Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

കരിനിയമങ്ങള്‍ ജനാധിപത്യത്തെ റദ്ദ് ചെയ്യുമ്പോള്‍

സാദിഖ് ഉളിയില്‍

ആശയപ്രകാശനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തില്‍ പ്രധാനമാണ്. ഭരണകൂടത്തോട് വിയോജിക്കാനും അതിനെ വിമര്‍ശിക്കാനുമുള്ള അവകാശം നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. കാരണം, ആശയ വൈവിധ്യങ്ങളുടെയും ഭിന്ന രാഷ്ട്രീയ ബോധ്യങ്ങളുടെയും സമന്വയമാണ് ജനാധിപത്യം. ഇന്ത്യപോലെ വിഭിന്നവും വ്യത്യസ്തവുമായ സംസ്‌കാരങ്ങള്‍ ഇഴചേര്‍ന്ന വിശാലമായൊരു രാജ്യത്ത് ഏതൊരു ആശയത്തിനും നിലനില്‍ക്കാനും വളരാനുമുള്ള ഇടമുണ്ടാകണം.  ജനാധിപത്യ രാജ്യങ്ങളുടെ അന്തസ്സത്ത എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ നയരേഖ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ഒരു രാജ്യത്തെ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയേക്കാള്‍,  പൗരന്മാരുടെ പ്രാഥമിക പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയെന്നതാണ് ആ രാജ്യത്തെ ജനാധിപത്യ രാഷ്ട്രമെന്ന പദവിക്ക്  അര്‍ഹമാക്കുന്നതെന്നാണ് പ്രസ്തുത നയരേഖ പ്രഖ്യാപിക്കുന്നത്. എന്നാല്‍, ജനാധിപത്യ രാഷ്ട്രമെന്ന് വിളിപ്പേരുള്ള ഇന്ത്യയില്‍ ഇന്ന് പൗരാവകാശം ചില വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം കിട്ടാക്കനിയാവുകയും ചിലര്‍ക്കത് സുലഭമാവുകയും ചെയ്യുന്നു.  ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടേതായ മനോഹാരിതക്കും  നമ്മുടെ ഭരണഘടനയുടെ പവിത്രതക്കും കോട്ടംവരുംവിധമാണ് സമകാലിക ഭരണകൂട ഇടപെടലുകള്‍. ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭീകരനിയമങ്ങള്‍ അതിന്റെതന്നെ ഭാഗമാണ്.

 

കരിനിയമങ്ങളുടെ ചരിത്രം

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഭീകരനിയമങ്ങള്‍ നിലവില്‍വരുന്നത്. തങ്ങള്‍ കോളനിയാക്കിവെച്ച ഇന്ത്യയിലെ പൗരന്മാരെ അടിച്ചൊതുക്കി പ്രകൃതിവിഭവങ്ങളും പൊതു സമ്പത്തും കൊള്ളയടിക്കുന്നതിനു വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഈ നിയമങ്ങള്‍ പടച്ചുണ്ടാക്കിയത്. 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം സ്വാതന്ത്ര്യസമരനേതാക്കള്‍ക്കു നേരെയാണ് പ്രയോഗിച്ചിരുന്നത്. 1922-ല്‍ യംഗ് ഇന്ത്യ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ മൂന്നു ലേഖനങ്ങളുടെ പേരില്‍ അദ്ദേഹത്തെയും പത്രത്തിന്റെ പബ്ലിഷര്‍ ശങ്കര്‍ലാല്‍ ബാങ്കറിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഭരണകൂടം തടവിലാക്കി. 1857 മുതല്‍ 1947 വരെ 90 വര്‍ഷക്കാലം നീണ്ടുനിന്ന  ഈ കൊളോണിയല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷം റദ്ദ് ചെയ്യപ്പെടേണ്ടതായിരുന്നു.1951 ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് 124 എ വകുപ്പിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെ പറയുകയുണ്ടായി: ''എന്റെ അഭിപ്രായത്തില്‍ ഈ വകുപ്പ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ്. നാം പാസ്സാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്.'' പക്ഷേ ഇന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഭാഗമായി  ഇത് നിലനില്‍ക്കുന്നു!

ഒരു ജനാധിപത്യരാജ്യത്തിന്  അനുയോജ്യവും കാലോചിതവുമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനു പകരം ഭരണകൂടങ്ങള്‍ ചെയ്തത് പഴയതിനേക്കാള്‍ ഭീകരമായ നിയമങ്ങള്‍ ചുട്ടെടുക്കുകയായിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചിരുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ ജനാധിപത്യത്തെ റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ ഭരണകൂടത്തെ സ്‌നേഹിക്കാനും സേവിക്കാനും മാത്രം വിധിക്കപ്പെട്ടവരാണെന്നും തെരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ സര്‍ക്കാറുകള്‍ക്ക് നേരെ അവര്‍ യാതൊരു തരത്തിലുമുള്ള എതിര്‍പ്പും പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തിയാണ് ഇന്ത്യയെ പോലൊരു ജനാധിപത്യരാജ്യത്ത് ഭരണകൂടവും വെച്ചുപുലര്‍ത്തുന്നത്. അതിനാല്‍ സര്‍ക്കാറുകളെ വിമര്‍ശിക്കാനും വിസമ്മതം രേഖപ്പെടുത്താനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഭീകര നിയമങ്ങളുപയോഗിച്ച് ഞെരിച്ചമര്‍ത്തുകയാണ്. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട്, ഡിഫന്‍സ് ഓഫ് ഇന്ത്യന്‍ റൂള്‍, എസ്മ, അഫ്‌സ്പ, യു.എ.പി.എ, ടാഡ, പോട്ട, മകോക തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ഏറ്റവുമവസാനം യു.എ.പി.എയും. രാജ്യത്ത് നടപ്പാക്കിയ ഇത്തരം ഭീകര നിയമങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്, ഏതു ഭീകര പ്രവര്‍ത്തനമാണ് ഇതിലൂടെ തടഞ്ഞത്, ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ് വിചാരണ പൂര്‍ത്തിയായി പുറത്തിറങ്ങുന്നവരുടെ എണ്ണമെത്ര തുടങ്ങിയവയെല്ലാം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ട കാര്യങ്ങളാണ്. 

മണിപ്പൂരിലെ കാര്യം തന്നെയെടുക്കുക. പ്രത്യേക സായുധ സൈനികാധികാര നിയമം (AFSPA) 1964 മുതല്‍ നടപ്പിലാക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏഴോളം സായുധ സംഘങ്ങള്‍ ഇപ്പോള്‍ അറുപതിലധികമായി വര്‍ധിച്ചിട്ടുണ്ട്. അവിടെ ഭികരവാദമോ സായുധ പോരാട്ടമോ അല്ല ഇല്ലാതായത്. പകരം ആരെയും വിചാരണയില്ലാതെ വധിക്കാനുള്ള സൈന്യത്തിന്റെ അധികാരമാണ് വര്‍ധിച്ചത്. നിരപരാധികളായ നിരവധി സിവിലിയന്മാരെ കൊലപ്പെടുത്തി, അവരുടെ പെണ്‍മക്കളെയും ഭാര്യമാരെയും മാനഭംഗപ്പെടുത്തി. അതിനാല്‍ 'ഞങ്ങളെ മാനഭംഗം ചെയ്യൂ' എന്നു പറഞ്ഞ് നഗ്നരായി സൈനിക ആസ്ഥാനത്തേക്ക് സ്ത്രീകള്‍  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത് മണിപ്പൂരില്‍നിന്ന് ലോകം കണ്ടു. ഇറോം ശര്‍മിളയുടെ പതിറ്റാണ്ടു നീണ്ട നിരാഹാര സമരവും  ജനാധിപത്യ സര്‍ക്കാറിനു നേര്‍ക്കുള്ള ചോദ്യമായിരുന്നു. 

മറ്റൊന്ന് ടാഡയാണ് (Terrorist and Disruptive Activities -Prevention- Act). 1985 മുതല്‍ 1995 വരെ 10 വര്‍ഷക്കാലം രാജ്യത്ത് നിലനിന്ന ടാഡ നിയമപ്രകാരം 76036 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.  ഇതില്‍ ഒരു ശതമാനത്തിനു മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതുപോലെ 2004-ല്‍ റദ്ദ് ചെയ്ത പോട്ട നിയമപ്രകാരം 1031 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ വിചാരണ പൂര്‍ത്തിയാക്കിയവരിലെ 13 പേര്‍ക്ക് മാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടത്. പിന്നീട് 2012-ല്‍ പോട്ട (Prevention of Terrorism Act, 2002 -POTA) നിയമം കൊണ്ടുവന്നു. ടാഡയുടേതിന് സമാനമായാണ് പോട്ടയിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 2004 ല്‍ പോട്ട പിന്‍വലിച്ചു.  ടാഡയും പോട്ടയും രാജ്യത്ത് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധ പ്രതിരോധങ്ങളുടെ ഫലമായി റദ്ദ് ചെയ്യപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭീകര നിയമങ്ങള്‍ ചുമത്തി അറസ്റ്റിലായ പലരും ഇപ്പോഴും ജയിലില്‍ നരകയാതന അനുഭവിക്കുന്നുവെന്നത് ഗൗരവപൂര്‍ണമായ ആലോചനകള്‍ക്ക് വിധേയമാക്കേണ്ടതാണ്.  

 

യു.എ.പി.എയുടെ വരവ് 

മകോക (Maharashtra Control of Organised Crime Act- MCOCA) പോലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഇത്തരം നിയമങ്ങള്‍ പലതുമുണ്ട്. പക്ഷേ, 2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്, നിലവിലുണ്ടായിരുന്ന യു.എ.പി.എ എന്ന നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്ത് നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്തെ ഭീകര നിയമത്തിന്റെ കെടുതികള്‍ ആഴവും പരപ്പും മറനീക്കി പുറത്തുവന്നത്. 

1967-ല്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡസ്ഥാന്‍ വിവാദം ശക്തി പ്രാപിച്ചപ്പോള്‍ ദ്രാവിഡസ്ഥാന്‍ /തമിഴ്‌നാട് വേര്‍പ്പെട്ടുപോവുക എന്ന 'വിഘടനവാദ' പ്രസ്ഥാനത്തെ നേരിടാന്‍ വേണ്ടിയാണ് The Unlawful Activities (Prevention) Act (UAPA) നിലവില്‍ വരുന്നത്. ദേശീയ കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963-ല്‍ നല്‍കിയ ശിപാര്‍ശ പ്രകാരമാണ് ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. അതേ വര്‍ഷം ഡിസംബര്‍ 30-ന് രാഷ്ട്രപതി അതില്‍ ഒപ്പു ചാര്‍ത്തുകയുമുണ്ടായി. 1969-ലും 1972-ലും 1981-ലും 2004ലും 2008ലും 2012ലും  ഈ ബില്ലില്‍ കൂടുതല്‍ വന്യമായ ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അടിമുടി ഈ നിയമത്തില്‍ ഭേദഗതികള്‍ വരുന്നത്. അതിനുശേഷം ഭരണകൂടത്തിന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തില്‍ ഈ നിയമം മാറി. നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ഇതിന്റെ ഇരകളായി ജയിലറകളില്‍ ജീവിതം ഹോമിച്ചുതീര്‍ക്കുന്നു.

1967-ല്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു ഇടതുപക്ഷമടക്കമുള്ള വ്യത്യസ്ത  സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധ സമരങ്ങളും   സമാന്തരമായി നടന്നു. അത്തരം പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചും  മറികടന്നും അന്നത് ഭരണകൂടം പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തു. എങ്കിലും ജനാധിപത്യ ഇന്ത്യക്കും അതിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആ പ്രതിഷേധ സ്വരങ്ങള്‍ ഒരാശ്വാസമായിരുന്നു.  എന്നാല്‍, 2008 ആയപ്പോഴേക്കും കാര്യങ്ങളുടെ കിടപ്പ് ആകെ മാറിയിരുന്നു. ഇടതു-വലതു പക്ഷങ്ങളില്‍നിന്ന് കാര്യമായ യാതൊരു എതിര്‍പ്പും നേരിടേണ്ടിവരാതെ ആഭ്യന്തരമന്ത്രി ചിദംബരം ആ കിരാത നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തു.  സാധാരണ ഇത്തരം നിയമഭേദഗതി കൊണ്ടുവരുമ്പോള്‍ നടക്കുന്ന ചര്‍ച്ചകളോ അഭിപ്രായരൂപീകരണമോ ഒന്നുംതന്നെ ഇത്തവണ ഉായില്ല. യു.എ.പി.എയില്‍ ഭേദഗതി വരുത്തിയ കാലയളവില്‍തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും രൂപപ്പെടുന്നത് എന്നത് ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. 

ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ നിയമങ്ങള്‍ക്കും ഭരണഘടനയുടെ അന്തസ്സത്തക്കും എതിരാണ് യു.എ.പി.എ. പുതിയ ഭേദഗതി പ്രകാരം ആര്‍ക്കെതിരെയും  യു.എ.പി.എ ചുമത്താന്‍ ഭരണകൂടത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും ഇന്ന് വളരെ എളുപ്പമാണ്. ഒരാള്‍ കുറ്റം ചെയ്തുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം വെച്ച് അന്വേഷണ ഉദ്യോഗസ്ഥന് അയാളെ തെരഞ്ഞുപിടിക്കാനും അയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും യു.എ.പി.എയില്‍ വ്യവസ്ഥയുണ്ട്. സാധാരണ ഗതിയില്‍ ഇതിന് കോടതി ഉത്തരവോ ജുഡീഷ്യറി വാറന്റോ വേണ്ടിവരും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാര പ്രയോഗത്തിന് ഇത് വളംവെച്ചുകൊടുക്കുമെന്നതില്‍ ഒരു സംശയവുമില്ല. രാജ്യത്തെ പോലീസ് സേന ഇന്ന് എത്രമാത്രം നിഷ്പക്ഷമാണെന്ന് ഏവര്‍ക്കും ബോധ്യമുളളതാണെല്ലോ.  ആ സ്ഥിതിക്ക് ആര്‍ക്കൊക്കെ എതിരെയായിരിക്കും ഇത് ഉപയോഗിക്കുക എന്നത് വ്യക്തമാണ്. ജാമിഅഃ മില്ലിയ്യ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളെക്കുറിച്ച് ഈയിടെ പഠനം നടത്തിയപ്പോള്‍ ഭീകരവാദകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മധ്യപ്രദേശിലെ പല ജില്ലകളില്‍ പോലും എണ്ണമറ്റ മുസ്‌ലിം യുവാക്കള്‍ വിവിധ കേസുകളില്‍  യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത് കണ്ടെത്തുകയുണ്ടായി. 

ഒരു വ്യക്തിയെ തെരയാനോ അറസ്റ്റ് ചെയ്യാനോ 'മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന' കാരണങ്ങള്‍ ഉണ്ടാവണമെന്ന ക്രിമിനല്‍ പ്രോസീജ്യര്‍ കോഡി(സി.ആര്‍.പി.സി.)ന്റെ താല്‍പര്യത്തിനെതിരാണ് ഭേദഗതി വരുത്തിയ യു.എ.പി.എ വ്യവസ്ഥ. പുതിയ നിയമത്തില്‍ 'വിശ്വസനീയമായ കാരണം' എന്നാക്കി ഇതിനെ ലഘൂകരിച്ചിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ അറിവുണ്ടെന്ന് പറഞ്ഞാല്‍ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാം. അതുകൊണ്ടുതന്നെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ വിരോധം വെച്ച് ഒരാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സാധിക്കും. അറസ്റ്റ് ചെയ്താല്‍  യു.എ.പി.എ യുടെ 43 ഡി (2) വകുപ്പ് പ്രകാരം  പ്രാഥമിക തടവില്‍ വെക്കാനുള്ള കാലയളവ് 180 ദിവസമാണ് (ഇത് സാധാരണ നിയമത്തില്‍ 90 ദിവസമാണ്). എന്നാല്‍, 90 ദിവസത്തിനു ശേഷം പ്രോസിക്യൂട്ടര്‍ കേസന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും കോടതിയെ ബോധിപ്പിക്കണം. ജഡ്ജിയെ സംബന്ധിച്ചേടത്തോളം കേസില്‍ പുരോഗതിയുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് വേണ്ടത്. തടവ് നീട്ടാന്‍ ആവശ്യമായ തെളിവുണ്ടോ എന്ന് നോക്കേണ്ടതില്ല. ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട വ്യക്തിയെ വേണമെങ്കില്‍ 30 ദിവസം പോലീസ് കസ്റ്റഡിയില്‍ വെക്കാവുന്നതാണ്. അതായത് ഒരാളെ പിടിച്ചുവെച്ച ശേഷം കൃത്രിമമായ തെളിവുണ്ടാക്കാന്‍ പോലീസിന് വേണ്ടത്ര സമയം ലഭിക്കും എന്നര്‍ഥം. 

ഒരാള്‍ക്കെതിരെ  കുറ്റം ആരോപിക്കപ്പെട്ടാലും അയാളെ നിരപരാധിയായാണ് രാജ്യത്തെ നിയമം കണക്കാക്കുന്നത്. അതനുസരിച്ച് കുറ്റാരോപിതര്‍ ചെയ്ത കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. എന്നാല്‍ യു.എ.പി.എ അനുസരിച്ച് കുറ്റാരോപിതന്‍ തന്നെയാണ് താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കേണ്ടത്. കുറ്റം തെളിയിക്കുക എന്നതിനു പകരം തന്റെ നിരപരാധിത്വം തെളിയിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നതോടെ ആരും കുറ്റവാളിയാകാം. 

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് വിചാരണ നടത്തി നിരപരാധിയാണോ അപരാധിയാണോ എന്ന് തീരുമാനിക്കുകയാണ് കോടതിനടപടി. യു.എ.പി.എ പ്രകാരമാണെങ്കില്‍ വിചാരണാ നടപടികള്‍ക്കിടയില്‍ അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള  അധികാരം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും ഉണ്ട്. അതുമൂലം വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. യു.എ.പി.എ 43 ഡി(5) പ്രകാരം  പ്രോസിക്യൂട്ടര്‍ അനുവദിക്കാത്തേടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല.  നിലവിലെ അത്തരം കേസുകള്‍ പരിശോധിച്ചാല്‍ സാക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് വിചാരണ ദീര്‍ഘിപ്പിക്കാനും ജാമ്യം ലഭിക്കാത്തതിനാല്‍ വിചാരണത്തടവുകാരായി ദീര്‍ഘകാലം ജയിലിലടക്കാനും കഴിയും. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്തെ മൊത്തം തടവുകാര്‍ 385135 ആണ്. ഇതില്‍ വിചാരണാതടവുകാരുടെ എണ്ണം ഏകദേശം 2,54,857 വരും. രാജ്യത്തെ ജയിലുകളിലെ 62 ശതമാനം വരുന്ന ഈ വിചാരണാതടവുകാരില്‍ 21 ശതമാനം മുസ്‌ലിംകളാണ്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. എന്നാല്‍ ജനസംഖ്യാനുപാതികമായി ജയിലിലുള്ള മുസ്‌ലിംകളുടെ എണ്ണം ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരുടെ ഇരട്ടിയോളമാണ്! 

സംഘടനകളെ നിരോധിക്കുന്നതിനും അതിന്റെ പ്രവര്‍ത്തകരെ ശിക്ഷിക്കുന്നതിനും യു.എ.പി.എ ഭേദഗതി പ്രകാരം സര്‍ക്കാറിന് കൂടുതല്‍ സൗകര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതൊരു  സംഘടനയെയും ഭീകര ഗ്രൂപ്പ്, ഭീകരസംഘടന, നിയമവിരുദ്ധ സംഘടന എന്നെല്ലാം പ്രഖ്യാപിക്കാം. ഭീകരത ആരോപിക്കപ്പെട്ട സംഘത്തിന്റെയോ സംഘടനയുടെയോ പേരില്‍ ഭീകര കേസുകള്‍ ചുമത്താന്‍ നിയമം അനുവദിക്കുന്നു. ഭീകരത, നിയമവിരുദ്ധത തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനം തീര്‍ത്തും അവ്യക്തവുമാണ്. മുസ്‌ലിം, ദലിത്, ആദിവാസി സമൂഹത്തിന് എതിരെ ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന വിവേചന ഭീകരതയുടെ വ്യാപ്തി ബോധ്യപ്പെടുത്തുകയാണ് യു.എ.പി.എ കണക്കുകള്‍. ഏതായാലും നിരവധി നിരപരാധികള്‍ യു.എ.പി.എ നിയമത്തിന്റെ കുരുക്കില്‍ കാലങ്ങളോളും ജയിലില്‍ കഴിയേണ്ടിവരുന്നു എന്നത് വസ്തുതയാണ് (ചാര്‍ട്ടുകള്‍ കാണുക).

 

യു.എ.പി.എ കേരളത്തില്‍ 

ഭീകര നിയമങ്ങളായ ടാഡയും പോട്ടയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ധാരാളമായി പ്രയോഗിച്ചുകൊണ്ടിരുന്നപ്പോഴും കേരളത്തില്‍ ഇത് പ്രയോഗിക്കുകയില്ല എന്ന് തീരുമാനിച്ച ഭരണാധികരികള്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എയുടെ കാര്യത്തില്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ മലക്കംമറിഞ്ഞു. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും ഈ ഭീകര നിയമം പ്രയോഗിക്കും എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തില്‍ ചാര്‍ത്തപ്പെട്ട യു.എ.പി.എ കേസുകള്‍. നോട്ടീസടിച്ച് പ്രചാരണം നടത്തി ഒരു സ്വാതന്ത്ര്യദിനത്തില്‍ 'സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയാണ് പാനായിക്കുളം കേസിന്റെ അടിസ്ഥാനം. ധാരാളം കൊലപാതകങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ ഒരു ക്രിമിനല്‍ കേസായി രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട കൈവെട്ട് കേസ്, മാവേലിക്കരയില്‍ റൂമെടുത്ത് യോഗം ചേര്‍ന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ കേസ്, കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ടൗണില്‍ യോഗംചേര്‍ന്ന 23 പേര്‍ക്കെതിരെ ചുമത്തിയ കേസ്, തങ്ങള്‍ വിശ്വസിക്കുന്ന ആശയം പ്രചരിപ്പിക്കുന്നതിനു വേണ്ടി പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, വാഗമണ്‍ സിമി ക്യാമ്പ് കേസ് അടക്കം 2014 സെപ്റ്റംബര്‍ വരെ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് പോലീസ് ക്രൈം റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയും കേസുകളിലൂടെ 150-ല്‍ പരം വ്യക്തികളെയാണ് ഭരണകൂടവും മാധ്യമങ്ങളും കുറ്റവാളികളെന്ന്  മുദ്രയടിച്ചിരിക്കുന്നത്. ഇതില്‍തന്നെ 32-ല്‍ 27 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2013-14 വര്‍ഷങ്ങളിലാണ്. ഇതിനു ശേഷം യു.എ.പി.എ കേസുകളുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൃത്യമായ കണക്ക് ഇപ്പോഴും സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ സന്നദ്ധമാകുന്നില്ല. ഇതിന് പുറമെ അബ്ദുന്നാസര്‍ മഅ്ദനി അടക്കം 27 മലയാളികള്‍ ഉള്‍പ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടന കേസ്, കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് എന്നിവയില്ലെല്ലാം ഉള്‍പ്പെട്ട് ഇന്ത്യയിലെ വ്യത്യസ്ത ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണത്തടവുകാരായി കഴിയുന്ന ധാരാളം മലയാളികളുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം മുസ്‌ലിംകളാണ്. വിചാരണാ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നു. പോലീസ് സമയബന്ധിതമായി കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല, മതിയായ അഭിഭാഷകരില്ല, തടവുകാര്‍ക്ക് കേസ് നടത്താനുളള സാമ്പത്തിക ശേഷിയില്ല തുടങ്ങിയ കാരണങ്ങളാലാണ് ഇവരുടെ കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത്. 

ജയിലില്‍ കഴിയുന്ന നൂറുകണക്കായ ആളുകളുടെ ജയില്‍വാസം ഉയര്‍ത്തുന്ന വലിയൊരു സാമൂഹികപ്രശ്‌നമുണ്ട്. ഇതും നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ അധികപേരും വിചാരണാതടവുകാരാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും മറ്റും നിര്‍മിച്ച അപസര്‍പ്പകകഥകള്‍ കാരണം ഇവര്‍ 'കൊടും ക്രൂരരായി' മാറി! ഇതു കാരണം അഞ്ചും പത്തും വര്‍ഷങ്ങള്‍ ജാമ്യം പോലുമില്ലാതെ ജയിലില്‍ കഴിഞ്ഞിട്ടും നാട്ടുകാരും കുടുംബങ്ങളും ഇവരില്‍ പലരെയും സന്ദര്‍ശിക്കാന്‍ ഭയക്കുന്നു. നാട്ടിലെ മത-സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ഇതേ കാരണം കൊണ്ടുതന്നെ ഇവരോട് അകലം പാലിക്കുന്നു. മാത്രമല്ല, ഇവരുടെ വീട്ടില്‍ പോകുന്നതും ഇവരുടെ കുടുംബങ്ങളെ സഹായിക്കുന്നതും വലിയ കുറ്റമായി കാണുന്ന തരത്തില്‍ ഒരു പൊതുബോധം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവരില്‍ പലരുടെയും കുടുംബങ്ങള്‍ക്ക് ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കേണ്ടിവരുന്നു. കേസ് നടത്തി ഉള്ള സമ്പത്ത് മുഴുവന്‍ വിറ്റുതീര്‍ന്ന പലരും ഇക്കൂട്ടത്തിലുണ്ട്. ചിലരുടെ മക്കള്‍ മറ്റു ചില വിവേചനങ്ങളും അനുഭവിക്കുന്നു. അങ്ങനെ ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെട്ടവര്‍, പിതാവ് ജീവിച്ചിരിക്കെ അനാഥത്വം പേറേണ്ടിവന്ന മക്കള്‍.... സാമ്പത്തിക  പ്രയാസം കാരണം ജയിലില്‍ പോയി കാണാന്‍ പോലും സാധിക്കാത്തവര്‍ ഇവരുടെ കൂട്ടത്തിലുണ്ട്. ഒരു വര്‍ഷം മുമ്പ് കണ്ണൂരിലെ തസ്‌നീം അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ കാരണം കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുബോധത്തെ ശക്തിപ്പെടുത്തുന്നതാണ്. എട്ടു വര്‍ഷമായി, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 27-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു കിടക്കുന്ന സഹോദരന്‍ ശറഫുദ്ദീന്‍, സ്‌ട്രോക്ക് ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഘട്ടത്തില്‍ അവനെ സന്ദര്‍ശിക്കാനും ആവശ്യമായ മരുന്നുകളെത്തിക്കാനും മറ്റും ജയില്‍ സന്ദര്‍ശനം നടത്തുകയും ശറഫുദ്ദീന്റെ അറസ്റ്റോടെ അനാഥമായ കുടുംബത്തെ സഹായിക്കുകയും ചെയ്തതിന്റെ പേരിലാണ് തസ്‌നീമിനെ അറസ്റ്റ് ചെയ്യുന്നത്. ചാര്‍ത്തപ്പെട്ട കുറ്റമാകട്ടെ ശറഫുദ്ദീന്റെ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്നും. ഇതിനെതിരെ അന്ന് സി.പി.എമ്മും മുസ്‌ലിം ലീഗുമടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ 20-ലധികം സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചിട്ടും ഇപ്പോഴും തസ്‌നീം ജയിലില്‍തന്നെ. ഇത്തരം കുടുംബങ്ങളെ സഹായിച്ചാല്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും പ്രതികരണമിതായിരിക്കുമെന്ന മുന്നറിയിപ്പു കൂടിയാണിത്. ഇതേ കേസില്‍ 24-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട ശമീറിന്റെ കുടുംബവും കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ചു തങ്ങളെ ഇന്റലിജന്‍സ് നിരന്തരമായി ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇതുപോലെ പല സ്വഭാവത്തില്‍ സാമൂഹിക ഭ്രഷ്ടുകളനുഭവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. പലപ്പോഴും യു.എ.പി.എയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം കേസുകളില്‍ ജയിലില്‍ കഴിയുന്ന വ്യക്തികളെക്കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നു മാത്രമല്ല, ഇവര്‍ക്കു മേല്‍ ചുമത്തിയ യു.എ.പി.എ ശരിയാണ് എന്ന സ്വഭാവത്തിലാണ് പലരും സംസാരിക്കാറുള്ളത്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും അത് കണ്ടു; തീവ്രവാദ കേസില്‍ യു.എ.പി.എ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്താണ് തീവ്രവാദകേസ് എന്നും ആരാണ് ഇതിലെ പ്രതികളെന്നും വ്യക്തമാണ്. രണ്ടുമാസം മുമ്പ് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ ഇന്ത്യയിലെ പ്രമാദമായ പല 'ഭീകരവാദ കേസു'കളിലും അറസ്റ്റുകളിലും പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ് ഒടുവില്‍ കോടതി നിരപരാധികളാണെന്ന് വിട്ടയക്കപ്പെട്ടവരുടെ സംഗമമുണ്ടായിരുന്നു. ഹുബ്ലി ഗൂഢാലോചന കേസില്‍ നീണ്ട ഒമ്പതു വര്‍ഷം തടവില്‍ കഴിഞ്ഞ് കോടതി വെറുതെവിട്ട യഹ്‌യയുടെ അനുഭവവും ഇതുതന്നെ. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിചാരണ പൂര്‍ത്തിയാവാത്ത കേസുകളെയും വ്യക്തികളെയും കുറിച്ച് നിഷേധാത്മകമായ നമ്മുടെ മുന്‍ധാരണകളും സമീപനങ്ങളും. യു.എ.പി.എ കേസ് ചുമത്തപ്പെടുമ്പോള്‍ പലപ്പോഴും കേരളത്തിലെ ഭരണകൂടങ്ങള്‍ പറയാറുള്ളത് അത് കേന്ദ്ര ഏജന്‍സിയാണ് ചെയ്യുന്നത് എന്നതാണ്. യു.എ.പി.എയിലെ വ്യവസ്ഥ പ്രകാരം ഒരു സംസ്ഥാനത്ത് ഒരാള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെയോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികളുടെയോ അനുവാദം ആവശ്യമാണ്. കേരളത്തില്‍ ചുമത്തപ്പെട്ട ഓരോ യു.എ.പി.എ കേസിലും അതത് സന്ദര്‍ഭങ്ങളില്‍ കേരളം ഭരിക്കുന്ന സര്‍ക്കാറുകളുടെ അറിവും അനുവാദവുമുണ്ട് എന്നര്‍ഥം. 

സമീപകാലത്ത് പോലീസ് കൂടുതല്‍ യു.എ.പി.എ കേസുകളെടുക്കാന്‍ വ്യഗ്രത കാണിച്ചപ്പോള്‍ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നു. ഇതിന്റെ സമ്മര്‍ദത്തില്‍ പുതുതായി ചാര്‍ജ് ചെയ്യപ്പെട്ട യു.എ.പി.എ കേസുകള്‍ മോണിറ്റര്‍ ചെയ്യുമെന്ന് കേരളാ പോലീസ് മേധാവി പറയുകയുണ്ടായി. എന്നാല്‍ ഈ മോണിറ്ററിംഗ് നടത്തുന്നത് പോലീസുകാര്‍ മാത്രമായതിനാല്‍ ഇത് സുതാര്യമായിരിക്കില്ല എന്നുറപ്പാണ്. എന്നു മാത്രമല്ല ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യു.എ.പി.എ കേസുകള്‍ ജില്ലാ പോലീസ് മേധാവിയുടെ പരിശോധനക്കു ശേഷമേ പുതുതായി രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഡി.ജി.പി പറയുകയുണ്ടായി. യു.എ.പി,എ നിയമത്തിന്റെ വ്യവസ്ഥയില്‍ തന്നെയുള്ള ഇക്കാര്യം പുതിയ ഔദാര്യമെന്ന പോലെ ഡി.ജി.പിക്ക് പറയാന്‍ കഴിഞ്ഞത് ഈ നിയമത്തെക്കുറിച്ചുള്ള അജ്ഞതയും ഭീകരവാദം ഒരാളില്‍ ആരോപിച്ചാല്‍ പൊതുസമൂഹം പിന്നീട് പുലര്‍ത്തുന്ന മുന്‍വിധിയുമാണ്.

ചിലരൊക്കെ വാദിക്കുന്നത് യു.എ.പി.എ ദുരുപയോഗം ചെയ്യരുത് എന്നാണ്. ദുരുപയോഗം ചെയ്യാനായി മാത്രം ഉണ്ടാക്കപ്പെട്ട നിയമമാണത്. ഉപയോഗം, ദുരുപയോഗം എന്ന വേര്‍തിരിവ് അതിനില്ല. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍തന്നെ കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ മതിയായതാണ്. കെടുകാര്യസ്ഥതയും സമയബന്ധിതമായി കാര്യങ്ങള്‍ തീര്‍ക്കാത്തതും മാത്രമാണ് പ്രശ്‌നം. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളായ അഭിപ്രായസ്വാതന്ത്ര്യം, ആശയപ്രബോധനം തുടങ്ങിയവയെ ഹനിക്കാനും യു.എ.പി.എ ഉപയോഗിച്ചു തുടങ്ങി എന്നത് കമല്‍.സി ചവറക്കും നദീറിനും എം.എം അക്ബറിനും ഒക്കെ എതിരെയുള്ള യു.എ.പി.എ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. ജനാധിപത്യബോധവും ഭരണഘടനയോട് പ്രതിബദ്ധതയുമുള്ളവര്‍ അണിചേര്‍ന്ന് ഈ നിയമത്തെ രാജ്യത്തുനിന്ന് കെട്ട് കെട്ടിച്ചില്ലെങ്കില്‍ ഭയാനകമാകും സ്ഥിതി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌