ഹിക്മ, ബസ്വീറ, റുശ്ദ് വേദവ്യാഖ്യാനത്തിന്റെ ആധാരശിലകള്‍
വേദവും വിവേകവും പഠിപ്പിക്കുക പ്രവാചകനിയോഗങ്ങളില്‍ പ്രധാനമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രമാണ വായനയിലും പ്രയോഗവല്‍ക്കരണത്തിലും വിശ്വാസവും (ഈമാന്‍) വിവരവും (Information) വികാരവും (Emotion) മാത്രമല്ല വിവേകവും (Wisdom) ഉള്‍ക്കാഴ്ചയും (Insight) അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനാണ് ഖുര്‍ആന്‍ കിതാബിനോട് ഹിക്മയെ ചേര്‍ത്തുപറഞ്ഞിരിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങളുടെ ദൈവികതയും മഹത്വവും മൂല്യവും മാത്രമല്ല അവയുടെ അന്തസ്സത്തയും നടപ്പിലാക്കേണ്ട രീതിശാസ്ത്രവും മുന്‍ഗണനാക്രമവും പ്രധാനമാണ്. ഇത് തിരിച്ചറിയാത്ത, വിവേകവും യുക്തിബോധവും അന്യംനിന്ന പ്രമാണ വായന പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വേദപാഠത്തെയും പ്രവാചക ദൗത്യത്തെയും കുറിച്ച് പറയുമ്പോള്‍ ഹിക്മയെ പ്രാധാന്യപൂര്‍വം ചേര്‍ത്തുവെച്ചതിന്റെ പൊരുള്‍ പിടികിട്ടാത്തതുപോലെ! പ്രമാണ പാഠങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കലും അവ എപ്പോള്‍, എവിടെ, എങ്ങനെ പ്രയോഗവല്‍ക്കരിക്കണം എന്നതു സംബന്ധിച്ച തിരിച്ചറിവും വകതിരിവുമാണ് ഹിക്മയുടെ പൊരുള്‍. ബസ്വീറ (Insight), റുശ്ദ് (Rationality) എന്നീ പ്രയോഗങ്ങളും ഈ ചര്‍ച്ചയില്‍ പ്രസക്തമാണ്.
ഭാഷാപ്രയോഗം
ആഴവും വ്യാപ്തിയുമുള്ള നാനാര്‍ഥപ്രയോഗമാണ് ഹിക്മ. വിജ്ഞാനം, വിവേകം, തത്ത്വം, ബുദ്ധി, യുക്തി എന്നൊക്കെ ഹിക്മത്തിന് അര്‍ഥമുണ്ട്. പ്രത്യുല്‍പന്നമതിത്വം എന്ന പ്രയോഗം കൂടുതല്‍ ചേരും. ഹിക്മ ഫല്‍സഫിയ്യ എന്നാല്‍ തത്ത്വശാസ്ത്ര ദര്‍ശനം എന്നാണ്. അവബോധം (തഫഖുഹ്), ഗ്രാഹ്യം (ഇദ്‌റാക്), ജ്ഞാനം (ഇല്‍മ്) എന്നീ ആശയങ്ങളെ ഹിക്മത്ത് ഉള്‍വഹിക്കുന്നു. സത്യത്തോടും നന്മയോടും ചേര്‍ന്ന യുക്തിഭദ്രമായ ആശയങ്ങളും നിലപാടും ഉള്‍ക്കൊള്ളുന്ന ആപ്തവാക്യത്തിന് 'ഹിക്മത്തുന്‍ ബാലിഗ' എന്നു പറയും. 'ഉദ്‌ബോധന ലക്ഷ്യം സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കുന്ന തത്ത്വങ്ങള്‍'1 എന്ന ഖുര്‍ആന്‍ പ്രസ്താവം ഈ അര്‍ഥത്തിലുള്ളതാണ്.2 ഹിക്മത്തിന്റെ രൂപഭേദമായ ഹകമത്തിന് ഭാഷയിലുള്ള പ്രയോഗം ഇതിന്റെ അടിസ്ഥാന ആശയം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. കുതിരയുടെ കടിയിരുമ്പിനാണ് ഹകമത്ത് എന്ന് പറയുന്നത്. കുതിരയുടെ മോട്ട് നിയന്ത്രിക്കാനുള്ള ഉപകരണമാണത്. അമിതവേഗത്തില്‍നിന്ന് ഈ ഇരുമ്പ് കുതിരയെ തടയുകയും അതിനെ യാത്രക്കാരന് നിയന്ത്രണവിധേയമാക്കിക്കൊടുക്കുകയും ചെയ്യുന്നു.3 യന്ത്രങ്ങളുടെ പ്രവര്‍ത്തന വേഗം ക്രമീകരിക്കാനുള്ള ഉപകരണത്തിന് ഹകമത്തുല്ലിജാം എന്ന് പറയും. ഈ ധാതുവില്‍നിന്നാണ് ഹിക്മത്ത് നിഷ്പന്നമായത്. അപക്വവും വിവേകശൂന്യവുമായ കര്‍മങ്ങളില്‍നിന്ന് ഹിക്മത്ത് വ്യക്തികളെ തടയുന്നു. ഒരു കാര്യം ഭദ്രവും യുക്തിപൂര്‍ണവുമായി ചെയ്യാനും തോന്നിയതെന്തും അപ്പടി പ്രവര്‍ത്തിക്കാതിരിക്കാനും വിനാശകരമായ പരിണതികള്‍ മുന്‍കൂട്ടികണ്ട് ചില പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ഹിക്മത്ത് വ്യക്തികളെ പര്യാപ്തരാക്കുന്നു.4 പ്രമാണ പാഠങ്ങളുടെ നിയന്ത്രണരേഖയും അതിലെ തത്ത്വങ്ങള്‍ക്ക് കര്‍മരൂപം നല്‍കുമ്പോഴുണ്ടാകേണ്ട വകതിരിവുമാണ് കിതാബിനോട് ചേര്‍ത്തുപറഞ്ഞ ഹിക്മത്തിന്റെ ആശയമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പ്രമാണ വായനയില്‍ ഹിക്മത്തിനെ യഥാവിധി ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ദീനീ പ്രബോധകരും പ്രഭാഷകരും മോട്ട് കാട്ടി പ്രകോപകരും വിവേകശൂന്യരുമായി പ്രവര്‍ത്തിക്കുന്നത്. തോന്നുന്നതെന്തും പ്രഭാഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ തെളിവായി പ്രമാണങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതു കാണാം. പക്ഷേ, പ്രമാണത്തിന്റെ കാമ്പായ ഹിക്മത്ത് അവര്‍ കാണാതെ പോയിരിക്കുന്നു.
കാര്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും മികച്ച അറിവുകള്‍ വഴി ആര്‍ജിച്ചെടുക്കുന്നതുമാണ് ഹിക്മത്ത്. അറിവ്, തത്ത്വശാസ്ത്രം, വിവരം, ഉള്‍ക്കാഴ്ച തുടങ്ങിയവ ഒരാളില്‍ മേളിക്കുമ്പോഴാണ് അയാള്‍ വിവേകിയും യുക്തിബോധമുള്ളവനും (ഹകീം-അഹ്‌ലുല്‍ ഹിക്മ) ആയിത്തീരുന്നത്. വര്‍ധിച്ച നന്മ ലഭിച്ച വ്യക്തിത്വത്തിന്റെ അടയാളമാണതെന്ന് ഖുര്‍ആന്‍ പറയുന്നു: 'ഹിക്മത്ത് ലഭിച്ചവന് അത്യധികം നന്മ നല്‍കപ്പെട്ടിരിക്കുന്നു'5 എന്ന ആയത്ത് ഓര്‍ക്കുക. ഖുര്‍ആനിലെ തത്ത്വങ്ങള്‍ക്കും നിയമശാസനകള്‍ക്കും കര്‍മരൂപം നല്‍കുമ്പോള്‍ ദീക്ഷിക്കേണ്ട വിവേകത്തെയും യുക്തിബോധത്തെയും വര്‍ധിച്ച നന്മയായി എടുത്തുപറഞ്ഞത്, പേജുകളിലെ ആശയങ്ങള്‍ ജീവിതത്തിലേക്ക് ആവിഷ്‌കരിക്കുമ്പോള്‍ എത്രമാത്രം ജാഗ്രതയുണ്ടാകണം എന്ന് പഠിപ്പിക്കാന്‍ കൂടിയാണ്.
ബുദ്ധി (ദകാഅ്), വിവരം (മഅ്‌രിഫത്ത്), വിചാരം (ഇറാദത്ത്) എന്നിവ ചേര്‍ന്നതാണ് ഹിക്മത്ത്. ബുദ്ധിസാമര്‍ഥ്യവും കാര്യബോധവുമാണ് 'ദകാഅ്'. വിവരം, ബോധം, അറിവ് എന്നീ ആശയങ്ങളാണ് 'മഅ്‌രിഫത്ത്' ഉള്‍ക്കൊള്ളുന്നത്. ഇഛ, ഉദ്ദേശ്യം, പ്രജ്ഞ, നിനവ് എന്നൊക്കെയാണ് 'ഇറാദത്തി'ന്റെ അര്‍ഥം; വിചാരപരമാണത്. ഇവ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ഹിക്മത്തെങ്കില്‍ അതിന്റെ ആഴവും പരപ്പും ചിന്തിക്കാവുന്നതേയുള്ളൂ. ഈ മൂന്ന് ഘടകങ്ങള്‍ പൂര്‍ണമാകുന്നതിനനുസരിച്ചാണ് 'ഹിക്മത്ത്' പൂര്‍ണത പ്രാപിക്കുന്നത്. ബുദ്ധി മാത്രം മനുഷ്യനെ തത്ത്വജ്ഞാനിയും യുക്തിബോധമുള്ളവനും (ഹകീം) ആക്കുകയില്ല. യാഥാര്‍ഥ്യബോധവും അനുഭവജ്ഞാനവുമില്ലാത്ത ബൗദ്ധിക ശക്തി, സങ്കല്‍പങ്ങളും അനുമാനങ്ങളും മാത്രമേ രൂപപ്പെടുത്തൂ. ബൗദ്ധികത ചേരാത്ത കേവല വിവരങ്ങള്‍ (Information) പ്രയോജനരഹിതമായേക്കും. അത്തരം വിവരങ്ങള്‍ ബുദ്ധി ഉപയോഗിക്കാതെ പ്രാവര്‍ത്തികമാക്കിയാല്‍ അപകടങ്ങളും സംഭവിക്കും. മനഃപാഠമാക്കലും (ഹിഫഌ) ഉദ്ധരിക്കലും (നഖ്ല്‍) മാത്രമേ ആ വിവരങ്ങള്‍കൊണ്ട് സാധിക്കൂ. ബുദ്ധിയുമായി ചേര്‍ത്തുവെക്കാതെ അവയെ സ്ഫുടം ചെയ്‌തെടുക്കാനോ, ആശയങ്ങളാക്കി രൂപപ്പെടുത്താനോ, വളര്‍ത്താനോ സാധിക്കുകയില്ല. ധൈഷണിക ഇടപെടലുകള്‍ക്ക് വിധേയമാകാത്ത വിവരങ്ങളില്‍നിന്ന് യുക്തിപൂര്‍ണമായ നിലപാടുകള്‍ പിറക്കില്ല. അവബോധങ്ങളുടെ അപര്യാപ്തത കാരണം അസ്ഥാനത്തായിരിക്കും അവയുടെ രംഗപ്രവേശം.
കൂര്‍മബുദ്ധിയും വിശാലമായ അനുഭവങ്ങളും ഉണ്ടായതുകൊണ്ടു മാത്രം ഒരാള്‍ ഹകീം (യുക്തിജ്ഞാനി-വിവേകി) ആവുകയില്ല. അതിന് വിചാരം കൂടി വേണം. ആലോചന, ചിന്ത, ഉത്സാഹം, ശ്രദ്ധ എന്നിവ ചേര്‍ന്നതാണ് വിചാരം. ബുദ്ധിയും വിവരവും വിചാരങ്ങളാല്‍ സമ്പന്നമാകണം. അനുഭവപരതക്ക് നമ്മെ വിധേയപ്പെടുത്തുന്നത് പ്രത്യുല്‍പന്നമതിത്വമുള്ള വിചാരമാണ്. തത്ത്വത്തിനും പ്രയോഗത്തിനുമിടയില്‍ സമന്വയം സാധ്യമാകുന്നതിലും വിചാരത്തിന് പങ്കുണ്ട്. ബുദ്ധി ദൈവിക ദാനമാണ്. അറിവ് ആര്‍ജിതയോഗ്യതയും. എന്നാല്‍ ജന്മസിദ്ധിയോടൊപ്പം വിചാരം വലിയൊരളവോളം സമൂഹത്തിന്റെ സംഭാവനയുമാണ്. തീരുമാനശേഷി, ഇഛാശക്തി, മാനസികമായ ഉള്‍ക്കൊള്ളലും താദാത്മ്യപ്പെടലുമെല്ലാം പ്രജ്ഞയും വിചാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ അര്‍ഥ വൈപുല്യത്തെ ആധാരമാക്കി ചിന്തിച്ചാല്‍ പ്രമാണങ്ങൡലക്ക് അടിക്കുന്ന വെളിച്ചമായി ഹിക്മത്തിനെ മനസ്സിലാക്കാം. ബുദ്ധിയും വിവരവും വിചാരവും ഉപയോഗിച്ചുകൊണ്ടാണ് ഖുര്‍ആനും സുന്നത്തും വായിച്ചുമനസ്സിലാക്കേണ്ടതും അവയിലെ നിയമനിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതും എന്ന തിരിച്ചറിവ് ഇത് നല്‍കുന്നു. അപ്പോഴാണത് നിര്‍മാണാത്മകമാകുന്നത്. ഇതില്‍ ഏതെങ്കിലുമൊന്ന് ഇല്ലാതായാല്‍ വെളിച്ചം പരക്കാതാവും.
വിവരം എത്രകൂടിയ അളവിലുണ്ടെങ്കിലും ഹിക്മത്തിന്റെ മൂന്നിലൊന്നേ വരൂ. ആലിമും (പണ്ഡിതന്‍) ഹകീമും (വിവേകിയായ യുക്തിജ്ഞാനി) തമ്മില്‍ അന്തരമുണ്ടല്ലോ. ഒരു വിഷയത്തില്‍ വിവരത്തിന്റെ ഉച്ചിയില്‍ നില്‍ക്കുന്നവരുണ്ടാകും. പക്ഷേ, അവര്‍ ഹകീം ആകണമെന്നില്ല. ഒരു ഹകീം ചിലപ്പോള്‍ ഏതെങ്കിലും വിഷയത്തില്‍ അഗാധമായ വിവരശേഖരമുള്ള ആളായിക്കൊള്ളണമെന്നുമില്ല. സിദ്ധാന്തങ്ങളും പ്രയോഗങ്ങളും തമ്മില്‍ സമന്വയിപ്പിക്കുന്നത് ഹകീമാണ്. വിവരങ്ങള്‍ വിഘടിപ്പിക്കാനും വ്യവസ്ഥപ്പെടുത്താനും വിതരണം ചെയ്യാനും ആലിമിന് സാധിക്കും, ഹിക്മത്ത് ഇല്ലെങ്കിലും. എന്നാല്‍, തത്ത്വങ്ങളെയും നിയമങ്ങളെയും അവസരോചിതം ഫലപ്രദമായി സംഭവലോകത്ത് പ്രാവര്‍ത്തികമാക്കാന്‍ ഹിക്മത്ത് അനിവാര്യം. ഭൂതം-ഭാവി-വര്‍ത്തമാനം എന്നീ ത്രികാലങ്ങളെ മനോഹരമായി കോര്‍ത്തിണക്കി സമഗ്ര കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുംവിധത്തില്‍ ആശയരൂപീകരണം നടത്തുന്നതും ഹിക്മത്തിന്റെ പിന്‍ബലത്തിലാണ്. 'അല്ലാഹു താങ്കള്‍ക്ക് വേദവും തത്ത്വജ്ഞാനവും അവതരിപ്പിച്ചുതന്നിരിക്കുന്നു, താങ്കള്‍ക്ക് അജ്ഞാതമായത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു' എന്ന ഖുര്‍ആന്‍ വചനം ഇതാണ് സൂചിപ്പിക്കുന്നത്. ഇവിടെ പറഞ്ഞ ഹിക്മത്തിനെ ഒരു കളത്തിലോ രൂപത്തിലോ പരിമിതപ്പെടുത്താനാകില്ല. വേദവിജ്ഞാനീയത്തെ വ്യവസ്ഥാപിത കര്‍മങ്ങളാക്കുന്നതിന്റെ ആധാരശിലയാകണം ഹിക്മത്ത്. വിവരങ്ങളിലേക്ക് (Information) വിവേകം (Wisdom) ചേരുമ്പോഴാണ് അവ വിജ്ഞാനം (Knowledge) ആകുന്നത്. അടുക്കും ചിട്ടയിലും സൂക്ഷിച്ച അറിവിന്റെ ഖജനാവാണ് പ്രമാണങ്ങള്‍. ആ അറിവിനെ ചലനാത്മകവും പ്രയോജനകരവുമാക്കുന്നത് ഹിക്മത്താണ്. അതുകൊണ്ടാണ് ഹിക്മത്ത് അല്ലാഹു നല്‍കുന്ന വര്‍ധിച്ച നന്മയാണെന്ന് ഖുര്‍ആന്‍ പറഞ്ഞത്.
പ്രമാണവും ഹിക്മത്തും
വിശുദ്ധ ഖുര്‍ആന്‍ ഇരുപത് ഇടങ്ങളില്‍ ഹിക്മത്ത് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ബുദ്ധി, യുക്തി, വിവേകം എന്നിങ്ങനെയുള്ള ഹിക്മത്തിന്റെ ഭാഷാര്‍ഥങ്ങളെല്ലാം അവിടങ്ങളില്‍ യോജിക്കും. കുതിരയുടെയും യന്ത്രങ്ങളുടെയും വേഗത നിയന്ത്രിക്കുന്ന 'ഹകമത്ത്' എന്ന നാമരൂപത്തിന്റെ പ്രയോഗാര്‍ഥം, പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലുമുള്ള നിയന്ത്രണരേഖ എന്ന ആശയത്തില്‍ ഖുര്‍ആന്‍ പ്രയോഗത്തോട് നന്നായി ചേരും. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന അനുഗ്രഹപൂര്‍ണമായ അറിവ്, പ്രവാചകന്മാര്‍ക്ക് നല്‍കുന്ന വിശേഷ ജ്ഞാനം, വേദഗ്രന്ഥങ്ങളോടൊപ്പം നല്‍കുന്ന പ്രയോഗയുക്തിബോധം, പ്രബോധന രംഗത്ത് പാലിക്കേണ്ട യുക്തിദീക്ഷ തുടങ്ങിയ ആശയങ്ങളിലാണ് ഖുര്‍ആനില്‍ ഹിക്മത്ത് ഉപയോഗിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ ഹിക്മത്ത് വന്നിട്ടുള്ള സന്ദര്‍ഭങ്ങളും രൂപങ്ങളും പരിശോധിച്ചാല്‍ പ്രമാണവായനയില്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. മുഴുവന്‍ പ്രവാചകന്മാരെയും പൊതുവായി പറഞ്ഞും ഇബ്‌റാഹീം, ഈസാ, ദാവൂദ്, ലുഖ്മാന്‍, മുഹമ്മദ് എന്നിവരെ പേരെടുത്തുപറഞ്ഞും അവര്‍ക്ക് ഹിക്മത്ത് നല്‍കിയതായി പ്രസ്താവിക്കുന്നു. ഇഞ്ചീല്‍, തൗറാത്ത്, ഖുര്‍ആന്‍ എന്നിവയോടൊപ്പം ഹിക്മത്ത് നല്‍കിയതായും പറയുന്നുണ്ട്. വേദഗ്രന്ഥങ്ങള്‍ എങ്ങനെ മനസ്സിലാക്കണം എന്ന തിരിച്ചറിവ് കൂടി പ്രവാചകന്മാര്‍ക്കും അനുയായികള്‍ക്കും പഠിപ്പിച്ചിരുന്നുവെന്നാണ് ഇതിലൂടെ നല്‍കുന്ന സന്ദേശം.
ഖുര്‍ആനില്‍ ഹിക്മത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അഞ്ച് സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കുക:
1. ഹിക്മത്ത് അല്ലാഹുവിന്റെ അനുഗ്രഹമാണ്, അതില്‍ അത്യധികം നന്മകള്‍ അടങ്ങിയിരിക്കുന്നു. ''അല്ലാഹു നിങ്ങളില്‍ വര്‍ഷിച്ച അനുഗ്രഹത്തെയും നിങ്ങള്‍ക്കു വേണ്ടി അവതരിപ്പിച്ച വേദത്തെയും തത്ത്വജ്ഞാനത്തെയും ഓര്‍ത്തുകൊണ്ടിരിക്കുക...''6 ഹിക്മത്തിലെ വര്‍ധിച്ച നന്മയെക്കുറിച്ച് പറയുന്ന ആയത്ത് നേരത്തേ ഉദ്ധരിക്കുകയുണ്ടായി.
2. എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹു വേദത്തോടൊപ്പം ഹിക്മത്തും നല്‍കിയിട്ടുണ്ട്. ''ഓര്‍ക്കുവിന്‍, അല്ലാഹു പ്രവാചകന്മാരില്‍നിന്ന് ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ..''7 പ്രവാചകന്മാരുടെ വേദാധ്യയനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും അര്‍ഥവത്തായിത്തീരുന്നത് 'ഹിക്മത്ത്' കൊണ്ടു കൂടിയാണ്.
3. ഇരുപത് ഇടങ്ങളില്‍ ഖുര്‍ആന്‍ 'ഹിക്മത്ത്' എന്ന പദം ഉപയോഗിച്ചപ്പോള്‍ അതില്‍ പത്തും കിതാബിനോട് ചേര്‍ത്താണ്. ''അല്ലാഹു അവന് വേദവും തത്ത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രാഈല്‍ വംശത്തിലേക്ക് ദൈവദൂതനായി നിയോഗിക്കുകയും ചെയ്യും.''8
4. ഭരണാധികാരികള്‍ വിവേകശാലികളായിരിക്കണം; ''ഭരണാധികാരത്തോടൊപ്പം അത് എങ്ങനെ നിര്‍വഹിക്കണമെന്ന മാര്‍ഗദര്‍ശനം (ഹിക്മ) അല്ലാഹു നല്‍കി.''9
5. ബൗദ്ധികവും മാനസികവുമായ പ്രവര്‍ത്തനമാണ് ഹിക്മത്തെന്ന് മനസ്സിലാക്കാനാണ് ബുദ്ധി, ചേതന, മനസ്സ്, ഉള്‍ക്കാമ്പ് തുടങ്ങിയ അര്‍ഥങ്ങളുള്ള 'ലുബ്ബി'നോട് ചേര്‍ത്ത് അല്‍ബഖറയിലെ 269-ാം ആയത്തില്‍ ഹിക്മത്ത് ഉപയോഗിച്ചിട്ടുള്ളത്.
പ്രവാചകന്മാര്‍ക്ക് വേദഗ്രന്ഥങ്ങള്‍ മാത്രമല്ല അല്ലാഹു നല്‍കിയത്; അവയിലെ തത്ത്വങ്ങളും വിധിവിലക്കുകളും എങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്നതു സംബന്ധിച്ച മാര്‍ഗദര്‍ശനവും നല്‍കി. പ്രമാണ പാഠങ്ങളെ സമീപിക്കുമ്പോഴുണ്ടായിരിക്കേണ്ട വിവേകവും യുക്തിബോധവും പഠിപ്പിച്ചു-ഇതാണ് ഹിക്മത്തെന്ന് മുന്‍ സൂക്തങ്ങളില്‍നിന്ന് മനസ്സിലാക്കാം. പ്രമാണ വായനയിലെ സുപ്രധാനമായ പാഠഭാഗമാണിത്. കിതാബും ഹിക്മത്തും ഉപയോഗിച്ച ആയത്തുകളിലെല്ലാം കിതാബിന് ശേഷമാണ് 'ഹിക്മത്ത്' വന്നിട്ടുള്ളത്. രണ്ട് അര്‍ഥങ്ങളുണ്ട് അതിന്. ഒന്ന്, കിതാബിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി മാത്രമേ ഹിക്മ വരാന്‍ പാടുള്ളൂ. വേദപാഠങ്ങള്‍ക്കപ്പുറം, അതിന്റെ വെളിച്ചമോ വലയമോ സ്വീകരിക്കാതെ സ്വതന്ത്രമായി വളര്‍ന്നാല്‍ 'ഹിക്മ' വഴിതെറ്റിപ്പോകും. ഫിലോസഫിയുടെ അവസ്ഥാന്തരങ്ങള്‍ അത്തരമൊരു അനുഭവം തരുന്നുണ്ട്. രണ്ട്, ഹിക്മത്തോടെ മാത്രമേ വേദപാഠങ്ങള്‍ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ പാടുള്ളൂ. തത്ത്വദീക്ഷയില്ലാതെ പ്രമാണങ്ങളെ സമീപിച്ചാല്‍ അബദ്ധം പിണയും. അതുകൊണ്ട് കിതാബിനോടൊപ്പം ഹിക്മത്തും കൈവശമുണ്ടാകണം. ഹിക്മത്ത് പ്രധാനമായും രണ്ട് വിധത്തിലുണ്ട്. ഒന്ന് താത്ത്വികം, രണ്ടാമത്തേത് പ്രായോഗികം. വിഷയങ്ങളുടെ ആത്മാവ് അറിയലാണ് താത്ത്വിക ഹിക്മ. കാര്യകാരണബന്ധങ്ങള്‍ മനസ്സിലാക്കിയും കൃത്യത വരുത്തിയുമുള്ള ആശയഗ്രാഹ്യമാണിത്. ഒരു കാര്യം യഥാസ്ഥാനത്ത് ആവശ്യമായ തോതില്‍ നിശ്ചിത സമയത്തുതന്നെ ചെയ്യലാണ് പ്രായോഗിക ഹിക്മ.
മുഹമ്മദ് നബിക്ക് ഖുര്‍ആനും ഹിക്മത്തും നല്‍കി എന്ന് മൂന്ന് സ്ഥലങ്ങളിലും, ഹിക്മത്ത് നല്‍കി എന്ന് മറ്റു രണ്ടു സ്ഥലങ്ങളിലും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. 'അല്ലാഹു താങ്കള്‍ക്ക് വേദവും തത്ത്വജ്ഞാനവും (ഹിക്മത്ത്) അവതരിപ്പിച്ചുതന്നിരിക്കുന്നു. താങ്കള്‍ക്ക് അജ്ഞാതമായിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു'വെന്ന് നബിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പറയുന്നത്.10 'നിങ്ങള്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിത്തരികയും നിങ്ങളെ സംസ്‌കരിക്കുകയും ഗ്രന്ഥജ്ഞാനവും (കിതാബ്) തത്ത്വജ്ഞാനവും പഠിപ്പിക്കുകയും നിങ്ങള്‍ക്കജ്ഞാതമായിരുന്ന പല കാര്യങ്ങളും അറിയിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ നിങ്ങളില്‍നിന്ന് തന്നെ നാം നിയോഗിച്ചതുപോലെ' എന്ന് ജനങ്ങളോട് പറയുന്നു.11 'അവര്‍ക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ പറഞ്ഞുകൊടുക്കുകയും അവരെ സംസ്‌കരിക്കുകയും കിതാബും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്നു'12എന്നാണ് മറ്റൊരിടത്ത്. ഒരേ ആശയമാണ് മൂന്ന് ആയത്തുകളിലുമുള്ളത്. ഖുര്‍ആനാണ് കിതാബ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഖുര്‍ആനിന്റെ ഉള്ളടക്കം മനസ്സിലാക്കേണ്ട രീതിശാസ്ത്രവും നടപ്പിലാക്കേണ്ട മുന്‍ഗണനാ ക്രമവും മറ്റുമാണ് ഹിക്മത്ത്. സ്വഹാബിമാരും താബിഉകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹിക്മത്തിന് നല്‍കിയ വിശദീകരണം ഈ ആശയം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഇമാം മാലിക്, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ നിര്‍വചനമാണ് അവയിലേറ്റവും ശ്രദ്ധേയം. ആവശ്യമുള്ള കാര്യം അനുയോജ്യമായ രീതിയില്‍ സന്ദര്‍ഭാനുസാരം ചെയ്യലാണ് ഹിക്മത്ത് എന്ന ഇബ്‌നുല്‍ ഖയ്യിമിന്റെ വാക്കുകള്‍ ചിന്തനീയമാണ്.13 അപ്പോള്‍, ഖുര്‍ആനില്‍നിന്ന്, വിശേഷിച്ചും ഹദീസില്‍നിന്ന് സന്ദര്‍ഭത്തിനു ചേര്‍ന്ന കാര്യങ്ങള്‍ ആവശ്യമായ രീതിയില്‍ ഉദ്ധരിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ് ചെയ്യേണ്ടണ്ടത്, ഇത് ഹിക്മത്തിന്റെ താല്‍പര്യമാണ്. എന്നാല്‍ ഈ ഹിക്മത്ത് നിരാകരിച്ചാണ് പലരും ആയത്തും ഹദീസും ഉദ്ധരിക്കാറുള്ളത്. 'ഖുര്‍ആനെ സംബന്ധിച്ച ശരിയായ ജ്ഞാനവും അഗാധമായ അറിവുമാണ് ഹിക്മത്ത്. 'നിയമങ്ങളുടെ വിവിധ രൂപങ്ങള്‍ മനസ്സിലാക്കലാണ് ഹിക്മത്ത്; അനുവദനീയം, നിഷിദ്ധം, അവതരണത്തിന്റെ മുന്‍ഗണനാ ക്രമം, ഖണ്ഡിത വിധികള്‍, സദൃശ്യങ്ങള്‍, ദുര്‍ബലമാക്കുന്നതും ദുര്‍ബലപ്പെട്ടതും തുടങ്ങിയവ അറിയല്‍' എന്ന് ഇബ്‌നു അബ്ബാസ് പറയുന്നു.14 ഇമാം നവവിയുടെ നിര്‍വചനം ഇപ്രകാരമാണ്: ''വിധിന്യായങ്ങളെ കുറിച്ച ജ്ഞാനമാണ് ഹിക്മത്ത്. ഖുര്‍ആന്‍ നിയമങ്ങള്‍ നടപ്പിലാക്കുമ്പോഴുണ്ടാകേണ്ട ഉള്‍ക്കാഴ്ച, യാഥാര്‍ഥ്യബോധം, അതിനനുസരിച്ച കര്‍മങ്ങള്‍, തെറ്റായ വഴികളില്‍നിന്നും സ്വേഛകളില്‍നിന്നുമുള്ള മുക്തി എന്നിവയുള്ളവനാണ് ഹകീം.''15 ഇമാം മാലികിന്റെ വിശദീകരണം കുറേകൂടി വിപുലമാണ്: ''ദീനിനെ സംബന്ധിച്ച ശരിയായ ജ്ഞാനവും പ്രമാണവ്യാഖ്യാനത്തെക്കുറിച്ച അറിവുമാണ് ഹിക്മത്ത്; അതില്‍ അവഗാഹം നേടലും അനുധാവനം ചെയ്യലും.''16 ഇനി, 'ഒരു കാര്യം യഥാസ്ഥാനത്ത് വെക്കലാണ് ഹിക്മത്ത്' എന്ന അബൂഇസ്മാഈല്‍ ഹര്‍വിയുടെ നിര്‍വചനത്തെക്കുറിച്ച് ചിന്തിക്കുക17, പ്രമാണവായനയില്‍ ഹിക്മത്തിന്റെ പ്രസക്തി സുതരാം വ്യക്തമാകും. ഖുര്‍ആനിലെയും സുന്നത്തിലെയും നിയമവിധികളും മാര്‍ഗനിര്‍ദേശങ്ങളും സ്ഥലകാല ബോധമില്ലാതെയും മുന്‍ഗണനാ ക്രമം പാലിക്കാതെയും പ്രാവര്‍ത്തികമാക്കുന്നതിനെ വിലക്കുന്നതാണ് ഹിക്മത്തെന്ന് മനസ്സിലാക്കാം. പ്രമാണവായനയുടെ മെത്തഡോളജിയാണ് ഹിക്മത്ത്.
'അതിസൂക്ഷ്മമായ ഗ്രാഹ്യവും ബൗദ്ധിക സുബദ്ധതയുമാണ് ഹിക്മത്ത്' എന്ന ഇബ്‌നു ആശൂറിന്റെയും 'ഖുര്‍ആനിനെ ശരിയായി ഗ്രഹിക്കലാണ് ഹിക്മത്തെ'ന്ന മുജാഹിദിന്റെയും വിവരണം പ്രമാണവായനയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നു.18 വായനയിലെ അബദ്ധങ്ങള്‍ ഹിക്മത്തിന് വിരുദ്ധമായിത്തീരുന്നു. അറിവും കര്‍മവുമാണ് ഹിക്മത്ത്. ഇവ രണ്ടും സമന്വയിപ്പിക്കുമ്പോള്‍ മാത്രമേ ഒരാള്‍ യുക്തിമാനും വിവേകിയും ആവുകയുള്ളൂ എന്ന് ഇബ്‌നു ഖുതൈബ. ഖുര്‍ആനിന്റെ ശരിയായ ഗ്രാഹ്യവും വാക്കിലും കര്‍മത്തിലുമുള്ള സുബദ്ധതയുമാണ് ഹിക്മത്തെന്ന് ഇബ്‌റാഹീമുന്നഖഈ.19 ഒരു കാര്യം എങ്ങനെയാണോ ഉള്ളത്, ആശയക്കുഴപ്പങ്ങളോ കലര്‍പ്പുകളോ ഇല്ലാതെ അത് യഥാര്‍ഥ രൂപത്തില്‍തന്നെ മനസ്സിലാക്കലും ഹിക്മത്തില്‍പെടുന്നു. പിഴവുകളില്‍നിന്ന്, തെറ്റിന്റെ ഛായയില്‍നിന്ന്, അവിവേകത്തിന്റെ ലാഞ്ജനകളില്‍നിന്ന് മുക്തമായ സുഭദ്രമായ അറിവിനെ ഹിക്മത്തെന്ന് വിളിക്കാം.20 അല്ലാഹു മനുഷ്യന് നല്‍കിയ സവിശേഷ സിദ്ധിയാണ് ഹിക്മത്ത്. അതുകൊണ്ട് മനുഷ്യബുദ്ധി പ്രകാശമാനമാകുന്നു. ഹിക്മത്ത് ഇല്ലെങ്കില്‍ ഖുര്‍ആന്‍ ആശയങ്ങള്‍ പ്രയോജനകരമായിത്തീരില്ല. 'അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഹിക്മത്ത് നല്‍കുന്നു' എന്ന ആയത്ത് ഓതിയ ശേഷം ദീനിലെ ബൗദ്ധിക പ്രവര്‍ത്തനമാണ് ഹിക്മത്തെന്ന് ഇബ്‌നു സൈദ് വിശദീകരിക്കുകയുണ്ടായി.21
ജ്ഞാനകുശലതയും അതിനനുസരിച്ച കര്‍മനിര്‍വഹണവുമാണ് ഹിക്മത്ത്. അറബികളുടെ നാവിലും ഗ്രീക്കുകാരുടെ ബുദ്ധിയിലും ചൈനക്കാരുടെ കൈകളിലും ഹിക്മത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത് അതുകൊണ്ടാണ്. അപകടങ്ങളില്‍നിന്നും അബദ്ധ വഴികളില്‍നിന്നും തടയുകയെന്നത് ഹിക്മത്തിന്റെ അടിസ്ഥാന ഭാഷാപ്രയോഗത്തില്‍തന്നെ അടങ്ങിയിട്ടുള്ള ആശയമാണ്.22 അറിവിനെ ക്രിയാത്മക കര്‍മവും ഗുണാത്മക അനുഭവവുമാക്കി മാറ്റുന്നത് ഹിക്മത്താണ്. ആയുധനിര്‍മാണവും മരുന്ന് ഉല്‍പാദനവും 'അറിവു'കൊണ്ട് സാധിക്കും. എന്നാല്‍ എപ്പോള്‍, എവിടെ, എങ്ങനെ, ഏതളവില്‍ ആയുധവും മരുന്നും ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ വിവേകവും യുക്തിബോധവും അത്യന്താപേക്ഷിതമാണ്. വിവേകശൂന്യമായും നന്മേഛയില്ലാതെയും ആയുധങ്ങളും മരുന്നും ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നതിന് വിശദീകരണമോ ഉദാഹരണമോ ആവശ്യമില്ലാത്ത കാലമാണിത്. പ്രമാണവായനയുടെ വിഷയവും ഇതുതന്നെയാണ്. ഖുര്‍ആനിലും സുന്നത്തിലും അറിവിന്റെ മഹാലോകമുണ്ട്. വിധിവിലക്കുകളായി, ധാര്‍മിക ഉപദേശങ്ങളായി, ചിന്തനീയ തത്ത്വങ്ങളായി അവ പരന്നുകിടക്കുന്നു. വിവേകത്തിന്റെ വെളിച്ചമില്ലാതെ, യുക്തിബോധത്തിന്റെ തെളിച്ചമില്ലാതെ ആ വിധിവിലക്കുകളും ഉപദേശനിര്‍ദേശങ്ങളും എവിടെയും എങ്ങനെയും എപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ തുനിയുന്നത് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ അസ്വസ്ഥതകളും അപകടങ്ങളും സൃഷ്ടിക്കാന്‍ കാരണാകും. പ്രമാണപാഠങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ സമയവും സന്ദര്‍ഭവും കാലവും ദേശവുമൊക്കെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ അവസ്ഥാന്തരങ്ങള്‍ ചില വിധികളുടെ കാര്യത്തില്‍ പ്രധാനമായിരിക്കും. യാഥാര്‍ഥ്യലോകത്തുനിന്ന് ചിന്തിക്കുമ്പോള്‍ മുന്‍ഗണനകളില്‍ മാറ്റം വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരു രാജ്യത്തിന്റെ ഭരണഘടനയില്‍ അനേകം കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. മൗലിക തത്ത്വങ്ങള്‍, മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ തുടങ്ങി പല അടരുകളായി അവ വേര്‍തിരിക്കപ്പെടുന്നു. അവയെല്ലാം, ഒരുപോലെ, ഒരേസമയം എല്ലാവരും നടപ്പിലാക്കേണ്ടതല്ലല്ലോ. അങ്ങനെ തുടങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ഥയെന്തായിരിക്കും! ഈ തത്ത്വം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും വലിയ അളവില്‍ ബാധകമാണ്. ഇതൊന്നും പക്ഷേ, ഏതാനും വ്യക്തികള്‍ തങ്ങളുടെ അഭിരുചികള്‍ക്കും ആവേശത്തിനും വികാരങ്ങള്‍ക്കുമനുസരിച്ച് തീരുമാനിക്കേണ്ടതല്ല. മഹാപണ്ഡിതന്മാരോ, പണ്ഡിതകൂട്ടായ്മകളോ സമയാസമയങ്ങളില്‍ ഗഹനമായി ചിന്തിച്ചും ചര്‍ച്ച ചെയ്തും രൂപപ്പെടുത്തേണ്ടതാണ്. സംഭവലോകത്തിന്റെ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ വാഖിഅ്) എന്ന വിജ്ഞാനശാഖ ഇത് പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്.
കുറിപ്പുകള്‍:
1. അല്‍ഖമര്‍: 5
2. ഖാമൂസ് അല്‍മആനി
3. ലിസാനുല്‍ അറബ് 2/426
4. അല്‍ഖാമൂസുല്‍ മുഹീത്വ് 1415, ലിസാനുല്‍ അറബ് 12/143
5. അല്‍ബഖറ: 269
6. അല്‍ബഖറ: 231
7. ആലുഇംറാന്‍: 81
8. ആലുഇംറാന്‍: 48
9. അല്‍ബഖറ: 251, സ്വാദ്: 20
10.അന്നിസാഅ്: 113
11. അല്‍ബഖറ: 151
12. അല്‍ജുമുഅ: 2
13. മദാരിജുസ്സാലികീന്‍-ഇബ്‌നുല്‍ഖയ്യിം 2/449
14. അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍-ഖുര്‍ത്വുബി, അല്‍ബഖറ: 231
15. ശര്‍ഹുന്നവവി അലാസ്വഹീഹി മുസ്‌ലിം 2/33
16. അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍-ഖുര്‍ത്വുബി, അല്‍ബഖറ: 231
17. മനാസിലുസ്സാഇരീന്‍ ലില്‍ഹര്‍വി 78
18. തഫ്‌സീറു ഇബ്‌നു ആശൂര്‍, അല്‍ഖമര്‍: 5
19. ഖുര്‍ത്വുബി, അല്‍ബഖറ:269, ബഗവി, ഖുര്‍ആന്‍ 2:129
20. ഖുര്‍ത്വുബി, അന്നഹ്ല്‍: 125
21. തഫ്‌സീറുത്ത്വബ്‌രി, അല്‍ബഖറ: 129
22. തഫ്‌സീറു ഇബ്‌നു ആശൂര്‍, അല്‍ബഖറ: 269
Comments