Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

''നാലു ചെറുപ്പക്കാരെ രാജ്യത്തെ പരമോന്നത കോടതി കുറ്റവിമുക്തരാക്കി. പക്ഷേ അപ്പോഴേക്കും അവരുടെ ജീവിതവും കരിയറുമൊക്കെ തകര്‍ന്നുകഴിഞ്ഞിരുന്നുവല്ലോ.'' ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ശദ് മദനിയുടേതാണ് ഈ വാക്കുകള്‍. നിരപരാധികളായ നാല് ചെറുപ്പക്കാര്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കുറ്റവിമുക്തരാകാന്‍  നിമിത്തമായ നിയമപോരാട്ടത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജംഇയ്യത്തുല്‍ ഉലമയാണ് സുപ്രീം കോടതിയില്‍ കേസ് നടത്തിയത്. പതിമൂന്ന് വര്‍ഷമാണ് ഈ  ചെറുപ്പക്കാര്‍ ജയിലില്‍ കഴിഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ഇതുപോലെ അകാരണമായി അറസ്റ്റ് ചെയ്യപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട് വര്‍ഷങ്ങളോളം തടവറകളില്‍ കഴിയേണ്ടിവരികയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളും മുസ്‌ലിം കൂട്ടായ്മകളുമൊക്കെ കേസ് ഏറ്റെടുത്ത് നിയമപോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ കള്ളക്കേസുകള്‍ ഓരോന്നോരോന്നായി പൊളിഞ്ഞുവീണു. നിയമസംവിധാനങ്ങളും പോലീസും അന്വേഷണ ഏജന്‍സികളും ഗവണ്‍മെന്റും മീഡിയയും ഉത്തരം പറയേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അവയുടെ വിശ്വാസ്യതക്ക് വളരെയേറെ പോറലേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു സുപ്രീം കോടതിയുടെ ഇത്തരം വിധിതീര്‍പ്പുകള്‍.

ഇപ്പോള്‍ സുപ്രീം കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ കേസ് തന്നെ പരിശോധിക്കാം. കേസിന് ആസ്പദമായ സംഭവം നടന്നത് 2002 മെയ് 29-ന് ഗുജറാത്തിലെ അഹ്മദാബാദില്‍. അഹ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട്‌സ് സര്‍വീസിന്റെ ബസില്‍ ടിഫിന്‍ ബോക്‌സുകള്‍ പൊട്ടിത്തെറിച്ച് ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേവര്‍ഷം നടന്ന ഗുജറാത്ത് കലാപത്തിന് പ്രതികാരം ചെയ്യാനാണ് ബോംബ് വെച്ചത് എന്നായി പ്രോസിക്യൂഷന്‍. 21 പേര്‍ക്കെതിരെ കുറ്റപത്രവും തയാറാക്കി. അവര്‍ക്കെതിരെ പോട്ട ഉള്‍പ്പെടെയുള്ള കരിനിയമങ്ങളൊക്കെ ചുമത്തി. 2006-ല്‍ സ്‌പെഷ്യല്‍ പോട്ട കോടതി 16 പേരെ വെറുതെ വിടുകയും അഞ്ചു പേരെ പത്തു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ ഒരാളെ കോടതി വെറുതെ വിട്ടു. മറ്റു നാലു പേരുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. ആ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതി, കുറ്റം ചെയ്തതിന് തെളിവുകളില്ലെന്നു പറഞ്ഞ് നാലു പേരെയും വെറുതെ വിട്ടിരിക്കുന്നത്.

ഒരു തെറ്റും ചെയ്യാതെ 23 വര്‍ഷം ഭീകരമര്‍ദനങ്ങളേറ്റ് ജയിലില്‍ കഴിയേണ്ടിവന്ന ഗുല്‍ബര്‍ഗ സ്വദേശി നിസാറുദ്ദീന്‍ അഹ്മദുമായും അദ്ദേഹത്തിനു വേണ്ടി നിയമപോരാട്ടത്തിനിറങ്ങിയതിന്റെ പേരില്‍ പതിനാറ് വര്‍ഷം ജീവിതം തടവറയില്‍ ഹോമിക്കേണ്ടിവന്ന ജ്യേഷ്ഠന്‍ സഹീറുദ്ദീന്‍ അഹ്മദുമായും പ്രബോധനം വാരിക നടത്തിയ വിശദമായ അഭിമുഖം (2016 നവംബര്‍ 25) വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. നിരപരാധിത്വം തെളിഞ്ഞെങ്കിലും ജയില്‍മോചിതരാവുമ്പോഴേക്ക് അവര്‍ക്ക് എല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്നു; സ്വന്തം കിടപ്പാടം വരെ. നാട്ടുകാരുടെ നോട്ടത്തില്‍ അവര്‍ ഇപ്പോഴും 'ഭീകരവാദികള്‍' തന്നെ. ഇതുണ്ടാക്കുന്ന മാനനഷ്ടവും സാമൂഹികഭ്രഷ്ടും വിവരണാതീതമാണ്. നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ല നാളുകള്‍ തിരിച്ചുകൊടുക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, രണ്ട് കാര്യങ്ങള്‍ ഭരണകൂടത്തിനും നിയമസംവിധാനങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കും. കള്ളക്കേസുകളുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്മാരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഒന്നാമത്തേത്. പരമോന്നത കോടതി വെറുതെവിട്ട കേസുകള്‍ ചേര്‍ത്തുവെച്ചാല്‍ തന്നെ കുറ്റക്കാരായ ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെയെന്ന് എളുപ്പത്തില്‍ കണ്ടെത്താം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഭീകരാക്രമണങ്ങളെയും കുറിച്ച് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കാന്‍ ഭരണകൂടം തയാറാവുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും.

അന്യായമായി തുറുങ്കിലടക്കപ്പെട്ട് എല്ലാം നഷ്ടമായ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതാണ് രണ്ടാമത്തേത്. ഇതുപോലുള്ള കേസുകളില്‍ പല രാഷ്ട്രങ്ങളും നഷ്ടപരിഹാരം നല്‍കാനും പറ്റിയ തെറ്റില്‍ മാപ്പു ചോദിക്കാനും തയാറായിട്ടുണ്ട്. 2007-ലെ ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് ഭീകരാക്രമണത്തില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് ഒരു ബില്യന്‍ ഡോളറാണ്, കേസ് ചുമത്തിയ ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് നഷ്ടപരിഹാരമായി നല്‍കിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഔദ്യോഗികമായി തന്നെ പ്രസ്താവനയിറക്കിയതുകൊണ്ടാണ് ഡോ. ഹനീഫ് മാനനഷ്ട കേസ് കൊടുക്കാതെ ഒത്തുതീര്‍പ്പിന് സമ്മതിച്ചത്.

ഇത്തരം കേസുകളില്‍ കുറ്റവാളികളെ ശിക്ഷിക്കാനോ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ യാതൊരു സംവിധാനവും നമ്മുടെ നാട്ടില്‍ ഇല്ല എന്നതാണ് ഏറെ ദുഃഖകരം. ഇതിനു വേണ്ടി രംഗത്തിറങ്ങുന്നവര്‍ക്കൊക്കെ പലതരം നിയമതടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. പാര്‍ലമെന്റ് അത്തരമൊരു നിയമം പാസ്സാക്കിയിട്ടില്ല എന്നതാണ് പ്രശ്‌നം. അതിനാല്‍ അത്തരമൊരു നിയമനിര്‍മാണത്തിന് എല്ലാവരും ചേര്‍ന്ന് ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നിരപരാധികള്‍ ഇരകളാക്കപ്പെടുന്ന വ്യാജകേസുകള്‍ പെരുകിക്കൊണ്ടേയിരിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌