Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

സഫല യാത്രകള്‍

സുബൈര്‍ കുന്ദമംഗലം

യാത്ര അനുഭൂതിയും ആവേശവുമാണ്. ഓരോ യാത്രയും പുനര്‍ജന്മം പോലെ പുതുജീവിതം പ്രദാനം ചെയ്യുന്നു. മരിക്കാത്ത ഓര്‍മകളും അറിവിന്റെ നിലക്കാത്ത നിര്‍ഝരികളും സമ്മാനിക്കുന്ന കെടാവിളക്കുകളാണ് യാത്രകള്‍. ജീവിതത്തെ യാത്രയോട് ഉപമിച്ച ഇസ്‌ലാം സഞ്ചാരത്തിന് മികച്ച പരിഗണന നല്‍കി. സഞ്ചാരത്തിന് നിരന്തര പ്രേരണയും പ്രോത്സാഹനവും നല്‍കിയ വേദഗ്രന്ഥമാണ് ഖുര്‍ആന്‍.

യാത്രക്കിടയിലെ പുതുകാഴ്ചകള്‍ കണ്ണിനു കുളിരു പകരുന്നു, കാതിനു ഇമ്പം നല്‍കുന്നു, ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കുന്നു, ചിന്തയുടെ വസന്തം വിരിയിക്കുന്നു, ഭാവനയുടെ ചിറകു വിടര്‍ത്തുന്നു, സ്‌നേഹത്തിന്റെ ഒരായിരം വര്‍ണപ്പൂക്കള്‍ സമ്മാനിക്കുന്നു, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു, പ്രപഞ്ചസ്രഷ്ടാവിന്റെ അപരിമേയമായ അനുഗ്രഹങ്ങളെ ഓര്‍മപ്പെടുത്തുന്നു. അവന്റെ കഴിവുകള്‍ തന്റെ ഭാവനക്കോ പേനക്കോ വഴങ്ങുന്നതല്ലെന്നു ബോധ്യപ്പെടുത്തുന്നു. ഭൂമിയില്‍ നിഗളിച്ചു നടക്കുന്ന മനുഷ്യന്‍ ഒന്നുമല്ലെന്ന തിരിച്ചറിവ് നല്‍കുന്നു.

ലോകാരംഭം മുതല്‍ക്കുതന്നെ മനുഷ്യന്റെ യാത്രയും ആരംഭിച്ചു. ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താനുള്ള അലച്ചില്‍. കാടുകളും മേടുകളും താണ്ടിക്കൊണ്ടുള്ള സാഹസിക യാത്രകള്‍. അസ്തിത്വവും വ്യക്തിത്വവും രൂപപ്പെടുത്താനുള്ള സഞ്ചാരങ്ങള്‍. ജീവിതം ചലനാത്മകമാണെന്നു വിളിച്ചോതുന്ന, ആത്മീയ നിര്‍വൃതിക്കും ദൈവത്തെ കണ്ടെത്തുന്നതിനും വേണ്ടിയുള്ള പരക്കംപാച്ചില്‍. സ്വര്‍ഗത്തില്‍നിന്ന് നിഷ്‌കാസിതരായ ആദമും ഹവ്വയും സുദീര്‍ഘമായ യാത്രക്കും അലച്ചിലിനും ശേഷമാണു പരസ്പരം കണ്ടുമുട്ടിയതെന്നു ചരിത്രം. നോഹയും അബ്രഹാമും മതപ്രബോധനാര്‍ഥം നിരന്തര യാത്രകളില്‍ ഏര്‍പ്പെട്ടു. മൂസായും യേശുവും മുഹമ്മദ് നബിയും രാജ്യാതിര്‍ത്തികള്‍ പിന്നിട്ടു വിമോചന യാത്രകളും പലായനങ്ങളും നടത്തി. മതപ്രബോധനാര്‍ഥം പ്രവാചകന്റെ നിരവധി അനുചരന്മാര്‍ സ്വദേശം വെടിഞ്ഞ് രാജ്യാന്തര യാത്രകളും നടത്തി. മതപരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകന്മാരും ലക്ഷ്യബോധത്തോടെയുള്ള അനവധി യാത്രകള്‍ സംഘടിപ്പിച്ചു.

ഖുര്‍ആന്‍ യാത്ര പ്രോത്സാഹിപ്പിച്ചത് കേവലം ഉല്ലാസത്തിനോ ആനന്ദത്തിനോ വേണ്ടിയല്ല. മനുഷ്യജീവിതത്തിനു വ്യക്തമായ ദിശാബോധം നല്‍കിയ ഇസ്‌ലാം യാത്രയുടെ ലക്ഷ്യവും ബോധ്യപ്പെടുത്തിയിട്ടുണ്ട്: ''അതിനാല്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് കള്ളവാദികളുടെ പരിണതി എപ്രകാരമായിരുന്നെന്ന് നോക്കുകയും ചെയ്യുക'' (ആലുഇംറാന്‍: 137).

അറബികള്‍ വലിയ സഞ്ചാരപ്രിയരായിരുന്നു. പ്രവാചകന്റെ ആഗമനത്തിനു മുമ്പുതന്നെ അവര്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി. കച്ചവടാവശ്യാര്‍ഥം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നെത്തിയ പ്രദേശങ്ങളെയും കണ്ടുമുട്ടിയ മനുഷ്യരെയും അവര്‍ കുറിച്ചിട്ടു. മുസ്‌ലിംകള്‍ സഞ്ചാര സാഹിത്യരചനയില്‍ മുന്നിട്ടുനില്‍ക്കാനും മികവു പുലര്‍ത്താനും ഇതാണ് കാരണം. 28 വര്‍ഷം നീണ്ടുനിന്ന ലോകസഞ്ചാരത്തിനിടയില്‍ ഇബ്‌നുബത്തൂത്ത 124000 കിലോമീറ്റര്‍ താണ്ടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇബ്‌നുബത്തൂത്തയുടെ സഞ്ചാരകഥകള്‍പ്രസിദ്ധമാണ്. അല്‍ബിറൂനി, അല്‍ഇദ്‌രീസി, സുലൈമാന്‍, അല്‍ഖുറാസാനി തുടങ്ങി ഒട്ടേറെ സഞ്ചാരസാഹിത്യകാരന്മാര്‍ അറബിലോകത്തുനിന്നുള്ളവരാണ്.

വിനോദസഞ്ചാര മേഖലയിലും മുസ്‌ലിംകള്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ലോകത്തിന്റെ നാനാഭാഗത്തും ഉയര്‍ന്നുനില്‍ക്കുന്ന മുസ്‌ലിം വാസ്തുശില്‍പങ്ങളും മാതൃകകളും ഇതിനു തെളിവാണ്. പ്രാചീന സാംസ്‌കാരിക കേന്ദ്രങ്ങളായ ഇറാഖിലും സിറിയയിലും തലയുയര്‍ത്തി നിന്നിരുന്ന സാംസ്‌കാരിക സൗധങ്ങള്‍ അധിനിവേശ ശക്തികളുടെ സൈനിക ഇടപെടല്‍ മൂലം തകര്‍ന്നുതരിപ്പണമായിട്ടുണ്ട്. നൂറ്റാണ്ടുകളോളം മുസ്‌ലിംഭരണം നിലനിന്നിരുന്ന രാജ്യങ്ങളില്‍ അതിന്റെ ശേഷിപ്പുകള്‍ ഇന്നും കാണാം. ഏഴു നൂറ്റാണ്ടിലധികം സ്‌പെയിന്‍ ഭരിച്ച മുസ്‌ലിംകളുടെ സാംസ്‌കാരിക സംഭാവനകള്‍ അധിനിവേശകരുടെ നശീകരണ യത്‌നങ്ങളെ കുറേയൊക്കെ അതിജീവിച്ചിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരും ടിപ്പുവും ഹൈദരലിയും നിര്‍മിച്ച സ്മാരകങ്ങളും കോട്ടകളും വേണ്ടപോലെ സംരക്ഷിക്കപ്പെടുന്നില്ലെങ്കിലും ഇന്നും നിലനില്‍ക്കുന്നു.

ഖുര്‍ആന്‍ ഒരു ചരിത്രപുസ്തകമല്ല. എങ്കിലും, ഭാവിതലമുറക്ക് ഗുണകരമാകുന്ന ചരിത്രാഖ്യാനങ്ങള്‍ അതില്‍ കാണാം. ദൈവധിക്കാരികളായ വ്യക്തികളുടെയും സമൂഹങ്ങളുടെയും കഥ ഖുര്‍ആന്‍ വൃഥാ പറയുന്നതല്ല. ഫറോവ, നംറൂദ്, ഖാറൂന്‍ പോലുള്ള അക്രമികളും ആദ്, സമൂദ് പോലുള്ള ജനതകളും അവസാനം വരെയുള്ള മനുഷ്യര്‍ക്കുള്ള പാഠവും മുന്നറിയിപ്പുമാണ്. സത്യവും അസത്യവും തമ്മില്‍, ധര്‍മവും അധര്‍മവും തമ്മില്‍, നീതിയും അനീതിയും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെ രത്‌നച്ചുരുക്കമാണ് പ്രവാചകന്മാരുടെ ചരിത്രം. പ്രവാചകന്മാരുടെ ചവിട്ടടികള്‍ പതിഞ്ഞ മധ്യപൗരസ്ത്യ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അത് കേവലം ഒരുസന്ദര്‍ശനമല്ല, വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന അനുഭവമാണത്. 

ഇപ്പോള്‍ നടക്കുന്നതെന്താണ്? ഖുര്‍ആനിലെ ചരിത്രഭൂമികളിലൂടെ സന്ദര്‍ശനം നടത്തുന്നവര്‍ കേവലം ടൂര്‍ എന്നതിലുപരി, തങ്ങളുടെ വിശ്വാസദാര്‍ഢ്യത്തിനു വേണ്ടി അത് ഉപയോഗപ്പെടുത്തുന്നുണ്ടോ? വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് പൊങ്ങച്ചം നടിക്കാനും സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുമാണോ സഞ്ചാരികള്‍ മിടുക്കു കാട്ടുന്നത്? ഇങ്ങനെ ഭാര്യയുടെയും പെണ്‍മക്കളുടെയും അര്‍ധനഗ്ന ഫോട്ടോകള്‍ ലോകത്തെ കാണിച്ചതുകൊണ്ടെന്തു നേട്ടം? കഅ്ബാലയത്തില്‍ വെച്ച് ത്വവാഫിനും സഅ്‌യിനുമിടക്ക് സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്ന ഭക്തിയെ എന്തു വിളിക്കണം?

ഭക്തിയുടെ പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള തീര്‍ഥയാത്രകള്‍ ഇന്നൊരു വന്‍ വ്യവസായമായി വളര്‍ന്നിട്ടുണ്ട്. മുസ്‌ലിംകള്‍ മാത്രമല്ല, മതഭക്തരെല്ലാം ഈ കപട ആത്മീയക്കൊള്ളയില്‍ അകപ്പെട്ടുപോകുന്നുണ്ട്. ആത്മീയ കേന്ദ്രങ്ങള്‍ വന്‍ വാണിജ്യകേന്ദ്രങ്ങളായി പരിണമിക്കുകയാണ്. 

ഇസ്‌ലാം തീര്‍ഥാടനം പ്രോത്സാഹിപ്പിച്ചിട്ടുള്ള മൂന്നേ മൂന്ന് കേന്ദ്രങ്ങളേ ലോകത്തുള്ളൂ. അതാകട്ടെ ആരാധനാലയങ്ങളും. മൂന്നും ചരിത്രപരമായി പ്രാധാന്യമുള്ളവ. മൂന്നും പ്രവാചകരുടെ പാദസ്പര്‍ശമേറ്റവ. ആദിപുരാതന ദേവാലയമായ മസ്ജിദുല്‍ ഹറാം. ജനങ്ങള്‍ക്കു വേണ്ടി ഒന്നാമതായി പടുത്തുയര്‍ത്തപ്പെട്ട ആരാധനാലയമാണത്. മദീനയില്‍ മുഹമ്മദ് നബി (സ) പണികഴിപ്പിച്ച മസ്ജിദുന്നബവിയാണ് അടുത്തത്. ദൈവികാനുഗ്രഹങ്ങള്‍കൊണ്ട് സമ്പന്നമായ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വായാണ് മൂന്നാമത്തേത്. പുണ്യം ഉദ്ദേശിച്ചുകൊണ്ട് ഈ മൂന്ന് തീര്‍ഥാടന കേന്ദ്രങ്ങളേ സന്ദര്‍ശിക്കാവൂ എന്നാണ് പ്രവാചക കല്‍പന. എന്നാല്‍ മുസ്‌ലിം ജനസാമാന്യം തിരുദൂതരുടെ കല്‍പന കാറ്റില്‍പറത്തി ജാറങ്ങളിലേക്കും മഖാമുകളിലേക്കും നീങ്ങുന്നു. അജ്മീറും നാഗൂരും ഏര്‍വാടിയും അവരുടെ ഇഷ്ടവിനോദകേന്ദ്രങ്ങളായി മാറുന്നു. അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ആത്മനിര്‍വൃതികൊള്ളുന്നു. പണ്ഡിത വേഷധാരികളും പുരോഹിതന്മാരും പാമരജനത്തെ അങ്ങോട്ട് ആട്ടിത്തെളിക്കുന്നു. അങ്ങനെ അവരുടെ സമ്പത്തും ആത്മാഭിമാനവും കവരുന്നു. ആത്മീയതയുടെ വിശുദ്ധി ചാര്‍ത്തിക്കൊണ്ടുള്ള തട്ടിപ്പ്. ഇത്തരം ആത്മീയക്കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്ന അധോലോക ലോബി തന്നെ പകല്‍വെട്ടത്ത് പ്രവര്‍ത്തിച്ചുവരുന്നു. വ്യാജ പണ്ഡിതന്മാരും സിദ്ധന്മാരും പുരോഹിതന്മാരുമടങ്ങുന്ന വാണിജ്യസംഘം. അധികാരകേന്ദ്രങ്ങളില്‍ പിടിപാടുള്ള ഈ ആത്മീയക്കൊള്ളക്കാരെ പിടിച്ചുകെട്ടാന്‍ പലപ്പോഴും സാധിക്കുന്നില്ല.  

ബോധപൂര്‍വമല്ലെങ്കിലും ഇസ്‌ലാമിക ടൂറിസം എന്നൊരു കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ട്. അതാകട്ടെ വാണിജ്യവത്കരണത്തിന്റെയും ചൂഷണത്തിന്റെയും ഭാഗമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഖുര്‍ആനിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ശരികേടില്ല. പക്ഷേ അത് കേവലം ബിസിനസ്സും ചൂഷണോപാധിയുമാക്കുന്നതിനോടാണ് എതിര്‍പ്പ്. അങ്ങനെ വരുമ്പോള്‍ അത്തരം സന്ദര്‍ശനങ്ങളെയും വിമര്‍ശനവിധേയമാക്കേണ്ടിവരും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌