Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

റോഹിങ്ക്യകളും മനുഷ്യരാണ്

അബ്ദുള്ള പേരാമ്പ്ര

സകല ഫാഷിസ്റ്റു ശക്തികളുടെയും പ്രത്യയശാസ്ത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റേതുമാണെന്ന് കണ്ടെത്താന്‍ ഹിറ്റ്‌ലറുടെ ചരിത്രമോ, മുസ്സോളിനിയുടെ കാഴ്ചപ്പാടോ പരതേണ്ടതില്ല. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നിരാലംബരായ ഫലസ്ത്വീന്‍ ജനതയോട് കാണിക്കുന്നതും, ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലിംകളോടും ദലിത്-ആദിവാസികളോടും ചെയ്യുന്നതും ഫാഷിസത്തിന്റെ പ്രകടസാക്ഷ്യങ്ങളാണ്. ഇതേ അവസ്ഥയിലാണിന്ന് മ്യാന്‍മാറിലെ മുസ്‌ലിം സമൂഹവും. സ്‌നേഹവും അഹിംസയും മുഖമുദ്രയാക്കിയ ബുദ്ധമതത്തിന്റെ അനുയായികളാണ് അവിടെ ക്രൂരതക്ക് മേല്‍നോട്ടം കൊടുക്കുന്നതെന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം. 2012-ല്‍ തീവ്ര ബുദ്ധമത വംശീയ വാദിയായ അശിന്‍വിരാതുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ന്യൂനപക്ഷ വേട്ട 2017-ല്‍ എത്തിനില്‍ക്കുമ്പോള്‍, ഭീകരതയുടെ ആള്‍രൂപം പൂണ്ടിരിക്കുന്നു. ഏതൊരു രാജ്യത്തും തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ അതിന് തടയിടാന്‍ വൈകിയാണെങ്കിലും ഭരണകൂടങ്ങള്‍ മുന്നിട്ടിറങ്ങാറുണ്ട്. എന്നാല്‍ മ്യാന്‍മറില്‍ ബുദ്ധമത തീവ്രവാദികള്‍ക്കൊപ്പം ഭരണകൂടവും ഒത്താശ ചെയ്യുന്നതാണ് നാം കാണുന്നത്. പട്ടാളക്കാര്‍ റോഹിങ്ക്യകളുടെ കുടിലുകള്‍ തീയിടുന്നതും, അവരുടെ സ്വത്തും സമ്പാദ്യവും കൊള്ളയടിക്കുന്നതും, കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിക്കുന്നതും വാര്‍ത്തയല്ലാതായി മാറിക്കഴിഞ്ഞു. മ്യാന്‍മര്‍ പട്ടാളത്തിന്റെ കാമഭ്രാന്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ നിലവിളി ബധിരകര്‍ണങ്ങളില്‍ പതിയുന്നു.

യു.എന്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പു പ്രകാരം മ്യാന്‍മറിലെ 13 കോടി വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിം സമൂഹം ലോകത്ത് ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനതയാണ്. ആട്ടിയോടിക്കപ്പെടുന്ന ഈ അശരണര്‍ ബോട്ടുകളിലും മറ്റും കയറി നടുക്കടലിലാണ് അഭയം തേടുന്നത്. ഇവരെ അഭയാര്‍ഥികളായി സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങള്‍ മടിക്കുന്നു. ജനിച്ചുവീണ മണ്ണില്‍നിന്നും പുറത്താക്കപ്പെടുമ്പോള്‍, മറ്റൊരഭയസ്ഥാനമില്ലാതെ കടലില്‍ ജീവിതം അവസാനിപ്പിക്കാന്‍ വിധിക്കപ്പെടുകയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ മുസ്‌ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ 30,000-ലേറെ പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. കൂട്ടക്കുരുതിയില്‍നിന്ന് രക്ഷപ്പെടാനായി നാടുവിട്ടവര്‍ ഇതിലേറെ വരും. ഇവര്‍ എവിടേക്ക് പലായനം ചെയ്‌തെന്നോ, ഇപ്പോള്‍ അവരുടെ സ്ഥിതിയെന്തെന്നോ ലോകത്തിനറിയില്ല. ആനംസ്റ്റി ഇന്റര്‍നാഷനല്‍ ഇതിനെ മനുഷ്യകുലത്തോടുള്ള കൊടുംക്രൂരതയെന്നാണ് വിശേഷിപ്പിച്ചത്.

ആങ്‌സാങ് സൂചിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ അവര്‍ മ്യാന്‍മറില്‍ പ്രതിപക്ഷത്തിരിക്കുകയായിരുന്നു. ഇന്നവര്‍ ഭരണപക്ഷത്ത് അധികാരത്തിന്റെ തണലിലാണ്. സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം കിട്ടിയ ഒരു വനിതക്ക് എങ്ങനെയാണ് സൈന്യത്തിന്റെ ഒത്താശയോടെ നടത്തുന്ന അരുംകൊലക്ക് മുന്നില്‍ മൗനിയാവാന്‍ കഴിയുന്നത്? മനുഷ്യാവകാശത്തിന്റെ നക്ഷത്രമായ അവരുടെ മൂക്കിനു മുന്നില്‍ വെച്ചാണ് കുട്ടികളെയും സ്ത്രീകളെയും സൈന്യവും ബുദ്ധതീവ്രവാദികളും പീഡിപ്പിക്കുന്നത്. ഈ മൗനത്തിനു പിന്നില്‍ ചില താല്‍പര്യങ്ങളും രാഷ്ട്രീയവുമുണ്ട്. മ്യാന്‍മറിലെ രെക്കയിലാണ് മുസ്‌ലിം ഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ഇവിടെ ബുദ്ധമതക്കാരുടെ ശക്തികേന്ദ്രം കൂടിയാണ്. നരഹത്യക്കെതിരെ ശബ്ദിച്ചാല്‍ അത് ബുദ്ധമതക്കാരെ പിണക്കുമെന്ന് സൂചിക്കറിയാം. അത് അധികാരത്തെ ബാധിക്കും. പട്ടാളഭരണകൂടത്തെ പിണക്കുന്നതും തന്റെ കസേരക്ക് ഇളക്കം തട്ടിക്കും. അതുകൊണ്ട് തോന്നിയതുപോലെ ചെയ്യാന്‍ പട്ടാളക്കാര്‍ക്കും ബുദ്ധന്മാര്‍ക്കും സൂചി മൗനാനുവാദം കൊടുക്കുകയാണ്. ഈ മൗനമാണ് മ്യാന്‍മറില്‍ അധികാരത്തിലെത്താന്‍ സൂചിയെ സഹായിച്ചതെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്! സ്വന്തം രാജ്യത്ത് ഒരു ജനത വേട്ടക്കിരയാവുമ്പോള്‍ അവര്‍ തന്ത്രപൂര്‍വം രാജ്യംവിട്ടു. വിദേശങ്ങളില്‍വെച്ച് അവരെ പത്രപ്രതിനിധികള്‍ ചോദ്യം ചെയ്തപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചും വിരുതുകാട്ടി. പട്ടാള ഏകാധിപതി നെവിന്റെ അധികാര ധാര്‍ഷ്ട്യത്തിനെതിരെ അഹിംസാസമരം നടത്തി ലോകശ്രദ്ധ നേടിയ ഈ വനിത ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന കാപട്യത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്. 

റോഹിങ്ക്യകള്‍ ചെയ്ത തെറ്റെന്താണ്? മ്യാന്‍മറില്‍ ഇന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍നിന്നും കുടിയേറിയവരാണെന്നാണ് ഭരണകൂടവും ബുദ്ധതീവ്രവാദികളും പറയുന്നത്. പക്ഷേ, ചരിത്രം മറിച്ചാണ്. മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ പീഡനത്തിനിരയാവുന്ന രെക്കയിലെ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി അവിടെ വസിക്കുന്നവരാണ്. ചരിത്രത്തെ തങ്ങളുടെ താല്‍പര്യത്തിനനുകൂലമായി വളച്ചൊടിക്കുന്ന ഫാഷിസ്റ്റ് തന്ത്രമാണ് ഇവിടെയും പയറ്റുന്നതെന്നര്‍ഥം. തീര്‍ച്ചയായും ബുദ്ധമതാനുയായികളെ പേടിപ്പെടുത്തുന്നത് രെക്കയിലെ മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവാണ്. തങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷമായി തീരുമോ എന്നാണ് അവരുടെ പേടി. ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ചും ഇതേ ഭയം ഹിന്ദുത്വ ശക്തികള്‍ വെച്ചുപുലര്‍ത്തുന്നുണ്ടല്ലോ. 1942-ല്‍ വലിയ നരഹത്യക്ക് ബുദ്ധമതക്കാരെ പ്രേരിപ്പിച്ചത് ഈ പേടിയായിരുന്നു. അന്ന് ആയിരക്കണക്കിന് മുസ്‌ലിംകളാണ് തീവ്രവാദികള്‍ക്കിരയായത്.

ലോകത്തിലെ മറ്റു രാജ്യങ്ങളെപ്പോലെത്തന്നെ ബര്‍മയും ബ്രിട്ടന്റെ അധീനത്തിലായിരുന്നു. 1948-ല്‍ ബര്‍മ ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായപ്പോള്‍ നിലവില്‍വന്ന ഭരണകൂടത്തിനും ബുദ്ധമതക്കാര്‍ക്കും മുസ്‌ലിംകള്‍ തൊട്ടുകൂടാത്തവരായി. മ്യാന്‍മറില്‍ മുസ്‌ലിംകളെപ്പോലെത്തന്നെ ന്യൂനപക്ഷമായി മറ്റ് മതവിശ്വാസികള്‍ ഉണ്ടെങ്കിലും മുസ്‌ലിം സമുദായം മാത്രം ഇവര്‍ക്ക് ശത്രുക്കളായതെങ്ങനെയെന്നും പഠിക്കേണ്ടതുണ്ട്. അവിടെയാണ് അമേരിക്കയുടെയും സയണിസ്റ്റുകളുടെയും ഗൂഢലക്ഷ്യങ്ങളുടെ മറ പുറത്തുവരിക. ഇസ്‌ലാമോഫോബിയയുടെ മറവില്‍ മുസ്‌ലിംകളെ വേട്ടയാടുക എന്ന തന്ത്രം  അവര്‍ മ്യാന്‍മറിലും പരീക്ഷിക്കുന്നുണ്ട്. 1982-ല്‍ അധികാരത്തില്‍ വന്ന ബര്‍മീസ് പട്ടാള മേധാവി നെവിന്‍ പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തതോടെ തീര്‍ത്തും അവഗണിക്കപ്പെട്ടവരായി മാറി റോഹിങ്ക്യകള്‍. പൗരാവകാശങ്ങള്‍ക്ക് പുറത്താണിപ്പോള്‍ ഇവരുടെ സ്ഥാനം. ഈ കിരാതനടപടി ബുദ്ധസന്യാസിമാര്‍ക്ക് വളംവച്ചു കൊടുക്കുകയാണ് ചെയ്തത്. ഏതു ക്രൂരകൃത്യത്തിനുമുള്ള ലൈസന്‍സായി അതു മാറി. പൗരത്വത്തിനു വേണ്ടി യാചിച്ചുനില്‍ക്കേണ്ട ഗതിയാണ് ഇന്ന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക്. ഒരുപക്ഷേ, ലോകത്ത് ഒരു ജനതയ്ക്കും ഈയൊരവസ്ഥ ഉണ്ടായിട്ടുണ്ടാവില്ല.

മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്നവരൊന്നും റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ നിലവിളി കേട്ടില്ലെന്നു നടിക്കുകയാണ്. തുര്‍ക്കി മാത്രമാണ് പ്രതികരിക്കുന്നത്. റോഹിങ്ക്യകള്‍ക്കു നേരെ ഇനിയും അക്രമം തുടര്‍ന്നാല്‍ മ്യാന്‍മറിന് വലിയ വില കൊടുക്കേണ്ടിവരും എന്ന് തുര്‍ക്കി തുറന്നടിച്ചു. 969 എന്ന പേരില്‍ ലോകത്ത് കുപ്രസിദ്ധി നേടിയ ബുദ്ധമതക്കാരുടെ തീവ്രവാദ സംഘടന നാസിസത്തെയും ഫാഷിസത്തെയും പിന്‍പറ്റി പ്രവര്‍ത്തിക്കുന്നവരാണ്. രക്തദാഹികളും, അരാജകവാദികളുമാണവര്‍. സമൂഹത്തില്‍ നുണപ്രചാരണം നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയുമാണ് ഇവര്‍ ഇരകളെ വേട്ടയാടുന്നത്. ഒരു ഉദാഹരണം പറയാം. 2012-ല്‍ ബുദ്ധ തീവ്രവാദികള്‍ റോഹിങ്ക്യകള്‍ക്കെതിരെ തിരിഞ്ഞത്, ബുദ്ധമതാനുയായിയായ ഒരു സ്ത്രീയെ മുസ്‌ലിംകള്‍ അപമാനിച്ചുവെന്നു പറഞ്ഞായിരുന്നു. നിരവധി സാധാരണക്കാരാണ് അന്ന് മൃഗീയമായി കൊലചെയ്യപ്പെട്ടത്. പക്ഷേ, പിന്നീട് ഈ സംഭവം സത്യമല്ലെന്ന് തെളിയുകയും ചെയ്തു. ഏറ്റവുമധികം നരഹത്യ നടന്ന വര്‍ഷമായിരുന്നു അത്. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തില്‍പരം റോഹിങ്ക്യകള്‍ അന്ന് കൊലചെയ്യപ്പെട്ടു. പലരെയും നാടുകടത്തി. മ്യാന്‍മറിലെ റോഹിങ്ക്യകളുടെ ദയനീയ സ്ഥിതി ലോകശ്രദ്ധയില്‍ വരുന്നത് 2012-ലെ കലാപത്തെ തുടര്‍ന്നാണ്. റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി അറബ് രാജ്യങ്ങളില്‍വരെയുണ്ട്. റോഹിങ്ക്യകള്‍ അഭയം തേടിയ പല രാജ്യങ്ങളും ആഭ്യന്തര യുദ്ധംകൊണ്ടും അധിനിവേശംകൊണ്ടും കലാപകലുഷിതമാണെന്നത് മറ്റൊരു കാര്യം. സ്വന്തം രാജ്യത്തു മാത്രമല്ല, പലായനം ചെയ്ത രാജ്യത്തുപോലും രക്ഷയില്ലാത്ത ഹതഭാഗ്യര്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്