Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

എം. അബ്ദുല്‍ഖാദര്‍

വി. ഹശ്ഹാശ്

നിശ്ശബ്ദ പ്രവര്‍ത്തനത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ വേരുപിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്നു കണ്ണൂര്‍ സിറ്റിയിലെ എം. അബ്ദുല്‍ഖാദര്‍. മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദ് എം.എസ്.എഫില്‍ സജീവമായിരുന്ന കാലത്ത്, 1950-കളില്‍ എം.എസ്.എഫിന്റെ കീഴിലുള്ള ലിറ്റററി യൂനിയന്റെ സെക്രട്ടറിയായിരുന്നു എം. അബ്ദുല്‍ ഖാദര്‍. എം.എസ്.എഫ് സംസ്ഥാന സമിതി പുറത്തിറക്കിയ 'നവപ്രഭ'യില്‍ അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചം കാണുകയുണ്ടായി. പിന്നീട് മുസ്‌ലിം ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. 

ദര്‍സ് പുസ്തകങ്ങള്‍ക്കടിയില്‍ ഖുത്വ്ബാത്തിന്റെ കോപ്പി കണ്ടതിനാല്‍ അത് വലിച്ചെറിഞ്ഞ ഉസ്താദിന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ വൈജ്ഞാനികാന്വേഷണ ത്വരയെ ഉത്തേജിപ്പിച്ചു. ഹാജി സാഹിബിന്റെ ചടുലമായ നേതൃഗുണത്തില്‍ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. ഹാജി സാഹിബിന്റെ പ്രൗഢമായ ക്ലാസ്സുകളില്‍നിന്ന് കിട്ടിയ പ്രാസ്ഥാനികോര്‍ജം കണ്ണൂര്‍ നഗര പ്രദേശങ്ങളില്‍ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളുകളുടെ രൂപീകരണത്തിന് കാരണമായി. സിറ്റി സ്റ്റഡി സര്‍ക്കഌന്റെ സെക്രട്ടറിയായിരുന്ന 1960-'70 കളില്‍ നിരവധി പരിപാടികള്‍ അവിടെ സംഘടിപ്പിക്കപ്പെടുകയുണ്ടായി. 1960 ഡിസംബറില്‍ കണ്ണൂര്‍ സിറ്റിയില്‍ നടത്തിയ ദ്വിദിന പ്രഭാഷണ പരമ്പരയും 1960 ഒക്‌ടോബറില്‍ വളപട്ടണം-ചൊവ്വ സിറ്റി സര്‍ക്ക്‌ളുകള്‍ സംയുക്തമായി നടത്തിയ ഏകദിന സമ്മേളനവും 1978 മെയ് മാസത്തില്‍ ദീനുല്‍ ഇസ്‌ലാം സഭാ അങ്കണത്തില്‍ നടന്ന ത്രിദിന തര്‍ബിയത്ത് ക്യാമ്പും യഥാസ്ഥിതിക മണ്ണില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വേരോട്ടത്തിന് കാരണമായ ഘടകങ്ങളായിരുന്നു. കെ.എന്‍ അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, കെ. മൊയ്തു മൗലവി, പി.കെ അഹമ്മദ് മൗലവി, പി.കെ ഹംസ മൗലവി, ഇസ്ഹാഖ് മൗലവി, വി.എ കബീര്‍ എന്നിവരുടെ സാന്നിധ്യവും പ്രഭാഷണങ്ങളും പ്രദേശത്തെ പ്രസ്ഥാന വളര്‍ച്ചയുടെ പാതയില്‍ നാഴികക്കല്ലുകളായിരുന്നു. ഒന്നിലധികം തവണ ഹല്‍ഖാ നാസിമായും പ്രവര്‍ത്തിച്ചു.  

1950-'60 കാലത്ത് ചന്ദ്രികയിലും മറ്റ് ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങളും കുറിപ്പുകളും എഴുതി. മുജാഹിദ് നേതാവായിരുന്ന ഡോ. ഉസ്മാന്‍ സാഹിബ് 1961-ല്‍ ഇബാദത്തിനെക്കുറിച്ച് ചന്ദ്രികയില്‍ എഴുതിയ ലേഖനത്തെ വിശകലനം ചെയ്ത് പ്രമുഖ ആഗോള സലഫി പണ്ഡിതന്മാരെ ഉദ്ധരിച്ച് അദ്ദേഹം മറുലേഖനങ്ങള്‍ എഴുതി. പി. ഉമ്മര്‍ സാഹിബിന്റെ ഉപകുറിപ്പുകളും ചര്‍ച്ചകള്‍ക്ക് പിന്‍ബലം നല്‍കി. 1972-ല്‍ പൗരപ്രമുഖനായ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ഈദ്ഗാഹുകളില്‍ സ്ത്രീകള്‍ക്കുകൂടി അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രികയിലും സുദര്‍ശനത്തിലും കുറിപ്പുകളെഴുതി, അനുകൂല ഫലം നേടി. മുത്ത്വലാഖ്, മുസ്‌ലിം ജനസംഖ്യ എന്നീ വിഷയങ്ങളില്‍ തെറ്റിദ്ധാരണകളകറ്റുന്ന ലേഖനങ്ങളെഴുതി. തറവാട്ടു പദവിയുടെയും പണത്തിന്റെയും അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന നികാഹ് നടത്തിപ്പിലെ സാമൂഹികാസമത്വത്തിനെതിരെ 'നികാഹ് അകത്തും പുറത്തും' എന്ന തലക്കെട്ടിലെഴുതിയ ലേഖനങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 

പ്രബോധനം വാരികയെ അദ്ദേഹം ഹൃദയത്തിലേറ്റി.  1949 ആഗസ്റ്റ് 1-ന് പുറത്തിറങ്ങിയ പ്രബോധനം ദൈ്വവാരികയുടെ ഒന്നാം ലക്കം മുതല്‍ ഏറ്റവും പുതിയ ലക്കം വരെ ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇടക്കാലത്ത് ഇറങ്ങിയ സന്മാര്‍ഗവും ഇതിലുള്‍പ്പെടുന്നു. തന്റെ ഷോക്കേസില്‍ സൂക്ഷിച്ച അക്ഷരനിധികളുടെ അമൂല്യശേഖരത്തില്‍നിന്ന് 2 കോപ്പികള്‍ ചിതലരിച്ചതു കണ്ട അദ്ദേഹം ദിവസങ്ങളോളം ദുഃഖിതനായി കാണപ്പെട്ടു. പിന്നീട് അര നൂറ്റാണ്ടിന്റെ ഈ അക്ഷരസമ്പാദ്യം പഠന-ഗവേഷണാര്‍ഥം ജമാഅത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറി. നിരവധി മദ്‌റസ-ദര്‍സ് അധ്യാപകര്‍ക്കും, വര്‍ഷങ്ങളോളം സിറ്റി ജുമാ മസ്ജിദ് ഖത്വീബുമാരായിരുന്ന നൂറുദ്ദീന്‍ മുസ്‌ലിയാര്‍, ഉമ്മര്‍ മൗലവി എന്നിവര്‍ക്കും പ്രബോധനം എത്തിക്കുകയും പ്രാസ്ഥാനിക വിഷയങ്ങളില്‍ അവരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ്-നക്‌സലൈറ്റ് ആശയങ്ങള്‍ പച്ചപിടിച്ച ആ കാലത്ത് അവര്‍ക്കിടയില്‍ പ്രബോധനവും ഇസ്‌ലാമിക ഗ്രന്ഥങ്ങളും എത്തിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തി. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് പ്രബോധനത്തില്‍ വരുന്ന പരസ്യങ്ങള്‍ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നതില്‍ ശ്രദ്ധിച്ചു. പ്രബോധനം വരുന്നത് ഒന്നോ രണ്ടോ ദിവസം താമസിച്ചാല്‍ അക്ഷമനാകുമായിരുന്നു. രോഗബാധിതനായി വായിക്കാന്‍ പറ്റാതെ അര്‍ധബോധാവസ്ഥയില്‍ കിടക്കുമ്പോഴും ഇടക്കിടെ അന്വേഷിച്ചത് പുതിയ പ്രബോധനം വന്നോ എന്നാണ്.  

വൈജ്ഞാനികാന്വേഷണത്തിന്റെ ഭാഗമായി പ്രസ്ഥാന നായകരുമായി നിരവധി കത്തിടപാടുകള്‍ നടത്തി. 1960-കളില്‍ പ്രബോധനം പത്രാധിപരായിരുന്ന ടി. മുഹമ്മദ് സാഹിബുമായി നിരവധി വിഷയങ്ങളില്‍ നടത്തിയ എഴുത്തുകുത്തുകളും ഐ.പി.എച്ചിനെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ശൈഖ് മുഹമ്മദ് കാരകുന്നുമായി നടത്തിയ എഴുത്തിടപാടുകളും ഇതിലുള്‍പ്പെടും.  

ഖുര്‍ആനുമായി അഭേദ്യബന്ധം പുലര്‍ത്തിയ അദ്ദേഹം നിരവധി ഖുര്‍ആന്‍-ഹദീസ് ക്ലാസ്സുകളിലൂടെ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകി. ആദ്യകാലത്ത് പ്രസ്ഥാന കൃതികള്‍ വിറ്റുകിട്ടിയ മൂലധനമുപയോഗിച്ച് സിറ്റി ഘടകത്തില്‍ ലൈബ്രറി ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു. സിറ്റി ജുമുഅത്ത് പള്ളിക്ക് സമീപം വഅള് പരമ്പരയോടനുബന്ധിച്ച ലേലത്തില്‍ മറ്റുള്ളവര്‍ കാര്‍ഷികോല്‍പന്നങ്ങളം മറ്റും നല്‍കിയപ്പോള്‍ ഇദ്ദേഹം നല്‍കിയിരുന്നത് ഐ.പി.എച്ച് ഗ്രന്ഥങ്ങളായിരുന്നു. മക്കളെ ചെറുപ്പത്തില്‍തന്നെ അറബി വ്യാകരണവും ദീനീവിജ്ഞാനങ്ങളും പഠിപ്പിക്കുകയും പ്രാസ്ഥാനികവൃത്തത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്തു. ചിട്ടയായ ജീവിതവും പണമിടപാടുകളിലെ കണിശതയും എടുത്തുപറയേണ്ടതാണ്. വീട്ടിലായിരിക്കുമ്പോള്‍ തസ്ബീഹ് മാലകളും പ്രാര്‍ഥനാ പുസ്തകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. രോഗാവസ്ഥയില്‍ അദ്ദേഹം അവസാനമായി പങ്കെടുത്തത് കണ്ണൂര്‍ യൂനിറ്റി സെന്ററിലെ മൗദൂദി ചര്‍ച്ചാ സമ്മേളനത്തിലായിരുന്നു. 

ചിറക്കല്‍കുളം എം.എം.എല്‍.പി സ്‌കൂള്‍, ദാറു മദ്‌റസ, ഞാലുവയല്‍ ഐ.സി.എം, താണ മുനീറുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. 

ഭാര്യ: പരേതയായ വേലിക്കലകത്ത് സ്വഫിയ്യ. മക്കള്‍: ഫര്‍ഹാന, ഫൈനാന, ഹശ്ഹാശ്, ഫൈലാന, ഫാത്വിമ. മരുമക്കള്‍: വി.എ ജലീല്‍, ടി.പി മുഹമ്മദ് ശമീം, മുഹമ്മദ് സാഹിര്‍, മുഹമ്മദ് സഖ്‌ലൂന്‍, റിഷാന. 

വി. ഹശ്ഹാശ് 

 

 

ടി.പി ശംസുദ്ദീന്‍ മൗലവി ഇരിമ്പിളിയം

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരില്‍ ആദ്യതലമുറയില്‍പെട്ടയാളായിരുന്നു ടി.പി ശംസുദ്ദീന്‍ മൗലവി. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്തുകാരനായ അദ്ദേഹം ഹാജി സാഹിബിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് പ്രസ്ഥാനത്തോട് അടുത്തത്. അക്കാലത്ത് വളാഞ്ചേരി, ഇരിമ്പിളിയം, എടയൂര്‍ എന്നീ പ്രദേശങ്ങളില്‍ ഹാജി സാഹിബിന്റെ മേല്‍നോട്ടത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വിദ്യാര്‍ഥിയായിരുന്ന ശംസുദ്ദീന്‍ മൗലവി പ്രസ്ഥാനത്തോടുള്ള ആവേശത്താല്‍ ശാന്തപുരത്ത് പോയി പഠിക്കുകയുണ്ടായി. അന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് ആരംഭിച്ചിട്ടില്ല. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്തെ ചില സഹപാഠികളും സുഹൃത്തുക്കളും വീട്ടുകാരുമായുള്ള ബന്ധം മൗലവി മരണം വരെ കാത്തുസൂക്ഷിച്ചിരുന്നു. 

ശാന്തപുരത്ത് തുടര്‍ന്ന് പഠിക്കാന്‍ മൗലവിയുടെ സാഹചര്യം അനുകൂലമായിരുന്നില്ല. അതിനാല്‍ ജോലിയന്വേഷിച്ചു തുടങ്ങിയ അദ്ദേഹത്തെ ഹാജി സാഹിബ് എടയൂരില്‍ ആരംഭിച്ച അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ അധ്യാപകനായികൊണ്ടുവന്നു. വാര്‍ഷിക യോഗങ്ങളില്‍ പാട്ടും പ്രസംഗവുമെല്ലാം എഴുതി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ തല്‍പരനായിരുന്നു. പിന്നീടദ്ദേഹം സ്‌കൂള്‍ അധ്യാപകനായി ഗവണ്‍മെന്റ് സര്‍വീസിലേക്ക് പോയി. ഇരിമ്പിളിയത്തും സമീപപ്രദേശങ്ങളിലുമെല്ലാം സുപരിചിതനായ അദ്ദേഹത്തിന്, ജന്മദേശത്ത് പള്ളി, മദ്‌റസ പോലുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. പ്രാദേശിക അമീറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എടയൂരിലെ ഐ.ആര്‍.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായിരുന്നു. സ്ഥാപന കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചു. സ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം കുറച്ചുകാലം ഐ.ആര്‍.എസ്സില്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം സൂക്ഷ്മമായി അറിയുന്ന ഒരു സ്രോതസ്സായിരുന്നു ശംസുദ്ദീന്‍ മൗലവി. ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടു ചെറുകൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 

ഭാര്യ: പി.പി ഫാത്വിമക്കുട്ടി. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. എല്ലാവരും പ്രസ്ഥാന പ്രവര്‍ത്തകര്‍. 

വി.കെ അലി 

 

വി. അബൂബക്കര്‍ 

കോഴിക്കോട് ബാലുശ്ശേരി ഏരിയയിലെ വട്ടോളി ബസാര്‍ കാര്‍കുന്‍ ഹല്‍ഖാംഗവും ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു വി. അബൂബക്കര്‍ സാഹിബ്. സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മര്‍ഹൂം എന്‍.എ.കെ ശിവപുരത്തിന്റെയും ടി.കെ കുഞ്ഞഹമ്മദ് മൗലവിയുടെയും പ്രവര്‍ത്തനങ്ങള്‍ വഴിയാണ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുന്നത്. ബീഡിത്തെറുപ്പുകാരനായ അബൂബക്കര്‍ സാഹിബിന് പ്രസ്ഥാന സാഹിത്യങ്ങള്‍ നല്‍കുകയായിരുന്നു അവര്‍. അബൂബക്കര്‍ സാഹിബിന്റെ വിവാഹസമയത്ത് പ്രസ്ഥാന പ്രവര്‍ത്തകരുടെ സാന്നിധ്യം ഇഷ്ടപ്പെടാതിരുന്ന യാഥാസ്ഥിതിക വിഭാഗങ്ങള്‍ കടുത്ത എതിര്‍പ്പുകളാണ് സൃഷ്ടിച്ചത്. മികച്ച വായനക്കാരനായ അദ്ദേഹം പ്രബോധനത്തിന്റെ ഓരോ പേജും ശ്രദ്ധാപൂര്‍വം വായിക്കുമായിരുന്നു. ഗൃഹാന്തരീക്ഷത്തില്‍ ഇസ്‌ലാമിക നിഷ്ഠ പുലര്‍ത്താന്‍ കണിശത കാട്ടി. വളരെ വേഗത്തില്‍ പോസ്റ്ററുകളും ബോര്‍ഡുകളും എഴുതുമായിരുന്നു. പോസ്റ്ററുകള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിക്കുമ്പോള്‍ വീണ്ടും എഴുതിവെക്കും. മക്കള്‍ പ്രസ്ഥാനപ്രവര്‍ത്തകരും സഹയാത്രികരുമാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, സൈഫുല്‍ ഇസ്‌ലാം, അബ്ദുല്‍ വഹാബ്, സ്വാബിറ, ശാഹിന. 

മലയില്‍ അഹ്മദ് കോയ, ശിവപുരം 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്