ഗുണ്ടല്‍പേട്ടിലെ ശിഫ ഒരു പ്രതിവിധിയാണ്
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും വിദ്യാഭ്യാസമില്ലായ്മയും മനസ്സിലാക്കാന്‍ ദൂരെ ഉത്തരേന്ത്യയിലേക്കൊന്നും എത്തേണ്ടതില്ലെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു വള്ളുവമ്പ്രം അത്താണിക്കല്‍ കാരുണ്യകേന്ദ്രം പ്രവര്‍ത്തകര്‍ക്കൊപ്പം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെ ചില മുസ്‌ലിം കോളനികള്‍ സന്ദര്‍ശിച്ച സന്ദര്‍ഭം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഒന്നിലേറെ കോളനികള്‍ സന്ദര്‍ശിച്ചു. ഒന്നര മുതല്‍ രണ്ട് സെന്റ് വരെ സ്ഥലത്തെ കൂരകളില്‍ എട്ടോ പത്തോ അംഗങ്ങള്‍ താമസിക്കുന്നു. വീടുകള്‍ക്ക് മുന്നില്‍ ദുര്‍ഗന്ധം വമിക്കുന്ന ഓവുചാലുകള്‍. ഒരു ഭാഗത്ത് പട്ടികളും പന്നികളും യഥേഷ്ടം മേയുന്നു. മറുഭാഗത്ത് ചെറിയ കുട്ടികള്‍ മാലിന്യത്തില്‍ കളിക്കുന്നു. മാലിന്യക്കൂമ്പാരത്തിനിടയില്‍ തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ശുദ്ധജലം ലഭിക്കുന്ന ടാപ്പുകളും കാണാം. മൈസൂര്‍ കല്യാണത്തിലെന്ന പോലെ കേരളത്തിലെ എടക്കര-നിലമ്പൂര്‍ മേഖലകളില്‍നിന്നും തീരദേശ പ്രദേശങ്ങളില്‍നിന്നും വിവാഹിതരായി വന്ന സ്ത്രീകളാണധികവും ഈ കോളനികളിലുള്ളത്. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും പാതി മലയാളമറിയാം. പത്ത് വയസ്സു മുതല്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഗുണ്ടല്‍പേട്ടിലും പരിസരത്തുമുള്ള വര്‍ക്‌ഷോപ്പുകളില്‍ ജോലിക്ക് പോകുന്നു. ലഭിക്കുന്ന സംഖ്യകൊണ്ട് അതത് ദിവസങ്ങള്‍ തള്ളിനീക്കുന്നു. ചിലരെങ്കിലും പണി കഴിഞ്ഞു വന്നാല്‍ ലഹരിയില്‍ മയങ്ങുന്നു.
ആരോഗ്യമുള്ള യുവത്വവും പറയാനൊരു തൊഴിലുമുണ്ടായിട്ടും ഇവര്‍ ഈ പിന്നാക്കാവസ്ഥയില്‍ തന്നെ തുടരുന്നതെന്തുകൊണ്ട് എന്ന സംശയമാണ് അവരുടെ വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. ഇരുപത് വയസ്സിന് മുകളിലുള്ള ഒരാളും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. ചിലര്‍ക്ക് പേരിനൊരു മദ്‌റസാ പഠനമുണ്ടണ്ട്. അവരുടെ പതിതാവസ്ഥയെക്കുറിച്ചും മാറ്റത്തിനു സഹായകമായ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മുതിര്‍ന്ന പല പുരുഷന്മാരോടും സംസാരിച്ചിട്ടും അവരതൊക്കെ നിസ്സംഗഭാവത്തോടെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. നിലവിലെ അവസ്ഥയില്‍നിന്ന് മാറണം എന്ന ആഗ്രഹം പോലും അധികം പേരും പ്രകടിപ്പിച്ചില്ല. ഇങ്ങനെ തന്നെ മുന്നോട്ടുപോയാലെന്താ, ഇവിടെ എന്താണിപ്പോള്‍ പ്രശ്‌നം എന്ന ഭാവമായിരുന്നു ചിലര്‍ക്കെങ്കിലും.
പുതിയ തലമുറയില്‍ ചില കുട്ടികള്‍ പരിസര പ്രദേശത്തെ സ്‌കൂളില്‍ പോകുന്നുണ്ടെന്ന വിവരമാണ് ഇവരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ കുട്ടിയുടെ വീട്ടിലെത്തിച്ചത്. അങ്ങനെയാണ് 17 വയസ്സുകാരി ശിഫയെ പരിചയപ്പെടുന്നത്. പ്ലസ്ടു വരെ പഠിച്ച അവളാണ് ആ കോളിനിയില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയത്. ഉമ്മ എടക്കര സ്വദേശിയായതിനാല്‍ മലയാളത്തില്‍ ഭംഗിയായി സംസാരിക്കും ശിഫ. വിദ്യാഭ്യാസത്തെയും ശുചിത്വത്തെയും അവിടെയുണ്ടാകേണ്ട മാറ്റങ്ങളെയും കുറിച്ചെല്ലാം പറയണമെന്നുദ്ദേശിച്ചാണ് അവളോട് സംസാരിക്കാനാരംഭിച്ചത്. വാചാലയാണെന്ന് കണ്ടപ്പോള്‍ അവള്‍ പറയട്ടെ എന്ന് കരുതി ഞങ്ങള്‍ മൗനമവലംബിച്ചു. തന്നെക്കുറിച്ചും കോളനികളെയും അവിടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെയും കുറിച്ചും അവള്‍ പക്വതയോടെ സംസാരിച്ചു. ഇതെല്ലാം മാറണമെങ്കില്‍ പുതിയ തലമുറക്കെങ്കിലും വിദ്യാഭ്യാസം കിട്ടിയേ തീരൂ എന്ന പരിഹാരവും അവള്‍ തന്നെ സമര്‍പ്പിച്ചപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം അവള്‍ക്കു നല്‍കിയ തിരിച്ചറിവും മറ്റുള്ളവര്‍ക്കൊന്നും അതില്ലാതെ പോയതിലുള്ള സങ്കടവും ഞങ്ങള്‍ അനുഭവിച്ചു. പത്തു വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെ വര്‍ക്‌ഷോപ്പില്‍ പറഞ്ഞയച്ചാല്‍ കിട്ടുന്ന കാശ് എന്തിന് സ്‌കൂളില്‍ പറഞ്ഞയച്ച് കളയണമെന്ന കോളനിവാസികളുടെ ചിന്തയെ എങ്ങനെ മറികടക്കുമെന്ന ചോദ്യം അവള്‍ ഞങ്ങളോട് പങ്കുവെച്ചു. ഭാവിയെക്കുറിച്ച സ്വപ്‌നങ്ങളില്ലാത്ത ഒരു സമൂഹത്തോട് സംവദിക്കാന്‍ താന്‍ നേടിയ വിദ്യാഭ്യാസം പോരാ എന്നവള്‍ക്ക് തോന്നിയതുകൊണ്ടാവണം നിങ്ങളെങ്കിലും അവരോട് സംസാരിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് അവള്‍ ആവശ്യപ്പെട്ടത്. കോളനിയോട് ചേര്‍ന്ന് മലയാളികള്‍ നടത്തുന്ന മതപഠനവും സ്‌കൂള്‍ വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള അറബിക് സ്‌കൂളില്‍ അധ്യാപിക കൂടിയാണിപ്പോള്‍ ശിഫ. ആ ചെറിയ വിദ്യാഭ്യാസ സംരംഭം നേരിയ തോതിലാണെങ്കിലും അവരില്‍ വരുത്തുന്ന മാറ്റം ചൂണ്ടിക്കാട്ടി നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊജക്ടുകളും തങ്ങളുടെ ഗ്രാമങ്ങളിലും ആരംഭിച്ചാല്‍ ഞങ്ങളും മാറുമെന്ന് അവള്‍ സ്വപ്‌നം കാണുന്നു. ഒന്നിലും രണ്ടിലും പഠിക്കുന്ന ഒന്നിലേറെ കുട്ടികളെ ചൂണ്ടിക്കാട്ടി ഇവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ മുന്‍കൈയെടുത്താല്‍ അതാണ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന് ശിഫ പറഞ്ഞപ്പോള്‍ അവളുടെ പേരിന്റെ അര്‍ഥത്തോടൊപ്പം അത്തരമൊരു പ്രൊജക്ടിലൂടെ ആ സമൂഹം ഒന്നാകെ മാറുന്ന കാലം അവള്‍ക്കൊപ്പം ഞങ്ങളും മനസ്സില്‍ കണ്ടു.
Comments