ഖുര്‍ആനിക പാഠങ്ങള്‍ വെളിച്ചമാകട്ടെ
'എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവിന്റെ ആശ്രിതര്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടജനങ്ങള്‍''-നബിവചനം.
ഒരു വിശ്വാസിയില്‍നിന്ന് ഇസ്‌ലാം പ്രതീക്ഷിക്കുന്നത് ഈ നന്മയാണ്. മുസ്‌ലിമാവുകയെന്നാല്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ എന്ന് അര്‍ഥം പറഞ്ഞാല്‍ ചിത്രം പൂര്‍ണമാകുന്നില്ല. അല്ലാഹുവെ അനുസരിക്കുക എന്നതിന്റെ താല്‍പര്യം മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കെല്ലാം ഗുണം ചെയ്യുക എന്നാണ്. അല്ലാഹു മനുഷ്യനില്‍നിന്ന് തനിക്കായി ഒന്നും ആവശ്യപ്പെടുന്നില്ല. ഏതാനും നിമിഷത്തെ സ്മരണയല്ലാതെ. ബാക്കിയെല്ലാം-ഭൗതികമായ എല്ലാ സമ്പത്തും-സൃഷ്ടികള്‍ പരസ്പരം പങ്കുവെക്കാനുള്ളതാണ്. അതാണ് അല്ലാഹു പറഞ്ഞത്: 'ഭൂമിയിലുള്ളതെല്ലാം ഞാന്‍ സൃഷ്ടിച്ചത് മനുഷ്യര്‍ക്കുവേണ്ടിയാണ്.''
വിശാലമായ ഈ ദര്‍ശനത്തില്‍നിന്നുവേണം ജീവിതം ചിട്ടപ്പെടുത്താന്‍. അത് എങ്ങനെയായിരിക്കണം എന്നതിന്റെ രൂപമാണ് നബി (സ) ജീവിച്ചു കാണിച്ചുതന്നത്. മരിക്കുമ്പോള്‍ ഇതുകൂടി പറഞ്ഞു: 'രണ്ടു കാര്യങ്ങള്‍-ഖുര്‍ആനും സുന്നത്തും-ഞാന്‍ വിട്ടേച്ചുപോകുന്നു. അവ മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ വഴിതെറ്റുകയില്ല.''
വ്യക്തി എന്ന നിലയില്‍ എങ്ങനെ ജീവിക്കണം, സാമൂഹികജീവി എന്ന നിലയില്‍ എങ്ങനെ പെരുമാറണം എന്നാണ് ഖുര്‍ആനും സുന്നത്തും നല്‍കുന്ന പാഠങ്ങളുടെ ചുരുക്കം. ശ്രേഷ്ഠമായ ജീവിതത്തിനു വേണ്ട ചേരുവകളെല്ലാം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ മൂല്യങ്ങളുടെ ഏതാനും മണികളാണ് ഖുര്‍ആനില്‍നിന്ന് പെറുക്കി കോര്‍ത്തെടുത്തിട്ടുള്ള ഈ മാല്യത്തില്‍.
നിലനില്‍പ്പിന്റെ ആധാരം എന്നാണ് സമ്പത്തിനെക്കുറിച്ച് അല്ലാഹു പറഞ്ഞത്. സമ്പത്ത് പണക്കാരുടെയിടയില്‍ മാത്രം കറങ്ങാനുള്ളതല്ലെന്ന് അല്ലാഹു താക്കീതു ചെയ്തിട്ടുണ്ട്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫും അബൂബക്‌റുമെല്ലാം സമ്പന്നരായിരുന്നു. നബി ആവശ്യപ്പെടേണ്ട താമസം അവര്‍ തങ്ങളുടെ പണപ്പത്തായം നബിയുടെ മുന്നില്‍ തുറന്നുവെക്കുമായിരുന്നു.
നമസ്‌കരിക്കാത്തവനാണ് ദൈവനിഷേധി എന്ന പൊതുധാരണ തിരുത്തുന്നതാണ് ഖുര്‍ആന്റെ ഈ പ്രഖ്യാപനം: 'മതനിഷേധിയെ നീ കണ്ടുവോ? അനാഥയെ ആട്ടിയോടിക്കുന്നവനാണവന്‍. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും.'' അല്ലാഹു വെറുക്കുന്ന ദുഃസ്വഭാവമാണ് പിശുക്ക്. സമൂഹ നന്മക്കു വേണ്ടി അവര്‍ ചെലവഴിക്കുകയില്ല. ആളുകളെ കാണിക്കാന്‍ ധൂര്‍ത്തടിക്കുകയും ചെയ്യും. നന്ദികെട്ടവര്‍ എന്നാണ് ഖുര്‍ആന്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.
നമസ്‌കാരവും മറ്റു ആരാധനകളും ഏറെ പുണ്യം തന്നെ. എന്നാല്‍ സഹജീവികളെ മറന്നുകൊണ്ടാവരുത് അവ. വിശ്വാസവും ആരാധനകളും മുറുകെപ്പിടിക്കുന്നതോടൊപ്പം തന്നെ അല്ലാഹു കല്‍പ്പിച്ച മാര്‍ഗത്തില്‍ പണം ചെലവഴിക്കാന്‍ തയാറാകണം. വൃദ്ധ മാതാപിതാക്കളെ അടിച്ചുപുറത്താക്കുന്ന ഇക്കാലത്ത് ഖുര്‍ആന്റെ ആജ്ഞ ശ്രദ്ധേയമാണ്. എന്താണ് ചെലവഴിക്കേണ്ടതെന്ന ചോദ്യത്തിന് അല്ലാഹു നല്‍കുന്ന ഉത്തരം ഇങ്ങനെ: 'നല്ലതെന്തും. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കും സഹായമാവശ്യപ്പെട്ടുവരുന്നവര്‍ക്കും നല്‍കണം.''
അയല്‍വാസികള്‍ക്ക് ശ്രേഷ്ഠമായ പരിഗണന നല്‍കിയിരിക്കുന്നു ഇസ്‌ലാം. കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, ഒന്നിച്ചു ജീവിക്കുന്നവര്‍-ഇവരോടെല്ലാം നല്ല നിലയില്‍ വര്‍ത്തിക്കണം. മനുഷ്യന്‍ എന്ന പരിഗണന മാത്രമേ ഉണ്ടാകാവൂ. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനം പാടില്ല.
ആളുകളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കണം. ജനസേവനം നിത്യജീവിതത്തിന്റെ ഭാഗമാകണം. ഒരു ദിവസം ഒരു സേവനമെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുക. അത് പ്രാവര്‍ത്തികമാക്കുക. വഴിയിലെ കല്ല് നീക്കുന്നതു പോലും ജനസേവനമാണെന്നോര്‍ക്കുക.
വിഭവങ്ങള്‍ ചെലവഴിക്കുന്നതില്‍ അതിരുകവിയരുത്. ധൂര്‍ത്തന്മാരെ പിശാചിന്റെ കൂട്ടുകാര്‍ എന്ന് അല്ലാഹു വിശേഷിപ്പിച്ചതില്‍നിന്നുതന്നെ അവര്‍ എത്രമാത്രം വെറുക്കപ്പെടേണ്ടവരാണെന്ന് വ്യക്തമാണ്.
ഭക്ഷണകാര്യത്തിലും അമിതവ്യയം പാടില്ല. നോമ്പുകാലം ഭക്ഷണധൂര്‍ത്തിന്റെ കാലമാക്കുന്നവരെ പാപികള്‍ എന്നു വിളിക്കണം. അവര്‍ തിന്നു നശിപ്പിക്കുന്നതും ബാക്കിവരുന്നവ എച്ചിലില്‍ തള്ളുന്നതും ദരിദ്രര്‍ക്ക് അവകാശപ്പെട്ട ഭക്ഷണമാണ്.
സമാധാനപൂര്‍ണമായ ജീവിതത്തിന് പരസ്പരം വിശ്വസിച്ചും സ്‌നേഹിച്ചും കഴിയേണ്ടത് അനിവാര്യമാണ്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ വിലയിരുത്തരുത്. ഊഹത്തില്‍ ചിലത് പാപമാണെന്നും ഊഹത്തിന് സത്യത്തിന്റെ സ്ഥാനത്ത് നില്‍ക്കാനാവില്ലെന്നും ഖുര്‍ആന്‍ പറയുന്നു.
മറ്റുള്ളവരെപ്പറ്റി അവര്‍ ഹാജരില്ലാത്ത സമയത്ത് മോശമായി സംസാരിക്കരുത്. പരദൂഷണം നിന്ദ്യമായ സ്വഭാവമാണ്. മരിച്ചുകിടക്കുന്ന സഹോദരന്റെ പച്ചയിറച്ചി തിന്നുന്നവരോടാണ് പരദൂഷണം പറയുന്നവരെ അല്ലാഹു ഉപമിച്ചിരിക്കുന്നത്. ഉള്ളതുപറയലാണ് പരദൂഷണം. ഇല്ലാത്തത് പറയുന്നത് കളവും.
ബന്ധങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്നവരാണ് ഏഷണിക്കാര്‍. കെട്ടുകളില്‍ ഊതുന്ന മന്ത്രവാദികള്‍ എന്നാണ് അവരെപ്പറ്റി പറഞ്ഞിട്ടുള്ളത്. കുത്തുവാക്ക് പറഞ്ഞ് വേദനിപ്പിക്കുന്നതും പരിഹാസപ്പേര് വിളിച്ച് അപമാനിക്കുന്നതും ദുഷിച്ച സ്വഭാവമാണ്. വഞ്ചനയില്‍ കൂട്ടുകൂടരുത്. വഞ്ചകര്‍ എത്ര ഉന്നതരാണെങ്കിലും.
മറ്റുള്ളവരുടെ ഉയര്‍ച്ചയിലുള്ള കണ്ണുകടിയാണ് അസൂയ. എതിരാളികളെ താഴ്ത്തിക്കെട്ടാനും തകര്‍ക്കാനും വേണ്ടി എന്തു കുതന്ത്രങ്ങള്‍ പയറ്റാനും അവര്‍ മടിക്കുകയില്ല. അതുകൊണ്ടാണ് അസൂയാലുക്കളുടെ ദ്രോഹത്തില്‍നിന്നുള്ള രക്ഷക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞത്.
അലസത അഭിമാനികള്‍ക്ക് ചേര്‍ന്നതല്ല. ജീവനുള്ള മനുഷ്യന്റെ ശവസംസ്‌കാരമാണ് അലസത എന്ന് ജെറി ടെയ്‌ലര്‍. ഏതു ജോലിയും കഴിവിന്റെ പരമാവധി ഭംഗിയായും വേഗത്തിലും ചെയ്യാനാണ് ഉത്തമന്മാര്‍ ശ്രമിക്കുക. അലസന്മാര്‍ ആത്മവഞ്ചകര്‍ എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.
എന്തു നഷ്ടം സഹിച്ചും പാലിക്കാനുള്ളതാണ് കരാര്‍. കപടന്മാരാണ് കരാര്‍ ലംഘിക്കുക. വഞ്ചിക്കാന്‍ വേണ്ടി കരാര്‍ ചെയ്യുന്നവരുമുണ്ട്.
അല്ലാഹുവിനെ ഒപ്പം കൂട്ടാനാഗ്രഹിക്കുന്നവര്‍ ക്ഷമാലുക്കളാകണം. ദിവ്യസഹായം എത്തിപ്പിടിക്കാനുള്ള രണ്ടു ശ്രേഷ്ഠപടവുകളാണ് ക്ഷമയും നമസ്‌കാരവും.
കോഴയും കൈക്കൂലിയും ജീവിതരീതിയായി മാറിയിരിക്കുകയാണിന്ന്. അഴിമതിയാരോപണങ്ങളുടെ ചെളിമഴയില്‍ കുളിച്ചാലും ഉളുപ്പില്ലാതെ നടക്കുന്നവരെ ഇക്കാലത്ത് ധാരാളം കാണാനാകും. അന്യന്റെ മുതല്‍ അന്യായമായി തിന്നാതെ മാന്യമായി ജീവിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു.
ഒരു ബഹുസ്വരസമൂഹത്തിലാണ് മുസ്‌ലിംകള്‍ ജീവിക്കുന്നത്. പരസ്പരം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടത് ജീവിതം സുഗമമായി മുന്നോട്ടുപോകാന്‍ അത്യാവശ്യമാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് സമാധാനത്തോടെ കഴിയാനാവില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസമാണ് വലുത്. അത് വകവെച്ചുകൊടുത്തുകൊണ്ടുവേണം അവനവന്റെ വിശ്വാസം സംരക്ഷിക്കാന്‍. അന്യന്റെ വിശ്വാസത്തെ ശകാരിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിന്റെ പൊള്ളത്തരം പ്രഖ്യാപിക്കുകയാണ്. ഇതര മതസ്ഥരുടെ ആരാധ്യവസ്തുക്കളെ പഴിക്കുമ്പോള്‍ അറിവില്ലാത്തവര്‍ അല്ലാഹുവിനെയും ശകാരിക്കാന്‍ ഇടവരുത്തുമെന്ന് ഖുര്‍ആന്‍.
വെളിച്ചം എന്നാണ് ഖുര്‍ആനെക്കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത്. പ്രവാചകനെക്കുറിച്ച് പറഞ്ഞത് ലോകത്തിനാകെ കാരുണ്യം എന്നാണ്. നബിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'നിങ്ങള്‍ പ്രയാസപ്പെടുന്നത് അദ്ദേഹത്തെ വേദനിപ്പിക്കുന്നു.'' നിങ്ങളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠാകുലനാകുന്നു. സത്യവിശ്വാസികളോട് അലിവോടെയും കാരുണ്യത്തോടെയും പെരുമാറുന്നു. മഹത്തായ ഒരു മാതൃകാ ജീവിതം സമര്‍പ്പിച്ചുകൊണ്ട് ചുറ്റുമുള്ള മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം പകരാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. വര്‍ഗീയതയുടെയും വര്‍ണഡംഭിന്റെയും ഇരുള്‍മൂടിയ ഇക്കാലത്ത് സത്യത്തിന്റെയും നീതിയുടെയും മാനുഷിക സമത്വത്തിന്റെയും സുവര്‍ണപാത കാണിക്കാന്‍ ഖുര്‍ആനെപ്പോലെ മറ്റൊരു വെളിച്ചമില്ല.
Comments