടത്തിക്കൊണ്ടിരിക്കെ ജ്യേഷ്ഠസഹോദരന്‍ സഹീറുദ്ദീന്‍ അഹ്മദും ജയിലിലടക്കപ്പെട്ടു, 16  വര്‍ഷം. കാന്‍സര്‍ ബാധിതനായപ്പോള്‍ മാത്രമാണ് സഹീറിന് മോചനം ലഭിച്ചത്. തീവ്രവാദ കേസില്‍  പോലീസ് പ്രതികളാക്കുന്ന നിരപരാധികള്‍ക്കു വേണ്ടി വാദിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട അഡ്വ. ശാഹിദ് അസ്മി. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ആരാണ് ഇവര്‍ക്ക് ഇവരുടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുകൊടുക്കുക? തീവ്രവാദിമുദ്ര കുത്തപ്പെട്ടാല്‍ അവന്‍ മരണം വരെയും ആ മുദ്ര പേറി ജീവിക്കണമെന്നാണ് നമ്മുടെ നാട്ടുനടപ്പ്. ഭരണകൂടം തല്ലിക്കൊഴിക്കുന്ന നിരപരാധികളുടെ നഷ്ടപ്പെട്ട ജീവിതത്തിനു  എന്താണ് പകരം നല്‍കാനാവുക? ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം ഇന്ത്യയിലുടനീളം തുടക്കമിട്ടതും 9/ 11-നു ശേഷം ആഗോളതലത്തില്‍ അരങ്ങേറിയതുമായ ഭീകരതക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദുരൂഹമായ ബോംബ് സ്ഫോടനങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജീവിതം ഹോമിക്കേണ്ടിവന്ന എത്രയെത്ര നിരപരാധികളായ ചെറുപ്പക്കാര്‍! അവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളായത് യാദൃഛികമല്ല.

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ തീവ്രവാദ കേസുകളില്‍ പിടിക്കപ്പെട്ട യുവാക്കളില്‍ 90 ശതമാനം പേരും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടവരാണ്. അവരുടെ ജീവിതം തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇങ്ങനെ സംഭവിച്ചാല്‍ അവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതികളും സര്‍ക്കാരുകളും തയാറാവുന്നുണ്ട്. ഇന്ത്യയില്‍ ഈയാളുകള്‍ക്ക് നഷ്ടപരിഹാരം പോയിട്ട് സര്‍ക്കാരിന്റെയോ കോടതികളുടെയോ ഭാഗത്തുനിന്ന് ഒരു ക്ഷമാപണം പോലും ലഭിക്കുന്നില്ല. ഈ കേസുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നുവരെ ചില കോടതി വിധികളില്‍ കൃത്യമായി പറയുന്നുണ്ട്. തെളിവില്ല എന്നല്ല മറിച്ച് കേസ് ബോധപൂര്‍വം അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടതാണെന്നാണ് പറയുന്നത്. അങ്ങനെയുള്ള കേസുകളില്‍ പോലും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല.

ഗ്ലാസ്ഗോ വിമാനത്താവള സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ആസ്ത്രേലിയന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് ഒരു മില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍  അമേരിക്കയിലെ ഭീകരവിരുദ്ധ നിയമമായ പാട്രിയോട്ട് ആക്ട് പ്രകാരം അറസ്റ്റിലായ ഒരു കറുത്ത വര്‍ഗക്കാരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു മില്യന്‍ യു.എസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇന്ത്യയില്‍ ഇങ്ങനെ ഒരുപാട് ആളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മെയ് പതിനാറിനായിരുന്നു 2002-ല്‍ നടന്ന അക്ഷര്‍ധാം തീവ്രവാദ ആക്രമണ കേസിലെ ആറു കുറ്റാരോപിതരെ സുപ്രീം കോടതി വെറുതെവിട്ടത്. തുടര്‍ന്ന് ഒരു കാരണവുമില്ലാതെ പതിനൊന്നു  വര്‍ഷം തടവില്‍ കഴിയേണ്ടിവന്നതിനു കേസിലെ ആറു പേരും ചേര്‍ന്ന് നഷ്ടപരിഹാരത്തിന് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ ജൂണില്‍ പ്രസ്തുത ഹരജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട്, പിന്നീട് കുറ്റവിമുക്തരായ ആളുകള്‍ക്ക്  നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശം നല്‍കപ്പെട്ടാല്‍ അത് അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുക എന്നാണ് അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പരാതിക്കാര്‍ക്ക് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുളസി, അതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു; തെറ്റായി കുറ്റം ചാര്‍ത്തിയ ഗുജറാത്ത് പോലീസിന്റെ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ കേസുകളില്‍ പോട്ട, യു.എ.പി.എ തുടങ്ങിയ പല കിരാത നിയമങ്ങളിലെയും വകുപ്പ് ചാര്‍ത്തപ്പെട്ട്  തെറ്റായി അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് കാലങ്ങളോളം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്ന കേസുകള്‍ പതിവായ പശ്ചാത്തലത്തിലാണ് മേല്‍പ്പറഞ്ഞ സുപ്രീം കോടതി അഭിപ്രായം ഉണ്ടായത്. തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുകളില്‍ കിടക്കുകയും മാനസികവും ശാരീരികവുമായ   പീഡനങ്ങള്‍ സഹിക്കേണ്ടിവരികയും പിന്നീട് കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തവര്‍ക്ക്  നഷ്ടപരിഹാരം നല്‍കുന്നതിന് ആഗോളതലത്തിലും ഇന്ത്യയില്‍ തന്നെയുമുള്ള പല കോടതികളിലെയും വിധികളും നിയമങ്ങളും  ഈയൊരു പശ്ചാത്തലത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് .  

തെറ്റായ കുറ്റം ചുമത്തലിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിയമം കോടതി വിധികളിലൂടെ തന്നെ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നിട്ടുള്ള ഒന്നാണ്. Rudul Sah Vs. State of Bihar & Anr കേസിലൂടെയാണ്  തെറ്റായി കുറ്റം ചുമത്തിയതിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിധി ആദ്യമായി  സുപ്രീം കോടതി പ്രഖ്യാപിച്ചത്. പ്രസ്തുത കേസില്‍ മൂന്നംഗ ബെഞ്ചിനെ പ്രതിനിധീകരിച്ച് വിധി പ്രസ്താവിച്ച  ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡന്‍, 'ഭരണഘടന അതിന്റെ ആര്‍ട്ടിക്ക്ള്‍ 21 പ്രകാരം വകവെച്ചുതന്നിട്ടുള്ള ജീവിക്കാനുള്ള സ്വാതന്ത്ര്യം നിരാകരിക്കുന്ന ഇത്തരം തെറ്റായ കുറ്റം ചുമത്തലിനെ പ്രതിരോധിക്കാന്‍ അങ്ങനെ ചെയ്തവരില്‍നിന്ന് സാമ്പത്തികമായ നഷ്ടപരിഹാരതുക ഈടാക്കുകയാണ് വഴി' എന്ന് പ്രസ്താവിക്കുകയുണ്ടായി. പിന്നീടു Bhim Singh, MLA Vs. State of J & K & Ors.,Nilabati Behera (Smt) Alias Lalita Behera Vs. State of Orissa & Ors തുടങ്ങിയ കേസുകളിലൂടെ റുധുല്‍ ഷാ കേസിലെ വിധിയെ കോടതി കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ഇതൊരു സര്‍വാംഗീകൃത നടപ്പുരീതിയായി മനസ്സിലാക്കാന്‍ ഇടയാവുകയുമുണ്ടായി. ഭരണഘടനയിലെ 32, 226 എന്നീ  വകുപ്പുകള്‍ നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കോടതിയെ സമീപിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി തെറ്റായ കുറ്റം ചുമത്തലിന് നഷ്ടപരിഹാരം നിര്‍ദേശിച്ചുകൊണ്ട് കോടതി വിധിക്കുകയാണുണ്ടായത്. എന്നാല്‍ അക്ഷര്‍ ധാം കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സുപ്രീം കോടതിയുടെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള വിധികളെയെല്ലാം നിരാകരിക്കുന്ന ഒന്നായിരുന്നു.   

തെറ്റായ കുറ്റംചുമത്തലിന് നഷ്ടപരിഹാരത്തിനുള്ള അവകാശം ആഗോളതലത്തില്‍തന്നെ നിലവിലുള്ള ഒന്നാണ്. 1966-ല്‍ യു.എന്‍ പാസ്സാക്കിയ രാഷ്ട്രീയ-പൗരാവകാശങ്ങളെ സംബന്ധിച്ച ആഗോള കരാറിലെ  (International Covenant on Civil and Political Rights) 14(6) വകുപ്പ് രാഷ്ട്രങ്ങളെ തെറ്റായ കുറ്റം ചുമത്തലിന് നഷ്ടപരിഹാരം നിര്‍ദേശിക്കുന്നുണ്ട്.  യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ മൂന്നാം വകുപ്പ് പ്രകാരവും അമേരിക്കന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ പത്താം വകുപ്പും സമാനമായ രീതിയില്‍ നഷ്ടപരിഹാരം നിര്‍ദേശിക്കുന്നു. യു.കെയിലാവട്ടെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 133 വകുപ്പ് പ്രകാരം ഈയൊരു അവകാശം നിയമപരമായി തന്നെ നിലവിലുണ്ട്.

ICCPR പ്രകാരം നഷ്ടപരിഹാരത്തിനുള്ള അവകാശം ഓരോ സ്റ്റേറ്റിനും സ്വയം തന്നെ അതിന്റെ തന്നെ നിയമത്തില്‍ ഉള്‍പ്പെടുത്തുകയോ ഭരണപരമോ നിയമപരമോ ആയ ഏതെങ്കിലും സംവിധാനത്തിന് നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനുള്ള അധികാരം നല്‍കുകയോ ചെയ്യാവുന്നതാണ്. 1966-ല്‍ പാസ്സാക്കിയ ICCPR ഒന്നാം പ്രോട്ടോക്കോളില്‍  ഒപ്പുവെച്ച  രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അവകാശം ഉണ്ടെന്നു മാത്രമല്ല, ഈ അവകാശം നിഷേധിക്കപ്പെട്ടാല്‍ യു.എന്‍ മനുഷ്യാവകാശ കമ്മിറ്റിയെ സമീപിക്കാനും പ്രസ്തുത നിയമം അവകാശം നല്‍കുന്നു. എന്നാല്‍ ആഗോള മനുഷ്യാവകാശ കമ്മിറ്റിയെ സമീപിക്കാനുള്ള വ്യക്തികളുടെ അവകാശം അനുവദിക്കാതിരിക്കാന്‍, ഏതൊരു രാഷ്ട്രത്തിനും പ്രസ്തുത അവകാശത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് എഴുതിച്ചേര്‍ക്കാനുള്ള വകുപ്പ് കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പ്രസ്തുത അവകാശത്തെ മാനിക്കാനോ നിരപരാധികളായി ജയിലിലടക്കപെട്ടവര്‍ക്ക് പ്രത്യേക നിയമം പാസ്സാക്കാനോ തയാറായിട്ടില്ല.

പ്രസിദ്ധമായ Vishaka and Others versus State of Rajasthan and Others  കേസില്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് 1997-ല്‍ സുപ്രീം കോടതി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. Nilabati Behera കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ച് വിധിക്കാന്‍ ICCPRലെ വകുപ്പുകള്‍ ഉദ്ധരിച്ചപ്പോള്‍ രാജ്യത്ത് ഏതെങ്കിലും നിയമങ്ങള്‍ ഇല്ലാതെവരുമ്പോള്‍ അവ നടപ്പിലാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് തെറ്റില്ലെന്ന വാദമാണ് കോടതി മുന്നോട്ടുവെച്ചത്. അത്തരം അന്താരാഷ്ട നിയമങ്ങള്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയോട് യോജിച്ചതാവണം എന്ന് മാത്രമാണ് അവ നിയമവ്യാഖ്യാനങ്ങളില്‍ ഉപയോഗിക്കാനുള്ള  മുന്നുപാധി എന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പോലും ഇത്തരം നിയമങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാത്തിടത്തോളം കാലം തെറ്റായ കുറ്റം ചുമത്തലിന് നഷ്ടപരിഹാരം ലഭിക്കാന്‍ കോടതികളെ ആശ്രയിക്കുക മാത്രമാണ് ഇരകള്‍ക്കു മുമ്പിലുള്ള ഏകവഴി.  2015 മെയിലായിരുന്നു  മാവോയിസ്റ്റ് എന്ന് ആരോപിക്കപ്പെട്ട് പോലീസ് ജയിലില്‍ അടക്കപ്പെട്ട ശ്യാ ബാലകൃഷ്ണനു കേരള ഹൈക്കോടതി  നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 

കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്വില്‍ ഫൗണ്ടേഷന്‍, ഭരണകൂടം തീവ്രവാദ കേസുകളില്‍ കുടുക്കിയവരുടെ കേസുകള്‍ മുന്നില്‍ വെച്ച് ഒരു ജനകീയ ട്രൈബ്യൂണല്‍ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ച ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഒരു നിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയുണ്ടായി.

പോലീസും ഐ.ബി, എന്‍.ഐ.എ അടക്കമുള്ള   ഭരണകൂട ഉപകരണങ്ങളും നിയമസംവിധാനങ്ങളും തീവ്രവാദ കേസുകളില്‍  അകപ്പെട്ട നിരപരാധികളുടെ കേസില്‍ മാധ്യമ പ്രോപഗണ്ടയിലൂടെ കൃത്രിമമായി നിര്‍മിക്കപ്പെട്ട പൊതു മനസ്സാക്ഷിയോടൊപ്പം നില്‍ക്കുമ്പോള്‍,  അത്തരം നിരപരാധികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും അവരെ  പുനരധിവസിപ്പിക്കാനും  നമ്മുടെ രാജ്യത്ത്  കൃത്യമായ നിയമനിര്‍മാണങ്ങള്‍ തന്നെയാണ് വേണ്ടത്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌