Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

ആഗോള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ മേല്‍ക്കോയ്മ അവസാനിക്കുന്നു?

പി.കെ. നിയാസ്

പുതിയ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. ട്രംപിന്റെ പല നിലപാടുകളും പരിഷ്‌കൃത ലോകത്തിന് ഉള്‍ക്കൊള്ളാനാവാത്തതും രാഷ്ട്രാന്തരീയ രംഗത്ത് അദ്ദേഹം പിന്തുടരുമെന്ന് പ്രഖ്യാപിച്ച നയങ്ങള്‍ ലോക സമാധാനത്തിന് വെല്ലുവിളിയാണെന്നുമുള്ള ആശങ്ക വ്യാപകമാണ്. അക്കൂട്ടത്തില്‍ പ്രധാനമാണ് ട്രംപിന്റെ മിഡിലീസ്റ്റ് പോളിസി. താനൊരു ഇസ്രയേല്‍ പക്ഷപാതിയാണെന്ന് തുറന്നു പ്രഖ്യാപിച്ചിരിക്കുന്ന ട്രംപ്, ഇസ്രയേലിലേക്കുള്ള പുതിയ സ്ഥാനപതിയായി നിയമിച്ചത് തീവ്ര സയണിസ്റ്റ് ആശയക്കാരന്‍ ഡേവിഡ് ഫ്രീഡ്മാനെയാണ്. ഇസ്രയേലിന്റെ സുരക്ഷക്കായി ഏതറ്റവും പോകുമെന്ന് പ്രസ്താവിക്കുക മാത്രമല്ല, ഭാവി ഫലസ്ത്വീന്‍ രാഷ്ട്രമെന്ന സ്വപ്‌നം തകര്‍ക്കുന്ന തരത്തില്‍ അധിനിവേശ കിഴക്കന്‍ ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള പുറപ്പാടിലാണ് ട്രംപ്. മിഡിലീസ്റ്റ് കാര്യങ്ങള്‍ക്ക് പ്രസിഡന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ മരുമകനും ജൂത വിശ്വാസിയുമായ ജാര്‍ഡ് കൂഷ്‌നറെയാണ്. വൈറ്റ് ഹൗസ് ഉപദേശകന്റെ പദവിയില്‍ കൂഷ്‌നര്‍ നേരത്തെ നിയമിതനായിരുന്നു. ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ 566 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുകയാണ്.

വെസ്റ്റ്ബാങ്കിലും ഗസ്സയിലും വെവ്വേറെ ഭരണം നടത്തുന്ന ഫലസ്ത്വീനിലെ മുഖ്യ കക്ഷികളായ ഫത്ഹും ഹമാസും ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും തെരഞ്ഞെടുപ്പ് നടത്താനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ സാന്നിധ്യത്തില്‍ മോസ്‌കോയില്‍ തീരുമാനിച്ചത് പുതിയ സാഹചര്യത്തില്‍ സുപ്രധാനമായ നടപടിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനത്തെ (ജറൂസലം) ഇസ്രയേലിന് തീറെഴുതിക്കൊടുക്കാനുള്ള ട്രംപിന്റെ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ ഇടപെടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവിനോട് ഫലസ്ത്വീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. അമേരിക്കയും ബ്രിട്ടനും പൂര്‍ണമായും ഇസ്രയേലിന് കീഴൊതുങ്ങുന്ന പുതിയ സാഹചര്യത്തില്‍ റഷ്യക്ക് മാത്രമേ നല്ലൊരു മധ്യസ്ഥനാവാന്‍ കഴിയുവെന്നാണ് ഹമാസ് നേതാവ് അബൂ മര്‍സൂഖ് തുറന്നുപറഞ്ഞിരിക്കുന്നത്. ഐക്യസര്‍ക്കാറുമായി ബന്ധപ്പെട്ട നടപടികള്‍ 48 മണിക്കൂറിനകം ആരംഭിക്കുമെന്നാണ് യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നതെങ്കിലും അതിനു മുന്‍കൈ എടുക്കേണ്ട ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫത്ഹും ഹമാസും തമ്മിലുള്ള ഐക്യസര്‍ക്കാര്‍ നീക്കം പുതുമയുള്ളതല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഐക്യപ്പെടാന്‍ മുമ്പും പലതവണ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. 2007-ല്‍ മക്കയിലും 2012 ഫെബ്രുവരിയില്‍ ദോഹയിലും അതേവര്‍ഷം മെയ് മാസത്തില്‍ കൈറോയിലും ഗസ്സയിലുമായി നടന്ന യോഗങ്ങളിലും ഐക്യ സര്‍ക്കാറിനുള്ള കരാറുകളില്‍ ഫത്ഹും ഹമാസും ഒപ്പുവെച്ചിരുന്നു. എന്നാല്‍, ഫത്ഹ് നേതാവും ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റുമായ മഹ്മൂദ് അബ്ബാസിന്റെ പിടിവാശി കാരണം കരാറുകള്‍ പലതും കടലാസില്‍ ഒതുങ്ങി. ദോഹ കരാര്‍ പ്രാവര്‍ത്തികമാകുന്നതിന് തടസ്സമായത് തന്റെ നോമിനിയായ സലാം ഫയ്യാദിനെ പ്രധാനമന്ത്രിയായി വാഴിക്കാനുള്ള അബ്ബാസിന്റെ നീക്കമായിരുന്നു. അബ്ബാസിനു കീഴില്‍ ഗസ്സയില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും വെസ്റ്റ്ബാങ്കില്‍ ഫയ്യാദും ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായുള്ള ഗവണ്‍മെന്റ് എന്ന ആശയവും അബ്ബാസ് എതിര്‍ത്തു. എങ്കിലും 2014 ജൂണ്‍ 2 മുതല്‍ 2015 ജൂണ്‍ 17 വരെ പേരിനെങ്കിലും ഒരു ഐക്യസര്‍ക്കാര്‍ നിലനിന്നു. ഹമാസിനു യാതൊരു പ്രാതിനിധ്യവും ഇല്ലാത്തതും അബ്ബാസിന്റെ നോമിനികളും ടെക്‌നോക്രാറ്റുകളും ഉള്‍പ്പെടുന്ന പ്രസ്തുത ഗവണ്‍മെന്റ് ഗസ്സയിലെ ശാത്വി അഭയാര്‍ഥി ക്യാമ്പില്‍ നടന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടതായിരുന്നു. എന്നാല്‍ ഗസ്സയെ തീര്‍ത്തും അവഗണിച്ചാണ് പ്രസ്തുത ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചത്. ഗസ്സയിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതിരിക്കുക, അവിടത്തെ രൂക്ഷമായ വൈദ്യുതി പ്രശ്‌നം കണ്ടില്ലെന്നു നടിക്കുക, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയുടെ പുനരധിവാസത്തിനുള്ള അന്താരാഷ്ട്ര ഫണ്ടുകള്‍ കൈമാറാതിരിക്കുക തുടങ്ങിയ നടപടികള്‍ തുടര്‍ന്നപ്പോള്‍ ഗവണ്‍മെന്റിനുള്ള സഹായം ഹമാസും വേണ്ടെന്നുവെച്ചു.

ദോഹ, സ്വിറ്റ്‌സര്‍ലാന്റിലെ മോണ്‍ട്രോ, കൈറോ, ബെയ്‌റൂത്ത് എന്നിവിടങ്ങളില്‍ നടന്ന നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മോസ്‌കോ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഗസ്സയിലെ ഭരണകര്‍ത്താക്കളായ ഹമാസ് വലിയ പ്രതിസന്ധിയിലാണ്. നിരന്തരമായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. അത് പ്രക്ഷോഭമായി രൂപപ്പെട്ടാല്‍ മറ്റൊരു ആഭ്യന്തര കലാപത്തിലേക്ക് ഗസ്സ മുനമ്പ് മാറാനിടയുണ്ടെന്ന് ഹമാസ് ഭരണകൂടം ഭയപ്പെടുന്നു. തുര്‍ക്കിയുടെയും ഖത്തറിന്റെയും സാമ്പത്തിക സഹായത്താല്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായെന്നു മാത്രം. വെസ്റ്റ്ബാങ്ക് ആസ്ഥാനമായ ഫത്ഹിന്റെയും ഫലസ്ത്വീന്‍ അതോറിറ്റിയുടെയും ആശങ്കകള്‍ പലതാണ്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് (അല്‍ ഖുദ്‌സ്) മാറ്റുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്ര രൂപീകരണത്തിന് തിരിച്ചടിയാകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഫലസ്ത്വീനികളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട നഗരമാണ് 1967-ലെ അറബികളുമായുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ കൈയടക്കുകയും നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ജറൂസലം. മുന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വൈകിയെങ്കിലും തുറന്നുപറഞ്ഞതുപോലെ ഇസ്രയേലിലെ എക്കാലത്തെയും കടുത്ത വലതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. അധിനിവേശ പ്രദേശങ്ങള്‍ മുഴുവന്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന നിലപാടുള്ള തീവ്ര വലതുപക്ഷ ലോബിയുടെ സ്വാധീനം ശക്തിപ്പെട്ടിരിക്കുന്നു. ജറൂസലമിലും വെസ്റ്റ്ബാങ്കിലും കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകാനുള്ള നെതന്യാഹു ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ഇതിന്റെ പ്രതിഫലനമാണ്. ട്രംപിന്റെ നോമിനിയായ ഇസ്രയേലിലെ നിയുക്ത യു.എസ് അംബാസഡര്‍ ഡേവിഡ് എം. ഫ്രീഡ്മാന്‍ ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര ഫോര്‍മുലയെ പാടെ നിരാകരിക്കുക മാത്രമല്ല, അധിനിവേശ വെസ്റ്റ്ബാങ്ക് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന നിലപാടുകാരന്‍ കൂടിയാണ്. സിറിയയില്‍നിന്ന് പിടിച്ചെടുത്ത ജൂലാന്‍ കുന്നുകള്‍ (ഗോലാന്‍ ഹൈറ്റ്‌സ്) മുപ്പത്തഞ്ചു കൊല്ലം മുമ്പ് കൂട്ടിച്ചേര്‍ത്തതിനു സമാനമായി  ജറൂസലമിനു കിഴക്ക് വെസ്റ്റ്ബാങ്കിന്റെ ഭാഗമായ മആലി അദുമിം നഗരവും ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. 

ജറൂസലമിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളെ ഒരൊറ്റ നഗരവും ഇസ്രയേലിന്റെ എക്കാലത്തേക്കുമുള്ള തലസ്ഥാനവുമായി പ്രഖ്യാപിക്കുന്ന 'ജറൂസലം നിയമം' 1980-ല്‍ ഇസ്രയേല്‍ നെസറ്റ് (പാര്‍ലമെന്റ്) പാസാക്കിയെങ്കിലും യു.എന്‍ അംഗീകരിച്ചിട്ടില്ല. കിഴക്കന്‍ ജറൂസലം അധിനിവേശത്തിലൂടെ ഇസ്രയേലിനോട് ചേര്‍ത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 478-ാം നമ്പര്‍ പ്രമേയത്തില്‍ യു.എന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വീറ്റോ പ്രയോഗിച്ചില്ലെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക വഴി ഇസ്രയേലിന്റെ നടപടി ശരിയല്ലെന്ന സന്ദേശമാണ് അമേരിക്ക അന്ന് ലോകത്തിന് നല്‍കിയത്. എന്നാല്‍, രക്ഷാസമിതി പ്രമേയങ്ങള്‍ വകവെക്കാതെ ഭരണസിരാ കേന്ദ്രങ്ങള്‍ ഒന്നൊന്നായി ഇസ്രയേല്‍ ഗവണ്‍മെന്റ് ജറൂസലമിലേക്ക് മാറ്റി. നെസറ്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളുമൊക്കെ അവിടെത്തന്നെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നയതന്ത്ര കാര്യാലയങ്ങള്‍ തെല്‍ അവീവില്‍നിന്ന് പറിച്ചുനടാന്‍ സൗഹൃദ രാജ്യങ്ങളോട് ഇസ്രായേല്‍ ആവശ്യപ്പെടുകയുണ്ടായി. എല്‍സാല്‍വഡോറും കോസ്റ്ററിക്കയും കാര്യാലയങ്ങള്‍ തെല്‍ അവീവില്‍നിന്ന് പറിച്ചുനട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. യു.എന്‍ പ്രമേയങ്ങളുടെ ലംഘനമായതിനാല്‍ ജറൂസലമില്‍ ഒരു രാജ്യത്തിന്റെയും എംബസികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അമേരിക്കക്കും ഇറ്റലിക്കും അവിടെ കോണ്‍സുലേറ്റുകളുണ്ട്. 

തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് 1995-ല്‍ പാസാക്കി. 'ജറൂസലം എംബസി ആക്ട്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ദേശീയ താല്‍പര്യം പരിഗണിച്ച് ആ തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡന്റിനുള്ള അധികാരം ബില്‍ ക്ലിന്റന്‍ പ്രയോഗിച്ചതിനാല്‍ അത് നടന്നില്ല. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഇസ്രയേലിനോടുള്ള കൂറ് ശക്തിപ്പെടുത്തണമെന്ന നിലപാടാണ് ഏറെക്കാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്. ഡെമോക്രാറ്റുകാരനായ ക്ലിന്റനുശേഷം അധികാരത്തിലേറിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷും തുടര്‍ന്ന് പ്രസിഡന്റായ ബറാക് ഒബാമയും അപകടം പിടിച്ച ഈ പണിക്ക് കൂട്ടുനിന്നില്ല. എന്നാല്‍, ജറൂസേലമിനെ ഇസ്രായേലിന്റെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന്  ആവശ്യപ്പെടുന്ന ബില്ല് ഈ മാസാദ്യം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റയുടന്‍ ട്രംപിന്റെ പാര്‍ട്ടിക്കാരും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായ ടെഡ് ക്രൂസ് (ടെക്‌സസ്), ഡീന്‍ ഹെല്ലര്‍ (നെവാദ), മാര്‍കോ റൂബിന്‍ (ഫ്‌ളോറിഡ) എന്നിവര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

 

ഒബാമയുടെ പരാജയം

മിഡിലീസ്റ്റില്‍ ഒബാമ എന്തൊക്കെയോ കാര്യമായി ചെയ്യാന്‍ പോകുന്നുവെന്നും ഫലസ്ത്വീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം അദ്ദേഹത്തിന്റെ ഭരണത്തില്‍ ഉണ്ടാകുമെന്നും അറബ് രാജ്യങ്ങള്‍ക്ക് പൊതുവെയും ഫലസ്ത്വീനികള്‍ക്ക് വിശേഷിച്ചും തോന്നിത്തുടങ്ങുന്നത് 2009 ജൂണ്‍ നാലിന് കൈറോ സര്‍വകലാശാലയില്‍ അദ്ദേഹം ചെയ്ത ചരിത്രപസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസംഗത്തോടെയാണ്. മുസ്‌ലിം ലോകത്തെ കൈയിലെടുത്ത് നടത്തിയ ആ പ്രസംഗത്തിന്റെ തലക്കെട്ട് തന്നെ 'ഒരു പുതിയ തുടക്കം' (A New Beginning)  എന്നായിരുന്നു. പടിഞ്ഞാറിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ തൊട്ട് അമേരിക്കയും മുസ്‌ലിം ലോകവും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഊഷ്മളത വരെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നു. അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ഒബാമക്ക്. പ്രസിഡന്റായി സ്ഥാനമേറ്റ് അധികനാള്‍ കഴിയും മുമ്പ് ക്രിയാത്മകമായ നീക്കം നടത്തിയെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, രണ്ടു ഘട്ടങ്ങളിലായി എട്ടു വര്‍ഷം അധികാരത്തിലിരുന്നിട്ടും മിഡിലീസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെന്നു മാത്രമല്ല, ഇസ്രയേലിന്റെ അധിനിവേശ ഭീകരതക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഒബാമക്ക് കഴിഞ്ഞില്ല. ഇസ്രയേല്‍ പക്ഷപാതിയായ ഹില്ലരി ക്ലിന്റനെ വിദേശകാര്യ സെക്രട്ടറിയാക്കി നടത്തിയ ആദ്യ നാലു വര്‍ഷത്തെ മിഡിലീസ്റ്റ് ഡിപ്ലോമസി തികഞ്ഞ പരാജയമായിരുന്നു. രണ്ടാമത്തെ ടേമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നെതന്യാഹുവിനെ തലോടുകയും ഗസ്സയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തുമ്പോഴും ഹമാസിനെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇസ്രയേലിനെ പിണക്കാന്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും തയാറാവുകയില്ലെന്ന യാഥാര്‍ഥ്യം ഒബാമയുടെ കാര്യത്തിലും ശരിയായിരുന്നെങ്കിലും നെതന്യാഹുവെന്ന ഇസ്രയേലിന്റെ തീവ്രവാദിയായ പ്രധാനമന്ത്രിയുമായി പല ഘട്ടത്തിലും അദ്ദേഹം കൊമ്പു കോര്‍ക്കുകയുണ്ടായി. ഫലസ്ത്വീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഉടക്കുവെക്കുന്ന നെതന്യാഹുവിന്റെ നിലപാടുകളും അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നതും ഒബാമയുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ കാര്യങ്ങളാണ്. സന്ദര്‍ശനത്തിനെത്തിയ നെതന്യാഹുവുമായി കൂടിക്കാഴ്ചക്ക് വിസമ്മതിച്ചതും ഒബാമയെ അവഗണിച്ച് യു.എസ് കോണ്‍ഗ്രസ് സ്പീക്കര്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചതുമൊക്കെ യു.എസ് ഇസ്രായേല്‍ ബന്ധത്തില്‍ വിളളലുണ്ടാക്കുന്നതായിരുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ഡിസംബറില്‍ യു.എന്‍ രക്ഷാസമിതി പാസ്സാക്കിയ പ്രമേയം വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുക വഴി ഇസ്രായേലിന്റെ എല്ലാ ധിക്കാരങ്ങള്‍ക്കും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് പ്രസിഡന്റ് പദവിയില്‍നിന്ന് ഒഴിയും മുമ്പ് ഒബാമ ഇസ്രയേലിനു നല്‍കിയത്. 

ഇതൊക്കെയാണെങ്കിലും ഇസ്രയേലിനെ ആയുധമണിയിക്കുന്നതില്‍ ഒബാമ ഒട്ടും പിന്നിലായിരുന്നില്ല. അധിനിവേശ കേന്ദ്രങ്ങളില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുമ്പോഴാണ് കൂടുതല്‍ സൈനിക സഹായങ്ങള്‍ വാഷിംഗ്ടണ്‍ ഇസ്രയേലിന് നല്‍കിപ്പോന്നത്. അമേരിക്കയുടെ സുരക്ഷാ സഹായങ്ങള്‍ ഏറ്റവുമധികം കൈപ്പറ്റുന്ന രാജ്യമാണ് ഇസ്രയേല്‍. വിവിധ സഖ്യ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിവരുന്ന സൈനിക സഹായം കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫോറിന്‍ മിലിട്ടറി ഫൈനാന്‍സിംഗ് ബജറ്റിലെ 55 ശതമാനവും ഇസ്രയേലിനാണ്.  ഇസ്രയേലിന്റെ മൊത്തം പ്രതിരോധ ബജറ്റിന്റെ 25 ശതമാനം അമേരിക്കന്‍ സൈനിക സഹായമാണ്. മാത്രമല്ല, പ്ലസ് അപ് എന്ന പേരില്‍ വര്‍ധിത സംഖ്യയും അമേരിക്കന്‍ ഭരണകൂടം ഇസ്രയേലിനു കനിഞ്ഞു നല്‍കാറുണ്ട്. 2009-ല്‍ ഒപ്പുവെച്ച പത്തു വര്‍ഷ കരാറില്‍ അധിക സംഖ്യ മാത്രം 190 കോടി ഡോളറായിരുന്നു. 2019-ല്‍ ഈ ദശ വര്‍ഷ കരാര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ 3800 കോടി ഡോളറിന്റെ മറ്റൊരു ദശവര്‍ഷ (2019-2028) ആയുധക്കരാറാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒബാമ ഭരണകൂടം ഇസ്രയേലുമായി ഒപ്പുവെച്ചത്. ഇറാനുമായി ആണവ കരാര്‍ ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍  ഇസ്രയേലിന്റെ ആശങ്ക അകറ്റാനെന്ന പേരിലാണ് ഇത്ര വിപുലമായ പാക്കേജ് എന്നാണ് വിശദീകരണം. ട്രംപ് കാലഘട്ടത്തില്‍ കൂടുതല്‍ പ്ലസ് അപ് പ്രതീക്ഷിക്കാം. 1973-ലെ അറബികളുമായുള്ള യുദ്ധത്തിനുശേഷം ഇസ്രയേലിനു മുടങ്ങാതെ അമേരിക്ക സൈനിക സഹായം നല്‍കിവരുന്നുണ്ട്. ഒരു കണക്കു പ്രകാരം ഇസ്രയേലിനു ഒരു ദിവസം ലഭിക്കുന്ന അമേരിക്കന്‍ സൈനിക സഹായം 98 ലക്ഷം ഡോളറാണ്. എന്നാല്‍ ഫലസ്തീന്വികള്‍ക്ക് ഒരു ഡോളര്‍ പോലും സൈനിക സുരക്ഷാ സഹായം വാഷിംഗ്ടണ്‍ നല്‍കുന്നില്ല. അമേരിക്ക നല്‍കുന്ന അപ്പാച്ചെ കോപ്റ്ററുകളും മിസൈലുകളും ഉപയോഗിച്ചാണ് ഗസ്സയില്‍ ഇസ്രയേല്‍ നരമേധം നടത്തുന്നത്.

 

യു.എസ് മേല്‍കോയ്മ അവസാനിക്കുന്നു?

കഴിഞ്ഞ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത് ഇറാനുമായി ഒപ്പുവെച്ച ആണവ കരാറാണ്. ഇറാന്റെ ആണവ പദ്ധതിയുടെ പേരില്‍ ഇസ്രയേലും ഗള്‍ഫ്, അറബ് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും യുദ്ധസമാനമായ സാഹചര്യങ്ങള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.എന്‍ രാക്ഷാസമിതിയിലെ അഞ്ചു വന്‍ ശക്തി രാഷ്ട്രങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂനിയനും ചേര്‍ന്ന് തെഹ്‌റാനുമായി ആണവ കരാര്‍ ഒപ്പുവെക്കുന്നത്. എന്നാല്‍, മേഖലയിലെ ഏറ്റവും സുപ്രധാനമായ ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും  സിറിയയിലെ കൂട്ടക്കൊലകള്‍ തടയുന്നതിലും രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്ന യമന്‍, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതിലും യു.എസ് ഭരണകൂടം തികഞ്ഞ പരാജയമായിരുന്നു. മേല്‍ പറഞ്ഞ പ്രദേശങ്ങളിലൊക്കെ യു.എസ് സൈനികമായി ഇടപെട്ടിരുന്നു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച പട്ടാള മേധാവിയെ താങ്ങിനിര്‍ത്താന്‍ ബില്യന്‍ കണക്കിനു ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ചൊരിഞ്ഞത്.

അമേരിക്ക പരാജയപ്പെട്ടിടത്ത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും റഷ്യയും പുതിയ ശക്തികളായി രംഗപ്രവേശം ചെയ്തിരിക്കുന്നു. സിറിയന്‍ ചര്‍ച്ചകളില്‍ അമേരിക്ക സ്ഥിരം സാന്നിധ്യമല്ലാതായി. അവിടെ റഷ്യക്കും തുര്‍ക്കിക്കുമാണ് മേല്‍ക്കോയ്മ. ഖസാക്കിസ്താനിലെ അസ്താനയില്‍ നടന്ന സമാധാന സമ്മേളനത്തില്‍ അമേരിക്ക വെറും ക്ഷണിതാവ് മാത്രമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നിലച്ച മിഡിലീസ്റ്റ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മുന്‍കൈയെടുത്തിരിക്കുന്നത് ഫ്രാന്‍സാണ്. ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഫ്രാന്‍സ്, നെതന്യാഹുവിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഈയിടെ പാരീസില്‍ ഫ്രാന്‍സിന്റെ കാര്‍മികത്വത്തില്‍ നടന്ന ഇസ്രയേല്‍ ഫലസ്ത്വീന്‍ സമ്മേളനം 1967-ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് ആഹ്വാനം നല്‍കിയാണ് സമാപിച്ചത്. സ്ഥാനമൊഴിയുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെ 70 രാജ്യങ്ങളില്‍നിന്നുള്ള വിദേശമന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുത്ത സമ്മേളനത്തില്‍നിന്ന് ഇസ്രയേല്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇരു വിഭാഗങ്ങളോടും ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് ആവര്‍ത്തിക്കുകയല്ലാതെ സ്വതന്ത്ര ഫലസ്ത്വീന്‍ രൂപീകരണത്തിന് ക്രിയാത്മകമായ എന്തെങ്കിലും നടപടികള്‍ പ്രഖ്യാപിക്കുന്നതില്‍ പതിവുപോലെ പാരീസ് സമ്മേളനവും പരാജയപ്പെട്ടു. ഇസ്രയേലിനെ മയപ്പെടുത്തുന്ന വിധത്തിലാണ് ഫൈനല്‍ കമ്യൂണിക്കെ പുറപ്പെടുവിച്ചതെങ്കിലും ബ്രിട്ടനും ആസ്‌ത്രേലിയയും അതില്‍ ഒപ്പുവെച്ചില്ല. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയോ ഫ്രാന്‍സിലെ അംബാസഡറോ സമ്മേളനത്തില്‍ പങ്കെടുത്തതുമില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്റെയും ഇസ്രയേല്‍ പ്രേമം പുതിയ കാര്യമല്ല. എന്നാല്‍ ഫ്രാന്‍സും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇസ്രയേലിന്റെ അധിനിവേശ ഭീകരതക്കെതിരെ നിലപാട് കടുപ്പിച്ചത് ഫലസ്ത്വീനികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 

ഇറാനും ഇറാഖും സിറിയയും ചേര്‍ന്നുള്ള ശിഈ ബെല്‍ട്ട് ശക്തിപ്പെടുത്താന്‍ റഷ്യ ഏറെക്കാലമായി ശ്രമിച്ചുപോരുന്നു. അതില്‍ ഏറെക്കുറെ അവര്‍ വിജയിച്ചുവെന്നു മാത്രമല്ല, മേഖലയില്‍ അമേരിക്കയുടെ സ്വാധീനം കുറക്കാനും മോസ്‌കോക്ക് കഴിഞ്ഞു. സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ നിലനില്‍പ് ഉറപ്പിച്ചതിലൂടെ യു.എസിന് ഏറ്റവും വലിയ തിരിച്ചടിയാണ് പുടിന്‍ നല്‍കിയത്. സിറിയയിലേക്ക് റഷ്യ പാലമിട്ടത് ഇറാഖിലൂടെയാണ് എന്നത് ഒബാമ ഭരണകൂടത്തിന്റെ മിഡിലീസ്റ്റ് നയങ്ങള്‍ തികഞ്ഞ പരാജയമാണെന്നതിന് മറ്റൊരു തെളിവാണ്. സദ്ദാമിന്റെ കാലത്ത് 1972-ല്‍ ഇറാഖുമായി അന്നത്തെ സോവിയറ്റ് യൂനിയന്‍ സൗഹൃദ കരാര്‍ ഒപ്പുവെച്ചിരുന്നു. സോവിയറ്റ് യൂനിയന്‍ വിഭജിക്കപ്പെട്ടതോടെ പ്രസ്തുത ബന്ധം തുടര്‍ന്ന റഷ്യ ധാരാളം ആയുധങ്ങള്‍ ഇറാഖിലേക്ക് കയറ്റിയയച്ചു. 2003-ല്‍ ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം നടക്കുന്നതിനു മുമ്പു തന്നെ അവിടെനിന്ന് പ്രസ്തുത ആയുധങ്ങള്‍ സിറിയയിലേക്ക് റഷ്യ കടത്തിയിട്ടുണ്ടാകുമെന്നാണ് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. സദ്ദാമിനെ പുറത്താക്കിയതിലൂടെ ഇറാഖില്‍ മറ്റൊരു ഇറാന്‍ സൃഷ്ടിക്കുകയെന്ന വലിയ അബദ്ധമാണ് അമേരിക്ക ചെയ്തത്. ഇറാഖി സൈന്യത്തിനു പരിശീലനം നല്‍കാനും ആയുധങ്ങള്‍ക്കുമായി 2000 കോടി ഡോളര്‍ അമേരിക്ക ചെലവിടുകയുണ്ടായി. എന്നാല്‍ ഇതേ കാലയളവില്‍ 24 കോടി ഡോളറിന്റെ ആയുധങ്ങള്‍ റഷ്യയില്‍നിന്നും ഇറാഖ് വാങ്ങിയിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടുന്നതില്‍ അമേരിക്ക വേണ്ടത്ര ഉല്‍സാഹം കാണിക്കുന്നില്ലെന്നും റഷ്യയാണ് അതില്‍ ആത്മാര്‍ഥത കാട്ടുന്നതെന്നും ഇറാഖ് ആരോപിക്കുക കൂടി ചെയ്തതോടെ ഏതെങ്കിലും ഒരു ചേരി തെരഞ്ഞെടുക്കാന്‍ വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനുമായി ആണവ കരാര്‍ ഒപ്പിട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടിയെന്ന ആശങ്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുണ്ട്. അതവര്‍ തുറന്നു പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായ തന്റെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെ ഗള്‍ഫ് തലസ്ഥാനങ്ങളിലേക്ക് ഷട്ടില്‍ ഡിപ്ലോമസിയുമായി അയക്കുകയായിരുന്നു ബരാക് ഒബാമ. തങ്ങളുടെ മൂന്നു ദ്വീപുകള്‍ ഇറാന്‍ കയ്യടക്കിയെന്ന് നേരത്തെ പരാതിയുള്ള യു.എ.ഇക്കും ഇറാനുമായി മേഖലയിലെ അധീശത്വത്തിനു മല്‍സരിക്കുന്ന സുഊദിക്കും ഇറാന്‍ നിത്യ ഭീഷണിയാണെന്ന് കരുതുന്ന ശിഈ ഭൂരിപക്ഷ രാജ്യമായ ബഹറൈനും പക്ഷേ, അമേരിക്കയുടെ വിശദീകരണം ബോധിച്ചില്ല. ഇതേത്തുടര്‍ന്നാണ് 2015 മേയില്‍ ക്യാമ്പ് ഡേവിഡിലും 2016 ഏപ്രിലില്‍ റിയാദിലും ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടി സംഘടിപ്പിച്ച് ഇറാന്‍ ഭീഷണി ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ഒബാമ ഉറപ്പു നല്‍കിയത്. ക്യാമ്പ് ഡേവിഡ് ഉച്ചകോടിയില്‍നിന്ന് സൗദി അറേബ്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്. അമിതമായി യു.എസ് സൈനിക സഹായം തേടുന്ന 'ഫ്രീ റൈഡേഴ്‌സാ'യി ഗള്‍ഫ് രാജ്യങ്ങള്‍ മാറരുതെന്നും സൗദി അറേബ്യയും ഇറാനും നല്ല അയല്‍ക്കാരായി മേഖലയില്‍ സമാധാനമുണ്ടാക്കണമെന്നുമുള്ള ഒബാമയുടെ പ്രസ്താവനകള്‍ ജി.സി.സി രാജ്യങ്ങള്‍ക്ക്, വിശിഷ്യാ സൗദി അറേബ്യക്ക് വലിയ രോഷമുണ്ടാക്കി. മാത്രമല്ല, ഒബാമയുടെ പാര്‍ട്ടിക്കാരായ ഡെമോക്രാറ്റുകളാണ് 9/11 ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യന്‍ ഗവണ്‍മെന്റിനെതിരെ കേസ് കൊടുക്കാന്‍ അനുമതി നല്‍കുന്ന ബില്ല് (Justice Against Sponsors of Terrorsim Act- JASTA) കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തത്. ഒബാമയുടെ വീറ്റോയെ മറികടന്നാണ് ബില്‍ പാസ്സായത്. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ 75,000 കോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ ആറിന് ബഹ്‌റൈന്‍ ആതിഥ്യമരുളിയ മുപ്പത്തേഴാമത് ജി.സി.സി ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ക്ഷണിക്കപ്പെട്ടത് അമേരിക്കയെ കൂടുതലായി ആശ്രയിക്കേണ്ടതില്ലെന്ന ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നിലപാടിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. മേഖലയിലെ ഇറാന്റെ ഇടപെടലുകളെ പേരെടുത്ത് വിമര്‍ശിച്ച മേയ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ബ്രിട്ടന്റെ പൂര്‍ണ സുരക്ഷാ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇറാനെതിരെ പ്രസംഗിച്ചാലും ക്ലീന്‍ ചിറ്റ് നല്‍കപ്പെടാന്‍ മാത്രം പരിശുദ്ധയല്ല തെരേസ മേയ് എന്ന സയണിസ്റ്റ് അനുകൂല ബ്രിട്ടീഷ് പ്രധാനമന്ത്രി. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്