Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

നിരീശ്വരവാദം: : ശാസ്ത്രം തള്ളിക്കളഞ്ഞ 'യുക്തി'വാദം

പ്രഫ. പി.എ വാഹിദ്

ശാസ്ത്രജ്ഞരില്‍ ദൈവവിശ്വാസികളും അവിശ്വാസികളും സന്ദേഹവാദികളുമുണ്ട്. മുന്‍കാല ശാസ്ത്രജ്ഞരില്‍ മിക്കവരും ഈശ്വരവിശ്വാസികളായിരുന്നെങ്കിലും ഇന്ന് ഭൂരിപക്ഷം ശാസ്ത്രജ്ഞരും നിരീശ്വരവാദികളോ ഈശ്വരനുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാനാകാതെ സംശയത്തില്‍ ആടിക്കൊണ്ടിരിക്കുന്നവരോ ആണ്. ആധുനിക ശാസ്ത്രയുഗം ശാസ്ത്രാടിത്തറയുള്ള വിശ്വാസങ്ങള്‍ക്ക് മാത്രമേ സ്വീകാര്യത കല്‍പിക്കുകയുള്ളുവെന്ന് പറയുന്ന നാസ്തികരായ ശാസ്ത്രജ്ഞര്‍, പ്രത്യേകിച്ച് പരിണാമവാദികള്‍ പക്ഷേ ശാസ്ത്രാടിത്തറയുള്ള ദൈവാസ്തിത്വത്തെ അന്ധവിശ്വാസമായാണ് കാണുന്നത്. ദൈവാസ്തിത്വത്തെ അന്ധവിശ്വാസമായാണ് അവര്‍ പ്രചരിപ്പിക്കുന്നത്. യുക്തിവാദികളും സ്വത്രന്ത ചിന്താഗതിക്കാരെന്ന് സ്വയം അവകാശപ്പെടുന്ന നിരീശ്വരവാദികളും ചെയ്യുന്നതും അതുതന്നെ. ദൈവാസ്തിത്വത്തെ സംബന്ധിച്ച അവരുടെ ആരോപണങ്ങള്‍ പക്ഷേ, ശാസ്ത്രവിരുദ്ധം തന്നെയാണ്. 

 

ദൈവാസ്തിത്വത്തിന്റെ ഭൗതികശാസ്ത്ര സ്ഥിരീകരണം

ഏതാണ്ട് എണ്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ശാസ്ത്രം സ്ഥിരീകരിച്ച ദൈവാസ്തിത്വത്തെ സ്വീകരിക്കാതെ നിരീശ്വരവാദികള്‍ ഇന്നും പറയുന്നത് ദൈവം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്. ശാസ്ത്രത്തെ അപഹാസ്യമാക്കുന്ന അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ വാദമാണിത്. ഭൗതികശാസ്ത്രത്തിലെ (Physics) മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ അംഗീകാരവും സുസ്ഥിരപ്രപഞ്ച സിദ്ധാന്തത്തിന്റെ പരാജയവുമാണ് ദൈവാസ്തിത്വത്തെ ശാസ്ത്രീയമായി സ്ഥിരീകരിച്ചത്. ദൈവമില്ലെന്ന നാസ്തികരുടെ അന്ധവിശ്വാസമാണ് ശാസ്ത്രത്തില്‍നിന്ന് തള്ളപ്പെട്ടത്. 

റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷിക സിദ്ധാന്തത്തിന്റെ (General Theory of Relativity) അടിസ്ഥാനത്തില്‍ പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന താത്ത്വിക മാതൃകകള്‍ അവതരിപ്പിക്കുകയുണ്ടായി. ഫ്രീഡ്മാന്റെ ഗണിതമാതൃകകള്‍ എല്ലാ താരസമൂഹങ്ങളും (Galaxies) പരസ്പരം അകലുകയാണെന്നു പ്രവചിച്ചു. അതായത് പ്രപഞ്ചം അതിന്റെ ഉത്ഭവം തൊട്ട് വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ഥം. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലബിന്ദുവില്‍ താരസമൂഹങ്ങളെല്ലാം അനന്തസാന്ദ്രതയോടെ ഏതാണ്ട് പൂജ്യം വലുപ്പത്തില്‍ ഒന്നിച്ചായിരുന്നുവെന്നും ഈ ഗണിതമാതൃകകള്‍ സൂചിപ്പിച്ചു. പ്രപഞ്ച ചരിത്രത്തിലെ ഈ കാലബിന്ദുവിന് കാംബ്രിഡ്ജ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ 'മഹാവിസ്‌ഫോടനം' (Big Bang) എന്ന സുന്ദരവിശേഷണം നല്‍കി. പ്രപഞ്ചത്തിന് ഉത്ഭവമുണ്ടായിരുന്നെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നു സാരം. ഭൗതികശാസ്ത്രത്തിലെ ഈ സിദ്ധാന്തം പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു.  ഈശ്വരവിശ്വാസത്തിനു ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിന് പകരമായി മറ്റൊരു സിദ്ധാന്തം കൊണ്ടുവരാന്‍ നെട്ടോട്ടമായിരുന്നു. സുസ്ഥിര പ്രപഞ്ചസിദ്ധാന്തം അങ്ങനെയാണുണ്ടാകുന്നത്. ഈ സിദ്ധാന്തപ്രകാരം, പ്രപഞ്ചം ആരംഭമില്ലാത്ത, അവസാനമില്ലാത്ത, മാറ്റമില്ലാതെ എന്നെന്നും നിലനില്‍ക്കുന്ന വ്യവസ്ഥയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോകിങ്‌സ് A  Brief History of Time എന്ന പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം.  അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം... അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പലഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ചസിദ്ധാന്ത(Steady State Theory)ത്തിനായിരുന്നു.  റഷ്യന്‍ ശാസ്ത്രജ്ഞ•ാരായ ഇവാന്‍ജെനി ലിഫ്ഷിറ്റ്‌സും ഐസക് കലത്‌നിക്കോവും 1963-ല്‍ മഹാവിസ്‌ഫോടനം ഒഴിവാക്കിക്കൊണ്ടുള്ള സിദ്ധാന്തത്തിനായി മറ്റൊരു ശ്രമവും കൂടി നടത്തിയിരുന്നു.''  ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഈശ്വരവിശ്വാസത്തെ ഉ•ൂലനം ചെയ്യാനുള്ള ശാസ്ത്രലോകത്തിലെ നിരീശ്വരലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയെയാണ്. മഹാവിസ്‌ഫോടന സിദ്ധാന്തം പ്രപഞ്ചോല്‍പത്തിയെ വിശദീകരിക്കാന്‍ അപര്യാപ്തമായതുകൊണ്ടല്ല സുസ്ഥിര പ്രപഞ്ച സിദ്ധാന്തം കൊണ്ടുവന്നത്. മറിച്ച്, മഹാവിസ്‌ഫോടന സിദ്ധാന്തം ദൈവാസ്തിത്വത്തിന് ശാസ്ത്രസ്ഥിരീകരണം നല്‍കുന്നതുകൊണ്ടാണ്.  

രണ്ടു പതിറ്റാണ്ടുകാലം സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തിന് ലോകശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ സാധിച്ചെങ്കിലും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന് നിലനില്‍പ്പില്ലാതാവുകയായിരുന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന എഡ്വിന്‍ ഹബ്ബിളിന്റെ 1924-ലെ കണ്ടുപിടിത്തം, ആര്‍ണോ പെന്‍സിയാസും റോബര്‍ട്ട് വിത്സനും കണ്ടുപിടിച്ച പ്രപഞ്ചത്തിലെ മൈക്രോ വേവ് പശ്ചാത്തല വികിരണം (Cosmic Background Radiation), പ്രപഞ്ചത്തില്‍ ഡ്യൂട്ടെരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ ലഘുമൂലകങ്ങളുടെ ആധിക്യം എന്നിവയെല്ലാം  മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ  പ്രവചനങ്ങള്‍ക്ക് അനുസൃതമായിരുന്നു. അതേസമയം തുടര്‍ച്ചയായ ദ്രവ്യോല്‍പാദനം നടക്കുന്നുണ്ടെന്ന  സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തിന്റെ പ്രവചനത്തിന് ഒരു തെളിവുമില്ല. പ്രപഞ്ചമുണ്ടായി ഇരുപതിനായിരം മില്യന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കാലയളവില്‍ ഒരു തവണയെങ്കിലും ഊര്‍ജം സ്വയംഭൂവായിട്ടില്ല. ഊര്‍ജത്തിന് സ്വയംഭൂവായുണ്ടാകാനുള്ള കഴിവില്ലെന്നാണ് അത് അര്‍ഥമാക്കുന്നത്. അതുകൊണ്ടാണ് പ്രപഞ്ചോല്‍പത്തിയിലുണ്ടായ ഊര്‍ജം അളവില്‍ മാറ്റമില്ലാതെ ഇന്നും തുടരുന്നത്.  ഊര്‍ജത്തെ ഉല്‍പാദിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലെന്നും അതിന്റെ അളവ് സംരക്ഷണത്തിലാണുമെന്ന (Energy Conservation) താപ യാന്ത്രിക ശാസ്ത്രത്തിന്റെ (Thermodynamics) ഒന്നാം നിയമം അതാണ് വ്യക്തമാക്കുന്നത്. ഒരു തെളിവും ലഭിക്കാതെ സുസ്ഥിര പ്രപഞ്ചസിദ്ധാന്തം ശാസ്ത്രത്തില്‍നിന്ന് തള്ളപ്പെട്ടിരിക്കുകയാണ്. സ്വയംഭൂവായുണ്ടാകാനാവാത്ത ഊര്‍ജം സൃഷ്ടിക്കപ്പെട്ടതാണെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ വിജയവും സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തിന്റെ പരാജയവുമാണ് ദൈവാസ്തിത്വത്തിന്റെ സ്ഥിരീകരണമായി ഭൗതികശാസ്ത്രം നല്‍കുന്ന തെളിവുകള്‍. വിരോധാഭാസമെന്നു പറയട്ടെ, ശാസ്ത്രസമൂഹത്തിലെ നാസ്തികലോബി ദൈവമില്ലെന്ന് തെളിയിക്കാന്‍ രൂപം കൊടുത്ത സിദ്ധാന്തം ദൈവമില്ലെന്ന് തെളിയിക്കുന്നതിനു പകരം ദൈവമുണ്ടെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. അതും അല്ലാഹുവിന്റെ തന്ത്രമായി കാണേണ്ടിയിരിക്കുന്നു. അവിശ്വാസികളുടെ കുതന്ത്രങ്ങള്‍ക്കെതിരെ  ഖുര്‍ആന്‍ പറയുന്നത് കാണുക: ''അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു'' (3:54). ''...അവര്‍ (അവിശ്വാസികള്‍) അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍'' (13:13). 

ശാസ്ത്രം തെളിയിച്ചിരിക്കുന്നത് ദൈവമുണ്ടെന്നാണ്, ദൈവമില്ലെന്നല്ല. ദൈവമില്ലെന്ന് വാദിക്കുന്നത് ശാസ്ത്രസത്യത്തെ നിഷേധിക്കലാണ്. ശാസ്ത്രാടിത്തറയുള്ള ദൈവാസ്തിത്വത്തെ അംഗീകരിക്കാതെയും, ശാസ്ത്രാടിത്തറയില്ലാത്ത നിരീശ്വരവാദത്തെ സ്വീകരിച്ചുമാണ് ശാസ്ത്രസമൂഹത്തിലെ നാസ്തികലോബിയും യുക്തിവാദികളും ഈശ്വരവിശ്വാസം അന്ധവിശ്വാസമാണെന്ന് കൊട്ടിഘോഷിക്കുന്നത്. ശാസ്ത്രസത്യത്തെ നിരാകരിക്കുന്നവരാണോ ശാസ്ത്രജ്ഞരെന്നും യുക്തിവാദികളെന്നുമൊക്കെ സ്വയം അവകാശപ്പെടുന്നത്? 

ദൈവാസ്തിത്വത്തിന്റെ സ്ഥിരീകരണമായി ഖുര്‍ആനില്‍ അല്ലാഹു പ്രതിപാദിച്ച രണ്ടു പ്രത്യക്ഷ തെളിവുകള്‍ തന്നെയാണ് അല്ലാഹു നല്‍കിയ ശാസ്ത്ര-സാങ്കേതിക സഹായത്തോടെ എഡ്വിന്‍ ഹബ്ബിള്‍ കണ്ടുപിടിച്ചത്. ഒന്ന് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട്, അതില്‍നിന്ന് മനസ്സിലാക്കാവുന്ന പ്രപഞ്ചഘടകങ്ങളുടെ വളരെ കാലം മുമ്പുള്ള ഒന്നിച്ചു ചേര്‍ന്നുള്ള അവസ്ഥയും. ഖുര്‍ആന്‍ പറയുന്നതു കാണുക: ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാമാണ് വികസിപ്പിക്കുന്നത്'' (51:47). ''അല്ലയോ അവിശ്വാസികളേ, നിങ്ങള്‍ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയായിരുന്നുവെന്നും? എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (21:30). ഇവിടെ അല്ലാഹു സംബോധന ചെയ്യുന്നത് അവിശ്വാസികളെയാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കൂടാതെ പ്രപഞ്ചോല്‍പത്തി സംബന്ധിച്ച ശാസ്ത്രസത്യങ്ങളിലേക്ക് ആധുനികശാസ്ത്രയുഗത്തിലെ മനുഷ്യരോടുള്ള ആഹ്വാനമാണത് എന്നും വ്യക്തമാണ്. ശാസ്ത്രം ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തിരുന്ന ഒരു കാലവും ചരിത്രത്തിലുണ്ടായിട്ടില്ല. പക്ഷേ, ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രമായി ശാസ്ത്രാടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങള്‍ നാസ്തികലോബി മനഃപൂര്‍വം ശാസ്ത്രത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. 

 

ജീവശാസ്ത്രം നല്‍കുന്ന തെളിവുകള്‍ 

ഭൗതിക ശാസ്ത്രം നിരീശ്വരവാദത്തെ വേരോടെ പിഴുതെറിഞ്ഞപ്പോള്‍ നാസ്തികലോബി അവസാനത്തെ കച്ചിത്തുരുമ്പെന്നോണം ജീവശാസ്ത്രത്തിലെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിലേക്കാണ് പൂര്‍ണമായി തിരിഞ്ഞിരിക്കുന്നത്. ദൈവമുണ്ടെന്ന് ഭൗതിക ശാസ്ത്രം അസന്ദിഗ്ധമായി തെളിയിച്ചിരിക്കെ അത് അംഗീകരിക്കാതെ, ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയില്‍ അതിനെതിരായി ഒരു സിദ്ധാന്തം കൊണ്ടുവരുന്നത് ശാസ്ത്രത്തെ അവഹേളിക്കലാണ്. കാരണം ശാസ്ത്രത്തിന്റെ ഒരു ശാഖ (ഭൗതിക ശാസ്ത്രം) തള്ളിക്കളഞ്ഞ ആശയത്തെ മറ്റൊരു ശാഖക്ക് (ജീവശാസ്ത്രം) എങ്ങനെ സ്വീകാര്യയോഗ്യമാകും? 

പരിണാമ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ ജീവിവര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടവയല്ല. അവയെല്ലാം തന്നെ ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍നിന്ന് കാലക്രമേണ പരിണമിച്ചമുണ്ടായതെന്നാണ്. മാറ്റപ്പെടാവുന്ന ജൈവവ്യവസ്ഥയായിട്ടാണ് ഡാര്‍വിന്‍ ജീവിയെ കണ്ടിരുന്നത്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്‍പ്പിനുള്ള കടുത്ത മാത്സര്യത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ സാഹചര്യത്തില്‍ ഒരു ജീവിയില്‍ ഏതെങ്കിലും വിധത്തില്‍ അതിന് പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിര്‍ത്തുന്നതിനെയാണ് 'പ്രകൃതി തെരഞ്ഞെടുപ്പ്' (Natural Selection) എന്നു പറയുന്നത്. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ട കാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. ഭൂമിയിലുള്ള ലക്ഷക്കണക്കിന് ജീവികള്‍ യാദൃഛികമായി അങ്ങനെയാണുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വാദിക്കുന്നത്.

ദൈവാസ്തിത്വത്തിനെതിരായ ഒരു സിദ്ധാന്തമാണിത്. അതുകൊണ്ടുതന്നെ പ്രസിദ്ധീകരണം മുതല്‍ നൂറ്റമ്പതു വര്‍ഷക്കാലത്തിലേറെയായി ഈ സിദ്ധാന്തം വിവാദമായി നില്‍ക്കുന്നു. പരിണാമസിദ്ധാന്തം തെറ്റാണോ ശരിയാണോ എന്ന് ശാസ്ത്രീയമായി വിലയിരുത്താനുള്ള പ്രവചനങ്ങള്‍ ആ സിദ്ധാന്തം നല്‍കുന്നുണ്ട്. പക്ഷേ, അത്തരം പ്രവചനങ്ങളും മറ്റും സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയല്ല ചെയ്തിരിക്കുന്നത്; തെറ്റാണെന്നാണ് തെളിയിച്ചിരിക്കുന്നത്. ധാരാളം വെബ്‌സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ഇത് സമര്‍ഥിക്കുന്നുണ്ട്. ഇത് നാസ്തികവാദികള്‍ അംഗീകരിക്കാത്തത് സ്വാഭാവികം. പരിണാമസിദ്ധാന്തം ശാസ്ത്രസത്യമാണെന്ന് അവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നു. നിരീശ്വരവാദത്തിന് ശാസ്ത്രാടിസ്ഥാനമുണ്ടെന്ന് വരുത്താനുള്ള അവരുടെ ആസൂത്രിത തന്ത്രമായി, അല്ലെങ്കില്‍ ഒളിയജണ്ടയായി ആണ് ഇതിനെ കാണേണ്ടത് (ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഖുര്‍ആനും ശാസ്ത്രവും നാസ്തിക സിദ്ധാന്തവും എന്ന എന്റെ പുസ്തകം കാണുക). 

പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നത് നാസ്തിക ചിന്താഗതിക്കാരുടെ കേവലം വാദമല്ലാതെ മറ്റൊന്നുമല്ല. ആ വാദം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത് ശാസ്ത്രത്തിനു വേണ്ടിയല്ല; മറിച്ച് അവരുടെ അന്ധമായ നിരീശ്വരവിശ്വാസത്തിന് ബലമേകാന്‍ വേണ്ടിയാണ്. ആദ്യമൊക്കെ മതത്തില്‍നിന്നാണ് എതിര്‍പ്പുണ്ടായതെങ്കിലും ഇന്ന് ശാസ്ത്രജ്ഞ•ാര്‍ തന്നെയാണ് പരിണാമസിദ്ധാന്തത്തിന് എതിരായി ശബ്ദമുയര്‍ത്തുന്നത്. പരിണാമസിദ്ധാന്തത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സ്വയം സാക്ഷ്യപ്പെടുത്തുന്ന ശാസ്ത്രജ്ഞ•ാരുടെ നീണ്ട ലിസ്റ്റുകള്‍ വെബ്‌സൈറ്റുകളില്‍ കാണാനാവുന്നതാണ്. ഉദാഹരണത്തിന് http://www.dissentfromdarwin.org എന്ന വെബ്‌സൈറ്റില്‍ ആയിരത്തിലേറെ ശാസ്ത്രജ്ഞരാണ് ഡാര്‍വിനിസത്തിനെതിരെ ഒപ്പിട്ടിരിക്കുന്നത്. 

ദൈവാസ്തിത്വത്തിനെതിരായുള്ള ഒരു വാദത്തിനും തെളിവ് ലഭിക്കില്ല എന്നതുതന്നെ ദൈവം സത്യമാണെന്നതിനുള്ള പരോക്ഷമായ തെളിവാണ്. ഖുര്‍ആന്‍ ഈ വസ്തുത വ്യക്തമാക്കുകയും ചെയ്യുന്നു. 'ഈ ഖുര്‍ആന്‍ എന്നില്‍നിന്നുള്ള സത്യമാണെ'ന്നും (5:48, 13:1), 'സത്യാസത്യ വിവേചന പ്രമാണവുമാണെ'ന്നും (25:1) അല്ലാഹു പ്രഖ്യാപിക്കുന്നു. അതായത്, ഖുര്‍ആനോട് യോജിക്കാത്ത ഏതു വിവരവും, അത് ശാസ്ത്രത്തിലായാലും മതത്തിലായാലും അല്ലെങ്കില്‍ വിജ്ഞാനത്തിന്റെ മറ്റേതു ശാഖയിലായാലും, അസത്യവും വ്യാജവുമായിരിക്കുമെന്ന് സാരം. അത്തരം വിവരങ്ങള്‍ മാഞ്ഞുപോകുന്നതാണെന്ന് അല്ലാഹു വെളിപ്പെടുത്തുന്നു (ഖുര്‍ആന്‍ 17:81). പരിണാമസിദ്ധാന്തം വിവാദമായിനില്‍ക്കുന്നതിനും, കാലക്രമേണ തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിനും കാരണം അതാണെന്ന് ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ മുതലെടുത്തുകൊണ്ട് നാസ്തിക ശാസ്ത്രസമൂഹം നിരീശ്വരവാദത്തെ ഇത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് യാദൃഛികമായി സ്വയംഭൂവായുണ്ടായ ഈ പ്രപഞ്ചം ആകസ്മികതയാല്‍ തന്നെ ഈ കാലമത്രയും യാതൊരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നുവെന്ന ശാസ്ത്രസമൂഹത്തിലെ നാസ്തികലോബിയുടെ വാദം തീര്‍ത്തും അസംബന്ധമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ അധികമാണ്. സുസ്ഥിര പ്രപഞ്ച സിദ്ധാന്തം, പരിണാമസിദ്ധാന്തം എന്നീ വാറോല സിദ്ധാന്തങ്ങളെ പാഠ്യവിഷയങ്ങളില്‍നിന്ന് നീക്കം ചെയ്ത് വിദ്യാഭ്യാസ പദ്ധതിയെ കുറ്റമറ്റതാക്കേണ്ടിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്