Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

ക്ഷമ വെളിച്ചമാണ്

ഡോ. ജാസിം അല്‍ മുത്വവ്വ

ക്ഷമയെക്കുറിച്ച് ധാരാളം വചനങ്ങളും ആപ്തവാക്യങ്ങളുമുണ്ട്: 'ക്ഷമ ആദ്യം കയ്പും പിന്നെ മധുരവുമാണ്', 'ക്ഷമ തുറസ്സിന്റെ താക്കോലാകുന്നു', 'ആദ്യത്തെ ആഘാതത്തിലാണ് ക്ഷമ വേണ്ടത്'... അങ്ങനെ അനേകം തത്ത്വങ്ങള്‍. ക്ഷമയുടെ പ്രയോജനവും അതുളവാക്കുന്ന സദ്ഫലങ്ങളും അറിയുന്നവരാണ് ഏവരും. എന്നാലും അധികമാളുകളിലും ക്ഷമയുടെ അളവ് കുറവായിരിക്കും. ക്ഷോഭിക്കും, ദേഷ്യം പ്രകടിപ്പിക്കും, മുഷിപ്പു കാട്ടും, ധൃതികൂട്ടും... അങ്ങനെ പല ഭാവഭേദങ്ങളും അറിയാതെ വന്നുകൊണ്ടിരിക്കും. ക്ഷമിക്കുക, സഹനം കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങള്‍ മനസ്സിന് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമാണ് എന്നതുതന്നെ അതിനു കാരണം. വേഗതയുടെ ഈ കാലത്ത് നാം നമ്മെ ക്ഷമ പരിശീലിപ്പിച്ചെടുക്കണം. 

ക്ഷമ വളര്‍ത്തിയെടുക്കേണ്ട ഒരു നൈപുണിയാണ്. വിവിധ മാര്‍ഗങ്ങളിലൂടെ ചെറിയ കുഞ്ഞുങ്ങളെ നമുക്ക് ക്ഷമ പഠിപ്പിക്കാനാവും. ആഹാരത്തിന് കാത്തിരുന്ന് മുഷിഞ്ഞ് അവര്‍ മുറുമുറുക്കുന്ന നേരങ്ങളില്‍, വഴിയില്‍ വാഹനത്തിരക്കുമൂലം ദീര്‍ഘമായി കാത്തുനില്‍ക്കേണ്ട വേളകളില്‍, സന്ദര്‍ഭം ഉപയോഗപ്പെടുത്തി ക്ഷമയെക്കുറിച്ച് നമുക്ക് അവരോട് പറയാം. അതിന്റെ പ്രാധാന്യം അവരെ ധരിപ്പിക്കാം. ക്ഷമ എന്ന സവിശേഷ സിദ്ധി അവരുടെ കുഞ്ഞുമനസ്സില്‍ മുദ്രണം ചെയ്യാന്‍ സഹായകമാകുന്ന വചനങ്ങള്‍ ഇടക്കിടെ  ഉരുവിടാം. 'ആശ്വാസത്തിന്റെ കിളിവാതിലാണ് ക്ഷമ', 'പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്', 'ക്ഷമാശാലികള്‍ക്ക് അവരുടെ പ്രതിഫലം കണക്കറ്റ രൂപത്തില്‍ പൂര്‍ണമായി നല്‍കപ്പെടും' തുടങ്ങിയ ഒട്ടനവധി വചനങ്ങളുണ്ടല്ലോ. ഇവ കേട്ടുകേട്ട് ക്ഷമ അവരുടെ സ്വഭാവത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറട്ടെ. 

നമ്മെ ക്ഷമാശീലരാക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. പ്രായം, ജീവിതാനുഭവങ്ങള്‍, ക്ഷമയുടെ പ്രാധാന്യത്തെയും അതിന് ലഭിക്കുന്ന പ്രതിഫലത്തെയും കുറിച്ചുള്ള ഉറച്ച വിശ്വാസം. കുഞ്ഞുങ്ങളുടെ ക്ഷമ കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും ക്ഷമയില്‍നിന്ന് ഭിന്നമാണ്. കുഞ്ഞുകുട്ടികളെ ക്ഷമ പരിശീലിപ്പിച്ചെടുക്കാന്‍ കഴിഞ്ഞെന്നുവരും. പക്ഷേ ശരീരഘടനയിലെ ഹോര്‍മോണ്‍ വ്യത്യാസമനുസരിച്ച് കൗമാരപ്രായത്തില്‍ എത്തുമ്പോള്‍ അവരുടെ ക്ഷമയുടെ തോത് കുറഞ്ഞുവരും. ക്ഷമയെയും സഹനത്തെയും കുറിച്ച് ആ പ്രായത്തില്‍ നാം അവരെ ഉണര്‍ത്തിക്കൊണ്ടിരിക്കണം. ഒരാളുടെ ക്ഷമ നഷ്ടപ്പെടുത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയണം. ചിലര്‍ക്ക് വിശപ്പാകും ക്ഷമ നശിപ്പിക്കുന്നത്. ചിലര്‍ക്ക് സമയമില്ലായ്മയാവും കാരണം. ചിലര്‍ക്ക് കഠിനചൂട്, രോഗം എന്നിവയാവും നിമിത്തം. ഓരോരുത്തര്‍ക്കുമുണ്ടാവും മുഷിപ്പും മടുപ്പും തോന്നി ക്ഷമകെട്ടുപോകുന്ന സാഹചര്യങ്ങള്‍. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ പരിശീലിപ്പിക്കുന്നതിന് ചില ഇലക്‌ട്രോണിക് കളിക്കോപ്പുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. അത് വളരെ ലളിതമാണ്. ചുമരില്‍ പതിക്കുന്ന ഒരു ഫലകം, ചിരിക്കുന്ന മുഖവും ക്ഷോഭിക്കുന്ന മുഖവും. അങ്ങനെ രണ്ട് മുഖങ്ങള്‍. ക്ഷമിക്കുമ്പോള്‍ ചിരിക്കുന്ന മുഖം കളര്‍ ചെയ്യാനും ക്ഷമകെടുമ്പോള്‍ ക്ഷോഭിക്കുന്ന മുഖം കളര്‍ ചെയ്യാനും കുഞ്ഞിന് നിര്‍ദേശം നല്‍കാം. ആറ് വയസ്സില്‍ കുറഞ്ഞ കുട്ടികളുടെ കാര്യത്തിലേ ഇത് നടക്കൂ. 

മുതിര്‍ന്നവര്‍ക്ക് ക്ഷമ പരിശീലിക്കാന്‍ ഏഴ് മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. ഒന്ന്, ക്ഷമ നശിക്കുമ്പോള്‍ തങ്ങളുടെ വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്ന് പഠിപ്പിക്കുക. വര്‍ത്തമാനം പറഞ്ഞിരിക്കാം. കലാസപര്യയില്‍ ഏര്‍പ്പെടാം. ചിത്രരചന, കളറിംഗ്, എഴുത്ത്, വ്യായാമം, നടത്തം, നീന്തല്‍ അങ്ങനെ പലതുമുണ്ടല്ലോ. 

രണ്ട്, പ്രാര്‍ഥന. ജാലൂത്തിന്റെ സൈന്യത്തെ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ത്വാലൂത്ത് പ്രാര്‍ഥിച്ചുവല്ലോ: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ ക്ഷമ ചൊരിഞ്ഞുതരേണമേ!'' അതിന് പ്രയോജനവുമുണ്ടായി. അതുപോലെ നമസ്‌കാരവും. ''നമസ്‌കാരം, ക്ഷമ എന്നിവ മൂലം നിങ്ങള്‍ അല്ലാഹുവിന്റെ സഹായം തേടുക.'' നമസ്‌കാരവും ക്ഷമയും കഠിനവേളകളെ കരുത്തോടെ നേരിടാന്‍ മനസ്സിനെ മെരുക്കി ശക്തമാക്കും. 

മൂന്ന്, മനസ്സ് തുറന്ന് വര്‍ത്തമാനം പറയാന്‍ നിങ്ങള്‍ക്ക് ഒരു സഹോദരനോ സഹോദരിയോ സുഹൃത്തോ ഉണ്ടായിരിക്കുക. കാരണം സംസാരം മനസ്സിന്റെ ഭാരം കുറക്കും. പ്രത്യേകിച്ചും ഒരേ സാഹചര്യത്തെ നേരിടുന്നവര്‍ ഒന്നിച്ചിരുന്ന് ഹൃദയം തുറക്കുമ്പോള്‍. 

നാല്, അല്ലാഹുവിലും അവന്റെ വിധിയിലും ഉറച്ച വിശ്വാസം. തന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ നിശ്ചയവും തീരുമാനവുമെല്ലാം തന്റെ നന്മക്കു വേണ്ടിയായിരിക്കുമെന്ന അടിയുറച്ച ബോധവും വിശ്വാസവും. ഇത് ക്ഷമയുടെ തോതുയര്‍ത്തും. ആയുസ്സ് വര്‍ധിപ്പിക്കും. 

അഞ്ച്, ജീവിതം അതിന്റെ വലിയ കാന്‍വാസില്‍ ഒന്നായി കാണുക. ഒരു ചെറിയ ഭാഗമെടുത്തുകൊണ്ടാവരുത് ജീവിതത്തെ വിലയിരുത്തുന്നത്. അല്‍പ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിന്ന രോഗമാണ് പ്രശ്‌നമെങ്കില്‍, കഴിഞ്ഞുപോയ സുദീര്‍ഘ സംവത്സരങ്ങളില്‍ അല്ലാഹു കനിഞ്ഞേകിയ ആരോഗ്യാവസ്ഥയെ കുറിച്ചോര്‍ക്കണം. തന്റെ പ്രതീക്ഷക്കൊത്തുയരാത്ത മകനെയോര്‍ത്താണ് ആധിയെങ്കില്‍ മറ്റു മക്കളെ നന്നായി വളര്‍ത്താന്‍ ശ്രമിക്കുക. കുടുംബം ശക്തവും ഭദ്രവുമാവട്ടെ. നിങ്ങള്‍ ഇരുവര്‍ക്കുമിടയിലെ സ്‌നേഹത്തിന്റെ കണ്ണി അറ്റുപോകാതെ നോക്കുകയും വേണം. ജീവിതത്തെ മൊത്തമായി അഭിവീക്ഷിക്കുന്നത് ശുഭാപ്തി ഉളവാക്കും. 

ആറ്, ക്ഷമാശാലികള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുക. 'സഹനശാലിക്കൊപ്പമാകുന്നു അല്ലാഹു' എന്ന വചനമാവണം മനസ്സില്‍ സദാനേരവും. 

ഏഴ്, അല്ലാഹുവിന് ഏറെ ക്ഷമ കാണിക്കുന്നവന്‍-സ്വബൂര്‍-എന്ന നാമവും ഉണ്ടെന്ന് ഓര്‍ക്കുക. ക്ഷമ എന്ന സവിശേഷ സദ്ഗുണത്തോടൊപ്പം ജീവിക്കാന്‍ അപ്പോള്‍ കഴിയും.  

വിവ: പി.കെ ജമാല്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്