Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

അമേരിക്കയെ അപ്രസക്തമാക്കി പുതിയ ശാക്തിക സന്തുലനം

ഇതെഴുതുമ്പോള്‍ ഖസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ സമാധാന ചര്‍ച്ചകള്‍ രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രാഥമിക ഘട്ട ചര്‍ച്ച എന്ന നിലക്ക് വിധിനിര്‍ണായകമായ ഒരു തീരുമാനം ഇതില്‍ ഉരുത്തിരിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അലപ്പോയുടെ പതനത്തിനു ശേഷം റഷ്യയും തുര്‍ക്കിയും അങ്കാറയില്‍ വെച്ച് രൂപകല്‍പന ചെയ്ത വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുകയില്ലെന്ന ഉറപ്പ് ബശ്ശാര്‍ ഭരണകൂടം, ഇറാന്‍, വിവിധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ എന്നിവരില്‍നിന്ന് ഏറക്കുറെ ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍തന്നെ ആദ്യവട്ട ചര്‍ച്ച വിജയിച്ചുവെന്ന് പറയാം. പക്ഷേ, ഇറാനും ബശ്ശാര്‍ ഭരണകൂടവും കടുത്ത അമര്‍ഷത്തിലാണ്. റഷ്യയുടെ കണ്ണുരുട്ടല്‍ ഭയന്ന് അവരത് തുറന്ന് പറയുന്നില്ലെന്നേയുള്ളൂ. ബശ്ശാറും ശീഈ മിലീഷ്യകളും സിറിയയിലെ വാദിബര്‍ദിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഈ അമര്‍ഷത്തിന്റെ പ്രതിഫലനമായി വേണം മനസ്സിലാക്കാന്‍.

അലപ്പോയുടെ തകര്‍ച്ചക്ക് ശേഷം ഇറാനെയും അതിന്റെ മിലീഷ്യകളെയും നിഷ്പ്രഭമാക്കുന്ന രീതിയില്‍ തുര്‍ക്കി ഉയര്‍ന്നുവന്നതാണ് അമര്‍ഷത്തിന് കാരണം. ഇറാന്റെയും ബശ്ശാറിന്റെയും സകല കണക്കുകൂട്ടലുകളും അതോടെ അവതാളത്തിലായി. റഷ്യയുടെ സഹായത്തോടെ ആദ്യം അലപ്പോയിലെ പ്രതിപക്ഷ സേനകളെ ഉന്മൂലനം ചെയ്യുക, പിന്നീട് മറ്റു നഗരങ്ങളിലും 'ശുദ്ധീകരണം' ആവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പ്ലാന്‍. ഇത് അലപ്പോയില്‍ പോലും വിലപ്പോയില്ല. റഷ്യയും തുര്‍ക്കിയും തമ്മില്‍ നേരത്തേയുള്ള ധാരണ പ്രകാരം, അലപ്പോയിലെ മുഴുവന്‍ പ്രതിപക്ഷ സേനകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. അലപ്പോ നിവാസികളെ ആട്ടിപ്പായിച്ചോ കൊന്നൊടുക്കിയോ ഇദ്‌ലീബ് പ്രവിശ്യയിലെ കുഫറിയ, ഫൗഅ എന്നീ ഉപരോധിക്കപ്പെട്ട ഗ്രാമങ്ങളില്‍നിന്ന് അവിടത്തെ ശീഈ വിശ്വാസികളെ ഈ നഗരത്തില്‍ കുടിയിരുത്താനുള്ള ശ്രമവും അലസി. ഇതുണ്ടാക്കുന്ന വിഭാഗീയ സംഘര്‍ഷം മുന്‍കൂട്ടി കണ്ട് റഷ്യ അതിന് തടയിടുകയായിരുന്നു. അത്തരമൊരു സംഘര്‍ഷം റഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് ഒട്ടും അനുഗുണവുമായിരുന്നില്ല. ചെച്‌നിയ, ദാഗിസ്താന്‍, ബശ്കരിയ തുടങ്ങിയ സുന്നീ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള റഷ്യന്‍ പ്രവിശ്യകളില്‍നിന്ന് പട്ടാളക്കാരെ ഇറക്കിയാണ് പുടിന്‍ അലപ്പോവിലുടനീളം വിന്യസിച്ചത്. മിലീഷ്യകളെ ഇറക്കി ഭീകരത സൃഷ്ടിക്കാനുള്ള ഇറാന്റെയും ബശ്ശാറിന്റെയും നീക്കങ്ങള്‍ വേണ്ടത്ര ഏശാതെ പോയത് അതുകൊണ്ടാണ്. ഈയൊരു നിലപാടിലേക്ക് റഷ്യയെ കൊണ്ടുവന്നതില്‍ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന തുര്‍ക്കിക്കാണ് മുഴുവന്‍ ക്രെഡിറ്റും.

ഇറങ്ങിക്കളിക്കുകയല്ലാതെ തുര്‍ക്കിക്കും രക്ഷയില്ലായിരുന്നു. കാരണം, സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കിയത് തുര്‍ക്കിയുടെ ആഭ്യന്തര സുരക്ഷയെയായിരുന്നു. അലപ്പോ മോഡല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പോലുള്ള തുര്‍ക്കിയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന വിമത ശക്തികള്‍ക്ക് അത് കരുത്തു പകരും. ഏതാനും മാസങ്ങള്‍ക്കകം തുര്‍ക്കിയിലെ പ്രധാന നഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ തുടര്‍ച്ചയായി നിരവധി സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളുമാണ് നടന്നത്. പ്രത്യക്ഷത്തില്‍ ഇതിന്റെ പിന്നില്‍ കുര്‍ദ് വിമതരോ ഐ.എസോ ഒക്കെ ആവാം. പക്ഷേ അവര്‍ ചട്ടുകങ്ങള്‍ മാത്രം. ചരട് വലിക്കുന്നത് അമേരിക്കയോ ഇസ്രയേലോ ഒക്കെയാണ്. ഇത് തുര്‍ക്കി നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന വിഫലമായ അട്ടിമറിശ്രമത്തിന് പിന്നില്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഗുലന്‍ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ ഫത്ഹുല്ല ഗുലനാണെന്നും അദ്ദേഹത്തെ വിട്ടുകിട്ടണമെന്നും തുര്‍ക്കി പലതവണ ആവശ്യപ്പെട്ടിട്ടും അമേരിക്ക കേട്ടഭാവം നടിച്ചില്ല. 'നാറ്റോ'വില്‍ സജീവ പങ്കാളിത്തമുണ്ടായിട്ടും നേരിടേണ്ടിവന്ന ഈ അവഗണനയാണ് റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ തുര്‍ക്കിക്ക് പ്രേരണയായിട്ടുണ്ടാവുക.

റഷ്യക്കും തുര്‍ക്കിയെ പിണക്കാനാവുമായിരുന്നില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധങ്ങള്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. റഷ്യ പ്ലാന്‍ ചെയ്യുന്ന വലിയൊരു എണ്ണ പൈപ്പ് ലൈന്‍ പ്രോജക്ട് യാഥാര്‍ഥ്യമാവണമെങ്കിലും തുര്‍ക്കിയുടെ സഹകരണം കൂടിയേ തീരൂ. തുര്‍ക്കി ഉല്‍പന്നങ്ങളുടെ വലിയൊരു മാര്‍ക്കറ്റും റഷ്യയാണ്. ഇതുകൊണ്ടൊക്കെയാണ്, റഷ്യന്‍ വിമാനം തുര്‍ക്കി സൈന്യം വെടിവെച്ചിടുകയും അങ്കാറയിലെ റഷ്യന്‍ അംബാസഡര്‍ ഒരു തുര്‍ക്കി പോലീസുകാരന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തിട്ടും പ്രകോപനങ്ങള്‍ക്ക് വശംവദനാകാതെ വഌഡ്മിര്‍ പുടിന്‍ തുര്‍ക്കിയുമായി ബന്ധങ്ങള്‍ സുദൃഢമാക്കാന്‍  തീരുമാനിച്ചത്. അതിന്റെ പ്രതിഫലനമായാണ് സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയോളം മേല്‍ക്കൈ തുര്‍ക്കിക്കും ലഭിച്ചത്.

റഷ്യക്കും തുര്‍ക്കിക്കുമൊപ്പം ഇറാനും മേഖലയിലെ പ്രബല ശക്തിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സിറിയന്‍ പ്രശ്‌നത്തില്‍ മൂവര്‍ തമ്മിലുള്ള ഭിന്നതകള്‍ മൂര്‍ഛിക്കുമ്പോഴും അവര്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ അതൊട്ടും ബാധിക്കാനിടയില്ല. കാരണം മൂന്ന് രാഷ്ട്രങ്ങളും പരസ്പരം ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി താന്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടാമതൊരാലോചന പോലുമില്ലാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനുമായുള്ള ആണവക്കരാറും ഉടന്‍ റദ്ദാക്കിയേക്കും. അത് ഇറാന്റെ നില കൂടുതല്‍ പരുങ്ങലിലാക്കും. സിറിയന്‍ പ്രശ്‌നത്തില്‍ തുര്‍ക്കി-റഷ്യ ഫോര്‍മുല ഇറാനും അംഗീകരിക്കാന്‍ നിര്‍ബന്ധിതമായേക്കാം. ഇതെല്ലാം അമേരിക്കയെ അപ്രസക്തമാക്കി പുതിയൊരു ശാക്തിക സന്തുലനം രൂപപ്പെട്ട് വരുന്നതിന്റെ സൂചനകളാണെന്ന് അനുമാനിക്കാനാണ് ന്യായം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്