നവ വിദ്യാഭ്യാസത്തിന്റെ ആവശ്യകത
പ്രവാസജീവിതത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന കാലത്ത് ഭാവി തലമുറയുടെ കരിയറിസത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. നിലവിലെ വിദ്യാഭ്യാസ നയം തുടര്‍ന്നു പോയാല്‍ പത്തു വര്‍ഷത്തിനകം ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും വാതിലില്‍ മുട്ടി രോഗമുണ്ടോ, ജോലിയുണ്ടോ എന്ന് ചോദിക്കുന്ന അവസ്ഥ വരും.
രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രഫഷനലുകളെ മാത്രമേ നമ്മുടെ കലാലയങ്ങളില്‍നിന്നും വിരിയിച്ചെടുക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം നമ്മുടെ ഊര്‍ജ്ജവും സമ്പത്തും ചെലവഴിച്ച് നാം വാര്‍ത്തെടുക്കുന്ന പ്രഫഷണലുകളെ പ്ലേസ് ചെയ്യാന്‍ രാജ്യത്തിന് സാധിക്കില്ല. അതുമൂലം മസ്തിഷ്‌ക ചോര്‍ച്ച (ആൃമശി ഉൃമശി) സംഭവിക്കുന്നു. പുറം രാജ്യത്തു പോയി ജീവിക്കേണ്ടി വരുന്നതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനുള്ള അവസരം നാം നമ്മുടെ യുവാക്കള്‍ക്ക് നഷ്ടപ്പെടുത്തുന്നു.
ചെറുകിട വ്യവസായങ്ങളും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള വ്യവസായങ്ങളുമാണ് ഇന്ന് നമ്മുടെ നാട് ആവശ്യപ്പെടുന്നത്. അതിലേക്കാണ് പുതുതലമുറയെ വഴിതിരിച്ചുവിടേണ്ടത്. വ്യവസായങ്ങളില്‍ കൂടിയാണ് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും, കാര്യക്ഷമമായ മനുഷ്യ വിഭവ വിതരണവും (മാന്‍ പവര്‍) സാധ്യമാകുന്നത്. കൂടാതെ ആഭ്യന്തര കമ്പോളം വികസിക്കുകയും കയറ്റുമതി വര്‍ധിക്കുന്നതിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും ചെയ്യുന്നു.
ഇന്ന് യുവാക്കള്‍ മുമ്പത്തേക്കാള്‍ താല്‍പര്യപൂര്‍വം വ്യവസായ ലോകത്ത് കാലെടുത്തു വെക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ അവരുടെ മുന്നില്‍ അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ ലഭ്യതക്കുറവ് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മുടെ വിദ്യഭ്യാസ നയം റീ സ്‌ട്രെക്ചര്‍ ചെയ്തുകൊണ്ട് കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. വ്യവസായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറുകളും ത്രിതല പഞ്ചായത്തുകളും പരാജയപ്പെടുന്നു.
പ്രഫഷണലുകളെ വളര്‍ത്തുന്നതിലൂടെ കൈവരിക്കുന്ന സാമൂഹിക സാമ്പത്തിക ഉന്നമനത്തേക്കാള്‍ വലിയ നേട്ടങ്ങള്‍ വ്യവസായികളെ സൃഷ്ടിക്കുന്നതില്‍ കൂടി കൈവരിക്കാന്‍ പറ്റുന്നു. വ്യവസായി ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ആ ഗ്രാമത്തിന്റെ എല്ലാ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുകയും സാമ്പത്തിക സാമൂഹിക സംസ്‌കാരിക മാറ്റങ്ങള്‍ക്ക് വഴികാട്ടിയായി തീരുകയും ചെയ്യുന്നു. തൊഴില്‍, ആഭ്യന്തര മാര്‍ക്കറ്റ്, അന്താരാഷ്ട്ര വിപണനം, രാജ്യത്തിന്റെ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ എന്നിവയെ ശരിയായി ഉപയോഗപ്പെടുത്താന്‍ വ്യവസായങ്ങള്‍ക്ക് സാധിക്കുന്നു. അത് മുഖേന രാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കാന്‍ കഴിയുന്നു.
വിരലിലെണ്ണാവുന്ന വ്യവസായങ്ങള്‍ മാത്രമേ കേരളത്തില്‍ നിലവിലുള്ളൂ. വലിയ വ്യവസായങ്ങളോ, പ്രോജക്ടുകളോ 1973-നു ശേഷം ഇവിടെ വന്നിട്ടില്ല. പ്രോജക്ട് എന്ന അര്‍ഥത്തില്‍ അവസാനം വന്നത്, ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടും (1999) ആണ്. 2010-ന് ശേഷം വീണ്ടും പ്രോജക്ടുകളും വ്യവസായങ്ങളും വരാന്‍ തുടങ്ങിയിട്ടു്. അതിനുള്ള കാരണം ചെറുകിട വന്‍കിട വ്യവസായങ്ങളോടും പ്രോജക്ടുകളോടും സര്‍ക്കാരിനുണ്ടായിരുന്ന സമീപനത്തില്‍ മാറ്റമുണ്ടായി എന്നതാണ്. വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന നയം തുടരുന്നതും സ്റ്റാര്‍ട്ടപ്പ് ബിസിനസ്സുകളില്‍ സര്‍ക്കാറിന്റെ പ്രോത്സാഹനവും സഹായകരമായി വര്‍ത്തിച്ചു. വ്യവസായങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയതും അതിനനുസരിച്ച് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതും ശുഭ പ്രതീക്ഷക്ക് വക നല്‍കുന്നു.
കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഒര്‍ഗനൈസേഷനും പ്രസിദ്ധീകരിച്ച കണക്കുകള്‍ അതാണ് നമ്മോട് പറയുന്നത്.
2010-2011 കാലത്തെ വളര്‍ച്ചാ നിരക്ക് കേരളം-13.70 ശതമാനം, ഇന്ത്യ-18.66 ശതമാനമാണ്. 2011-2012-ലേത് കേരളം-16.73 ശതമാനം, ഇന്ത്യ-15.70 ശതമാനവും 2012-2013-ലേത് കേരളം 13.46 ശതമാനം, ഇന്ത്യ-11.83 ശതമാനവും 2013-2014 -ലേത് കേരളം-15.35 ശതമാനം, ഇന്ത്യ-11.54 ശതമാനവും ആണ്.
2012-2015 വരെയുള്ള കാലയളവില്‍ വ്യവസായങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം നേരിയ തോതില്‍ അനുകൂലമായതിന്റെ ഗുണം സാമ്പത്തിക വളര്‍ച്ചയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ഉല്‍പാദന വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന തോതിലാണ്. രാജ്യത്തെ യുവാക്കളുടെ കാഴ്ച്ചപ്പാടില്‍ മാറ്റംവരുത്തിക്കൊണ്ട് സര്‍ക്കാറിന്റെ സമീപനത്തില്‍ പല പ്രായോഗിക നടപടികളും കൊണ്ടുവരേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ചെറുകിട ഇടത്തരം വ്യവസായങ്ങളോടുള്ള നിലപാട് ശുഭസൂചനയാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വിപണി കേന്ദ്രീകൃതമാകണമെന്നും പുതിയ വിപണികള്‍ കണ്ടെത്തണമെന്നും ഉല്‍പാദന പ്രക്രിയയിലെ ചെലവ് കുറക്കണമെന്നും ഈയിടെ മുന്‍ മുഖ്യമന്ത്രിയും അഭിപ്രായപ്പെടുകയുണ്ടായി.
ഇന്ന് നാം കാണുന്ന പല വന്‍കിട സംരംഭങ്ങളും യുവാക്കള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങിയതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നുവന്നതല്ല. ഗൂഗ്ള്‍, ഫേസ്ബുക്ക്, ഇന്‍ഫോസിസ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ചെറുപ്പക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്റ്റാര്‍ട്ടപ്പായി തുടങ്ങിയതാണ് ഈ കമ്പനികള്‍. വളര്‍ന്നു വരുന്ന തലമുറക്ക് ഇതെല്ലാം പകര്‍ന്നുനല്‍കാന്‍ ഉതകുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ വിദ്യാഭ്യാസം.
നമ്മുടെ കരിയര്‍ സ്വപ്‌നങ്ങളില്‍ മാറ്റം അനിവാര്യമാണ്. ഒരു നവ വിദ്യാഭ്യാസ നയം വ്യവസായങ്ങളുടെ വിഷയത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. വ്യവസായ തല്‍പരരായ യുവതയെ വാര്‍ത്തെടുക്കുന്നതോടെ രാജ്യത്തിന്റെ തൊഴിലില്ലായ്മ പോലുള്ള ഒട്ടു മിക്ക പ്രശനങ്ങള്‍ക്കും പരിഹാരമുാകും.
ഓരോ പ്രദേശത്തും ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചും മനുഷ്യവിഭവങ്ങളെ ഉപയോഗപ്പെടുത്തിയും ഭൂമി ശാസ്ത്രപരമായ സാധ്യതകളെ കണക്കിലെടുത്തും വൈവിധ്യമാര്‍ന്ന ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങള്‍ ഉണ്ടാകേണ്ടത് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടു പോക്കിന് അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് ലഭ്യമാകേണ്ടിയിരുന്നത് ഇത്തരത്തിലുള്ള ഒരു അവബോധം കൂടിയായിരുന്നു എന്നു സൂചിപ്പിക്കുക മാത്രം.
വട്ടം കറക്കുന്ന പൗരോഹിത്യം
കെ.പി ഇസ്മാഈല്‍, കണ്ണൂര്‍
അന്ധവിശ്വാസങ്ങളുടെ കാടും പടലും കൊണ്ട് മതത്തെ മൂടുന്നവര്‍, വിപ്ലവജ്വാലകള്‍ തല്ലിക്കെടുത്തുന്നവര്‍, മതത്തിന്റെ മാനുഷിക മുഖം വികൃതമാക്കിയവര്‍, ദീനിന്റെ സൗന്ദര്യത്തെ അനാചാരങ്ങളുടെ അഴുക്കുവസ്ത്രങ്ങള്‍ പുതപ്പിച്ച് മറച്ചുവെച്ചവര്‍-പുരോഹിതന്മാര്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്.
എല്ലാ മാനുഷിക മൂല്യങ്ങളും മതം പഠിപ്പിച്ചതാണ്. പ്രവാചകന്മാരാണ് ഏറ്റവും വലിയ വിപ്ലവകാരികള്‍. പ്രവാചകന്മാരുടെ സ്ഥാനം പുരോഹിതന്മാര്‍ സ്വയം ഏറ്റെടുത്തതോടെയാണ് മതത്തില്‍ കള്ളനാണയങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
പൗരോഹിത്യം പലപ്പോഴും ദൈവം ചമയുന്നു. അങ്ങനെ ആള്‍ ദൈവങ്ങളുണ്ടാകുന്നു. ശിഷ്യന്മാര്‍ എല്ലാം വിശ്വസിക്കുന്നുവെന്ന് ബോധ്യമാകുന്നതോടെ സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുന്നു. പണത്തിന്റെയും സ്വര്‍ണത്തിന്റെയും ആഡംബര കാറുകളുടെയും മായാലോകം സൃഷ്ടിക്കപ്പെടുന്നു. ശിഷ്യന്മാരുടെ തൊട്ടുമുത്തലിലും സ്‌നേഹപ്രകടനത്തിലും വിധേയത്വത്തിലും മുങ്ങിത്തെളിഞ്ഞ്, സര്‍വജ്ഞനെന്നു ഭാവിച്ച്, നാടിന്റെയും ജനങ്ങളുടെയും ഭാവി തന്റെ പ്രാര്‍ഥനയുടെ മായാജാലത്തിലാണെന്ന് അനുയായികളെ വിശ്വസിപ്പിച്ച് തനിക്കും കുടുംബത്തിനും ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിച്ച് അങ്ങനെ വിരാജിക്കുന്നു പുരോഹിതന്മാര്‍. പാവം അനുയായികള്‍ ഈയ്യാംപാറ്റകളെപ്പോലെ ബോധശൂന്യരായി തീക്കു ചുറ്റും വട്ടം കറങ്ങുന്നു. പൗരോഹിത്യത്തിന്റെ ചുഴിയിലകപ്പെട്ടതാണ് സമുദായത്തിനു വന്നുപെട്ട ദുര്യോഗം.
ഐക്യം അധരത്തിലല്ല; ഹൃദയത്തില്‍
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
മുസ്‌ലിം സംഘടനകള്‍ അവരുടെ സംഘടനാപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ തങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുക എന്ന മൗലിക ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള കര്‍മപരിപാടി അംഗീകരിച്ചുകൊണ്ടാണ് 1964-ല്‍ മജ്‌ലിസെ മുശാവറ നിലവില്‍വന്നത്. കഴിഞ്ഞ 50 വര്‍ഷക്കാലത്തെ അതിന്റെ ചരിത്രത്തില്‍ ഉമ്മത്തിന് പ്രതീക്ഷ നല്‍കുന്ന ഗുണകരമായ നീക്കങ്ങളൊന്നും കാര്യമായി ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, പലപ്പോഴും നിരാശപ്പെടുത്തിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അടുത്തകാലത്ത് അതിലുണ്ടായ പിളര്‍പ്പ് നിര്‍ഭാഗ്യകരമായിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐക്യം പുനഃസ്ഥാപിക്കുകയും 50-ാം വാര്‍ഷികം നടത്തി പുതിയ നേതൃത്വം നിലവില്‍ വരികയും ചെയ്തു. എന്നാല്‍, മുശാവറ നിലവില്‍വന്ന 1964-നു ശേഷം ഒത്തിരി ഐക്യവേദികള്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും മറ്റുമായി നിലവില്‍വരികയും രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ ലക്ഷ്യം കാണാതെ ഭിന്നിച്ചുപോവുകയും ചെയ്തിട്ടുണ്ട്. ഈ തിക്താനുഭവങ്ങളില്‍ സുമനസ്സുകള്‍ നിരാശരാണ്. 1925-ല്‍ ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് (വിചാരധാര) എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അവയിന്ന് നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. കാരണം രാജ്യം ഭരിക്കുന്നത് അവരാണ്. മുസ്‌ലിംകളെ ഉന്നംവെച്ചുകൊണ്ടുള്ള നിഗൂഢവും ആസൂത്രിതവുമായ നീക്കങ്ങളാണ് മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇസ്‌ലാമിക സംഘടനകളും പണ്ഡിത സഭകളും സംഘടനാ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ടിയിരിക്കുന്നു. ഹൈദറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ഒരു മുസ്‌ലിം നേതൃസംഗമം വിളിച്ചുചേര്‍ത്തത് ഈ പശ്ചാത്തലത്തില്‍ നല്ലൊരു നീക്കമായി മനസ്സിലാക്കാം. ഇത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഇത്തരം നീക്കങ്ങളോട് സഹകരിക്കാന്‍ ഇസ്‌ലാമിക സമൂഹം തയാറാവണം. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഏക സിവില്‍ കോഡ് വിരുദ്ധ കാമ്പയിന്‍ പോലുള്ള പരിപാടികള്‍ക്ക് പിന്തുണ നല്‍കണം. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റി ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം സഹോദര സമുദായങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ മുസ്‌ലിം സംഘടനകള്‍ പരിശ്രമിക്കേണ്ടതുണ്ട്. വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമല്ലെന്നുള്ള സത്യം വസ്തുതകളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ സമൂഹത്തെ ബോധ്യപ്പെടുത്തണം. സാധ്യമാകുന്ന മുഴുവന്‍ മേഖലകളിലും ഐക്യവും സൗഹൃദവും നിലനിര്‍ത്താന്‍ മഹല്ലുകള്‍ നേതൃത്വം കൊടുത്തുകൊണ്ടുള്ള കര്‍മവേദികള്‍ നിലവില്‍വരണം.
നമ്മുടെ സംഘടനകളും പണ്ഡിത സഭകളും ഒരുമയോടെ നീങ്ങുന്ന പുതിയ പ്രഭാതം പുലരട്ടെ എന്ന് പ്രാര്‍ഥിക്കാം.
Comments