Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

അസ്താന സമാധാന ചര്‍ച്ചകളും അണിയറയിലെ വടംവലികളും

ബുര്‍ഹാന്‍ ഗല്‍യൂന്‍

ഖസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ സിറിയന്‍ പ്രതിപക്ഷ കക്ഷികളെടുത്ത തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. രണ്ട് വലിയ അപകടങ്ങള്‍ അവരെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഒന്ന്, ചര്‍ച്ച ജനീവയില്‍നിന്ന് അസ്താനയിലേക്ക് മാറ്റിയത്. ചര്‍ച്ച നടക്കുന്നതോ മോസ്‌കോയുടെ മേല്‍നോട്ടത്തിലും. യു.എന്നിന്റെയോ അന്താരാഷ്ട്ര സമൂഹത്തിന്റെയോ കാര്‍മികത്വമില്ല; രക്ഷാസമിതി പ്രമേയങ്ങളുടെ പിന്‍ബലവുമില്ല. രണ്ട്, വിവിധ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള ചേരിപ്പോര്. ഈ ശൈഥില്യവും അനൈക്യവും റഷ്യ ചൂഷണം ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. പ്രതിപക്ഷത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കാതെ പോവുകയാവും അതിന്റെ ഫലം.

എന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ചകള്‍ക്ക് അസ്താനയിലേക്ക് പോകാന്‍ പല കാരണങ്ങളുണ്ട്. ബശ്ശാറുല്‍ അസദും സഖ്യകക്ഷികളും ചേര്‍ന്ന് അലപ്പോ നഗരം തകര്‍ത്തതിനു ശേഷം ഉടലെടുത്ത റഷ്യ-ഇറാന്‍ ഭിന്നത രൂക്ഷമാകുമെന്ന സിറിയന്‍ പ്രതിപക്ഷത്തിന്റെ പ്രതീക്ഷയാണ് അതില്‍ പ്രധാനം. ഈ ഭിന്നത മുതലെടുക്കാനാകുമെന്നും അവര്‍ കരുതുന്നു. റഷ്യന്‍ വക്താക്കള്‍ നടത്തിയ പ്രസ്താവനകളിലും മോസ്‌കോ-തെഹ്‌റാന്‍ ഭിന്നത രൂക്ഷമാവുന്നതിന്റെ എമ്പാടും സൂചനകളുണ്ടായിരുന്നു. സിറിയന്‍ പ്രതിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ അവരെ പരോക്ഷമായി പിന്തുണക്കുന്ന പ്രസ്താവനകളും കാണാമായിരുന്നു. വരാന്‍പോകുന്ന സമാധാന ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ വേണ്ടിയാണിത്. അതോടൊപ്പം, മറ്റൊരു യാഥാര്‍ഥ്യവും അംഗീകരിക്കുകയല്ലാതെ പ്രതിപക്ഷത്തിന് നിവൃത്തിയുണ്ടായിരുന്നില്ല. സമാധാന ചര്‍ച്ചകളുടെ കടിഞ്ഞാണേല്‍ക്കുന്നതിലും നയതന്ത്ര തല ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും പാശ്ചാത്യ രാഷ്ട്രങ്ങള്‍ അമ്പേ പരാജയമായിരുന്നു എന്നതാണത്. ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കെല്‍പ് റഷ്യക്ക് മാത്രമേയുള്ളൂ എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ഇറാനിയന്‍ മിലീഷ്യകള്‍ക്ക് കടിഞ്ഞാണിടാനും, കൂട്ടക്കൊലകള്‍ക്കും ആട്ടിപ്പായിക്കലുകള്‍ക്കും വന്യമായ നശീകരണങ്ങള്‍ക്കും അറുതിവരുത്താനും മോസ്‌കോ ഇറങ്ങിക്കളിച്ചാലേ കഴിയൂ എന്ന് പലരും വിശ്വസിച്ചു. തുര്‍ക്കി നേടിയ നയതന്ത്ര വിജയവും ഇവിടെ കാണാതിരുന്നു കൂടാ. റഷ്യയുമായി ഈയടുത്ത് ധാരണയിലായ ശേഷം സിറിയന്‍ സമാധാന ചര്‍ച്ചകളുടെ വിധിനിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി അങ്കാറ മാറി. വിപ്ലവത്തിന്റെ തുടക്കം മുതല്‍ക്കേ സിറിയന്‍ പ്രതിപക്ഷത്തിന്റെ മുഖ്യ സഹകാരിയായിരുന്ന തുര്‍ക്കി ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടിയത് പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് അന്താരാഷ്ട്രീയ തലത്തില്‍ രാഷ്ട്രീയമായ രക്ഷാകവചമൊരുക്കുന്നുണ്ട്.

ഇതൊക്കെ അനുകൂല ഘടകങ്ങളാണെങ്കിലും പ്രതിപക്ഷത്തെ സംബന്ധിച്ചേടത്തോളം ഇപ്പോഴും അപകടങ്ങള്‍ ഒഴിഞ്ഞുപോയിട്ടില്ല. ചര്‍ച്ചകളില്‍ തങ്ങള്‍ ഒതുക്കപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നു. തങ്ങള്‍ ഭീകരന്മാരെ ചര്‍ച്ചക്ക് വിളിച്ചത് അവരോട് ആയുധങ്ങള്‍ താഴെയിടാന്‍ പറയാനാണെന്ന റഷ്യന്‍ വക്താവിന്റെ പ്രസ്താവന, അവര്‍ പ്രതിപക്ഷത്തെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതിന്റെ തെളിവായെടുക്കാം. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രതിപക്ഷത്തോടുള്ള റഷ്യന്‍ നയത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് യുദ്ധത്തില്‍നിന്ന് ഒരു രാഷ്ട്രീയ രക്ഷാമാര്‍ഗം റഷ്യ പരതിക്കൂടായ്കയില്ല; ബശ്ശാറിനും ഇറാന്നും അത് സ്വീകാര്യമാവില്ലെങ്കില്‍ കൂടി.

ഇനിയും ധാരാളം സിറിയക്കാരെ അടിച്ചോടിക്കാനും അങ്ങനെ ജനസംഖ്യാ അനുപാതം തകിടം മറിക്കാനും വിഭാഗീയമായി സിറിയയെ മാറ്റിപ്പണിയാനും ശ്രമിക്കുന്ന ബശ്ശാര്‍-ഖാംനഈ കൂട്ടുകെട്ടിന്റെ നീക്കങ്ങള്‍ക്ക് തടയിടാനും വെടിനിര്‍ത്തല്‍ തുടരാനും അസ്താന ചര്‍ച്ചകളിലൂടെ സാധ്യമാവുമെന്ന് പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ട്. ഉപരോധിക്കപ്പെട്ട മേഖലകളെയും പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും ഭക്ഷണം തടഞ്ഞ് പട്ടിണിക്കിടാനുള്ള നീക്കം തടയാനാവുമെന്നും പ്രതിപക്ഷം കരുതുന്നു. ഇത്രയെങ്കിലും സാധിച്ചാല്‍, ഫെബ്രുവരി 3-ന് ജനീവയില്‍ നടക്കുന്ന ചര്‍ച്ചക്ക് നല്ലൊരു തുടക്കമാവും അത്.

അതേസമയം അസ്താന സമാധാന ചര്‍ച്ചകള്‍ ഒരു രാഷ്ട്രീയ പരിഹാരത്തിന് വഴിവെക്കുമോ എന്നതിനെ സംബന്ധിച്ച് നമുക്ക് വലിയ തെറ്റിദ്ധാരണകളൊന്നും ഉണ്ടാകേണ്ടതുമില്ല. ഏതു നിമിഷവും തകരാവുന്ന ഒന്നാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ തന്നെ പറഞ്ഞിട്ടുണ്ട്; സിറിയയില്‍ വെടിനിര്‍ത്തുകയും ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് ബന്ധപ്പെട്ട കക്ഷികളെ എത്തിക്കുകയും ചെയ്യുക എന്നതിലാണ് ഇപ്പോള്‍ റഷ്യക്ക് താല്‍പര്യമെങ്കിലും. എങ്കിലേ തങ്ങള്‍ നടത്തിയ സൈനിക ഇടപെടലുകളുടെ നേട്ടം അവര്‍ക്ക് ലഭ്യമാകൂ. അല്ലാത്തപക്ഷം അഫ്ഗാനിസ്താനെപ്പോലെ നിതാന്ത യുദ്ധത്തിന്റെ ചതുപ്പിലേക്കാവും സിറിയ എടുത്തെറിയപ്പെടുക. റഷ്യക്കും ഒട്ടേറെ പരിമിതികളുണ്ട് എന്നര്‍ഥം. സമാധാന ചര്‍ച്ചയെക്കുറിച്ച് ഒരു ഗ്യാരന്റിയും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണവര്‍. ബശ്ശാറാനന്തരമുള്ള സിറിയയെക്കുറിച്ച് വിവിധ കക്ഷികള്‍ക്കിടയില്‍ ഒരു ധാരണ ഉണ്ടാക്കിയെങ്കില്‍ മാത്രമല്ലേ ചര്‍ച്ച മുന്നോട്ടു പോകൂ. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യത കുറവാണ്. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവനായി അംഗീകരിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചക്ക് നില്‍ക്കൂ എന്ന് പല കക്ഷികളും പരസ്യ പ്രസ്താവനയും നടത്തിക്കഴിഞ്ഞു. തീ ഊതിക്കത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഇറാന് പഴയ പരിപാടികള്‍ തുടരാനാണ് താല്‍പര്യം. തങ്ങളുടെ അത്യാഗ്രഹങ്ങള്‍ക്ക് തടയിടുന്ന റഷ്യന്‍ നീക്കങ്ങളെ അവര്‍ ചെറുക്കുകയും ചെയ്യുന്നു. യു.എന്‍ പ്രമേയങ്ങളെ വകവെക്കാതെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ് ഇറാന്‍. ഭാവിയില്‍ സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വതന്ത്ര അസ്തിത്വവും തന്നെ അടിയറ വെക്കുന്ന രൂപത്തിലുള്ള സൈനിക-സാമ്പത്തിക കരാറുകളില്‍ ബശ്ശാറുമായി ഒപ്പുവെച്ചുകൊണ്ടിരിക്കുകയുമാണ് ആ രാഷ്ട്രം.

സാക്ഷാത്കരിക്കാന്‍ കഴിയും എന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പദ്ധതികള്‍ പൊളിയുന്നത് ഇറാന്‍ നോക്കിയിരിക്കാനിടയില്ല; സിറിയയെ ആഭ്യന്തരമായി അധിനിവേശപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും. സിറിയന്‍ ജനതയെ ഇനി പഴയരീതിയില്‍ ഉദ്ഗ്രഥിക്കാനാവാത്ത വിധം ഐക്യത്തിന്റെ പാശങ്ങളെ ഇറാനും അവരുടെ മിലീഷ്യകളും തകര്‍ത്തുകളഞ്ഞിട്ടുണ്ട്. ബശ്ശാര്‍ ഭരണകൂടത്തിലെ പ്രമുഖര്‍ക്കും ചില കണക്കുകൂട്ടലുകളുണ്ട്. റഷ്യയെ തല്‍ക്കാലം അനുനയിപ്പിച്ച് നിര്‍ത്തുക, തക്കം കിട്ടിയാല്‍ മുമ്പത്തെ കൂട്ടാളികളെപ്പോലെ അവരെയും പുറന്തള്ളുക എന്നൊരു രാഷ്ട്രീയക്കളിയാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. അതിനാല്‍ ഇറാനും ബശ്ശാറും ഏത് ചര്‍ച്ചകളിലും ഇടങ്കോലിട്ടുകൊണ്ടിരിക്കും; അവരുടെ ആധിപത്യമോഹങ്ങള്‍ക്ക് അവ തിരിച്ചടിയാവും എന്നതിനാല്‍.

ഇറാനിയന്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സിറിയന്‍ പ്രതിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് റഷ്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ്. ബശ്ശാറിന്റെ സൈന്യത്തെയും പ്രതിപക്ഷ നിരകളെയും ഒന്നിപ്പിച്ച് സിറിയയില്‍ പിടിമുറുക്കിയ ഭീകര സംഘങ്ങള്‍ക്കെതിരെ അണിനിരത്തുക എന്നതാണ് ഈ ചര്‍ച്ചകളിലൂടെ റഷ്യ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന വലിയ ലക്ഷ്യങ്ങളിലൊന്ന്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ലക്ഷ്യം അതായിരുന്നു. ഈ നീക്കത്തിലൂടെ മോസ്‌കോ ലക്ഷ്യമിടുന്നത്, നഷ്ടപ്പെട്ടുപോയ വന്‍ ശക്തി എന്ന അതിന്റെ സ്ഥാനം തിരിച്ചുപിടിക്കുക എന്നതാണ്. സിറിയയിലെ ഏതൊരു സമാധാന ശ്രമവും തങ്ങളുടെ മേല്‍നോട്ടത്തിലേ ആകാവൂ. സിറിയയില്‍ പിടിമുറുക്കുന്നതോടെ പശ്ചിമേഷ്യന്‍ മേഖലയിലും മേധാവിത്തം നേടാമെന്ന് റഷ്യ കണക്കുകൂട്ടുന്നു. ഇറാഖിലും ലിബിയയിലും ഇടപെട്ട് എല്ലാം അലങ്കോലമാക്കിയ പാശ്ചാത്യ രാഷ്ട്രങ്ങളില്‍നിന്ന് ഭിന്നമായ ഒരു മാതൃക സമര്‍പ്പിക്കാനും റഷ്യ ആഗ്രഹിക്കുന്നുണ്ടാവണം.

ബശ്ശാറിനെയും കൂട്ടാളിയായ ഇറാനെയും റഷ്യ കൈയൊഴിക്കുമെന്ന വ്യാമോഹവും പ്രതിപക്ഷനിര വെച്ചുപുലര്‍ത്തേണ്ടതില്ല. പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ജനകീയ സമരങ്ങളിലൂടെയാണല്ലോ തുടക്കം കുറിച്ചത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ഭരണകൂടം ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത്തരമൊരു ജനപ്രാതിനിധ്യ ഭരണമാറ്റത്തോട് ഒരു താല്‍പര്യവും റഷ്യക്കില്ല. ഇതാണ് റഷ്യയുമായി ഇടപെടുമ്പോള്‍ പ്രതിപക്ഷത്തെ കുഴക്കുന്ന ഏറ്റവും വലിയ തടസ്സം. അത് നീങ്ങിക്കിട്ടണമെങ്കില്‍ തങ്ങളെ മറികടന്നുകൊണ്ടുള്ള ഒരുസമാധാന ശ്രമവും വിജയിക്കില്ല എന്ന ധാരണ സൃഷ്ടിക്കാന്‍ സിറിയന്‍ പ്രതിപക്ഷത്തിന് ആവണം. അതിന് മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: ഏതു നിമിഷവും സൈനിക മുന്നേറ്റത്തിന് തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് സിറിയന്‍ പ്രതിപക്ഷത്തിന് തെളിയിക്കാനാവണം. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ഐക്യവും ധാരണയും സ്ഥാപിച്ചുകൊണ്ടേ ഇത് സാധ്യമാവൂ. പ്രതിപക്ഷം സൈനികമായി ഒറ്റക്കെട്ടാണെന്നറിഞ്ഞാല്‍ ഗ്രൂപ്പുകളില്‍ ചിലതിനെ തലോടുകയും മറ്റുള്ളവയെ തഴയുകയും ചെയ്യുന്ന റഷ്യയുടെ കളി അവസാനിപ്പിക്കാനാവും. പ്രതിപക്ഷ ഐക്യനിര അസാധ്യമാണെന്ന് വന്നാല്‍ കാര്യം കൈവിട്ടുപോകും. രണ്ട്: പ്രതിപക്ഷം കുറെക്കൂടി ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണം. സമാധാന ചര്‍ച്ചകളില്‍ മാത്രം ഐക്യബോധമുണ്ടായാല്‍ പോരാ. സിറിയന്‍ ജനതയുടെ ജനാധിപത്യ സ്വപ്‌നങ്ങളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാകണം. മതപരവും വംശീയവുമായ എല്ലാ ഭിന്നതകളെയും മറികടന്ന് ഒരൊറ്റ സിറിയ എന്ന സങ്കല്‍പത്തിന്റെ പ്രായോഗിക രൂപം കൂട്ടായി സമര്‍പ്പിക്കുമ്പോഴേ ഒരു സമ്മര്‍ദശക്തിയായി ഉയര്‍ന്നുനിന്നുകൊണ്ട് ചര്‍ച്ചകളെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. മൂന്ന്: എല്ലാം റഷ്യയുടെ നിയന്ത്രണത്തില്‍ എന്ന നിലയിലാവരുത് കാര്യങ്ങള്‍. അത് പ്രതിപക്ഷത്തിന്റെ ശക്തി ചോര്‍ത്തിക്കളയും. മറ്റു രാഷ്ട്രാന്തരീയ ശക്തികളെയും ഇതില്‍ ഇടപെടുവിക്കണം. അറബ് രാഷ്ട്രങ്ങളെ ഇടപെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തണം. ഇറാന്റെയും അതിന്റെ മിലീഷ്യകളുടെയും സമ്മര്‍ദതന്ത്രങ്ങളെ നിര്‍വീര്യമാക്കാന്‍ അത് ഉപകരിച്ചേക്കും. യു.എന്‍, യൂറോപ്പ്, മറ്റു അന്താരാഷ്ട്ര സമൂഹങ്ങള്‍ എന്നിവയുടെയൊക്കെ സാന്നിധ്യം തുടര്‍ചര്‍ച്ചകളില്‍ ഉണ്ടാവുമെന്ന് ഉറപ്പ് വരുത്താനാവണം. 

('അല്‍ അറബി അല്‍ ജദീദ്' ന്യൂസ് പോര്‍ട്ടല്‍, www.alaraby.co.uk)

സിറിയന്‍ അക്കാദമീഷ്യനും പാരീസിലെ സോബോണ്‍ യൂനിവേഴ്‌സിറ്റി അധ്യാപകനുമാണ് ലേഖകന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്