ആധിപത്യം പുലര്‍ത്താതെ സഹകരണവും സ്വാംശീകരണവും സാധ്യമാണ്
സുഊദിയില്‍ ആദ്യമായാണല്ലോ വരുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ ഏകദേശം എല്ലാ പ്രദേശങ്ങളും കാണാന്‍ സാധിച്ചു. സുഊദിയെക്കുറിച്ചും അവിടെ ജീവിക്കുന്ന പ്രവാസികളെക്കുറിച്ചും?
ഭയാശങ്കകളോടെ സുഊദി അറേബ്യയിലേക്ക് വരുന്ന എഴുത്തുകാരെ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും കാത്തിരിക്കുന്നതെന്ന് സക്കറിയയെപ്പോലുള്ള എഴുത്തുകാര്‍ രേഖപ്പെടുത്തിയത് ഞാന്‍ വായിച്ചിരുന്നു. അതുകൊണ്ട് അതിരറ്റ അത്ഭുതമൊന്നും ഉണ്ടായില്ലെങ്കിലും സുഊദിയുടെ മണ്ണും പ്രകൃതിയും അറബികളുടെ സവിശേഷതകളും പ്രവാസി മലയാളികളുടെ മറ്റ് മറുനാടന്‍ മലയാളികളില്‍നിന്നുള്ള വ്യത്യാസവും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. സുഊദി അറേബ്യ കിംങ്ഡം ഓഫ് സുഊദി അറേബ്യയാണ്, രാജാധികാരം നിലനില്‍ക്കുന്ന രാഷ്ട്രമാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും ആവിഷ്‌കാര ഉദ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടാവും. എന്നാല്‍ ധാരാളം മലയാളി സംഘടനകള്‍ അവരുടെ കലാ-സാഹിത്യ- സാംസ്‌കാരിക പരിപാടികളുമായി ഇവിടെ മുന്നോട്ടുപോകുന്നു. രാജ്യത്തിന്റെ അച്ചടക്കമര്യാദകളെ ലംഘിക്കാത്തിടത്തോളം ഭരണകൂടം ഇതെല്ലാം അനുവദിക്കുകയും ചെയ്യുന്നു.
സഹസ്രാബ്ദങ്ങളായി നിലനിന്നിട്ടുള്ള ബന്ധം അറബികള്‍ക്കും മലയാളികള്‍ക്കും തമ്മില്‍ പരസ്പരവിശ്വാസത്തിന്റെ പാലം തീര്‍ത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ രാജ്യഭരണത്തിന്റെ കര്‍ക്കശ ചട്ടങ്ങള്‍ക്കിടയിലും സുഊദി അറേബ്യന്‍ അറബികള്‍ മര്യാദയും സന്മനസ്സും നേരെവാ നേരെപ്പോ പ്രകൃതവും സൂക്ഷിക്കുന്നവരുമാണ്. ഏത് പ്രതികൂലസാഹചര്യത്തിലും റസൂല്‍ ജനിച്ച മണ്ണ് അവിടത്തുകാര്‍ക്ക് സംശുദ്ധിയുടെ ഉള്ളലിവ് നല്‍കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്‍പര്യം.
പൊതുവെ കേരളത്തിനു പുറത്ത് പോയാല്‍ മലയാളികള്‍ വിശാലമനസ്‌കരും ഉദാരരും നല്ലവരുമാവുകയാണ് പതിവ് (നാട്ടിനകത്ത് കുശുമ്പും കുനിഷ്ടും കുന്നായ്മയും കാണിക്കുമെങ്കിലും). പ്രവാസി മലയാളികള്‍ക്കിടയിലെ ഊഷ്മളമായ ഈ ബന്ധം സുഊദി അറേബ്യയില്‍ അതിന്റെ ഉയര്‍ന്ന വിതാനത്തിലാണ്. ആളുകള്‍ ഇവിടെ പരസ്പരം ഉള്ളഴിഞ്ഞ് സഹായിക്കുന്നു, ബന്ധപ്പെടുന്നു. നാട്ടില്‍ സ്വന്തക്കാര്‍ ചെയ്യുന്നതിലും കൂടുതല്‍ ജാതിമത ഭേദങ്ങള്‍ക്കുപരി കുടുംബസന്ദര്‍ശനങ്ങള്‍ നടത്തുന്നു. സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത്തരം കുടുംബക്കൂട്ടായ്മകള്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. വ്യക്തികള്‍ തമ്മിയുള്ള ചാര്‍ച്ച പോലെ തന്നെയാണ് സംഘടനകള്‍ തമ്മിലും.
'തനിമ'യുടെ 'സമാധാനം മാനവികത' കാമ്പയിന് വേിയാണ് ഞാന്‍ ഔപചാരികമായി സുഊദിയില്‍ വന്നതെങ്കിലും കെ.എം.സി.സി, മലയാളി സമാജം, രിസാല സ്റ്റഡി സെന്റര്‍, മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബ് തുടങ്ങിയവര്‍ സംഘടിപ്പിച്ച പരിപാടികളിലും പങ്കെടുക്കാന്‍ തനിമയുടെ സാരഥികള്‍ അവസരം ഒരുക്കി. തനിമയുടെ സമാധാനം മാനവികത കാമ്പയിനാകട്ടെ, സന്മനസ്സുള്ള സകല മലയാളി സംഘടനകള്‍ക്കും കേന്ദ്രീകരിക്കാനുള്ള പൊതുവേദിയായും പരിവര്‍ത്തനപ്പെട്ടു. കെ.എം.സി.സി, നവോദയ, കൈരളി പ്രതിനിധികള്‍ അതില്‍ സജീവമായി പങ്കെടുത്തു. മരണപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുന്നവരെ സേവിക്കാന്‍ തയാറായി നില്‍ക്കുന്ന നമ്മുടെ നാട്ടുകാരെ എത്ര പുകഴ്ത്തിയാലും മതിയാവുകയുമില്ല. ഇതിലെല്ലാം വീണ്ടും നബിതിരുമേനി സൃഷ്ടിച്ച മദീനാ സംസ്‌കാരത്തിന്റെ സൂക്ഷ്മപ്രേരണയുടെ സ്വാധീനമുണ്ടെന്ന് ഞാന്‍ സങ്കല്‍പ്പിക്കുകയാണ്. ചില ആത്മീയ സ്പന്ദനങ്ങള്‍ കാലാതിവര്‍ത്തിയായി തുടരുമായിരിക്കും. അത് പിടിച്ചെടുക്കാനുള്ള ശേഷി സ്വീകര്‍ത്താക്കള്‍ക്ക് വേണമെന്നു മാത്രം. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് അത് വേണ്ടുവോളമുണ്ട്, സംശയമില്ല.
യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പരിപാടികളില്‍ താങ്കള്‍ സംസ്‌കാരങ്ങളിലെ സ്വാംശീകരണവും അധിനിവേശവും എന്ന വിഷയത്തില്‍ സംസാരിക്കുകയുണ്ടായി. അതൊന്ന് വിശദീകരിക്കാമോ?
ഭൂപ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായ മനുഷ്യസംസ്‌കാരങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ട്. ഇവ വെള്ളം കടക്കാത്ത അറകളായി നിലകൊള്ളുകയല്ല, പരസ്പരം സ്വാംശീകരിക്കുകയും സഹകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഈ സ്വാംശീകരണവും സഹകരണവും വിവിധ സംസ്‌കാരങ്ങളെ സമ്പന്നതയിലേക്കും സമ്പുഷ്ടിയിലേക്കും നയിക്കുകയാണ് ചെയ്യുക. ഉദാഹരണമായി, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ അറബികള്‍ കച്ചവടത്തിനായി അറബിക്കടലിലൂടെ കേരളതീരത്തെത്തി. നബിയുടെ കാലത്ത് ഇസ്‌ലാമും അവരിലൂടെ ഇവിടെയെത്തി. മലബാറില്‍ വിവാഹം കഴിച്ചു കൂടിയ അറബികളായ മുസ്‌ലിംകളില്‍നിന്ന് ഇസ്‌ലാം മലയാളത്തില്‍ സ്വാംശീകരിക്കപ്പെട്ടു. അതേ സമയം നാട്ടിലെ മുസ്‌ലിം പരമ്പര മണ്ണിന്റേതായ സാംസ്‌കാരിക വിശേഷങ്ങളെ കൈവിടാതെ സൂക്ഷിക്കുകയും ചെയ്തു. ഇസ്‌ലാമിക തത്വങ്ങള്‍ ബലികഴിക്കാതെ അതത് ദേശത്തെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാമെന്ന അനുവാദത്തിലൂടെ വിശുദ്ധഗ്രന്ഥവും ആരോഗ്യകരമായ സാംസ്‌കാരിക സ്വാംശീകരണത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. എത്രയോ പദങ്ങള്‍ അറബിയില്‍നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍നിന്ന് അറബിയിലേക്കും ചേക്കേറി. അറബിമലയാളമെന്ന അത്ഭുതകരമായ ഭാഷാപ്രതിഭാസം തന്നെ സംജാതമായി.
ഇതിന് നേരെ വിപരീതമായി ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തെ അധിനിവേശിച്ചതിന്റെ ഉദാഹരണമാണ് പാശ്ചാത്യശക്തികളുടെ കുടിയേറ്റത്തില്‍ കാണാന്‍ കഴിയുക. കച്ചവടത്തിനു വന്ന് ഒടുവില്‍ അധികാരം പിടിച്ചടക്കി കീഴ്‌പ്പെടുത്തുക എന്നതായിരുന്നല്ലോ പോര്‍ച്ചുഗീസുകാരായാലും ഡച്ചുകാരായാലും ബ്രിട്ടീഷുകാരായാലും അവരുടെയെല്ലാം ഉദ്ദേശ്യം. കുടിയേറ്റ ദേശങ്ങളിലെ ജനതയെ പരിഷ്‌കരിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന ഹുങ്ക് അവരുടെ സാംസ്‌കാരിക അധിനിവേശങ്ങളെ നിഷ്ഠൂരമാക്കുകയും ചെയ്തു. വീട്ടില്‍ കൊങ്കണി ഭാഷ സംസാരിക്കുന്നത് പോലും പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ കുറ്റകൃത്യമാക്കിയെന്നത് ഓര്‍ക്കുക. യേശുവിനെ സ്വീകരിച്ചെങ്കിലും തദ്ദേശീയ സംസ്‌കാരത്തെ ബഹിഷ്‌കരിച്ചില്ല എന്നതിന്റെ പേരിലാണ് അവര്‍ കേരള ക്രിസ്ത്യാനികളെ ഒന്നുകൂടി മാമോദീസ മുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇംഗ്ലീഷുകാരുടെ സമീപനം താരതമ്യേന മെച്ചമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അടിസ്ഥാനപരമായി അത് തദ്ദേശീയ സംസ്‌കാരങ്ങളെ മുച്ചൂടും നശിപ്പിക്കുന്നതായിരുന്നു. മെക്കാളയെല്ലാം പൗരസ്ത്യപുഛം പൗരസ്ത്യര്‍ക്കിടയില്‍ തന്നെ കുത്തിയിട്ടുകൊണ്ട് അവരെ നിതാന്ത അടിമകളാക്കി മാറ്റി.
സ്വയം നിര്‍ണയാവകാശമില്ലാതെ മറ്റുള്ളവരാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന കൊളോണിയല്‍ പ്രയോഗത്തിന്റെ അനുരണനങ്ങള്‍ മുഴങ്ങുന്നതുകൊണ്ടാണ് സംഘ്പരിവാറിന്റെ സാംസ്‌കാരിക ദേശീയത മര്‍ദകസ്വഭാവമുള്ളതായി മാറുന്നത്. ന്യൂനപക്ഷങ്ങള്‍ ഭാരതീയ സംസ്‌കാരത്തില്‍ നിന്ന് വേണ്ടത് സ്വാംശീകരിച്ചിട്ടുണ്ട്, അതിന്റെ നിര്‍മിതിയില്‍ അവര്‍ക്കു കൂടി സംഭാവനയുമുണ്ട്. എന്നാല്‍ സംഘ്പരിവാര്‍ സാംസ്‌കാരിക മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സാംസ്‌കാരിക ദേശീയത പ്രതിഷേധാര്‍ഹമാകുന്നു. അത് വിധേയനെ അടിമയും പ്രയോഗകനെ കുറ്റവാളിയുമാക്കുന്നു.
ഒന്ന് മറ്റൊന്നില്‍ ആധിപത്യം പുലര്‍ത്താതെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മില്‍ സഹകരണവും സ്വാംശീകരണവും സാധ്യമാണ്. സമൂഹതത്ത്വങ്ങളെയും മതതത്ത്വങ്ങളെയും ലംഘിക്കാതെ തന്നെ, ആ സഹകരണ-സ്വാംശീകരണങ്ങള്‍ ആധിപത്യങ്ങളെ ചെറുക്കാനും ഹാര്‍മ്മോണിയസ്സായ ബഹുസ്വരതയെ വളര്‍ത്താനും സഹായകമായിരിക്കും.
നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം പോലും നിലവിലെ സാഹചര്യത്തില്‍ ചിലരാല്‍ വിവക്ഷിക്കപ്പെടുമ്പോള്‍ വിവിധ സംസ്‌കാരങ്ങള്‍ ഒരൊറ്റ സംസ്‌കാരമാകണം എന്ന ഭയപ്പെടുത്തല്‍ ഉണ്ടാക്കുന്നു. അത് സാംസ്‌കാരിമായ അധിനിവേശമാണ്. നമുക്ക് നാനാത്വത്തില്‍ സ്‌നേഹ സാഹോദര്യം എന്ന് പറയുന്നതല്ലേ നല്ലത്?
നിലവിലെ സാഹചര്യത്തില്‍ ദുരുപയോഗിക്കപ്പെടുമോ എന്ന ആശങ്കയാല്‍ ചില സനാതന തത്ത്വങ്ങള്‍ നാം മറച്ചു പിടിക്കരുത്. ലൈംഗിക അതിക്രമങ്ങള്‍ അതിഭയങ്കരമായി വര്‍ധിച്ചുവരുന്ന കാലമാണല്ലോ ഇത്. കാമഭ്രാന്തന്മാര്‍ ഉത്തേജിതരാകുമോ എന്ന് പേടിച്ച് ലൈംഗികത ദൈവമേകിയ പുണ്യമാണെന്ന സത്യം ഒളിച്ചുവെക്കാന്‍ പറ്റുമോ? അത് കൊടും പാപമാണെന്ന് പ്രചരിപ്പിക്കുവാന്‍ പറ്റുമോ? അതേപോലെ നാനാത്വത്തില്‍ ഏകത്വം എന്നത് ഒരു സാര്‍വലൗകിക യാഥാര്‍ഥ്യമാണ്. വ്യത്യസ്ത മതങ്ങള്‍ മാത്രമല്ല ശാസ്ത്രവും അത് ശരിവെക്കുന്നുണ്ട്. നിങ്ങളെ ഒരു സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചു, എന്നാല്‍ തിരിച്ചറിയാനായി വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളുമാക്കി എന്ന വചനം ഓര്‍ക്കുക. ഇവിടെ ഏകത്വത്തെയും നാനാത്വത്തെയും ഒരേപോലെയാണ് അംഗീകരിക്കുന്നത്. സാംസ്‌കാരിക അധിനിവേശക്കാരെ പേടിച്ച് നനാത്വത്തില്‍ സ്‌നേഹ സാഹോദര്യം എന്ന അടവ് പ്രയോഗം നടത്തി മനുഷ്യന്‍ ആത്യന്തികമായി ഒന്ന് എന്ന ഏകത്വതത്ത്വത്തെ ഒളിച്ചു വെക്കുന്നത് ദൈവത്തോടുള്ള കുറ്റകൃത്യമാകും. ഏകത്വവുമുണ്ട്, നാനാത്വവുമുണ്ട്-ഏകത്വം നാനാത്വത്തെ നശിപ്പിക്കാനുള്ള ന്യായീകരണമല്ല എന്നതില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ബുള്‍ഡോസര്‍ പ്രയോഗക്കാരെ നേരിടാമല്ലോ.
വിവിധ സംസ്‌കാരങ്ങളുടെ കലവറയായ ഇന്ത്യയില്‍ ദേശ സ്വത്വം എന്ന ഒന്നിന്റെ പ്രസക്തിയെന്താണ്? അങ്ങനെ ഒരു സ്വത്വം നിലവിലുണ്ടോ? പലപ്പോഴും സവര്‍ണ സംസ്‌കാരത്തെ ദേശ സ്വത്വത്തിന്റെ വര്‍ണമായി സ്വീകരിക്കുന്നു.
സ്വത്വത്തിന്റെ വലയങ്ങള്‍ ജലത്തിലെ തരംഗങ്ങള്‍ പോലെ പുറമേക്ക് വികസിക്കുന്നതാണ്. ഒരു തറവാട്ടുകാര്‍ക്ക് ആ തറവാടിന്റെ സ്വത്വമുണ്ടെന്ന് പറയാം. ഉമ്മക്കും ഉപ്പക്കും സഹോദരീസഹോദരന്മാര്‍ക്കും അമ്മാമന്‍മാര്‍ക്കും വ്യത്യസ്ത മുഖഛായയാണ് എന്നുവെച്ച് തറവാട്ട് സ്വത്വം നിഷേധിക്കേണ്ടതില്ല. ഒരിക്കല്‍ ഞാന്‍ അമേരിക്കയില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി കാണാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു. മുന്നിലേക്കും പിന്നിലേക്കും നോക്കിയപ്പോള്‍ തീര്‍ത്തും അപരിചിതമായ ശരീരങ്ങള്‍-പ്യൂര്‍ വൈറ്റ്, മംഗോളിയന്‍, നീഗ്രോ... പെട്ടെന്ന് സ്വന്തത്തില്‍ സ്വന്തമായി തോന്നുന്ന ഒരു ശരീരമതാ കുറച്ച് മുന്നില്‍ നില്‍ക്കുന്നു. നിമിഷാര്‍ധം കൊണ്ട് അത് ഇന്ത്യക്കാരനാണെന്ന് എനിക്കു മനസ്സിലായി. പിന്നെ അയാളെ തേടിപ്പിടിച്ചപ്പോള്‍ അയാള്‍ മധ്യപ്രദേശുകാരനായിരുന്നു. കേരളവും മധ്യപ്രദേശും തമ്മിലുള്ള സ്വത്വവ്യത്യാസം വെള്ളക്കാരനും മംഗോളിയനും കാപ്പിരിക്കും മുന്നില്‍ അയാളെ വീട്ടുകാരനായി തോന്നിക്കുന്നതില്‍ എനിക്ക് പ്രതിബന്ധമായില്ല. ഇങ്ങനെ ഒരു 'ഇന്ത്യന്‍നെസ്സ്' ഉണ്ട്. ശ്രീനാരായണഗുരു പറഞ്ഞിട്ടില്ലേ, പശുവിന് പശുത്വമെന്ന പോലെ മനുഷ്യന് മനുഷ്യത്വമെന്ന്. ഓര്‍മ തെളിയും മുമ്പ് മൃഗലോകത്ത് ഉപേക്ഷിക്കപ്പെട്ട അറബിക്കുട്ടിയിലേക്ക് ഒരു ജൂതസ്ത്രീ നടന്നടുക്കുകയാണെന്ന് കരുതൂ. എന്തൊരു സ്വന്തത്വത്തോടെയായിരിക്കും അവന്‍ അവളെ കെട്ടിപ്പിടിക്കുന്നത്.
പിന്നെ സവര്‍ണസംസ്‌കാരത്തിന്റെയും ദേശസ്വത്വത്തിന്റെയും മറ്റും കാര്യം. എല്ലാ സവര്‍ണസംസ്‌കാരത്തിന്റെയും നല്ല വശങ്ങള്‍ പരിശോധിച്ചാല്‍ അതെല്ലാം കീഴാളവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിച്ചതാണെന്ന് കാണാം. അധികാരിവര്‍ഗം അവരില്‍നിന്നത് ഹൈജാക്ക് ചെയ്ത് തങ്ങളുടെ ദുഷ്ടതകള്‍ കൂട്ടിക്കലര്‍ത്തിവെച്ചു എന്നു മാത്രം. സവര്‍ണസംസ്‌കാരത്തിന്റെ ഗുണവശങ്ങള്‍ സത്യത്തില്‍ തങ്ങളുടെ സംഭാവനയാണെന്ന് തെളിയിച്ച് കീഴാളവര്‍ഗങ്ങള്‍ അതില്‍ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്. 'നമ്പൂതിരി തൊട്ട് അശുദ്ധമാക്കി' എന്നു പറഞ്ഞ് മേലാളര്‍ക്ക് വിട്ടുകൊടുക്കുകയല്ല. സവര്‍ണമായതിന്റെ പ്രത്യയശാസ്ത്രത്തെ അട്ടിമറിച്ച് അതിനെ ജനകീയമാക്കി സ്വന്തമാക്കാനും കീഴാളവര്‍ഗത്തിന് കഴിയും. വാമനോത്സവമായിരുന്ന ഓണം ഇങ്ങനെയാണ് മഹാബലിയെന്ന ജനനേതാവിന്റെ വരവേല്‍പ്പുത്സവമായി മാറിയത്.
കഥകളി പശ്ചാത്യരെയും മറ്റും അതിശയിപ്പിച്ച ഭാവോന്മീലനശക്തിയുള്ള കലാരൂപമാണ്. കഥകളിയുടെ ഉത്ഭവം തേടിയാല്‍ അത് ഫോക്ക് ആര്‍ട്ടില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് മനസ്സിലാകും. അല്ലാതെ കുഴിമടിയനും സ്ത്രീലംമ്പടനുമായ ഏതോ തമ്പ്രാന്‍ കെട്ടിയുണ്ടാക്കിയതല്ല. കഥകളി വേഷത്തില്‍ മുസ്‌ലിം വസ്ത്രധാരണത്തിന്റെ സ്വാധീനമുണ്ടെന്ന് നിരീക്ഷിച്ചവരുണ്ട്. കൈപ്പത്തിയോളം നീളുന്ന കുപ്പായം ശ്രദ്ധിക്കുക. ഇതെല്ലാം പുറത്തു കൊണ്ടുവരണം. പിന്നെ തെയ്യവും തിറയും മാപ്പിളപ്പാട്ടും ദഫ് മുട്ടുമെല്ലാം ദേശസ്വത്വത്തിന്റെ വര്‍ണമാക്കി ഉയര്‍ത്തിക്കൊണ്ടാണ് അധികാരസവര്‍ണതയെ പ്രതിരോധിക്കേണ്ടത്. അധികാരസവര്‍ണതയുടെ പ്രത്യയശാസ്ത്രത്തെതന്നെ പുനരുല്‍പ്പാദിപ്പിക്കുന്ന തീവ്രവാദ ദലിത് നിലപാടുകള്‍ ഒന്നിനും പരിഹാരമല്ല. ഇന്ത്യയുടേതായ എല്ലാറ്റിനെയും വലിച്ചെറിഞ്ഞ് പാശ്ചാത്യസംസ്‌കാരത്തിന് മുന്നില്‍ നമ്മെ അടിമ കിടത്താനേ അത് ഉപകരിക്കൂ. അതുകൊണ്ടാണ് ചില ദലിത് ഭീകരവാദികള്‍ ഇംഗ്ലീഷ് ദേവതക്ക് ഹരിയാനയില്‍ അമ്പലം നിര്‍മിച്ചത്. അറബിയെന്ന നിലക്ക് നബിയേയും തള്ളിക്കളയുന്നതില്‍ കലാശിച്ചേക്കാമെന്നതിനാല്‍ ഇത്തരം അതിവാദങ്ങളുടെ ബാധയെ സൂക്ഷിച്ചിരിക്കണം.
നമ്മുടെ രാജ്യത്തിന്റെ അവസ്ഥയില്‍ ദേശസംസ്‌കാരം എന്ന് വിളിക്കപ്പെടുന്ന സംസ്‌കാരം എങ്ങനെയോ രൂപപ്പെടുകയും അത് മതങ്ങള്‍ക്കു മുകളില്‍ അധിനിവേശം നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നില്ലേ? ഏക സിവില്‍ കോഡ് വിഷയം ഇതുമായി ചേര്‍ത്ത് പറയുമ്പോള്‍..
ഒരുതരം പേര്‍സിക്യൂഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. വര്‍ഗീയഫാഷിസ്റ്റുകള്‍ ഉണ്ടാക്കുന്നതാണ് ഇന്ത്യയുടെ ദേശസംസ്‌കാരം എന്ന തെറ്റിദ്ധാരണ അത് സൃഷ്ടിക്കുന്നു. എല്ലാ മതങ്ങളുടെയും മാതാവാണ് ഹൈന്ദവത എന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ടില്ലേ? അതാണ് ഇന്ത്യയുടെ ദേശസംസ്‌കാരം. ആ വിവേകാനന്ദനെയും ഇസ്‌ലാമായി ജീവിച്ചുകൊണ്ടും ഈശ്വരസാക്ഷാത്കാരം നേടാന്‍ ശ്രമിച്ച വിവേകാനന്ദന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരേയും വേണ്ടവണ്ണം ഉയര്‍ത്തിപ്പിടിക്കാതെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുത്ത് ഇപ്പോള്‍ ഇത്തരം ചോദ്യങ്ങളില്‍ നമ്മള്‍ വട്ടം കറങ്ങിയിട്ട് എന്ത് കാര്യമാണുള്ളത്?
പിന്നെ ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍ ഉള്ള കാര്യമാണ് ഏകസിവില്‍ കോഡ്. അത് നിയമപരമായ ബാധ്യതയല്ല. എല്ലാവര്‍ക്കും ഭക്ഷണം, വൈദ്യസഹായം തുടങ്ങി മറ്റു പല നിര്‍ദേശങ്ങളും നിര്‍ദേശക തത്വങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതൊന്നും തിരിഞ്ഞ് നോക്കാതെ ഏക സിവില്‍ കോഡില്‍ കയറിപ്പിടിക്കുന്നതിന്റെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാകുമല്ലോ.
പക്ഷേ മറ്റൊരു കാര്യമുണ്ട്, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ക്കാനുതകുന്ന തരത്തില്‍ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തിലുള്ള കാര്യങ്ങള്‍ തിരുത്താന്‍ മുസ്‌ലിംകള്‍ തന്നെ മുന്‍കൈയെടുക്കേണ്ടതാണ്. ഉദാഹരണമായി സ്ത്രീവിമോചനം ആദ്യമായി ഉയര്‍ത്തിപ്പിടിച്ച മതത്തിന്റെ അനുയായികള്‍ക്കുള്ള വ്യക്തിനിയമത്തില്‍ സ്ത്രീദ്രോഹകരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ ഒരിക്കലും പാടില്ല.
മതങ്ങള്‍ വികൃതമാക്കപ്പെടുന്ന കാലത്ത് ഹൈന്ദവതയെയും ഇസ്‌ലാമിനെയും പുനര്‍നിര്‍വചിക്കാനുള്ള ശ്രമമാണോ താങ്കളുടെ പുതിയ നോവലായ ദൈവത്തിന്റെ പുസ്തകത്തില്‍ ഉള്ളത്?
ദൈവദൂതരുടെ സഹോദരത്വത്തിലൂടെ മതങ്ങളുടെ ശരിയായ ദൗത്യത്തിലേക്ക് കടക്കാനുള്ള എളിയ ശ്രമമാണ് ദൈവത്തിന്റെ പുസ്തകമെന്ന് പറയാം. ഹിന്ദുവര്‍ഗീയവാദത്തിനെതിരായ കൃഷ്ണനെയും സകല ഭീകരവാദങ്ങള്‍ക്കെതിരായ നബിയെയും ഈ നോവലില്‍ കണ്ടുമുട്ടാം. ഭാവനാ ലോകത്ത് പരസ്പരം ഇക്കാ, മുത്തേ എന്ന് അഭിസംബോധന ചെയ്യുന്ന അവര്‍ ക്ലാഷ് ഓഫ് സിവിലൈസേഷന്‍ തിയറിയേയും നിര്‍വീര്യമാക്കുന്നു.
Comments