Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

സ്ത്രീഹൃദയത്തിലെ ആഹ്ലാദം

ഡോ. ജാസിമുല്‍ മുത്വവ്വ

ദാമ്പത്യ-സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സദസ്സിലാണ് ഞങ്ങള്‍. തന്റെ ഭാര്യയെ പ്രകീര്‍ത്തിച്ച് കൂട്ടത്തില്‍ ഒരാള്‍: ' സത്യത്തില്‍ ഞാന്‍ എന്റെ ഭാര്യയെക്കുറിച്ച് അങ്ങേയറ്റം സന്തുഷ്ടനാണ്. അതിന് ഉതവി നല്‍കിയ അല്ലാഹുവിന് ആയിരം സ്തുതി. തുറന്നുപറഞ്ഞാല്‍ അവള്‍ എന്റെ ഗുരുനാഥയാണ്. ഓരോ ദിവസവും ഞാന്‍ അവളില്‍നിന്ന് പുതിയത് എന്തെങ്കിലും പഠിക്കും. വീട്ടില്‍ എനിക്കും എന്റെ മക്കള്‍ക്കും അവലംബം അവളാണ്.'' 

അയാളുടെ സംസാരം സദസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഭാര്യയെ പ്രശംസിച്ചുകൊണ്ടുള്ള അയാളുടെ വാക്കുകള്‍ ഹൃദയത്തില്‍നിന്നിറങ്ങി ഹൃദയങ്ങളില്‍ പതിക്കുന്നതായിരുന്നു. അവളോടുള്ള കടപ്പാടും കൃതജ്ഞതയും നിറഞ്ഞുനിന്നു അയാളുടെ ഓരോ വാക്കിലും. 

ഞാന്‍ ആ സദസ്സില്‍ അയാളോട്: 'നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്രയായി?' 

അയാള്‍: 'വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷമായെങ്കിലും അത് ഒരു പതിനഞ്ച് ദിവസമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.'' 

ഗാര്‍ഹിക പ്രശ്‌നങ്ങള്‍ പലതും സദസ്സില്‍ സംസാരത്തിനിടെ ഉയര്‍ന്നുവന്നെങ്കിലും ഭാര്യമാരുടെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നതിലും കുടുംബജീവിത വിജയത്തെക്കുറിച്ച വര്‍ത്തമാനങ്ങളിലുമാണ് അവ പര്യവസാനിച്ചത്. 

പ്രശ്‌നങ്ങള്‍ അപഗ്രഥിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് കുടുംബജീവിതം വിജയകരമാക്കുന്നതുപോലെ പ്രധാനമാണ് വിജയിച്ച കുടുംബ ജീവിതാനുഭവങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും. നാം ഓരോരുത്തരും നമ്മുടെ ദാമ്പത്യ-കുടുംബജീവിത വിജയത്തെക്കുറിച്ച് നമ്മുടെ മക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ തുറന്നു സംസാരിക്കുന്നത് സൗഭാഗ്യപൂര്‍ണമായ ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ പ്രചരിക്കാന്‍ സഹായകമാവും. ദാമ്പത്യജീവിതത്തില്‍ എത്രമാത്രം പ്രശ്‌നങ്ങളുണ്ടെന്നിരുന്നാലും സന്തോഷിക്കാനും ആഹ്ലാദിക്കാനും വകനല്‍കുന്ന ക്രിയാത്മക-പോസിറ്റീവ് വശങ്ങളായിരിക്കും ഏറെ. പക്ഷേ നമ്മുടെ പത്ര-മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ഏറ്റവും കൂടുതല്‍ കാണുന്നത് ദാമ്പത്യവിജയത്തെക്കുറിച്ച വാര്‍ത്തകളല്ല, ദാമ്പത്യ പരാജയങ്ങളെക്കുറിച്ച വാര്‍ത്തകളാണ്. അപ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ കരുതുക ദാമ്പത്യജീവിതത്തിലെ സന്തോഷവും സൗഭാഗ്യവുമൊക്കെ ഒരു അപൂര്‍വ വസ്തുവാണെന്നാണ്. നമുക്കിനി ദാമ്പത്യജീവിതവിജയത്തെക്കുറിച്ച് കൂടുതല്‍ പറയാം, എഴുതാം, പ്രസിദ്ധീകരിക്കാം. 

ഇനി പുരുഷന്മാരോട് എന്റെ ചോദ്യം: 'നിങ്ങളുടെ ഭാര്യയുടെ ഗുണവശങ്ങളെക്കുറിച്ച് എത്ര തവണ നിങ്ങള്‍ സംസാരിച്ചിട്ടുണ്ട്? അവളിലെ നന്മകളെ എത്ര പ്രാവശ്യം നിങ്ങള്‍ എടുത്തുകാട്ടിയിട്ടുണ്ട്? അവള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇട്ടുതന്നെ ചോദനകള്‍ നിങ്ങളുടെ വിജയത്തിനും ആത്മവിശ്വാസവര്‍ധനവിനും കാരണമായിട്ടുണ്ടെന്ന് നിങ്ങള്‍ വല്ലപ്പോഴും അവരോട് സമ്മതിക്കുകയുണ്ടായോ? നിങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നതിന് അവള്‍ അവളുടെ പണവും സമയവും ആരോഗ്യവുമെല്ലാം ചെലവിട്ടത് നിങ്ങള്‍ പറയുകയുണ്ടായോ? നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും വേണ്ടി അവള്‍ അര്‍പ്പിച്ച ത്യാഗത്തെക്കുറിച്ച് നിങ്ങള്‍ എത്ര തവണ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്?'' ഇങ്ങനെ എണ്ണിയെണ്ണിപ്പറഞ്ഞാല്‍ നിരവധി കാര്യങ്ങളുണ്ട്. എന്റെ ഇത്തരം ചോദ്യങ്ങള്‍ കേട്ട് പല പുരുഷന്മാരും ആശ്ചര്യപ്പെടുമെങ്കിലും എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ; ഇതായിരുന്നു നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്റെ രീതി. തന്റെ ഭാര്യയോട് തനിക്കുള്ള സ്‌നേഹത്തെക്കുറിച്ച് നബി (സ) ആണുങ്ങളുടെ മുമ്പില്‍ തുറന്നുപറയും. ഒരു സന്ദര്‍ഭത്തില്‍ അംറുബ്‌നുല്‍ ആസ്വ് (റ) നബി(സ)യോട് ചോദിച്ചു: 'ജനങ്ങളില്‍ അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരോടാണ്?' 

ഉടനെ വന്നു നബി(സ)യുടെ മറുപടി: 'ആഇശ.'' 

വീണ്ടും അംറ് (റ): 'പുരുഷന്മാരുടെ കൂട്ടത്തില്‍?'' 

നബി (സ): 'അവരുടെ പിതാവ് അബൂബക്ര്‍.'' 

അംറ് (റ): 'പിന്നെയോ?'' 

നബി (സ): ''പിന്നെ, ഉമറുബ്‌നുല്‍ ഖത്ത്വാബ്.''

തന്റെ ഭാര്യയോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം ഈ മറുപടിയില്‍ നബി (സ) മറച്ചുവെച്ചില്ലെന്ന് ഒാര്‍ക്കണം. സ്‌നേഹവും സന്തോഷവും പുറത്തറിയിക്കുകയും എല്ലാവരിലുമെത്തിക്കുകയും ചെയ്യുന്ന രീതിയാണിത്. ജനങ്ങള്‍ ഇത്തരം വര്‍ത്തമാനം കേട്ടാല്‍ അവരില്‍ ശുഭചിന്തകള്‍ വളരും. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാവും. സ്‌നേഹവും സന്തോഷവും തുറന്നുപറയുന്നതോടെ കുടുംബത്തിലും സമൂഹത്തിലും ആനന്ദം കളിയാടും. തന്റെ ഭാര്യയോട് തനിക്കുള്ള സ്‌നേഹവും അടുപ്പവും സ്‌നേഹിതന്മാരുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ തുറന്നുപറയാന്‍ ആരും ലജ്ജിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെക്കുറിച്ച് നിങ്ങളുടെ മാതാവിന്റെയും കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ നല്ല വാക്കുകള്‍ പറയുകയും പ്രശംസിക്കുകയും ചെയ്‌തെന്ന വിവരം നിങ്ങളുടെ ഭാര്യ അറിഞ്ഞെന്നിരിക്കട്ടെ, അത് അവളെ വല്ലാതെ ആഹ്ലാദവതിയാക്കും; സന്തുഷ്ടയാക്കും. നിങ്ങള്‍ക്കിടയിലെ സ്‌നേഹവും പ്രേമവും എല്ലാം ശാശ്വതമായി നിലനില്‍ക്കും. അതാണല്ലോ നബി (സ) കാണിച്ചുതന്ന മാതൃക. അപ്പോള്‍ ചില പുരുഷന്മാര്‍ ചോദിക്കുന്ന ചോദ്യമുണ്ട്: 'ഞാനെന്റെ ഭാര്യയെ സ്‌നേഹിക്കുന്ന കാര്യം സുഹൃത്തുക്കളോട് എങ്ങനെ പറയും? അവളെങ്ങാനും അത് അറിഞ്ഞാല്‍ പിന്നെ അവള്‍ അഹങ്കാരം കൊണ്ട് നിലത്തുനില്‍ക്കുമോ?''

എനിക്ക് നല്‍കാനുള്ള മറുപടി: 'എല്ലാ സ്ത്രീകളും നിങ്ങള്‍ കരുതുന്നതുപോലെയല്ല. അവരില്‍ അധികവും പ്രശംസ അര്‍ഹിക്കുന്നവരാണ്. പ്രശംസാ വചനങ്ങള്‍ കേട്ടാല്‍ അവരുടെ സ്‌നേഹവും നിങ്ങളോടുള്ള കൂറും കൂടുകയേ ഉള്ളൂ. പ്രത്യേകിച്ച് നിങ്ങള്‍ അവരെ അവരുടെ കുടുംബത്തിന്റെയോ മാതാപിതാക്കളുടെയോ മക്കളുടെയോ മുമ്പില്‍ വെച്ച് പ്രശംസിച്ചാല്‍ അതൊരിക്കലും അവര്‍ മറക്കില്ല. ഇരട്ടി തിരിച്ചുതരും. അതിനാല്‍ അവളുടെ അവകാശം കുറച്ചുകാണരുത്. നന്ദിയുടെയും കടപ്പാടിന്റെയും പ്രകാശനമാണ് പ്രശംസ. നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം. നിങ്ങളുടെ ഭാര്യക്ക്  നിങ്ങളോടുള്ള പ്രതിബദ്ധതയും മക്കളെ നന്നായി നോക്കാനും വളര്‍ത്താനുമുള്ള അതീവ താല്‍പര്യവും കുഞ്ഞുങ്ങളോടുള്ള വാത്സല്യവും ആ തുറന്നുപറച്ചില്‍ വര്‍ധിപ്പിക്കും. അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതിന്റെ ഗുണഫലങ്ങള്‍ കുടുംബം മുഴുവന്‍ പ്രതിഫലിക്കും.'' 

സദസ്സ് പിരിയുമ്പോള്‍ ചില രസകരമായ കമന്റുകളും ഉണ്ടായി. ഒരാള്‍: 'ഞാന്‍ എന്റെ കാര്യം പറയാം. ഞാന്‍ എന്റെ ഭാര്യയുടെ സഹോദരിയെയോ സ്‌നേഹിതന്റെ ഭാര്യയെയോ നന്നായി പുകഴ്ത്തിപ്പറയും. അപ്പോള്‍ ആത്മരോഷം കൊള്ളുന്ന എന്റെ ഭാര്യ പിന്നെ എന്നോട് കൂടുതല്‍ സ്‌നേഹവും അടുപ്പവും കാണിക്കുകയായി. പിന്നെ എന്നെ പരിചരിക്കാന്‍ കൂടുതല്‍ ശുഷ്‌കാന്തി കാട്ടും.'' 

മറ്റെയാള്‍: 'എന്റെ ഭാര്യ വലിയ സംസാരപ്രിയയല്ല. ഞാന്‍ എസ്.എം.എസ് അയച്ച് പ്രശംസിക്കാറാണ് പതിവ്.''

മൂന്നാമന്‍: 'പ്രശംസ ചൊരിയാതെ തന്നെ ഞങ്ങള്‍ വളരെ സന്തോഷത്തിലാണ് കഴിയുന്നത്. ദയവ് ചെയ്ത് അടച്ചിട്ട വാതില്‍ നിങ്ങള്‍ തുറക്കാതിരുന്നാല്‍ മതി.'' ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ. ഇവക്കുള്ള മറുപടി നിങ്ങള്‍ പറഞ്ഞാല്‍ മതി.

 

 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌