സ്വയം ബോധ്യത്തിെന്റ രഹസ്യങ്ങള്‍ സത്യവിശ്വാസത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്
സമസ്ത രുചികളെയും അതിജീവിക്കുന്ന അഭൗമമായ രുചിയാണ് വിശ്വാസത്തിന്റെ പൂര്‍ണതയിലെത്തിയവര്‍ അനുഭവിക്കുന്നത്. ബലഹീനതയിലുള്ള രുചിയോ ദൈവഭയത്തിലുള്ള രുചിയോ ഏതുമാകട്ടെ ആ രുചിയനുഭവത്തിലൂടെ തങ്ങള്‍ക്കു ചുറ്റുമുള്ള സകല ശക്തിസ്രോതസ്സുകളെയും പരിത്യജിച്ച് അല്ലാഹുവിലേക്ക് അവര്‍ വിലയം പ്രാപിക്കുന്നു. തങ്ങളുടെ ബലഹീനത മനസ്സിലാക്കി പടച്ചതമ്പുരാനിലേക്ക് അഭയം തേടുന്നു. ബലഹീനതയുടെയും ഭയപ്പാടിന്റെയും സമര്‍പ്പണം അവരെ സംബന്ധിച്ചിടത്തോളം സൃഷ്ടികര്‍ത്താവിനടുത്തെത്താനുള്ള രണ്ടു രക്ഷാമാര്‍ഗങ്ങളാണ്.
മുന്‍ ആഖ്യാനത്തില്‍ സൂചിപ്പിച്ച രണ്ടാമത്തെ ചികിത്സ പ്രാര്‍ഥനയാണ്. ലഭ്യമായതില്‍ സംതൃപ്തിയും നന്ദിയും, പ്രപഞ്ചനാഥന്റെ കാരുണ്യത്തിലുള്ള ഉറച്ച ബോധ്യവും എല്ലാം മനസ്സില്‍ സ്വാംശീകരിച്ചുകൊണ്ടു നടക്കുന്ന പ്രാര്‍ഥന.
മനുഷ്യന്‍ ഇവിടെയൊരു അതിഥിയല്ലേ? ഭൂമുഖത്തെ മുഴുവന്‍ അവനു വേണ്ടിയല്ലേ അല്ലാഹു അനുഗ്രഹങ്ങള്‍ നിറച്ചുവെച്ച ഒരു ഭക്ഷണത്തളിക പോലെയാക്കിയിട്ടുള്ളത്. പനിനീര്‍പ്പൂക്കള്‍ കോര്‍ത്തുവെച്ച മനോജ്ഞമായൊരു ബൊക്ക പോലെ വസന്തകാലത്തെ അണിയിച്ചൊരുക്കിയിട്ടുള്ളത്; എന്നിട്ടാ ബൊക്ക ഭക്ഷണത്തളികയുടെ പാര്‍ശ്വഭാഗത്ത് നിരത്തിവെച്ചിട്ടുള്ളത്. ഉദാരമതിയായ പ്രപഞ്ചനാഥന്റെ അതിഥിയായി കഴിയേണ്ട മനുഷ്യന്‍ പിന്നെയെന്തിന് ദാരിദ്ര്യവും ഇല്ലായ്മയും വരുമ്പോള്‍ വേദനിക്കണം, പ്രയാസപ്പെടണം?
അനുഗ്രഹങ്ങള്‍ വാരിക്കൂട്ടുവാന്‍ പ്രപഞ്ചനാഥന്റെ തിരുസമക്ഷം തന്റെ ദാരിദ്യവും ഇല്ലായ്മയും മനുഷ്യന്‍ സമര്‍പ്പിക്കുകയല്ലേ വേണ്ടത്? ആശയില്‍നിന്ന് ആവേശം വര്‍ധിക്കുന്നതു പോലെ ഇല്ലായ്മയില്‍നിന്ന് ആധിക്യമുണ്ടാകാന്‍ വേണ്ടി അധ്വാനിക്കുകയല്ലേ വേണ്ടത്? വിശ്വാസം പൂര്‍ണതയിലെത്തിയവരുടെ ആത്മാഭിമാനത്തിന്റെയും ദാരിദ്ര്യം അല്ലാഹുവിലര്‍പ്പിക്കുന്നവരുടെ സ്വയം ബോധ്യത്തിന്റെയും രഹസ്യങ്ങള്‍ ഇവിടെ ഒളിഞ്ഞുകിടക്കുകയാണ്.
ദാരിദ്ര്യം എന്നതിന് നാം കല്‍പിച്ചുപോരുന്നതല്ല ശരിയായ അര്‍ഥം എന്ന് താങ്കള്‍ മനസ്സിലാക്കണം. ദാരിദ്ര്യം എന്നാല്‍ സ്വന്തം ഇല്ലായ്മ പ്രപഞ്ചനാഥനു മുന്നില്‍ മനുഷ്യന്‍ ഏറ്റു പറയുന്നതാണ്. വിനയഭാരത്താല്‍ അവനോട് വിധേയപ്പെടുന്നതാണ്. അവനോട് യാചിക്കുന്നതാണ്. അതല്ലാതെ മറ്റുള്ളവരുടെ മുന്നില്‍ ഏറ്റു പറഞ്ഞ് കരഞ്ഞുനടക്കലും കൈനീട്ടി ഭിക്ഷ യാചിക്കലുമല്ല.
ആഖ്യാനത്തില്‍ പറഞ്ഞ പ്രമാണവും മാനേജ്‌മെന്റും ടിക്കറ്റുമൊക്കെ നിര്‍ബന്ധകര്‍മങ്ങളുടെ നിര്‍വഹണമാണ്. അവയുടെ മുന്നില്‍ വരുന്നത് അഞ്ചു നേരത്തെ നമസ്‌കാരവും വന്‍പാപങ്ങളുടെ വര്‍ജനവുമാണ്.
ക്രാന്തദര്‍ശികളും സൂക്ഷ്മ ദൃക്കുകളുമായ പണ്ഡിതന്മാരും ലബ്ധപ്രതിഷ്ഠരും സച്ചരിതരുമായ സാത്വികരും ഏകോപിച്ചുപറഞ്ഞൊരു കാര്യമുണ്ട്; അനശ്വരമായ പരലോകത്തേക്കുള്ള യാത്രാവഴിയിലെ പാഥേയവും, ഇരുണ്ടതും സുദീര്‍ഘവുമായ പാരത്രിക യാത്രയിലെ ലഗേജും വാഹനവുമെല്ലാം ഖുര്‍ആനിക വിധിവിലക്കുകളുടെ ശരിയായ അനുധാവനമാണ് എന്ന്. അത്തരമൊരു അനുധാവനമില്ലെങ്കില്‍ ശാസ്ത്രം കൊണ്ടും തത്വചിന്ത കൊണ്ടും സിദ്ധിവൈഭവം കൊണ്ടും യുക്തിജ്ഞാനം കൊണ്ടും എന്തു പ്രയോജനം? അവയെല്ലാം ശവക്കുഴിയുടെ ജാലകത്തിനരികെ കുന്നുകൂടിക്കിടക്കുന്ന വെളിച്ചം കെട്ടുപോയ കുറെ എടുക്കാ ചരക്കുകള്‍.
ആലസ്യം പിടിപെട്ട മനസ്സേ, അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിക്കാനും ഏഴു വന്‍പാപങ്ങള്‍ വര്‍ജിക്കാനും എത്ര എളുപ്പമാണ്. അവ കൊണ്ടുള്ള പ്രയോജനമാവട്ടെ എത്ര മഹത്തരം! ഇതു മനസ്സിലാക്കാനുള്ള ബുദ്ധി താങ്കള്‍ക്കില്ലേ? ഭോഷത്തത്തിലേക്കും അധമവിനോദത്തിലേക്കും നിയമ ലംഘനത്തിലേക്കും നിന്നെ വിളിച്ചുകൊണ്ടുപോകുന്ന മ്ലേഛനായ ആ ചെകുത്താനോട് ചോദിക്കൂ. അവന്റെയടുത്ത് മരണത്തെ വകവരുത്താനുള്ള ആയുധമുണ്ടോ എന്ന്. വേര്‍പിരിയാനാവാത്ത വിധം ഇഹലോകത്ത് പിടിച്ചുനിര്‍ത്തുന്ന തന്ത്രമുണ്ടോ എന്ന്. ബലഹീനതയും ദാരിദ്ര്യവും മനുഷ്യസമൂഹത്തില്‍നിന്ന് എടുത്തുമാറ്റുന്ന ഔഷധമുണ്ടോ എന്ന്. ശവക്കുഴിയിലേക്കുള്ള വാതില്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാനുള്ള താക്കോലുമുണ്ടോ എന്ന്.
എങ്കില്‍ അവന്‍ പറയുന്നതൊക്കെ അനുസരിക്കാമെന്ന് വാക്കു കൊടുക്കൂ. ഇല്ലെങ്കില്‍ വായടച്ച് മാറിപ്പോകാന്‍ പറയൂ. പ്രപഞ്ചമാകുന്ന ഈ വിശ്വമഹാദേവാലയത്തില്‍ ഖുര്‍ആന്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നു. നമുക്കത് ശ്രദ്ധിച്ചുകേള്‍ക്കാം. അതു വിതറുന്ന സത്യപ്രകാശം ഹൃദയത്തിലേക്കു സ്വീകരിച്ച് നമുക്ക് പ്രശോഭിക്കാം. യുക്തിഭദ്രമായ അതിന്റെ നേര്‍വഴി പിന്തുടര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാം. ഖുര്‍ആനിക വചനങ്ങള്‍ ഉരുവിട്ടും പാരായണം ചെയ്തും നമുക്ക് നാവുകളെ ഭക്തിസാന്ദ്രമാക്കാം.
അതെ, യഥാര്‍ഥ വചനം ഖുര്‍ആന്റേതാണ്. യാഥാര്‍ഥ്യത്തെ കൃത്യമായി ആവിഷ്‌കരിക്കുന്ന യുക്തിജ്ഞാനത്തിന്റെ ദൈവിക വെളിപാടുകളാണ് ഖുര്‍ആന്‍.
മൊഴിമാറ്റം:
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Comments