Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

പരസ്പരം അംഗീകരിക്കാന്‍ നാം എന്തിനു മടിക്കണം!

മുനീര്‍ മുഹമ്മദ് റഫീഖ്

പരസ്പരം അംഗീകരിക്കാനും അനുമോദിക്കാനും മടിക്കുന്നവരാണ് നമ്മില്‍ അധികപേരും. സഹോദരന്റെ നന്മയേക്കാള്‍ പറയാനും പരസ്യപ്പെടുത്താനും നമുക്കാവേശം, അയാളുടെ പോരായ്മകളാണ്. അതിലേക്കാണ് സദാ സമയവും നമ്മുടെ നോട്ടവും ശ്രദ്ധയും. സഹോദരന്റെ സല്‍പ്രവൃത്തികളെ അംഗീകരിക്കാനും അയാളെകുറിച്ച് നല്ല വാക്കു പറയാനും ഒരുപക്ഷേ അയാളുടെ മരണംവരെ കാത്തിരിക്കുന്നു നമ്മള്‍. ഒരാള്‍ മരിക്കുമ്പോഴേ അയാളുടെ സദ്ഗുണങ്ങളെ കുറിച്ച് നാം എന്തെങ്കിലും പറയൂ. അപ്പോഴേ നമ്മില്‍ പലരുടെയും പേനയിലെ അംഗീകാരത്തിന്റെ മഷി തെളിയൂ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിരുന്നുവെങ്കില്‍ കൂടുതല്‍ നന്മകള്‍ വിളയിക്കാന്‍ അയാള്‍ക്കും സമൂഹത്തിനും അത് പ്രചോദനമായേനെ. 

ചെയ്തത് നന്നായി എന്ന ഒരു വാക്ക്, പുറത്ത് തട്ടിയുള്ള ഒരഭിനന്ദനം, ഒരു പുഞ്ചിരി ഇതൊക്കെ മതിയാകും ഒരു നന്മയില്‍ നാം കൂടെ പങ്കാളിയാകാന്‍. കുറഞ്ഞപക്ഷം, അയാളുടെ നന്മയെ അംഗീകരിക്കുക വഴി അയാളുടെ ഹൃദയത്തില്‍ സന്തോഷം ഇട്ടുകൊടുക്കാനെങ്കിലും കഴിയും. സഹോദരന്റെ മനസ്സില്‍ സന്തോഷം നിറക്കുന്നതിനാലാണ് ചിരി പോലും ഇസ്‌ലാമില്‍ പുണ്യകര്‍മമായി എണ്ണപ്പെടുന്നത്. സഹോദരനെ നോക്കി വക്രിച്ചാണ് ചിരിക്കുന്നതെങ്കില്‍, ആ ചിരിയില്‍ പുണ്യമില്ലെന്നു മാത്രമല്ല, ദോഷമുണ്ടുതാനും. സഹോദരന്റെ മനസ്സില്‍ സന്തോഷം നിറക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു സല്‍പ്രവൃത്തിയുടെ പേരില്‍ സഹോദരനെ അഭിനന്ദിക്കുമ്പോള്‍, ആ നന്മയോട് നമ്മളും ചേര്‍ന്നു നില്‍ക്കുകയാണ്. അയാളുടെ മനസ്സില്‍ അത് സന്തോഷം നിറക്കുകയും ചെയ്യും. ഇത്തരം മാനുഷിക നൈതിക മൂല്യങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍നിന്ന് അന്യം നിന്നുപോകുന്നു. മതത്തെ അസന്തുലിതമായി സമീപിക്കുന്നതാണ് ഇതിനു കാരണം. അനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കപ്പെടുകയും ധാര്‍മിക മാനുഷിക മൂല്യങ്ങള്‍ തീരെ അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സാധാരണ ഇത് സംഭവിക്കുക.

ഒരാളെ മറ്റൊരാളില്‍നിന്ന് വ്യതിരിക്തമാക്കുന്ന സവിശേഷമായ ഗുണമെന്തെന്ന് തന്റെ ഓരോ അനുചരനിലും നബി (സ) കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു ഗുണം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. സഹോദരന്റെ നന്മകള്‍ കണ്ടെത്തുക എന്ന മനസ്സോടെ, ആദരവോടെയും സ്‌നേഹത്തോടെയും അയാളെ നിരീക്ഷിക്കുമ്പോഴേ അത്തരം നന്മകള്‍ തെളിഞ്ഞുകാണാനാവൂ. അങ്ങനെ കണ്ടെത്തുന്ന ഗുണങ്ങള്‍ നബി എടുത്തുപറഞ്ഞ് അംഗീകരിക്കും. ചിലപ്പോള്‍ ആ പേരില്‍ അഭിസംബോധന ചെയ്യും. ചിലര്‍ക്ക് സ്വന്തം പേരു പോലും വിസ്മൃതിയിലായിപ്പോകുമാറ് സുന്ദരമായ ഓമനപ്പേരുകള്‍ അവിടുന്ന് നല്‍കും. തന്റെ അനുചരന്മാരില്‍ അത്തരം പേരുകള്‍ നല്‍കപ്പെടാതെ പോയവര്‍ തന്നെ വിരളമാണ്.

അബൂബക്‌റിനെ സിദ്ദീഖ് എന്നും ഉമറിനെ ഫാറൂഖ് എന്നും ഖാലിദിനെ സയ്ഫുല്ലാ എന്നും ഹസ്സാനുബ്‌നു സാബിതിനെ ശാഇര്‍ എന്നും അബൂ ഉബൈദയെ അമീനുല്‍ ഉമ്മ എന്നും നബി വിളിച്ചത് അവര്‍ക്ക് ഈ ലോകത്ത് കിട്ടിയ ഉന്നതമായ അംഗീകാരമാണ്. ഓരോരുത്തരുടെയും സദ്ഗുണങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുകയായിരുന്നു ആ വിശേഷണ നാമകരണങ്ങളിലൂടെ. അതുവഴി അവരുടെ ആ നന്മകള്‍ എക്കാലത്തും അറിയപ്പെടുംവിധം അനശ്വരമാക്കി. ബദ്ര്‍ യുദ്ധവേളയില്‍ പിടിക്കപ്പെട്ട ശത്രുക്കളെ എന്തു ചെയ്യണമെന്ന് നബി സ്വഹാബികളുമായി കൂടിയാലോചിച്ചപ്പോഴും അബൂബക്‌റും ഉമറും മറ്റു പലരും അഭിപ്രായങ്ങള്‍ പറഞ്ഞു. ബന്ധുമിത്രാദികളും നാട്ടുകാരുമായതിനാല്‍ അവരെ വിട്ടയക്കണമെന്നായിരുന്നു അബൂബക്‌റി(റ)ന്റെ അഭിപ്രായം. അവരെ വധിക്കണമെന്നായിരുന്നു ഉമറി(റ)ന്റെ നിലപാട്. രണ്ട് വിരുദ്ധാഭിപ്രായങ്ങള്‍. എന്നാല്‍ നബി ആ അഭിപ്രായങ്ങളെ വിശേഷിപ്പിച്ചത് എത്ര സുന്ദരമായാണ്! ശത്രുക്കളോടു പോലും കരുണാര്‍ദ്രമായ മനസ്സുള്ള അബൂബക്‌റിനെ, നബി (സ) ഇബ്‌റാഹീം, ഈസാ നബിമാരോട് ഉപമിച്ചു. ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ഉമറിനെ നൂഹ്, മൂസാ പ്രവാചകന്മാരോട് ഉപമിച്ചു. പ്രത്യക്ഷത്തില്‍തന്നെ വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞ രണ്ട് അനുചരന്മാരെ എത്ര മനോഹരമായാണ് നബി പ്രശംസിച്ചത്! അവരുടെ അഭിപ്രായങ്ങളെ, മഹാന്മാരായ പ്രവാചകന്മാരുടെ നിലപാടുകളുമായി ഉപമിച്ചത് എത്ര വലിയ അംഗീകാരമാണ്!  ഏതൊരാളുടെ മനസ്സിലും കുളിര്‍മഴ പെയ്യിക്കുന്ന വര്‍ണനകള്‍. അതവരില്‍ ഉത്തരവാദിത്തബോധം വര്‍ധിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഓരോരുത്തരിലുമുള്ള സദ്ഗുണങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു പ്രവാചകന്‍ (സ). 

അബ്ദുല്ലാഹിബ്‌നു അബ്ബാസ് എന്ന ചെറിയ കുട്ടി, ഭാവിയില്‍ അവന്‍ ആരായിത്തീരണമെന്ന് നിര്‍ണയിക്കുംവിധമാണ് അവന്റെ തലയില്‍ കൈവെച്ചുള്ള നബിയുടെ പ്രാര്‍ഥന. കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ആ ബാലന്റെ ബുദ്ധിവൈഭവം തിരിച്ചറിഞ്ഞുകൊണ്ടുള്ള അംഗീകാരം കൂടിയാണ് ആ പ്രാര്‍ഥന. ദീനില്‍ അവഗാഹമുള്ള ഒരാളാക്കണേ എന്ന പ്രാര്‍ഥന ഒരേസമയം പ്രാര്‍ഥനയും അംഗീകാരവും പ്രചോദനമാവുന്നത് അങ്ങനെയാണ്. ഒരാള്‍ ജീവിതത്തില്‍ സാക്ഷാത്കരിക്കേണ്ട സ്വപ്‌നമാണ് നബി(സ) ഇബ്‌നു അബ്ബാസിന് നിര്‍ണയിച്ചുനല്‍കുന്നത്. തന്നെ അംഗീകരിക്കുന്ന ഒരു നേതാവിനു കീഴില്‍, തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു സമൂഹത്തിനു മുമ്പില്‍ ഒരാള്‍ക്ക് അവ്വിധം ഔന്നത്യമാര്‍ജിക്കാനേ കഴിയൂ. നബിയുടെ ആ അംഗീകാരത്തിന്റെ നിറവിലാണ് ഇബ്‌നു അബ്ബാസ് വളര്‍ന്നതും വിജ്ഞാനമാര്‍ജിച്ചതും. ആ സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടി രാവും പകലും അദ്ദേഹം അധ്വാനിച്ചു. മുസ്‌ലിം ഉമ്മത്തില്‍ ഏറ്റവും നന്നായി ഖുര്‍ആന്‍ അറിയുന്ന പണ്ഡിതന്‍ (തര്‍ജുമാനുല്‍ ഖുര്‍ആന്‍) എന്ന നിലയിലേക്ക് വളര്‍ന്നു അദ്ദേഹം. 

അനുചരന്മാരെ അടുത്തറിയുകയും അവരോട് സൗമ്യമായി പെരുമാറുകയും ചെയ്യുന്ന ഈ ഗുണം അല്ലാഹു നബിക്കു ചൊരിഞ്ഞ പ്രത്യേക കാരുണ്യമാണെന്ന് ഖുര്‍ആന്‍. ''അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം നിമിത്തമാണ് താങ്കള്‍ അവരോട് സൗമ്യനായിരിക്കുന്നത്. താങ്കള്‍ ഒരു പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍, അവര്‍ താങ്കളുടെ ചുറ്റുപാടില്‍നിന്ന് ഒഴിഞ്ഞുപോവുമായിരുന്നു. ആകയാല്‍, അവര്‍ക്ക് മാപ്പുനല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യത്തില്‍, താങ്കള്‍ അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക'' (ആലുഇംറാന്‍ 159). 

പരുഷസ്വഭാവിക്കും കഠിനഹൃദയന്നും ആളുകളുടെ നന്മകളെ കാണാന്‍ കഴിഞ്ഞെന്നുവരില്ല. കണ്ടാല്‍തന്നെ അവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കണമെന്നുമില്ല. ജനങ്ങളുടെ പിഴവുകള്‍ പൊറുത്തുകൊടുക്കുക, അവര്‍ക്കു വേണ്ടി പാപമോചനം തേടുക എന്ന ഖുര്‍ആന്‍ വിശേഷിപ്പിച്ച സവിശേഷ ഗുണം വിശ്വാസിയുടെ ജീവിതത്തില്‍ പ്രതിഫലിക്കണം. എന്നാല്‍, അപരന്റെ പോരായ്മകളും കുറവുകളും കണ്ടുപിടിക്കുന്നതില്‍, മറ്റേതൊരു സമൂഹത്തേക്കാളും മുന്നിലാണ് മുസ്‌ലിം സമൂഹം. ഈ ദുഃസ്വഭാവം വ്യക്തികളെ മാത്രമല്ല, സംഘടനകളെയും സമൂഹത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു. ഇതര സംഘടനകളിലെ കുറവുകള്‍ മാത്രമാണ് മറ്റു സംഘടനകളുടെ പ്രചാരണായുധം. അംഗീകാരത്തിന്റെയോ നന്മയുടെയോ ഒരു വാക്കുപോലും അറിയാതെയാണെങ്കിലും ഇതര സംഘടനകളെ കുറിച്ച് വന്നുപോകരുതെന്ന ശാഠ്യമുള്ളവരാണ് പല മുസ്‌ലിം സംഘങ്ങളും. 

ഒരു പ്രവാചകവചനം ഇങ്ങനെയാണ്: ''ഒരു തിന്മ കണ്ടാല്‍, കഴിയുമെങ്കില്‍ കൈകൊണ്ട് തടയുക. അതിന് കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ട്, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യണം. അതാണ് സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ വശം.'' ഈ വചനത്തിന് നേര്‍ക്കു നേര്‍ പ്രത്യക്ഷാര്‍ഥം മാത്രമല്ല ഉള്ളത്, വിപരീതദിശയിലും ആ ഹദീസിനെ വായിക്കാം. ഒരു തിന്മ കണ്ടാല്‍ കൈകൊണ്ട് തടയാന്‍ ശ്രമിക്കുന്നപോലെ, ഒരു നന്മ കണ്ടാല്‍, കഴിയുമെങ്കില്‍ നമുക്കും അതില്‍ പങ്കാളികളാകാം. ശരീരം കൊണ്ട് അതിന് കഴിഞ്ഞില്ലെങ്കില്‍ നല്ല വാക്ക് കൊണ്ട്, അതിനും കഴിഞ്ഞില്ലെങ്കില്‍ മനസ്സ് കൊണ്ടെങ്കിലും അംഗീകാരം കൊടുക്കാം. സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ ഈ വശമെങ്കിലും നാം ചെയ്യണം. നന്മയോടൊപ്പം നമ്മുടെ മനസ്സുണ്ടാവുക എന്ന ചെറിയ നന്മ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌