Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 03

2987

1438 ജമാദുല്‍ അവ്വല്‍ 06

സമാധാനത്തിന്റെ നൊബേല്‍

നിസാര്‍

ബോധിമരത്തിന്‍ ചോട്ടിലിരുന്ന്

ഗൗതമബുദ്ധന്‍ കരയുന്നു

പാതിയടച്ചുപിടിച്ച ആ കണ്ണുകള്‍

പാപഭയത്താല്‍ നിറയുന്നു.

 

ചുറ്റും കാവിപുതച്ചുനടക്കും

സന്യാസിപ്പടയലറുന്നു

ചീറിയടുത്തവര്‍ ബര്‍മത്തെരുവില്‍

ചോരപ്പുഴകള്‍ തീര്‍ക്കുന്നു.

 

മത്തുപിടിച്ചുനടക്കും ക്രൗര്യം

പട്ടാളപ്പുതുവേഷത്തില്‍

രക്തം കട്ടപിടിക്കും മ്യാന്‍മര്‍

ചുടലക്കാടുകളെരിയുന്നു.

 

ദൂരെചെറിയൊരു മണ്‍കുടിലില്‍

ചെറുബാല്യമിരുന്നു പിടയ്ക്കുന്നു

മീതെപുരയുടെ ഓലച്ചിന്തില്‍

തീപ്പന്തങ്ങള്‍ നിറയുന്നു.

 

അമ്മിഞ്ഞപ്പാലുറയും

മാറത്തള്ളിയൊളിക്കാന്‍ കൊതിയുണ്ട്

അമ്മേയമ്മേയെന്നുവിളിച്ചവന്‍

അലറിക്കരയുന്നതു കേള്‍ക്കാം

 

അരികത്തമ്മ കിടപ്പുണ്ട

വരുടെ ജഡമാണെന്നവനറിയില്ല

കരളുപിളര്‍ക്കും കാഴ്ചകള്‍

കാണാനാവരിനി മിഴികള്‍തുറക്കില്ല.

 

മുറ്റത്തൊരു മരമുകളില്‍ അവനുടെ

അച്ഛനെയവര്‍ തറക്കുന്നു

പച്ചയ്ക്കാണിയടിച്ചവര്‍ മാംസം

ചെത്തിയെടുത്ത് രസിക്കുന്നു. 

 

ചുട്ടുകരിച്ചു കളിച്ചവരവിടെ

പച്ചമനുഷ്യരെയൊന്നാകെ

കുത്തിമലര്‍ത്തിയുറക്കെചൊല്ലീ

ധര്‍മം ശരണം ഗച്ഛാമി

 

അന്നൊരുനാളവരലറിയടുത്തു

ചെന്നായകളുടെ കൂട്ടങ്ങള്‍

കണ്ടുഭയന്നിവര്‍ കടലില്‍ച്ചാടി

റോഹിങ്ക്യക്കാരൊരുപറ്റം,

 

പൊട്ടിയടര്‍ന്നൊരു നൗകയിലേറി

ദിക്കറിയാതെ തുഴഞ്ഞപ്പോള്‍

ഒട്ടിയ വയറുകളാര്‍ത്തുകരഞ്ഞു

ഇത്തിരി പ്രാണനുറപ്പിക്കാന്‍.

 

പങ്കായപ്പിടി തേഞ്ഞുതകര്‍ന്നു.

വിശന്നുവലഞ്ഞു നടുകടലില്‍

കിട്ടിയതില്ല സമാശ്വാസത്തിന്‍

ഇത്തിരിവെട്ടവുമില്ലെങ്ങും

 

കുത്തിനിറച്ചൊരു യാനത്തിന്നിരു

വട്ടംചുറ്റാനവരെത്തി

ഒട്ടിയനെഞ്ചിന്‍കൂട് തകര്‍ക്കാന്‍

സിയാമിന്‍പടയൊരുപാട്.

 

ഞെട്ടിവിറച്ചൂ നാരിജനങ്ങള്‍

ഒട്ടുഭയത്താലവരോതി

പ്രാണനു പകരം നല്‍കാം ഞങ്ങള്‍

മാനം കൊത്തിത്തിന്നോളൂ.

 

പിച്ചിചീന്തിയെറിഞ്ഞു കുടഞ്ഞു

കാമക്കലിയുടെ പട്ടാളം

ആട്ടിയകറ്റി ആഴക്കടലതില്‍

ആര്‍ദ്രതയറ്റ പിശാചുക്കള്‍.

 

ഇക്കഥകണ്ടു രസിക്കുന്നവരുടെ

ദുഷ്ടതകാട്ടും ഭരണക്കാര്‍

ചോരവലിച്ചുകുടിച്ചു മഥിച്ചു

കൂവിവിളിച്ചു സമാധാനം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (67-69)
എ.വൈ.ആര്‍

ഹദീസ്‌

കരുത്തുറ്റ വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്