നേതൃപദവിയിലേക്ക് തുര്‍ക്കി തിരിച്ചെത്താതിരിക്കില്ല
തുര്‍ക്കി വംശജരായ മംലൂക്കുകള്‍ ഈജിപ്ത് ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ചരിത്രപണ്ഡിതനുമായ അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍ (1332-1406), നൂറ്റാണ്ടുകളുടെ മരവിപ്പും ശൈഥില്യവും താറുമാറാക്കിയ ഇസ്‌ലാമിക നാഗരികതക്ക് പുതുജീവന്‍ നല്‍കിയത് തുര്‍ക്കികളായിരുന്നു എന്നെഴുതിയത്. തുര്‍ക്കികളുടെ വരവ് ദൈവത്തില്‍നിന്നുള്ള പ്രത്യേക വരദാനമായും അനുഗ്രഹമായും അദ്ദേഹം കാണുന്നു. ധൂര്‍ത്തും ദുര്‍വ്യയവും മറ്റു ജഡികാസക്തികളും മുസ്‌ലിം ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നപ്പോള്‍, അത്തരം പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതെ വിശ്വാസദാര്‍ഢ്യവും ഗ്രാമീണതയുടെ ഓജസ്സും ആര്‍ജവവും കൈമുതലാക്കി മുസ്‌ലിം സമൂഹത്തിന്റെ കടിഞ്ഞാണ്‍ അവര്‍ കൈയേല്‍ക്കുകയായിരുന്നു (താരീഖു ഇബ്‌നു ഖല്‍ദൂന്‍ 5/428). അറബികളുടെ ശക്തിക്ഷയത്തിന് കാരണമെന്തായിരുന്നു? യാതൊരു ലക്ഷ്യബോധവുമില്ലാതെ പരസ്പരമുള്ള തമ്മിലടി. ഇതൊരു തരം സാമൂഹിക ആത്മഹത്യ തന്നെയായിരുന്നു. ഇസ്‌ലാമികാദര്‍ശത്തെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന സാമൂഹിക കണ്ണികളെയും (അസ്വബിയ്യ) അറബ് ഭരണാധികാരികള്‍ കൈവിട്ടതാണ് അവരുടെ തകര്‍ച്ചക്ക് കാരണമായത്. അവ രണ്ടും വീണ്ടെടുത്തതാണ് തുര്‍ക്കികളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിക്കുന്നു.
ഈ നേതൃപദവിയെ ന്യായീകരിക്കുന്നതായിരുന്നു, പിന്നീടുണ്ടായ കുരിശുയുദ്ധങ്ങളെയും മംഗോളിയന്‍ ആക്രമണങ്ങളെയും സുധീരം ചെറുക്കാന്‍ തുര്‍ക്കി വംശജരായ ഭരണാധികാരികള്‍ രംഗത്തുവന്നത്. അക്രമികളെ തുരത്താന്‍ എന്തിനും തയാറായ ഒരു സുശിക്ഷിത വിഭാഗം അനിവാര്യമായിരുന്നു. ആ ദൗത്യമാണ് തുര്‍ക്കികള്‍ ഏറ്റെടുത്തത്. എട്ടര നൂറ്റാണ്ടുകാലം മുസ്‌ലിം ലോകത്തിന്റെ കടിഞ്ഞാണ്‍ തുര്‍ക്കികളുടെ കൈകളിലായതും മറ്റൊന്നും കൊണ്ടല്ല. 1055-ല്‍ ആദ്യത്തെ സല്‍ജൂകി ഭരണാധികാരിയായ സുല്‍ത്വാന്‍ ത്വുഗ്‌റുല്‍ ബഗ്ദാദില്‍ അധികാരമേറ്റതു മുതല്‍, 1909-ല്‍ ഉസ്മാനി ഭരണാധികാരി അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഇസ്തംബൂളില്‍ വെച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതു വരെ തുര്‍ക്കികള്‍ ഇസ്‌ലാമിക ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയായിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ നല്‍കിയത് പോലുള്ള സേവനം മറ്റൊരു ജനവിഭാഗവും നല്‍കിയിട്ടില്ല. ഇസ്‌ലാമിക ലോകത്തേക്ക് സൈനികരോ അടിമകളോ ആയി വന്നവര്‍ അധികാര സോപാനത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഹലബിന്റെ (അലപ്പോയുടെ) ചരിത്രകാരനായ ഇബ്‌നുല്‍ അദീം ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. സല്‍ജൂഖി രാജാവായ അലപ് അര്‍സലാന്‍ സിറിയയിലെ ജൗസ് പുഴ കടന്ന് യൂഫ്രട്ടീസിലെത്തിയപ്പോള്‍ അവിടെ കണ്ട മനോഹരമായ ഒരു പുല്‍മൈതാനത്ത് ഇറങ്ങി. അപ്പോള്‍ പ്രമുഖ പണ്ഡിതനായ അബൂജഅ്ഫര്‍ അദ്ദേഹത്തോട് പറഞ്ഞു: 'അടിമയായിക്കൊണ്ടല്ലാതെ ഒരു തുര്‍ക്കിക്കാരനും ഇന്നേവരെ ഈ പുഴ കടന്നിട്ടില്ല. ഇന്നിതാ താങ്കള്‍, ഒരു തുര്‍ക്കി വംശജന്‍, ഒരു ഭരണാധികാരിയായി പുഴ മുറിച്ചുകടക്കുന്നു.' ഒരു വലിയ ചരിത്രമാറ്റത്തെ അടയാളപ്പെടുത്തുകയായിരുന്നു അലപ്പോയുടെ ചരിത്രകാരന്‍.
'സുന്നി-ശിഈ ബന്ധങ്ങള്‍ക്കു മേല്‍ കുരിശുയുദ്ധങ്ങളുടെ സ്വാധീനം' എന്ന പുസ്തകത്തില്‍ ഞാനൊരു കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപന കാലഘട്ടത്തില്‍ അതിന്റെ മുന്നണിപ്പോരാളികളായി ഉണ്ടായിരുന്നത് അറബികളായിരുന്നു. ഇസ്‌ലാമിക ലോകത്തെ പ്രതിരോധിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ അതിന് രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങിയത് തുര്‍ക്കികളുമായിരുന്നു. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ഇസ്‌ലാമിക ലോകത്തിന്റെ ഭാഗധേയം അറബികളില്‍നിന്ന് തുര്‍ക്കികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. കുരിശുയുദ്ധത്തെ ചെറുത്ത പ്രമുഖഭരണാധികാരികളെല്ലാം തുര്‍ക്കി വംശജര്‍ (സല്‍ജൂഖ്, ദാനിഷ്മന്ദ്, അറാതിഖഃ, സിങ്കി, ഖവാറസ്മി, മംലൂക്) ആയിരുന്നുവെന്ന് ആ പുസ്തകത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ക്കെതിരെയുള്ളത് എല്ലാ അര്‍ഥത്തിലും ഒരു തുര്‍ക്കീ പ്രതിരോധമായിരന്നു. സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ പൊതുതത്ത്വത്തില്‍നിന്ന് പുറത്താകുന്നില്ല. തുര്‍ക്കി വംശജരായ സിങ്കികളുടെ പടനായകനായാണല്ലോ സ്വലാഹുദ്ദീന്‍ രംഗത്ത് വരുന്നത്.
ഇസ്‌ലാമിക ലോകത്ത് ഭീകരതാണ്ഡവമാടിയ മംഗോളിയന്‍ അധിനിവേശത്തിന് ഫലസ്ത്വീനിലെ ഐന്‍ ജാലൂത്തില്‍ വെച്ച് അതിനിര്‍ണായകമായ ഒരു യുദ്ധത്തിലൂടെ അന്ത്യം കുറിച്ചതും മറ്റൊരു തുര്‍ക്കി വംശജനായിരുന്നു-ടര്‍ക്കിഷ് കിപ്ചക് വംശജനായ റുക്‌നുദ്ദീന്‍ ബൈബര്‍സ് (1223-1277). മംഗോള്‍ അധിനിവേശം പോലൊരു മാരക ഭീഷണി ഇസ്‌ലാമിക ലോകം അതിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും അഭിമുഖീകരിക്കുകയുണ്ടായിട്ടില്ല. സുഡാന്‍ വനാന്തരങ്ങള്‍ മുതല്‍ ബാല്‍ക്കനിലെ ഉള്‍നാടുകള്‍ വരെ നീളുന്ന ഇസ്‌ലാമിക ലോകത്തിന്റെ അതിര്‍ത്തികള്‍ കാക്കാന്‍ നാലര നൂറ്റാണ്ടുകാലം തുര്‍ക്കികളായ ഉസ്മാനി ഭരണാധികാരികള്‍ നടത്തിയ പോരാട്ടങ്ങള്‍ വീണ്ടും ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല.
ഇസ്‌ലാമിക ലോകത്തിന്റെ ആത്മീയ-സാംസ്‌കാരിക ന്യൂക്ലിയസാണ് സുന്നി ആദര്‍ശക്കാരായ അറബികള്‍. അവരെ ഒപ്പം നിര്‍ത്താനായി എന്നതാണ് തുര്‍ക്കികളുടെ വിജയം. സുന്നികളായ കുര്‍ദുകളെയും അവര്‍ കൂടെ നിര്‍ത്തി. പോരാളി സമൂഹമാണ് കുര്‍ദുകള്‍. കുരിശ് യുദ്ധമുഖങ്ങളില്‍ ആ പോരാട്ട വീര്യം ലോകം കണ്ടു. ഈ സുന്നി-തുര്‍ക്കി-അറബി-കുര്‍ദ് ഏകോപനവും പരസ്പര ധാരണയുമാണ് വിജയത്തിന് നിദാനമായത്. തങ്ങളുടെ വംശീയ മേധാവിത്വത്തിന് തുര്‍ക്കികള്‍ ശ്രമിച്ചിരുന്നില്ല എന്നതും പ്രധാനമാണ്. പേര്‍ഷ്യക്കാര്‍ അങ്ങനെയായിരുന്നില്ലെന്നും അറബ്-തുര്‍ക്ക് വിഭാഗങ്ങളോട് വിവിധ കാലങ്ങളില്‍ വംശീയ മേധാവിത്തപരമായ നിലപാടുകള്‍ അവര്‍ സ്വീകരിച്ചിരുന്നുവെന്നും ഗവേഷകനായ ഹുസൈന്‍ മുജീബ് അല്‍ മിസ്വിരി നിരീക്ഷിക്കുന്നു (സ്വിലാതുന്‍ ബൈനല്‍ അറബി വല്‍ ഫുറുസി വത്തുര്‍ക്ക്, പേജ് 219-220).
* * *
വളരെ അപായകരമായ യുദ്ധമുഖത്താണ് ഇന്ന് ഇസ്‌ലാമിക സമൂഹമുള്ളത്. അത് ആഭ്യന്തരമായി ശിഥിലീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പുറത്തുനിന്നുള്ള കടന്നുകയറ്റമാണെങ്കില്‍ അത്യന്തം ഗുരുതരവും. കുരിശ് യുദ്ധങ്ങള്‍ക്കും മംഗോളിയന്‍ കടന്നാക്രമണങ്ങള്‍ക്കും സദൃശമായ സാമൂഹികാന്തരീക്ഷം. നിശ്ചയദാര്‍ഢ്യവും കഴിവുമുള്ള ഒരു ഇസ്‌ലാമിക ശക്തി ഉയര്‍ന്നുവരികയല്ലാതെ ഈ പ്രതിസന്ധിയില്‍ നിന്ന് മോചനമില്ല.
ഇത് നന്നായി മനസ്സിലാക്കിയിരുന്ന സാമൂഹിക തത്ത്വചിന്തകനായ സാമുവല്‍ പി. ഹിംഗ്ടണ്‍ (1927-2008) 'നാഗരികതകളുടെ സംഘട്ടനം' എന്ന തന്റെ കൃതിയില്‍ വിശദമായി ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ട്. ഈ കൃതിയും അതിന്റെ കര്‍ത്താവും വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനോ നാഗരികതകളുടെ സംഘട്ടനത്തിനോ ആഹ്വാനം ചെയ്യുന്ന കൃതിയല്ല അത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ ധീരമായ നിലപാടെടുത്തിരുന്നുവല്ലോ അദ്ദേഹം. സമര്‍ഥനായ രാഷ്ട്രീയ നിരീക്ഷകനായിരുന്ന അദ്ദേഹം നാഗരികതകളും മതങ്ങളും തമ്മിലുള്ള സംഘട്ടനങ്ങള്‍ നമ്മുടെ കാലത്തെ അന്താരാഷ്ട്ര ബന്ധങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നാണ് അന്വേഷിച്ചത്. ശീതയുദ്ധകാലത്തേത് പോലെയല്ല കാര്യങ്ങള്‍ എന്നര്‍ഥം. അദ്ദേഹം മുന്നോട്ടുവെക്കുന്ന പ്രധാന ചിന്ത ഇതാണ്:
'ശീതയുദ്ധത്തിന് ശേഷം നാഗരികതകളുടെ അടിസ്ഥാനത്തിലാവും ലോകം പുനഃസംഘടിപ്പിക്കപ്പെടുക; അല്ലെങ്കില്‍ പുനഃസംഘടിപ്പിക്കപ്പെടുകയേ ഇല്ല. ഈ ലോക സംവിധാനത്തില്‍ നാഗരികതകളിലെ കേന്ദ്രരാഷ്ട്രങ്ങള്‍ (Core States) ആയിരിക്കും കാര്യങ്ങള്‍ നിശ്ചയിക്കുക. നാഗരികതകള്‍ക്കകത്തും, പുറം നാഗരികതകളുമായുള്ള ഇടപാടുകളിലും ഈ കേന്ദ്രരാഷ്ട്രങ്ങള്‍ക്കാവും മേല്‍ക്കൈ. പൊതുവായി പങ്കുവെക്കപ്പെടുന്ന സാംസ്‌കാരിക മൂല്യങ്ങള്‍ സ്വന്തമായി ഉള്ളതിനാല്‍ ഈ നേതൃത്വത്തിന് നിയമസാധ്യതയും വന്നുചേരും'' (നാഗരികതകളുടെ സംഘട്ടനം, പേജ് 255).
'ഏതൊരു മേഖലയിലും സമാധാനം സാക്ഷാല്‍കരിക്കപ്പടണമെങ്കില്‍ ആ മേഖലയില്‍ ആധിപത്യം വാഴുന്ന രാഷ്ട്രത്തിന്റെ നേതൃത്വം ഒഴിച്ചുകൂടാനാവാത്തതാണ്. ഐക്യരാഷ്ട്രസഭ ഈ മേഖലാശക്തിക്ക് ബദലാവുകയില്ല. അതത് നാഗരികതകളിലെ അംഗരാഷ്ട്രങ്ങള്‍ കേന്ദ്രരാഷ്ട്രവുമായി വിനിമയങ്ങള്‍ നടത്തുന്നതുകൊണ്ട് ഈ മേഖലാശക്തിക്ക് നിയമാനുസൃതത്വവും വന്നുചേരുന്നു. സംസ്‌കാരികമായി അടുത്തവരെന്ന നിലക്ക് അംഗരാഷ്ട്രങ്ങള്‍ കേന്ദ്രരാഷ്ട്രത്തെയാവും സമീപിക്കുക. സംസ്‌കാരം എന്നത് ഒരു കൂട്ടുകുടുംബമാണ്. കുടുംബത്തിലെ കാരണവര്‍ മറ്റു കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത് പോലെ എന്നു പറയാം. ഈ അടുപ്പത്തിന്റെ അഭാവത്തില്‍ മേഖലയിലെ സംഘട്ടനങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് കേന്ദ്രരാഷ്ട്രത്തിനുള്ള കഴിവ് വളരെ പരിമിതപ്പെട്ടുപോകും'' (പേജ് 255).
നമ്മുടെ കാലത്ത് ഇസ്‌ലാമിക നാഗരികത അനാഥമായ അവസ്ഥയിലാണെന്നാണ് ഹിംഗ്ടണ്‍ നിരീക്ഷിക്കുന്നത്. ശത്രുക്കളെ ചെറുക്കുന്നതിനും ആഭ്യന്തര ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കുന്നതിനും ആ നാഗരിതകയില്‍ ഒരു കേന്ദ്ര രാഷ്ട്രമില്ല. ''ഈ കേന്ദ്ര രാഷ്ട്രത്തിന്റെ അഭാവം ഇസ്‌ലാമിക സമൂഹങ്ങളില്‍ മാത്രമല്ല അനിസ്‌ലാമിക സമൂഹങ്ങളിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു'' (പേജ് 221). ''ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ ദൗര്‍ബല്യവും മറ്റു നാഗരികതകളെ സംബന്ധിച്ചിടത്തോളം ഭീഷണിയുമാണ്'' (പേജ് 289). യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ഉസ്മാനിയാ ഖിലാഫത്ത് തകര്‍ത്തതോടെയാണ് ഈ സ്ഥിതിവിശേഷം രൂപപ്പെട്ടത്. 'ഉസ്മാനിയാ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെ ഇസ്‌ലാമിന് കേന്ദ്രരാഷ്ട്രം ഇല്ലാതായി. ഇരുപതാം നൂറ്റാണ്ടിലുടനീളം ഇങ്ങനെയൊരു ശക്തിയോ പ്രബലമായ നാഗരികതയോ മതകീയ സ്ഥാപനമോ ഒന്നും, ഇസ്‌ലാമിക നാഗരികതക്കും അനിസ്‌ലാമിക നാഗരികതകള്‍ക്കും ഒരു പോലെ സ്വീകാര്യമാവുന്ന വിധത്തില്‍, ഉണ്ടായിരുന്നില്ല'' (പേജ് 289).
ഹിംഗ്ടണ്‍ ആറ് മുസ്‌ലിം രാഷ്ട്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇസ്‌ലാമിക നാഗരികതയില്‍ അവയില്‍ ഏതെങ്കിലുമൊന്നിന് 'കേന്ദ്രരാഷ്ട്രം' ആകാന്‍ കഴിയുമോ എന്നും അന്വേഷിക്കുന്നു. രാഷ്ട്രങ്ങള്‍ ഇവയാണ്: സുഊദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, ഇന്തോനേഷ്യ, പാകിസ്താന്‍, ഇറാന്‍. ഇവയില്‍ അഞ്ചെണ്ണത്തിന് മുന്നിലും തട്ടിമാറ്റാനാവാത്ത തടസ്സങ്ങളുണ്ട്. അവക്ക് കേന്ദ്രരാഷ്ട്രമാവാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നര്‍ഥം. ജനസംഖ്യ കുറഞ്ഞുപോയതും ഭൂമിശാസ്ത്രപരമായ സംരക്ഷണ കവചമില്ലെന്നതുമാണ് സുഊദി അറേബ്യക്ക് തടസ്സമായിനില്‍ക്കുന്നത്. മുസ്‌ലിം ജനസാമാന്യവുമായുള്ള 'മതകീയ ഭിന്നതകളും' അറബിലോകവുമായുള്ള മോശം ബന്ധങ്ങളും ഇറാന് പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു. പ്രകൃതിവിഭവങ്ങളുടെ ദാരിദ്ര്യമാണ് ഈജിപ്തിന്റെ പ്രശ്‌നം. വംശീയമായ ചേരിപ്പോരും രാഷ്ട്രീയ അസ്ഥിരതയും പാകിസ്താന് വിനയാകുന്നു. ഇന്തോനേഷ്യയാകട്ടെ ഇസ്‌ലാമിന്റെ 'അറബി അതിര്‍ത്തികളില്‍' നിന്ന് വളരെ വിദൂരവുമാണല്ലോ.
അതായത്, ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വമേല്‍ക്കാന്‍ യോഗ്യതയുള്ളത് തുര്‍ക്കിക്ക് മാത്രമാണെന്നര്‍ഥം. ''തുര്‍ക്കിക്ക് സമ്പന്നമായ ചരിത്രമുണ്ട്. വേണ്ടത്ര ജനസംഖ്യയുണ്ട്. ഇടത്തരം സാമ്പത്തിക വളര്‍ച്ചയുണ്ട്. ദേശീയോദ്ഗ്രഥനമുണ്ട്. മികവുറ്റ സൈന്യമുണ്ട്. പിന്നെ മറ്റു യോഗ്യതകളും. ഇതൊക്കെ കേന്ദ്രരാഷ്ട്രമാകാന്‍ അതിനെ അര്‍ഹമാക്കുന്നു. പക്ഷേ കമാല്‍ അത്താതുര്‍ക്ക്, തുര്‍ക്കി റിപ്പബ്ലിക്കിന് ഉസ്മാനി സാമ്രാജ്യത്തിന്റെ പാരമ്പര്യം ഏറ്റെടുക്കാനുളള അവസരം നിഷേധിക്കുകയായിരുന്നു. തുര്‍ക്കി സമൂഹത്തെ മതവിരുദ്ധമാക്കി നിര്‍ത്തിക്കൊണ്ടാണ് അത്താതുര്‍ക്ക് അത് തടഞ്ഞത്'' (പേജ് 236). തുടര്‍ന്ന് അത്താതുര്‍ക്ക് തുര്‍ക്കിയെ ശീതയുദ്ധത്തിലേക്ക് വലിച്ചിഴച്ചു; സോവിയറ്റ് ഭീഷണി തടുക്കാനുള്ള ഉപകരണമാക്കി. അങ്ങനെ സ്വത്വത്തിലും തന്ത്രപ്രധാനമായ നീക്കങ്ങളിലുമെല്ലാം തുര്‍ക്കി 'ശിഥില രാഷ്ട്രം' (പേജ് 243) എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക ലോക നേതൃത്വമേറ്റെടുക്കുന്നതില്‍നിന്ന് തുര്‍ക്കിയെ തടയുന്ന കാരണങ്ങള്‍ മറ്റു അഞ്ച് രാഷ്ട്രങ്ങളുടെ കാര്യത്തിലെന്ന പോലെ സ്ഥായിയല്ല; താല്‍ക്കാലികമാണ്. ആ രാഷ്ട്രത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച അള്‍ട്രാ സെക്ര്യൂലറിസ്റ്റ് ഐഡിയോളജിയും പാശ്ചാത്യവിധേയത്വവുമാണ് അതില്‍ പ്രധാനം. തുര്‍ക്കിയുടെ ചരിത്രവും അതിന്റെ നാഗരികതയുമെല്ലാം ആവശ്യപ്പെടുന്നത് ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാണ്; പാശ്ചാത്യരുടെ പിണിയാളാവാനല്ല. അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ബന്ധനങ്ങള്‍ തകര്‍ന്നുതുടങ്ങിയതായും ഹിംഗ്ടണ്‍ നിരീക്ഷിക്കുന്നു. ''മറ്റിടങ്ങളിലെന്ന പോലെ തുര്‍ക്കിയിലും ജനാധിപത്യം വേരുകളിലേക്കും മതത്തിലേക്കുമുള്ള തിരിച്ചുപോക്കിന് നിമിത്തമായിരിക്കുന്നു'' (പേജ് 241).
തുര്‍ക്കി അതിന്റെ പൈതൃകത്തെ സ്വയം കണ്ടെത്തുമ്പോള്‍ അടിച്ചേല്‍പ്പിച്ച ബന്ധനങ്ങള്‍ അഴിച്ചുമാറ്റാനാവുമെന്നും അതിന് സ്വയം നിര്‍വചിക്കാനാവുമെന്നും ഹിംഗ്ടണ്‍ കരുതുന്നു. ''തുര്‍ക്കി സ്വയം നിര്‍വചിച്ചാല്‍ എന്താണ് പ്രശ്‌നം? പാശ്ചാത്യരുടെ ക്ലബില്‍ അംഗത്വത്തിന് യാചിച്ചുള്ള പരിതാപകരമായ അവസ്ഥയില്‍നിന്ന് കുതറിമാറി ഇസ്‌ലാമിന്റെ മുഖ്യ വക്താവും പടിഞ്ഞാറിന്റെ പ്രതിയോഗിയുമെന്ന നിലക്ക് കൂടുതല്‍ സ്വാധീനവും മഹത്വവുമുള്ള അതിന്റെ ചരിത്രപരമായ സ്ഥാനം തിരിച്ചുപിടിക്കുകയല്ലേ എന്തുകൊണ്ടും നന്നാവുക'' (പേജ് 291, പുസ്തകത്തിന്റെ അറബി പരിഭാഷയില്‍നിന്ന്).
രണ്ട് പതിറ്റാണ്ടു മുമ്പാണ് ഹിംഗ്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ വിശകലനങ്ങളും ഭാവിയെക്കുറിച്ച നോട്ടങ്ങളും സത്യമായി പുലരുന്നതു കണ്ട് സംതൃപ്തിയടഞ്ഞേനെ. അതെ, തുര്‍ക്കി സ്വയം നിര്‍വചിക്കുകയാണ്. സ്വന്തം വേരുകള്‍ അത് കണ്ടെത്തിക്കഴിഞ്ഞു. ഹിംഗ്ടന്റെ വിശകലനം മുമ്പില്‍ വെച്ച് ഇസ്‌ലാമിക ലോകത്ത് ഏതൊരു രാഷ്ട്രവും കേന്ദ്ര രാഷ്ട്രമായി മാറണമെങ്കില്‍ മൂന്ന് ഉപാധികള്‍ ഒത്തുവരണം.
-ഇസ്‌ലാമിന്റെ സാംസ്‌കാരിക ഹൃദയമായ അറബ് ലോകവുമായി ഭൂമിശാസ്ത്രപരമായും വൈകാരികമായും ആ രാഷ്ട്രം അടുത്തുനില്‍ക്കണം.
-ലക്ഷ്യത്തിന് സഹായകമാവുന്ന വിധത്തിലുള്ള സാമ്പത്തിക, സൈനിക, മാനവിക ശക്തിയും ഇന്‍ഫ്രാസ്ട്രക്ചറും ഉണ്ടായിരിക്കണം.
-രാഷ്ട്രീയമായ ഇഛാശക്തിയും ത്യാഗത്തിനുള്ള സന്നദ്ധതയും, നേതൃത്വം കൈയേല്‍ക്കേണ്ടിവരുമ്പോഴുള്ള എല്ലാ ഭീഷണികളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ത്രാണിയും ഉണ്ടായിരിക്കണം.
ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഉപാധികള്‍ ഇസ്‌ലാമിക ലോകത്ത് ഒത്തുവന്ന ഏക രാഷ്ട്രം തുര്‍ക്കിയാണ്. മൂന്നാമത്തെ ഉപാധി പൂര്‍ത്തീകരിച്ചു എന്നു പറയാനാവില്ല. സ്വന്തം അതിര്‍ത്തിക്കപ്പുറത്ത് സിറിയ അഞ്ച് വര്‍ഷമായി മുറിവേറ്റു പിടഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത തുര്‍ക്കിയുടെ നിസ്സഹായത നാം കണ്ടതാണ്. തുര്‍ക്കിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. തുര്‍ക്കിയുടെതന്നെ താല്‍പര്യം യഥാസമയം പ്രശ്‌നത്തില്‍ ഇടപെടുക എന്നതായിരുന്നു. തുര്‍ക്കിക്കകത്ത് 'ഡീപ് സ്റ്റേറ്റ്' പോലെയോ 'സമാന്തര സ്‌റ്റേറ്റ്' പോലെയോ പ്രവര്‍ത്തിക്കുന്ന ശക്തികളാകണം അതിനൊരു കാരണം. തുര്‍ക്കിക്കെതിരെ തക്കം പാര്‍ത്ത് കഴിയുന്ന പാശ്ചാത്യശക്തികള്‍ പിറകില്‍നിന്ന് കുത്തുമോ എന്ന ഭയവുമാകാം.
എന്നാല്‍, ഒടുവിലത്തെ പട്ടാള അട്ടിമറി വിഫലമാക്കിയശേഷം ഇത്തരം ബന്ധനങ്ങളില്‍നിന്ന് ഒട്ടൊക്കെ മുക്തമാകാന്‍ തുര്‍ക്കിക്ക് കഴിഞ്ഞിട്ടുണ്ട്. പട്ടാള അട്ടിമറിനീക്കത്തിനെതിരെ മുസ്‌ലിം ലോകത്തുടനീളം കാണപ്പെട്ട ജനരോഷം അട്ടിമറിനീക്കം പരാജയപ്പെട്ടത് ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിഭാസമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചരിത്രപ്രധാനമായ ഒരു വഴിത്തിരിവിന്റെ തുടക്കമാണത്. അര്‍ഹതപ്പെട്ട ലോക ഇസ്‌ലാമിക നേതൃപദവി തുര്‍ക്കികള്‍ തിരിച്ചുപിടിക്കാതിരിക്കില്ല.
(അല്‍ ജസീറ നെറ്റ് കോളമിസ്റ്റാണ് ലേഖകന്‍)
Comments