Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

ട്രംപ് അമേരിക്കയില്‍ ഇസ്‌ലാമിന്റെ നിലയെന്താവും?<br> അമേരിക്കയിലെ ഇസ്‌ലാമും മുസ്‌ലിംകളും-3

വി.പി അഹ്മദ് കുട്ടി ടൊറന്റോ

2017 ജനുവരി 20-നാണ് 45-ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റത്. തൊട്ടടുത്ത ദിവസം ലക്ഷക്കണക്കിന് മനുഷ്യര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ വിവിധ സന്ദേശങ്ങളുമായാണ് അവിടെ സമ്മേളിച്ചത്. ട്രംപിന്റെ മര്‍ക്കടമുഷ്ടി, സ്ത്രീവിരുദ്ധത, വംശീയവിവേചനം, ഇസ്‌ലാമോഫോബിയ എന്നിവക്കെതിരെയാണ് അവര്‍ ഒന്നിച്ചത്. 'തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിച്ചാല്‍, ഞങ്ങളെല്ലാം മുസ്‌ലിംകളായി രജിസ്റ്റര്‍ ചെയ്യും'എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗ്‌ളോറിയ സ്റ്റെയിനം അവിടെ വെച്ച് ഉറക്കെ പ്രഖ്യാപിച്ചത്. അപ്പോഴൊരു ചോദ്യം: ട്രംപ് അമേരിക്കയില്‍ ഇസ്‌ലാമിന്റെ നിലയെന്താവും? ഈ വിഷയം രണ്ട് ഭാഗങ്ങളിലായി ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കയില്‍ ഇസ്‌ലാമിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ് തുടങ്ങാം.

പ്രമുഖ മുസ്‌ലിം നരവംശശാസ്ത്രജ്ഞനായ അക്ബര്‍ അഹ്മദിന്റെ അഭിപ്രായത്തില്‍ യു.എസില്‍ എഴുപത് ലക്ഷം മുസ്‌ലിംകളാണുള്ളത്. ഏറ്റവും വലിയ രണ്ടാമത്തെ മതം എന്നു മാത്രമല്ല, വളരെ വേഗം വളരുന്ന മതവുമാണ് ഇസ്‌ലാം. ആരെങ്കിലും വിചാരിച്ചാല്‍ അതിനെ ഇല്ലാതാക്കാനാവില്ല. ട്രംപിന്റെ വിദ്വേഷ വാചാടോപങ്ങള്‍ക്കും അതിനെ മായ്ക്കുക സാധ്യമല്ല. നാശത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്, അമേരിക്കയുടെ അനിഷേധ്യ ഭാഗമായി ഇസ്‌ലാം വളര്‍ന്നിട്ടു്.

അല്ലാഹു ഖുര്‍ആനില്‍ നല്‍കിയ വാഗ്ദാനത്തിന്റെ തികവാര്‍ന്ന തെളിവാണ് നാശത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഇസ്‌ലാമിന്റെ വളര്‍ച്ച. ''അല്ലാഹുവിന്റെ വെളിച്ചത്തെ അവരുടെ വാക്കുകള്‍കൊണ്ട് ഊതിക്കെടുത്താനാകുമെന്നാണ് അവര്‍ കരുതുന്നത്. പക്ഷേ, സത്യനിഷേധികള്‍ക്ക് എത്ര അരോചകമാണെങ്കിലും, അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും'' (ഖുര്‍ആന്‍: 61:8)

അടിമത്തത്തിന്റെ ഇരുണ്ടകാലത്ത് ഇസ്‌ലാം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, ഒരു കനലായി അത് മറഞ്ഞിരുന്നു.

പിന്നീടുള്ള ദശാബ്ദങ്ങളില്‍ ഒരു സര്‍ഗാത്മക ശക്തിയായി ഇസ്‌ലാം വളരുന്നതിന് നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇസ്‌ലാമിനെ തിരിച്ചുപിടിച്ചതും വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതും കുടിയേറ്റക്കാരായും വിദ്യാര്‍ഥികളായും പ്രഫഷണലുകളായുമെല്ലാം മുസ്‌ലിംകള്‍ യു.എസിലെത്തിയതുമെല്ലാം അതില്‍ പെടുന്നു.

ആദ്യത്തെ വിഭാഗത്തെ കുറിച്ച് പറയാം. ആഫ്രിക്കയില്‍നിന്ന് അടിമകളായി എത്തിയവര്‍ തങ്ങളുടെ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിന് വലിയ രീതിയില്‍ ശ്രമിക്കുകയുണ്ടായി. ഇസ്‌ലാം ഉപേക്ഷിക്കാന്‍ അവര്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും അവരില്‍ ഏറെ പേരും രഹസ്യമായി ഇസ്‌ലാമിക ജീവിതം പുലര്‍ത്തി. ഒരു മുസ്‌ലിം പണ്ഡിതനെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം ചെയ്യിച്ചെന്നും ഒടുവില്‍, അറബിയില്‍ ഒരു പ്രാര്‍ഥന എഴുതി നല്‍കാന്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ആവശ്യപ്പെട്ടപ്പോള്‍ പണ്ഡിതന്‍ സൂറത്തുല്‍ ഫാത്തിഹ എഴുതി നല്‍കിയെന്നുമുള്ള കഥയുണ്ട്.

ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ തേടി, അമേരിക്കയിലുടനീളം സഞ്ചരിച്ചയാളാണ് അക്ബര്‍ അഹ്മദ്. ആഫ്രിക്കന്‍ മുസ്‌ലിംകളുടെ പത്താമത്തെ തലമുറയില്‍ പെടുന്ന ബെയ്‌ലി എന്ന അമേരിക്കന്‍ വനിതയുടെ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. തന്റെ മുത്തശ്ശി പകല്‍ മുഴുവനും ക്രിസ്ത്യാനിയായും രാത്രി മുഴുവന്‍ മുസ്‌ലിമായുമാണ് ജീവിച്ചിരുന്നതെന്ന് ബെയ്‌ലി ഓര്‍ക്കുന്നു. ഇസ്‌ലാമുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് അക്ബറിനോട് ബെയ്‌ലി പറഞ്ഞതിങ്ങനെ: ''ഇസ്‌ലാം എന്റെ വലതു കൈയ്യാണ്. അതു മുറിച്ചുകളഞ്ഞാല്‍, നിങ്ങളെന്റെ വലതു കൈയാണ് അറുത്തുമാറ്റുന്നത്.'' 

1918-ല്‍ ആരംഭിച്ച ബ്ലാക് നാഷനലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയോടെയാണ് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുന്നത്. സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച അവര്‍, വെള്ളക്കാരുടെ മേല്‍ക്കോയ്മക്കെതിരെ കലാപം നടത്തി. ഇതില്‍ രണ്ട് പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറയില്‍നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വരൂപീകരണത്തിനു വേണ്ടി പ്രയത്‌നിച്ചവരാണ്. അവരുടെ വിശ്വാസങ്ങളില്‍ പലതും ഇസ്‌ലാമിന്റെ നിലപാടിന് വിരുദ്ധമായിരുന്നുവെങ്കിലും, അമേരിക്കയിലെ കറുത്തവര്‍ഗക്കാരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിച്ചതിനാല്‍ അവര്‍ പ്രോട്ടോ-ഇസ്‌ലാമിക് എന്ന് വിളിക്കപ്പെട്ടു. 

നോബിള്‍ ഡ്രൂ അലി എന്നയാള്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് ഇതില്‍ ആദ്യത്തേത്. കറുത്ത വര്‍ഗക്കാരുടെ നഷ്ടപ്പെട്ട സ്വത്വം തിരിച്ചുപിടിക്കാന്‍ ദൈവനിയോഗിതനായാളാണ് താന്‍ എന്ന് അദ്ദേഹം വാദിച്ചിരുന്നു. മുസ്‌ലിംകളിലെ ഏഷ്യന്‍ വംശജരാണ് കറുത്തവര്‍ എന്നും അദ്ദേഹം വാദിച്ചു. 1913-ല്‍ ന്യൂജേഴ്‌സിയിലും 1928-ല്‍ ഷിക്കാഗോയിലും മൂറിഷ് സയന്‍സ് ടെംപിള്‍ സ്ഥാപിച്ചു. സ്ഥൈര്യവും, കഠിനപ്രയത്‌നവും നടത്താന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ച നോബിള്‍, അവര്‍ക്ക് പ്രത്യേക വസ്ത്രധാരണരീതിയും നിഷ്‌കര്‍ശിച്ചു. വെള്ള വസ്ത്രവും തൊപ്പിയുമായിരുന്നു പുരുഷന്മാരുടെ വേഷം. തട്ടമിട്ട സ്ത്രീകള്‍ ശരീരം പൂര്‍ണമായി മറക്കുന്ന വസ്ത്രങ്ങളും ധരിച്ചു.

എലീജ മുഹമ്മദ് (1897-1975) ആണ് കൂടുതല്‍ ശക്തമായ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഡിട്രോയിറ്റില്‍ 1930-ല്‍ തന്റെ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച എലീജ  മുഹമ്മദ്, തന്റെ പ്രസ്ഥാനത്തെ വീണ്ടെടുക്കപ്പെട്ട മുസ്‌ലിം സമുദായം (Lost Found Nation of Islam) എന്നാണ് വിളിച്ചത്. എല്ലായ്‌പ്പോഴും പിന്നാമ്പുറത്തിരുന്ന വാല്ലസ് ഡി. ഫാര്‍ഡ് എന്ന വ്യക്തിയായിരുന്നു എലീജയുടെ ഗുരു. പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും എലീജക്ക് കൈമാറി, ഫാര്‍ഡ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനാവുകയായിരുന്നു.

ഒരു കെട്ടുകഥയുടെ അടിസ്ഥാനത്തിലാണ് എലീജ തന്റെ പ്രമാണങ്ങളുണ്ടാക്കിയത്. വെളുത്തവര്‍ ചെകുത്താന്മാരാണെന്നും, കറുത്തവരാണ് യഥാര്‍ഥ മനുഷ്യവര്‍ഗമെന്നും അദ്ദേഹം വാദിച്ചു. യഅ്ഖൂബ് എന്ന കറുത്ത ശാസ്ത്രജ്ഞന്‍ ജനിതകമാറ്റത്തിലൂടെ ഉണ്ടാക്കിയ വര്‍ഗമാണ് വെളുത്തവരെന്നും അദ്ദേഹം പ്രചരിപ്പിച്ചു. അനുയായികളില്‍ ആത്മവിശ്വാസവും, അച്ചടക്കവും സ്ഥൈര്യവുമുണ്ടാക്കുന്നതില്‍ അസാമാന്യ വിജയം നേടിയ എലീജ പ്രതിഭയായിരുന്നുവെന്നതില്‍ സംശയമില്ല. ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹം, ഫാക്ടറികളും വിദ്യാലയങ്ങളും കോളേജുകളും കമ്പനികളും സ്ഥാപിച്ചു.

ഐതിഹാസിക വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും എലീജ വിജയിച്ചു. അവരിലൊരാളാണ് മാല്‍കം എക്‌സ്. എലീജയുടെ വലംകൈയായി മാല്‍കം എക്‌സ് വളര്‍ന്നു. മികച്ച പ്രാസംഗികനായിരുന്ന മാല്‍കം എക്‌സ്, നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതാവായി മാറി.

ഹജ്ജ് കര്‍മം നിര്‍വഹിച്ചതോടെ മാല്‍കം എക്‌സില്‍ വലിയ മാറ്റം ഉളവായി. എലീജയുടെ ഇസ്‌ലാമികവിരുദ്ധ വാദങ്ങള്‍ മാല്‍കം എക്‌സ് തള്ളിപ്പറഞ്ഞു. നാഷന്‍ ഓഫ് ഇസ്‌ലാമില്‍നിന്നും പുറത്തുപോയ അദ്ദേഹം പ്രസ്ഥാനത്തിലെ ഒരുകൂട്ടം ആളുകളെയും ഒപ്പം കൂട്ടി.

1975-ല്‍ എലീജ അന്തരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ വാരിസ് ദീന്‍ മുഹമ്മദ് പ്രസ്ഥാനത്തിന്റെ നായകത്വം ഏറ്റെടുത്തു. പിതാവിന്റെ മതവിരുദ്ധ വാദങ്ങളെ വാരിസും തള്ളിപ്പറഞ്ഞു. മുഖ്യധാര ഇസ്‌ലാമിന്റെ ഭാഗമായ അദ്ദേഹം, പ്രസ്ഥാനത്തിന്റെ പേര് അമേരിക്കന്‍ സൊസൈറ്റി ഓഫ് മുസ്‌ലിംസ് എന്നാക്കി. മാല്‍കം എക്‌സിന്റെ കൃതികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാരിസും, കരീം അബ്ദുല്‍ ജബ്ബാറും മുഖ്യധാരാ ഇസ്‌ലാമിന്റെ ഭാഗമാവുന്നത്. ഇവരെല്ലാം അമേരിക്കയില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചു.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്‌ലാം ഉയിര്‍ത്തെഴുന്നേറ്റ അതേ സന്ദര്‍ഭത്തില്‍, വെള്ളക്കാര്‍ക്കിടയിലും ഇസ്‌ലാമിന്റെ വിത്തുകള്‍ പാകപ്പെട്ടു. പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായിരുന്ന അലക്‌സാര്‍ റസല്‍ വെബ്ബ് എന്നയാളിലൂടെയാണ് അതുണ്ടായത്. 1888-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച വെബ്ബ്, അമേരിക്കയിലെ ആദ്യ മുസ്‌ലിം ജേണല്‍ പ്രസിദ്ധീകരിച്ചു. 'മദര്‍ ഓഫ് ഇസ്‌ലാമിക് മാഗസിന്‍സ്' എന്നാണ് അത് വിളിക്കപ്പെട്ടത്. പല കാര്യങ്ങളും ആദ്യമായി ചെയ്തയാളായിരുന്നു വെബ്ബ്. ഷിക്കാഗോയിലെ ലോക മത പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ മുസ്‌ലിം, ഇസ്‌ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ വരച്ചുകാട്ടി ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ എഴുതിയ ആദ്യത്തെ ആള്‍ എന്നീ നിലകളെല്ലാം അദ്ദേഹത്തിന് സ്വന്തം.

പ്രമുഖ പണ്ഡിതന്മാര്‍, പ്രഫസര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നവരാണ് ഇന്ന് അമേരിക്കയിലെ ഇസ്‌ലാം സ്വീകരിച്ച വെളുത്തവരുടെ നിര. ഹംസ യൂസുഫ്, അലക്‌സ് ക്രോണിമര്‍, മിഷേല്‍ വോള്‍ഫ് (പ്രമുഖ മീഡിയ സ്ഥാപനമായ യൂനിറ്റി പ്രൊഡക്ഷന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍), കവി ഡാനിയല്‍ മൂര്‍, കാലിഗ്രാഫര്‍ മുഹമ്മദ് സക്കരിയ്യ, കന്‍സാസ് സര്‍വകലാശാല ഗണിതശാസ്ത്ര പ്രഫസര്‍ ഡോ. ജെഫ്രി ലാങ്, ഡോ. ജെറാള്‍ഡ് ഡിര്‍ക്, ന്യൂറോസയന്‍സ് പ്രഫസര്‍ ഡോ. ഫിദല്‍മ ഒ. ലിയറി എന്നിവര്‍ നീണ്ട ആ പട്ടികയിലെ ചിലര്‍.

കറുത്തവര്‍ഗക്കാര്‍, ലാറ്റിനോകള്‍, തദ്ദേശീയര്‍, വെളുത്തവര്‍ എന്നിങ്ങനെ വംശഭേദമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഇസ്‌ലാം നിര്‍ബാധം പ്രചരിച്ചു. കൃത്യമായ കണക്കുകളില്ലെങ്കിലും, ലാറ്റിനോ മുസ്‌ലിംകളുടെ എണ്ണം വളരെയധികം വര്‍ധിക്കുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 150000 ലാറ്റിനോകള്‍ ഇസ്‌ലാം സ്വീകരിച്ചവരായുണ്ടെന്നാണ് കണക്ക്. 

അമേരിക്കയിലെ തടവുകാര്‍ക്കിടയിലും ഇസ്‌ലാമിന്റെ പ്രചാരം വര്‍ധിക്കുകയാണ്. ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, ജയിലുകളില്‍ ഏറ്റവുമധികം പ്രചരിക്കുന്ന മതം ഇസ്‌ലാമാണ്. ഔദ്യോഗിക കണക്കുകളില്ലെങ്കിലും, ഓരോ വര്‍ഷവും 35000 മുതല്‍ 40000 വരെ തടവുകാര്‍ ഇസ്‌ലാം സ്വീകരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ജയിലുകളില്‍നിന്നും പരിവര്‍ത്തിതരായി പുറത്തിറങ്ങുന്നവര്‍ സ്വന്തം സമുദായങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ക്കും ലഹരിക്കുമെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സെപ്റ്റംബര്‍ 11-ന് ശേഷം ഇസ്‌ലാമിനെതിരെ ആരംഭിച്ച പ്രചാരണ യുദ്ധങ്ങള്‍ക്കൊന്നും ആളുകളുടെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിന് തടയിടാനായിട്ടില്ലെന്ന് മനസ്സിലാക്കാം. എന്നല്ല, അത്തരം പ്രചാരണങ്ങള്‍ വിപരീത ഫലങ്ങളുണ്ടാക്കുന്നതും കാണാം. ലിസ എ. ഷാങ്ക്‌ലിന്‍ എന്ന സ്ത്രീയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ: ''ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങളാണ് ഒരു വര്‍ഷം മുമ്പ് ഖുര്‍ആന്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒടുവില്‍ ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.''

ജീസസ് റൊഗീലിയൊ വിയ്യാറയല്‍ എന്നയാള്‍ മറ്റൊരു ഉദാഹരണം. അദ്ദേഹം പറയുന്നു: ''സെപ്റ്റംബര്‍ 11 ആക്രമണകാരികളെ പ്രചോദിപ്പിച്ചവര്‍ എന്ന പേരില്‍ മുസ്‌ലിംകളുടെ കടുത്ത വിമര്‍ശകനായിരുന്നു ഞാന്‍.'' ശത്രുവിനെ ശരിയായി മനസ്സിലാക്കാന്‍ തീരുമാനിച്ച ജീസസ്, സാന്‍ അന്റോണിയോയിലെ ഇസ്‌ലാമിക് സെന്ററിലെത്തി. മുസ്‌ലിംകള്‍ ആക്രമിച്ചാല്‍ നേരിടാന്‍ ഉറച്ച് 0.45 കാലിബര്‍ കൈത്തോക്കും അദ്ദേഹം അപ്പോള്‍ കൈവശം വെച്ചിരുന്നു. എന്നാല്‍, പള്ളിയില്‍ പ്രവേശിച്ചതും താന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി ജീസസ് പറയുന്നു. ടെക്‌സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ ജീസസിന് ഡോക്ടറാവണമെന്നാണ് മോഹം. മുസ്‌ലിം സ്റ്റുഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.

അമേരിക്കയിലെത്തിയ കുടിയേറ്റക്കാരും വിദ്യാര്‍ഥികളും പ്രഫഷനലുകളുമാണ് ഇസ്‌ലാമിനെ വേരുറപ്പിക്കുന്നതില്‍ പങ്കുവഹിച്ച മറ്റൊരു വിഭാഗം. 

ലോകയുദ്ധങ്ങള്‍ക്ക് ശേഷമാണ് മുസ്‌ലിംകള്‍ കൂട്ടമായി അമേരിക്കയില്‍ എത്തിയത്. സിറിയ, ലബനാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് എത്തിയവരില്‍ ഏറെയും. 1934-ല്‍ അയോവയില്‍ സെഡാര്‍ റാപിഡ്‌സില്‍ ആദ്യമായി മുസ്‌ലിം പള്ളി നിര്‍മിച്ചതും അവരാണ്. അമേരിക്കയിലെ പള്ളികളുടെ മാതാവ് എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. 

1965-ല്‍ യൂറോപ്യന്‍ ഇതര രാജ്യക്കാര്‍ക്കും കുടിയേറ്റം ബാധകമാക്കിയപ്പോള്‍, അമേരിക്കയിലേക്ക് കുടിയേറ്റക്കാര്‍ ഒഴുകി. മുമ്പ് അമേരിക്കയില്‍ എത്തിയവരില്‍നിന്നും വ്യത്യസ്തമായി, ഭൗതികമായി ഉയര്‍ന്ന പശ്ചാത്തലമുള്ളവരാണ് ഈ ഘട്ടത്തിലെത്തിയത്. വ്യവസായത്തിലും, വ്യാപാരത്തിലും, പ്രഫഷനിലും അവര്‍ തങ്ങളുടേതായ ഇടം സ്ഥാപിച്ചു.

ശീതയുദ്ധാനന്തരം വിദ്യാര്‍ഥികളെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ റഷ്യ മത്സരിച്ചതോടെ, വിദ്യാര്‍ഥികളെയും പ്രഫഷനലുകളെയും സ്വീകരിക്കുന്നതില്‍ അമേരിക്കയും വിട്ടുകൊടുത്തില്ല. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയ അവര്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ ജോലിയും നല്‍കി. ഇത്തരം ഘടകങ്ങള്‍ നൂറുകണക്കിന് പ്രതിഭാശാലികളായ യുവാക്കളെയും, സ്ത്രീകളെയും, മുസ്‌ലിം ചിന്തകരെയും അമേരിക്കയിലെത്തിച്ചു. മുസ്‌ലിം ലോകത്തുനിന്നുള്ള മസ്തിഷ്‌കചോരണം അമേരിക്കക്ക് നേട്ടമായി. ഡോ. ഫസ്‌ലുര്‍റഹ്മാന്‍, ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി, സയ്യിദ് ഹുസൈന്‍ നസ്ര്‍ തുടങ്ങി അനേകം പേര്‍ അമേരിക്കയിലെത്തിയത് അങ്ങനെയാണ്. പരാമര്‍ശിക്കപ്പെട്ട മൂന്ന് പണ്ഡിതന്മാരും അക്കാദമിക രംഗത്ത് വിദഗ്ധരായ നിരവധി തലമുറകളെ സൃഷ്ടിച്ചു. ഉത്തര അമേരിക്കയിലും യൂറോപ്പിലും ഇസ്‌ലാമിക പഠനത്തിന്റെ നിസ്തുലമായ നവജാഗരണത്തിന് നേതൃത്വം നല്‍കി. അത്തരമൊരു മുന്നേറ്റം മുസ്‌ലിം ലോകത്തെവിടെയും കാണുക സാധ്യമല്ലെന്നും മനസ്സിലാക്കാം.

1963-ലാണ് മുസ്‌ലിം സ്റ്റുഡന്റ് അസോസിയേഷന്‍ (എം.എസ്.എ) സ്ഥാപിതമാവുന്നത്. പശ്ചിമേഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പശ്ചാത്തലമുള്ളവരായിരുന്നു അതിന്റെ സ്ഥാപകര്‍. മതേതര അക്കാദിക സമൂഹത്തിനിടയില്‍ ഇസ്‌ലാം പ്രാവര്‍ത്തികമാക്കി ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തവരായിരുന്നു അവര്‍. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പലരും അധ്യാപകരായും പ്രഫഷനലുകളായും അമേരിക്കയില്‍ തുടര്‍ന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയ ചിലര്‍, അവിടങ്ങളിലെ മര്‍ദകഭരണകൂടങ്ങളുടെ നിലപാടുകളില്‍ മടുത്ത് അമേരിക്കയിലേക്ക് തന്നെ മടങ്ങി.

വടക്കന്‍ അമേരിക്കയിലെ മിക്ക കാമ്പസുകളിലും എം.എസ്.എ അവരുടെ ഘടകങ്ങള്‍ തുടങ്ങി. 1972-ല്‍ ടൊറന്റോയിലെത്തി, ടൊറന്റോ സര്‍വകലാശാലയില്‍ ബിരുദാനന്തര പഠനത്തിന് ചേര്‍ന്നപ്പോള്‍, എം.എസ്.എയുടെ ഗുണഫലങ്ങള്‍ ഞാനും അനുഭവിച്ചു. ടൊറന്റോയിലെത്തിയ എന്നെ സ്വന്തം സഹോദരനായി സ്വീകരിച്ച അവര്‍ ആഴ്ചകള്‍ക്കകം തന്നെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാവാന്‍ അവസരവും നല്‍കി. പശ്ചിമേഷ്യയിലെ ഒരു പണ്ഡിതന്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. ഉത്തര അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ഥിയോട് അദ്ദേഹം പറഞ്ഞുവത്രേ: ''എം.എസ്.എ വഴിയാണ് പോകുന്നതെങ്കില്‍ ആഗ്രഹിക്കുന്ന തരത്തിലെല്ലാം ചെയ്യാന്‍ നിനക്ക് കഴിയും.''

ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ്, അസോസിയേഷന്‍ ഓഫ് മുസ്‌ലിം സയന്റിസ്റ്റ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് എന്നീ സംഘടനകളുടെ രൂപീകരണത്തിലും എം.എസ്.എ കാര്യമായ പങ്കുവഹിച്ചു. മുസ്‌ലിം സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്, ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ഇസ്‌ന) എന്നൊരു കുട്ടായ്മയും അവരുണ്ടാക്കി.

ഇസ്‌ന നേതാക്കളുടെ സഹകരണത്തോടെ, ഇസ്മാഈല്‍ റാജി ഫാറൂഖി ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് (ഐ.ഐ.ഐ.ടി) എന്ന പ്രമുഖ സ്ഥാപനത്തിനും രൂപം നല്‍കി. ഇസ്‌ലാമില്‍ ഊന്നിയ സാമൂഹിക ശാസ്ത്ര പഠനങ്ങളും ഇസ്‌ലാമിക പണ്ഡിതന്മാരുടെ രചനകളും ഐ.ഐ.ഐ.ടി പുറത്തിറക്കുകയുണ്ടായി. 

എം.എസ്.എയുടെയും ഇസ്‌നയുടെയും രൂപീകരണത്തോടെ അമേരിക്കയിലെ ഇസ്‌ലാമിന്റെ സ്ഥാപനവത്കരണം അവസാനിച്ചില്ല. കൂടുതല്‍ സംഘടനകളും കൂട്ടായ്മകളും രൂപീകൃതമായി.  അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (എ.എം.സി), അമേരിക്കന്‍ മുസ്‌ലിം പൊളിറ്റിക്കല്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (എ.എം.പി.സി.സി), അമേരിക്കന്‍ മുസ്‌ലിം അലയന്‍സ് (എ.എം.എ), കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ('കെയര്‍'), മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ (എം.പി.എ.സി) എന്നിങ്ങനെ നിരവധി കൂട്ടായ്മകള്‍ ഉയര്‍ന്നുവന്നു.

ഇക്കൂട്ടത്തില്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ നിയമപരമായ സംരക്ഷണത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന കെയര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. നിരവധി മുസ്‌ലിം സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന യു.എസ് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഓര്‍ഗനൈേസഷന്‍ (യു.എസ്.സി.എം.ഒ) എന്ന സമിതി ഏറ്റവും ഒടുവില്‍ നിലവില്‍ വന്നു. 2014 മാര്‍ച്ച് 12-നാണ് വാഷിങ്ടണ്‍ ഡി.സിയിലെ നാഷ്‌നല്‍ പ്രസ് ക്ലബില്‍ വെച്ച് യു.എസ്.സി.എം.ഒ രൂപീകരണ പ്രഖ്യാപനം നടന്നത്. ദി മോസ്‌ക് കെയേഴ്‌സ്, എം.എ.എസ് അമേരിക്കന്‍ മുസ്‌ലിംസ് ഫോര്‍ ഫലസ്തീന്‍, കെയര്‍, ഇസ്‌ലാമിക് സര്‍ക്ക്ള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.സി.എന്‍.എ), മുസ്‌ലിം ലീഗല്‍ ഫണ്ട് ഓഫ് അമേരിക്ക, മുസ്‌ലിം അലയന്‍സ്, ഇന്‍ നോര്‍ത് അമേരിക്ക, മുസ്‌ലിം ഉമ്മ ഓഫ് നോര്‍ത് അമേരിക്ക എന്നീ സംഘടനകള്‍ യു.എസ്.സി.എം.ഒയുടെ ഭാഗമാണ്.

മുസ്‌ലിം പള്ളികളുടെ നവരൂപകല്‍പനകളിലും അമേരിക്കയില്‍ ഇസ്‌ലാമിന്റെ സജീവ സാന്നിധ്യം പ്രകടമാണ്. ആദ്യം സ്ഥാപിതമായ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ഒന്നാണ് വാഷിങ്ടണ്‍ ഇസ്‌ലാമിക് സെന്റര്‍. 1957-ല്‍ അമേരിക്കയുടെ 34-ാമത് പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഡി. ഈസന്‍ഹോവര്‍ ആണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനവേളയില്‍ ഈസന്‍ഹോവര്‍ പറഞ്ഞ വാചകങ്ങളോടെ ഈ ഭാഗം അവസാനിപ്പിക്കാം: ''എന്റെ മുസ്‌ലിം സുഹൃത്തുക്കളേ, അമേരിക്കന്‍ ഭരണഘടനപ്രകാരം, അമേരിക്കന്‍ പാരമ്പര്യമനുസരിച്ച്, അമേരിക്കയുടെ ഹൃദയവായ്‌പോടെ, നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു. ഈ ആരാധനാലയം മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ പോലെ തന്നെ സ്വാഗതം ചെയ്യപ്പെടുന്നതാണ്. നിങ്ങളുടെ ആരാധനാലയം ഇവിടെ സ്ഥാപിക്കാനും പ്രാര്‍ഥിക്കാനുമുള്ള അവകാശത്തിനുവേണ്ടി, അമേരിക്ക അതിന്റെ മുഴുവന്‍ ശക്തിയോടെ പോരാടും. അത് അമേരിക്കയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ്. ആ കാഴ്ചപ്പാട് ഇല്ലാത്ത പക്ഷം, നാം മറ്റെന്തോ ആയിത്തീരും.'' 

(തുടരും)

വിവ: അനീസ് ചാവക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്