Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

വിശാലഹൃദയനായ വിശ്വാസി

എസ്സെംകെ

കെ.സി ഉമേഷ് ബാബുവിന്റെ കവിതയില്‍നിന്ന്: 

മതവിശ്വാസി പ്രാര്‍ഥിച്ചു: 

ദയാപരനായ ദൈവമേ, 

അവിശ്വാസിയായ എന്റെ അയല്‍ക്കാരനെയും 

വിശ്വാസത്തിലേക്കുയര്‍ത്തിയാലും. 

മതഭ്രാന്തന്‍ പ്രാര്‍ഥിക്കുന്നു: 

സര്‍വശക്തനായ ദൈവമേ, 

അവിശ്വാസിയായ എന്റെ അയല്‍ക്കാരന് നാശവും 

എനിക്ക് കരുത്തും നീ പകരുക.. 

 

സത്യവിശ്വാസി കാരുണ്യത്തിന്റെ നിറകുടമായിരിക്കും. അയാള്‍ എല്ലാവരോടും ഗുണകാംക്ഷ പുലര്‍ത്തുന്നു. സകലരുടെയും നന്മ കൊതിക്കുന്നു. അതിനാല്‍ എല്ലാവരും സത്യത്തിലും സന്മാര്‍ഗത്തിലുമാകണമെന്ന് ആഗ്രഹിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു, പ്രവര്‍ത്തിക്കുന്നു. 

വിശ്വാസി വെറുക്കുക കുറ്റവാളിയെയല്ല, കുറ്റത്തെയാണ്. കുറ്റവാളി രോഗിയെപ്പോലെയാണ്. അയാള്‍ക്കാവശ്യം ചികിത്സയാണ്; കുറ്റമുക്തിക്കുള്ള ചികിത്സ. സ്‌നേഹവും അനുകമ്പയുമുള്ളവര്‍ക്കേ അത് നല്‍കാനാകൂ. അതിന് ഗുണകാംക്ഷ അനിവാര്യം. അതിനാല്‍ തെറ്റ് ചെയ്യുന്നവരെ ശത്രുവായി കരുതി അകറ്റിനിര്‍ത്തുകയല്ല വേണ്ടത്, കൂടെനിര്‍ത്തി തിരുത്തുകയാണ്. അടുത്തിടപഴകി സ്വാധീനിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. 

അവിശ്വാസികളിലേറെപ്പേരും തീക്കനല്‍ കണ്ട് അത് വാരിയെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന കൊച്ചുകുട്ടിയെപ്പോലെയാണ്. അകത്ത് അല്‍പമെങ്കിലും കാരുണ്യമുള്ള ആരും അവനെ കോരിയെടുത്ത് രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കില്ല. പൊട്ടക്കിണറ്റിന്റെ നേരെ നടന്നടുക്കുന്ന കണ്ണുകാണാത്തയാളെ ഇത്തിരിയെങ്കിലും കനിവുള്ളവരൊക്കെയും കൈപിടിച്ച് രക്ഷപ്പെടുത്തും. വഴികേടിലകപ്പെട്ട മനുഷ്യരും ഇവ്വിധമാണ്. അവരെ കൈപിടിച്ച് നേര്‍വഴിയില്‍ നടത്താനാണ് നന്മയുള്ളവരെല്ലാം ശ്രമിക്കുക. 

കഠിനഹൃദയര്‍ക്കിത് സാധ്യമല്ല. എല്ലാവരോടും നിറഞ്ഞ ഗുണകാംക്ഷ പുലര്‍ത്തുന്നവര്‍ക്കേ ഇതിന് കഴിയുകയുള്ളൂ. ദീന്‍ ഗുണകാംക്ഷയാണെന്ന് പഠിപ്പിക്കപ്പെടാനുള്ള കാരണവും അതുതന്നെ. 

അല്ലാഹു തന്റെ ആത്മമിത്രമായി (ഖലീല്‍) സ്വീകരിച്ച ഇബ്‌റാഹീം നബി, തന്നെ ധിക്കരിക്കുന്ന വിഗ്രഹാരാധകര്‍ക്കു പോലും മാപ്പു കിട്ടണമെന്നാണല്ലോ കൊതിച്ചത്. ഖുര്‍ആന്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രാര്‍ഥനയിങ്ങനെ: 'എന്റെ നാഥാ, ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവര്‍ എന്റെ ആളുകളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (14:36).  

പാപികള്‍ക്ക് പൊറുത്തുകിട്ടണമെന്നു തന്നെയാണ് ഈസാ നബിയും ആഗ്രഹിച്ചത്. അദ്ദേഹം പ്രാര്‍ഥിച്ചു: 'നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയാണല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും'' (5:118). 

ഈ ഹൃദയവിശാലതയും സന്മനോഭാവവുമാണ് ഇസ്‌ലാം അതിന്റെ അനുയായികളില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌